Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 04

ഇറാനിലെ സുന്നികളുടെ സാമൂഹിക ജീവിതവും ശീഈകളിലെ അഭിപ്രായ വൈവിധ്യവും

സര്‍ബാസ് റൂഹുല്ല റിസ്‌വി/ അഭിമുഖം

സര്‍ബാസ് റൂഹുല്ല റിസ്‌വി തെഹ്‌റാനില്‍ നിന്നുള്ള യുവജനസംഘടനാ നേതാവും ഇസ്‌ലാമിക പ്രവര്‍ത്തകനുമാണ്. ശ്രീനഗറില്‍ ജനിച്ച റൂഹുല്ല നാലാം വയസ്സിലാണ് രക്ഷിതാക്കളോടൊപ്പം ഇന്ത്യ വിട്ട്  ഇറാനില്‍ താമസമാരംഭിക്കുന്നത്. തെഹ്‌റാന്‍ സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ റൂഹുല്ല കുറച്ച് വര്‍ഷം അവിടെ തന്നെ സേവനമനുഷ്ഠിക്കുകയും ചെയ്തു. പിന്നീട് എഞ്ചിനീയറിംഗ് കരിയര്‍ വിട്ട് ഇസ്‌ലാമിക തത്ത്വശാസ്ത്രത്തില്‍ ഗവേഷക വിദ്യാര്‍ഥിയായി. ശീഈകളുടെ സുപ്രധാന കലാലയങ്ങളിലൊന്നായ ഖുമിലെ ഹൗസ് ഇല്‍മിയ്യയിലാണ് അദ്ദേഹം ഗവേഷക വിദ്യാര്‍ഥിയായിരുന്നത്. അറബി, ഫാര്‍സി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ഇറാനിലെ പ്രധാന യുവജനസംഘടനകളിലൊന്നായ ഇന്റര്‍നാഷണല്‍ യൂനിയന്‍ ഓഫ് യൂനിഫൈഡ് ഉമ്മഃയുടെ സെക്രട്ടറി കൂടിയാണ് റൂഹുല്ല. അന്തര്‍ദേശീയ തലത്തില്‍ മ്യാന്‍മര്‍, സോമാലിയ, ഫലസ്ത്വീന്‍  എന്നിവിടങ്ങളിലെ മനുഷ്യാവകാശ ഇടപെടലുകളാണ് സംഘടനയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ശീഈ-സുന്നി ഐക്യം ശക്തിപ്പെടുത്തുകയാണ് സംഘടനയുടെ സുപ്രധാന ഊന്നല്‍. 2010-ല്‍ സംഘടിപ്പിച്ച 'കാരവന്‍ ടു ഗസ്സ' യാത്രക്കിടെയാണ് റൂഹുല്ലയുമായുള്ള എന്റെ സൗഹൃദം തുടങ്ങുന്നത്. ഇടക്കിടെയുള്ള കൂടിക്കാഴ്ചകളിലൂടെ ഈ സൗഹൃദം ഞങ്ങള്‍ നിലനിര്‍ത്തി. റൂഹുല്ലയും കുടുംബവും പല തവണ എന്നെ വിരുന്നൂട്ടിയിട്ടുണ്ട്. എന്നെയും കുടുംബത്തെയും സന്ദര്‍ശിക്കാനായി 3 ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനാണ് റൂഹുല്ല കേരളത്തിലെത്തിയത്. ശീഈ-സുന്നി അഭിപ്രായ വൈവിധ്യങ്ങളെക്കുറിച്ചും ഇറാനിലെ സുന്നി ന്യൂനപക്ഷത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ചും അദ്ദേഹത്തോട് വിശദമായി സംസാരിക്കുകയുണ്ടായി. ആ സൗഹൃദ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

ലോക ശക്തികളുമായി ഇറാന്‍ ആണവക്കരാറില്‍ ധാരണയായ സന്ദര്‍ഭമാണല്ലോ ഇത്. ഇറാനെ ഒന്നാം നമ്പര്‍ ശത്രുവായി കണക്കാക്കി ബെഞ്ചമിന്‍ നെതന്യാഹു നിരന്തരമായി നടത്തുന്ന സായുധ ഭീഷണി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഒരു ന്യൂനപക്ഷമെന്ന നിലയില്‍ ഇറാനിലെ ജൂതരുടെ അവസ്ഥ എന്താണ്?

ആദ്യമേ ഞാന്‍ ഒരു കാര്യം പറയട്ടെ. ജൂതന്മാര്‍ അഹ്‌ലുല്‍ കിത്താബില്‍ (വേദക്കാര്‍) ഉള്‍പ്പെട്ടവരാണ്. അവരെ സഹോദരന്മാരായാണ് ഞങ്ങള്‍ കണക്കാക്കുന്നത്. ജൂതായിസവും സയണിസ്റ്റ് ഇസ്രയേല്‍ രാഷ്ട്രവും രണ്ടാണ്. ജൂതന്മാര്‍ക്ക് മുസ്‌ലിംകളേക്കാള്‍ ചരിത്ര പ്രാധാന്യം ഇറാനിലുണ്ട്. 3000 വര്‍ഷത്തിലധികമായി അവിടെ ജീവിക്കുന്നവരാണ് ജൂതന്മാര്‍. ക്രൈസ്തവര്‍ക്കും അഗ്നിയാരാധകര്‍ക്കും പുറമെ ഇറാനില്‍ അംഗീകരിക്കപ്പെട്ട ഔദ്യോഗിക ന്യൂനപക്ഷ സമുദായങ്ങളിലൊന്നാണ് ജൂതായിസം. ക്രൈസ്തവരെയും അഗ്നിയാരാധകരെയും പോലെ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിന്റെ പാര്‍ലമെന്റില്‍ ഒരു സീറ്റ്  ജൂതന്മാര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. സിയാമക് മൊറേക് സെഡ്ജ് ആണ് ഇപ്പോഴത്തെ ജൂത പാര്‍ലമെന്റംഗം. ഇറാനിലെ ജൂതന്മാര്‍ സ്വന്തമായി നടത്തുന്ന പത്രമാണ് ദഫോംഗെ ബിന. ജൂത പണ്ഡിതന്മാര്‍ക്കും ഗവേഷകന്മാര്‍ക്കുമായി തെഹ്‌റാനിലുള്ള കേന്ദ്രമാണ് സെന്‍ട്രല്‍ ലൈബ്രറി ഓഫ് ജൂവിഷ് അസോസിയേഷന്‍. ഇറാനിലെ വലിയ ആതുരസേവാലയങ്ങളില്‍ ഒന്നായ ഡോ. സാപിര്‍ ജീവിഷ് ഹോസ്പിറ്റല്‍ ജൂത സമുദായത്തിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ് നടക്കുന്നത്. ഇറാനിലെ ജൂത ജനസംഖ്യ അറുപതിനായിരം മുതല്‍ എഴുപത്തയ്യായിരം വരെയാണ്. തെഹ്‌റാനില്‍ മാത്രം 14 സിനഗോഗുകളുണ്ട് (ജൂത ആരാധനാലയങ്ങള്‍). ജൂത സിലബസിലുള്ള സ്‌കൂളുകളും ജൂത ഭക്ഷണശാലകളും പ്രത്യേകം തന്നെയുണ്ട്. ഇറാന്‍-ഇറാഖ് യുദ്ധവേളയില്‍ രാഷ്ട്രത്തിന് വേണ്ടി രക്തസാക്ഷികളായത് 150 ജൂതന്മാരാണ്. ഹോളോകോസ്റ്റ് നിഷേധിച്ച മുന്‍ പ്രസിഡന്റ് അഹ്മദീ നജാദിന്റെ നിലപാട് അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒന്നായിരുന്നു. അന്നത്തെ ഇറാനിലെ ജൂത നേതാവായ ഹാറൂ യശായി തന്റെ ആശങ്കകള്‍ പങ്കുവെച്ച് കത്തെഴുതിയത് അന്ന് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇറാന്‍ സെമിറ്റിക് വിരുദ്ധ രാഷ്ട്രമാണെന്നും ജൂത മതത്തെ ശത്രുവായാണ് കാണുന്നതെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ഒരു മിത്താണ്. ഇറാനില്‍ ജൂതന്മാര്‍ വളരെ സമാധാനപരമായാണ് ജീവിക്കുന്നതെന്ന വസ്തുത കേള്‍ക്കുമ്പോള്‍ അത്ഭുതം കൂറുന്ന നിരവധി പേരെ ഞാന്‍ കണ്ടിട്ടുണ്ട്. 

ന്യൂനപക്ഷമെന്ന നിലയില്‍ ഇറാനില്‍ സുന്നികളുടെ അവസ്ഥ എന്താണ്? പശ്ചിമേഷ്യന്‍ ചരിത്രത്തില്‍ സുന്നി ശീഈ ബന്ധം അതിന്റെ ഏറ്റവും മോശമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ പ്രത്യേകിച്ചും. ഇറാനില്‍ സുന്നികള്‍ക്കെതിരെ വെറുപ്പിന്റെ അന്തരീക്ഷവും വിവേചനവും നിലനില്‍ക്കുന്നുണ്ടെന്ന ആരോപണങ്ങളും നിലനില്‍ക്കുന്നു. ഒന്നു വിശദീകരിക്കാമോ? 

ഔദ്യോഗിക ന്യൂനപക്ഷങ്ങളാണ് ഇറാനിലുള്ളത്. ക്രൈസ്തവര്‍, ജൂതര്‍, അഗ്നിയാരാധകര്‍ എന്നിവരാണാ ന്യൂനപക്ഷം. സുന്നി സുഹൃത്തുക്കളെ ഞങ്ങള്‍ ന്യൂനപക്ഷമായല്ല കാണുന്നത്. മുസ്‌ലിം സമുദായത്തിന്റെ ഭാഗമാണവര്‍. അതുകൊണ്ട് തന്നെ സുന്നികളുടെ ജനസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സെന്‍സസ് ഒന്നും ഇല്ല. എന്നിരുന്നാലും 8 മുതല്‍ 10 ശതമാനം വരെയായിരിക്കും സുന്നികളുടെ ജനസംഖ്യ. സിസ്ത്താന്‍, ബലൂജിസ്താന്‍, തുര്‍ക്കുമെന്‍സെഹ്‌റ എന്നീ പ്രവിശ്യകളിലാണ് സുന്നികള്‍ അധികമായി വസിക്കുന്നത്. മിക്ക സുന്നികളും ഹനഫി-ശാഫിഈ മദ്ഹബുകാരാണ്. ഇറാനിലെ സുന്നികള്‍ക്ക് ഒരു പ്രശ്‌നവും ഇല്ലെന്നല്ല ഞാന്‍ പറയുന്നത്. അവിടെ പ്രശ്‌നങ്ങളുണ്ട്. ഏത് സമുദായത്തിലും അതിവാദികള്‍ ഉണ്ടാകാറുണ്ടല്ലോ. പക്ഷേ അവര്‍ക്ക് മേല്‍ക്കൈ ഇല്ല. പരസ്പര വിശ്വാസവും ബന്ധവും ശക്തിപ്പെടുത്താന്‍ ഞങ്ങളാലാവുംവിധം ശ്രമിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഞങ്ങളുടെ രാഷ്ട്രത്തില്‍ സുന്നികളെ തുല്യ പൗരന്മാരായി കാണാന്‍ കഴിയുന്നില്ലെങ്കില്‍ ശീഈകളെ തുല്യ പൗരന്മാരായി കാണണം എന്ന് സുന്നികളോട് ആവശ്യപ്പെടാനുള്ള അര്‍ഹത ഇല്ലെന്നാണ് ഞങ്ങളുടെ സംഘടന വിശ്വസിക്കുന്നത്. ഇറാന്‍ പാര്‍ലമെന്റില്‍ 20 സുന്നി അംഗങ്ങളുണ്ട്. അവര്‍ക്ക് 'അഹ്‌ലെ സുന്നി' എന്ന പ്രത്യേക കൂട്ടായ്മയും ഉണ്ട്. ഇറാനിലെ പരമാധികാര സമിതിയാണ് മജ്‌ലിസെ ഖോബ്രെഗാന്‍. വിദഗ്ധന്മാരുടെ ഈ സമിതി മുജ്തഹിദുകളുടെ ഒരു കൂട്ടായ്മയാണ്. ഇറാന്റെ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാനും നിയന്ത്രിക്കാനും നീക്കം ചെയ്യാനും എല്ലാം ഈ സമിതിക്ക് അധികാരമുണ്ട്. ഇപ്പോഴത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനാഈ ആണ്. ഈ സമിതിയില്‍ സുന്നി ഫുഖഹാക്കളുമുണ്ട്. ഹനഫീ ചിന്തകളും ശാഫിഈ ചിന്തകളും ഉള്‍ക്കൊള്ളുന്ന മത പാഠപുസ്തകങ്ങളാണ് സ്‌കൂളുകളിലേക്കായി ഇറാന്‍ വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കുന്നത്. സുന്നികള്‍ക്ക് പ്രത്യേകമായി നീതിന്യായ സംവിധാനങ്ങളുണ്ട്. ഹനഫീ-ശാഫിഈ ഫുഖഹാക്കള്‍ ഇതിന് പ്രത്യേകം പ്രത്യേകം ഉണ്ട്. ഇറാനിയനല്ലാത്ത ഒരു സംവിധായകന്‍ നിര്‍മിച്ച 'സുന്നീസ് ഇന്‍ ഇറാന്‍' എന്ന പേരുള്ള ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഡോക്യുമെന്ററി തന്നെ യൂട്യൂബിലുണ്ട്. സുന്നികളും ശീഈകളും ഒരുമിച്ച് ജീവിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ ജീവിതം വളരെ ജൈവികമാണ്. അവര്‍ പരസ്പരം വിവാഹം കഴിച്ചും, ഒരുമിച്ച് ജോലി ചെയ്തുമെല്ലാമാണ് ജീവിക്കുന്നത്. അത് കൃത്രിമമായ കാര്യമോ പുതുമയുള്ള കാര്യമോ അല്ല. ഞാന്‍ തന്നെ പല സുന്നി പള്ളികളിലും ജുമുഅക്ക് പങ്കെടുത്തിട്ടുണ്ട്.  

ഇപ്പോള്‍ നിങ്ങള്‍ പള്ളികളെകുറിച്ച് പറഞ്ഞു. ഞാന്‍ തന്നെ തെഹ്‌റാനിലെ ഒരു സുന്നി പള്ളിയില്‍ നമസ്‌കരിച്ചിട്ടുണ്ടെങ്കിലും തെഹ്‌റാനിലോ ഇറാനിലോ ഒരൊറ്റ സുന്നി പള്ളിയുമില്ലെന്ന വാദം അടിക്കടി ഉണ്ടാകാറുണ്ട്. സുന്നികള്‍ക്ക് പ്രത്യേകമായി ജുമുഅ നമസ്‌കാരത്തിന് അവസരമില്ലെന്നും വിമര്‍ശം കേള്‍ക്കാറുണ്ട്. സര്‍ക്കാര്‍ തെഹ്‌റാനിലെ ഏക സുന്നി പള്ളി തകര്‍ത്തു എന്ന ഒരു വാര്‍ത്ത തന്നെ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു?

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇതൊരു വലിയ കുപ്രചാരണമാണ്. ഇത്തരം ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. നോക്കൂ, തലസ്ഥാന നഗരമായ തെഹ്‌റാനില്‍ വളരെ കുറച്ച് സുന്നി സുഹൃത്തുക്കളേ താമസിക്കുന്നുള്ളൂ. ഇവരില്‍ മിക്കവരും ജോലിക്കോ പഠനത്തിനോ ആയി കുടിയേറി വന്നവരുമാണ്. ഇതൊക്കെയാണെങ്കിലും 14 സുന്നി പള്ളികള്‍ തെഹ്‌റാനില്‍ മാത്രമുണ്ട്. അവിടങ്ങളിലൊക്കെ ജുമുഅയും ഈദ്ഗാഹുകളും നടക്കാറുണ്ട്. 1000 ശിഈകള്‍ക്ക് ഒരു പള്ളിയുള്ളപ്പോള്‍ ഓരോ 200 സുന്നികള്‍ക്കും ഓരോ പള്ളി വീതം ഇറാനിലുണ്ട്. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ സുന്നി പള്ളിയുള്ളത് ഇറാനിലെ കിഴക്കന്‍ നഗരമായ സാഹിദാനിലാണ്. സാഹിദാനിലെ ജാമിഅ ദാറുല്‍ ഉലൂം നിയന്ത്രിക്കുന്ന ഗ്രാന്‍ഡ് മക്കി പള്ളിയാണിത്. അവിടെ ഇന്ത്യയിലെ ദയൂബന്ദ് സ്‌കൂളിന് സമാനമായ ഒരു സര്‍വകലാശാലയും ഉണ്ട്. ഇസ്‌ലാമിക് ആര്‍കിടെക്ചറിന്റെ ഏറ്റവും ഭംഗിയുള്ള ഉദാഹരണം കൂടിയാണ് ആ പള്ളി. അവിടെ നടക്കുന്ന ഈദ് നമസ്‌കാരത്തില്‍ ഏതാണ്ട് അമ്പതിനായിരം പേര്‍ക്ക് വരെ പങ്കെടുക്കാനുള്ള സൗകര്യമുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തെഹ്‌റാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ ഒരു പള്ളിയുടെ ഒരു ഭാഗം തകര്‍ത്തു എന്നത് ശരിയാണ്. പള്ളി മുഴുവനായുമല്ല. നിര്‍മാണത്തിലെ നിയമലംഘനം കാരണമാണ് മുനിസിപ്പാലിറ്റി അത് ചെയ്തത്. എന്നിരുന്നാലും മുനിസിപ്പാലിറ്റിയുടെ നീക്കം ഒട്ടും ശരിയായിരുന്നില്ല. ഞങ്ങളുടെ സംഘടനയുള്‍പ്പെടെ പലരും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തകര്‍ത്ത പള്ളിയുടെ ഭാഗം പുതുക്കി പണിയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ വെറുപ്പുല്‍പ്പാദിപ്പിക്കുന്ന രീതിയില്‍ ഇത്തരം സംഭവങ്ങള്‍ ചിത്രീകരിക്കപ്പെടുന്നത് തീരെ ശരിയായ കാര്യമല്ല. 

സുന്നി പള്ളികള്‍ നിര്‍മിക്കുക, സുന്നികളെ ഇസ്‌ലാമിക ചട്ടക്കൂടിനകത്തുള്ള ഒരു വിഭാഗമായി പരിഗണിക്കുക എന്നിവയെല്ലാം തന്ത്രപരമായ തീരുമാനത്തിന്റെ ഭാഗമാണോ അതോ ശീഈ ദൈവശാസ്ത്ര വീക്ഷണത്തിന്റെയും മുഖ്യധാര ശീഈ ചിന്തയുടെയും ഭാഗമാണോ? 

പരസ്പര ബഹുമാനവും സഹകരിച്ച് ജീവിക്കലും സുന്നി-ശീഈ ചിന്തകളുടെ മുഖ്യഭാഗം തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇമാം അബൂഹനീഫയുടെ സമകാലികനായ ഇമാം ജഅ്ഫര്‍ സ്വാദിഖിന്റെ ജഅ്ഫരീ ചിന്താസരണി പിന്‍പറ്റുന്ന ആളാണ് ഞാന്‍. രണ്ട് ഇമാമുമാരുടെയും തെളിവുകള്‍ ചരിത്രത്തിലുണ്ട്. ഇരുവരും പരസ്പരം പുകഴ്ത്തുകയും അപരന്റെ വൈജ്ഞാനിക മികവിനെ അംഗീകരിക്കുകയും ചെയ്തിരുന്നു. സുന്നിയായ ഒരാളുടെ പിറകില്‍ നിന്ന് നമസ്‌കരിക്കുന്നത് സാക്ഷാല്‍ പ്രവാചകന്റെ പിന്നില്‍ നമസ്‌കരിക്കുന്നതിനേക്കാള്‍ ഒട്ടും കുറവല്ലാത്ത കാര്യമാണെന്നത്രേ ഇമാം ജഅ്ഫര്‍ പറഞ്ഞിട്ടുള്ളത്. ഇത്തരം ഉദ്ധരണികളുടെ പിന്നിലുള്ള വിശ്വാസവും കാഴ്ചപ്പാടും ചരിത്രത്തിലോ പുസ്തകങ്ങളിലോ മാത്രം കെട്ടിക്കിടക്കുന്നവയല്ല. മറിച്ച് പ്രായോഗികമായി ഈ രാജ്യത്ത് നിലനില്‍ക്കുന്നവയാണ്. ഉദാഹരണമായി, സുന്നികള്‍ക്ക് ഭൂരിപക്ഷമുള്ള കിഴക്കന്‍ നഗരമായ സനന്ദിജില്‍ ശീഈകള്‍ക്ക് പ്രത്യേകമായി ജുമുഅ നമസ്‌കാരത്തിന് സൗകര്യമില്ല. സുന്നികള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ ശീഈകള്‍ക്ക് പ്രത്യേക ജുമുഅ നമസ്‌കാരം ആവശ്യമില്ല. ഇവിടങ്ങളിലെ ശീഈകള്‍ സുന്നി പള്ളികളില്‍ പോയി നമസ്‌കരിച്ചാല്‍ മതിയെന്ന ഖുമൈനിയുടെ പ്രശസ്തമായ ഒരു ഫത്‌വ തന്നെയുണ്ട്. സനന്ദിജ് സന്ദര്‍ശിച്ച സമയത്ത് ഞാന്‍ സുന്നി പള്ളിയിലാണ് ജുമുഅ നമസ്‌കരിച്ചത്. ഏറ്റവും ആകര്‍ഷകമായ മറ്റൊരു സംഭവം, ഇറാന്‍ വിപ്ലവത്തിന്റെ 10-ാം വാര്‍ഷികത്തില്‍ ഇമാം ഖുമൈനി തന്നെ ലോകത്തുള്ള പ്രധാനപ്പെട്ട 300 സുന്നി പണ്ഡിതന്മാരെ ക്ഷണിക്കുകയും നമസ്‌കാര സമയം ആയപ്പോള്‍ അവരോട് ഇമാമത്ത് നില്‍ക്കാന്‍ ആവശ്യപ്പെടുകയുമുണ്ടായി. അദ്ദേഹം പോലും അവര്‍ക്ക് പിന്നില്‍ നിന്നാണ് നമസ്‌കരിച്ചത്. സുന്നികളുടെ പിന്നില്‍ നിന്ന് നമസ്‌കരിക്കാന്‍ ശീഈ നേതാക്കള്‍ക്ക് പോലും മടിയില്ലെന്ന് പ്രായോഗികമായി തെളിയിക്കുകയാണ് ഈ ഉദാഹരണങ്ങള്‍. ഇറാന്‍: എ നേഷന്‍ റീബോണ്‍ എന്ന അഹ്മദ് ദീദാത്തിന്റെ ചെറുപുസ്തകത്തില്‍ ഈ സംഭവം വിശദീകരിക്കുന്നുണ്ട്. 

ഒരു യുവ ശീഈ ചിന്തകന്‍ എന്ന നിലയില്‍ താങ്കള്‍ സുന്നി-ശീഈ വിഭജനത്തെ എങ്ങനെയാണ് കാണുന്നത്? ആദ്യ മൂന്ന് ഖലീഫമാരോടും ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ)യോടും ശീഈകള്‍ക്കുണ്ടായിരുന്ന സമീപനമാണ് ശക്തമായ വിയോജിപ്പിനിടയാക്കിയത്.

എന്റെ അഭിപ്രായത്തില്‍ ഇത്തരം കാര്യങ്ങള്‍ സാമാന്യബുദ്ധി ഉപയോഗിച്ച് വേണം ചര്‍ച്ച ചെയ്യാന്‍. സുന്നികളെ പോലെ തന്നെ ശീഈകളും ഏക ശിലാത്മകമായ ഒരു സമൂഹമല്ല. ഞങ്ങളും സുന്നികളെ പോലെ തന്നെ പലതരം മദ്ഹബുകളും വിഭാഗങ്ങളും സംഘങ്ങളുമായി മുസ്‌ലിം ലോകത്താകമാനമായി വ്യാപിച്ചു കിടക്കുകയാണ്. സുന്നികള്‍ക്കിടയിലുള്ളതുപോലെ ഞങ്ങളിലും ചിന്താപരമായ വൈവിധ്യങ്ങളുണ്ട്. തീവ്ര ചിന്തഗതിക്കാരും മിതവാദികളുമുണ്ട്. ഇത് വളരെ ലളിതവും എന്നാല്‍ മനസ്സിലാക്കേണ്ട സുപ്രധാന കാര്യവുമാണ്. ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ ശീഈ പണ്ഡിതന്മാരുടെ സാഹിത്യത്തിലും മറ്റും ഖലീഫമാര്‍ക്കും പ്രവാചകന്റെ പത്‌നിമാര്‍ക്കും എതിരായ സ്‌ഫോടനാത്മകവും ആക്ഷേപകരവുമായ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. അതുപോലെ തന്നെ ശീഈകള്‍ ഇസ്‌ലാമിന് പുറത്താണെന്നും വ്യതിചലിച്ചവരാണെന്നും പറയുന്ന സുന്നി പണ്ഡിതന്മാരുടെ രചനകളും കാണാം. എന്നാല്‍, ഇത് ഒരു മുഖ്യധാര ചിന്തയല്ല. മുസ്‌ലിം സമൂഹത്തെ ഭിന്നിപ്പിച്ച് നിര്‍ത്താന്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ഇത്തരം ചിന്തകള്‍ പെരുപ്പിച്ച് കാണിക്കുന്നുണ്ട്. മുഖ്യധാരാ ശീഈ ചിന്തയില്‍ എല്ലാ പ്രവാചക പത്‌നിമാരും ലൗകിക കുറ്റങ്ങളില്‍ നിന്ന് മുക്തരാണ്. ആഇശ(റ) ഉള്‍പ്പെടെയുള്ള പ്രവാചക പത്‌നിമാര്‍ വിശ്വാസികളുടെ ഉമ്മമാരുമാണ്. സുന്നികള്‍ക്കിടയിലുള്ള അതേ സ്ഥാനമാണ് ശീഈ സമൂഹത്തിലും 'ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങള്‍'ക്കുള്ളത്. ലണ്ടനില്‍ നിന്നുള്ള ഒരു തീവ്ര ശീഈ വക്താവ് ആഇശ(റ)യെ അപമാനിക്കുന്ന തരത്തില്‍ വീഡിയോ പ്രസിദ്ധീകരിച്ചു. ഇതിന് സാമൂഹിക മാധ്യമങ്ങളുള്‍പ്പെടെ വര്‍ധിച്ച പ്രാധാന്യം നല്‍കി. ഇതെല്ലാം വിദ്വേഷം ഉണ്ടാക്കാനാണ് ഉപയോഗിച്ചത്. ഇറാന്‍ ഈ വീഡിയോ നിരോധിക്കുകയും അയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നുവെന്നതാണ് വസ്തുത. ഇതിന് മറുപടിയായി ആയത്തുല്ല ഖാംനാഈ ഒരു ഫത്‌വയും പുറപ്പെടുവിച്ചിരുന്നു. ആഇശ(റ) ഉള്‍പ്പെടെയുള്ള എല്ലാ പ്രവാചക പത്‌നിമാരെയും നാം മാതാക്കളായി കാണണം. അവരെ ബഹുമാനിക്കണം. അതല്ലാത്ത ഏത് നീക്കവും ഗുരുതര തെറ്റാണെന്നും ഖാംനാഇ പറഞ്ഞു. 'ലണ്ടന്‍ ശീഇസം' എന്ന പേരില്‍ പ്രചരിച്ച ഈ ചിന്ത മുഖ്യധാരാ ശീഈ ചിന്തക്ക് പുറത്താണെന്നും ഖാംനാഇ ഫത്‌വയില്‍ വ്യക്തമാക്കിയിരുന്നു. പ്രതികാരമായി ഞങ്ങള്‍ അയാളുടെ വെബ്‌സൈറ്റ് പോലും ഹാക് ചെയ്യാന്‍ ശ്രമിച്ചിരുന്നു. ആദ്യ മൂന്ന് ഖലീഫമാരെ ആക്ഷേപിക്കുന്ന തരത്തിലുള്ള ഏത് പ്രവൃത്തിയും ഹറാമായാണ് ഇറാന്‍ കണക്കാക്കുന്നത്. അത് നിയമവിരുദ്ധ പ്രവര്‍ത്തനം കൂടിയാണ്. ആക്ഷേപിച്ചാല്‍ ജയില്‍വാസവും ഗുരുതര ശിക്ഷയും ഏറ്റുവാങ്ങേണ്ടിവരും എന്നതാണ് ഇറാനിലെ നിയമം. ഞങ്ങളുടെ വിശ്വാസം ഇമാം അലി മുന്‍ഗാമികളെയെല്ലാം അതീവ ബഹുമാനത്തോടും അനുസരണയോടും സ്‌നേഹത്തോടും കൂടിയാണ് പരിഗണിച്ചിരുന്നത് എന്നാണ്. പിന്നെ ഞങ്ങള്‍ക്കെങ്ങനെയാണ് അതില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കാനാവുക? നിഷ്പക്ഷമായി കാണാന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ ലളിതമാണ്. 

മുഹര്‍റം ആഘോഷിക്കുന്ന ശീഈ പ്രവൃത്തിയാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. സ്വയം മുറിവേല്‍പ്പിച്ച് നടത്തുന്ന ഇത്തരം അപരിഷ്‌കൃത ചെയ്തികള്‍ക്ക് ലഖ്‌നൗ പോലുള്ള ഇന്ത്യന്‍ നഗരങ്ങള്‍ തന്നെ സാക്ഷികളാണ്. മതത്തിന്റെ പേരില്‍ സ്വന്തം ശരീരത്തോട് അക്രമം കാണിക്കുന്നതിനാലാണ് ഇക്കാര്യം ചോദിക്കുന്നത്. 

(ചിരിക്കുന്നു). ഞാന്‍ തിരിച്ചൊരു ചോദ്യം ചോദിക്കട്ടെ. അങ്ങനെ ചെയ്യുന്നത് നിങ്ങള്‍ക്ക് ഹറാമാകുന്നത് എങ്ങനെയാണ്? 

ഇത്തരം പ്രവൃത്തികള്‍ വെറുക്കപ്പെട്ടതായി രേഖപ്പെടുത്തുന്ന ഹദീസുകള്‍ തെളിവുകളായുണ്ടല്ലോ?

സുഹൃത്തേ, നിങ്ങള്‍ക്കുള്ള അതേ ഹദീസുകളും തെളിവുകളും ഞങ്ങള്‍ക്കുമുണ്ട്. ഞങ്ങള്‍ക്കും സ്വയം മുറിവേല്‍പ്പിക്കുന്ന പ്രവൃത്തികള്‍ ഹറാമാണ്. മുഖ്യധാരാ ശീഈ ചിന്തകളില്‍ അത്തരം പ്രവൃത്തികള്‍ ബിദ്അത്തായാണ് പരിഗണിക്കപ്പെടുന്നത്. ഇറാനില്‍ അത് നിയമവിരുദ്ധം കൂടിയാണ്. സ്വയം മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അധികാരികള്‍ നിങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകും. ഞാന്‍ ഒരു ശീഈ ആണ്. പക്ഷേ ഞാനോ എന്റെ രക്ഷിതാക്കളോ കൂട്ടുകാരോ ഒരിക്കല്‍ പോലും അങ്ങനെ ചെയ്തിട്ടില്ല. (വീണ്ടും ചിരിക്കുന്നു) നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ തലയോ പുറമോ പരിശോധിക്കാവുന്നതാണ്. ശീഈകള്‍ ഏക ശിലാത്മക സമൂഹമല്ലെന്ന എന്റെ വാദം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. സുന്നികളെ പോലെ ഞങ്ങള്‍ക്കിടയിലും ശിര്‍ക്കും ബിദ്അത്തും അന്ധവിശ്വാസങ്ങളും എല്ലാമുണ്ട്. 

ശീഇസത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ ഊട്ടിയുറപ്പിക്കുന്ന അഭിപ്രായങ്ങളും രചനകളുമാണല്ലോ പ്രധാനപ്പെട്ട പല മധ്യകാല പണ്ഡിതന്മാരും പങ്കുവെച്ചിട്ടുള്ളത്. സുന്നി-ശീഈ തര്‍ക്കത്തെ എന്തുകൊണ്ടാണ് ഇങ്ങനെ നോക്കികാണുന്നത്? 

നിര്‍ഭാഗ്യവശാല്‍ ഇതൊരു വസ്തുതയാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ഇബ്‌നുല്‍ ജൗസി എന്നീ പണ്ഡിതന്മാരും ആധുനിക പണ്ഡിതനായ റശീദ് രിദായുമെല്ലാം ശീഈ ചിന്തകളെയും പ്രായോഗിക രീതികളെയും കുറിച്ച് തീവ്രമായ വിമര്‍ശം ഉന്നയിച്ചവരാണ്. അതുപോലെ തന്നെ ശീഈ പണ്ഡിതന്മാരില്‍ നിന്നും ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇരു ഭാഗത്ത് നിന്നും അനുരഞ്ജന ശ്രമങ്ങള്‍ക്കും അര്‍ഥപൂര്‍ണമായ സംവാദത്തിനും തുടക്കം കുറിക്കുമ്പോഴെല്ലാം ഇരു കൂട്ടരും മേല്‍പ്പറഞ്ഞ പണ്ഡിതന്മാരെ ഉദ്ധരിക്കാറാണ് പതിവ്. മേല്‍പ്പറഞ്ഞ പണ്ഡിതന്മാരുടെ രചനകള്‍ക്കപ്പുറം കാര്യങ്ങള്‍ കാണാന്‍ ശ്രമിച്ചാല്‍ നമുക്ക് ചരിത്രത്തിലും പ്രയോഗത്തിലും പലതും പൊതുവായി ഉണ്ടെന്ന് കണ്ടെത്താനാകും. ശീഈ-സുന്നി തര്‍ക്കം ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളുമായി ബന്ധപ്പെട്ടതല്ല. നമസ്‌കാരം, സകാത്ത്, ഹജ്ജ്, ജിഹാദ് തുടങ്ങിയവയുമായൊന്നും ബന്ധപ്പെട്ടവയല്ല. പ്രവാചക പാരമ്പര്യവുമായി ബന്ധപ്പെട്ട തര്‍ക്കം കാലക്രമേണ നമ്മുടെ വിശ്വാസങ്ങളെയും സമീപനങ്ങളെയും സ്വാധീനിക്കുന്ന തര്‍ക്കമായി വലുതാവുകയായിരുന്നു. ഉദാഹരണമായി മിക്ക ശുദ്ധാത്മാക്കളായ സുന്നി സഹോദരങ്ങളും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യയുടെ മിന്‍ഹാജുസ്സുന്ന അന്നബവിയ്യ എന്ന ഗ്രന്ഥം ഉദ്ധരിക്കുന്നത് കാണാം. ഈ കൃതിയും ഇത്തരം മറ്റു കൃതികളും സാഹിത്യസൃഷ്ടി എന്ന നിലയില്‍ അവയെ മനസ്സിലാക്കാതെയും ഇബ്‌നു തൈമിയ്യയുടെ കാലഘട്ടത്തിലെ സാമൂഹിക രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്താതെയും ആനുകാലിക സാഹചര്യത്തെ ഒട്ടും മനസ്സിലാക്കാതെയുമാണ് പലപ്പോഴും ഉദ്ധരിക്കപ്പെടുന്നത്. മുസ്‌ലിം നാടുകളില്‍ മംഗോളിയന്‍ അധിനിവേശവും കൊള്ളയും നശീകരണവുമെല്ലാം അക്കാലത്ത് നടന്നിരുന്നു. മുസ്‌ലിം നേതൃത്വവും പണ്ഡിതന്മാരും ഒരുതരം പ്രയോജനവാദം സ്വീകരിച്ചിരിക്കുകയാണ്. എന്താണ് സിറിയയിലും ഇറാഖിലുമുള്ള ഇപ്പോഴത്തെ അവസ്ഥ? ചുരുക്കത്തില്‍ മിക്ക വിമര്‍ശനങ്ങളും അതത് സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കകത്ത് രൂപപ്പെട്ടവയാണ്. ഇത്തരം രചനകളെയും വിമര്‍ശങ്ങളെയും എക്കാലത്തേക്കുമുള്ള ആയുധങ്ങളായി കാണുന്നതിന് പകരം ചരിത്രപരമായ സാഹചര്യങ്ങള്‍ക്കകത്ത് വെച്ച് നോക്കി കാണുകയാണ് വേണ്ടത്. പില്‍ക്കാല ചരിത്രത്തില്‍ ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു തുടങ്ങിയ പണ്ഡിതന്മാര്‍ ശീഈ-സുന്നി ഐക്യത്തിനായി ആഹ്വാനം ചെയ്‌തെങ്കിലും വലിയ പ്രതികരണം ലഭിക്കാതെ പോയി. 

ഐക്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍, 1923-ല്‍ ഖിലാഫത്ത് തകര്‍ന്നപ്പോള്‍ അമീര്‍ അലി, ഇസ്മാഈലി ആഗാഖാന്‍ എന്നീ ഇന്ത്യന്‍ ശീഈ പണ്ഡിതന്മാര്‍ മുസ്ത്വഫ കമാല്‍ അത്താതുര്‍ക്കിനോട് ഖിലാഫത്ത് പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നതായി കാണാന്‍ സാധിക്കും. ഇസ്തംബൂളില്‍ പ്രസിദ്ധീകരിച്ച ഒരു രചനയില്‍ ഇക്കാര്യം കാണാം. പിന്നീട് 1931-ല്‍ ഖിലാഫത്തിനെക്കുറിച്ചും മുസ്‌ലിം ലോകത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനും സുന്നീ പണ്ഡിതന്മാര്‍ വിളിച്ചു ചേര്‍ത്ത ജറൂസലേം കോണ്‍ഗ്രസില്‍ ശീഈ പണ്ഡിതന്മാര്‍ പങ്കെടുത്തതായി കാണാന്‍ സാധിക്കും. സിറിയയില്‍ നിന്നുള്ള ശീഈ മുഫ്തിയും ഇറാഖില്‍ നിന്നുള്ള ശീഈ പ്രതിനിധിയും യോഗത്തില്‍ ഖിലാഫത്ത് തകര്‍ച്ചയിലുള്ള ആശങ്ക രേഖപ്പെടുത്തിയിരുന്നു. 1959-ല്‍ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ശീഈ ഫിഖ്ഹ് പാഠ്യവിഷയമായി കൊണ്ടുവരുന്നത് കാണാനാകും. ശീഈ പണ്ഡിതനായ ശൈഖ് മഹ്മൂദ് ശല്‍തൂത്തിനെ സര്‍വകലാശാല റെക്ടര്‍ അധ്യാപകനായി നിയമിക്കുകയും ചെയ്തു. 900 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അസ്ഹര്‍ അത്തരമൊരു നീക്കം നടത്തിയത്. 'ഇസ്‌ലാം ഐക്യത്തിന്റെ മതം' എന്ന പേരില്‍ ശല്‍തൂത്ത് പുറപ്പെടുവിച്ച ഫത്‌വ അക്കാലത്ത് വലിയ സ്വാധീനമുണ്ടാക്കി. വിരോധാഭാസമെന്ന് പറയട്ടെ, 1960 ഈജിപ്ത് ജമാല്‍ അബ്ദുന്നാസിറിന് കീഴിലായപ്പോള്‍ ഇറാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചു. ഇസ്രയേലിനെ ഇറാന്‍ അംഗീകരിച്ചു എന്നാരോപിച്ചായിരുന്നു നീക്കം. അതേ വര്‍ഷം ആഗസ്റ്റില്‍ അല്‍ അസ്ഹറിലെ 150 പണ്ഡിതന്മാര്‍ ഇറാന്‍ ഭരണാധികാരി ഷായുടെ ഇസ്രയേല്‍ അനുകൂല നിലപാടിനെതിരെ ജിഹാദിനിറങ്ങാന്‍ മുസ്‌ലിം ലോകത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു. മുഖം രക്ഷിക്കാന്‍ ഷാ വെള്ള വിപ്ലവത്തിന് തുടക്കം കുറിച്ചു. വ്യാജമായ പരിഷ്‌കാരങ്ങളായിരുന്നു അവ. ഇത് മതപരമായ പ്രകോപനത്തിന് കാരണമായി. ഇമാം ഖുമൈനിയുടെ നേതൃത്വത്തിലുള്ള ജനകീയ പ്രതിഷേധത്തിന് ഇടവരുന്നത് അങ്ങനെയാണ്. ഈജിപ്തിന്റെയും ഇറാന്റെയും ഇസ്രയേലിന്റെയും സാമൂഹിക ചലനങ്ങളെ ഇപ്പോള്‍ നാം വിലയിരുത്തുന്നത് വൈരുധ്യം നിറഞ്ഞതായിരിക്കും. 

ഐക്യത്തെക്കുറിച്ച ചര്‍ച്ചയില്‍ സിറിയ, ഇറാഖ്, യമന്‍ എന്നിവിടങ്ങളില്‍ വിഭാഗീയ അതിക്രമങ്ങള്‍ ഉണ്ടാക്കുന്ന മുറിവുകള്‍ കാണാതിരിക്കാനാവില്ലല്ലോ? ആയിരങ്ങള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തു. ഈ മുറിവുകള്‍ രക്തം ഒലിപ്പിക്കുമ്പോള്‍ നമുക്കെങ്ങനെ ഐക്യം സാധ്യമാകും? 

സര്‍ക്കാറുകളുടെ നയങ്ങളെയും ലക്ഷ്യങ്ങളെയും അവിടത്തെ ജനങ്ങളുടെ മതപരമായ വിശ്വാസങ്ങളെയും തമ്മില്‍ വേറിട്ടു തന്നെ കാണണം. ഈ സംഘര്‍ഷങ്ങളെ വിഭാഗീയമായി കണാനാകില്ല. ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍ ഇറാന്റെ വിദേശ നിലപാടും ശീഈ വിശ്വാസവും രണ്ടാണ്. ഇറാനിലെ ഒരു ശീഈ എന്ന നിലക്ക് ഞാനും മറ്റുള്ളവരും സിറിയയിലെ ബശ്ശാറുല്‍ അസദിന്റെ ഭരണത്തെ അപലപിക്കുന്നു. മേഖലയില്‍ സമാധാനപരമായി സമരം ചെയ്തിരുന്നവര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട നടപടി അപലപനീയമാണ്. സിറിയയില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ഉള്‍പ്പെട്ട ഒരു പ്രതിപക്ഷം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ പ്രതിപക്ഷ നീക്കങ്ങള്‍ അവിടെ വേണ്ടത്ര വിജയിച്ചിട്ടില്ല. ഇപ്പോള്‍ സിറിയ എന്നൊരു രാഷ്ട്രം തന്നെ ഉണ്ടെന്ന് പറയാനാകില്ല. കുറച്ച് പ്രദേശം ബശ്ശാറുല്‍ അസദിന്റെ കീഴിലും, മറ്റു ചില പ്രദേശങ്ങള്‍ അല്‍ഖാഇദ പ്രതിനിധീകരിക്കുന്ന ജബ്ഹത്തുല്‍ നുസ്‌റയുടെ അധീനതയിലും, ബാക്കി ഭൂരിപക്ഷ മേഖല 'ഇസ്‌ലാമിക് സ്റ്റേറ്റി'ന് കീഴിലുമാണ്. എന്നുവെച്ച് ജബ്ഹത്തുല്‍ നുസ്‌റയോ ഇസ്‌ലാമിക് സ്റ്റേറ്റോ ഈജിപ്തില്‍ അല്‍ അസ്ഹര്‍ സര്‍വകലാശാലയുടെ അംഗീകാരത്തോടെ ഭരിക്കുന്ന അബ്ദുല്‍ ഫതാഹ് അല്‍ സീസിയോ മുഖ്യധാര സുന്നി ചിന്താസരണിയുടെ പ്രതിനിധികളാണെന്ന് ഞാന്‍ വിശ്വസിക്കുന്നേയില്ല. ഈ തിരിച്ചറിവാണ് ഐക്യത്തിലേക്ക് പോകുന്നതിന്റെ ആദ്യ പടി. മുസ്‌ലിം ലോകം അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ സമസ്യക്ക് ഈ ഐക്യത്തിലൂടെ മാത്രമേ പരിഹാരം കാണാനാകൂ. കുവൈത്തില്‍ ഈ അടുത്ത് ജുമുഅ നമസ്‌കാര വേളയില്‍ ഇസ്‌ലാമിക് സ്റ്റേറ്റുകാര്‍ ഒരു ശീഈ പള്ളിക്ക് ബോംബെറിഞ്ഞു. കുവൈത്ത് ഒരു സുന്നി ഭൂരിപക്ഷ രാഷ്ട്രമാണ്, സലഫിസം അവിടെ ഏറ്റവും വേരൂന്നിയ ചിന്താ സരണിയാണ്. എന്നിട്ടും ഇത്തരമൊരു സന്ദര്‍ഭമുണ്ടായപ്പോള്‍ അവര്‍ അവിടത്തെ ശീഈ സുഹൃത്തുക്കളോടൊപ്പം നിന്നു. അപ്രതീക്ഷിതമായ സമീപനമാണ് അവിടത്തെ സുന്നികളില്‍ നിന്നുണ്ടായത്. ഇത്തരം വെറുപ്പുല്‍പ്പാദിപ്പിക്കുന്ന പ്രവൃത്തികളോട് പ്രതിഷേധിച്ച് പരസ്പര സ്‌നേഹത്തിനും ബഹുമാനത്തിനും ഊന്നല്‍ നല്‍കുകയാണ് അന്നവര്‍ ചെയ്തത്. ഈ അശുഭകാലത്തും ഐക്യത്തിന്റെ പ്രതീക്ഷകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന അനുഭവങ്ങളാണ് ഇവയെല്ലാം. 

പിന്‍കുറി: മുത്അ വിവാഹം, ദേവാലയങ്ങളിലെ തീര്‍ഥാടനം, സിറിയന്‍ പ്രശ്‌നത്തില്‍ ഹിസ്ബുല്ലയുടെ പങ്ക് തുടങ്ങി ഏറെ വിമര്‍ശങ്ങളുള്ള കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്തിട്ടില്ല. ഇതില്‍ പലതിനും റൂഹുല്ലക്ക് യുക്തിഭദ്രമായ മറുപടി ഉണ്ടാകണമെന്നുമില്ല. പക്ഷേ എന്റെ ഊന്നല്‍ റൂഹുല്ലയെ വാദിച്ച് പരാജയപ്പെടുത്തലായിരുന്നില്ല. മറിച്ച് സുന്നിയെന്ന നിലയില്‍ എനിക്കും, ശീഈ എന്ന നിലയില്‍ റൂഹുല്ലക്കും ഇടയിലുള്ള വ്യത്യാസങ്ങളെ ബഹുമാനിക്കലാണ്. ഇറാന്‍ മുസ്‌ലിം ലോകത്തെ കീഴടക്കാന്‍ ശ്രമിക്കുകയാണെന്നും ശീഈകള്‍ ലോകത്തെ ഏറ്റവും വലിയ ശത്രുക്കളാണെന്നും മനസ്സിലാക്കുന്ന ഒരു മാനസികാവസ്ഥയില്‍ നിന്നല്ല ഈ സംഭാഷണം. മറിച്ച് ഇരു വിഭാഗങ്ങള്‍ക്കുമിടയിലെ സാമ്യതകള്‍ പരമാവധി കണ്ടെത്താനുള്ള ഒരു ശ്രമമായിരുന്നു. ശീഈകള്‍ മുസ്‌ലിം ലോകത്തിന്റെ മുഖ്യ ശത്രുക്കളാണെന്നും ഇസ്‌ലാമിന് പുറത്താണെന്നും വിശ്വസിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സുഹൃത്തുക്കള്‍ ഐഎസാണ്. തെറ്റായ നിലപാടെടുത്തവര്‍ എന്ന് അത്തരക്കാരെ ചരിത്രം വിധിയെഴുതും.  

വിവ: ജസീം പി.പി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /65-66
എ.വൈ.ആര്‍