Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 04

അനുസ്മരണം

സി.പി അബ്ദുറഹ്മാന്‍

മൂന്നിയൂര്‍ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും ആദ്യമായി പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന സി.പി അബ്ദുറഹ്മാന്‍ സാഹിബ് (70) നാട്ടിലെ പ്രാസ്ഥാനിക സാമൂഹിക രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. മഗ്‌രിബ് നമസ്‌കാരാനന്തരം റോഡു മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. 

സവിശേഷ വ്യക്തിത്വത്തിനു ഉടമയായിരുന്നു അദ്ദേഹം. പരന്ന വായനകൊണ്ടും ആര്‍ജവമുള്ള നിലപാടുകള്‍ കൊണ്ടും അനുഗൃഹീതനുമായിരുന്നു. കൈയില്‍ ഏതെങ്കിലൊരു പുസ്തകം എപ്പോഴുമുണ്ടാകും. തന്റെ പരിധികളില്ലാത്ത വായനതന്നെയാണ് ആദ്യകാലങ്ങളില്‍ ഒറ്റയാനായി പ്രസ്ഥാനത്തിലേക്ക് എത്തിച്ചേരാന്‍ അദ്ദേഹത്തെ സഹായിച്ചത്. തിരൂരങ്ങാടി ഏരിയയും ശേഷം നിലവില്‍ വന്ന യൂനിവേഴ്‌സിറ്റി ഏരിയയും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായാണ് ശക്തിപ്പെട്ടത്.

നാട്ടിലെ പൗരപ്രമുഖരില്‍ ഒരാളായിരുന്ന അദ്ദേഹത്തിന്റെ പങ്കാളിത്തമില്ലാത്ത പരിപാടികള്‍ വിരളമായിരുന്നു. പരിസരപ്രദേശങ്ങളിലെ ഏതു പരിപാടികള്‍ക്കും കാല്‍നടയായിട്ടാണെങ്കിലും എത്തിച്ചേരും. പരിപാടിയില്‍ ഉടനീളം നിറസാന്നിധ്യമാവുകയും ചെയ്യും. എന്‍.എച്ച് ആക്ഷന്‍ കൗണ്‍സിലിലും ഓട്ടോമൊബൈല്‍ അസോസിയേഷനിലും സജീവാംഗവും, ചെമ്മാട് മസ്ജിദുല്‍ മനാര്‍ സ്ഥാപകാംഗവും ആയിരുന്നു. ജമാഅത്തെ ഇസ്‌ലാമി പടിക്കല്‍ ഹല്‍ഖ നാസിം, അല്‍ഹുദ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പടിക്കലിലെ മസ്ജിദുല്‍ ഹുദ നിര്‍മാണത്തിന് തുടക്കം കുറിച്ചത് അബ്ദുറഹ്മാന്‍ സാഹിബായിരുന്നു. അതിനു സ്വന്തമായി ഒരു തുക വെച്ച്‌നീട്ടി ബാക്കിയുള്ളവരോട് കൂടി യത്‌നത്തില്‍ പങ്കാളികളാകാന്‍ ആവശ്യപ്പെടുകയും ചെയ്തു കൊണ്ടാണ് അതിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചത്. ഭാര്യ: ടി. ഖദീജ. മക്കള്‍: ഷഫീഖ്, ഇഖ്ബാല്‍, റഫീക്ക് അഹ്മദ്, സാജിദ സൈദ്.

എ.പി ആലിക്കോയ, വെളിമുക്ക്

ജി.പി ഇസ്മാഈല്‍

മൂന്നു പതിറ്റാണ്ട് കാലം ഖത്തറിലെ സാമൂഹിക സേവനരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ആഗസ്റ്റ് 13-ന് ഖത്തറില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ നാദാപുരം, ചാലപ്പുറം സ്വദേശി ജി.പി ഇസ്മാഈല്‍(51). ഖത്തറിലെത്തുന്ന നാട്ടുകാരും മറുനാട്ടുകാരുമായ പ്രവാസികളുടെ ക്ഷേമത്തിനായി തുടങ്ങിവെച്ച അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരോക്ഷമായെങ്കിലും അനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഖത്തര്‍ ഹമദ് ആശുപത്രിയിയിലും നാദാപുരം ജുമാമസ്ജിദിലും നടന്ന മയ്യിത്ത് നമസ്‌കാരത്തിലും ഖബ്‌റടക്ക ചടങ്ങുകളിലും ഒഴുകിയെത്തിയ ആയിരങ്ങള്‍ നിശ്ശബ്ദമായി വിളിച്ചോതിയതും അദ്ദേഹത്തിന്റെ ഈ ജനകീയത തന്നെയായിരുന്നു.

ഖത്തറിലെ ആഭ്യന്തര തൊഴില്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം, പാവപ്പെട്ടവരും സാധാരണക്കാരുമായ പ്രവാസികളുടെ നിയമപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും തൊഴില്‍ സംബന്ധിച്ച പ്രതിസന്ധികള്‍ ലഘൂകരിക്കുന്നതിനുമായി അദ്ദേഹം ഉപയോഗിച്ചു. സ്വന്തം പ്രശ്‌നങ്ങള്‍ മാറ്റിവെച്ച്, അരശണരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ നൂറുകണക്കിന് ആളുകള്‍ക്ക് കൈത്താങ്ങ് ആവുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക പ്രസ്ഥാനത്തിന് പുറത്ത് നില്‍ക്കെതന്നെ പ്രസ്ഥാനത്തിന്റെ സേവന-വൈജ്ഞാനിക- ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും കലവറയില്ലാത്ത പിന്തുണ  അദ്ദേഹം നല്‍കിയിരുന്നു. നാദാപുരത്തെ പറമ്പത്ത് മമ്മുഹാജിയുടെ മകനായ ഇസ്മാഈല്‍ അവിവാഹിതനാണ്.

ഐ.കെ.ടി ഇസ്മാഈല്‍

മാളിയക്കണ്ടി ഇബ്‌റാഹീം ഹാജി

മശ്ശേരി ഏരിയയിലെ പുത്തൂര്‍ മസ്ജിദുല്‍ ഫത്ഹ് മഹല്ല് കമ്മിറ്റി പ്രസിഡന്റായി നീണ്ടകാലം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു മാളിയക്കണ്ടി ഇബ്‌റാഹീം ഹാജി. സലഫി മഹല്ലില്‍ നിന്ന് പല തരത്തിലുമുള്ള വിലക്കുകള്‍ വന്നുകൊണ്ടിരുന്നപ്പോള്‍ പ്രസ്ഥാനത്തിന് ഒരു പള്ളിയുടെ ആവശ്യകത ബോധ്യം വരികയും ആ സമയത്ത് മുജാഹിദ് സഹയാത്രികനായിരുന്ന ഇബ്‌റാഹീം ഹാജി ധൈര്യസമേതം പ്രസ്ഥാനത്തിലേക്ക് കടന്നുവരികയും പള്ളിക്ക് വേണ്ടി സ്ഥലമെടുക്കുന്നതിലും അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാവുകയും ചെയ്തു. അദ്ദേഹത്തിന്റെ വരവ് പ്രസ്ഥാനത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നു. സലഫി വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിതിരിവ് നിലനിന്നിരുന്ന ആ ഘട്ടത്തില്‍ വേറെയും കുടുംബങ്ങള്‍ മഹല്ലിന്റെ ഭാഗമായി.

1950-കളില്‍ ഇസ്വ്‌ലാഹി സംഘടനയിലേക്ക് കടന്നുവന്ന പ്രദേശത്തെ പ്രധാനികളിലൊരാളായിരുന്നു ഇബ്‌റാഹീം ഹാജി. അദ്ദേഹത്തിന്റെ കൂസലില്ലാത്ത സംസാരങ്ങളും പ്രവര്‍ത്തന രീതിയും സുന്നിപക്ഷത്ത് നിരവധി എതിരാളികളെയുണ്ടാക്കി. അദ്ദേഹത്തെ വധിക്കാന്‍ വരെ ചിലര്‍ പദ്ധതിയിട്ടെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയാണ് ചെയ്തത്. നിരവധി പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മധ്യസ്ഥം വഹിക്കുകയും കോടതി-പോലീസ് സ്റ്റേഷന്‍ സംബന്ധമായ പ്രശ്‌നങ്ങളില്‍ അനായാസം ഇടപെടാന്‍ സാധിക്കുകയും ചെയ്തിരുന്ന ഒരാളെന്ന നിലയില്‍ ഇബ്‌റാഹീം ഹാജി ജാതി മത ഭേദമന്യേ നാട്ടില്‍ സ്വീകാര്യനായിരുന്നു.

പുത്തൂര്‍ ഇബ്‌റാഹീം കുട്ടി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /65-66
എ.വൈ.ആര്‍