ഹാജറോദയം
മുഹമ്മദ്കുട്ടി എളമ്പിലാക്കോട് /കവിത
ഏഴു വന്‍കരകളും ഹാജറയുടെ വഴിയിലേക്കൊന്നിച്ച് ഭ്രമണപഥം
മാറ്റിച്ചരിക്കും ഹജ്ജിന്റെ നിറവാര്‍ന്നൊ
രാത്മ ജ്യോതിസ്സിന്‍ ജ്വലനമായ് ഹാജറ!
മക്കാ നഗരിയെ കേന്ദ്രമാക്കുന്നതാം
ആഗോള സംഗമം, പാഴ്മരുഭൂമിയാം
മക്കയോ? ഹാജറയെ കേന്ദ്രീകരിച്ചാ
ണാദ്യമായ് ജീവല്‍ സ്പന്ദനമറിഞ്ഞതും.
ആ മാതൃപുണ്യമുണര്‍ത്തിയ മണ്ണിലായ്
ആഗതമായ് തിരുദൂതര്‍ മുഹമ്മദും.
ഹജ്ജിന്‍ ഭ്രമണകേന്ദ്രത്തിലെ വറ്റാത്ത
വിശ്വാസ ദാര്‍ഢ്യത്തിനൂര്‍ജ പ്രവാഹമാം
രണ്ടു നബി ചേതനകള്‍ സംഗമിക്കും
സഹന സിന്ധുവിന്‍ പേരാണു ഹാജറ!
അറഫാ മരുവിന്‍ തുറസ്സിലായ്, വിശ്വ
മാനവ മഹാ സംഗമം സമാപ്തമായ്
പരിത്യക്തയാം ഹാജറയുടെ തീവ്ര
വിരഹം പോല്‍ മരുസന്ധ്യയിരുളുന്നു.
ലക്ഷോപലക്ഷം തൂവെള്ളധാരികള്‍തന്‍
പശ്ചാത്താപക്കണ്ണീര്‍ക്കടലില്‍ ബിംബിച്ച്
ജബലുര്‍റഹ്മക്കുമീതെ പിറക്കും
ജന്നാത്തിന്‍ ദൃഷ്ടാന്ത ധ്രുവ താരകയ്ക്ക്
ഹാജറാബീവിയുടെ നിറകണ്‍ചിരി!
ശുഭ്രസാഗരത്തിലാകെയതിന്നൊളി!
അറഫയിലെ പ്രാര്‍ഥനാ സന്ധ്യയുടെ
അലൗകിക സാന്ദ്രമാം അരുണിമയില്‍
ആണ്ടുമുങ്ങി, പാഴ്ക്കറകളെല്ലാം മാഞ്ഞ
തീര്‍ഥാടകര്‍തന്‍ പുതുപുണ്യ ചേതന
മുസ്ദലിഫയിലെ ആത്മീയ വെണ്‍നിലാ
പ്പാതയും താണ്ടി മിനായില്‍ വന്നെത്തവേ
കാണുമാറാകുന്നു, ഹാജറതന്‍ മാതൃ
ഹൃദയം കടഞ്ഞ സങ്കടല്‍ക്കോളുകള്‍.
സംസം തീര്‍ഥ പ്രവാഹമൊരു നവ്യമാം
സംസ്‌കാര ധാരയായ്, യുഗ കവാടങ്ങള്‍
മുട്ടിത്തുറക്കും നാഗരിക സ്പന്ദമായ്
വന്ധ്യ ചരിത്രത്തിന്റെ മരുനീളവേ
വാടാ മരുപ്പച്ചയായ് കുളിര്‍ത്തണലും
വീശി വളരുമ്പോള്‍, ആ നവ ജീവിത
വാടിയുടെ തായ്‌വേരായ് പടരുന്നതോ
ഹാജറാ മാതാവിന്നാത്മ രക്തസ്സിര!
കഅ്ബയും, സ്വഫാ മര്‍വ, അറഫയും
കേന്ദ്രമായ് മേവുന്ന പുണ്യതീര്‍ഥാടന
ചക്രവാളത്തിലുദിക്കുന്നു ഹാജറാ
ശുക്ര നക്ഷത്രം, നവയുഗ സാക്ഷ്യമായ്.
Comments