Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 1

യഥാര്‍ഥ സാമ്പത്തിക പ്രശ്‌നം

മൗലാനാ മൗദൂദി


സാമ്പത്തിക പ്രതിസന്ധിയും തലതിരിഞ്ഞ കാഴ്ചപ്പാടുകളും - 2

സാമ്പത്തിക സംജ്ഞകളുടെയും വിദഗ്‌ധോപദേശങ്ങളുടെയും കെട്ടിക്കുടുക്കുകള്‍ അഴിച്ചുമാറ്റിയാല്‍, സാമ്പത്തിക പ്രശ്‌നത്തെ നേര്‍ക്കുനേരെ, സുതാര്യമായി നമുക്ക് അഭിമുഖീകരിക്കാന്‍ പറ്റും. മനുഷ്യന്റെ യഥാര്‍ഥ സാമ്പത്തിക പ്രശ്‌നം താഴെ പറയുന്നതല്ലാതെ മറ്റൊന്നുമല്ലെന്ന് നമുക്കപ്പോള്‍ ബോധ്യമാവും. പ്രശ്‌നത്തിന്റെ രത്‌നചുരുക്കം ഇതാണ്:
മനുഷ്യനാഗരികതയുടെ നിലനില്‍പും പുരോഗതിയും ഉറപ്പ് വരുത്തിക്കൊണ്ടുതന്നെ സാമ്പത്തിക വിതരണ സംവിധാനം ക്രമീകരിക്കണം. ആ സംവിധാനത്തില്‍ നിലനില്‍പിന്നാവശ്യമായ വസ്തുവകകളൊക്കെ സമൂഹത്തിലെ ഓരോ വ്യക്തിക്കും കിട്ടിയിരിക്കണം. വ്യക്തിത്വ വികാസത്തിന് ആവശ്യമായ തുറന്ന അവസരങ്ങളും ഓരോ വ്യക്തിക്കും ലഭ്യമാവണം. തന്റെ കഴിവിനും അഭിരുചിക്കും ഒത്തവിധം പരമാവധി ഉയര്‍ന്ന സ്ഥാനം കൈവരിക്കാന്‍ വ്യക്തിക്ക് സാധ്യമാവുന്ന സാമൂഹിക സാഹചര്യമുണ്ടാവണം.
മനുഷ്യോല്‍പത്തിയുടെ തുടക്കത്തില്‍ മനുഷ്യന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ മൃഗങ്ങളുടേതിന് സമാനം അതീവ ലളിതമായിരുന്നു. ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട വിഭവങ്ങള്‍ അനന്തമായി ഭൂമിയാകെ പരന്നങ്ങനെ കിടക്കുകയായിരുന്നു. ജീവിതോപാധികള്‍ എങ്ങും സമൃദ്ധമായി തന്നെ. ഓരോ വ്യക്തിയും പുറത്തേക്കിറങ്ങി അത് വാരിയെടുക്കുകയേ വേണ്ടൂ. താനെടുക്കുന്ന വിഹിതത്തിന് ഒരു വിലയും അവന്‍ കൊടുക്കേണ്ടതില്ല. തന്റെ വിഹിതം മറ്റൊരാള്‍ തട്ടിയെടുക്കുമെന്ന പേടിയും ഇല്ല. ഇപ്പറഞ്ഞതൊക്കെ മൃഗങ്ങളെ സംബന്ധിച്ച് ഇപ്പോഴും ശരിയാണ്. തുടക്കത്തില്‍ മനുഷ്യന്‍ മൃഗങ്ങളെ വേട്ടയാടിയും പഴങ്ങള്‍ ശേഖരിച്ചും പ്രകൃതിയോട് ഒട്ടി നിന്നുള്ള ജീവിതായോധന രീതിയാണ് സ്വീകരിച്ചത്. പ്രകൃതിയില്‍ നിന്ന് പലതുമെടുത്താണ് ശരീരം മറച്ചിരുന്നത്. പറ്റിയ ഒരിടം കണ്ടാല്‍ അവിടെ താമസിക്കാനുള്ള ഒരുക്കങ്ങള്‍ കൂട്ടും. പക്ഷേ, ഈ നിലയില്‍ തന്നെ മനുഷ്യന്‍ ജീവിച്ചുപോവട്ടെ എന്നതായിരുന്നില്ല ദൈവേഛ. ഒറ്റപ്പെട്ടുള്ള ഈ ജീവിതത്തിന് പകരം സാമൂഹിക ജീവിതം നയിക്കാനുള്ള ജന്മസിദ്ധമായ വാസന ദൈവം മനുഷ്യനില്‍ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. പ്രകൃതി നല്‍കുന്നത് കൊണ്ട് മാത്രം തൃപ്തിയടയേണ്ടതില്ല മനുഷ്യന്‍. അധ്വാനത്തിലൂടെ മെച്ചപ്പെട്ട ഒരു ഭാവി കെട്ടിപ്പടുക്കാനുള്ള കഴിവ് അവനുണ്ട്. സ്ത്രീയും പുരുഷനും തമ്മില്‍ സുസ്ഥിര ബന്ധത്തിനുള്ള പ്രകൃതിപരമായ വാഞ്ഛ, മനുഷ്യക്കുഞ്ഞ് വളരെക്കൂടുതല്‍ കാലം മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിയേണ്ട സ്ഥിതിവിശേഷം, തനിക്ക് ശേഷം തലമുറകളെ നിലനിര്‍ത്താനുള്ള മനുഷ്യന്റെ താല്‍പര്യം, രക്തബന്ധുക്കള്‍ തമ്മിലുള്ള സ്‌നേഹം- ഒരു സാമൂഹിക ജീവിതം കെട്ടിപ്പടുക്കാന്‍ പ്രകൃതി മനുഷ്യനില്‍ നിക്ഷേപിച്ച കാര്യങ്ങളാണ് ഇവ.
അതുപോലെ, പ്രകൃതി നല്‍കുന്ന വിഭവങ്ങളില്‍ തൃപ്തനാവാതെ അവന്‍ ഭൂമി ഉഴുത് സ്വയം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി; ഇലകള്‍ കൊണ്ട് നാണം മറച്ച് തൃപ്തിയടയാതെ വസ്ത്ര നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ സ്വായത്തമാക്കി. ഗുഹകളിലും കൂടുകളിലും പാര്‍ക്കാതെ സ്വയം വീട് നിര്‍മിച്ചു. കല്ലും മരക്കഷ്ണവും മാത്രം ഉപയോഗിക്കുന്നതിന് പകരം കല്ലില്‍ നിന്നും മരത്തില്‍ നിന്നും ഇരുമ്പില്‍നിന്നും പുതിയ ആയുധങ്ങള്‍ വികസിപ്പിച്ചെടുത്തു. ഇതെല്ലാം ദൈവം നിക്ഷേപിച്ച ചോദനകളാണ്. മനുഷ്യന്‍ ക്രമേണ നാഗരിക ഭാവം കൈവരിക്കുമെന്നതിന്റെ അനിവാര്യ സൂചനകളുമായിരുന്നു അവ. അതിനാല്‍ മനുഷ്യന്‍ സാമൂഹിക ജീവി ആകുന്നുവെങ്കില്‍, നാഗരികനാവുന്നുണ്ടെങ്കില്‍ അതൊരിക്കലും ഒരു കുറ്റമല്ല. മറിച്ച് മനുഷ്യപ്രകൃതിയില്‍ ഉള്ളടങ്ങിയ ജന്മവാസനയാണ്. ചില ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അവനില്‍ ദൈവം തമ്പുരാന്‍ നിക്ഷേപിച്ചതുമാണ്.
നാഗരികതയുടെ ആഗമനത്തോടെ ചില കാര്യങ്ങള്‍ അനിവാര്യമായി.
1. ജീവിതാവശ്യങ്ങള്‍ വര്‍ധിച്ച മുറക്ക്, ഈ ആവശ്യങ്ങളെല്ലാം ഒരാള്‍ക്ക് ഒറ്റക്ക് നേടിയെടുക്കാനാവില്ലെന്ന് വന്നു. ചില ആവശ്യങ്ങള്‍ മറ്റുള്ളവരുടെ സഹായമുണ്ടെങ്കിലേ ലഭ്യമാവൂ. മറ്റുള്ളവരുടെ ചില ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ തന്റെ സഹായവും വേണം.
2. ജീവിതാവശ്യങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യേണ്ടതായി വന്നു. ഈ കൈമാറ്റത്തിന് ചില സംവിധാനങ്ങളും ഉരുത്തിരിഞ്ഞു വന്നു.
3. അവശ്യ സാധനങ്ങളുടെ ഉല്‍പാദനം, അവ കൊണ്ടുപോകുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനുമുള്ള സംവിധാനം ഇതൊക്കെ പതിന്മടങ്ങായി വര്‍ധിപ്പിക്കേണ്ടിവന്നു. ഇതൊക്കെ സാധ്യമാക്കാന്‍ പലവിധ കണ്ടുപിടുത്തങ്ങള്‍ മനുഷ്യന് കൂട്ടായി.
4. താന്‍ വികസിപ്പിച്ചെടുത്ത വ്യവസായം, താന്‍ ജോലി ചെയ്തിരുന്ന ഉപകരണങ്ങള്‍, താന്‍ വീട് നിര്‍മിച്ച നിലം, തന്റെ തൊഴിലിടം ഇവയെല്ലാം തന്റെ അധീനതയില്‍ തന്നെ നിലകൊള്ളണം. തന്റെ മരണശേഷം അത് അന്യാധീനപ്പെടരുത്, തന്റെ അടുത്ത ബന്ധുക്കള്‍ക്ക് അവ കൈമാറ്റപ്പെടണം.
അതിനാല്‍ പലതരം വ്യാപാരങ്ങളുടെയും തൊഴിലുകളുടെയും ആവിര്‍ഭാവം, വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള സംവിധാനങ്ങള്‍, ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കല്‍, കൈമാറ്റ സൗകര്യത്തിന് വിലക്കനുസൃതമായി നാണയങ്ങള്‍ അടിച്ചിറക്കല്‍, രാഷ്ടാന്തരീയ വ്യാപാരവും കയറ്റുമതി ഇറക്കുമതികളും, എല്ലാതരം നവീന ഉല്‍പാദനോപകരണങ്ങളെയും പ്രയോജനപ്പെടുത്തല്‍, വസ്തുവെയും അതിന്റെ  അനന്തരാവകാശത്തെയും സംബന്ധിച്ച പുതിയ നിയമാവിഷ്‌കാരങ്ങള്‍ ഇതൊക്കെയും മനുഷ്യനെ സംബന്ധിച്ചേടത്തോളം തീര്‍ത്തും സ്വാഭാവികമാണ്. ഇതൊന്നും പശ്ചാത്തപിക്കേണ്ട കുറ്റകൃത്യങ്ങളായി എണ്ണേണ്ട യാതൊരു കാര്യവുമില്ല.
ഇതിന് പുറമെ, സാമൂഹിക ജീവിതം പുരോഗമിക്കുന്നതിനനുസരിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ കൂടി അനിവാര്യമായി വന്നുചേരും:
1. പ്രകൃതിപരമായിത്തന്നെ വ്യക്തികളുടെ കഴിവുകളിലും യോഗ്യതകളിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. ചിലയാളുകള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ സമ്പാദിക്കാനും ഉല്‍പാദിപ്പിക്കാനും കഴിയും. ചിലര്‍ക്ക് അവരുടെ അത്യാവശ്യത്തിനുള്ളതേ സമ്പാദിക്കാന്‍ കഴിയൂ. അത്യാവശ്യത്തിനുള്ളതും സമ്പാദിക്കാന്‍ കഴിയാത്തവരും ഉണ്ടാകും.
2. നല്ലൊരു സ്വത്ത് അനന്തരമായി കിട്ടിയിട്ടുണ്ടെങ്കില്‍ അത്തരമാളുകള്‍ക്ക് ജീവിതത്തില്‍ മെച്ചപ്പെട്ട തുടക്കം കിട്ടും. വളരെ കുറഞ്ഞ വിഭവങ്ങളുമായാണ് ചിലര്‍ക്ക് ജീവിതം തുടങ്ങേണ്ടിവരിക. കൈയില്‍ ഒന്നുമില്ലാതെ ജീവിതസമരത്തിലേക്ക് എടുത്ത് ചാടേണ്ടിവരുന്നവരും ഉണ്ടാകും വലിയൊരു വിഭാഗം.
3. പ്രകൃതിപരമായ കാരണങ്ങളാല്‍ ജീവിത വ്യവഹാരങ്ങളില്‍ പൂര്‍ണ പങ്കാളിത്തം വഹിക്കാന്‍ കെല്‍പില്ലാത്ത ഒരു വിഭാഗം എല്ലായിടത്തും എല്ലാ സമൂഹത്തിലും ഉണ്ടാകും. കുട്ടികള്‍, പ്രായം ചെന്നവര്‍, രോഗികള്‍, വികലാംഗര്‍ പോലുള്ളവര്‍.
4. തൊഴിലെടുക്കാന്‍ തയാറായ ധാരാളമാളുകളുണ്ടാവും. അവര്‍ക്ക് തൊഴില്‍ നല്‍കാന്‍ സന്നദ്ധരായി, അവരുടെ സേവനം വിലക്കെടുക്കാന്‍ സന്നദ്ധരായ മറ്റൊരു ഗ്രൂപ്പും ഉണ്ടാവും. സ്വതന്ത്ര വ്യവസായവും വ്യാപാരവും കൃഷിയുമെല്ലാം വളര്‍ച്ച പ്രാപിക്കുന്നതോടൊപ്പം തന്നെ ഈ തൊഴിലാളി-തൊഴില്‍ ദായക ബന്ധത്തിന് എല്ലാ സന്ദര്‍ഭത്തിലും സവിശേഷ പ്രാധാന്യമുണ്ടാവും.
ഈ കാര്യങ്ങളെല്ലാം തന്നെ, അവയുടേതായ രീതിയില്‍, മനുഷ്യന്റെ സാമൂഹിക ജീവിതത്തിലെ സ്വാഭാവിക പ്രതിഭാസങ്ങളാണ്. ഇത്തരം പ്രവണതകളെ തിന്മകളായി കാണേണ്ടതില്ല. അതിനാല്‍ അവയെ അടിച്ചമര്‍ത്താന്‍ മുന്നിട്ടിറങ്ങേണ്ടതുമില്ല. തിന്മകള്‍ ആവിര്‍ഭവിക്കുന്ന യഥാര്‍ഥ ഉറവിടം കണ്ടെത്താനാവാതെ (പല പല സാമൂഹിക കാരണങ്ങളാലാകാം ആ തിന്മകള്‍ ഉണ്ടാകുന്നത്) ചിലയാളുകള്‍ക്ക്  സമനില നഷ്ടപ്പെടുന്നതായി കാണാറുണ്ട്. അവര്‍ വ്യക്തിയുടെ ഉടമാവകാശത്തെയും പണത്തെയും യന്ത്രങ്ങളെയും മനുഷ്യര്‍ക്കിടയില്‍ പ്രകൃതിപരമായി തന്നെ കാണുന്ന ഏറ്റക്കുറച്ചിലുകളെയും ചിലപ്പോള്‍ നാഗരികതയെ മൊത്തത്തില്‍ തന്നെയും പുഛിക്കുന്നതും ആക്ഷേപിക്കുന്നതും കാണാം. ഇതൊക്കെയും തെറ്റായ രോഗനിര്‍ണയവും തെറ്റായ ചികിത്സയുമാണെന്ന് പറയേണ്ടതില്ലല്ലോ.
സാമൂഹിക പരിണാമത്തിന്റെ സ്വാഭാവിക പ്രക്രിയയെ തടുത്ത് നിര്‍ത്താനും, അടിസ്ഥാന മനുഷ്യപ്രകൃതിയുടെ ഉല്‍പന്നങ്ങളെന്ന നിലക്ക് പ്രത്യക്ഷമാവുന്ന അനിവാര്യമായ സാമൂഹിക ജീവിതാവസ്ഥകളെ ഉന്മൂലനം ചെയ്യാനുമുള്ള ഏതൊരു ശ്രമവും ബുദ്ധിശൂന്യമായിരിക്കും. പകരം വെക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ നഷ്ടം വരുത്തിവെക്കാനാണ് സാധ്യതയത്രയും. മനുഷ്യന്റെ നാഗരിക സാമൂഹിക ജീവിതത്തിന്റെ വികാസത്തിന് തടയിട്ടുകൊണ്ടോ, പുരോഗതിയുടെ സ്വാഭാവിക കാരണങ്ങളില്‍ ഇടപെടല്‍ നടത്തിയോ, ഇവയുടെയൊക്കെ മൗലികവശങ്ങളെ എടുത്ത് മാറ്റിയോ ഒരു സാമ്പത്തിക പ്രശ്‌നത്തിനും പരിഹാരം കാണാനാവില്ലെന്ന് മനസ്സിലാക്കണം. സാമൂഹിക മാറ്റത്തിന്റെ ഈ സ്വാഭാവിക ശക്തികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതോടൊപ്പം, അനീതിയും സാമൂഹിക സ്വേഛാധിപത്യവും തടയാനാവുന്നുണ്ടോ, ഓരോ വ്യക്തിക്കും അവന് കിട്ടേണ്ട വിഹിതം കിട്ടുന്നുണ്ടോ, ഭൂരിപക്ഷം വരുന്ന ജനസമൂഹത്തിന്റെ കഴിവുകളെ പാഴാക്കിക്കളയുന്നവിധം ഉയര്‍ന്നുനില്‍ക്കുന്ന വന്‍ തടസ്സങ്ങളെ തട്ടിമാറ്റാനാകുന്നുണ്ടോ? ഇതേക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ഇവിടെയാണ് സാമ്പത്തിക പ്രശ്‌നത്തിന്റെ അടിവേര് കിടക്കുന്നതും.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം