Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 1

സ്ത്രീകള്‍ക്ക് ഖബ്ര്‍ സന്ദര്‍ശിക്കാമോ?

ശൈഖ് അഹ്മദ് കുട്ടി

ചോദ്യം:
മാതാപിതാക്കളുടെയും മറ്റു അടുത്ത ബന്ധുക്കളുടെയും ഖബ്ര്‍ സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടോ? അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നത് കേട്ടു. അവരുടെ പക്കല്‍ അതിന് തെളിവുണ്ടോ എന്നെനിക്ക് അറിയില്ല. പ്രവാചക പത്‌നി ആഇശ(റ) തന്റെ സഹോദരന്റെ ഖബ്ര്‍ സന്ദര്‍ശിച്ചിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. വിഷയത്തില്‍ താങ്കളുടെ അഭിപ്രായമെന്താണ്?

ഉത്തരം: ഇസ്‌ലാമിന്റെ ആദ്യകാലത്ത് സ്ത്രീക്കും പുരുഷനുമെല്ലാം ഖബ്ര്‍ സന്ദര്‍ശനം വിലക്കപ്പെട്ടിരുന്നു. അതിന് ന്യായമായ കാരണങ്ങളുമുണ്ട്. പലതരം അനാചാരങ്ങള്‍ കൈവെടിഞ്ഞാണല്ലോ അറബികള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നത്. അനാചാരങ്ങള്‍ കൈയൊഴിഞ്ഞിട്ട് അധികകാലമൊന്നും ആയിട്ടില്ല. അതിന്റെ സ്വാധീനം ഇസ്‌ലാമിന്റെ പ്രാരംഭദശയില്‍ അവരില്‍ അവശേഷിക്കാന്‍ സാധ്യതയുണ്ട്. ഈ അവസ്ഥയില്‍ ഖബ്ര്‍ സന്ദര്‍ശനം നടത്തിയാല്‍ ഖബ്ര്‍ പൂജയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളിലേക്ക് അവര്‍ വഴുതി വീണേക്കാം.
ഇസ്‌ലാമിക സമൂഹത്തിന്റെ ഏക ദൈവത്വ വിഭാവന (തൗഹീദ്) ആഴത്തില്‍ വേരൂന്നിക്കഴിഞ്ഞ പില്‍ക്കാല ഘട്ടത്തില്‍ ഇങ്ങനെയുള്ള ഭീതിക്കും സംശയത്തിനും സ്ഥാനമില്ല. അതിനാല്‍ പ്രവാചകന്‍ (സ) പിന്നീട് ഈ നിരോധം നീക്കിക്കളഞ്ഞു. ഖബ്ര്‍ സന്ദര്‍ശനത്തിന് പല പ്രയോജനങ്ങളും ഉള്ളതിനാല്‍ അവിടുന്ന് അതിനെ പ്രോത്സാഹിപ്പിക്കുക വരെ ചെയ്തു. പ്രവാചകന്‍(സ) പറഞ്ഞു: ''മുമ്പ് ഖ്ബറുകള്‍ സന്ദര്‍ശിക്കുന്നതില്‍നിന്ന് ഞാന്‍ നിങ്ങളെ തടഞ്ഞിരുന്നു. ഇനി നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം. കാരണം നിങ്ങളെയത് പരലോകത്തെ ഓര്‍മിപ്പിക്കും.''
മേല്‍ കൊടുത്ത പ്രവാചക വചനത്തിലെ അനുവാദത്തിന് പൊതുസ്വഭാവമാണുള്ളത് എന്നതിനാല്‍, അതിന്റെ പ്രായോഗിക വ്യാഖ്യാനത്തില്‍ പണ്ഡിതന്മാര്‍ക്ക് ഭിന്നാഭിപ്രായമുണ്ട്. ഒരു വിഭാഗം പറയുന്നത്, അനുവാദം പൊതുവായതിനാല്‍ അത് സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമാണ് എന്നാണ്. അനുവാദം പുരുഷന് മാത്രമാണ് എന്നതിന്റെ സൂചനകളൊന്നും മേല്‍കൊടുത്ത പ്രവാചക വചനത്തിലില്ല.
പണ്ഡിതന്മാരില്‍ രണ്ടാമത്തെ വിഭാഗം പറയുന്നത്, അനുവാദം സ്ത്രീകള്‍ക്ക് ബാധകമല്ലെന്നും അവര്‍ക്കത് പ്രവാചകന്‍ വിലക്കിയിട്ടുണ്ടെന്നുമാണ്. അതിനവര്‍ക്ക് പിന്‍ബലം പ്രവാചകന്റെ ഈ വാക്യമാണ്: ''ഖബ്ര്‍ സന്ദര്‍ശിക്കുന്ന സ്ത്രീയെ അല്ലാഹു ശപിച്ചിരിക്കുന്നു.''
ഒന്നാമത്തെ വിഭാഗം അവരുടെ വാദത്തിന് ഉപോദ്ബലകമായി നിരവധി തെളിവുകള്‍ ഹാജരാക്കുന്നുണ്ട്. അതിലൊന്ന് ബുഖാരിയിലുള്ള ഒരു റിപ്പോര്‍ട്ടാണ്. അതിങ്ങനെ: ഒരിക്കല്‍ പ്രവാചകന്‍ ഖബ്‌റിന്നരികില്‍ ഇരുന്ന് കരയുന്ന ഒരു സ്ത്രീയെ കണ്ടു. വികാരക്ഷോഭത്തെ നിയന്ത്രിക്കാന്‍ പ്രവാചകന്‍ അവളെ ഉപദേശിച്ചു. സ്ത്രീകള്‍ക്ക് ഖബ്ര്‍ സന്ദര്‍ശനം വിലക്കപ്പെട്ടിരിക്കുന്നു എന്ന് ആ സ്ത്രീയോട് പ്രവാചകന്‍ പറഞ്ഞതായി എവിടെയും വന്നിട്ടില്ല. വിലക്കപ്പെട്ടതായിരുന്നെങ്കില്‍, ഈ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ വളരെ വ്യക്തമായിത്തന്നെ അക്കാര്യം പറയുമായിരുന്നു.
രണ്ടാമത്തെ വിഭാഗം ഉയര്‍ത്തിക്കാട്ടുന്ന നബിവചനത്തെക്കുറിച്ചും ഒന്നാം ഗ്രൂപ്പിന് വിശദീകരണമുണ്ട്. നെഞ്ചത്തടിച്ച് കരയാനും മറ്റും വേണ്ടി ഖബ്‌റിനടുത്ത് പോകുന്ന സ്ത്രീകളെക്കുറിച്ചാണ് അങ്ങനെ പറഞ്ഞത്. ഈ വിശദീകരണമാണ് കുറെകൂടി ന്യായയുക്തമെന്ന് തോന്നുന്നു. കാരണം ജാഹിലീ കാലത്തെ അറബികള്‍ക്ക് ഖബ്‌റുകളില്‍ ചെന്ന് മാറത്തലച്ച് കരയാന്‍ ആളുകളെ കൂലിക്ക് വിളിക്കുന്ന പതിവുണ്ടായിരുന്നു. ഇവരിലധികവും സ്ത്രീകളായിരിക്കും.
ഈ ഒന്നാം വിഭാഗത്തിന്റെ അഭിപ്രായത്തെ ബലപ്പെടുത്തുന്നതാണ് ആഇശ(റ) സ്വന്തം സഹോദരന്റെ ഖബ്ര്‍ സന്ദര്‍ശിച്ച സംഭവം. സന്ദര്‍ശിക്കാനുള്ള തീരുമാനത്തെ ചിലര്‍ ചോദ്യം ചെയ്തപ്പോള്‍, നിരോധം ആദ്യ ഘട്ടത്തിലായിരുന്നുവെന്നും പിന്നീട് പ്രവാചകനത് നീക്കം ചെയ്തുവെന്നും അവര്‍ മറുപടി പറഞ്ഞു. ഇതേ അഭിപ്രായമാണ് ഉമ്മു അത്വിയ്യ(റ)യും പ്രകടിപ്പിച്ചത്. അവര്‍ പറഞ്ഞു: ''സ്ത്രീകള്‍ ഖബ്‌റുകള്‍ സന്ദര്‍ശിക്കുന്നത് പ്രവാചകനൊരിക്കലും കര്‍ശനമായി വിലക്കിയിരുന്നില്ല.''
പണ്ഡിതന്മാര്‍ക്കിടയില്‍ കഴിഞ്ഞ കാലങ്ങളില്‍ ചര്‍ച്ചയായിരുന്നു ഈ വിഷയം എന്നര്‍ഥം. ഇതു സംബന്ധമായി വന്ന ഹദീസുകളും പണ്ഡിതാഭിപ്രായങ്ങളും മറ്റും വിലയിരുത്തിയ ശേഷം ഇമാം ഖുര്‍ത്വുബി എത്തിയ നിഗമനം ഇതാണ്: സ്ത്രീകള്‍ക്ക് ഖബ്ര്‍ സന്ദര്‍ശിക്കാം, അവിടെ ചെന്ന് കരയുകയോ നിലവിളിക്കുകയോ ചെയ്യരുതെന്ന വ്യവസ്ഥയോടെ. ഹദീസ് വിജ്ഞാനീയത്തില്‍ നല്ല അവഗാഹമുള്ള ഇമാം ഇബ്‌നു ഹജറും ഇമാം ശൗകാനിയും ഈ അഭിപ്രായത്തോടാണ് ചായ്‌വ് പുലര്‍ത്തുന്നത്.

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം