Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 1

ആ കാമ്പയിനുകള്‍ നാമിനിയും നടത്തേണ്ടിവരും

കെ. നജാത്തുല്ല

വിശാലമായ ഓഡിറ്റോറിയത്തിന്റെ അലങ്കരിച്ച വേദിയില്‍ സിംഹാസന സമാനമായ കസേരയില്‍ ഇരിക്കുന്ന വധൂവരന്മാര്‍, അവരെ ആശീര്‍വദിക്കാന്‍ ചമഞ്ഞൊരുങ്ങിയെത്തിയ ബന്ധുക്കളും മിത്രങ്ങളും നാട്ടുകാരും. അവിസ്മരണീയ മുഹൂര്‍ത്തത്തിലെ ഒരു നിമിഷവും നഷ്ടപ്പെടാതെ ഒപ്പിയെടുക്കാന്‍ ജാഗരൂകരായി ഓടി നടക്കുന്ന വീഡിയോ -ഓഡിയോ ഫോട്ടോ ഗ്രാഫര്‍മാര്‍, കുറഞ്ഞ ശബ്ദത്തില്‍ ഹാളിനകത്ത് ഒഴുകിപ്പരക്കുന്ന സംഗീതം, ഭക്ഷണമൊരുങ്ങും മുമ്പേ വല്ലാതെ വിശക്കുന്നവര്‍ക്ക് വേണ്ടി സജ്ജമാക്കിയ ചെറു ഭക്ഷണങ്ങള്‍ ലഭിക്കുന്ന സ്റ്റാള്‍, അവിടെ തിക്കും തിരക്കും, ഭക്ഷണത്തിന് സമയമായപ്പോള്‍ കൈയില്‍ പാത്രങ്ങളുമായി ഊഴം കാത്തുനില്‍ക്കുന്നവരുടെ നീണ്ട ക്യൂ... ഈയിടെ പങ്കെടുത്ത ഒരു വിവാഹ ആഘോഷത്തിന്റെ സാമാന്യ ചിത്രമാണിത്. പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹന വ്യൂഹവും രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളിലെ ഇനങ്ങളും ഇതിനു പുറമെയാണ്.
കേരളത്തിലെ മുസ്‌ലിം സമുദായത്തിനകത്തെ അത്യപൂര്‍വ വിവാഹാഘോഷത്തിന്റെ വിവരണമല്ല ഇത്. വളരെ സാര്‍വത്രികമായി തീര്‍ന്ന വിവാഹ ചടങ്ങിന്റെ ഒരു മാതൃക മാത്രം. സാമ്പത്തിക കഴിവനുസരിച്ച് ചില മാറ്റങ്ങള്‍ കാണുമെന്നതൊഴിച്ചാല്‍ മുസ്‌ലിം സമുദായത്തിനകത്ത് ഇങ്ങനെയൊക്കെയാണ് വിവാഹാഘോഷങ്ങള്‍.
കേരളത്തില്‍ വിശേഷിച്ചും മുസ്‌ലിം സമുദായത്തില്‍ വിവാഹാഘോഷമെന്നത് ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും ആഡംബര പൊങ്ങച്ചങ്ങളുടെയും സന്ദര്‍ഭമായി മാറിയത് എഴുപതുകള്‍ക്കു ശേഷമാണ്. എഴുപതുകളിലും എണ്‍പതുകളിലും മുസ്‌ലിം ചെറുപ്പക്കാരും മധ്യവയസ്‌കരും ഗള്‍ഫ് നാടുകളിലേക്ക് കൂലംകുത്തിയൊഴുകി. ജീവിതത്തിന്റെ പങ്കപ്പാടുകളില്‍ നിന്ന് കരകയറാനായി നടത്തിയ ആ കുടിയേറ്റം കേരള മുസ്‌ലിംകളിലെ ദരിദ്ര-ധനിക സമവാക്യങ്ങളെ തിരുത്തിയെഴുതി. അത്യാവശ്യ ജീവിത ചെലവുകള്‍ കഴിഞ്ഞ് മിച്ചം വരുന്ന പണം ചെലവഴിക്കാന്‍ കണ്ടെത്തിയ പല വഴികളിലൊന്നായിരുന്നു ആഘോഷ പരിപാടികളിലെ ദുര്‍വ്യയം. പടുകൂറ്റന്‍ പന്തലുകെട്ടിയും നൂറുകണക്കിനാളുകള്‍ക്ക് വെച്ചുവിളമ്പിയും അവര്‍ മക്കളുടെ വിവാഹം കെങ്കേമമാക്കി. കിടപ്പാടം പണയം വെച്ചും ആഭരണങ്ങള്‍ വിറ്റും മറ്റുള്ളവര്‍ അവരോടൊപ്പമെത്താന്‍ ശ്രമിച്ചു. അസ്വസ്ഥതകളേതുമില്ലാതെ മത/മഹല്ല് നേതൃത്വങ്ങള്‍ പങ്കാളികളാവുകയും പങ്കുപറ്റുകയും ചെയ്തു.
പക്ഷേ, സമുദായത്തിനകത്ത് വളര്‍ന്നുവന്ന തെറ്റായ ഈ പ്രവണതയെ വായിച്ചെടുക്കാന്‍ പെട്ടെന്നു തന്നെ കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന/ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്കു കഴിഞ്ഞു. ആയിരങ്ങള്‍ പണമായും സ്വര്‍ണമായും സ്ത്രീധനമുറപ്പിച്ചും അമിതവ്യയം ചെയ്തും നടത്തുന്ന വിവാഹ ആഘോഷങ്ങള്‍ക്കെതിരെ അവ രംഗത്തിറങ്ങി. കേരളത്തിലെ പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ യുവജന സ്ത്രീ വിഭാഗങ്ങളായിരുന്നു ഇതിന് ശക്തമായ നേതൃത്വം നല്‍കിയത്. വിവാഹത്തിന്റെ പേരില്‍ ആയിരങ്ങളും ലക്ഷങ്ങളും 'പൊടിച്ചു' കളയുമ്പോള്‍, അതില്ലാത്തതിന്റെ പേരില്‍ വിവാഹം സ്വപ്നം കാണാന്‍ മാത്രം വിധിക്കപ്പെട്ട യുവതികളെക്കുറിച്ചും അവരുടെ നിസ്സഹായരായ രക്ഷിതാക്കളെക്കുറിച്ചും അവര്‍ സമുദായത്തെ ഓര്‍മപ്പെടുത്തി. സ്വന്തം മകള്‍ക്ക് നൂറു കണക്കിന് പവന്‍ സ്വര്‍ണം സ്ത്രീധനം നല്‍കുമ്പോഴും അതില്ലാത്തതിന്റെ പേരില്‍ മാത്രം കുടുംബജീവിതം നിഷേധിക്കപ്പെടുന്ന തരുണികളെ മറക്കാതിരിക്കാന്‍ സമുദായത്തോടവര്‍ ശക്തമായി ആവശ്യപ്പെട്ടു. ഇത്തരം തെറ്റായ പ്രവണതകള്‍ക്ക് കൂട്ടുനില്‍ക്കുന്ന മതനേതൃത്വത്തെ വിചാരണ ചെയ്തു. ലളിതമായ ഇസ്‌ലാമിക വിവാഹ സങ്കല്‍പത്തെക്കുറിച്ചവര്‍ സമുദായത്തിനു ചൊല്ലിക്കൊടുത്തു. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇസ്‌ലാമിക രീതിയില്‍ നടക്കുന്ന ലളിതമായ സമൂഹ വിവാഹങ്ങള്‍ക്ക് അങ്ങനെ സമൂഹം സാക്ഷിയായി. സമ്മേളനങ്ങളുടെയും പൊതു കാമ്പയിനുകളുടെയും മുഖ്യ ഇനമായി സമൂഹ വിവാഹങ്ങള്‍ മാറി. ഇസ്‌ലാമിക രീതിയില്‍ വിവാഹം ആലോചിക്കാനും നടത്തിക്കൊടുക്കാനുമുള്ള വേദികള്‍ നിലവില്‍ വന്നു. വിവാഹാഘോഷ സദസ്സുകളില്‍ വെച്ചു തന്നെ അതിലെ അനാചാരങ്ങള്‍ക്കെതിരെ  ഖത്വീബുമാര്‍ വിമര്‍ശനമുന്നയിച്ചു. യുവാക്കള്‍ക്കത് ആവേശമായി. യുവതികളുടെ കണ്ണുകളില്‍ നല്ല കാലത്തെക്കുറിച്ച തിളക്കം കണ്ടു.
മികച്ചതായിരുന്നു ഈ കാമ്പയിനിന്റെ ഫലം. ചെലവ് കുറഞ്ഞ ലളിത വിവാഹങ്ങളെക്കുറിച്ചവര്‍ സ്വപ്നങ്ങള്‍ നെയ്തു. ആഭരണ രഹിതമായി വീട്ടിലേക്ക് കയറിവരുന്ന 'രാജകുമാരി'യെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്താന്‍ അവര്‍ വെമ്പല്‍ കൊണ്ടു- ആര്‍ഭാട വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കുന്ന ചെറുപ്പക്കാരെ മാത്രമല്ല, വീടുകളെയും അത് സൃഷ്ടിച്ചു. സ്ത്രീധന വിവാഹം ബഹിഷ്‌കരിക്കാന്‍ തയാറായി വേറെ ചിലര്‍. 'സ്ത്രീധന-ആര്‍ഭാട വിവാഹങ്ങള്‍ക്ക് ക്ഷണിക്കേണ്ടതില്ലെന്ന്' ബോര്‍ഡെഴുതി വരാന്തയില്‍ തൂക്കിയിടാന്‍ പലരും ധൈര്യം കാണിച്ചു. കൊച്ചു വിവാഹങ്ങള്‍ നടത്തുന്നവര്‍ ആദര്‍ശ പുരുഷന്മാരായി മാറി. അവരുടെ മണവാട്ടികളാവാനുള്ള മോഹം മനസ്സില്‍ ചിലര്‍ പാത്തുവെച്ചു.
ഇവയൊക്കെയും കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കകത്തുണ്ടായ മാറ്റങ്ങളാണ്. യാഥാസ്ഥിതിക വിഭാഗം, പക്ഷേ മറുപക്ഷത്തായിരുന്നു. ആര്‍ഭാടത്തിനും സ്ത്രീധനത്തിനും അവര്‍ ന്യായങ്ങള്‍ കണ്ടെത്തി. അവരെ നിഷേധിക്കുന്നവരെ 'ബഹിഷ്‌കരണം' കൊണ്ട് തുരത്താന്‍ ശ്രമിച്ചു. എന്നല്ല, ഇതിന്റെയെല്ലാം കമീഷനും പങ്കും പരമാവധി കൈപ്പറ്റാന്‍ ഒരു മടിയും കാണിച്ചില്ല. എന്നാലും പൊതുജനം കാര്യങ്ങള്‍ കേട്ടും കണ്ടും പഠിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഇന്നത്തെ അവസ്ഥ ദുഃഖകരമാണ്. പ്രസ്തുത വിഷയത്തില്‍ വളര്‍ത്തിയെടുത്ത അവബോധത്തില്‍ നിന്ന് സമുദായം വീണ്ടും പിറകോട്ട് പോകുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിവാഹം കേവലം 'സ്വന്തം' കാര്യമായി പരിമിതപ്പെട്ടു. സുഹൃത്തുക്കളും, ബന്ധുക്കളും നാട്ടുകാരും അറിയുന്നതും ക്ഷണിക്കപ്പെടുന്നതും ആദരിക്കപ്പെടുന്നതും അവര്‍ക്ക് മികച്ച ഭക്ഷണം വെച്ചുവിളമ്പുന്നതും തന്നെയാണ് ഇസ്‌ലാമിലെ വിവാഹമെന്ന് വിശദീകരണമുണ്ടാവുന്നു. ഇരുവശവും വിശദീകരിച്ച് സ്ഥല-കാല നിരപേക്ഷമായി, 'മധ്യമ' നിലപാടിലെത്താന്‍ ശ്രമിക്കുന്ന ഖത്വീബുമാര്‍ നിലപാടില്ലാതെ കുഴങ്ങുന്നു. അടുത്തകാലത്തായി ഇതൊന്നും യുവജന സംഘടനകളുടെ അജണ്ടയിലൊട്ടില്ലതാനും.
ധൂര്‍ത്തിനും ദുര്‍വ്യയത്തിനുമെതിരായ പോരാട്ടങ്ങളെല്ലാം തന്നെ വിശാലമായ കാന്‍വാസില്‍ പരത്തി പറഞ്ഞപ്പോള്‍ വിവാഹധൂര്‍ത്തിനെതിരായ ചെറുത്തുനില്‍പുകള്‍ ആശയരംഗത്തൊതുങ്ങുകയും പ്രായോഗിക ജീവിതം വലിയ അന്തരത്തോടെ അതിന് സമാന്തരമായി ചലിക്കുകയുമാണ് ചെയ്തത്. വിവാഹ ആഘോഷങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ഇത് കാണുന്നത്. വീട് നിര്‍മാണം, വാഹന ഉപയോഗം, ഉപഭോഗ വസ്തുക്കളുടെ ഉപയോഗം, സൗകര്യങ്ങളെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ തുടങ്ങി ജീവിതരീതിയുമായി ബന്ധപ്പെട്ട മിക്ക വിഷയങ്ങളിലെയും പൊതു അവസ്ഥയാണിത്.
തീവ്രമായ പോരാട്ടങ്ങളിലൂടെ നേടിയ ഉയര്‍ന്ന മൂല്യബോധവും സംസ്‌കാരവുമാണ് വഴിയിലുപേക്ഷിക്കപ്പെട്ടിരിക്കുന്നത്. ഉപഭോഗാസക്തിയിലാണ്ടു കഴിഞ്ഞ ഒരു സമൂഹത്തിനകത്ത്, അതിവേഗമുള്ള അതിന്റെ കുത്തൊഴുക്കില്‍ പതറാതെ പിടിച്ചുനില്‍ക്കാന്‍ പഴയ കാമ്പയിനുകള്‍ ഇനിയും നാം പൊടിതട്ടിയെടുത്ത് ആചരിക്കേണ്ടിവരും. സ്ഥായിയായ ജാഗ്രത അനിവാര്യമായ ഒന്നാണിത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം