വഖ്ഫുകള്‍ പ്രോത്സാഹിപ്പിക്കുക
ഗള്‍ഫ് രാജ്യങ്ങളില്‍ പത്തും ഇരുപതും സ്ഥാപനങ്ങളുള്ള അനേകം വ്യാപാരികളെ ഈ ലേഖകനറിയാം- മുപ്പതും നാല്‍പതും അതിലേറെയും ലക്ഷങ്ങള്‍ പ്രതിമാസം വരുമാനം ലഭിക്കുന്നവര്‍ ഈ കൂട്ടത്തിലുണ്ട്. ദീര്‍ഘകാലത്തെ പരിചയം കാരണം പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും ലാഭം കൊയ്തെടുക്കാനും ഇവര്‍ക്കാണ് തുടക്കക്കാരേക്കാള്‍ അവസരം ഉണ്ടാവുക. അടുത്ത ബന്ധുക്കളും അയല്‍ക്കാരുമടക്കം അനേകം പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനു പുറമെ പള്ളികള്‍, വിദ്യാലയങ്ങള്‍, അനാഥശാലകള്‍ തുടങ്ങി അനേകം പൊതു സ്ഥാപനങ്ങള്‍ക്ക് ഈ വ്യാപാരി സമൂഹം ഗണ്യമായ സംഭാവനകള്‍ നല്‍കുന്നുണ്ട്. എന്നാല്‍, അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ ലഭിക്കുന്ന ഈ വിഭാഗം ഒന്നുകൂടി മനസ്സുവെച്ചാല്‍ ഒരുപാട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഈ സമ്പന്ന വിഭാഗത്തില്‍ പലര്‍ക്കും രണ്ടോ മൂന്നോ ഏറി വന്നാല്‍ അഞ്ചോ സന്താനങ്ങള്‍ മാത്രമേ കാണൂ. പെണ്‍മക്കളെ ആര്‍ഭാട-ആഭരണ പൂര്‍വം കെട്ടിച്ചയക്കാനും ആണ്‍മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ഇവര്‍ വന്‍ തുകകള്‍ ചെലവഴിക്കുന്നു. കോടികള്‍ ചെലവഴിച്ച് വീട് പണിയാനും ഇടക്കിടക്ക് മോടി കൂട്ടാനും ഏറെ പേരും തല്‍പരരാണ്. എന്നാല്‍, അഞ്ചും പത്തും സ്ഥാപനങ്ങളുള്ള മുതലാളിമാര്‍ ഒന്നിന്റെ വരുമാനം ജീവകാരുണ്യ സംരംഭങ്ങള്‍ക്ക് നീക്കിവെക്കുകയാണെങ്കില്‍ അല്ലാഹുവില്‍നിന്ന് പ്രതിഫലവും അനേകം സാധുക്കള്‍ക്ക് പ്രയോജനവും ലഭിക്കും. സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകള്‍ക്ക് ക്ളാസ് മുറികള്‍, ആശുപത്രികള്‍ക്ക് വാര്‍ഡുകള്‍, പൊതു ഗ്രന്ഥാലയങ്ങള്‍, ഖുര്‍ആന്‍ പഠനകേന്ദ്രങ്ങള്‍, കിണറുകള്‍ തുടങ്ങി ഓരോ പ്രദേശത്തിന്റെയും ആവശ്യം കണ്ടറിഞ്ഞ് തുക ചെലവഴിക്കാന്‍ ഈ സമ്പന്നവര്‍ഗം തയാറാകണം. സ്വന്തം പേരിലോ മരിച്ചുപോയ മാതാപിതാക്കളുടെ പേരിലോ അഞ്ചോ പത്തോ ലക്ഷം രൂപ വഖ്ഫ് ചെയ്യാന്‍ പ്രയാസമില്ലാത്ത നൂറ് കണക്കിന് സമ്പന്നര്‍ നമ്മുടെ നാട്ടിലുണ്ട്. വഖ്ഫിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിനു ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചും പുതുതലമുറ വേണ്ടത്ര ബോധവാന്മാരല്ല. എന്നാല്‍, കേരളത്തിലും ഇതര പ്രദേശങ്ങളിലും സത്യവിശ്വാസികളായ സമ്പന്നര്‍ ചെയ്ത വഖ്ഫിന്റെ സദ്ഫലങ്ങളാണ് പിന്‍തലമുറക്കാര്‍ അനുഭവിക്കുന്നത്.
വിദ്യാഭ്യാസ രംഗത്തും ആതുരസേവന-അഗതി സംരക്ഷണ മേഖലയിലും വന്‍ തുകകള്‍ ആവശ്യമായി വരുന്ന ഈ കാലത്ത് വീടിനും വാഹനത്തിനും കല്യാണാഘോഷങ്ങള്‍ക്കും ചെലവിടുന്ന ലക്ഷങ്ങള്‍ 'ജാരിയായ സദഖ' (ശാശ്വത ദാനം)ക്കായി നീക്കിവെക്കാന്‍ സമ്പന്നര്‍ പൊതുവിലും ഗള്‍ഫിലെ വ്യാപാര വ്യവസായ പ്രമുഖര്‍ വിശേഷിച്ചും തയാറാകേണ്ടതാണ്.
Comments