Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 1

കുടുംബത്തിന്റെ വില മനസ്സിലാക്കുക

ഡോ. അംറ് ഖാലിദ്



കുടുംബത്തിന്റെ വില മനസിലാക്കാത്തവരുടെ എണ്ണം ദിനേന പെരുകികൊണ്ടിരിക്കുകയാണ്. വര്‍ധിച്ചു വരുന്ന ത്വലാഖുകളും മറ്റും കുടുംബ സംവിധാനത്തോടുള്ള സമൂഹത്തിന്റെ അവജ്ഞ മനസിലാക്കാന്‍ പര്യാപ്തമാണ്. 
കൂട്ടുകാര്‍ക്കാണോ, വീട്ടുകാര്‍ക്കാണോ താങ്കള്‍ കൂടുതല്‍ പ്രമുഖ്യം നല്‍കുന്നത് എന്ന് ഒരാളോട് ചോദിച്ചാല്‍, നിശ്ശബ്ദരാകുന്നവരാണ് പലരും. ആയിരം തവണ സ്വന്തം ഉപ്പ പറഞ്ഞ കാര്യങ്ങള്‍ക്ക് ചെവികൊടുക്കാത്തവര്‍ പോലും സ്വന്തം സുഹൃത്തിന്റെ ഏതൊരഭിപ്രായത്തിനും പിന്നാലെ ചാടി പുറപ്പെടുന്നത് കാണുമ്പോള്‍ നമുക്ക് അത്ഭുതം തോന്നിയേക്കാം. എത്രയെത്ര പ്രശ്‌നങ്ങള്‍... കുടുംബ ബന്ധങ്ങളിലെ വിള്ളലുകള്‍, സ്വത്ത് തര്‍ക്കങ്ങള്‍...
ഒരുപാട് പുരുഷന്മാരെയും സ്ത്രീകളെയും ഒറ്റയടിക്ക് സൃഷ്ടിച്ച് ഭൂമി സംവിധാനിക്കുകയല്ല അല്ലാഹു ചെയ്തത്. ഒരേ ബന്ധവും ഒരേ കുടുംബവും ഉറപ്പു വരുത്തി ഒരേ സത്തയില്‍ നിന്നായിരുന്നു മനുഷ്യവംശത്തിന്റെ പിറവി.
അല്ലാഹുവിന്റെ സിംഹാസനവുമായി കുടുംബബന്ധം നടത്തുന്ന സംഭാഷണം ഒരിക്കല്‍ റസൂല്‍ വിവരിക്കുകയുണ്ടായി. ''നിന്നെ ചേര്‍ത്തവനെ ഞാന്‍ ചേര്‍ക്കുമെന്നും നിന്നെ മുറിച്ചു കളയുന്നവനെ ഞാനും മുറിച്ചു കളയുമെന്നും' തദവസരത്തില്‍ ദൈവം വ്യക്തമാക്കുന്നുണ്ട്.
വിവാഹത്തെ കരാര്‍(മീസാഖ്) എന്നും അതിനെ വിശേഷിപ്പിച്ച് ബലിഷ്ഠം(ഗലീള്) എന്നുമാണ് ഖുര്‍ആന്‍ പറഞ്ഞത്. ഭാര്യാപിതാവിന്റെ കരം ഗ്രഹിച്ച് പ്രതിജ്ഞ നടത്തുമ്പോള്‍ ഓരോ പുരുഷനും ബലിഷ്ഠമായ കരാറിലാണ് ഒപ്പു വെക്കുന്നത്. ബലിഷ്ഠമായ പ്രയോഗം മൂന്ന് സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നു ഖുര്‍ആന്‍.
1. പ്രവാചകന്മാരുടെ കരാര്‍ - അല്‍ അഹ്‌സാബ് 7.
2 ബനൂ ഇസ്‌റാഈലില്‍ നിന്ന് വാങ്ങിയ കരാര്‍ - അന്നിസാഅ് 154.
3. വിവാഹ ബന്ധത്തെ കുറിച്ച് - അന്നിസാഅ് 21.
കുടുംബ ബന്ധത്തിന്റെ മൂല്യങ്ങള്‍ വിളിച്ചോതുന്ന ഹജ്ജെന്ന ആരാധനാ കര്‍മം കൂടി ഇസ്‌ലാം നിര്‍ബന്ധമാക്കി. സഫക്കും മര്‍വക്കുമിടയിലുള്ള ഓട്ടം ഒരു കുടുംബത്തെക്കുറിച്ച ഓര്‍മയാണ് ഓരോ ഹാജിയിലും ഉണര്‍ത്തുന്നത്. ചോരപ്പൈതലിനായി ദൈവത്തില്‍ ഭരമേല്‍പ്പിച്ച് മാതാവ് ഹാജര്‍ നടത്തിയ ത്യാഗപരിശ്രമം. ഒരു ഉമ്മയുടെ വികാരമാണ് സഅ്‌യില്‍ പ്രതിഫലിക്കേണ്ടത്. ഹജ്ജിലെ ഈ കര്‍മം ചെയ്യുന്ന ആര്‍ക്കെങ്കിലും സ്വന്തം മകനില്‍ നിന്ന് അവന്റെ ഉമ്മയെ അകറ്റാന്‍ സാധിക്കുമോ? ഹാജറിന്റെ ത്യാഗങ്ങള്‍  ഹജ്ജിലൂടെ സ്മരണ പുതുക്കിയ ഒരുമ്മക്ക് സ്വന്തം മകനെ ആയയുടെ പക്കലാക്കി സ്വസ്ഥമായി കഴിയാന്‍ സാധിക്കുമോ? ഹജ്ജ് ചെയ്ത് വന്ന ഒരു മകന് ഉമ്മയോട് കയര്‍ത്ത് സംസാരിക്കാനൊക്കുമോ?
ഒരു പിതാവും മകനും പരസ്പരം മനസിലാക്കുന്നതിന്റെ മകുടോദാഹരണമായിരുന്നു ഇസ്മാഈല്‍-ഇബ്‌റാഹീം സംഭാഷണം. സ്വന്തം മകന്റെ അഭിപ്രായം ആരായുന്ന പിതാവും സ്വന്തം പിതാവിന്റെ ഇംഗിതം ദൈവഹിതമെങ്കില്‍ സമ്മതം മൂളുന്ന മകനും ചേര്‍ന്ന് വിസ്മയം തീര്‍ക്കുന്ന ചരിത്രമാണ് ഹജ്ജിന്റെ ഇതിവൃത്തം.
പ്രവാചകന്മാരെ കുറിച്ച പരാമര്‍ശങ്ങള്‍ വരുന്നിടത്ത് കുടുംബത്തെ കുറിച്ച് പറയാനും അല്ലാഹു മറന്നിട്ടില്ല. ആദം-ഹവ്വ, ഇബ്‌റാഹീം-സാറ, ഇബ്‌റാഹീം-ഹാജറ, മൂസയുടെ വിവാഹം, ഇബ്‌റാഹീം-ഇസ്മാഈല്‍, ദാവൂദ്-സുലൈമാന്‍, മൂസാ-ഹാറൂന്‍, ഈസാ-യഹ്‌യ..... കുടുംബ ബന്ധങ്ങള്‍ അനവധിയാണ്. പുത്ര വാത്സല്യം പരാമര്‍ശിക്കുന്ന മൂസാ(അ)യുടെ ഉമ്മയുടെ പ്രവൃത്തി, പുത്രസ്‌നേഹം ആദര്‍ശത്തിലൂടെ പ്രഖ്യാപിക്കുന്ന നൂഹ്(അ), പിതാവിനോടുള്ള ഇഷ്ടം സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ച്‌കൊണ്ട് പ്രകടിപ്പിക്കുന്ന ഇബ്‌റാഹീം(അ), പിശാചിന്റെ പ്രേരണയാല്‍ സഹോദരന്മാര്‍ യൂസുഫി(അ)നോട് ചെയ്തത്... വിശദീകരണം നീണ്ട് പോവുന്നു.
പ്രവാചകന്‍ മുഹമ്മദ്(സ)ന്റെ ചരിത്രവും കുടുംബ വിശേഷണങ്ങള്‍ കൊണ്ട് സമ്പന്നമാണ്. പ്രവാചകനില്‍ നമുക്ക് കണ്ടു പഠിക്കാനൊരുപാടുണ്ട്. മാതാപിതാക്കളുടെ വേര്‍പാടിന് ശേഷം സ്‌നേഹ നിധിയായ പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മടിയില്‍ കഅ്ബയുടെ തണലില്‍ വിശ്രമിക്കുന്ന കൊച്ചുമകന്‍, തന്റെ 56-ാം വയസ്സില്‍ മാതാവിന്റെ ഖബറിനരികില്‍ വന്ന് സന്ദര്‍ശനം നടത്തുന്ന പ്രിയപ്പെട്ട  മകന്‍. സ്വയം കരയുക മാത്രമല്ല, ആ സന്ദര്‍ശനത്തിലൂടെ കൂടെയുള്ളവരെ കൂടി ഈറനണിയിച്ച പുത്രന്‍. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത നിസ്സഹായാവസ്ഥയില്‍ മരണാസന്നനായ തന്നെ കാണാനെത്തിയ ഫാത്വിമയെ ചുംബിക്കാനൊരുങ്ങുന്ന, ഉറവ വറ്റാത്ത സ്‌നേഹത്തിന്റെ പ്രതിരൂപമായ പിതാവ്. സ്വന്തം മകളുടെ വീട്ടില്‍ കയറി വിശേഷമന്വേഷിച്ചിട്ടല്ലാതെ സ്വന്തം വീട്ടില്‍ തിരിച്ചെത്താത്ത വാപ്പ. സ്വന്തം മരുമകനായ അലി(റ)യുടെ ഉമ്മ ഫാത്വിമ ബിന്‍ത് അസദ് മരിച്ചപ്പോള്‍ ഖബറിലേക്കിറങ്ങി മൃതദേഹം ഏറ്റുവാങ്ങിയ വ്യക്തിത്വം. സ്വന്തം ഉമ്മക്ക് പുണ്യം ചെയ്ത ഹാരിസത്ബ്‌നു നുഅ്മാന് സ്വര്‍ഗ സുവിശേഷം നല്‍കിയ പ്രവാചകന്‍...  ഒട്ടുണ്ട് ഇങ്ങനെ പറയാന്‍.
ദൈവത്തിങ്കല്‍ പ്രതിഫലം നേടിത്തരുന്നു നമ്മുടെ കുടുബം. പ്രവാചകന്‍ പറഞ്ഞു: ''ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് സ്വന്തം ഭാര്യയെ കൂടി വിളിച്ചുണര്‍ത്തി, രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിക്കുന്നവര്‍ ദൈവസ്മരണയുള്ളവരുടെ കൂട്ടത്തില്‍ ചേര്‍ക്കപ്പെടും.'' ഇതൊരു നമസ്‌കാരത്തിന്റെ പ്രതിഫല വിഷയം മാത്രമല്ല. സ്വപത്‌നിയെ കൂടി ദൈവത്തിലേക്ക്  അടുക്കാന്‍ ക്ഷണിക്കുന്നതിലെ ഗുണകാംക്ഷ കൂടിയാണ്.
എത്ര പുരോഗതി കൈവരിച്ചിട്ടും, ശാസ്ത്ര സാങ്കേതിക മേഖലകള്‍ കീഴടക്കി വീമ്പ് പറഞ്ഞിട്ടും പാശ്ചാത്യര്‍ അവഗണിച്ചിട്ട ഇടമാണ് കുടുംബം. അതിന്റെ പ്രത്യാഘാതം വേണ്ടുവോളം അവര്‍ അനുഭവിക്കുന്നുമുണ്ട്. എന്നാല്‍ അതിനെ ഏറ്റുപിടിക്കാന്‍ മുസ്‌ലിം സമൂഹത്തിലും ആളുണ്ടെന്നതാണ് പരിതാപകരം.
ആണിനും പെണ്ണിനുമിടയില്‍ ദൈവം നിറച്ചു വെച്ച, കുടഞ്ഞെറിയാനാവാത്ത നൈസര്‍ഗികഭാവങ്ങള്‍, മാതാവിന്നുള്ളില്‍ നിര്‍ബന്ധ ബുദ്ധിയോടെ ദൈവം കുന്നുകൂട്ടിയ വാത്സല്യം, പിതാവിന്റെ മനസില്‍ ദൈവം തീര്‍ത്ത് വെച്ച ചുമതലാ ബോധം, കുഞ്ഞിന്റെ നിഷ്‌കളങ്കമായ സ്‌നേഹം, ഇവയെ ഏത് വാദങ്ങള്‍കൊണ്ട് നമുക്കൊളിപ്പിക്കാന്‍ സാധിക്കും.?


വിവ: നഹാസ് മാള

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം