Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 04

മറ്റുള്ളവരുടെ ആരാധ്യവസ്തുക്കളെ അധിക്ഷേപിക്കുന്നത് നിയമ ലംഘനം, ഖുര്‍ആന്‍ വിരുദ്ധം

അബ്ദുര്‍റഹ്മാന്‍ പുറക്കാട് /പ്രതികരണം

         പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന പ്രകാരം അബൂദബിയില്‍ ഹൈന്ദവ ക്ഷേത്രം നിര്‍മ്മിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ അനുവാദം നല്‍കിയതുമായി ബന്ധപ്പെട്ടു പലതരം വാര്‍ത്തകളും കമന്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു വരികയാണ്. ഇതില്‍ പലതും വിവേകശൂന്യവും അപക്വവും അനാവശ്യവുമാണ്. പലരും ചൂണ്ടിക്കാണിക്കുന്നത് പോലെ, ഇസ്‌ലാമിന്റെ സഹിഷ്ണുതാ നിലപാടും വിശാലമനസ്‌കതയുമാണത്. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ തല്‍പരകക്ഷികള്‍ ലോകം മുഴുവന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നതിനിടയില്‍, ന്യൂനപക്ഷവിരുദ്ധ നിലപാട് പ്രത്യയശാസ്ത്രമാക്കിയ മോദിയെപ്പോലുള്ള ഒരു വ്യക്തിക്ക് മാത്രമല്ല, ലോകത്തിനു മുഴുവന്‍ അതില്‍ ഗുണപാഠമുണ്ട്. എന്നു മാത്രമല്ല, ഇസ്‌ലാമിക വീക്ഷണപ്രകാരം, യു.എ.ഇ സര്‍ക്കാര്‍ മോദിയോടു ചെയ്ത ഒരു ഔദാര്യമല്ല ഇത്. മറിച്ച്, അവിടെ നിലവിലുള്ളത് ഒരു സമ്പൂര്‍ണ ഇസ്‌ലാമിക ഭരണമായിരുന്നെങ്കില്‍, ആരും ആവശ്യപ്പെടാതെ തന്നെ ക്ഷേത്രത്തിനു സ്ഥലം മാത്രമല്ല, ക്ഷേത്രവും ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ പണിതു കൊടുക്കും. അതിന്റെ സംരക്ഷണവും അറ്റകുറ്റപ്പണികളടക്കം സര്‍ക്കാറിന്റെ ഭരണഘടനാബാധ്യതയായിരിക്കുകയും ചെയ്യും.

 വിമര്‍ശിക്കുന്നവര്‍ മറുവശം കാണുന്നില്ല. മോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ തീവ്ര ന്യൂനപക്ഷ വിരോധികള്‍ക്കും ലഭിച്ച ഒരു പ്രഹരമാണ് അക്ഷരാര്‍ഥത്തില്‍ ഈ 'ഔദാര്യം'. ഒരല്‍പ്പമെങ്കിലും ചിന്താശേഷി അവര്‍ക്കുണ്ടെങ്കില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളോടും, അവരുടെ ആരാധനാലയങ്ങളോടും അവര്‍ പുലര്‍ത്തിപ്പോരുന്ന  നിലപാടില്‍ ഒരു പുനര്‍ചിന്തയ്ക്കു ഈ സംഭവം അവരെ പ്രേരിപ്പിക്കേണ്ടതാണ്. ഏതായാലും, ഇന്ത്യക്ക് പുറത്തു ഇറങ്ങിനടക്കാന്‍ തുടങ്ങിയതോടെ മോദിക്ക് പലതും ബോധ്യമായിട്ടുണ്ട്. ആദ്ദേഹത്തിന്റെ വീക്ഷണങ്ങളില്‍ അത് സ്വാഭാവികമായും സ്വാധീനം ചെലുത്തേണ്ടതാണ്. അവര്‍ കരുതുന്നത് പോലെ അത്ര എളുപ്പമല്ല, അവരുടെ മനസ്സിലുള്ള ഫാഷിസ്റ്റ് അജണ്ടകള്‍ ഇന്ത്യയില്‍ നടപ്പിലാക്കുക എന്നതാണ് അതില്‍ ഒന്നാമത്തെ പാഠം. ആ പാഠം ഒന്ന് കൂടി ആണിയിട്ടുറപ്പിക്കുന്നതാണ് ഈ സംഭവം. ഇനി ഒന്നാലോചിച്ചു നോക്കൂ. തിരിച്ചായിരുന്നു സംഭവിച്ചതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ! സോഷ്യല്‍ മീഡിയ മാത്രമല്ല, ഇവിടെ ഇപ്പോള്‍ ഒന്നും അറിയാത്ത മട്ടില്‍ പുതച്ചുമൂടി ഉറങ്ങുന്ന ചാനലുകളും പത്രങ്ങളുമൊക്കെ ഒന്നാകെ ഇളകി മറിയുമായിരുന്നില്ലേ! ഇരിക്കപ്പൊറുതി കിട്ടുമായിരുന്നോ! മലയോര പ്രദേശങ്ങളിലെ 'മതേതര പ്രഫസര്‍മാര്‍'ക്ക് മാത്രമായേനെ അതുകൊണ്ടുള്ള ലാഭം!!

 ജനാധിപത്യത്തില്‍ ആശയസംവാദമാകാം. ഒരു പരിധി വരെ മതങ്ങളുടെ കാര്യത്തിലും അതാവാം. പക്ഷെ, ഇതര മതവിശ്വാസങ്ങളെയും അവരുടെ ആരാധ്യരെയും പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യയിലെയും മിക്ക ഗള്‍ഫ് രാജ്യങ്ങളിലെയും നിയമങ്ങളനുസരിച്ച് ക്രിമിനല്‍ കുറ്റമാണ്. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും പരസ്പര സ്പര്‍ദ്ധയുണ്ടാക്കുന്ന വാര്‍ത്തകളും കമന്റുകളും പോസ്റ്റ് ചെയ്തും നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. എന്ന് മാത്രമല്ല, ഇത് വര്‍ഗീയതയുടെയും 'മതമൗലിക'വാദത്തിന്റെയും ഒന്നാമത്തെ ലക്ഷണം കൂടിയാണ്. അതുകൊണ്ട് തന്നെയാവണം വിശുദ്ധ ഖുര്‍ആന്‍ മറ്റുള്ളവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ അധിക്ഷേപ്പിക്കുന്നത് കര്‍ശനമായി വിലക്കിയത് (വി.ഖു. 6:108). അതുകൊണ്ട് വിമര്‍ശകര്‍ ഒന്ന് കൂടി സൂക്ഷിച്ചാല്‍  അവര്‍ക്കും മറ്റുള്ളവര്‍ക്കും അതായിരിക്കും ഗുണം ചെയ്യുക. മറിച്ചുള്ളവ ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, പല ദോഷങ്ങളും ചെയ്യും, നിയമക്കുരുക്കിലും പെടാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /65-66
എ.വൈ.ആര്‍