Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 1

യൂറോപ്പിലെ സാമ്പത്തിക സൂനാമി

വി.വി ശരീഫ് സിംഗപ്പൂര്‍

കഴിഞ്ഞയാഴ്ച തുര്‍ക്കി ഉപപ്രധാനമന്ത്രി നടത്തിയ ഒരു പ്രസ്താവന ഇങ്ങനെ: ''അടുത്ത യൂറോപ്യന്‍ യൂനിയന്‍ അധ്യക്ഷ സ്ഥാനം ഗ്രീക്ക് സൈപ്രസിന് നല്‍കിയാല്‍ തുര്‍ക്കി യൂറോപ്യന്‍ യൂനിയനുമായുള്ള ബന്ധം മരവിപ്പിക്കും.'' ശക്തരായ യൂറോപ്യന്‍ യൂനിയനോട് ഇങ്ങനെ പ്രതികരിക്കാന്‍ തുര്‍ക്കിക്കെങ്ങനെ ധൈര്യം വന്നു? ഇതേ തുര്‍ക്കി തന്നെയല്ലേ യൂറോപ്യന്‍ യൂനിയന്‍ അംഗത്വം ലഭിക്കാന്‍ നെട്ടോട്ടം ഓടിയത്? അതെ, തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും ധ്രുതഗതിയില്‍ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ഇസ്‌ലാമിക പാരമ്പര്യത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് എ.കെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തുര്‍ക്കി സാമ്പത്തികമായും രാഷ്ട്രീയമായും യൂറോപ്പിലെ തന്നെ ശക്തമായ സാന്നിധ്യമായിക്കൊണ്ടിരിക്കുന്നതോടൊപ്പം തന്നെ, യൂറോപ്യന്‍ യൂനിയന്‍ കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുകയുമാണ്. ഇതാകാം യൂറോപ്യന്‍ യൂനിയനെതിരെ സധൈര്യം തുറന്നടിക്കാന്‍ തുര്‍ക്കിയെ പ്രേരിപ്പിച്ചത്.
യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ അതിപ്രഹരശേഷിയുള്ള സാമ്പത്തിക സൂനാമിയെ കാത്തുകൊണ്ടിരിക്കുകയാണ്. 2007-ല്‍ അമേരിക്കയില്‍ തുടങ്ങിയ, ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യം യൂറോപ്പിനെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു. ചില യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി യൂറോപ്യന്‍ യൂനിയന്റെയും 'യൂറോ'വിന്റെയും നിലനില്‍പുതന്നെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഗ്രീസില്‍ നിന്ന് തുടങ്ങി ഇറ്റലിയില്‍ എത്തിനില്‍ക്കുന്ന വന്‍ കടബാധ്യതകള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മൊത്തം യൂറോപ്പിനെ തന്നെ അത് തകര്‍ച്ചയിലേക്ക് നയിക്കുമെന്നും വിലയിരുത്തപ്പെടുന്നു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് ബ്രൗണ്‍ പറഞ്ഞത്, ഇപ്പോഴത്തെ അവസ്ഥക്ക് പരിഹാരമായില്ലെങ്കില്‍ അത് 2007-ല്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക തകര്‍ച്ചയേക്കാള്‍ ഭയാനകമായിരിക്കുമെന്നാണ്. ഇതാകട്ടെ കടുത്ത തൊഴിലില്ലായ്മയിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും യൂറോപ്പിനെ തള്ളിവിടും.

യൂറോപ്യന്‍ യൂനിയനും 'യൂറോ'സോണും
യൂറോപ്പിലെ 27 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ 1993-ല്‍ രൂപം കൊണ്ടതാണ് യൂറോപ്യന്‍ യൂനിയന്‍. സാമ്പത്തിക, രാഷ്ട്രീയ ഐക്യമാണ് ലക്ഷ്യം. ഇതോടെ ഇ.യു എന്ന ഒരൊറ്റ സാമ്പത്തിക മേഖല നിലവില്‍ വന്നു. ഈ മേഖലയെ നിയന്ത്രിക്കുന്ന ഏകീകൃത നിയമചട്ടങ്ങളും ഉണ്ട്. ഇ.യു രാജ്യങ്ങള്‍ സഞ്ചാരം, കച്ചവടം, മൂലധന വ്യാപനം, സേവന രംഗം എന്നീ മേഖലകളിലെല്ലാം സ്വതന്ത്രമായി, നിയന്ത്രണമില്ലാതെ പരസ്പരം ഇടപെട്ടു. ഈ പങ്കാളിത്തം ഉറപ്പ് വരുത്തിയാണ് യൂനിയനിലെ 17 രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു പൊതു വിനിമയ കറന്‍സി രൂപപ്പെടുത്തിയത്.ഇതാണ് 'യൂറോ'. ബാക്കിയുള്ള 10 രാജ്യങ്ങളില്‍ ഏഴു രാജ്യങ്ങളും പിന്നീട് യൂറോസോണില്‍ വരുമെന്നും മൂന്ന് രാജ്യങ്ങള്‍ തങ്ങളുടെ നിലപാട് ഭാവി സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്നും ധാരണയായി. ഈ 17 രാജ്യങ്ങളും യൂറോവിനെ തങ്ങളുടെ വിനിമയ കറന്‍സിയായി സ്വീകരിച്ചു. യൂറോ വിനിമയ കറന്‍സിയായി ഉപയോഗിക്കുന്ന യൂറോപ്യന്‍ യൂനിയനിലെ 17 രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മേഖലയെയാണ് യൂറോ സോണ്‍ എന്ന് വിളിക്കുന്നത്. ഈ സോണിലെ പ്രബല രാജ്യങ്ങളാണ് ജര്‍മനിയും ഫ്രാന്‍സും ഇറ്റലിയും. സോണില്‍ നിന്ന് വിട്ടുനിന്ന പ്രബല രാജ്യമാണ് ബ്രിട്ടന്‍. യൂറോപ്യന്‍ യൂനിയനും യൂറോ സോണും നിലവില്‍ വന്നതോടെ യൂറോപ്പിന്റെ പഴയകാല പ്രതാപം തിരിച്ചുപിടിച്ചുവെന്നും, അമേരിക്കന്‍ മേല്‍ക്കോയ്മക്ക് കനത്ത എതിരാളി രംഗത്ത് വന്നുവെന്നും പ്രചരിപ്പിക്കപ്പെട്ടു. അന്താരാഷ്ട്ര സാമ്പത്തിക മേഖലയയിലേക്ക് യൂറോ പ്രവേശിച്ചതോടെ, ആഗോള വിനിമയ കറന്‍സി എന്ന അമേരിക്കന്‍ ഡോളറിന്റെ കുത്തകക്ക് അടിയേറ്റു. പല രാജ്യങ്ങളും തങ്ങളുടെ ആഗോള ഇടപാട് യൂറോവിലേക്ക് ഭാഗികമായി മാറ്റി തുടങ്ങി. പല രാജ്യങ്ങളുടെയും വിദേശ നാണ്യ ശേഖരത്തിന്റെ നല്ലൊരു പങ്ക് യൂറോ ആയി. അങ്ങനെ 1995-ല്‍ രൂപം കൊടുത്ത്, 2002-ല്‍ കറന്‍സിയായി പുറത്ത് വന്ന യൂറോ, ഡോളറിന് തൊട്ട് പിറകെ രണ്ടാം സ്ഥാനത്തെത്തി. 2007-ല്‍ അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ യൂറോ, ഡോളറിനെ കടത്തിവെട്ടുമോ എന്നു പോലും ഊഹങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു. ഈയൊരു ഘട്ടത്തിലാണ് യൂറോപ്പിന്റെ പ്രതിസന്ധി തുടങ്ങുന്നത്.

പ്രതിസന്ധിയുടെ തുടക്കം
2009-ല്‍ തന്നെ യൂറോ സോണില്‍ പെട്ട രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് ആശങ്കകള്‍ നിലനിന്നിരുന്നു. 2010-ഓടെ ഈ ആശങ്കകള്‍ ശക്തമായി. ഇതിന് കാരണമായത് ഗ്രീസ്, അയര്‍ലന്റ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ യൂറോ സോണ്‍ രാജ്യങ്ങള്‍ തങ്ങളുടെ നാടുകളിലെ തകര്‍ന്നുകൊണ്ടിരിക്കുന്ന വന്‍കിട ബാങ്കുകളെ രക്ഷപ്പെടുത്താന്‍ രക്ഷാ പാക്കേജുകള്‍(Bailout Packages) പ്രഖ്യാപിച്ചു തുടങ്ങിയതാണ്. ഈ നടപടികള്‍ ഈ രാജ്യങ്ങളെ വന്‍ കടബാധ്യതയിലേക്ക് (sovereign debt) തള്ളിവിട്ടു. കൂടാതെ തുടര്‍ച്ചയായ ബജറ്റ് കമ്മിയും ദേശീയ കടം പെരുപ്പിച്ചു. സ്വാഭാവികമായും വ്യാവസായിക വളര്‍ച്ച മുരടിച്ചു. ഗ്രീസിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം എത്രത്തോളമുണ്ടെന്നറിയാന്‍ ആ രാജ്യം പുറത്തിറക്കിയ കടപത്ര(bond)ത്തിന്റെ പലിശ നിരക്ക് നോക്കിയാല്‍ മതി. ജൂലൈ 2007-ല്‍ രണ്ട് വര്‍ഷക്കാലാവധിയുള്ള ഗവണ്‍മെന്റ് ബോണ്ട് വാങ്ങുന്നവര്‍ക്ക് ലഭിച്ചിരുന്നത് 4.5 ശതമാനം പലിശയാണെങ്കില്‍, ജൂലൈ 2011-ല്‍ വാങ്ങിക്കുന്നവര്‍ക്ക് ലഭിച്ചത് 26.5 ശതമാനമാണ്. ഇത് 48 ശതമാനം വരെ എത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇത്രയധികം പലിശക്ക് കടം വാങ്ങുന്ന രാജ്യം പാപ്പരാവുകയല്ലാതെ മറ്റെന്ത് വഴി? ഗ്രീസിന്റെ ഈ വഴിവിട്ട ഇടപാടുകളും സുതാര്യതയില്ലായ്മയും ആ രാഷ്ട്രത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി. അങ്ങനെ അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സികള്‍ ഗ്രീസിന്റെ കടപത്രങ്ങളെ വിലയില്ലാത്തവ (junk status) എന്ന ഗണത്തില്‍ പെടുത്തി. ഇതോടെ ഗ്രീസിനെ കുറിച്ച ഭയാശങ്കകള്‍ വര്‍ധിച്ചു. ഗ്രീസ് തങ്ങളുടെ കടബാധ്യതകള്‍ തിരിച്ചടക്കുന്നതില്‍ വീഴ്ചവരുത്തുമെന്ന പ്രചാരണം ശക്തിപ്പെട്ടു. ഇങ്ങനെ സംഭവിച്ചാല്‍ ഗ്രീസിന്റെ ദേശീയ ബോണ്ടുകള്‍ (Greek Govt. Bond) നല്ല പലിശ ലഭിക്കുന്നു എന്ന കാരണത്താല്‍ വാങ്ങിക്കൂട്ടിയ യൂറോസോണ്‍ പ്രബല രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെ ബാങ്കുകളും വന്‍ പ്രതിസന്ധി നേരിടും. ഇപ്പോള്‍ തന്നെ ഈ ബാങ്കുകളുടെ ഷെയറുകളുടെ വില ഈ കാരണത്താല്‍ തന്നെ ഇടിഞ്ഞുതുടങ്ങി. കൂടാതെ ഈ ഇടപാടുകള്‍ യൂറോപ്യന്‍ ബാങ്കുകളുടെ വിശ്വാസ്യതയെ വല്ലാതെ ഉലച്ചുകളഞ്ഞു. വലിയ പ്രതിസന്ധികള്‍ ഉണ്ടാകുമെന്ന ഭയത്താല്‍, പല പ്രമുഖ യൂറോപ്യന്‍ ബാങ്കുകള്‍ക്കും ഹ്രസ്വകാല വായ്പ നല്‍കുന്നത് പോലും സൂക്ഷിച്ചുവേണമെന്ന് അമേരിക്കന്‍ ബാങ്കുകള്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗ്രീസിനെ കൂടാതെ, അയര്‍ലന്റ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി എന്നീ യൂറോ സോണ്‍ രാജ്യങ്ങളും പൊട്ടിത്തെറിയുടെ വക്കിലാണ്. യൂറോപ്യന്‍ യൂനിയനില്‍ ഏറ്റവും കടബാധ്യതയുള്ള രാജ്യമാണ് ഇറ്റലി. ഇറ്റലിയിലെ പ്രധാനമന്ത്രി നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയും, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ കാണിക്കുന്ന അലംഭാവവും, ഇറ്റലിയും കടം വീട്ടുന്നതില്‍ വീഴ്ച വരുത്തുമോ എന്ന ഭയാശങ്കകളും തിടം വെച്ചുവരുന്നു. ലോക പ്രശസ്ത റേറ്റിംഗ് ഏജന്‍സിയായ Standard & Poor ഉം ഇറ്റലിയുടെ സാമ്പത്തിക ഭദ്രതയില്‍ സംശയം പ്രകടിപ്പിച്ചു തുടങ്ങി.
യൂറോപ്പിലെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി രണ്ടാം ലോകയുദ്ധത്തിനു ശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ ദുരന്തമായി വിലയിരുത്തപ്പെടുന്നു. കാരണം പ്രയാസങ്ങളില്‍ പെട്ടുഴലുന്ന രാജ്യങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, കൊട്ടിഘോഷിക്കപ്പെട്ട യൂറോ എന്ന കറന്‍സിയുടെ തന്നെ ചരമഗീതവും ഇതോടൊപ്പം രചിക്കപ്പെട്ടേക്കാം. ജര്‍മന്‍ ചാന്‍സലര്‍ പറയുന്നു: ''യൂറോ തകര്‍ന്നാല്‍ യൂറോപ്പും തകരും.''

പരിഹാരമാര്‍ഗങ്ങള്‍ അകലെ
പ്രതിസന്ധി പരിഹരിക്കുന്നതിനായി യൂറോപ്യന്‍ യൂനിയന്‍ ഒരു ഫണ്ട് രൂപവത്കരിക്കുകയുണ്ടായി. European Financial Stability Facility (EFSF) എന്ന പേരിലാണിതറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ഈ ഫണ്ട് 1025 ബില്യന്‍ ഡോളറിന്റെ (45 ലക്ഷം കോടി രൂപ) റസ്‌ക്യൂ പാക്കേജാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ഫണ്ട് കൊണ്ടുതന്നെ യൂറോസോണ്‍ രാജ്യങ്ങളുടെ പ്രതിസന്ധി തരണം ചെയ്യാമെന്നാണ് കണക്കുകൂട്ടുന്നത്. ഈ ഫണ്ടില്‍ നിന്ന് ഗ്രീസ്, അയര്‍ലന്റ്, പോര്‍ച്ചുഗല്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്ക് സഹായം നല്‍കാന്‍ ധാരണയായിട്ടുണ്ടെങ്കിലും നിരവധി ഗഡുക്കളായി മാത്രമാണ് ഇത് നല്‍കുക. ഫണ്ട് മുഴുവനായി കിട്ടാന്‍ ഒരുപാട് കാലമെടുക്കും. കണിശമായ ഉപാധികളോടെയാണ് ഓരോ ഗഡുവും അനുവദിക്കുക. ഈ ഉപാധികള്‍ പാലിക്കുക വളരെ പ്രയാസകരമാണ് താനും. സാധാരണക്കാരന് ആശ്വാസമേകുന്ന സബ്‌സിഡിയും പെന്‍ഷനും വെട്ടിച്ചുരുക്കാനും, വെല്‍ഫയര്‍ ചെലവുകള്‍ കുറക്കാനും ശ്രമിച്ചതിന്റെ ഫലമായാണ് ഗ്രീസില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. നിരവധിയാളുകളുടെ മരണത്തിനിടയാക്കുന്ന ഇത്തരം കലാപങ്ങള്‍ പടരുമ്പോള്‍ അത് രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍, ഭരണകര്‍ത്താക്കള്‍ സാമ്പത്തിക സഹായ പാക്കേജുകളില്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ ഭാഗികമായി മാത്രം നടപ്പിലാക്കുകയോ ആണ് ചെയ്യുക. ഇതാകട്ടെ അടുത്ത ഘട്ട സഹായം ലഭിക്കാന്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഫണ്ട് ലഭിക്കുന്നതിനുള്ള കാലതാമസം, സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നതിലുള്ള പ്രയാസങ്ങള്‍ ഇതൊക്കെ ഗ്രീസിനെ അക്ഷരാര്‍ഥത്തില്‍ ശ്വാസം മുട്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഗ്രീസ് അടുത്തുതന്നെ പാപ്പരായ രാജ്യമായി (bankrupt) മാറാനുള്ള സാധ്യത കൂടിയത്.
ഈ അത്യാസന്ന ഘട്ടത്തിലാണ് ഗ്രീസ് യൂറോപ്യന്‍ യൂനിയനെ വീണ്ടും സഹായത്തിനായി സമീപിച്ചത്. സഹായധനത്തിന്റെ അടുത്ത ഘട്ടം ലഭിക്കുന്നതിന് വേണ്ടിയാണിത്. ഈ ഫണ്ട് ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള തീരുമാനമെടുക്കുന്നതിന്, സെപ്റ്റംബര്‍ 29-ന് യൂനിയന്‍ സാമ്പത്തിക മന്ത്രിമാരുടെ യോഗം വീണ്ടും ചേരുന്നുണ്ട്. വോട്ടെടുപ്പിലൂടെ തീരുമാനമായാല്‍ ഗ്രീസിന് അല്‍പം ആശ്വാസം ഉണ്ടായേക്കാമെങ്കിലും, പ്രതിസന്ധിയില്‍ നിന്ന് കരകയറുക വളരെ പ്രയാസം തന്നെയാണ്.
ഗ്രീസ് സാമ്പത്തിക തകര്‍ച്ചയിലെത്തുകയാണെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അതുണ്ടാക്കുമെന്ന് നിരീക്ഷകര്‍ ഭയപ്പെടുന്നു. അതോടെ സ്‌പെയിന്‍, അയര്‍ലന്റ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളും ഗ്രീസിന്റെ പാത പിന്തുടര്‍ന്ന് കടബാധ്യതയില്‍ വീഴ്ചവരുത്താന്‍ സാധ്യതയേറെയാണ്. ഇവയോടൊപ്പം ഇറ്റലിയും ചേര്‍ന്നാല്‍ അത് യൂറോപ്പിന്റെ തകര്‍ച്ചയില്‍ ചെന്ന് കലാശിക്കും. ഒരൊറ്റ കറന്‍സിയില്‍ ബന്ധിക്കപ്പെട്ട രാജ്യങ്ങളൊന്നായി സാമ്പത്തികമായി പരാജയപ്പെടുമ്പോള്‍, ലോക സാമ്പത്തിക മേഖലയില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് പറയേണ്ടതില്ലല്ലോ. ഇത് മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ചൈനയും സഹായ വാഗ്ദാനവുമായി രംഗത്തുള്ളത്. ചൈനയുടെ സഹായം ലഭിക്കുകയാണെങ്കില്‍ ഐ.എം.എഫ് പോലുള്ള ലോക സാമ്പത്തിക സംഘടനകളില്‍ നിര്‍ണായക സ്വാധീനം നേടാന്‍ ഈ സന്ദര്‍ഭം ചൈന ഉപയോഗപ്പെടുത്തിയേക്കും. അത് അമേരിക്കന്‍-യൂറോപ്യന്‍ സാമ്പത്തിക മേല്‍ക്കോയ്മക്ക് അയവ് വരുത്താന്‍ ഇടയാക്കും.
എന്തായാലും വരുന്ന ആഴ്ചകള്‍ വളരെ നിര്‍ണായകമാണ്. പലിശ,  ഊഹക്കച്ചവടം, ആര്‍ത്തി, ദുര്‍വ്യയം എന്നിവയെ പരിപോഷിപ്പിക്കുന്ന നയങ്ങള്‍ പിന്തുടരുന്ന മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ ജീര്‍ണ മുഖം ഒരിക്കല്‍ കൂടി പുറത്തുവന്നിരിക്കുകയാണ് യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയിലൂടെ. ഇവിടെ പ്രതിസന്ധി ഉണ്ടാവാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണെന്ന് പകല്‍പോലെ വ്യക്തമാണെങ്കിലും, പരിഹാരമായി നിര്‍ദേശിക്കുക ഇതൊക്കെ  ഉള്‍േച്ചര്‍ന്ന പാക്കേജുകള്‍ തന്നെ. ഉദാഹരണത്തിന് സഹായ പാക്കേജായി നല്‍കുന്ന ഫണ്ടിന് നല്ല പലിശയാണ് ഈടാക്കുക. അതോടൊപ്പം, പ്രതിസന്ധിയലകപ്പെട്ട രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്ന ഗവണ്‍മെന്റ് കടപത്രങ്ങള്‍ ചുളു വിലയ്ക്ക് വാങ്ങി ഭീമന്‍ പലിശ സ്വന്തമാക്കുകയും ചെയ്യുന്നു. ഇതൊക്കെ സുഗമമായി നടത്തുന്നതിന് കടത്തില്‍ കുടുങ്ങിയ രാജ്യങ്ങളിലെ പാവങ്ങളായ സാധാരണക്കാരോട് മുണ്ട് മുറുക്കി ഉടുക്കാന്‍ നിര്‍ദേശിക്കുന്നു. ഇതിന്റെ ഓമനപ്പേരാണ് 'നിയന്ത്രണ നടപടികള്‍' (Austerity Measures).
പലിശ തന്നെയാണ് വില്ലന്‍. 2009-ല്‍ വത്തിക്കാനില്‍ നിന്ന് ഔദ്യോഗികമായി തന്നെ ഒരു പ്രസ്താവന വന്നിരുന്നു. 'പലിശയിലധിഷ്ഠിതമല്ലാത്ത ഇസ്‌ലാമിക സാമ്പത്തിക ഘടനയാണ് പാശ്ചാത്യ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം' എന്ന്. പക്ഷേ, വത്തിക്കാനറിയുന്നുണ്ടോ മുസ്‌ലിം നാടുകളും (ഇറാനും സുഊദിയും ഒഴികെ) പലിശാധിഷ്ഠിത ബാങ്കിംഗിനെത്തന്നെയാണ് മുഖ്യമായും ആശ്രയിക്കുന്നതെന്ന്. ഇസ്‌ലാമിക് ബാങ്കിംഗ് രംഗത്തെ ഗവേഷണത്തില്‍ മുന്നില്‍ നില്‍ക്കുന്ന മലേഷ്യയില്‍ പോലും മൊത്തം ബാങ്കിംഗ് ആസ്തിയുടെ 25 ശതമാനം മാത്രമാണ് ഇസ്‌ലാമിക് ബാങ്കുകളുടെ വിഹിതം. ഇന്തോനേഷ്യയില്‍ ഇത് വെറും 5 ശതമാനത്തില്‍ നില്‍ക്കുന്നു. മൊത്തത്തില്‍ ലോകതലത്തില്‍ ഇസ്‌ലാമിക് ബാങ്കിംഗ് വളരുന്നുണ്ടെങ്കിലും ആഗോള ബാങ്കിംഗ് ആസ്തികളുടെ 3 ശതമാനം മാത്രമാണത്. ഇസ്‌ലാമിക് ബാങ്കിംഗിന്റെ വിഹിതം, ശക്തമായ ഇടപെടല്‍ വഴി മുസ്‌ലിം രാജ്യങ്ങളിലെങ്കിലും 50 ശതമാനത്തിലെത്തിക്കാന്‍ ഇസ്‌ലാമിക സാമ്പത്തിക വിദഗ്ധരും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും കഠിന പ്രയത്‌നത്തിലേര്‍പ്പെടേണ്ടതുണ്ട്. ഇപ്പോഴത്തെ അറബ് വസന്തം അതിന് വേണ്ടുന്ന അനുകൂല സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ഇതുകൊണ്ട് തന്നെയാകും, ഈജിപ്തിന് സാമ്പത്തിക ഭദ്രത നേടിക്കൊടുക്കാന്‍ പലിശരഹിത സാമ്പത്തിക ഘടന കൊണ്ട് സാധിക്കുമെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞുകൊണ്ടിരിക്കുന്നത്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം