ദമ്പതിമാര്‍ തെറ്റുന്ന നേരങ്ങള്‍
ദമ്പതിമാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മുഖ്യ വിഷയമായ നിരവധി കേസുകള്‍ എനിക്ക് കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. അധിക ദമ്പതികളും ഭിന്നിച്ചു പോകുന്ന ചില പ്രത്യേക വിഷയങ്ങളുണ്ടെന്ന നിഗമനത്തിലാണ് ഒടുവില്‍ ഞാനെത്തിച്ചേര്‍ന്നത്.
ഒന്ന്: കുട്ടികളെ വളര്‍ത്തുന്ന രീതി: ഭാര്യ മക്കളെ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്ന രീതിയെ കുറിച്ച് പരാതിയാണ് മിക്ക ഭര്‍ത്താക്കന്മാര്‍ക്കും. അത് ചിലപ്പോള്‍ ഭാര്യയും ഉമ്മയും സഹോദരിമാരും മക്കളുടെ കാര്യത്തില്‍ ഇടപെടുന്ന രീതിയെ ചൊല്ലിയാവാം. ഭാര്യയാവട്ടെ ഭര്‍ത്താവിനോട് ഇടപെടുന്ന രീതിയിലാണ് മക്കളോട് ഇടപെടുക. ഭക്ഷണത്തിനും ഉറക്കത്തിനും പഠനത്തിനുമൊക്കെ ചില ചിട്ടകളും വ്യവസ്ഥകളും ഭാര്യ ഏര്‍പ്പെടുത്തും. പലപ്പോഴും അത് പാലിക്കാന്‍ വിമുഖത കാണിക്കുന്ന മക്കള്‍ ഉമ്മയെക്കാള്‍ ഉപ്പയെ സ്‌നേഹിച്ചു തുടങ്ങും. ദമ്പതിമാര്‍ക്കിടയില്‍ കലഹം ഇവിടെ തുടങ്ങുന്നു. നിയമങ്ങളും ശാസനകളും അനുസരിക്കുന്നതിനെ ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.
രണ്ട്: ദമ്പതിമാരുടെ മതനിഷ്ഠ: ഭാര്യയുടെ കാര്യത്തിലാണങ്കില്‍ വസ്ത്രധാരണ രീതിയാവും അയാളെ അലോസരപ്പെടുത്തുന്നത്. ഒന്നുകില്‍ ശരീര ഭാഗങ്ങള്‍ നന്നായി മറച്ചിട്ടില്ലെന്നോ ശരീരവടിവുകള്‍ വെളിവാക്കുന്ന ഉടയാടകള്‍ ധരിച്ചെന്നോ ആയിരിക്കും അയാളുടെ പരാതി. സ്വന്തം വീട്ടില്‍ താന്‍ ഇങ്ങനെയാണ് ധരിക്കാറുള്ളതെന്നും തന്റെ വസ്ത്രം ശരീരമൊക്കെ നന്നായി മറയ്ക്കുന്നതാണെന്നും അവള്‍ പ്രതികരിക്കും. ഇതോടെ തര്‍ക്കം ഉടലെടുക്കും. ഭര്‍ത്താവിനെ കുറിച്ചുള്ള ഭാര്യയുടെ പരാതി ഇങ്ങനെയാവും: 'അയാള്‍ക്ക് നമസ്‌കാരത്തിലും മറ്റ് ആരാധനാ കര്‍മങ്ങളിലും വേണ്ടത്ര നിഷ്ഠയില്ല.'
മൂന്ന്: സുഹൃത്തുക്കള്‍: ഭര്‍ത്താവിന്റെ സ്‌നേഹിതന്മാരെക്കുറിച്ച് മിക്ക ഭാര്യമാര്‍ക്കും മതിപ്പുണ്ടാവില്ല. ഒന്നുകില്‍ അവരുടെ സ്വഭാവ വൈകല്യങ്ങള്‍. അല്ലെങ്കില്‍ ഭര്‍ത്താവിന്റെ സന്മനസ്സ് ചൂഷണം ചെയ്യാനാണ് മിക്ക സുഹൃത്തുക്കളും അടുത്തു കൂടുന്നതെന്ന ധാരണ. ഭര്‍ത്താവിന് ഭാര്യമാരുടെ സ്‌നേഹിതകളെ കുറിച്ചുമുണ്ടാവും ആവലാതി. അവളുടെ മനസ്സില്‍ ചീത്ത ചിന്തകള്‍ മുളപൊട്ടുന്നത് അവരുടെ ദുര്‍ബോധനം നിമിത്തമാണെന്ന് ഭര്‍ത്താവ് വിചാരിക്കുന്നു.
നാല്: മൊബൈല്‍ ഫോണിന്റെ ഉപയോഗം: ഭാര്യയും ഭര്‍ത്താവും താന്താങ്ങളുടെ മൊബൈല്‍ ഫോണ്‍ പ്രപഞ്ചത്തില്‍ വ്യാപരിക്കുന്നവരായിരിക്കും. ഭര്‍ത്താവിന്റെ സോഷ്യല്‍ നെറ്റുവര്‍ക്കുകളുടെയും വാട്‌സ്ആപ്പിന്റെയും ഫേസ്ബുക്കിന്റെയും അമിതോപയോഗത്തെ ചൊല്ലിയാവും ഭാര്യയുടെ മുഖം വീര്‍പ്പിക്കല്‍. ഭാര്യ, മക്കളെ നോക്കാതെ മൊബൈല്‍ ഫോണുമായി കളിക്കുകയാണെന്ന പരാതിയാവും ഭര്‍ത്താവിന്. മൊബൈല്‍ ഫോണിന് അഡിക്റ്റാണ് ഇരുവരുമെന്ന് പരസ്പരം പഴിചാരും. ഭാര്യയുടെ മൊബൈല്‍ സമ്പര്‍ക്കത്തില്‍ സംശയം വച്ചുപുലര്‍ത്തുന്ന ഭര്‍ത്താവിന്റെ കോണ്‍ടാക്റ്റ്‌സിനെ കുറിച്ച് ഭാര്യക്കുമുണ്ടാവും ചില സംശയങ്ങളൊക്കെ.
അഞ്ച്: ചിലത് തീരെ ചെറിയ നിസ്സാര വിഷയങ്ങളാകും. ടെലിവിഷനില്‍ ചാനല്‍ മാറ്റുന്നതിനെ കുറിച്ചാവും കലഹം. ഒരാള്‍ക്ക് ഇഷ്ടപ്പെടുന്ന ചാനലാവില്ല മറ്റെയാള്‍ക്ക് ഇഷ്ടം. ഭര്‍ത്താവിന് സ്‌പോര്‍ട്‌സ് ചാനലാണ് ഇഷ്ടമെങ്കില്‍ ഭാര്യക്ക് സീരിയലുകളാവും. ദമ്പതികള്‍ ഇരുവരുടെയും കുടുംബങ്ങള്‍ തങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നതിനെ കുറിച്ചാവും ചിലപ്പോള്‍ അഭിപ്രായ വ്യത്യാസം.
നമ്മുടെ നോട്ടം ദമ്പതികള്‍ക്കിടയിലെ ഭിന്നതകള്‍ ഇല്ലാതാക്കലല്ല. അവയെങ്ങനെ വിജയകരമായി തരണം ചെയ്യാമെന്നതാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു രീതി ശാസ്ത്രം ഇരുവരും വളര്‍ത്തിയെടുക്കണം എന്നതാണ് പ്രധാനമായിട്ടുള്ളത്.
എന്റെ അനുഭവങ്ങള്‍ എന്നെ ബോധ്യപ്പെടുത്തിയ ഒരു കാര്യം ദാമ്പത്യ പ്രശ്‌നങ്ങള്‍ നിരവധിയുണ്ടെങ്കിലും ദാമ്പത്യജീവിതം തടസ്സങ്ങളില്ലാതെ മുന്നോട്ടു പോകുന്നുണ്ട് എന്നതാണ്. ഇരുവര്‍ക്കുമിടയില്‍ പ്രേമവും സ്‌നേഹവും ഉണ്ട് എന്നതാണ് അതിന് കാരണം. മുറിപ്പാടുകള്‍ ഉണക്കാനുള്ള ദിവ്യൗഷധം സ്‌നേഹമാണ്. പരസ്പര ബന്ധം സ്‌നേഹാധിഷ്ഠിതമാണെങ്കില്‍ ദമ്പതികള്‍ക്കിടയിലെ ചെറിയ ചെറിയ തര്‍ക്കങ്ങളും കലഹങ്ങളും വലിയ കീറാമുട്ടിയായി തീരില്ല. പരസ്പരം അറിഞ്ഞും ആദരിച്ചും മനസ്സിലാക്കിയും തിരിച്ചറിഞ്ഞും ജീവിത നൗകയെ തകരാതെ തുഴഞ്ഞ് കരയ്‌ക്കെത്തിക്കുകയാണ് ഭാര്യാഭര്‍ത്താക്കന്‍മാരുടെ കടമ. ഒരു പക്ഷം ശാഠ്യവും വാശിയും കൈയൊഴിക്കാതിരുന്നാല്‍ മറുപക്ഷം സഹനത്തോടെയും വിവേകത്തോടെയും 'സ്ഥിതി' ശാന്തമായി കൈകാര്യം ചെയ്യുകയാണ് കരണീയം. ശാന്തമായ അന്തരീക്ഷത്തില്‍ അക്ഷോഭ്യരായി ഇരുവര്‍ക്കും ചര്‍ച്ചകള്‍ തുടരാം. അല്ലാഹുവിനോടു സ്‌നേഹാന്തരീക്ഷം തിരിച്ചുകിട്ടാന്‍ പ്രാര്‍ഥിക്കാം.
വിവാഹത്തിന് മുമ്പേ തന്നെ ഇത്തരം തര്‍ക്കങ്ങള്‍ ഉത്ഭവിക്കുമ്പോള്‍ അവലംബിക്കേണ്ട രീതിയെ കുറിച്ച് ഇരുവര്‍ക്കും ധാരണയിലെത്താം. തര്‍ക്കങ്ങള്‍ മുറുകുകയും അഭിപ്രായ ഭിന്നതകള്‍ അതിരു കടക്കുകയും സംസാരം ഉയര്‍ന്ന് പൊങ്ങിത്തുടങ്ങുകയും ചെയ്യുന്നു എന്ന് കാണുമ്പോള്‍ പ്രയോഗിക്കാവുന്ന ഒരു തന്ത്രമുണ്ട്- സമാധാനപൂര്‍വമായ പിന്‍മാറ്റം. അന്തരീക്ഷം കാറൊഴിഞ്ഞ് തെളിയുകയും കൊടുങ്കാറ്റ് വഴിമാറി പോവുകയും ചെയ്താല്‍ ശാന്തമായി വീണ്ടും വര്‍ത്തമാനങ്ങള്‍ പറഞ്ഞ് തുടങ്ങാമല്ലോ. ആളുകള്‍ പലനേരങ്ങളിലും പലതരത്തിലായിരിക്കും എന്ന തത്വം മറക്കാതിരിക്കുക.
വിവ: പി.കെ ജമാല്‍
Comments