Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 1

സംസ്‌കരണത്തിന്റെ രീതിശാസ്ത്രം

ഒ.പി അബ്ദുസ്സലാം

വ്യത്യസ്ത കാരണങ്ങളാല്‍ ക്രിമിനലുകളാവുകയും കുറ്റകൃത്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമായിത്തീരുകയും ചെയ്യുന്നവര്‍ നമ്മുടെ സമൂഹത്തില്‍ കുറവല്ല. നിര്‍ഭാഗ്യവശാല്‍ അവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരികയാണ്. അവരെ സമുദ്ധരിച്ച് സദ്പാന്ഥാവിലൂടെ നയിക്കാനുള്ള പരിശ്രമങ്ങള്‍ പല രീതികളില്‍ നടക്കുന്നുണ്ട്. പക്ഷേ, അതൊന്നും വേണ്ടത്ര ക്ലച്ച് പിടിക്കാതെ പോകുന്നു. കരിപുരണ്ട അത്തരം ജീവിതങ്ങള്‍ എങ്ങനെ സംസ്‌കരിച്ചെടുക്കാമെന്ന് ഗൗരവത്തോടെ നാം ചിന്തിക്കേണ്ടതുണ്ട്.
സുന്ദരവും സമഗ്രവും യുക്തിഭദ്രവുമായ ഇസ്‌ലാമിന്റെ അനുഷ്ഠാന മുറകളും നിയമവ്യവസ്ഥകളും അതിലംഘിച്ച്, സ്വേഛകളുടെ അടിമകളും തടവുപുള്ളികളുമായി കഴിഞ്ഞിരുന്ന ഒരു വിഭാഗം എന്നുമുണ്ടായിരുന്നു. നബിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ നവ ഇസ്‌ലാമിക രാഷ്ട്രത്തിലും നാല് ഖലീഫമാരുടെ കാലത്തുമൊക്കെ വളരെ ന്യൂനപക്ഷമാണെങ്കില്‍ പോലും അത്തരക്കാരുണ്ടായിരുന്നല്ലോ. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ അതിന്റെ ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും.
ആദര്‍ശ സാംസ്‌കാരിക സാമൂഹിക മേഖലകളിലുള്ള ഇസ്‌ലാമിന്റെ നിയമവ്യവസ്ഥകളെ ബോധപൂര്‍വമോ അല്ലാതെയോ അവഗണിച്ച വ്യക്തികളെ പ്രവാചകന്‍ ഗുണകാംക്ഷാപൂര്‍വം സമീപിക്കുകയും അവരെ സത്യസരണിയിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരികയും ചെയ്ത നിരവധി സംഭവങ്ങള്‍ നമുക്കറിയാം. നബിക്ക് ശേഷം ഖുലഫാഉര്‍റാശിദുകളും തുടര്‍ന്നുവന്ന ഇമാമുകളും പ്രഗത്ഭ പണ്ഡിതന്മാരും അകന്നുപോയവരെ ഇസ്‌ലാമിന്റെ ശാദ്വല തീരത്തേക്ക് തിരികെ കൊണ്ടുവരാന്‍ തീവ്രശ്രമം നടത്തിയവരാണ്. ജീവിതത്തില്‍ സംഭവിച്ച പിഴവുകളുടെ പേരില്‍ അവരോട് ക്രൂരമായി പെരുമാറുകയോ ശത്രുക്കളോടെന്ന വിധം അവരെ അകറ്റിനിര്‍ത്തുകയോ കുഫ്ര്‍ ഫത്‌വ ഇറക്കുകയോ ചെയ്തില്ല; പല പണ്ഡിതന്മാരും മുസ്‌ലിം സമൂഹത്തിലെ പാപികളെയും അധര്‍മകാരികളെയും സമുദ്ധരിക്കേണ്ട രീതികളെക്കുറിച്ച് കനപ്പെട്ട കൃതികള്‍ തന്നെ രചിച്ചു. ആഴമുള്ള പാണ്ഡിത്യത്തിന്റെയും ഗവേഷണത്തിന്റെയും ഉടമയായ അല്ലാമ ഇബ്‌നു തൈമിയ(1263-1328) ഈ വിഷയകമായി അദ്ദേഹത്തിന്റെ ഫതാവയില്‍ ശ്രദ്ധേയമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആധുനിക പണ്ഡിതന്മാരായ മര്‍ഹൂം മൗലാനാ മൗദൂദി (1903-1979), ഡോ. യൂസുഫുല്‍ ഖറദാവി, ഡോ. അബ്ദുര്‍റബ് നവാബുദ്ദീന്‍ എന്നിവരും ഈ വിഷയത്തെക്കുറിച്ച വേറിട്ട ചിന്തകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
വ്യതിചലനം, കുറ്റം, തെറ്റ്, അനുസരണമില്ലായ്മ, പരിധി ലംഘിക്കല്‍, ധിക്കാരം തുടങ്ങിയ അര്‍ഥങ്ങളുള്ള പദമാണ് മഅ്‌സ്വിയത്ത്. ഈ വാക്കിന്റെ കര്‍തൃനാമമായ ആസ്വി എന്ന പദത്തിന് മലയാള ഭാഷയില്‍ പാപി, ധിക്കാരി, ദുര്‍മാര്‍ഗി, കപടന്‍, ദുഷ്ടസ്വഭാവി എന്നിങ്ങനെ ഒരുപാട് അര്‍ഥങ്ങള്‍ കാണാം. സാങ്കേതികാര്‍ഥത്തില്‍ വന്‍പാപങ്ങളും ചെറുപാപങ്ങളും മഅ്‌സ്വിയത്തിന്റെ പരിധിയില്‍ വരുമെന്നാണ് പണ്ഡിത പക്ഷം. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസ പ്രമാണമനുസരിച്ച് മനസ്സിന്റെ ഉള്ളിന്റെയുള്ളില്‍ വിശ്വാസം കാത്തുസൂക്ഷിക്കുന്ന ഒരു അധര്‍മി, ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ പേരില്‍, അതെത്രതന്നെ വലുതായാലും ശരി ഇസ്‌ലാമില്‍ നിന്ന് പുറത്താകുന്നില്ല. ചെയ്യുന്ന തെറ്റുകള്‍ അനുവദനീയമാണെന്ന് വിശ്വസിക്കാത്ത കാലത്തോളം അയാള്‍ മുസ്‌ലിമായിത്തന്നെ പരിഗണിക്കപ്പെടും.
ഇമാം മുസ്‌ലിം, അല്‍ ഈമാന്‍ എന്ന അധ്യായത്തില്‍ ഉദ്ധരിച്ച ഒരു നബിവചനം ശ്രദ്ധിക്കുക: 'അല്ലാഹുവിനെ റബ്ബായും ഇസ്‌ലാമിനെ ദീനായും മുഹമ്മദിനെ (സ) ദൂതനായും മനസ്സില്‍ തൃപ്തിപ്പെട്ടവന്‍ വിശ്വാസത്തിന്റെ രുചി ആസ്വദിച്ചവനത്രെ.' അതേ അവസരത്തില്‍ ജീവിതത്തില്‍ പരമാവധി സൂക്ഷ്മതയും അനുസരണവും പുലര്‍ത്തുന്ന സല്‍കര്‍മികളും തെറ്റുകള്‍ ചെയ്തുകൂട്ടുന്ന കുറ്റകാരികളും സമമാണെന്ന് ഇതിനര്‍ഥമില്ല. ''കണ്ണു കാണുന്നവരും കണ്ണു കാണാത്തവരും തുല്യരാവുകയില്ല. സല്‍കര്‍മികളും ദുര്‍വൃത്തരും സമമാകില്ല. പക്ഷേ, നിങ്ങള്‍ അല്‍പം മാത്രമേ ഗ്രഹിക്കുന്നുള്ളൂ'' (ഗാഫിര്‍ 58). വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം ത്വബരി (839-923) മുസ്‌ലിം സമൂഹത്തെ മൂന്ന് വിഭാഗമായിട്ടാണ് കാണുന്നത്. ഒന്ന്, സാബിഖൂന്‍ എന്നു വിളിക്കപ്പെടുന്ന, അല്ലാഹുവിനോട് ഏറ്റവും സാമീപ്യമുള്ളവര്‍. രണ്ട്, മുഖ്തസ്വിദൂന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന മധ്യ നിലപാടുകാര്‍. മൂന്ന്, ളാലിമൂന്‍. വിശ്വാസികളാണെങ്കിലും കര്‍മജീവിതത്തില്‍ സ്വന്തത്തോടും ഇസ്‌ലാമിനോടും നീതി കാണിക്കാതെ തോന്നിവാസത്തിലും അധാര്‍മികതയിലും ജീവിതത്തെ ഹോമിച്ചവര്‍. ചില വ്യത്യാസങ്ങളോടു കൂടിയാണെങ്കിലും പ്രസ്തുത മൂന്ന് വിഭാഗങ്ങളും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരാണെന്ന് ഫാത്വിര്‍ അധ്യായത്തിന്റെ 33-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ത്വബ്‌രി സമര്‍ഥിച്ചിട്ടുണ്ട്.

കാരണങ്ങള്‍, പ്രചോദനങ്ങള്‍
മനുഷ്യന്റെ ഏത് ചൊല്ലിനും ചെയ്തിക്കും എന്തെങ്കിലുമൊരു കാരണമോ പ്രചോദനമോ കണ്ടെത്താനാവും. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും സംഭവിക്കുന്ന ധര്‍മച്യുതിക്കും മാര്‍ഗഭ്രംശത്തിനും പിന്നില്‍ പ്രവര്‍ത്തിച്ച സാക്ഷാല്‍ കാരണങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിക്കാന്‍ സംസ്‌കരണ പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണ്. തിന്മയുടെ മഹാ ഗര്‍ത്തത്തിലേക്ക് വിശ്വാസിയെ തള്ളിവിടുന്ന മുഖ്യമായ ചില കാരണങ്ങളിലേക്കും പ്രചോദനങ്ങളിലേക്കും വിരല്‍ ചൂണ്ടുകയാണ് ചുവടെ.
ഒന്ന്: വിശ്വാസിയെ വഴിതെറ്റിക്കുകയും പൈശാചിക പ്രലോഭനങ്ങളില്‍ കുരുക്കിയിടുകയും ചെയ്യുന്ന ഏറ്റവും അപകടകരമായ സംഗതിയാണ് ഭൗതിക സുഖാഡംബരങ്ങളോടുള്ള അത്യാര്‍ത്തി. ഇത് മനുഷ്യനെ വരിഞ്ഞുമുറുക്കുന്നതോടെ അവന്റെ ശനിദശക്കു തുടക്കമായി. പിന്നെ അവന്‍ തനി സ്വാര്‍ഥിയും സങ്കുചിതനും അതിമോഹിയും പണലമ്പടനും സുഖലോലുപനും നിര്‍ദയനുമൊക്കെ ആയിത്തീരാന്‍ അധികനാള്‍ വേണ്ടിവരില്ല. സത്യാസത്യ മാനദണ്ഡങ്ങള്‍ക്ക് തെല്ലും വില കല്‍പിക്കാത്ത അവന്‍ തന്റെ സുഖാനന്ദ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് നിയമരാഹിത്യത്തിന്റെയും മൂല്യനിരാസത്തിന്റെയും ഏതറ്റം വരെയും പോകാന്‍ ഒട്ടും മടിക്കില്ല. സന്തുലിതത്വത്തിന്റെ രാജമാര്‍ഗം നിഷ്‌കര്‍ഷിക്കുന്ന ഖുര്‍ആനില്‍ ഭൗതിക ജീവിതത്തിന്റെ അര്‍ഥശൂന്യതയും ഉപരിപ്ലവതയും അനാവരണം ചെയ്യുന്ന ശതക്കണക്കിലുള്ള വിലയിരുത്തലുകള്‍ കാണാം. ഈ വിഷയകമായി വന്ന അതിമനോഹരമായ ഒരു ഖുര്‍ആന്‍ സൂക്തം ഇങ്ങനെ: ''അറിയുക, ഈ ലോകജീവിതം കേവലം കളിയും തമാശയും ബാഹ്യാലങ്കാരവും പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രം. അതൊരു മഴപോലെയത്രെ. അതുവഴി ഉണ്ടാകുന്ന സസ്യലതാദികള്‍ കണ്ട് കര്‍ഷകര്‍ സന്തുഷ്ടരാകുന്നു. പിന്നെ അത് ഉണങ്ങിപ്പോകുന്നു. അപ്പോഴത് മഞ്ഞച്ചതായി നിനക്ക് കാണാം. പിന്നെയത് വൈക്കോലായിത്തീരുന്നു. എന്നാല്‍ പരലോകത്തോ കഠിന ശിക്ഷയുണ്ട്, അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും അവന്റെ പ്രീതിയുമുണ്ട്. ഐഹികജീവിതം ഒരു ചതിച്ചരക്കല്ലാതെ മറ്റൊന്നുമല്ല'' (അല്‍ഹദീദ് 20). എല്ലാ അതിരുകളും മുറിച്ചുകടന്ന ഭൗതികഭ്രമം മനുഷ്യനെക്കൊണ്ട് എന്തൊക്കെ ചെയ്യിക്കുമെന്നതിന് നമ്മുടെ ചുറ്റുവട്ടങ്ങളിലും ലോകത്തും നാം നിത്യേന കണ്ടും കേട്ടും കൊണ്ടിരിക്കുന്ന അനുഭവങ്ങള്‍ തന്നെ ധാരാളം മതി. പോരാത്തതിന് ചരിത്രത്തിന്റെ ഇടനാഴികളിലൂടെ പിന്നോട്ട് സഞ്ചരിച്ചാലും മാനുഷിക മൂല്യങ്ങളെ നിര്‍ദയം ചവിട്ടിമെതിച്ച്, ക്ഷണികമായ ഭൗതിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി രാജ്യത്തെയും രാജ്യനിവാസികളെയും ഒന്നടങ്കം ബലികൊടുത്ത എത്രയോ വ്യക്തികളെ നമുക്ക് കാണാം.
രണ്ട്: ദുര്‍ബല ഹൃദയനായ വിശ്വാസിയെ അപകടപ്പെടുത്താനും അവന്റെ സാംസ്‌കാരിക വ്യക്തിത്വം നിലം പരിശാക്കാനും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഇസ്‌ലാമിന്റെ ശത്രുക്കള്‍ നിരവധിയാണ്. ഗതകാലത്തും വര്‍ത്തമാനകാലത്തുമുള്ള അവരുടെ ഉപജാപങ്ങളും ഹിഡന്‍ അജണ്ടകളും കേള്‍ക്കുമ്പോള്‍ നാം അമ്പരന്ന് പോകും. പീഡനങ്ങളിലൂടെയും പ്രീണനങ്ങളിലൂടെയും മുസ്‌ലിം യുവതീ യുവാക്കളെയും ബുദ്ധിജീവികളെയും അഭ്യസ്തവിദ്യരെയും ഇസ്‌ലാമിന്റെ മുഖ്യധാരയില്‍ നിന്ന് അടര്‍ത്തിയെടുത്തതിന് നമ്മുടെ മുമ്പില്‍ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്.
ദക്ഷിണാഫ്രിക്കയിലെ ചില സുഹൃത്തുക്കള്‍, സുവിശേഷക്കാര്‍ സ്വകാര്യമായി കൊണ്ടുനടക്കുന്ന ഒരു കൈപുസ്തകം എന്നെ കാണിക്കുകയുണ്ടായി. അതില്‍ മുസ്‌ലിം യുവതലമുറയെ ക്രിസ്തുമതത്തിലേക്ക് മാറ്റാനോ അല്ലെങ്കില്‍ തീര്‍ത്തും മതമുക്തരാക്കാനോ ഉള്ള തന്ത്രങ്ങള്‍ ചിട്ടയോടെ രേഖപ്പെടുത്തിയത് കണ്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാശ്ചാത്യ കൊളോണിയലിസത്തിന്റെ ഒരു ഉന്നത വക്താവ് നടത്തിയ പ്രസ്താവന നമുക്കിതിനോട് ചേര്‍ത്തുവായിക്കാം: ''മുസ്‌ലിം സമൂഹത്തെ തകര്‍ത്തെറിയാന്‍ ഒരു കോപ്പ കള്ളും ഒരു നര്‍ത്തകിയും മതി. ആയിരം ടാങ്കുകളേക്കാള്‍ സംഹാരശക്തിയുണ്ട് അത് രണ്ടിനും. അതുകൊണ്ട് നിങ്ങള്‍ അവരെ-മുസ്‌ലിംകളെ- സദാ മദ്യത്തിലും മദിരാക്ഷിയിലും തളച്ചിടുക.'' ഏതാണ്ടിതേ ശൈലിയില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗ്ലാഡ്സ്റ്റണും 1882-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസ്താവിക്കുകയുണ്ടായി. മുസ്‌ലിംകളെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യാനും അവരുടെ ആദര്‍ശ സാംസ്‌കാരിക പൈതൃകം പിഴുതെറിയാനും മൗലിക പ്രമാണങ്ങളില്‍ സംശയം ജനിപ്പിക്കാനും പ്ലാനിട്ടുകൊണ്ട് അമേരിക്കന്‍ ഗവണ്‍മെന്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ ഒരു പ്രത്യേക ഗവേഷണ ശാഖ തന്നെ ഒരുക്കിയിട്ടുണ്ട്. കോടിക്കണക്കില്‍ ഡോളറുകളാണ് ഈ ആവശ്യാര്‍ഥം അമേരിക്ക വര്‍ഷം തോറും ചെലവഴിക്കുന്നത്. ഒരു നിലക്ക് എതിരാളികളുടെ ഈ നിലപാടില്‍ അത്ഭുതപ്പെടാനോ ബേജാറാവാനോ ഇല്ല. വിശുദ്ധ ഖുര്‍ആന്‍ വളരെ നേരത്തെ തന്നെ ഇത് വ്യക്തമാക്കിയതാണ്: ''അസൂയ നിമിത്തം വേദം നല്‍കിയവരില്‍ അധികപേരും വിശ്വാസികളായ ശേഷം നിങ്ങളെ വീണ്ടും അവിശ്വാസികളാക്കാന്‍ കൊതിക്കുന്നു. സത്യം അവര്‍ക്ക് തെളിഞ്ഞു കഴിഞ്ഞിട്ടും സ്വന്തം മനസ്സിലെ അസൂയ നിമിത്തം അവര്‍ അങ്ങനെ കാംക്ഷിക്കുന്നു'' (അല്‍ബഖറ 109).
മൂന്ന്: പൈശാചിക ചാപല്യങ്ങളിലേക്കും തോന്നിവാസത്തിലേക്കും തെന്നി വീഴാന്‍ വഴിയൊരുക്കുന്ന പ്രധാന ഹേതുക്കളില്‍ ഒന്നാണ് അശ്രദ്ധ എന്ന മാരക രോഗം. സ്വന്തത്തോടോ സമൂഹത്തോടോ സ്രഷ്ടാവിനോടോ വിശ്വാസ പ്രമാണത്തോടോ ഒക്കെയുള്ള കടപ്പാടുകളും അനിവാര്യ ബാധ്യതകളും നിര്‍വഹിക്കുന്നതില്‍ അശ്രദ്ധാലുക്കള്‍ ഗുരുതരമായ കൃത്യവിലോപം കാണിക്കും. തുടക്കത്തില്‍ തന്നെ വളരെ കണിശമായി നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതത്തിന്റെ അടിക്കല്ല് പോലും തെറിപ്പിച്ചു കളയുന്ന അശ്രദ്ധ നമുക്ക് ദൂര വ്യാപകമായ ദുരന്തങ്ങളും ദുഃഖങ്ങളുമായിരിക്കും സമ്മാനിക്കുക. അശ്രദ്ധ നമ്മുടെ ഹൃദയങ്ങളെ അന്ധമാക്കുകയും മരവിപ്പിക്കുകയും ദൈവഭയത്തില്‍ നിന്ന് പിന്നാക്കം കൊണ്ടുപോവുകയും ചെയ്യുന്ന അര്‍ബുദമാണെന്ന് പറയുന്നതില്‍ തെറ്റില്ല. അതുകൊണ്ടാണ് പ്രവാചകനെ പോലും അല്ലാഹു അശ്രദ്ധയില്‍ നിന്ന് വിലക്കുന്നത്: ''പ്രവാചകരേ, പ്രഭാതത്തിലും പ്രദോഷത്തിലും താങ്കളുടെ രക്ഷിതാവിനെ സ്മരിക്കുക. അത്യന്തം താഴ്മയോടും ഭയത്തോടും കൂടി, ഉച്ചത്തിലല്ലാത്ത വാക്കുകളോട് കൂടിയും. താങ്കള്‍ അശ്രദ്ധാലുക്കളില്‍ പെട്ടുപോകരുത്'' (അല്‍അഅ്‌റാഫ് 205). സാക്ഷാല്‍ മൃഗങ്ങളോടാണ് അശ്രദ്ധയില്‍ കഴിയുന്നവരെ അല്ലാഹു ഉപമിക്കുന്നത്. മൃഗങ്ങളേക്കാള്‍ അധഃപതിച്ചവരാണിവരെന്നും ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നുണ്ട്. കാരണം, ഒരു മൃഗം തനിക്ക് ദ്രോഹമായിത്തീരുന്നതും ഉപകാരമായിത്തീരുന്നതും ഏതെന്ന് വേര്‍തിരിച്ച് മനസ്സിലാക്കുന്നു. ''നാം നരകത്തിന് സൃഷ്ടിച്ചിട്ടുള്ള ധാരാളം മനുഷ്യരും ജിന്നുകളുമുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്, അതുകൊണ്ട് അവര്‍ ആലോചിക്കുന്നില്ല. അവര്‍ക്ക് ദൃഷ്ടികളുണ്ട്, അവകൊണ്ട് അവര്‍ കാണുന്നില്ല. അവര്‍ക്ക് കാതുകളുണ്ട്. അവകൊണ്ട് അവര്‍ കേള്‍ക്കുന്നില്ല. അവര്‍ കാലികളെ പോലെയാണ്. അല്ല, അവയെക്കാളേറെ പിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധയില്‍ ലയിച്ചുപോയവരത്രെ'' (അല്‍അഅ്‌റാഫ് 179).
സ്വയം അശ്രദ്ധാലുക്കളായതോടൊപ്പം ഭരണസാരഥികളും രക്ഷിതാക്കളുമടക്കമുള്ളവരുടെ കുറ്റകരമായ അനാസ്ഥയും അവഗണനയും കാരണം 92 ശതമാനം മുസ്‌ലിംകള്‍ അധിവസിക്കുന്ന ഈജിപ്തിലൊരിടത്ത് ഉണ്ടായ സംഭവം കേള്‍ക്കുമ്പോള്‍ നാം സ്തബ്ധരായിപ്പോകും. സുഊദി അറേബ്യയിലെ ഒരു പത്രമാണത് റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്തില്‍ ഒരിടത്ത് കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു സംഘടനക്ക് രൂപം നല്‍കി. സംഘടനയുടെ പേര് സാത്താനിക് അസോസിയേഷന്‍ എന്നായിരുന്നു. ചെകുത്താനെ പൂജിക്കല്‍ കേന്ദ്രബിന്ദുവായി അംഗീകരിച്ച അസോസിയേഷന്‍ അംഗങ്ങളുടെ വേഷം മൃഗങ്ങളുടെ കറുത്ത തോല്‍ വസ്ത്രങ്ങളാണ്. ഈ സംഘടനയില്‍ അംഗങ്ങളാകുന്നവര്‍ പ്രവേശന സമയത്ത് ഒരു മനുഷ്യകുഞ്ഞിനെയോ പൂച്ചയെയോ പട്ടിയെയോ അറുത്ത് അതിന്റെ ചുടുരക്തം കുടിച്ചിരിക്കണം. ഇവരുടെ ക്യാമ്പില്‍ എപ്പോഴും അസഹനീയത സൃഷ്ടിക്കുന്ന ഹെവി മ്യൂസിക്കുണ്ടായിരിക്കും. വീര്യമുള്ള മദ്യം സേവിച്ച് പരസ്യമായ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിരുന്നു. സംഘടനയുടെ പ്രധാന ദൗത്യം ദൈവ നിഷേധവും പിശാചിനെ മഹത്വവത്കരിക്കലും തന്നെ. പതിനാറിനും ഇരുപത്തിയഞ്ചിനുമിടക്ക് പ്രായമുള്ളവര്‍ക്ക് മാത്രമാണ് അംഗത്വം. അംഗത്വത്തില്‍ മുന്‍ഗണന താഴെ പറയുന്നവര്‍ക്ക് മാത്രം: ഉയര്‍ന്ന കുടുംബത്തിലെ അംഗങ്ങള്‍, അഭ്യസ്തവിദ്യര്‍, ഭരണസ്വാധീനമുള്ള വീട്ടിലെ വ്യക്തികള്‍, രാഷ്ട്രീയ നേതാക്കളുടെയും കോടീശ്വരന്മാരുടെയും മക്കള്‍.
നാല്: നമ്മുടെ വീടുകള്‍ സൗമനസ്യത്തിന്റെയും പാരസ്പര്യത്തിന്റെയും കൂടിയാലോചനയുടെയും വിട്ടുവീഴ്ചയുടെയും ദൈവഭക്തിയുടെയും രംഗവേദിയാണെങ്കില്‍ അവിടെ ശാന്തിയുടെയും മനസ്സമാധാനത്തിന്റെയും കാനനച്ചോലകള്‍ വിരിയും. നേരെ മറിച്ച് അസ്വാരസ്യത്തിന്റെയും മാനസിക പൊരുത്തമില്ലായ്മയുടെയും വാക്കേറ്റത്തിന്റെയും മര്‍ദന മുറകളുടെയും പരമ്പരകളാണ് ഓരോ സമയവും അവിടെ അരങ്ങേറുന്നതെങ്കില്‍ അത്തരം വീടുകള്‍ കാട്ടുമൃഗങ്ങളുടെയും ചെകുത്താന്മാരുടെയും കോളനികളാണെന്നേ പറയാന്‍ പറ്റൂ. അല്ലെങ്കില്‍ ഭൂമിയില്‍ കൊണ്ടുവെച്ച നരകത്തിന്റെ ഒരു കഷ്ണം.
നമ്മുടെ ഭവനങ്ങള്‍ ജീവിതയാത്രയുടെ ഒന്നാമത്തെ സ്റ്റേഷനെന്നു പറയുന്നതില്‍ തെറ്റില്ല. ആ നിലക്ക്, അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഗൃഹാന്തരീക്ഷം വേണ്ടത്ര ദീര്‍ഘദൃഷ്ടിയോടെയാണോ നാം നോക്കിക്കാണുന്നത്. മനഃസംതൃപ്തി, പരസ്പര സ്‌നേഹം, തഖ്‌വ, ജീവിതവിശുദ്ധി, വിശ്വസ്തത, വിട്ടുവീഴ്ച, അനുസരണം എന്നിങ്ങനെയുള്ള പവിത്ര മൂല്യങ്ങള്‍ മിക്ക വീടുകളില്‍ നിന്നും ഏറെക്കുറെ എടുത്തു മാറ്റപ്പെട്ടതുപോലെ തോന്നുന്നില്ലേ? ഒരുകാലത്ത് മാനസിക നിര്‍വൃതിയുടെ അനുഗൃഹീത പൂങ്കാവനമായിരുന്ന ഗൃഹാന്തരീക്ഷം, മാറിയ ചുറ്റുപാടില്‍ തീരാത്ത അസ്വസ്ഥതയുടെ നെരിപ്പോടുകളായി കഴിഞ്ഞോ എന്ന ആശങ്കക്ക് കനം കൂടിവരികയാണ്.
അഞ്ച്: കഴിഞ്ഞ ശതാബ്ദത്തിന്റെ പകുതിയോടെ സജീവമായി തുടങ്ങിയ, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ ഒഴുക്കും തുടര്‍ന്നുണ്ടായ സാമ്പത്തിക സമൃദ്ധിയും ഒരുപാട് നേട്ടങ്ങള്‍ നമ്മുടെ നാടിന് നേടിക്കൊടുത്തുവെന്നത് അനിഷേധ്യമത്രെ. അതേ അവസരത്തില്‍ ഈ പണക്കൊഴുപ്പിന് നിഷേധാത്മകമായ മറ്റു ചില മറുവശങ്ങളുമുണ്ടായിരുന്നു. പലരുടെയും കൈകളിലെത്തിച്ചേര്‍ന്ന പണം വിവേചനരഹിതമായി ദുരുപയോഗം ചെയ്യപ്പെട്ടു. ശക്തമായ നിയന്ത്രണവും പ്രായോഗിക സമീപനവും ദീര്‍ഘവീക്ഷണവും കൈമോശം വന്നവര്‍ സമ്പത്ത് കൈകാര്യം ചെയ്ത രീതി തീരെ ആശ്വാസകരമായിരുന്നില്ല.

തുടര്‍ന്നുണ്ടായ പാര്‍ശ്വ പ്രശ്‌നങ്ങള്‍ അതിഗുരുതരമായിരുന്നു. ധാരാളം ചെറുപ്പക്കാര്‍ മദ്യം, മയക്കുമരുന്ന്, കുത്തഴിഞ്ഞ ലൈംഗികത, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ധൂര്‍ത്ത്, ചൂതാട്ടം, ലക്ഷ്യബോധമില്ലായ്മ തുടങ്ങിയ മാരകങ്ങളായ ജീര്‍ണതകളാല്‍ വരിഞ്ഞുമുറുക്കപ്പെട്ടു. കുടുംബനാഥന്മാര്‍ വിദേശത്തായിരുന്നതിനാല്‍ സ്വദേശത്തുള്ള തങ്ങളുടെ കുടുംബാംഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനോ ഭദ്രമായ ധാര്‍മിക അടിത്തറയില്‍ അവരെ നിലനിര്‍ത്താനോ അധികപേര്‍ക്കും കഴിഞ്ഞില്ല. പ്രശ്‌നത്തെ സാമാന്യവത്കരിക്കുകയല്ല. എങ്കിലും ഉപരിസൂചിത പ്രവണത ശക്തി പ്രാപിക്കുക തന്നെയാണ് എന്നാണ് വിചാരിക്കേണ്ടത്.

 
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം