Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 1

പ്രതീക്ഷ പകര്‍ന്ന വര്‍ഗീയ കലാപ ബില്ലിന്റെ ദുര്‍ഗതി

എം.സി.എ നാസര്‍

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന്നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ഭാവി ഉരുപ്പടിയായി ഉയര്‍ത്തി കാട്ടാന്‍ ആര്‍.എസ്.എസ് കൊണ്ടുപിടിച്ച നീക്കം നടത്തുന്നതിനിടയിലാണ് ഏറെ കൊട്ടിഘോഷിച്ച വര്‍ഗീയ കലാപ ബില്ലിന്റെ ഖബറടക്കത്തിന് വഴിയൊരുങ്ങിയതും.  ഒമ്പതു വര്‍ഷം മുമ്പ് ഗുജറാത്തില്‍ നടന്ന മുസ്‌ലിം കൂട്ടക്കുരുതിയുടെ നടുക്കം ഇപ്പോഴും ബാക്കിയുണ്ട്. അതിനിടയിലാണ് ഇരകള്‍ക്ക് വലിയ പ്രതീക്ഷ പകര്‍ന്ന ഒരു നിയമ നിര്‍മാണം ഏറെക്കുറെ പൂര്‍ണമായ തോതില്‍ അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഉണ്ടായതും. ഇപ്പോഴത്തെ നിലക്ക് പാര്‍ലമെന്റിനു മുമ്പാകെ ഭാവിയില്‍ എപ്പോഴെങ്കിലും  ബില്‍ വന്നാല്‍ തന്നെയും കാര്യമുണ്ടാകും എന്നു തോന്നുന്നില്ല. നിലവിലുള്ള നിയമങ്ങള്‍ തന്നെ സ്ഥിതിഗതികള്‍ നേരിടാന്‍ പര്യാപ്തമാണെന്ന് ബി.ജെ.പി പറയുന്നു. അപ്പുറത്തുള്ള മതേതര പക്ഷത്തു നിന്നും അതേ കോറസ് ഉയരുന്നു. ബില്ലിനു വേണ്ടി ഇത്രയെങ്കിലും നടന്നതു വലിയ കാര്യമെന്ന നിലയില്‍ കോണ്‍ഗ്രസും. അതോടെ ഉള്‍വലിയല്‍ ഉറപ്പായി.
ബി.ജെ.പിയും എന്‍.ഡി.എ ഘടക കക്ഷികളും മാത്രമല്ല ഈ മാസം പത്തിനു ദല്‍ഹിയില്‍ നടന്ന ദേശീയോദ്ഗ്രഥന കൗണ്‍സില്‍ യോഗത്തില്‍ ബില്ലിനെ എതിര്‍ത്തത്. മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ പോലും ഒപ്പം നിര്‍ത്താന്‍ യു.പി.എ നേതാക്കള്‍ക്കായില്ല. ബില്ലിന്റെ കാര്യത്തില്‍ പ്രഥമിക ഗൃഹപാഠം പോലും എന്തുകൊണ്ടു നടന്നില്ല എന്ന ചോദ്യത്തിന്  ഉത്തരം തേടുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ബോധ്യമാകും. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ ആദ്യം എതിര്‍ത്ത മമതയെ അനുനയിക്കാനും ഭേദഗതികളിലൂടെ ആശങ്ക അവസാനിപ്പിക്കാനും സര്‍ക്കാര്‍ ഏറെ താല്‍പര്യമെടുത്തു. എന്നാല്‍ വര്‍ഗീയ കലാപ ബില്ലിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും കണ്ടില്ല.

ഗുജറാത്ത് പാഠങ്ങളുടെ ബാക്കിപ്രതം
2002-ല്‍ ഗുജറാത്തില്‍ മോഡി സര്‍ക്കാറിനു കീഴില്‍ നടന്ന മുസ്‌ലിം ഉന്മൂലനമാണ് ഇത്തരമൊരു ബില്ലിന് വഴിയൊരുക്കിയത്. കലാപത്തിന്റെ നടുക്കുന്ന ഓര്‍മകളുമായി ഇന്നും മരിച്ചു ജീവിക്കുന്ന മനുഷ്യരില്‍ മാത്രമല്ല, അരക്ഷിതാവസ്ഥ വേട്ടയാടുന്ന ഗുജറാത്തിനു പുറത്തുള്ള മറ്റു ന്യൂനപക്ഷങ്ങളിലും അത് പ്രതീക്ഷ പടര്‍ത്തിയത് സ്വാഭാവികം. ഗുജറാത്തില്‍ മോഡിയും കേന്ദ്രത്തില്‍ വാജ്‌പേയിയും ഭരിച്ചുകൊണ്ടിരുന്ന ഘട്ടത്തിലായിരുന്നല്ലോ ഗോധ്രയുടെ മറപറ്റി ദിവസങ്ങള്‍ നീണ്ട ഉന്മൂലനം തിമര്‍ത്താടിയത്. രാഷ്ട്രീയാധികാരം നല്‍കുന്ന സുരക്ഷയിലായിരുന്നു ഇരകള്‍ക്കു മേല്‍ താണ്ഡവം. അതിന്റെ ബാക്കിപത്രം എന്തെന്നും നാം കണ്ടറിഞ്ഞതാണ്.
ഗുജറാത്താനന്തര രാഷ്ട്രീയത്തില്‍ ന്യൂനപക്ഷ മനസ് കോണ്‍ഗ്രസിനോട് കൂടുതല്‍ ചേര്‍ന്നുനിന്നു. 2004-ലെ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ കേന്ദ്രങ്ങളിലെങ്ങും ബി.ജെ.പി വിരുദ്ധ വികാരം അണ പൊട്ടി. ന്യൂനപക്ഷങ്ങളെ ഗുജറാത്ത് സമാന കുരുതികളില്‍ നിന്ന് രക്ഷിക്കാന്‍ ശക്തമായ നിയമ നിര്‍മാണം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ എടുത്തു പറഞ്ഞു. തുറന്ന ചര്‍ച്ചകളിലൂടെയാകും  ബില്ലിന് രൂപം നല്‍കുകയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചതുമാണ്. സര്‍ക്കാറേതര സംഘടനകളെ, പൗരാവകാശ പ്രവര്‍ത്തകരെ,  നിയമവിദഗ്ധരെ വിളിച്ചുചേര്‍ത്ത് ശക്തമായ ഒരു ബില്ലിന്റെ ആവശ്യകത കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച ചെയ്യാനും തയാറായി.  വ്യക്തമായ ലക്ഷ്യവും ശക്തമായ വ്യവസ്ഥകളും ബില്ലിനു വേണമെന്ന് പലരും നിര്‍ദേശിച്ചു.  എല്ലാം നേതാക്കള്‍ അംഗീകരിച്ചു.
വിശദമായ ചര്‍ച്ചയിലൂടെ മാത്രമേ ബില്ലിന് അന്തിമരൂപം നല്‍കൂ എന്ന് അന്നത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ ഉറപ്പു പറഞ്ഞു. പല  നഗരങ്ങളിലും മന്ത്രിയുടെ സാന്നിധ്യത്തില്‍ ചില കൂടിയാലോചനകളും  നടന്നു. സര്‍ക്കാറേതര സംഘടനകളും മറ്റും കൈമാറുന്ന നിര്‍ദേശങ്ങള്‍ കൂടി അന്തിമ ബില്ലില്‍ ഉണ്ടാകുമെന്നും ഭരിക്കുന്നവര്‍ പറഞ്ഞിരുന്നു.  2005-ല്‍ തട്ടിക്കൂട്ടിയ ഒരു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. അത്രയേ ഉണ്ടായിരുന്നുള്ളൂ ്രപാഥമിക ലക്ഷ്യം. പിന്നീട് ആ ബില്‍ പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റിക്കു കൈമാറി.
തുടക്കം മുതല്‍ വെറും വഴിപാടായിരുന്നു ബില്ലിന്റെ കാര്യത്തില്‍ കണ്ടത്. ഏതെങ്കിലും നിലക്ക് ഒരു ബില്‍ ചുട്ടെടുക്കുന്നതിലൊതുങ്ങി കാര്യങ്ങള്‍. അതുകൊണ്ടു തന്നെ ആദ്യമായി രൂപം നല്‍കിയ കരടുബില്ലില്‍ വേട്ടക്കാര്‍ക്കൊപ്പം നിലയുറപ്പിക്കാനുള്ള വെമ്പലാണ് കണ്ടത്. പോലീസിന് കൂടുതല്‍ അധികാരം നല്‍കണം എന്ന നിര്‍ദേശമായിരുന്നു അതില്‍ പ്രധാനം. എന്നാല്‍ എല്ലാ കലാപങ്ങളും അമര്‍ച്ച ചെയ്യപ്പെടുമെന്ന ശുഭാപ്തി അതു ബാക്കി നിര്‍ത്തി.
ഉത്തര്‍പ്രദേശിലും  മറ്റും നടന്ന എണ്ണമറ്റ കലാപങ്ങളില്‍  കുറ്റകരമായ റോള്‍ വഹിച്ചത് പോലീസാണെന്ന പ്രാഥമിക പാഠം പോലും ബന്ധപ്പെട്ടവര്‍ കാണാതെ പോയി. ശക്തമായതു കൊണ്ടു മാത്രമായില്ല, നിഷ്പക്ഷം കൂടിയാവണം പോലീസ്. അങ്ങനെവന്നാല്‍ മാ്രതമേ  കലാപകാരികളെ അമര്‍ച്ച ചെയ്യാന്‍ കഴിയു. പക്ഷേ, പലപ്പോഴും കലാപങ്ങളില്‍ ഭ്രാന്തുപിടിച്ച ആള്‍ക്കൂട്ടത്തിന് വഴികാട്ടിയായി മാറുകയായിരുന്നല്ലോ നമ്മുടെ പോലീസുകാര്‍.
പോലീസിന്റെ നിയന്ത്രണത്തിനു കീഴില്‍ വരാത്ത സാഹചര്യങ്ങളില്‍ കലാപ പ്രദേശങ്ങളെ 'പ്രശ്‌നബാധിത'മായി ്രപഖ്യാപിക്കണം എന്നായിരുന്നു ആദ്യ കരടു ബില്ലിലെ വ്യവസ്ഥകളില്‍ ഒന്ന്. ഇതും ഗൃഹപാഠം നടക്കാതെ പോയതിന്റെ വലിയ തകരാറാണ്. സാമുദായിക അസ്വാസ്ഥ്യം ഉണ്ടാകുമ്പോള്‍ ന്യൂനപക്ഷ മേഖലയില്‍ മാ്രതം കര്‍ഫ്യു നടപ്പാക്കുകയും മറ്റിടങ്ങളില്‍ പരമാവധി ഇളവുകള്‍ അനുവദിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകം. പ്രശ്‌നബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതോടെ പോലീസിന് ആരെയും വെടിവെച്ചു കൊല്ലാന്‍ എളുപ്പം. ഇരകള്‍ക്ക് ആശ്വാസം ലഭിക്കുന്നതിനു പകരം അവരെ  കൂടുതല്‍ നിസ്സഹായതയിലേക്ക് തള്ളിവിടാന്‍ പോന്ന വ്യവസ്ഥ വലിയ മാറ്റം കൂടാതെ പുതുക്കിയ ബില്ലിലും തുടരുകയാണ്.
പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ ന്യൂനപക്ഷങ്ങള്‍െക്കതിരെ വെറുപ്പിന്റെ സാഹചര്യം ഒരുക്കുന്നവരെ നിലക്കു നിര്‍ത്താന്‍ ഭരണകൂടത്തിനു കഴിയണമെന്ന് ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് ശക്തമായി നിര്‍ദേശിച്ചതാണ്. എന്നാല്‍, ഇത്തരം ആളുകളെ അറസ്റ്റ് ചെയ്യാനോ കലാപ വേളകകളില്‍ പക്ഷപാതപരമായി പെരുമാറുന്ന  ഉദ്യോഗസ്ഥരെയും രാഷ്ട്രീയ ്രപതിനിധികളെയും ശിക്ഷിക്കാനോ എല്ലുറപ്പുള്ള വ്യവസ്ഥകള്‍ വര്‍ഗീയ കലാപ ബില്ലിന്റെ പരിധിക്കു പുറത്താണ്. പോലീസിന്റെയും പ്രാദേശിക ഭരണ സംവിധാനങ്ങളുടെയും പിഴവുകളാണ് കലാപങ്ങള്‍ക്ക് വഴിയൊരുക്കുന്ന പ്രധാന ഘടകം. പിന്നിട്ട പതിറ്റാണ്ടുകളില്‍ വെറുപ്പു കലര്‍ന്ന പ്രസംഗങ്ങളിലൂടെ കലാപങ്ങള്‍ക്ക് മണ്ണൊരുക്കി നിരവധി മനുഷ്യരെ കൊന്നൊടുക്കുമാറുള്ള കലാപങ്ങള്‍ സൃഷ്ടിച്ചിട്ടും ഏതെങ്കിലും ഒരു നേതാവിനെ തുറുങ്കിലടക്കാന്‍ നമ്മുടെ ഭരണ-നിയമ സംവിധാനത്തിനു കഴിഞ്ഞോ? അല്ലേലും  ഐ.പി.സി 153-എ ഉള്‍പ്പെടെ വകുപ്പുകള്‍ ഇല്ലാത്തതാണോ ഇവിടെ പ്രശ്‌നം?

അടിത്തറ ഭ്രദം, പക്ഷേ...
വര്‍ഗീയ കലാപ(തടയലും നിയന്ത്രണവും ഇരകളുടെ പുനരധിവാസവും) ബില്‍ Communal Violence (Prevention, Control and Rehabilitation of Victims) Bill, 2005” എന്ന പേരിലാണ് 2005-ല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ലക്ഷ്യങ്ങള്‍ എന്തെന്ന് വ്യക്തമായി നിര്‍ണയിച്ചിരുന്നു. അതിങ്ങനെ സം്രഗഹിക്കാം: വര്‍ഗീയ, വംശീയ അക്രമങ്ങള്‍ കൂടി ഉള്‍പ്പെടുത്തി  നിയമം വിപുലീകരിക്കല്‍.
സംസ്ഥാനങ്ങളുടെ ശാക്തീകരണം മുഖേന നടപടികളും ഉത്തരവാദിത്വവും ബന്ധപ്പെട്ടവരില്‍ നിന്നു തേടല്‍.
പ്രശ്‌നബാധിത പ്രദേശം’ (disturbed areas) എന്ന പ്രഖ്യാപനത്തില്‍ അടിസ്ഥാന നിയമത്തെ പരിമിതപ്പെടുത്താതിരിക്കല്‍.
ഫെഡറല്‍ ഘടനക്ക് ദോഷകരമാകാതെ നിയമം നടപ്പില്‍ വരുത്തുന്നതിന് സ്വതന്ത്ര ദേശീയ അതോറിറ്റി രൂപവത്കരണം.
വര്‍ഗീയ കലാപങ്ങള്‍ തടയുന്നതിനും നിയന്ത്രണത്തിലാക്കുന്നതിനും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഉത്തരവാദിത്വവും നിയമപരമായ ബാധ്യതയും ഉറപ്പാക്കല്‍. മേലേക്കിട ചുമതലയിലുള്ളവരുടെ ഉത്തരവാദിത്വവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ഉള്‍ച്ചേര്‍ക്കല്‍.
മതം, ജാതി, ഭാഷാ, പ്രാദേശിക ഭേദങ്ങളുടെ പേരില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് പ്രത്യേകമായ നിര്‍വചനം രൂപപ്പെടുത്തല്‍.
വെറുപ്പും സ്പര്‍ധയും കലര്‍ന്ന പ്രസംഗം നടത്തുന്നവര്‍ക്കെതിരെ അനുമതി കൂടാതെയുള്ള നടപടിക്ക് വഴിയൊരുക്കല്‍.
ലൈംഗികാതിക്രമങ്ങള്‍ പോലുള്ള പുതിയ കുറ്റകൃത്യങ്ങളില്‍ വ്യക്തമായ നിര്‍വചനം.
ഇരകള്‍ക്ക് മികച്ച നിലവാരത്തിലുള്ള സുരക്ഷ, ആശ്വാസം, നഷ്ടപരിഹാരം, പുനരധിവാസം എന്നിവ ഉറപ്പാക്കല്‍ സര്‍ക്കാറിന്റെ നിര്‍ബന്ധിതവും നിയമപരവുമായ ബാധ്യതയാക്കല്‍.

ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി?
എല്ലാ മഹിത ലക്ഷ്യങ്ങളും എടുത്തു പറയുന്നുണ്ടെന്നതു ശരി. എന്നാല്‍, ്രപയോഗവത്കരണവുമായി ബന്ധപ്പെട്ട് േസാണിയാ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള ദേശീയ ഉപദേശക സമിതി (എന്‍.എ.സി) എന്തുകൊണ്ട് കടുത്ത വ്യവസ്ഥകള്‍ മുന്നോട്ടു വെക്കാന്‍ മടിച്ചു എന്ന കാര്യം ദുരൂഹം.
വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെയാണ് ദേശീയ ഉപദേശക കൗണ്‍സില്‍ ഈ ബില്ലിന് രൂപം നല്‍കിയത്.  ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആദ്യ ബില്ലില്‍ ചില സു്രപധാന ഭേദഗതികള്‍ സമിതി നിര്‍ദേശിച്ചുവെന്നത് ്രശദ്ധേയം.  പൗരാവകാശ സംഘടനകളും മുസ്‌ലിം ഗ്രൂപ്പുകളും ബില്ലിനെതിരെ രംഗത്തു വന്നതോടെ നിരന്തര ചര്‍ച്ചക്കൊടുവില്‍ കഴിഞ്ഞ  ജൂണിലാണ് ഭേദഗതികള്‍ക്ക്  അന്തിമ രൂപം നല്‍കിയത്. മൊത്തം 49 ഭേദഗതികളാണ് ഇങ്ങനെ കൊണ്ടു വന്നത്. അതും കൂടി ഉള്‍പ്പെടുത്തിയ ബില്ലിന്റെ പുതുക്കിയ കരടാണിപ്പോള്‍ സര്‍ക്കാറിന്റെ പക്കലുള്ളത്.
കലാപം കൈകാര്യം ചെയ്യാന്‍ കടുത്ത വ്യവസ്ഥകള്‍ കൊണ്ടുവരുന്നതിനേക്കാള്‍, കേന്ദ്രത്തിന്റെ അമിതാധികാരത്തിനുള്ള അവസരങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിലാണ് ഭേദഗതി നിര്‍േദശങ്ങള്‍ ്രപധാനമായും ഊന്നിയത്. 355-ാം വകുപ്പു പ്രകാരം ബാഹ്യ അധിനിവേശങ്ങളില്‍ നിന്നും ആഭ്യന്തര കുഴപ്പങ്ങളില്‍ നിന്നും  സംസ്ഥാനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ടെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോകുന്നേയുള്ളൂ പുതിയ ബില്ലില്‍. 355-ാം വകുപ്പിന്റെ രണ്ടാം  അനുഛേദം പരാമര്‍ശിച്ച്  ഭരണഘടനാ വ്യവസ്ഥകള്‍ ്രപകാരം എല്ലാ സംസ്ഥാന സര്‍ക്കാറുകളും പ്രവര്‍ത്തിക്കണം’ എന്നതിലൊതുങ്ങുന്നു ബില്ലിെല നിര്‍ദേശം.
വകുപ്പ് 3(സി) പ്രകാരം ആളുകളെയോ സംഘത്തെയോ പരിക്കേല്‍പിക്കുന്നതോ സ്വത്തുനാശം വരുത്തുന്നതോ ആയ കലാപ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സെക്യുലര്‍ ഘടനയെ തകര്‍ക്കുമെന്ന ബില്ലിലെ പരാമര്‍ശത്തില്‍ നിന്ന് 'സെക്യുലര്‍ ഘടനയെ തകര്‍ക്കുന്നത്' എന്ന പ്രയോഗം പോലും ഒടുവില്‍ വേണ്ടെന്നു വെച്ചു. ഇതൊക്കെയായിട്ടും  രാജ്യത്തെ ഫെഡറല്‍ ഘടനയെ അപ്പാടെ ബില്‍ വെല്ലുവിളിക്കുകയാണെന്ന ആക്ഷേപമായിരുന്നു ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ ബി.ജെ.പി ഉയര്‍ത്തിയത്.
കരടു ബില്ലില്‍ ദേശീയ അതോറിറ്റിക്ക് അമിതമായ അധികാരങ്ങള്‍ നല്‍കുന്നു എന്ന ആരോപണവും ഉയര്‍ന്നു. എതിര്‍പ്പിനെ  തുടര്‍ന്ന് ഇതും അന്തിമ കരടില്‍ പരമാവധി മയപ്പെടുത്തിയതാണ്. കലാപം പൊട്ടിപ്പുറപ്പെട്ട പ്രദേശങ്ങളില്‍ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗും മാറ്റവും സംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്‍കേണ്ടിയിരുന്നു. എന്നാല്‍ അക്കാര്യത്തിലും ബില്ലിന് മൗനം തന്നെ.
കലാപത്തെ കുറിച്ച് അതോറിറ്റിക്ക് സ്വന്തം നിലക്കോ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലോ അന്വേഷണം നടത്താമെന്ന് ബില്‍ പറയുന്നു. കലാപം തടയാനാവശ്യമായ നിര്‍ദേശങ്ങളും  അതോറിറ്റിക്കു നേരിട്ടു കൈമാറാം. എന്നാല്‍, അന്തിമ കരടിലും അതോറിറ്റിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല. കലാപ സാഹചര്യങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ അതോറിറ്റി നടത്തേണ്ട  ചുമതലകള്‍ എന്തൊക്കെ എന്ന ചോദ്യത്തിനുമില്ല ഉത്തരം. സാമുദായിക സൗഹാര്‍ദം കാത്തുസൂക്ഷിക്കല്‍, വര്‍ഗീയ കലാപം തടയല്‍ എന്നിവയില്‍ അതോറിറ്റിക്ക് പങ്കുവഹിക്കാന്‍ കഴിയുമെന്ന ഏക പരാമര്‍ശം മാത്രം.  കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്ന പക്ഷം ഉത്തരവാദപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും നീണ്ട മൗനം. സ്ഥിതി നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെങ്കില്‍ അതിന് അവരെ പ്രേരിപ്പിക്കുന്ന നിയമം ആവശ്യമല്ലേ?  പേരിന് അതോറിറ്റി ഉണ്ടായതുകൊണ്ടായില്ല. അതു നല്‍കുന്ന നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ തള്ളിയാല്‍ ഇരകളുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കാന്‍ കഴിയും?
പൊതു സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നവരുടെ ഉത്തരവാദിത്വവും സുതാര്യതയും ഉറപ്പാക്കാന്‍ ബില്ലിനു കഴിയേണ്ടിയിരുന്നു.
ഏതെങ്കിലും ഒരു വിഭാഗത്തിനെതിരെ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍,  വെറുപ്പിന്റെ പ്രചാരണം, പീഡനം, സംഘടിത അതിക്രമം എന്നിവയൊക്കെ അതിക്രമങ്ങളില്‍ ഉള്‍പ്പെടുമെന്ന് ബില്‍ വിശദീകരിക്കുന്നു. പക്ഷപാതരഹിതമായി ദൗത്യം നിര്‍വഹിക്കാന്‍ അത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നു.  ഇരകളുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം വര്‍ഗീയ കലാപങ്ങള്‍ രൂപപ്പെടുന്ന സാഹചര്യം മുന്‍കൂട്ടി തടയാന്‍ കഴിയണമെന്നും ബില്‍ വിശദീകരിക്കുന്നു.
വര്‍ഗീയ കലാപങ്ങളില്‍ ഇരകള്‍ക്ക് നീതിയും നഷ്ടപരിഹാരവും സുരക്ഷയും ഉറപ്പാക്കുകയാണ് ദേശീയ അതോറിറ്റിയുടെ ബാധ്യത. സാമുദായിക സൗഹാര്‍ദത്തിന് സംസ്ഥാന തലങ്ങളിലും അതോറിറ്റി വേണമെന്നും ബില്‍ ആവശ്യപ്പെടുന്നു. ഉത്തരവാദിത്വം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന  ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെങ്കില്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നും ബില്‍ പറയുന്നു. 30 നാളുകള്‍ക്കകം സര്‍ക്കാര്‍ ്രപതികരണം അറിയിച്ചിരിക്കണം. എല്ലാ ജില്ലകളിലും നീതിയുടെ സംരക്ഷണത്തിന് മനുഷ്യാവകാശ സംവിധാനം രൂപവത്കരിക്കണം. നിലവിലുള്ള നിയമത്തിനു കീഴില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നിര്‍ദേശിക്കാനുള്ള അധികാരം ഈ വേദിക്കായിരിക്കും.  നഷ്ടപരിഹാരം, ദുരിതാശ്വാസം എന്നിവയുടെ മാനദണ്ഡങ്ങള്‍ എന്തെന്ന് നിര്‍ണയിക്കുന്നില്ല. ഭവനങ്ങള്‍ തകര്‍ന്നവര്‍ക്ക് 500 രൂപ അനുവദിച്ച മോഡി സര്‍ക്കാര്‍ അഭയാര്‍ഥി ക്യാമ്പുകള്‍ അടച്ചു പൂട്ടിയതു നാം കണ്ടതാണല്ലോ. പിന്നീട് കോടതികളെ പോലും സ്വാധീനിക്കാന്‍ നിര്‍ലജ്ജനീക്കം നടന്നു. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ ആരും തയാറായില്ല. അതോടെ തെളിവുകള്‍ ഇല്ലാതായി. ഒടുക്കം ഗുജറാത്തില്‍ കലാപം തന്നെ നടന്നില്ലെന്ന സ്ഥിതിയിലെത്തിയില്ലേ കാര്യങ്ങള്‍!

വേട്ടക്കാര്‍ക്കും നല്‍കൂ,
ഇരകളുടെ ആനുകൂല്യങ്ങള്‍
മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ദേശീയോദ്ഗ്രഥന കൗണ്‍സില്‍ യോഗം ചേര്‍ന്നതെന്നോര്‍ക്കുക. ഫെഡറല്‍ ഘടനയുടെ ചൈതന്യം തകര്‍ക്കപ്പെടുമെന്ന ന്യായമാണ് ബി.ജെ.പിയേതര കക്ഷികള്‍ മുഖ്യമായും ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ അവിഹിത ഇടപെടല്‍ നടത്താന്‍ കേന്ദ്രത്തിന് ഇതവസരം ഒരുക്കും എന്ന ആശങ്ക  പങ്കുവെക്കാന്‍ ഇടതുപാര്‍ട്ടികളും മടിച്ചില്ല. അതേസമയം കടുത്ത വ്യവസ്ഥകളുള്ള വര്‍ഗീയ കലാപ ബില്‍ ആവശ്യമാണെന്ന നിലപാട് തന്നെയാണ് ആ പാര്‍ട്ടികള്‍ ഉന്നയിച്ചത്.
ബില്‍ കൊണ്ടുവരാനിടയായ സാഹചര്യം പലരും മറന്നു. മോഡി സര്‍ക്കാറിനു സമാനമായ ഭരണ വ്യവസ്ഥയില്‍ ഭീതിദമാം വിധമുള്ള ഉന്മൂലന നടപടികളുണ്ടാവുമ്പോള്‍ അത് തടയാന്‍ ചില ബദലുകള്‍ വേണ്ടതല്ലേ എന്ന ചോദ്യം ഉയരാതെ പോയി. ഈ സാഹചര്യം സൃഷ്ടിച്ചതിന്റെ ്രപധാന ഉത്തരവാദികോണ്‍്രഗസ് തന്നെ. മുന്നണിയില്‍ പെട്ട തൃണമൂല്‍ കോണ്‍ഗ്രസിനെ പോലും സ്വാധീനിക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞില്ല. അതോടെ  ബില്‍ നീക്കത്തെ തുരങ്കം വെക്കാന്‍ ഇറങ്ങിത്തതിരിച്ച ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമായി. ന്യൂനപക്ഷ പ്രീണനമെന്ന് പാര്‍ട്ടി അപഹസിച്ച ബില്ലിനെതിരെ യു.പി.എ ഘടക കക്ഷി പോലും രംഗത്തിറങ്ങുമ്പോള്‍ മോഡിച്ചിരി തന്നെയാണ് ഉയര്‍ന്നു  കേള്‍ക്കുന്നത്. സു്രപധാന യോഗമായിട്ടും മമത ഉള്‍പ്പെടെ എട്ടു മുഖ്യമന്ത്രിമാര്‍ ദല്‍ഹിയിലേക്ക് എത്തി നോക്കിയതു പോലുമില്ല. പൗരാവകാശ രംഗത്തെ ്രശദ്ധേയ നിയമനിര്‍മാണമായി മാറേണ്ട ഒന്നാണിപ്പോള്‍  എല്ലുറപ്പില്ലാത്ത പരുവത്തിലേക്ക് വലിച്ചെറിയപ്പെടുന്നത്. 'ഇരകള്‍' എന്ന സംജ്ഞക്കു കീഴില്‍ ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളെ പരാമര്‍ശിച്ച ബില്‍ ആ പരികല്‍പനകള്‍ തന്നെ വേണ്ടെന്നു വെക്കാനുള്ള തിടുക്കത്തിലാണിപ്പോള്‍. അതോടെ തീര്‍ന്നില്ലേ, എല്ലാം.

[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം