Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 1

മതംമാറ്റങ്ങളെ സാധ്യമാക്കിയ സാമൂഹിക സംഘര്‍ഷങ്ങള്‍

സമദ് കുന്നക്കാവ്

സമകാലിക മുസ്ലിം രാഷ്ട്രീയം മലബാര്‍ സമരം വായിക്കുമ്പോള്‍ - 3

'ലഹളേ നീ തന്നെ പരിഷ്കര്‍ത്താവ്' എന്ന് കുമാരനാശാന്‍ എഴുതിയപ്പോള്‍ ആ ഒരൊറ്റ വരിയില്‍ ഇരമ്പിയത് കേരളീയ നവോത്ഥാനത്തിന്റെ ചരിത്രം മുഴുവനാണെങ്കില്‍ അതേ നവോത്ഥാനത്തെ മറ്റൊരുതരത്തില്‍ ജ്വലിപ്പിച്ചത് മതംമാറ്റവും മതം മാറുമെന്ന ഭീഷണിയുമാണ്. താനെന്ന വ്യക്തിയുടെയും തങ്ങളെന്ന സമുദായത്തിന്റെയും വിമോചനത്തിന്റെ സാധ്യതകള്‍ അംബേദ്കര്‍ നേടിയത് ബുദ്ധമതത്തിലേക്കുള്ള വഴി മാറി നടക്കലിലൂടെയാണ്. കേരളത്തിലാകട്ടെ, കീഴാളര്‍ സ്വന്തത്തെ ആവിഷ്കരിക്കാന്‍ സ്വീകരിച്ച ആദ്യകാല സമര രൂപങ്ങളിലൊന്നായിരുന്നു മതംമാറ്റം. മിഷനറിമാര്‍ താഴ്ന്ന ജാതിക്കാരെ തേടുകയല്ല, താഴ്ന്ന ജാതിക്കാര്‍ മിഷനറിമാരെ തേടുകയാണ് ചെയ്തിരുന്നതെന്ന് റോബിന്‍ ജെഫ്രി 'നായര്‍ മേധാവിത്വത്തിന്റെ പതനം' എന്ന കൃതിയില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ ഈഴവര്‍ക്കിടയില്‍ ഹിന്ദുമത ബഹിഷ്കരണത്തെക്കുറിച്ചുള്ള വ്യാപകമായ വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ട് ഇക്കാലത്ത്. ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാംമതം പോലുള്ളവയിലേക്ക് പരിവര്‍ത്തനപ്പെടുകയാണ് വേണ്ടതെന്ന് ഈഴവര്‍ക്കിടയിലെ ഒരു വിഭാഗവും ഹിന്ദുമതത്തെ നവീകരിച്ച് അതില്‍ തന്നെ ഉറച്ചു നില്‍ക്കലാണ് ഈഴവര്‍ക്ക് നല്ലതെന്ന് വാദിച്ചുകൊണ്ട് മറ്റൊരു വിഭാഗവും രൂപപ്പെടുന്നുണ്ട്.16 ഹിന്ദു സംസ്കാരത്തെ ദേശീയ സംസ്കാരമാക്കി വിന്യസിപ്പിച്ചുകൊണ്ട് അതിനെ സ്വന്തം സംസ്കാരമായി സ്വീകരിക്കാന്‍ അധഃസ്ഥിത ഭൂരിപക്ഷത്തെ നിര്‍ബന്ധിതമാക്കുന്ന തന്ത്രജ്ഞതയായിരുന്നു ആശാനടക്കമുള്ളവര്‍ ചെയ്തു പോന്നത്. കീഴാള സമൂഹങ്ങളുടെ ബോധമണ്ഡലങ്ങളില്‍നിന്ന് സവര്‍ണ-അവര്‍ണ വൈരുധ്യത്തെ മറച്ചുവെക്കാനും ഹിന്ദു സ്വത്വത്തിന്റെ വാഹകരാക്കി മാറ്റിയെടുക്കാനുമുള്ള ശ്രമങ്ങളാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കുന്ന സന്ദേശം. അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ട 'മത പരിവര്‍ത്തന രസവാദം' എന്ന ലേഖനം ഇത്തരം വസ്തുതകളിലേക്ക് വെളിച്ചം വീശുന്നതാണ്. കീഴാള സമുദായങ്ങള്‍ക്ക് തന്റെ തന്നെ രചനകള്‍ മതംമാറ്റത്തിന് ഇന്ധനമായി വര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയിക്കുന്ന ആശാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന പ്രതലത്തെക്കുറിച്ച വ്യക്തമായ സൂചന അനുവാചകര്‍ക്ക് നല്‍കുന്നുണ്ട്.
"ദുരവസ്ഥയിലോ ചണ്ഡാല ഭിക്ഷുകിയിലോ, എന്നല്ല എന്റെ ഏതെങ്കിലും കൃതികളില്‍ മതത്തെ ഉപലംഭിച്ചു ഞാന്‍ ചെയ്യുന്ന നിര്‍ദേശങ്ങളെല്ലാം മതപരിഷ്കരണത്തെ മാത്രം ഉദ്ദേശിച്ചു കൊണ്ടാണെന്നും പരിവര്‍ത്തനത്തെ മുന്‍ നിര്‍ത്തിയല്ലെന്നും നിഷ്കര്‍ഷിച്ച് വായിച്ചു നോക്കുന്ന ആര്‍ക്കും അറിയാമെന്നാണ് എന്റെ ധാരണ.''
ഇതോടൊപ്പം ഇതര മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള കീഴാള സമൂഹത്തിന്റെ ആഗ്രഹങ്ങളെ പിന്തിരിപ്പിച്ചുകൊണ്ട്  ആ മതങ്ങളുടെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടുന്ന ആശാന്‍ വൈദിക ഹിന്ദുമതത്തിന്റെ ആന്തരിക ശ്രേഷ്ഠതകള്‍ എടുത്തോതുന്നു.
"ഒരു തിയ്യന്‍ ബൌദ്ധനായിക്കഴിഞ്ഞാല്‍ ഉയര്‍ന്ന ജാതി ഹിന്ദുക്കള്‍, ഹിന്ദുവെന്ന നിലയില്‍ അവനെ താണജാതിക്കാരനായി പിന്നെ ഗണിക്കുകയില്ലെന്നും അതുകൊണ്ട് സ്വതേ തന്നെ അവനു സമുദായ നിലയില്‍ കയറ്റം കിട്ടുമെന്നും നിങ്ങള്‍ പറയുന്നു. ഇതു വെറും ഊഹം അല്ലെങ്കില്‍ സങ്കല്‍പം മാത്രമാകുന്നു. ക്രിസ്ത്യാനിമതത്തില്‍ ചേര്‍ന്ന പുലയരും പറയരും നമ്മുടെ നാട്ടില്‍ പലേടത്തും ഉണ്ട്. മതപരിവര്‍ത്തന രസവാദം ആ കാരിരുമ്പുകളെ ഇനിയും തങ്കമാക്കിയിട്ടില്ല. ബുദ്ധമതം പ്രചരിക്കുന്ന സിലോണ്‍ മുതലായ രാജ്യങ്ങളില്‍ താണ വര്‍ഗക്കാരും ഉണ്ട്. ആ മതം അവര്‍ക്ക് കയറ്റം കൊടുത്തിട്ടില്ല. നേരെ മറിച്ച് ഹിന്ദുമതം പല താണ വര്‍ഗക്കാരെയും പൊക്കീട്ടുണ്ട്. ശങ്കരന്‍, രാമാനുജന്‍, ശ്രീകൃഷ്ണ ചൈതന്യന്‍ മുതലായ പല ആചാര്യന്മാരും പല വര്‍ഗക്കാരെ ഉന്നമിപ്പിച്ചിട്ടുണ്ട്.''
"സമുദായത്തിന്റെ ഇന്നത്തെ മതത്തോട് ബുദ്ധമതത്തിനുള്ള ചില സാമ്യവും സാമീപ്യവും ആകുന്നു നിങ്ങളെ പ്രേരിപ്പിച്ചത്. അങ്ങനെ ആയാല്‍ തന്നെ ഹിന്ദുമതത്തോട് കുറെക്കൂടി ആന്തരസാമ്യമുള്ള ആര്യസമാജത്തെ നിങ്ങള്‍ എന്തുകൊണ്ട് അവഗണിക്കുന്നു? പഞ്ചമനെ അവന്റെ കുടിലില്‍ ചെന്ന് ബ്രാഹ്മണനാക്കാന്‍ സഫലമായി യത്നിച്ചു വരുന്ന ദയാനന്ദ മതത്തെ എന്തുകൊണ്ട് നിങ്ങള്‍ ബഹുമാനിക്കുന്നില്ല? എന്തുകൊണ്ട് തീയര്‍ക്ക് ആര്യ ബ്രാഹ്മണനായിക്കൂടാ? മതത്തിന്റെയും സമസൃഷ്ടി സ്നേഹത്തിന്റെയും പേരില്‍ നിങ്ങളുടെ മുറ്റത്തു നടക്കുന്ന ആര്യസമാജക്കാരുടെ അദ്ഭുതകരമായ ഉദാര പ്രവൃത്തികള്‍ ലോകത്ത് ഇന്നുള്ള ഏത് ബുദ്ധ മതസംഘത്തില്‍നിന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിപ്പാന്‍ കഴിയും?''
മതഗ്രന്ഥങ്ങളിലെ സാരാംശങ്ങള്‍ വെച്ച് മതങ്ങളെ വിലയിരുത്തുന്നത് അപര്യാപ്തമാണെന്ന് പറയുന്ന ആശാന്‍ സാരാംശങ്ങളില്‍ പോലും ഹിന്ദുമതം ഉന്നതമാണെന്ന് വേദാന്തത്തിലെ യമനിയ മാദികള്‍ ചൂണ്ടിക്കാട്ടി വാദിക്കുകയും ചെയ്യുന്നു:
"അഹിംസയെ ബുദ്ധമതം ഉച്ചമായി ഘോഷിക്കുന്നു. എങ്കിലും അത് ഇന്ന് അധികമായി അനുഷ്ഠിക്കുന്നത് ഹിന്ദു വൈദികന്മാരാകുന്നു. കേവലം സസ്യഭുക്കായ ഒരു സമുദായം ഹിന്ദുക്കളിലല്ലാതെ കാണാന്‍ കഴികയില്ല. ബുദ്ധമതം പഴയ വൈദിക മതത്തിന്റെ തെളി മാത്രമാണെന്ന് പറയുന്നവരോട് ഇന്നത്തെ ഹിന്ദുമതം പഴയ ബുദ്ധമതത്തിന്റെ സത്താണെന്ന് അവരുടെ എതിരാളി പറയും.''
കുമാരനാശാന്റെ ഈ ദൃശ വാക്കുകളെ 'ദുരവസ്ഥ' എന്ന കാവ്യവുമായി ചേര്‍ത്ത് വായിച്ചാല്‍ അദ്ദേഹം പ്രമേയമായി സ്വീകരിച്ച മുസ്ലിം മതഭ്രാന്തിന് പിന്നിലുള്ള രാഷ്ട്രീയം വ്യക്തമാവും. ആശാനെ ഗ്രസിച്ചിരുന്ന മുഖ്യവികാരം മതപരിവര്‍ത്തന ഭീതിയായിരുന്നു എന്നാണ് ഡോ. ടി.കെ രവീന്ദ്രന്റെ അഭിപ്രായം. 'വിവേകോദയ'ത്തിലെ കുറിപ്പുകളിലൂടെ ഇസ്ലാം മതത്തിലേക്കും ക്രിസ്തുമതത്തിലേക്കുമുള്ള ഹിന്ദുക്കളുടെ ഒഴുക്ക് അവരെ ന്യൂനപക്ഷമാക്കുമെന്ന് ആശാന്‍ പലവട്ടം മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്.
പതിനാറാം നൂറ്റാണ്ടു മുതല്‍ ഇസ്ലാമിലേക്ക് കീഴാള സമൂഹത്തില്‍നിന്ന് കനത്ത ഒഴുക്ക് കാണാന്‍ കഴിയുന്നുണ്ട്. അറബികള്‍ക്ക് വാണിജ്യ മേല്‍ക്കൈ ഉണ്ടായിരുന്ന പതിനാറാം ശതകം വരെ മാപ്പിളമാര്‍ വ്യാപാരവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്ത് മുഖ്യമായും തീരദേശങ്ങളിലാണ് വാസമുറപ്പിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിനു മുമ്പ് സൈനുദ്ദീന്‍ മഖ്ദൂം പറയുന്ന രണ്ടു പള്ളികളൊഴിച്ചാല്‍ ഉള്‍നാടുകളില്‍ മാപ്പിളമാരുടെ സാന്നിധ്യം വേണ്ടത്രയില്ല എന്ന് വേണം മനസ്സിലാക്കാന്‍. 1500 നുശേഷം ഉണ്ടായ യൂറോപ്പിന്റെ കച്ചവട മേധാവിത്വത്തിലൂടെ മാപ്പിളമാര്‍ക്ക് തളര്‍ച്ച പറ്റുകയും തുറമുഖങ്ങളിലെ ലാഭമുള്ള തൊഴിലുപേക്ഷിച്ച് ഉള്‍നാടുകളില്‍ തൊഴില്‍ തേടേണ്ടി വരികയും ചെയ്യുന്നുണ്ട് അവര്‍. എന്നാല്‍ വ്യാപാരരംഗത്തുനിന്ന് നിഷ്കാസനം ചെയ്യപ്പെട്ട മുസ്ലിംകള്‍ക്ക് മലബാറിലെ ഉള്‍നാടന്‍ ഭാഗങ്ങളില്‍ ജന്മിമാരുടെ കുടിയാന്‍ സംഘമായി മാറുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഫ്യൂഡല്‍ വ്യവസ്ഥയുടെ കനത്ത ചൂഷണങ്ങളിലൂടെ കടന്നു പോയിരുന്ന മലബാറിലെ കീഴാള കുടിയാന്‍ സംഘങ്ങള്‍ പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിലെ മാപ്പിള കുടിയാന്‍ സംഘങ്ങളുടെ പ്രതിരോധ വീര്യവും സംഘടിത്വവും കണ്ടറിയുന്നുണ്ട്. അതാകട്ടെ മതം മാറിക്കൊണ്ടും അല്ലാതെയും മാപ്പിള സംഘങ്ങള്‍ക്ക് ബലം നല്‍കുക എന്നതിലേക്ക് വികസിക്കുന്നുമുണ്ട്. പുറമേ പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷം മലബാറില്‍ പ്രതിധ്വനിച്ച മൈസൂര്‍ സുല്‍ത്താന്മാരുടെ കുതിരക്കുളമ്പടികളും കുടിയാന്‍ സംഘങ്ങളെ ആകര്‍ഷിച്ചിരിക്കാം. കീഴാള സമൂഹത്തോട് നീതിയോടെ വര്‍ത്തിച്ച ടിപ്പുസുല്‍ത്താന്‍ ഭരണം എന്തുകൊണ്ടും കുടിയാന്മാര്‍ക്ക് ഒരാശ്വാസമായിരുന്നു.17
പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിലാകട്ടെ, കീഴാള കുടിയാന്‍ സംഘങ്ങള്‍ക്ക് അത്താണി മുസ്ലിം സമൂഹത്തിലെ ഉലമാക്കളും നേതാക്കളുമായിരുന്നു. ജാതീയതയുടെയും ആചാരങ്ങളുടെയും തടവറയില്‍ കിടന്ന് ഊര്‍ധശ്വാസം വലിച്ച അവര്‍ക്ക് വിമോചനത്തിനുള്ള സാധ്യതകള്‍ ഒരുക്കിക്കൊടുത്തത് മുസ്ലിം നേതൃത്വങ്ങളായിരുന്നു. 1929ലാണ് നമ്പൂതിരി യുവജനസംഘം അധഃസ്ഥിതരോട് ഇനിമുതല്‍ 'റാന്‍', 'അടിയന്‍', 'തിരുമേനി' തുടങ്ങി അപകര്‍ഷബോധം സൃഷ്ടിക്കുന്ന സംബോധനകള്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍ 1850 കളില്‍ നിന്നുതന്നെ കുടിയാന്‍ സംഘങ്ങള്‍ക്ക് മലബാറിലെ മുസ്ലിം നേതാക്കളില്‍നിന്ന് ഇതനുഭവിക്കാന്‍ സാധിച്ചിരുന്നു.18 അതിനാല്‍ ബുദ്ധമതത്തിലേക്കെന്ന പോലെതന്നെ ഇസ്ലാമിലേക്കും വലിയ തോതില്‍ കീഴാള സമൂഹം അണിചേര്‍ക്കപ്പെട്ടു. ഈ കുടിയൊഴിഞ്ഞുപോക്ക് കണ്ട് ഭയപ്പെട്ടായിരിക്കണം ആശാന്‍, മുസ്ലിം മതഭ്രാന്തരെന്ന ബിംബ സൃഷ്ടിക്ക് തുനിഞ്ഞത്.
ഹിന്ദുമത പുനഃസംഘടന ആയിരുന്നില്ല ആശാന്റെ ലക്ഷ്യമെന്നും, മറിച്ച് അത് ജാതി നിര്‍മാര്‍ജനത്തിനുള്ള ഒരടവ് മാത്രമായിരുന്നു എന്നു പറയാന്‍ നോക്കിയാല്‍ മുട്ടിന് മുട്ടിന് പറയുന്ന 'ക്രൂര മുഹമ്മദര്‍' എന്ന വാക്ക് അതിന് സമ്മതിക്കുന്നില്ല എന്നും ബി. രാജീവന്‍ സമര്‍ഥിക്കുന്നുണ്ട്. 'ദുഷ്ട മുഹമ്മദ രാക്ഷസര്‍' എന്ന് ആശാന്‍ വിശേഷിപ്പിക്കുന്ന മുസ്ലിംകള്‍ ഒരു കാലത്ത് ഹിന്ദുക്കളായിരുന്നുവെന്നും ആ ഹിന്ദുക്കളാണ് രാക്ഷസന്മാരായി മാറിയതെന്നും ആ രാക്ഷസന്മാരിനിയും പെരുകാതിരിക്കണമെങ്കില്‍ ഹിന്ദുമതത്തെ ആഭ്യന്തരമായി നവീകരിക്കണമെന്നുമാണ് ആശാന്‍ വിചാരിച്ചിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു (രാജീവന്‍ 2009:893). അതിനാല്‍ വിശകലനങ്ങളുടെയെല്ലാം ആകെ മൊത്തം രത്നച്ചുരുക്കം ഇത്രമാത്രമാണ്. ജാതിവ്യവസ്ഥയുടെ തിന്മകളെക്കുറിച്ചുള്ള മുന്നറിയിപ്പോടെ കാവ്യാരംഭം കുറിക്കുന്ന ആശാന്‍ തുടര്‍ന്ന് ഒരു 'ഇസ്ലാം വിപത്തി'നെ അപരമായി എഴുന്നള്ളിക്കുന്നു. ഇതിലൂടെ 'മുമ്പോട്ടു കാലം കടന്നു പോയിടാതെ മുമ്പേ സ്മൃതികളില്‍ കോട്ടകെട്ടി' താമസിക്കും ഹിന്ദു സമുദായത്തിന്റെ നിലനില്‍ക്കുന്ന വ്യവസ്ഥയുടെ പുനഃസംഘാടനത്തിനായി അഭ്യര്‍ഥിക്കുകയാണ്. ആദിമവും ആദര്‍ശാത്മകവുമായ ഹൈന്ദവ സംസ്കാരത്തിന്റെ സുവര്‍ണ യുഗത്തില്‍ നിന്നുള്ള പില്‍ക്കാല അപചയമാക്കി ജാതിയെ വ്യാഖ്യാനിച്ചെടുത്ത് ഒരു സുവര്‍ണ ഹൈന്ദവ ഭൂതകാലത്തെക്കുറിച്ചുള്ള ഓര്‍മയും അഭിമാനബോധവും അധഃസ്ഥിതരിലേക്കു കൂടി സന്നിവേശിപ്പിക്കാനാണ് ആശാന്‍ ശ്രമിച്ചത്. ഈ ആദിമ വര്‍ണവ്യവസ്ഥയുടെ ആദര്‍ശവല്‍ക്കരണത്തിലേക്കു കൂട്ടിയിണക്കാന്‍ സാധിക്കാതെ കീഴാള സ്വത്വങ്ങള്‍ ഇസ്ലാമിലേക്കും മറ്റുമായി വികേന്ദ്രീകരിക്കപ്പെട്ട ചരിത്ര സന്ദര്‍ഭമാണ് ആശാനെ 'ദുരവസ്ഥ' എഴുതിപ്പിച്ചത് എന്ന് വായിക്കാനാണ് കൂടുതല്‍ എളുപ്പം.


(തുടരും)

അടിക്കുറിപ്പുകള്‍
16. സിവി. കുഞ്ഞുരാമനും 'മിതവാദി' സി. കൃഷ്ണനും അടങ്ങുന്ന ധാരയാണ് ഒന്നാമത്തെ വിഭാഗമെങ്കില്‍ ആശാന്‍ നേതൃത്വം നല്‍കിയായിരുന്നു രണ്ടാമത്തെ ധാര നിലനിന്നത്. മതംമാറ്റ വക്താക്കള്‍ക്കു മറുപടിയായി കുമാരനാശാന്‍ എഴുതിയ 'മതപരിവര്‍ത്തന രസവാദം ഒരു മറുപടി' എന്ന ലേഖനം സി. കൃഷ്ണന്റെ കീഴില്‍ ഇറങ്ങിയിരുന്ന 'മിതവാദി'യില്‍ പ്രസിദ്ധീകരിക്കാതെ തിരിച്ചയക്കുന്നുണ്ട്.
17. പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ ഇസ്ലാമിലേക്കുള്ള കീഴാള സമൂഹങ്ങളുടെ മതപരിവര്‍ത്തനത്തിന് കാരണമായി വര്‍ഗീയ ചരിത്രകാരന്മാര്‍ ഉയര്‍ത്തിക്കാട്ടാറുള്ളത് മൈസൂര്‍ സുല്‍ത്താന്‍മാരുടെ മതഭ്രാന്താണ്. എന്നാല്‍ ഇതിനു മറുപടിയായി കുടിയാന്‍ സംഘങ്ങളെ ആകര്‍ഷിച്ച ടിപ്പുസുല്‍ത്താന്റെ വിപ്ളവാത്മകമായ ഭരണരീതികളെക്കുറിച്ച് പി.കെ ബാലകൃഷ്ണന്‍ വരച്ചു കാട്ടുന്നുണ്ട് (ബാലകൃഷ്ണന്‍ 1996:204).
18. "മേല്‍ജാതിക്കാരായ ഭൂവുടമകളുടെ എച്ചില്‍ ഭക്ഷിക്കരുതെന്നും ഇങ്ങോട്ട് 'നീ' എന്ന് വിളിക്കുന്നവരെ 'നീ' എന്നു തന്നെ തിരിച്ചു വിളിക്കാമെന്നും പുണ്യദിവസമായ വെള്ളിയാഴ്ച പണിക്കു പോവരുതെന്നും അന്യായമായി കുടിയൊഴിപ്പിക്കുന്ന ജന്മിയെ വധിക്കുന്നത് പാപമല്ല എന്നും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ഫത്വ ഇറക്കിയിരുന്നു'' (പണിക്കര്‍ 2004:82).

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം