Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 1

പിരടി മുറിക്കുന്ന ദുസ്വഭാവം

ഡോ: മുഹമ്മദ് അലി അല്‍ഹാശിമി

ഇസ്‌ലാം വെറുക്കുന്ന ദുഃസ്വഭാവങ്ങളാണ് മുഖസ്തുതിയും വ്യാജപ്രശംസയും. യഥാര്‍ഥ മുസ്‌ലിം ഇവയില്‍ നിന്ന് ബഹുദൂരമകന്നു നില്‍ക്കും. ഇന്ന് പലരെയും ഗ്രസിച്ച  രോഗമാണിത്. അത് കാപട്യമാണെന്നും അതിന്റെ പരിണിതി നാശമായിരിക്കുമെന്നും തിരിച്ചറിയണം. അത്തരം ദുഃസ്വഭാവങ്ങളെ  പ്രവാചകന്‍ വെറുക്കുകയും തടയുകയും ചെയ്തിരുന്നു.
ഒരിക്കല്‍ ബനൂ ആമിര്‍ കുടുംബം പ്രവാചകനെ പ്രശംസിച്ചുകൊണ്ടിരുന്നു. അവര്‍ പറഞ്ഞു: ''താങ്കള്‍ ഞങ്ങളുടെ യജമാനനാണ്.'' അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ''യജമാനന്‍ അല്ലാഹുവാണ്.'' അവര്‍ വീണ്ടും: ''താങ്കള്‍  ഞങ്ങളിലേറ്റവും ശ്രേഷ്ഠനും പ്രശസ്തിയുളളവനുമാണ്.''  അതും കൂടി കേട്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ''നിങ്ങള്‍ ഉള്ളത് പറയുകയോ, ഉള്ളതില്‍ കുറച്ച് പറയുകയോ ചെയ്യുക. പിശാചിന്റെ ഒത്താശക്കാരായും ഏജന്റുമാരായും നിങ്ങള്‍ മാറരുത്. അല്ലാഹു എനിക്ക് നല്‍കിയ ഔന്നത്യത്തേക്കാള്‍ കൂടുതല്‍ ഔന്നത്യത്തിലേക്ക് നിങ്ങളെന്നെ ഉയര്‍ത്തരുത്. ഞാന്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദാണ്. അല്ലാഹുവിന്റെ  അടിമയും അവന്റെ ദൂതനുമാണ്'' (ഹയാത്ത് സ്വഹാബ: 3-99). നോക്കൂ, പ്രവാചകന്‍ മുസ്‌ലിംകളുടെ നേതാവും ശ്രേഷ്ഠനും മഹാനുമാണ്. അതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ അങ്ങനെ പറയുന്നത് പ്രവാചകന്‍ വിലക്കുന്നു. കാരണം അതു ഇസ്‌ലാമിന്റെ പരിശുദ്ധിക്ക് കളങ്കമേല്‍പിക്കുമെന്നും മനുഷ്യനെ അസത്യത്തിലേക്കും കാപട്യത്തിലേക്കും നയിക്കുമെന്നും അഹങ്കാരവും  ഔന്നത്യവും നടിക്കാന്‍ കാരണമാകുമെന്നും പ്രവാചകന്‍ മനസ്സിലാക്കി. സ്വഹാബികളുടെ നിലപാടും അതു തന്നെയായിരുന്നു.
അബൂബക്കര്‍ (റ) പറഞ്ഞു: ''ഒരിക്കല്‍ പ്രവാചക സന്നിധിയില്‍ ഒരാള്‍ മറ്റൊരാളെ  പുകഴ്ത്തി പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍  പറഞ്ഞു: നിനക്ക് നാശം,  നിന്റെ സഹോദരന്റെ പിരടി നീ മുറിച്ചിരിക്കുന്നു. അവിടുന്ന് മൂന്ന് പ്രാവശ്യം അതാവര്‍ത്തിച്ച ശേഷം പറഞ്ഞു: നിങ്ങള്‍ക്കാര്‍ങ്കെിലും മറ്റൊരാളെ പുകഴ്ത്തി പറഞ്ഞേ പറ്റൂവെങ്കില്‍ ഇന്നാലിന്ന വിധത്തില്‍ ഞാന്‍ വിചാരിക്കുന്നുവെന്ന് പറഞ്ഞു കൊളളട്ടെ. കൂടുതല്‍ അറിയുന്നവന്‍ അല്ലാഹുവാണ്. ആ വ്യക്തി അങ്ങനെയാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരിക്കുകയും വേണം. അല്ലാഹുവിനേക്കാള്‍ മാറ്റാരെയും പ്രശംസിക്കാവതല്ല'' (ശൈഖാനി).
ഒരാളെ സ്തുതിച്ച് പറഞ്ഞേ തീരൂ എന്നാണെങ്കില്‍, അനിവാര്യമാണെങ്കില്‍ അത് സത്യത്തിനും യാഥാര്‍ഥ്യത്തിനും നിരക്കുന്നതായിരിക്കണം.  അസത്യം കൂട്ടിച്ചേര്‍ത്ത് പെരുപ്പിച്ചും പൊലിപ്പിച്ചും പറയരുത്. വാക്കുകളില്‍ സൂക്ഷ്മതയും മിതത്വവും പാലിക്കണം. ഒരിക്കല്‍ പ്രവാചകനും മിഹ്ജനുല്‍ അസ്‌ലമിയും പള്ളിയിലിരിക്കെ, റൂകൂഇലും സൂജൂദിലുമായി കഴിയുന്ന ഒരാളെ നബി (സ) കണ്ടു.  പ്രവാചകന്‍ ചോദിച്ചു: ''ആരാണത്?'' മിഹ്ജനുല്‍ അസ്‌ലമി  അയാളെ അമിതമായി പുകഴ്ത്താന്‍ തുടങ്ങി: ''അല്ലാഹുവിന്റെ പ്രവാചകരേ, അയാള്‍ ഇങ്ങനെയെക്കെയാണ്, അങ്ങനെയെക്കെയാണ്.'' ഉടനെ പ്രവാചകന്‍ പറഞ്ഞു: ''താങ്കള്‍ സംസാരം നിര്‍ത്തുക,  അയാളെ  അതു  കേള്‍പ്പിക്കരുത്. അത് അയാളെ നശിപ്പിക്കും'' (ബുഖാരി ).
ആരെയാണോ സ്തുതിക്കുന്നത്, അതയാള്‍ കേള്‍ക്കെ പറയുന്നത് നാശമുണ്ടാക്കുമെന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. സ്തുതികേട്ട് ആനന്ദം കൊള്ളാന്‍ മനുഷ്യ മനസ്സ് ആഗ്രഹിക്കുന്നു. ജനങ്ങളില്‍ നിന്ന്് മുഖം ചുളിച്ച് തിരിഞ്ഞുപോകാനും അഹങ്കാരവും ഗര്‍വും കാണിക്കാനും  അതവന് പ്രേരണയാകും. സ്തുതികീര്‍ത്തനത്തില്‍ ഹരം കൊള്ളുന്ന എത്രയെത്ര  ആളുകളാണ് നമുക്ക് ചുറ്റും! സദുപദേശമോ വിമര്‍ശനമോ കേള്‍ക്കാന്‍ അവര്‍ സന്നദ്ധരല്ല, മുഖസ്തുതിയും പുകഴ്ത്തലും പ്രശംസയുമാണ് അവര്‍ക്ക് ഇഷ്ടം. പരസ്യമായി മുഖസ്തുതി പറയുന്നത് സത്യത്തെ മറച്ചുപിടിക്കുന്നതിന് തുല്യമാണ്. അത് അനീതി ക്ഷണിച്ചുവരുത്തും. നന്മകളെ അപ്രത്യക്ഷമാക്കും. അങ്ങനെ സമൂഹത്തിന്റെ നാശകാരണമാവും. അതുകൊണ്ടാണ് പ്രവാചകന്‍(സ) സ്വഹാബികളോട് സ്തുതിപാഠകരുടെ  മുഖത്ത്  ചെളിവാരി  തേക്കാന്‍  കല്‍പിച്ചത്. ഒരിക്കല്‍  അമീറുമാരില്‍ ഒരാളെ പ്രശംസിക്കാന്‍ തുനിഞ്ഞ  ഒരാളെ  മിഖ്ദാദ് (റ) മുഖത്ത്   ചെളിവാരി തേക്കുകയുണ്ടായി. 'സ്തുതിപാടുന്നവരെ കണ്ടാല്‍ അവരുടെ മുഖത്ത് നിങ്ങള്‍ മണല്‍ വാരി എറിഞ്ഞു കൊള്ളുക' എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ടെന്ന് മിഖ്ദാദ് അതിന് ന്യായവും പറഞ്ഞു.
മുഖസ്തുതി പറയുന്നത് സ്വഹാബികളും വലിയ അപരാധമായി കണ്ടിരുന്നു.  പറയുന്ന കാര്യം അവരിലുണ്ടെങ്കിലും  ശരി. ഒരിക്കല്‍  ഇബ്‌നു ഉമറി(റ)നെ ഒരാള്‍ ഇങ്ങനെ അഭിസംബോധന ചെയ്തു: ''ജനങ്ങളില്‍ ഉത്തമനേ, ജനങ്ങളില്‍ ഉത്തമ സന്തതിയേ!'' അപ്പോള്‍ ഇബ്‌നു ഉമര്‍ (റ) പറഞ്ഞു: ''ഞാന്‍ ജനങ്ങളില്‍ ഉത്തമനുമല്ല, ഉത്തമ സന്തതിയുമല്ല. അല്ലാഹുവിന്റെ അടിമകളില്‍ ഒരാളാണ്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുകയും അവനെ ഭയപ്പെടുകയും ചെയ്യുന്നു ഒരാള്‍. അല്ലാഹുവാണ, (അമിതമായ വാഴ്ത്തി) നിങ്ങള്‍ ഒരാളെ നശിപ്പിച്ച് കളയരുത്'' (ഹയാത്ത് സ്വഹാബ 3-103).
മുഖസ്തുതി കാപട്യമായിട്ടാണ് സ്വഹാബികള്‍ കണ്ടിരുന്നത്. അതിനാല്‍ അതിലേക്ക് എത്തിക്കുന്ന കാര്യങ്ങളില്‍ നിന്നെല്ലാം അവര്‍  അകന്നു നിന്നിരുന്നു. ഇബ്‌നു ഉമര്‍ (റ) ഉദ്ധരിക്കുന്ന ഒരു വിവരണത്തിലിങ്ങനെ കാണാം. “”ചിലര്‍ അദ്ദേഹത്തോട് പറഞ്ഞു: ''ഞങ്ങള്‍ ഭരണാധികാരികളുടെയടുത്ത് പോയപ്പോള്‍, അവരുടെ അസാന്നിധ്യത്തില്‍ ഞങ്ങള്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ക്ക് വിപരീതമായ കാര്യങ്ങളാണ് സംസാരിച്ചത്.'' ഇബ്‌നു ഉമര്‍ (റ) അവരോട് പറഞ്ഞു: ''പ്രവാചകന്റെ കാലത്ത് ഞങ്ങളതിനെ കാപട്യം എന്നാണ് വിളിച്ചിരുന്നത്'' (ബുഖാരി).

വിവ: അബ്ദുറഹ്മാന്‍ തുറക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം