അനുഭവങ്ങളുടെ പ്രളയപയോധി കടന്ന ഖലാസി ജീവിതമെഴുതുമ്പോള്‍
വംഗ സാഗരത്തിന്റെ കരയില്‍ ശ്മശാനത്തില്‍
അന്തിതന്‍ ചുടല വെന്തടങ്ങും നേരത്തിങ്കല്‍
ബന്ധുക്കള്‍ മരിച്ചവര്‍ക്കന്തിമാന്നമായ് വെച്ച
മണ്‍കലത്തിലെ ചോറ് തിന്നതു ഞാനോര്‍ക്കുന്നു.
(അന്നം) ബാലചന്ദ്രന്‍ ചുള്ളിക്കാട്
വിശപ്പിന്റെയും സഹനത്തിന്റെയും കഠിനാധ്വാനത്തിന്റെയും വഴിയിലൂടെ വിജയത്തിലേക്കു മുന്നേറിയ മുസ്തഫ ഹാജി ചേലേമ്പ്രയുടെ മാപ്പിള ഖലാസി കഥ പറയുന്നു എന്ന ഗ്രന്ഥത്തിലെ 'നിഷാമോളുടെ ചോറ്' എന്ന ആദ്യ അധ്യായം വായിച്ചപ്പോഴാണ്, സമാനമായൊരു തീവ്രാനുഭവത്തിന്റെ ആവിഷ്കാരമായ ബാലചന്ദ്രന്റെ മുകളില്‍ സൂചിപ്പിച്ച കാവ്യശകലം ഓര്‍മയില്‍ തെളിഞ്ഞത്. കൂടല്‍മാണിക്യത്തിലെ സദ്യയുടെയും പുളിങ്കറിയുടെയും കേമത്തത്തെക്കുറിച്ച് കവി വൈലോപ്പിള്ളി വീരസ്യം പറയുമ്പോള്‍, കേമദ്രുമ കാലത്തിലനുഭവിച്ച അസഹനീയമായ വിശപ്പിന്റെ വിളിയെ നേരിട്ട തീവ്രാനുഭവമോര്‍മിക്കുകയാണ് ചുള്ളിക്കാട്. ശ്മശാനത്തില്‍ മരിച്ചവര്‍ക്കുവേണ്ടി നിവേദിച്ച അന്തിമാന്നം തിന്നേണ്ടിവന്നതിനെക്കുറിച്ചാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഓര്‍ത്തെടുക്കുന്നതെങ്കില്‍, മുസ്തഫ ഹാജിയുടെ പുസ്തകത്തിന്റെ തുടക്കംതന്നെ കൊടിയ വിശപ്പിന്റെ വിളിയെ നേരിട്ട മറ്റൊരുതരത്തിലുള്ള ചോറൂണിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ്. മറുനാട്ടില്‍ സാമ്പല്‍പൂരിലെ റെയില്‍വേ വാട്ടര്‍ ടാങ്കിനടുത്ത് കരിമ്പോല കൊണ്ട് മറച്ചുകെട്ടിയ പുരയിലെ പാവപ്പെട്ട ഹോട്ടല്‍ കച്ചവടക്കാരനായ കേശവന്‍ നായര്‍, തന്റെ അരുമ സന്തതി നിഷാമോള്‍ സ്കൂളില്‍നിന്നുവരുമ്പോള്‍ കൊടുക്കാനായി കരുതിവെച്ച ഒരുപിടി ചോറ് പട്ടിണിയുടെ രണ്ടുനാള്‍ പിന്നിട്ട് അവശനായെത്തുന്ന അബ്ദുക്കാക്ക് വിളമ്പിക്കൊടുത്തുകൊണ്ട് മാനവസ്നേഹത്തിന്റെ മഹിത മാതൃക സൃഷ്ടിച്ചത് മുസ്തഫ ഹാജി ഹൃദയാവര്‍ജകമായി ഇവിടെ വിവരിക്കുന്നു.
അവിചാരിത ദുരന്തങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും സുനാമിത്തിരമാലകള്‍ ആര്‍ത്തിരമ്പുന്ന അനുഭവങ്ങളുടെ ഭയാനകമായ പ്രളയ പയോധിയിലൂടെ തളരാത്ത ആത്മവിശ്വാസത്തിന്റെ കുഞ്ഞോടത്തില്‍ ഒരു മനുഷ്യന്‍ സുധീരം ലക്ഷ്യത്തിലേക്ക് തുഴഞ്ഞുപോയതിന്റെ ഹൃദയസ്പര്‍ശിയായ അനുഭവ കഥനമാണ് ഈ കൃതി. ഇനിയൊരു കരകയറ്റമില്ലെന്ന് ഏത് അചഞ്ചലമായ ആത്മധൈര്യമുള്ളവനെയും ചകിതനാക്കാന്‍ പോന്ന പ്രതിസന്ധികളുടെ മരണച്ചുഴികളില്‍നിന്നുവരെ വിപദിധൈര്യത്തോടെ വിജിഗീഷുവിനെപ്പോലെ മുങ്ങിനിവരുന്ന അസാധാരണ വ്യക്തിത്വത്തെ ഇവിടെ വായനക്കാര്‍ക്ക് പരിചയപ്പെടാം. ഒരു പ്രണയപ്പിണക്കമോ, പരീക്ഷത്തോല്‍വിയോ, കുടുംബ കലഹമോ, ടി.വി റിമോട്ട് കണ്‍ട്രോളറിനുവേണ്ടിയുള്ള തര്‍ക്കമോ പോലും ആത്മഹത്യക്കു കാരണമായി കണ്ടെത്തുന്ന 'അമുല്‍ ബേബി'കള്‍ പെരുകിവരുന്ന പുതുതലമുറക്ക് ഊഹിക്കാനാകാത്തവിധം, പ്രതിബന്ധങ്ങളുടെ കൊടുമുടികളെയും എതിര്‍ കാറ്റുകളെയും അചഞ്ചലമായ മനഃസ്ഥൈര്യത്തോടെ മറികടന്ന് എങ്ങനെ വിജയം വരിക്കാമെന്നതിന്റെ അനുഭവ സത്യവാങ്മൂലങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
അമേരിക്കയിലും ജപ്പാനിലും ജര്‍മനിയിലുമൊക്കെ പഠനം പൂര്‍ത്തിയാക്കിയെത്തുന്ന മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദഗ്ധര്‍പോലും പരാജയപ്പെടുന്നിടത്ത് മാപ്പിള ഖലാസികളുടെ സാങ്കേതിക വൈദഗ്ധ്യവും മെയ്ക്കരുത്തും വിജയിക്കുന്നതിനു പിന്നിലെ മാന്ത്രികതയെ 400ല്‍ പരം പേജുകളുള്ള ഈ ഖലാസീ ആത്മകഥയില്‍ തൊട്ടറിയാം. അതിശയിക്കുന്ന തൊഴില്‍ വൈദഗ്ധ്യത്തിനും ഉരുകിയുറച്ച പേശീബലത്തിനും പുറമെ സംഘശക്തിയുടെ മേളനം കൂടിയാണ് ഖലാസികളുടെ വിജയ രഹസ്യം. ഒത്തൊരുമയില്‍ ഊട്ടിയുറപ്പിക്കപ്പെട്ട ഈ സംഘബോധത്തില്‍നിന്നാര്‍ജിച്ച മനോദാര്‍ഢ്യവും നയചാതുരിയും കൊണ്ട് മുസ്തഫ ഹാജി പ്രതിസന്ധികളെ അനായാസം മറികടക്കുന്ന സംഭ്രമജനകമായ രംഗങ്ങള്‍ ഒരു ചലച്ചിത്രത്തിലെന്ന പോലെ ഈ പുസ്തകത്താളുകളില്‍ വായനക്കാര്‍ക്ക് കണ്ടെത്താം. നിഷാമോളുടെ ചോറില്‍ തുടങ്ങുന്ന ആദ്യ അധ്യായം മുതല്‍ അവസാന താള്‍ വരെ താല്‍പര്യത്തോടെ, അനായാസമായി വായിച്ചുപോകാവുന്ന ഈ കൃതി വായിച്ചുതുടങ്ങിയാല്‍ പരിസരം മറന്ന് താളുകളില്‍ ലയിച്ചുപോകുന്ന രീതിയിലാണ് വിവരണം. അതില്‍ മുഴുകിക്കഴിഞ്ഞാല്‍ പിന്നെ വായിക്കുകയല്ല, അനുവാചകന്റെ മാനസ ചക്രവാളത്തെ പ്രവിശാലമാക്കുന്ന അനുഭവങ്ങളുടെ പ്രഭാവ മണ്ഡലങ്ങളിലൂടെ നാമങ്ങനെ തീര്‍ഥയാത്ര പോവുകയാണ്. മണ്ണിനോട് ബന്ധമേതുമില്ലാത്ത ആധ്യാത്മിക കാപട്യങ്ങളുടെ മന്ത്ര തന്ത്രങ്ങളാല്‍ മുഖരിതമായ ഏതെങ്കിലും ആത്മീയ കേന്ദ്രങ്ങളിലെ മായാ മരീചികയെ പിന്തുടരുകയല്ല. മറിച്ച്, അധ്വാനത്തിന്റെ മഹാ സങ്കീര്‍ത്തനം മുഴങ്ങുന്ന കൂറ്റന്‍ ഡാമുകളുടെയും പാലങ്ങളുടെയും റോഡുകളുടെയും മറ്റും വര്‍ക്ക്സൈറ്റുകളിലൂടെയാണ് കണ്ണീരിന്റെ ഉപ്പും കഠിനാധ്വാനത്തിന്റെ വിയര്‍പ്പും കലര്‍ന്ന ആ തീര്‍ഥാടനം.
'സ്വന്തം നാട്ടില്‍' എന്ന അധ്യായത്തിലൂടെ കടന്നുപോകുമ്പോള്‍, തങ്ങള്‍ ജനിച്ചിട്ടില്ലാതിരുന്ന സ്വാതന്ത്യ്രത്തിന് തൊട്ടുടനെയുള്ള ഒരു കാലഘട്ടം ഭൂതകാലത്തില്‍നിന്ന് മിഴിവാര്‍ന്ന് മുന്നില്‍ വിടരുന്നത് ഇന്നത്തെ യുവതലമുറക്ക് അനുഭവിച്ചറിയാം. 1940 കള്‍ക്കൊടുവില്‍ ഫറോക്ക് ഇടിമൂഴിക്കലിലെ ഓലമേഞ്ഞ, മുളകൊണ്ട് വരിഞ്ഞുകെട്ടിയുണ്ടാക്കിയ കൊച്ചു കുടിലില്‍നിന്ന് സ്റേഷനിലെത്തി പകച്ചുനിന്ന പതിനാലുകാരന്‍ പയ്യന്‍.
തന്റെ ജീവിത സ്വപ്നങ്ങള്‍ക്ക് കഠിനാധ്വാനത്തിന്റെ വിയര്‍പ്പിനാല്‍ ഊടും പാവും നെയ്തുകൊണ്ടാണ് ആ ഖലാസി കുമാരന്‍ യൌവനത്തിലേക്ക് കടക്കുന്നത്. ഇന്ത്യയിലുടനീളം വളരെയേറെ കൊല്ലങ്ങള്‍ സഞ്ചരിച്ച ആ കര്‍മയോഗി ഭീകരമായ പട്ടിണിയുടെ ചുടല നൃത്തത്തില്‍ എത്രയോ വട്ടം തളര്‍ന്നു തറ പറ്റുകയും തകര്‍ക്കാനാകാത്ത ഇച്ഛാശക്തിയോടെ ഓരോ വീഴ്ചയില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്നു. തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത്, ഒറീസ, മുംബൈ, കൊല്‍ക്കത്ത തുടങ്ങി ഇന്ത്യയിലങ്ങോളമിങ്ങോളം പട്ടണങ്ങളിലൂടെയും ഉള്‍പ്രദേശങ്ങളിലൂടെയും വനാന്തരങ്ങളിലൂടെയുമുള്ള അനുഭവധന്യമായ ആ യാത്രക്കിടെ ഇന്ത്യന്‍ ജനതതിയുടെ ബഹുസ്വരതയെ അടുത്തറിയാന്‍ അദ്ദേഹത്തിനായി. വ്യത്യസ്ത സംസ്കാരങ്ങളില്‍ പുലരുന്ന പല സംസ്ഥാനങ്ങളിലെയും ഗ്രാമീണഗോത്ര ജനതയോടൊത്ത് കഴിയാനും അവരുടെയൊക്കെ മാതൃഭാഷ അഭിനന്ദനീയമാംവിധം സ്വായത്തമാക്കാനും മുസ്തഫക്ക് കഴിഞ്ഞു. തമിഴ്, തെലുങ്ക്, ഒറിയ, ഗുജറാത്തി, ബംഗാളി, ഉര്‍ദു, ഹിന്ദി തുടങ്ങി പതിനേഴ് ഭാഷകള്‍ അങ്ങനെ പഠിച്ചെടുത്ത്, അവയൊക്കെ തൊഴില്‍ വിജയത്തിനും മുന്നോട്ടുള്ള പ്രയാണത്തിനും ഫലപ്രദമാകുംവിധം വിനിയോഗിക്കുവാനും കേവലം അഞ്ചാം ക്ളാസുകാരനായ അദ്ദേഹത്തിന് സാധിച്ചു. ലോകത്തുടനീളം ചിതറിക്കിടക്കുന്ന മലയാളി പ്രവാസി സമൂഹത്തില്‍ വലിയ വിഭാഗം പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും തങ്ങള്‍ തൊഴിലെടുക്കുന്ന ഭൂഖണ്ഡങ്ങളിലെ വ്യത്യസ്ത ഭാഷകള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കുന്നത് ഇവിടെ നാം ഓര്‍ക്കുക.
ദിവസങ്ങളോളം സഹിച്ച കൊടും പട്ടിണിയനുഭവങ്ങളുടെ തീക്കതിരുകള്‍കൊണ്ട് എഴുതിത്തുടങ്ങിയ ഈ മലബാര്‍ ഖലാസിയുടെ ജീവിതം കഠിന കാലങ്ങള്‍താണ്ടി സുഭിക്ഷതയുടെയും സമ്പന്നതയുടെയും ഔന്നത്യത്തില്‍ എത്തിച്ചേരുമ്പോള്‍, പിന്നിട്ട വഴിയിലെങ്ങും അവിഹിതത്തിന്റെ ചെറുനിഴല്‍ പോലും തീണ്ടിയിട്ടില്ലെന്നത് എടുത്തോതേണ്ടതുണ്ട്. പണം സമ്പാദിക്കാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ഭോഗാസക്തമായ രാക്ഷസ സമൂഹമായി ജനത മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് എത്രയോ പുരസ്കരിക്കപ്പെടേണ്ടതും യശസ്കരവുമാണ് വിട്ടുവീഴ്ചയില്ലാത്ത ഈ തത്ത്വദീക്ഷയും നീതീബോധവും.
പൊടിപ്പും തൊങ്ങലും അലങ്കാരങ്ങളുമെല്ലാം ചേറിക്കൊഴിച്ച്, കൈയൊതുക്കം വന്ന രീതിയില്‍ ലളിതമായ ഭാഷയിലാണ് അനുഭവങ്ങളുടെ മഹാഖ്യാനമായ ഈ കൃതി എഴുതിയിട്ടുള്ളതെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അതിഭാവുകത്വത്തിന്റെ പൊലിമയില്‍ അനുഭവ യാഥാര്‍ഥ്യത്തിന് മങ്ങലേല്‍ക്കുന്നുണ്ടോ എന്നു സംശയം. 'ഗോദാവരിയിലേക്ക് വീണ്ടും' എന്ന അധ്യായത്തില്‍ തെലുങ്ക് സ്നേഹിതന്‍ സത്യനാരായണ റെഡ്ഢിയുടെ കൂടെ ഡോക്ടറെന്ന രൂപേണ ചെന്ന് ഊരിലെ ജന്മിയുടെ രോഗം മാറ്റുന്നത് സംബന്ധിച്ച വിവരണം ഒരു ഉദാഹരണം. സ്രഷ്ടാവിലുള്ള അചഞ്ചലമായ വിശ്വാസം മാത്രം കൈമുതലാക്കി പൊള്ളുന്ന അനുഭവങ്ങളുടെ തീപ്പാതയിലൂടെയുള്ള ജീവിതയാത്ര ഒട്ടൊക്കെ വിശദമായി വിവരിക്കപ്പെടുന്നുവെങ്കിലും ഹജ്ജ് യാത്രയെക്കുറിച്ച പരാമര്‍ശങ്ങളൊന്നും കണ്ടില്ല. മുസ്തഫ ഹാജി എന്ന പേര് കാണുമ്പോള്‍ ഹജ്ജ് യാത്രയെക്കുറിച്ചും ചിലതൊക്കെ വായനക്കാര്‍ സ്വാഭാവികമായും പ്രതീക്ഷിക്കുമല്ലോ. മാപ്പിള ഖലാസി കഥ പറയുന്നു എന്ന പേര് ഉള്ളടക്കത്തിന്റെ ഗൌരവത്തെ ഉള്‍ക്കൊള്ളാതെ പോയോ എന്ന തോന്നലുമുണ്ട്. കഥയോ ഭാവനയോ അല്ല, ഏതു സങ്കല്‍പ കഥയേക്കാളും ഉദ്വേഗജനകമായ ജീവിതമാണല്ലോ എഴുതപ്പെടുന്നത്.
ഒരുറുപ്പിക അഞ്ചണയ്ക്ക് കൂലിപ്പണിയെടുത്തു തുടങ്ങിയ കേവലമൊരു പയ്യന്‍, സത്യത്തിന്റെയും നീതിയുടെയും ധാര്‍മിക ബോധത്തിന്റെയും നേര്‍വഴിയില്‍നിന്ന് ഒട്ടുമേ വ്യതിചലിക്കാതെ, കഠിനാധ്വാനത്തിലൂടെ ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുന്ന ഈ ജീവിതമെഴുത്ത് ഉദാത്ത മാനവികതയുടെ ഉണര്‍ത്തു പാട്ടുപോലെ ആദ്യന്തം താല്‍പര്യജനകമാണ്. വിജയത്തിന്റെ പറുദീസ തേടുന്ന ഇളംതലമുറയുടെ ജീവിതപ്പാതയില്‍ ആത്മവിശ്വാസത്തിന്റെ കെടാ വിളക്കായി ഈ കൃതി കൊളുത്തിവെക്കാം. ഡോ. കെ.കെ.എന്‍ കുറുപ്പിന്റെ അവതാരികയും. ഡോ. എം.എന്‍ കാരശേരിയുടെ അനുമോദന കത്തുമുണ്ട്.
പ്രസാധനം:
പ്രതീക്ഷ ബുക്സ്
കോഴിക്കോട്
വില: 300 രൂപ
Comments