Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 1

അനുകമ്പ, അലിവ്, കുടുംബമെന്ന സ്വര്‍ഗം

സന്താനങ്ങള്‍ പലര്‍ക്കും ദൈവിക ദാനങ്ങളും അനുഗ്രഹങ്ങളുമായി അനുഭവപ്പെടുമ്പോള്‍ മറ്റു ചിലര്‍ക്ക് അവര്‍ മുള്‍ക്കിരീടങ്ങളായി മാറുകയാണ്. നല്ല ശിക്ഷണ ശീലങ്ങള്‍ നല്‍കാതെ കുട്ടികളെ വളര്‍ത്തുക വഴി അവരുടെ രക്ഷിതാക്കള്‍ തന്നെയാണ് ഇത്തരം സ്വഭാവദൂഷ്യങ്ങള്‍ക്ക് കാരണക്കാരെന്ന് കണ്ടെത്താനാകും. ഒരു പിതാവിന്  സ്വന്തം മക്കള്‍ക്ക് നല്‍കാനുള്ള ഏറ്റവും നല്ല പാരിതോഷികം ഏറ്റവും നല്ല സംസ്‌കാരം അവനെ പഠിപ്പിക്കലാണെന്ന് പ്രവാചകന്‍(സ) പറഞ്ഞത് ഇവിടെ ഓര്‍ക്കുക.
ഗൃഹാന്തരീക്ഷം അച്ചടക്കമില്ലാതായി തീരുകയും നാം നമ്മുടെ സന്താനങ്ങളുടെ ജീവിത ചുറ്റുപാടുകളെക്കുറിച്ച് അശ്രദ്ധരാവുകയും ചെയ്താല്‍ അവര്‍ ഏതോ പാതിരാവിലായിരിക്കും വീട്ടിലേക്ക് കയറിവരിക. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ പെട്ടിട്ടുണ്ടാവും അവരുടെ ജീവിതം. പിന്നീട് ഏതോ അനാശാസ്യ കേന്ദ്രത്തില്‍ നിന്നോ ഗുണ്ടാ സംഘങ്ങളുടെ അഡ്ഡകളില്‍ നിന്നോ പിടിക്കപ്പെട്ടു എന്ന വാര്‍ത്ത പത്രവാര്‍ത്തകളില്‍ നിന്നായിരിക്കും രക്ഷിതാക്കള്‍ അറിയുക. അവന്‍ ഇത്തരത്തിലുള്ള ചുറ്റുപാടുകളില്‍ അകപ്പെട്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ രക്ഷിതാക്കള്‍ക്ക് കഴിയില്ല തന്നെ.
ഒരു ദുര്‍നടപ്പുകാരന്റെ പിറവി സമൂഹത്തിന്റെ ധാര്‍മികഘടനയെ തകര്‍ക്കും, സമാധാനത്തിന് ക്ഷതമേല്‍പിക്കും. സ്വന്തം കുട്ടികളുടെ സ്വഭാവദൂഷ്യങ്ങളെക്കുറിച്ച് പരാതിയുമായി നടക്കുന്ന രക്ഷിതാക്കള്‍ തങ്ങള്‍ നിര്‍വഹിക്കാത്ത ഉത്തരവാദിത്വങ്ങളെക്കുറിച്ച് അല്‍പമൊന്ന് ആലോചിക്കുക. അവരുടെ മുമ്പില്‍ തങ്ങള്‍ നിര്‍വഹിക്കാത്ത കടമകളെക്കുറിച്ചും തെറ്റിനെക്കുറിച്ചും ഒരു ക്ഷമാപണമെങ്കിലും നടത്താന്‍ രക്ഷിതാക്കള്‍ തയാറാവുകയാണെങ്കില്‍ മക്കള്‍ നന്നാവാന്‍ ഒരു പക്ഷേ അത് കാരണമായേക്കും. സ്വന്തം മകന്റെ ദുഃസ്വഭാവത്തെക്കുറിച്ച് പരാതിയുമായി വന്ന രക്ഷിതാവിനോട് ഉമര്‍(റ) ചോദിച്ചു: ''താങ്കള്‍ താങ്കളുടെ ഭാര്യയെ സംസ്‌കരിക്കുകയും സന്താനങ്ങള്‍ക്ക് നല്ല പേരിടുകയും അവരെ നന്നായി വളര്‍ത്തുകയും താങ്കളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ടോ?'' മറുപടി നല്‍കാനാവാതെ സ്തംഭിച്ചു നിന്ന പിതാവിനോട് ഖലീഫ പറഞ്ഞു: ''താങ്കളുടെ മകന്‍ അക്രമം പ്രവര്‍ത്തിക്കുന്നതിന്റെ എത്രയോ മുമ്പ് താങ്കള്‍ അവനോട് അക്രമം പ്രവര്‍ത്തിച്ചുകഴിഞ്ഞിരിക്കുന്നു.''
വിത്തിന്റെ ഗുണം പൂവിലും വേരിലും കാമ്പിലുമൊക്കെ തെളിയുമെന്നപോലെ കുടുംബാന്തരീക്ഷത്തിന്റെ മഹത്വം ഒരു വ്യക്തിയുടെ മുഴുജീവിതത്തിലും പ്രകടമാവും. ആരാധനാ കാര്യങ്ങളില്‍ അല്‍പാല്‍പം പിഴവുകള്‍ വന്നാലും ഒരാളുടെ ഉത്കൃഷ്ടമായ സ്വഭാവഗുണം വഴി മഹത്തായ സ്ഥാനമാനങ്ങള്‍ അന്ത്യനാളില്‍ അവന് കരസ്ഥമാക്കാന്‍ കഴിയും എന്ന് മഹാന്മാര്‍ പറഞ്ഞിട്ടുണ്ട്. ആരാധനകളില്‍ കൃത്യതയുള്ളവരും സമൂഹത്തില്‍ ബഹുമാന്യരുമൊക്കെയായ പലരും  തങ്ങളുടെ ഭാര്യാസന്താനങ്ങളോട് വളരെ മോശമായ രീതിയില്‍ പെരുമാറുന്നവരാണെന്ന് കാണാം. ഇത്തരം അന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന കുട്ടികള്‍ സമൂഹത്തിന് തീരാകളങ്കമായി മാറിയെന്ന് വന്നേക്കാം. വീട്ടില്‍ ശണ്ഠയും വഴക്കും ഉന്തും തള്ളുമൊക്കെയായി തകര്‍ന്ന് തരിപ്പണമാകുന്ന കുടുംബങ്ങള്‍ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും ധാരാളമാണ്.
കുട്ടികളുമായി കുടുംബത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച നടത്തി ആഭ്യന്തര കാര്യങ്ങളില്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കി അവരുടെ അഭിപ്രായങ്ങള്‍ക്ക് വിലകൊടുത്ത് തീരുമാനങ്ങളെടുത്താല്‍ ആ വീട് ശാന്തിയുടെയും സമാധാനത്തിന്റെയും ഉത്തമ ഗേഹമാകുമെന്നതില്‍ സംശയം വേണ്ട. പൂട്ടുകളും താക്കോലുകളും ഒളിച്ചുവെച്ച് അവരവരുടെ സാധനങ്ങള്‍ വെവ്വേറെ സൂക്ഷിക്കുന്നതിനു പകരം എല്ലാം എല്ലാവരുടേതുമാണെന്ന ചിന്ത ഉണ്ടാക്കിയെടുത്താല്‍ സമാധാനം വീടുകളില്‍ കളിയാടും. ഒരാള്‍ തൊട്ടത് മറ്റൊരാള്‍ ഭക്ഷിക്കാതെ, ഒരാള്‍ കുടിച്ച് മിച്ചം വരുന്നത് തൊട്ടടുത്ത സഹോദരന്‍ വൃത്തികെട്ടതായി കാണുന്ന നിലപാട് മാറ്റിയെടുക്കുക വഴി പരസ്പരം സ്‌നേഹം വര്‍ധിക്കാന്‍ കാരണമാകും. സ്‌നേഹത്തിന്റെ ഇതളുകള്‍ വിരിഞ്ഞു നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാണ് ഒരു നല്ല മനുഷ്യന്‍ പിറന്നുവീഴുന്നത്.
പള്ളിമിമ്പറില്‍ ഖുത്വ്ബ നടത്തിക്കൊണ്ടിരിക്കെ ഹസനും ഹുസൈനും കടന്നുവന്നപ്പോള്‍ മിമ്പറില്‍ നിന്നിറങ്ങി പ്രവാചകന്‍(സ) സ്‌നേഹ പ്രകടനങ്ങള്‍ നടത്തിയത് എത്രമാത്രം ശ്രദ്ധേയമാണ്. സ്വന്തം മക്കളെയും മക്കള്‍ മാതാപിതാക്കളെയും സലാം ചൊല്ലി കൈപിടിച്ച് സ്‌നേഹം പ്രകടിപ്പിക്കാന്‍ ശീലിക്കണം. ഇങ്ങനെ ജീവിത രംഗങ്ങളില്‍ സൗന്ദര്യപൂര്‍ണമായ സ്വഭാവങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചാല്‍ ഓരോ നിമിഷവും സ്വര്‍ഗ തുല്യമായിത്തീരും.
എ.കെ സലാം കുറ്റിയാടി

 


ആ 'ചരിത്രകാര'ന്മാരുടെ സമനില തെറ്റും!
മലബാര്‍ സമരങ്ങളിലെ പ്രതിരോധമൂല്യങ്ങളെ കണ്ടെടുക്കുകയും അരിക് ചേര്‍ക്കപ്പെട്ട സമകാലിക സ്വത്വങ്ങളെ ഉള്‍ക്കൊണ്ടുള്ള സമരമുഖത്തെ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്ന സമദ് കുന്നക്കാവിന്റെ ലേഖന പരമ്പരയിലെ (ലക്കം 15) ആദ്യ ഭാഗം ഒരേ സമയം ആശ്ചര്യത്തോടെയും ഞെട്ടലോടെയുമല്ലാതെ വായിക്കാനാവില്ല. സമരോത്സുകവും വൈകാരികവുമായ കീഴാളപക്ഷ ചരിത്ര പഠനങ്ങള്‍ (താളപ്പിഴകളുണ്ടെന്ന് ലേഖകന്‍ ചൂണ്ടിക്കാണിച്ച) വ്യവസ്ഥാപിത 'ചരിത്രകാരന്‍'മാരെ ഭീതിപ്പെടുത്തിയെങ്കില്‍ ഈ പഠനം അവരുടെ സമനില തന്നെ തെറ്റിച്ചേക്കാം.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഐക്യപ്പെട്ട് പടപൊരുതേണ്ട ഘട്ടത്തിലായിരുന്നു, ശക്തിയാര്‍ജിച്ചുവരുന്ന കീഴാള-സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ യാഥാസ്ഥിതിക സവര്‍ണ ദേശീയ പ്രസ്ഥാനം കപടമുഖവുമായി വിഴുങ്ങാന്‍ ശ്രമിച്ചത് എന്നത് അസ്വസ്ഥതയുണ്ടാക്കുന്നു.
അധഃസ്ഥിത സമൂഹങ്ങളുടെ സ്വതന്ത്രമായ രാഷ്ട്രീയ ഇടപെടലുകളുടെ ആദ്യ വിളംബരമായി മലബാര്‍ സമരത്തെ ലേഖകന്‍ രേഖപ്പെടുത്തുമ്പോള്‍, സവര്‍ണതയെ ഗര്‍ഭം ധരിച്ച ദേശീയ പ്രസ്ഥാനം അതിനെ മതഭ്രാന്തെന്ന് വിശേഷിപ്പിച്ച് കൈയൊഴിയാതിരിക്കുന്നതായിരിക്കും അത്ഭുതം. ഈ ജല്‍പനങ്ങളെ സ്വാംശീകരിച്ച ഗാന്ധിജിയുടെ സമീപനം വിചിത്രമായല്ല, ഞെട്ടലും രോഷവുമായാണ് അനുഭവപ്പെടുക.
ഹൈന്ദവ ദേശീയത സ്ഥാപിച്ചെടുക്കാനുള്ള ദേശീയ പ്രസ്ഥാനത്തിന്റെ പ്രലോഭനങ്ങളെ മറികടന്ന് കീഴാളര്‍, മുസ്‌ലിം സമൂഹത്തില്‍ നായകത്വം ദര്‍ശിക്കുന്നതായി ലേഖകന്‍ സൂചിപ്പിക്കുന്നുണ്ട്. തീര്‍ച്ചയായും ഇസ്‌ലാമിക പ്രസ്ഥാനത്തിനും പ്രായോഗിക രാഷ്ട്രീയ പ്രവേശത്തിന് തയാറെടുക്കുന്ന ഏതൊരു സംഘത്തിനും ഈ പഠനത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാനുണ്ട്.
പഠനത്തിന്റെ വരും ഭാഗങ്ങളും പഠിച്ചുവെച്ച വൃത്തവും അലങ്കാരവുമൊക്കെ മാറ്റിയെഴുതാന്‍ പ്രേരിപ്പിക്കുന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രബോധനത്തിനും ലേഖകനും നന്ദി.
ജബ്ബാര്‍ എരവിമംഗലം, പെരിന്തല്‍മണ്ണ

 


വിപ്ലവം വികസനത്തിന് വഴിയൊരുക്കുമോ?
ചില അറബ് രാജ്യങ്ങളില്‍ അടിച്ചുവീശിക്കൊണ്ടിരിക്കുന്ന വിപ്ലവത്തിന്റെ കൊടുങ്കാറ്റുകള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. ഏതാനും വന്‍ മരങ്ങള്‍ കടപുഴകി വീണു. ഇനിയും ചിലത് നിലം പൊത്താറായിരിക്കുന്നു. തുനീഷ്യയില്‍ നിന്ന് ആരംഭിച്ച ഈ തീപ്പൊരി ഈജിപ്ത്, യമന്‍, സിറിയ, ലിബിയ എന്നിവിടങ്ങളിലേക്ക് ആളിപ്പടരുകയാണുണ്ടായത്. ഈ വിപ്ലവങ്ങള്‍ ആ നാടുകളുടെ വികസനത്തിന് വിത്ത് പാകുമോ എന്നതാണ് പ്രശ്‌നം.
ചരിത്രത്തിന്റെ ഗതിമാറ്റിയ ഒരു പിടി വിപ്ലവങ്ങള്‍ക്ക് ലോകം മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ട്. റഷ്യ, ചൈന, ക്യൂബ, മെക്‌സിക്കോ, നിക്കരാഗ്വോ, ഇറാന്‍ എന്നിവിടങ്ങളില്‍ അരങ്ങേറിയ സമരങ്ങള്‍ അതിനുദാഹരണമാണ്. രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളും അനവധി വിപ്ലവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുന്‍കാല വിപ്ലവങ്ങളുടെ കാരണങ്ങളും ഫലങ്ങളും വ്യത്യസ്തമാണെങ്കിലും ആധുനിക അറബ് വിപ്ലവങ്ങളെ സംബന്ധിച്ചേടത്തോളം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ പങ്കാളിത്തം ഇവയിലെല്ലാം കാണുന്നുണ്ട്.
ഈജിപ്തിലെ വിപ്ലവത്തെത്തുടര്‍ന്ന് അവിടെ ജനിച്ച ഒരു കുഞ്ഞിന് 'ഫേസ്ബുക്ക്' എന്ന് നാമകരണം ചെയ്തത് വിപ്ലവ വിജയരംഗത്തെ ഡിജിറ്റല്‍ ടെക്‌നോളജിയുടെ സ്വാധീനമാണ് വെളിപ്പെടുത്തുന്നത്. വിപ്ലവ സമയത്ത് തുനീഷ്യയില്‍ പയറ്റിത്തെളിഞ്ഞ വിദ്യകളെല്ലാം മാറ്റം കൊതിക്കുന്ന ഇതര മുസ്‌ലിം നാടുകളിലേക്ക് എത്തിയത് ആഗോളവലയിലെ കണ്ണികളിലൂടെയാണ്. പ്രതിഷേധ പ്രകടനങ്ങളുടെ വാര്‍ത്തകളും പടങ്ങളും മാത്രമല്ല, ബോംബുകളും കണ്ണീര്‍ വാതക ഷെല്ലുകളും നേരിടാനുള്ള കൗശലങ്ങളും ഈ ശൃഖലകളിലൂടെ തന്നെയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ധ്രുതഗതിയില്‍ ആശയക്കൈമാറ്റം നടത്താനും ആളുകളെ സംഘടിപ്പിക്കാനും ആധുനിക നെറ്റ്‌വര്‍ക്കുകള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ഈജിപ്തില്‍ പിന്നീട് അധികാരമേറ്റവര്‍ ഇത്തരം ആശയവിനിമയക്കണ്ണികള്‍ ആദ്യമായി മുറിച്ചുമാറ്റിയത്.
ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി, അവശ്യവസ്തുക്കളുടെ വിലക്കയറ്റം, യുവാക്കളിലെ തൊഴിലില്ലായ്മ, അധികാരിവര്‍ഗത്തിന്റെ അനീതി, അഴിമതി, സ്വജനപക്ഷപാതം, കിരാത ഭരണം എന്നിവയൊക്കെത്തന്നെയാണ് അറബ് രാജ്യങ്ങളിലെ വിപ്ലവങ്ങള്‍ക്കും വഴിമരുന്നിട്ടത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം സമരങ്ങള്‍ അരങ്ങേറാറുള്ളതെങ്കിലും, ഇത്തരം പ്രക്ഷോഭങ്ങള്‍ അധികാരി വര്‍ഗത്തെ എന്നും അലോസരപ്പെടുത്താറുണ്ട്. അതുകൊണ്ട് തന്നെ തങ്ങളുടെ നിലനില്‍പിനെ ബാധിക്കുന്ന അവകാശ സമരങ്ങളെ അടിച്ചമര്‍ത്താന്‍ അധികാരികള്‍ സര്‍വ ശക്തിയും പ്രയോഗിക്കുകയും അത് അക്രമത്തില്‍ കലാശിക്കുകയും ചെയ്യാറാണ് പതിവ്. പ്രക്ഷോഭകാരികളുടെ സമരവീര്യവും അധികാരമേലാളന്മാരുടെ കണ്ണില്‍ ചോരയില്ലായ്മയും കൂട്ടിമുട്ടുമ്പോള്‍ അത് വിനാശകരമായ യുദ്ധമായും ഭീകരമായ രക്തച്ചൊരിച്ചിലുകളായും പരിണമിക്കും. അതോടു കൂടി വിപ്ലവം ലക്ഷ്യംകാണില്ലെന്ന് മാത്രമല്ല, യുദ്ധക്കെടുതിയുടെ ദൂരവ്യാപകമായ ഫലങ്ങള്‍ ജനങ്ങള്‍ യുഗങ്ങളോളം അനുഭവിക്കേണ്ടിവരികയും ചെയ്യും.
സ്വര്‍ഗരാജ്യം സ്വപ്നം കണ്ട് സമരത്തിനിറങ്ങിയവര്‍ക്ക് പലപ്പോഴും ആജീവനാന്തം സാമ്പത്തിക തകര്‍ച്ച അനുഭവിക്കേണ്ട ഗതിയാണ് വരാറുള്ളത്. സാമ്പത്തിക രംഗത്ത് മാത്രമല്ല, സാമൂഹിക രംഗത്തെ ശൈഥില്യത്തിനും കുടിപ്പകക്കും ഇത് കാരണമായിത്തീരുകയും ചെയ്യും. സര്‍വോപരി മോഹന വാഗ്ദാനങ്ങള്‍ നല്‍കി രണ്ടാമത് ഭരമമേറ്റവര്‍ അധികാരക്കസേരയില്‍ എത്തിയാല്‍ ആദ്യത്തവരേക്കാള്‍ അക്രമത്തിന്റെയും അനീതിയുടെയും വക്താക്കളാകാനും സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ വിപ്ലവം നടത്തിയവര്‍ക്ക് തന്നെ തങ്ങളുടെ പോരാട്ടം ഒരു വിനയായിത്തീരുകയും തങ്ങളുടെ ചെയ്തികളില്‍ അവര്‍ ഖേദിക്കേണ്ടിവരികയും ചെയ്യും. ഒരു ജനതയെയും രാജ്യത്തെയും മുച്ചൂടും മുടിക്കുന്ന വിപ്ലവങ്ങളേക്കാള്‍ വികസനത്തിനും ജനക്ഷേമത്തിനും ഏറ്റവും അനുയോജ്യമായത്, സമാധാനത്തിന്റെയും സംയമനത്തിന്റെയും ഫലപ്രദമായ മറ്റു മാര്‍ഗങ്ങളാണ്.
ടി.കെ യൂസുഫ്
വാരണാക്കര

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം