'തിരമാലകളില്ലാത്ത മഹാസമുദ്രം'
ആദ്യകാലങ്ങളില്‍ പ്രസ്ഥാന വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചതും വ്യാപകമായി ജനശ്രദ്ധ ആകര്‍ഷിച്ചതുമായ പരിപാടിയാണ് സംസ്ഥാന-മേഖലാ സമ്മേളനങ്ങള്‍. സ്റേറ്റ് സമ്മേളനം കേരളത്തെ മുഴുവന്‍ പ്രതിനിധീകരിക്കുമ്പോള്‍ ദക്ഷിണകേരളം, മധ്യകേരളം, ഉത്തരകേരളം എന്നിങ്ങനെ വിഭജിച്ചിട്ടുള്ളതായിരിക്കും മേഖലാസമ്മേളനങ്ങള്‍. ഒന്നോ രണ്ടോ മാസത്തെ മുന്നൊരുക്കങ്ങളോടെ മാത്രമേ ഇത്തരം മഹാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ പറ്റൂ.
വിജയകരമായ സമ്മേളന നടത്തിപ്പിന് അനിവാര്യമായും മൂന്ന് തലങ്ങളുണ്ടാകും. ഓരോന്നും അതതിന്റെ സ്ഥാനത്ത് വളരെ പ്രധാനവുമായിരിക്കും.
ഒന്ന്: വിവിധ വകുപ്പുകളുടെ രൂപവത്കരണവും പന്തല്‍ നിര്‍മാണവും.
രണ്ട്: അജണ്ട നിര്‍ണയവും പ്രചാരണ പ്രവര്‍ത്തനങ്ങളും.
മൂന്ന്: ആദര്‍ശപരവും ആത്മീയവുമായ തലങ്ങള്‍.
ലളിതവും അനാര്‍ഭാട സുന്ദരവുമായ പന്തല്‍ നിര്‍മിതി മുതല്‍ അച്ചടക്ക പൂര്‍ണവും ഭക്തിനിര്‍ഭരവുമായ പരിസമാപ്തി വരെ ഇത്തരം മഹാസമ്മേളനങ്ങളുടെ വിജയകരമായ നടത്തിപ്പ് വലിയൊരു സാഹസികത തന്നെയായിരുന്നു. പ്രസ്ഥാന വളര്‍ച്ചയുടെ ഗ്രാഫ് ഉയരുന്നതിനൊപ്പം, പ്രവര്‍ത്തകരുടെ ബഹുമുഖമായ തര്‍ബിയത്തിനും സമ്മേളനങ്ങള്‍ വലിയ മുതല്‍ക്കൂട്ടായിരുന്നു.
ഓല, പായ, വൈക്കോല്‍, മുള തുടങ്ങിയ നാട്ടുപകരണങ്ങള്‍ കൊണ്ടായിരിക്കും പന്തല്‍ നിര്‍മാണം. ചിലപ്പോള്‍ ഭക്ഷണത്തിനുള്ള അരിയും പച്ചക്കറികളും മറ്റും പ്രവര്‍ത്തകര്‍ സംഭാവനയായി കൊണ്ടുവരുമായിരുന്നു. ഭക്ഷണ പാത്രങ്ങള്‍ കൈയില്‍ കരുതുന്ന പതിവും ഉണ്ടായിരുന്നു. സമ്മേളനത്തിന്റെ കാതലായ ആത്മീയ മുഖം അഞ്ചുനേരത്തെ ഭക്തിസാന്ദ്രമായ ജമാഅത്തു നമസ്കാരം തന്നെ. ഈ ആത്മീയാനുഭൂതി മാത്രം കരുതി പ്രസ്ഥാന ബന്ധുക്കളല്ലാത്ത ധാരാളം മുസ്ലിം സഹോദരങ്ങള്‍ നമസ്കാരത്തില്‍ പങ്കു ചേരാനെത്തുമായിരുന്നു. അച്ചടക്കമാണ് ശ്രദ്ധേയമായ മറ്റൊരു വശം. മലപ്പുറം സമ്മേളനത്തെ സുകുമാര്‍ അഴീക്കോട് സിമ്പോസിയത്തില്‍ പങ്കെടുത്ത് കൊണ്ട് വിശേഷിപ്പിച്ചത് 'തിരമാലകളില്ലാത്ത മഹാസമുദ്രം' എന്നായിരുന്നു. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ കുറിച്ച സിമ്പോസിയങ്ങള്‍ സമ്മേളനങ്ങളുടെ അനിവാര്യമായ ഇനമായിരുന്നു.
തിരൂരില്‍ നടന്ന മേഖലാ സമ്മേളനത്തില്‍ ഒരു സ്വാമികള്‍, ആത്മീയതയില്‍ ഭൌതികത കടന്നുകയറുന്നതിനെ കളിയാക്കിപ്പറഞ്ഞ ഫലിതം ഇപ്പോഴും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നു. സ്വാമി ഉദ്ധരിച്ചത് ഒരു ഭക്തശിരോമണിയുടെ പ്രാര്‍ഥനയാണ്:
ദൈവമേ കേക്കുമാറാകണേ
എന്നെ നീ കാക്കുമാറാക്കണേ
എന്തൊരു നല്ല പ്രാര്‍ഥന! ആത്മീയതയുടെ എന്തൊരു നല്ല അനുഭൂതി! പക്ഷേ, അര്‍ഥം അറിയുമ്പോഴാണ് പൂച്ച പുറത്തുചാടുന്നത്. നാട്ടില്‍ വളര്‍ന്നു വരുന്ന ഒരു വ്യവസായ പ്രമുഖന്‍ ഉണ്ടായിരുന്നു. പേര് 'കെ. കുമാര്‍'. പ്രാര്‍ഥനയുടെ അര്‍ഥം -ദൈവമേ ഞാന്‍ 'കെ. കുമാറാ'കണേ! അത്രത്തോളം ആയില്ലെങ്കില്‍ 'കാല്‍കുമാറെ'ങ്കിലും ആക്കണേ! പണ്ട്, 'ഖാറൂനാക്കണമേ' എന്ന പ്രാര്‍ഥനയുടെ മലയാള വിവര്‍ത്തനം.
പഠന പ്രധാനങ്ങളായ പ്രബന്ധങ്ങള്‍ക്കും ചിന്തോദ്ദീപകങ്ങളായ പ്രസംഗങ്ങള്‍ക്കും നടുവില്‍ ഇത്തരം ഫലിതങ്ങള്‍ വേനല്‍മഴ പോലെ ആസ്വാദ്യങ്ങളായിരുന്നു. ഖുര്‍ആന്‍ പാരായണം, റിപ്പോര്‍ട്ട്-പ്രബന്ധ വായന എന്നിവക്ക് ശബ്ദഭംഗിയുള്ള പ്രവര്‍ത്തകരെ കണ്ടെത്തുമായിരുന്നു. പെരിങ്ങാടിയിലെ കെ.എം അബ്ദുര്‍റഹീം സാഹിബിന്റെ വായന നല്ല ഒരു അനുഭവമായിരുന്നു. സദസ്യരുടെ അഭിപ്രായങ്ങളും നിരൂപണങ്ങളും രേഖപ്പെടുത്തുന്ന പുസ്തകം സമ്മേളന റിസപ്ഷനില്‍ ഉണ്ടായിരിക്കും. ഇതുള്‍പ്പെടെ പത്രങ്ങളില്‍ വരുന്ന പ്രതികരണങ്ങളും ചേര്‍ത്ത്, പ്രബോധനം സമ്മേളന പതിപ്പില്‍ പ്രസിദ്ധീകരിക്കാറുണ്ട്.
ഖുര്‍ആന്‍ ഹദീസ് ദര്‍സുകള്‍, തെരഞ്ഞെടുത്ത വിഷയങ്ങളെക്കുറിച്ച പഠനാര്‍ഹങ്ങളായ പ്രസംഗങ്ങള്‍, അഖിലേന്ത്യാ നേതാക്കളുടെയും മറ്റും പുതിയ പഠനങ്ങളുടെ അവതരണം, ക്ഷണിക്കപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങളുടെ പ്രഭാഷണങ്ങള്‍, തര്‍ബിയത്തു ക്ളാസുകള്‍ എന്നിവ പരിപാടിയിലെ മുഖ്യ ഇനങ്ങളായിരിക്കും. ദഅ്വാ സമ്മേളനം, തര്‍ബിയത്ത് സമ്മേളനം, പ്രസ്ഥാന സമ്മേളനം, സിമ്പോസിയം, പൊതു സമ്മേളനം എന്നിങ്ങനെ പല സെഷനുകളിലായാണ് പരിപാടി ആവിഷ്കരിക്കുക. ഭക്തിനിര്‍ഭരമായ പ്രാര്‍ഥനയോടെയായിരിക്കും സമാപനം. ബഹുമാന്യരായ ഇസ്സുദ്ദീന്‍ മൌലവി, കെ. മൊയ്തുമൌലവി മുതലായവരാണ് അത് നിര്‍വഹിച്ചിരുന്നത്. സമ്മേളനം കഴിഞ്ഞ് ശ്രോതാക്കളും പ്രവര്‍ത്തകരും പിരിഞ്ഞുപോവുക എന്തോ അവാച്യമായ ഒന്ന് ലഭിച്ചുവെന്ന നിര്‍വൃതിയോടെയായിരിക്കും. പ്രസ്ഥാന വളര്‍ച്ചയിലെ നാഴികക്കല്ലുകളായ സ്റേറ്റ്- മേഖലാ സമ്മേളനങ്ങളുടെ ഒരു സമഗ്ര ചിത്രം ഈ ചെറിയ കുറിപ്പില്‍ ഒതുക്കുക പ്രായോഗികമല്ല. ഒരു സ്വതന്ത്ര തലക്കെട്ടില്‍ എഴുതാന്‍ മാത്രം വൈപുല്യവും പ്രാധാന്യവും അതിനുണ്ട്.
സാംസ്കാരികവും വൈജ്ഞാനികവുമായ ഇടപെടലുകള്‍
കേരളത്തില്‍ പ്രസ്ഥാനം വളര്‍ച്ചയുടെ ആദ്യഘട്ടം പിന്നിട്ടതോടുകൂടി ദീനും സമുദായവുമായി ബന്ധപ്പെട്ട് വൈജ്ഞാനികവും സാംസ്കാരികവുമായ മേഖലകളിലേക്ക് ശ്രദ്ധിച്ചു തുടങ്ങി. യുക്തിവാദികള്‍, കമ്യൂണിസ്റുകാര്‍, സുന്നത്ത് നിഷേധികള്‍ മുതലായ മതവിരുദ്ധ വിഭാഗങ്ങളുമായി ബൌദ്ധിക തലത്തില്‍ ഇടപെടുക, ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും മുന്‍കൈയെടുക്കുക, അത്തരം പരിപാടികളിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ മുന്നൊരുക്കത്തോടുകൂടി പങ്കെടുക്കുക മുതലായ കാര്യങ്ങള്‍ ഇതില്‍പ്പെടുന്നു. ഇങ്ങനെയുള്ള ബൌദ്ധിക ഇടപെടലുകളില്‍ മിക്കപ്പോഴും ജമാഅത്ത് വക്താക്കള്‍ക്ക് മേല്‍ക്കൈ ലഭിച്ചതായാണ് അനുഭവം. വിവിധ മത വിഭാഗങ്ങളുമായുള്ള സ്നേഹസംവാദങ്ങളും അടിവരയിടേണ്ടതായിട്ടുണ്ട്.
എനിക്ക് പുറമെ ടി. മുഹമ്മദ് സാഹിബ്, ഒ. അബ്ദുര്‍റഹ്മാന്‍, ശൈഖ് മുഹമ്മദ് കാരകുന്ന്.... മുതലായവരാണ് ഈ രംഗം കൈകാര്യം ചെയ്തിരുന്നത്. ആലപ്പുഴ ഹസന്‍ ബാവ മാസ്ററുടെ പേരും ഓര്‍ക്കേണ്ടതുണ്ട്.
ഈ രംഗത്ത് ജമാഅത്തെ ഇസ്ലാമി ഏറ്റവും നിറഞ്ഞുനിന്ന സംഭവം ശാബാനുകേസുമായി ബന്ധപ്പെട്ട ശരീഅത്ത് വിവാദമായിരുന്നു. കേരള മുസ്ലിം സമുദായത്തില്‍ സ്വന്തം ദീനിനെയും ശരീഅത്തിനെയും കുറിച്ച് ആത്മവിശ്വാസം പകരാനും ശരീഅത്ത് വിരുദ്ധരുടെ വാദമുഖങ്ങളുടെ മുനയൊടിക്കാനും പ്രസ്ഥാനത്തിന് സാധ്യമായി. സമുദായത്തില്‍ പൊതുവായ ഒരു ഐക്യബോധം വളര്‍ത്തിയെടുക്കുന്നതിലും ജമാഅത്ത് പങ്കാളിത്തം വലിയ സംഭാവനയായിത്തീര്‍ന്നു. ഇതെല്ലാം മനസില്‍ വെച്ചു കൊണ്ടാകണം, ജമാഅത്തു നിലപാടുകളോട് ശക്തമായ വിയോജിപ്പുള്ളതോടുകൂടിത്തന്നെ, പ്രശസ്ത എഴുത്തുകാരന്‍ എന്‍.പി മുഹമ്മദ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു ലേഖനത്തില്‍ ജമാഅത്തിനെ 'മുസ്ലിം സമുദായത്തിലെ സര്‍ഗാത്മക ന്യൂനപക്ഷം' എന്ന് വിശേഷിപ്പിച്ചത്.
1970 സെപ്റ്റംബര്‍ 25-ന് പിറവികൊണ്ട ഖുര്‍ആന്‍ ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റിയുടെ കാര്യം ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. പി.കെ മുഹമ്മദ് അബുല്‍ ഹസന്‍ എന്ന ചേകനൂര്‍ മൌലവിയുടെ കാര്‍മികത്വത്തില്‍ മങ്കട അബ്ദുല്‍ അസീസ് മൌലവി, എന്‍.പി മുഹമ്മദ്, പി.എന്‍.എം കോയട്ടി മുതല്‍ പേരായിരുന്നു അതിന്റെ സംഘാടകര്‍. മോഡേണ്‍ ഏജുകാര്‍ 1972 ഓഗസ്റ് 21-ന് കോഴിക്കോട്ട് സംഘടിപ്പിച്ച ശ്രദ്ധേയമായ സിമ്പോസിയത്തില്‍ ഒ. അബ്ദുര്‍റഹ്മാന്‍ ആയിരുന്നു ജമാഅത്തിനെ പ്രതിനിധീകരിച്ചത്. എ.ആറിന്റെ ഇടപെടലിനെ 'ചരിത്രപരം' എന്നു തന്നെ വിശേഷിപ്പിക്കേണ്ടതുണ്ട്. മറുപക്ഷത്തിനു തന്നെ പരാജയം ബോധ്യപ്പെട്ട ഈ സമ്മേളനത്തിന് ശേഷം മോഡേണ്‍ ഏജ് സൊസൈറ്റിയെ കണ്ടതും കേട്ടതുമായി ഓര്‍മയില്ല.
യുക്തിവാദികള്‍ക്കെതിരെ ആയഞ്ചേരിയിലും കൊടിയത്തൂരിലും ഞാന്‍ ചെയ്ത പ്രസംഗം ശ്രോതാക്കളുടെ മനസില്‍ ഇന്നും പച്ചപിടിച്ച് നില്‍പുണ്ട്. യുക്തിവാദി വേഷത്തില്‍ മറുപക്ഷത്തുണ്ടായിരുന്നത് യഥാര്‍ഥത്തില്‍ കമ്യൂണിസ്റുകാരായിരുന്നു. രാഷ്ട്രീയ ലക്ഷ്യവും അവര്‍ക്കുണ്ടായിരുന്നു. ഇത് മനസില്‍ കണ്ടായിരുന്നു ആയഞ്ചേരിയിലെ എന്റെ പ്രസംഗം. തുടക്കം ഇങ്ങനെ ഓര്‍ക്കുന്നു: "നിങ്ങള്‍ ഇവിടെ ഒരു പ്രസംഗം ചെയ്തപ്പോള്‍ ജമാഅത്തുകാരനായ ഞാനും സുന്നിയായ ആറ്റക്കോയ തങ്ങളും സ്റേജില്‍ ഒത്തുചേര്‍ന്നു കഴിഞ്ഞു. നിങ്ങളിത് തുടര്‍ന്നാല്‍ ഈ നാട്ടിലെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമായ എല്ലാ മതവിശ്വാസികളും ഒന്നിച്ചുചേരുന്നത് നിങ്ങള്‍ കാണേണ്ടി വരും. കമ്യൂണിസ്റുകാരുടെ 'ഇങ്കിലാബ്' മുതല്‍ ലാല്‍സലാം' വരെ ഇസ്ലാമില്‍നിന്ന് കടംകൊണ്ടതാണ്.....'' എന്റെ ശേഷം ഒ. അബ്ദുര്‍റഹ്മാന്റെ പ്രസംഗവും ഉണ്ടായിരുന്നു.
ശരീഅത്ത് സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ഒരു ജമാഅത്ത് പൊതുപരിപാടി എന്‍.പി മുഹമ്മദും സി.എന്‍ അഹമ്മദ് മൌലവിയും ഒളിഞ്ഞിരുന്ന് ശ്രദ്ധിച്ചതായി പിന്നീട് അറിയാന്‍ കഴിഞ്ഞു. സംഭവത്തില്‍ ജമാഅത്ത് ഇടപെടലിനു അവര്‍ കല്‍പിച്ച പ്രാധാന്യമാണിതില്‍ തെളിയുന്നത്. ശരീഅത്ത് സംവാദത്തിന്റെ ഭാഗമായി വടകര ടൌണ്‍ഹാളില്‍ ഞാന്‍ ചെയ്ത പ്രസംഗത്തില്‍ മറുപക്ഷത്തുള്ള പുരോഗമന മൌലവിമാരുടെ 'രണ്ടു പെണ്ണ് കെട്ടി'നെ അല്‍പമൊന്ന് തോണ്ടിയിരുന്നു. ചേകനൂര്‍ മൌലവിയെ ഉദ്ദേശിച്ച് പറഞ്ഞതില്‍ സി. എന്നിന്റെ പേരും വന്നുപോയിരുന്നു. ഇതു പിന്നീട് അമീര്‍ കെ.സിയിലേക്ക് പരാതിയായി എത്തി. പ്രശ്നം തീര്‍ന്ന്, മൌലവിയും ഞാനുമായുള്ള ബന്ധം പിന്നീട് നന്നായതില്‍ സന്തോഷമായി.
കൂട്ടത്തില്‍ ഒരു നേരമ്പോക്ക്; കൊച്ചിയില്‍ യുക്തിവാദികളുമായുള്ള ഒരു സംവാദമാണ് സന്ദര്‍ഭം. ഞാനും ഹസന്‍ബാവ മാസ്ററുമാണ് ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നത്. ഹസന്‍ ബാവ മാസ്ററുടെ ശക്തമായ അവതരണത്തില്‍ വസ്തുതാപരമായി ഒരു അബദ്ധം പറഞ്ഞുപോയി. യുക്തിവാദി നേതാവ്(കലാനാഥനാണെന്ന് തോന്നുന്നു) ഉടന്‍ അതിനെ ചോദ്യം ചെയ്തു. ഒരു നിമിഷം സ്തംഭിച്ചുനിന്ന ബാവ മാസ്ററുടെ മറുപടി അപ്രതീക്ഷിതമായിരുന്നു: "ഒരു ഉറച്ച വിശ്വാസി എന്ന നിലയില്‍ ഞാന്‍ പറഞ്ഞുപോയ അബദ്ധം തിരുത്തി പറയാനുള്ള ആര്‍ജവവും എനിക്കുണ്ട്. എന്റെ മതം അതാണ് എന്നെ പഠിപ്പിക്കുന്നത്.'' ഹരം പകര്‍ന്ന ഈ മറുപടി സദസിനെ ആഹ്ളാദഭരിതമാക്കി. പ്രതിപക്ഷം നിശ്ശബ്ദരാവുകയും ചെയ്തു.
എന്റെ കൊടിയത്തൂര്‍ പ്രസംഗത്തെപ്പറ്റി, മറുപക്ഷത്തുള്ള യുക്തിവാദി യുവാക്കളുടെ പ്രതികരണം പിന്നീട് കേട്ടറിയാന്‍ കഴിഞ്ഞു- "ടി.കെയെ കുറ്റം പറഞ്ഞുകൂടാ. അദ്ദേഹത്തെക്കൊണ്ടാവുംവിധം ദൈവത്തെ സ്ഥാപിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഇല്ലാത്ത ഒരു ദൈവമല്ലേ! ടി.കെ എന്തുചെയ്യും!'' എന്നായിരുന്നു അവരുടെ പരിഹാസോക്തി. ഒരു അംഗീകാരധ്വനിയും അതില്‍ വായിച്ചെടുക്കാം.
മതസംവാദത്തില്‍, തൃശ്ശൂരില്‍ നടന്ന ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ ഡയലോഗ് ജനശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു. സംവാദത്തില്‍ ഇസ്ലാമിനെ പ്രതിനിധീകരിച്ച് പ്രസംഗിച്ചത് ഞാനാണ്. ഇത്തരം സ്നേഹസംവാദങ്ങള്‍ക്ക്, മതങ്ങള്‍ പരസ്പരം അറിയുക, സൌഹൃദവും സൌമനസ്യവും വളര്‍ത്തിയെടുക്കുക മുതലായ വിലപ്പെട്ട രചനാത്മക വശങ്ങള്‍ ഉള്ളതോടുകൂടി അനാരോഗ്യകരമായ മറുവശവും ഉണ്ടെന്നാണ് എന്റെ വിലയിരുത്തല്‍. പ്രസംഗത്തിലോ തുടര്‍ന്നുണ്ടാകുന്ന ചോദ്യോത്തരങ്ങളിലോ മറുപക്ഷത്തിന്റെ ദൌര്‍ബല്യങ്ങള്‍ ശക്തമായി ചൂണ്ടിക്കാണിച്ചാല്‍ സൌഹൃദാന്തരീക്ഷത്തിന് കോട്ടം തട്ടുമെന്ന കാരണത്താല്‍ ബോധപൂര്‍വം മൌനം പാലിക്കേണ്ടിവരും. ഇതൊന്നും പരിഗണിക്കേണ്ടതില്ലാത്ത പ്രഫഷനല്‍ വാദപ്രതിവാദ വിദഗ്ധരെയാണ് മതവാദ പ്രതിവാദത്തില്‍ വിജയികളായി സമുദായം കണക്കാക്കുന്നത്. ഈ സമുദായ മനശ്ശാസ്ത്രത്തെ അത്തരക്കാര്‍ വേണ്ടവിധം മുതലെടുക്കുകയും ചെയ്യുന്നു.
പ്രസ്ഥാന സാഹിത്യങ്ങള്‍
പ്രസ്ഥാന വളര്‍ച്ചയിലും ജനമനസുകളില്‍ മാറ്റമുണ്ടാക്കുന്നതിലും സാഹിത്യങ്ങള്‍ക്കുള്ള സ്വാധീനം അസാധാരണമാണ്. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മൌലിക സ്വഭാവമുള്ള പ്രൌഢഗ്രന്ഥങ്ങളെയും അനുബന്ധ രചനകളെയുമാണ് പ്രസ്ഥാന സാഹിത്യം എന്ന് വിളിച്ചു വരുന്നത്. തെറ്റായാലും ശരിയായാലും ഇന്നും ഈ പ്രയോഗമാണ് പ്രചാരത്തിലുള്ളത്. മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ച പ്രസ്ഥാന കൃതികള്‍ ഇസ്ലാം മതവും, രക്ഷാസരണിയുമാണെന്ന് നേരത്തെ സൂചിപ്പിച്ചതാണല്ലോ. ഖുത്വ്ബാത്തും ഈ ഗണത്തില്‍ പെടുത്താം. ഭാഷയുടെയും ആശയത്തിന്റെയും ലാളിത്യം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ ഗ്രന്ഥമാണ് മൌദൂദി സാഹിബിന്റെ ജുമുഅ ഖുത്വ്ബകളുടെ സമാഹാരമായ ഖുത്വ്ബാത്ത്. ആദ്യകാലത്ത് ഖുത്വ്ബാത്തിന് അറബി മലയാള പതിപ്പ് ഉണ്ടായിരുന്നുവെന്നത് അധികമാരും അറിഞ്ഞുകാണുകയില്ല.
ഇസ്ലാമും ജാഹിലിയ്യത്തും, ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം, ജീവിത പദ്ധതി, ബുദ്ധിയുടെ വിധി, സത്യസാക്ഷ്യം, ഇസ്ലാമിക സംസ്കാരം മൂലശിലകള്‍, താത്വിക വിശകലനം, ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, സംഘടിത ജീവിതം, പ്രസ്ഥാനവും പ്രവര്‍ത്തകരും, ലക്ഷ്യവും മാര്‍ഗവും, മതപ്രബോധനം: ലക്ഷ്യവും ശൈലിയും തുടങ്ങിയ മൌലികതയുള്ള ഗ്രന്ഥങ്ങള്‍ പ്രസ്ഥാന സാഹിത്യഗണത്തില്‍ പെടുന്നു. സുന്നത്തിന്റെ പ്രാമാണികത, ഖിലാഫത്തും രാജവാഴ്ചയും, ജിഹാദ്, ഇസ്ലാം ഒറ്റനോട്ടത്തില്‍, ശിര്‍ക്ക് അഥവാ ബഹുദൈവത്വം, ഇബാദത്ത് സമഗ്രപഠനം, അല്ലാഹു ഖുര്‍ആനില്‍, ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍ മുതലായവ, ഈടുറ്റ ഇസ്ലാമിക വൈജ്ഞാനിക രചനകളാണ്.
പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെയും പ്രമുഖ സഹപ്രവര്‍ത്തകരുടെയും രചനകള്‍ ഉര്‍ദു ഭാഷയിലാകയാല്‍, മലയാളത്തിലെ പ്രസ്ഥാന സാഹിത്യങ്ങളധികവും തര്‍ജമകളായത് സ്വാഭാവികം. ഉള്‍ക്കനമുള്ള ഒരു ഇസ്ലാമിക സാഹിത്യസമ്പത്ത് കൈരളിക്ക് ലഭിച്ചുവെന്നത് ഇതിന്റെ വലിയൊരു നേട്ടമാണ്. മറുവശത്ത് മൂലകൃതികളുടെ ഒഴുക്കും ഭംഗിയും ആശയസ്ഫുടതയും തര്‍ജമയില്‍ ചോര്‍ന്നുപോകുന്നുവെന്നത് വലിയ നഷ്ടം തന്നെ. ഇതിനേറ്റവും നല്ല ഉദാഹരണമാണ് മൌദൂദി സാഹിബിന്റെ പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം. ഖുത്വ്ബാത്ത് കഴിഞ്ഞാല്‍, മൌദൂദിയുടെ ഏറ്റവും ലളിതമായ കൃതിയാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍. ഞാനടക്കമുള്ള അരഡസന്‍ പേര്‍, പല ഘട്ടങ്ങളിലായി അതിന്റെ വിവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ടെങ്കിലും മൂലകൃതിയുടെ ഒഴുക്കും മാധുര്യവും നല്ല അളവില്‍ ചോര്‍ന്നുപോയിട്ടുണ്ടെന്ന് സമ്മതിക്കാതെ തരമില്ല. തഫ്ഹീമിന്റെ ലളിത മധുരമായ വിവര്‍ത്തനം എന്ന ആശയം സഹൃദയരില്‍നിന്ന് ഉയര്‍ന്നുവരുന്നതായി അറിയാം.
പഴയകാലത്ത് പുസ്തകങ്ങള്‍ എണ്ണത്തില്‍ എത്രയോ കുറവായിരുന്നിട്ടും പ്രവര്‍ത്തകര്‍ വായനയിലും പഠനത്തിലും വളരെ നിഷ്കര്‍ഷ ഉള്ളവരായിരുന്നു. ഇന്നാകട്ടെ, ഗൌരവമുള്ള വായന ഒറ്റപ്പെട്ട വ്യക്തികളുടെ 'ദൌര്‍ബല്യമാ'യി വിശേഷിപ്പിക്കേണ്ടി വരുന്നതില്‍ ഖേദമുണ്ട്. പുസ്തകങ്ങള്‍ സംഘം ചേര്‍ന്ന് വായിക്കുക, പരസ്പരം ചര്‍ച്ച ചെയ്യുക എന്നത്, ആദ്യകാലങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് ഒരു നിയോഗം പോലെയായിരുന്നു. വായനയിലൂടെ മാത്രം വളര്‍ന്നുവന്ന സാധാരണക്കാരായ ഒട്ടേറെ പ്രവര്‍ത്തകരുടെ പേരെടുത്തു പറയാന്‍ ഒരു പ്രയാസവും ഇല്ല. അക്ഷരജ്ഞാനം മാത്രമുള്ള സാധാരണക്കാരന്‍ നോവലും നാടകവും രചിച്ചതിനും പ്രസ്ഥാനത്തിന്റെ ആദ്യകാല ചരിത്രത്തില്‍ ഉദാഹരണങ്ങളുണ്ട്.
പ്രബോധനത്തിന്റെ സ്വാധീനം
തുടക്കത്തിലും തുടര്‍ ഘട്ടങ്ങളിലും പ്രസ്ഥാനത്തിന്റെ കൈയിലെ ഏറ്റവും മൂര്‍ച്ചയേറിയ പ്രചാരണായുധം പ്രബോധനം തന്നെയായിരുന്നു. 'പ്രതിപക്ഷ' പത്രമായാണ് പ്രബോധനം തുടക്കം കുറിക്കുന്നത് (ദ്വൈവാരിക എന്നാണ് 'പ്രതിപക്ഷം' കൊണ്ട് അര്‍ഥമാക്കുന്നത്. എതിര്‍പക്ഷം എന്നല്ല). ആകാവുന്നതിലധികം അനാകര്‍ഷകമായ കെട്ടുംമട്ടും. കടുകട്ടിയായ ഉള്ളടക്കങ്ങള്‍, സംസ്കൃത ചുവയുള്ള ഭാഷ, നീണ്ട ലേഖനങ്ങള്‍, മിക്കതും തര്‍ജമ - ഇതൊക്കെയായിരുന്നു ആദ്യകാലങ്ങളില്‍ പ്രബോധനത്തിന്റെ 'ആകര്‍ഷകത.' സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും ഉള്ളടക്കം പിടികിട്ടാന്‍ തന്നെ പ്രയാസം. ഇങ്ങനെയെല്ലാം ആയിരുന്നിട്ടും പ്രബോധനം പ്രസ്ഥാന പ്രവര്‍ത്തകന്റെ ജീവനായിരുന്നു. വല്ലാത്തൊരു ആത്മബന്ധമായിരുന്നു, പ്രവര്‍ത്തകന് പത്രത്തോട്. തനിക്ക് വേണ്ടതുപോലെ മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മനസിലാക്കുന്നവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ വല്ലാത്തൊരു ആവേശം. പിന്നെപിന്നെ സാധാരണ പ്രവര്‍ത്തകനും പ്രബോധനം പിടികിട്ടുമെന്നായി. യഥാര്‍ഥ പ്രശ്നം ഭാഷയേക്കാള്‍ ഉള്ളടക്കത്തിന്റേതായിരുന്നു. ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ പാശ്ചാത്യ ദര്‍ശനങ്ങളെയും പ്രസ്ഥാനങ്ങളെയും ആഴത്തില്‍ വിലയിരുത്തുന്ന പ്രൌഢ ലേഖനങ്ങളും പഠനങ്ങളും സാമാന്യ വായനക്കാരന് മനസിലായില്ലെങ്കില്‍ തെറ്റില്ല. ഇത്തരം ലേഖനങ്ങളാകട്ടെ, ആദര്‍ശ പ്രബോധനത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഒഴിവാക്കാന്‍ പറ്റാത്തതുമായിരുന്നു. വേണ്ടത്ര മനസിലായില്ലെങ്കിലും തുടര്‍ വായനകളിലൂടെ പ്രവര്‍ത്തകന്റെ ആസ്വാദനശേഷി വളര്‍ന്നു. ഇതിനിടയില്‍ ഖുര്‍ആന്‍ ഹദീസ് പംക്തികള്‍, പ്രസ്ഥാന യാത്രാ വിവരണങ്ങള്‍, വിമര്‍ശന കുറിപ്പുകള്‍ മുതലായവ നല്ല വായനാനുഭവമായിരുന്നു. വിമര്‍ശം ഉദ്ദേശിച്ച് പ്രബോധനം വായിച്ച പല സുഹൃത്തുക്കളും പില്‍ക്കാലത്ത് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരായി മാറിയതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ട്. ചിലരൊക്കെ നേതൃപദവി വരെ എത്തിയിട്ടുള്ളവരുമാണ്. പിന്നിട്ട 60 വര്‍ഷങ്ങളില്‍ പ്രബോധനത്തിന്റെ മുന്‍കാല പതിപ്പുകളെ പ്രകീര്‍ത്തിക്കുന്ന ഒരു തലമുറയെ എല്ലാ ഘട്ടത്തിലും കണ്ടുവരാറുണ്ട്. ഇതിനര്‍ഥം പുതിയ കാലത്തെ പ്രബോധനം മോശമാണെന്നല്ല. ആദ്യകാലങ്ങളില്‍ പ്രവര്‍ത്തകനെ പിടിച്ചിരുത്തിയ എന്തോ ഒന്നിന്റെ കുറവ് പില്‍ക്കാലത്ത് അനുഭവപ്പെടുന്നു. ആ കുറവ് നികത്തപ്പെടണം എന്നാണ് പ്രാര്‍ഥന.
ചാര്‍ട്ടുകള്‍
പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തന രീതികളില്‍ ഒടുവിലായി ഓര്‍മയില്‍ തെളിയുന്നത് ചുമരുകളില്‍ തൂങ്ങിനില്‍ക്കുന്ന ചാര്‍ട്ടുകളാണ്. തടിച്ച് മിനുസമായ ചാര്‍ട്ട് പേപ്പറുകളില്‍ വലിയ അക്ഷരത്തില്‍ വൃത്തിയായി അച്ചടിച്ച് ചുമരുകള്‍ക്ക് അലങ്കാരമായും ആശയങ്ങളുടെ പ്രകാശനമായും കണ്ണാടിക്കൂടുകളില്‍ തൂക്കിയിടുന്നതാണ് ചാര്‍ട്ടുകള്‍. വീടുകളിലും ഓഫീസുകളിലും മദ്റസകളിലുമൊക്കെ കണ്ണിനും മനസ്സിനും കുളിരേകി ചാര്‍ട്ടുകള്‍ ശ്രദ്ധാകേന്ദ്രമായി നില്‍ക്കുമായിരുന്നു. ചിന്തോദ്ദീപകവും ആത്മസംസ്കരണ പ്രചോദകവുമായ ഖുര്‍ആന്‍ സൂക്തങ്ങള്‍, നബിവചനങ്ങള്‍, ഉത്തമ രചനകളില്‍നിന്ന് തെരഞ്ഞെടുത്ത വാക്യങ്ങള്‍ എന്നിവയാകും ചാര്‍ട്ടുകളുടെ ഉള്ളടക്കം. ഇത്തരം ചാര്‍ട്ടുകളിലെ ആശയങ്ങളും തത്വരത്നങ്ങളും ഏതാണ്ടൊക്കെ ഓര്‍ത്തെടുക്കാമെങ്കിലും മാതൃകക്ക് രണ്ടെണ്ണം മാത്രം ചുവടെ. പ്രസ്ഥാനത്തിലേക്ക് ജനശ്രദ്ധ ക്ഷണിക്കുന്ന ഒരു ചാര്‍ട്ട് ഏതാണ്ടിങ്ങനെ:
(1) "താങ്കളെ ഞങ്ങള്‍ ക്ഷണിക്കുന്നു.
താങ്കള്‍
ആസ്തികനോ നാസ്തികനോ ആവട്ടെ,
മതവിശ്വാസിയോ മതനിഷേധിയോ ആവട്ടെ,
ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ ആവട്ടെ,
മാര്‍ക്സിസ്റോ സോഷ്യലിസ്റോ കാപ്പിറ്റലിസ്റോ ആവട്ടെ,
ദേശീയ വാദിയോ സാമുദായിക വാദിയോ ആവട്ടെ,
താങ്കളെ ഞങ്ങള്‍ ക്ഷണിക്കുന്നു
ഞങ്ങളെ അടുത്തറിയുവാന്‍
സഹവാസവും സൌഹൃദവും പങ്ക് വെക്കുവാന്‍
ഞങ്ങളുടെ സാഹിത്യങ്ങള്‍ വായിക്കുവാന്‍
ഞങ്ങളുടെ സമ്മേളനങ്ങളിലും പരിപാടികളിലും
സംബന്ധിക്കുവാന്‍
ഒരുവേള, അത് നന്മയിലേക്കും വിശുദ്ധിയിലേക്കും
നമ്മെ നയിക്കാം
ജീവിത വിജയത്തിലേക്ക് അതു വഴിവെളിച്ചമാകാം!''
(2) ഒമ്പത് കാര്യങ്ങള്‍
(നബിവചനം)
"എന്റെ രക്ഷിതാവ് എന്നോട് കല്‍പിച്ചിരിക്കുന്നു,
ഒമ്പത് കാര്യങ്ങള്‍:
- ബന്ധം മുറിച്ചവരോട് ബന്ധം ചേര്‍ക്കുക
- ഇങ്ങോട്ട് നല്‍കാത്തവര്‍ക്ക് അങ്ങോട്ട് നല്‍കുക
- അരുതാത്തത് ചെയ്തവരോട് പൊറുക്കുക
- നിന്റെ മൌനം ചിന്തയാവട്ടെ
- നിന്റെ വചനം സ്മരണയാവട്ടെ
- നിന്റെ നോട്ടം ഗുണപാഠമാകട്ടെ
- അല്ലാഹുവെ ഭയപ്പെടുക, പരസ്യത്തിലെന്ന പോലെ രഹസ്യത്തിലും
- നീതിയുടെ വാക്ക് പറയുക, സന്തോഷത്തിലെന്നപോലെ കോപത്തിലും
- മിതവ്യയം ശീലിക്കുക, ഞെരുക്കത്തിലെന്ന പോലെ ഐശ്വര്യത്തിലും
(ഈ ഒമ്പത് ഗുണങ്ങള്‍ നേടി) നന്മ കല്‍പിക്കുവാനും തിന്മ വിരോധിക്കുവാനും അല്ലാഹു എന്നോട് ആജ്ഞാപിച്ചിരിക്കുന്നു.''
ദീനീ പ്രബോധകനില്‍ വേണ്ടതായ സ്വഭാവ ഗുണങ്ങളിലേക്കാണ് നബിവചനം ചൂണ്ടുന്നത്.
ഇത് പോലെ, ശ്രദ്ധേയമായ മറ്റൊരു ചാര്‍ട്ടിലെ ഉള്ളടക്കം പ്രവാചകന്‍ തിരുമേനിയുടെ ഹജ്ജത്തുല്‍ വിദാഇലെ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു.
ഇത്തരം ചാര്‍ട്ടുകളുടെ പ്രസക്തിയും പ്രയോജനവും കാലഹരണപ്പെടേണ്ടതില്ല. കാലോചിതമായ പരിഷ്കരണങ്ങള്‍ വരുത്തേണ്ടതേയുള്ളൂ. പ്രസ്ഥാനപ്രവര്‍ത്തകരില്‍ ചിലരെങ്കിലും ചാര്‍ട്ടുകളുടെ കോപ്പികള്‍ ഇപ്പോഴും സൂക്ഷിച്ചുപോരുന്നതായി അറിയാം.
(തുടരും)
Comments