Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 04

തൗബ ചെയ്യാതിരിക്കാന്‍ നമുക്കെങ്ങനെ സാധിക്കും?

അബ്ദുറഹീം പാലപറമ്പില്‍

         വിശ്വാസികള്‍ക്ക് അല്ലാഹു നല്‍കിയ പ്രത്യേക കാരുണ്യങ്ങളിലൊന്നാണ് തൗബ. പശ്ചാത്തപിച്ച് മടങ്ങുന്നവനാണ് വിജയി. താന്‍ തെരഞ്ഞെടുത്ത നാശത്തിന്റെയും നരകത്തിന്റെയും വഴിവിട്ട് മോക്ഷത്തിന്റെയും സമാധാനത്തിന്റെയും വഴി തെരഞ്ഞെടുക്കുന്നവന്‍. അല്ലാഹു ആഹ്വാനം ചെയ്യുന്നത് കാണുക: 

''അല്ലയോ വിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയികളായേക്കും'' (അന്നൂര്‍ 31).

''ഇനി, വല്ലവരും അജ്ഞതയാല്‍ പാപം ചെയ്തുപോയ ശേഷം പശ്ചാത്തപിക്കുകയും സ്വകര്‍മങ്ങളെ സംസ്‌കരിക്കുകയും ചെയ്യുന്നുവെങ്കില്‍, നിശ്ചയമായും ആ പശ്ചാത്താപത്തിനും സംസ്‌കരണത്തിനും ശേഷം നിന്റെ റബ്ബ് ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു'' (അന്നഹ്ല്‍ 119).

പശ്ചാത്തപിക്കാത്തവന്‍ അക്രമിയും അഹങ്കാരിയുമാണ്. ''പശ്ചാത്തപിക്കാത്തവര്‍തന്നെയാകുന്നു അക്രമികള്‍'' (അല്‍ഹുജുറാത്ത് 11). അഹങ്കാരമായിരുന്നു ഇബ്‌ലീസിനെ ധിക്കാരിയാക്കിയത് എന്ന് നമുക്കറിയാമല്ലൊ.

''രാത്രി കാലങ്ങളില്‍ തെറ്റു ചെയ്തവരോട് പൊറുക്കുവാന്‍ അല്ലാഹു പകലില്‍ തന്റെ കൈകള്‍ നീട്ടുന്നു. പകലില്‍ തെറ്റു ചെയ്തവരോട് പൊറുക്കുവാന്‍ അല്ലാഹു രാത്രിയില്‍ തന്റെ കൈകള്‍ നീട്ടുന്നു'' (മുസ്‌ലിം). ഇത്ര ദയാലുവും കരുണാനിധിയുമായ നാഥന്റെ കാരുണ്യമനുഭവിക്കാന്‍ കഴിയാതെ പോകുന്നവനേക്കാള്‍ ദൗര്‍ഭാഗ്യവാന്‍ ആരുണ്ട്. നബി (സ) പഠിപ്പിക്കുന്നു: 

''ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും അവനോട് പൊറുക്കലിനെ തേടുകയും ചെയ്യുവിന്‍.  ഞാനാവട്ടെ ദിവസവും നൂറുതവണയെങ്കിലും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും അവനോട് പൊറുക്കലിനെ തേടുകയുംചെയ്യുന്നു'' (മുസ്‌ലിം).

ഇബ്‌നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്നത് കാണുക: ''നബി(സ) ഒറ്റയിരിപ്പില്‍ 'നാഥാ നീ എനിക്ക് പൊറുത്തുതരേണമേ, എന്നില്‍ പശ്ചാത്താപം ചൊരിയേണമേ, നീയാണല്ലോ ഏറ്റവും പൊറുക്കുന്നവനും കാരുണ്യവാനും' എന്ന് നൂറു തവണയെങ്കിലും ചൊല്ലുന്നത് ഞങ്ങള്‍ എണ്ണാറുണ്ടായിരുന്നു'' (അബൂദാവൂദ്, നസാഇ).

എത്ര ഉദാത്തമായ മാതൃക! കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ എല്ലാ പാപങ്ങളും പൊറുക്കപ്പെട്ട, പാപ സുരക്ഷിതത്വമുള്ള, സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ട പ്രവാചകന്റെ ചര്യയാണിത്. പ്രവാചകന്മാരുടെയും മഹത്തുക്കളുടെയും മഹനീയ മാതൃകകള്‍ ഇത്തരത്തിലായായിരുന്നുവെന്ന് നാം അറിയണം.

''ആദം റബ്ബിനെ ധിക്കരിച്ചു. നേര്‍ വഴിയില്‍ നിന്നു വ്യതിചലിച്ചുപോയി. പിന്നീട് റബ്ബ് ആദമിനെ വീണ്ടെടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കുകയും സന്മാര്‍ഗമരുളുകയും ചെയ്തു'' (ത്വാഹ 121,122).

തന്റെ കൈയാല്‍ ഖിബ്തി കൊല്ലപ്പെട്ട ശേഷം മൂസാ (അ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു: ''പിന്നെ അദ്ദേഹം പ്രാര്‍ഥിച്ചു: 'നാഥാ, ഞാന്‍ എന്നോട് അതിക്രമം പ്രവര്‍ത്തിച്ചുപോയി. എനിക്ക് മാപ്പ് തരേണമേ!' അങ്ങനെ അല്ലാഹു അദ്ദേഹത്തിന് മാപ്പ് കൊടുത്തു. അവന്‍ കരുണാവാരിധിയും ധാരാളം പൊറുത്തുകൊടുക്കുന്നവനുമാണല്ലോ'' (അല്‍ഖസ്വസ്വ് 16).

''(നോക്കുവിന്‍), സുലൈമാനെയും നാം പരീക്ഷണത്തിലകപ്പെടുത്തി. നാം അദ്ദേഹത്തിന്റെ പീഠത്തില്‍ ഒരു ജഡത്തെ കൊണ്ടുവന്നിട്ടു. പിന്നെ അദ്ദേഹം മടങ്ങി. അദ്ദേഹം പറഞ്ഞു: നാഥാ! എന്നോട് പൊറുക്കേണമേ'' (സ്വാദ് 34,35).

''തീര്‍ച്ചയായും പ്രവാചകന്റെയും, ഞെരുക്കത്തിന്റെ ഘട്ടത്തില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരായ മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും നേരെ അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു; അവരില്‍ നിന്ന് ഒരു വിഭാഗത്തിന്റെ  ഹൃദയങ്ങള്‍ തെറ്റിപ്പോകുമാറായതിനു ശേഷം. എന്നിട്ട് അല്ലാഹു അവരുടെ നേരെ കനിഞ്ഞു മടങ്ങി. തീര്‍ച്ചയായും അവന്‍ അവരോട് ഏറെ കൃപയുള്ളവനും കരുണാനിധിയുമാകുന്നു'' (തൗബ 117).

അല്ലാഹുവിനു കീഴ്‌പെട്ടു ജീവിക്കുന്ന സച്ചരിതരായ അടിമകളുടെ പ്രകൃതം അല്ലാഹു വിശദീകരിക്കുന്നത ്ശ്രദ്ധിക്കുക: ''അവന്‍ പ്രാര്‍ഥിച്ചു: നാഥാ, എനിക്കും മാതാപിതാക്കള്‍ക്കും നീ അരുളിയ ഔദാര്യങ്ങള്‍ക്ക് നന്ദി കാണിക്കാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മങ്ങളനുഷ്ഠിക്കാനും എനിക്ക് ഉതവി നല്‍കേണമേ! എന്റെ സന്തതികളെക്കൂടി നല്ലവരാക്കിക്കൊണ്ട് നീയെനിക്ക് സൗഭാഗ്യമരുളേണമേ! ഞാന്‍ നിന്നിലേക്കു മടങ്ങിയിരിക്കുന്നു'' (അഹ്ഖാഫ് 15).

തെറ്റുകാരനായ അടിമ തന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിവരുന്നത് അല്ലാഹുവിനു ഏറ്റവും സന്തോഷമുള്ള കാര്യമാണ്.  നബി (സ) അല്ലാഹുവിന്റെ സന്തോഷത്തിനു ഹൃദയ സ്പൃക്കായ ഒരു ഉദാഹരണം നല്‍കുന്നത് നോക്കുക. ''മരുഭൂമിയില്‍ വാഹനവും ഭക്ഷണവും വെള്ളവും നഷ്ടപ്പെട്ടു മരണം ഉറപ്പാക്കി നിരാശനായി നില്‍ക്കുന്ന മനുഷ്യന്റെ മുമ്പിലേക്ക് നഷ്ടപ്പെട്ട വാഹനവും ഭക്ഷണവും വെള്ളവും തിരിച്ചു വന്നത് കണ്ടപ്പോള്‍ ആഹ്ലാദത്തോടെ അയാള്‍ വിളിച്ചുപറഞ്ഞു: അല്ലാഹുവേ നീയാണെന്റെ അടിമ, ഞാന്‍ നിന്റെ റബ്ബല്ലോ!  സന്തോഷത്തള്ളിച്ചയില്‍ അയാള്‍ക്ക് നാക്ക് പിഴച്ചു. ഇയാളെക്കാള്‍ വലിയ സന്തോഷമാണ് അല്ലാഹുവിനു അടിമ തന്നിലേക്ക് പശ്ചാത്തപിച്ചു തിരിച്ചുവരുമ്പോള്‍'' (മുസ്‌ലിം).

തെറ്റ് ചെയ്യുക എന്നത് മനുഷ്യപ്രകൃതിയില്‍ പെട്ടതാണ്. തെറ്റ്‌ചെയ്യാത്ത മനുഷ്യരുണ്ടാവില്ല. എന്നാല്‍ തെറ്റില്‍ ഉറച്ചുനില്‍ക്കാതെ പശ്ചാത്തപിച്ചു മടങ്ങലാണ് ബുദ്ധിമാനായ വിശ്വാസി സ്വീകരിക്കുന്ന വഴി.

ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു: ''എന്റെ അടിയാറുകളേ, നിങ്ങള്‍ രാപ്പകലുകളില്‍ തെറ്റുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഞാനാകട്ടെ, പാപങ്ങളെല്ലാം പൊറുക്കുന്നു. അതിനാല്‍ എന്നോട് പാപമോചനം തേടുവിന്‍, ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തു തരും'' (സ്വഹീഹ് മുസ്‌ലിം).

സൂറഃ അല്‍മാഇദ 74-ാം സൂക്തത്തില്‍ അല്ലാഹു ചോദിക്കുന്നു:  ''ഇനിയും അവര്‍ പശ്ചാത്തപിക്കുകയും അവനോടു മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.'' 

ഇതെല്ലാം കേട്ടിട്ടും മനസ്സിലാക്കിയിട്ടും ഇനിയും തൗബ ചെയ്തു മടങ്ങാന്‍ നമുക്ക് സമയമായില്ലെന്നോ? ഖുര്‍ആന്റെ ചോദ്യം എത്ര അര്‍ഥവത്താണ്!

''വിശ്വാസികള്‍ക്ക് ഇനിയും സമയമായില്ലയോ, ദൈവസ്മരണയാല്‍ അവരുടെ ഹൃദയങ്ങള്‍ ഭയപ്പെടുന്നതിനും, അവന്‍ അവതരിപ്പിച്ച സത്യത്തിനു മുമ്പില്‍ തല കുനിക്കുന്നതിനും, അവര്‍ പൂര്‍വകാലത്ത് വേദം ലഭിച്ചവരെപ്പോലെ ആയിപ്പോകാതിരിക്കുന്നതിനും? കാലമേറെ കടന്നുപോയപ്പോള്‍ അക്കൂട്ടരുടെ മനസ്സുകള്‍ കടുത്തുപോയി. ഇന്ന് അവരില്‍ അധികമാളുകളും പാപികളായിത്തീര്‍ന്നിരിക്കുന്നു'' (അല്‍ഹദീദ് 16).

തെറ്റുകളും കുറ്റങ്ങളും നിസ്സാരമായി കാണുന്ന ധാരാളം ആളുകളുണ്ട്. പാപങ്ങള്‍ അല്ലാഹുവിന്റെ കോപവും ശാപവും ശിക്ഷയും ഇഹത്തിലും പരത്തിലും വിളിച്ചുവരുത്തുമെന്നു നാം മനസ്സിലാക്കണം. 

തിന്മ വിഭവങ്ങളെ തടയും. നബി (സ) പറയുന്നു: ''അടിമക്ക് താന്‍ ചെയ്യുന്ന പാപം കാരണമായി വിഭവങ്ങള്‍ തടയപ്പെടും'' (മുസ്‌നദ് ഇബ്‌നുഹമ്പല്‍).

തിന്മ പ്രാര്‍ഥനക്കുത്തരം ലഭിക്കുന്നത് തടയും. നബി (സ) പറയുന്നു: ''....പിന്നീടയാള്‍ ആകാശത്തേക്ക് കൈകളുയര്‍ത്തി യാറബ്ബ്, യാറബ്ബ് എന്ന് വിളിക്കുന്നു. പക്ഷെ അയാളുടെ ഭക്ഷണവും പാനീയവും വസ്ത്രവുമെല്ലം ഹറാമാണ്, അയാള്‍ മുച്ചൂടും ഹറാമിലാണ്, അയാള്‍ക്ക് എങ്ങനെ ഉത്തരം ലഭിക്കാനാണ്?'' (മുസ്‌നദ് ഇബ്‌നുഹമ്പല്‍).

തിന്മ അല്ലാഹുവിന്റെ ശിക്ഷയെ വിളിച്ചു വരുത്തും. അല്ലാഹു പറയുന്നത് കാണുക: ''നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടു തന്നെയാണ്. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു'' (അശ്ശൂറ 30).

തിന്മ ഹൃദയത്തെ കറ പുരണ്ടാതാക്കും. അല്ലാഹു പറയുന്നു: ''ഒരിക്കലുമല്ല. പ്രത്യുത ആ ജനത്തിന്റെ ഹൃദയങ്ങളില്‍ സ്വന്തം കര്‍മദോഷങ്ങളുടെ കറ പിടിച്ചിരിക്കുകയാണ്'' (അല്‍ മുത്വഫ്ഫിഫീന്‍ 14). ഈ ലിസ്റ്റ് വളരെ വലുതാണ്. വളരെ പ്രധാനപ്പെട്ട ചിലത് സൂചിപ്പിച്ചെന്നു മാത്രം.

തൗബ നിഷ്‌കളങ്കവും ആത്മാര്‍ഥവും സ്വീകാര്യവും ആയിത്തീരാന്‍ ഇസ്‌ലാം നിശ്ചയിച്ച നിബന്ധനകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കര്‍മശാസ്ത്ര വിശാരദന്മാര്‍ അതിനെ ഏഴായി എണ്ണിയിരിക്കുന്നത് കാണാം.

1. തൗബ ആത്മാര്‍ഥതയോടെ അല്ലാഹുവിനോടായിരിക്കണം.

2. തൗബ ചെയ്യന്നത് അത് സ്വീകരിക്കപ്പെടുന്ന സമയത്തായിരിക്കണം (ഹദീസില്‍ വിവരിച്ചതു പോലെ സൂര്യന്‍ പടിഞ്ഞാറ് നിന്ന ്ഉദിക്കുന്നതിനു മുമ്പും, റൂഹ് തൊണ്ടക്കുഴിയില്‍ എത്തുന്നതിനു മുമ്പും ആയിരിക്കണം).

3. തെറ്റ് തെറ്റാണെന്ന് അംഗീകരിച്ചു കൊണ്ടായിരിക്കണം.

4. ആ തെറ്റില്‍ നിന്ന് പരിപൂര്‍ണമായും വിട്ടുനില്‍ക്കണം.

5. ചെയ്തു പോയ തെറ്റിനെ സംബന്ധിച്ച് ഖേദവും പശ്ചാത്താപബോധവും ഉണ്ടാവണം.

6. ആ തെറ്റിലേക്ക് ഇനി മടങ്ങുകയില്ലെന്നു ഉറച്ച തീരുമാനമെടുക്കണം.

7. ആ തെറ്റ് മറ്റുള്ളവരുടെ അവകാശങ്ങള്‍ അവിഹിതമായി കൈക്കലാക്കി കൊണ്ടുള്ളതാണെങ്കില്‍ അവ തിരിച്ചു നല്‍കണം.

ആത്മാര്‍ഥമായ തൗബ ദൈവപ്രീതിയും, ആത്മസംതൃപ്തിയും മനസ്സമാധാനവും സമ്മാനിക്കും. ഇഹപര സൗഭാഗ്യങ്ങള്‍ നമ്മെ തേടിയെത്തും; സര്‍വ്വോപരി, പാപമോക്ഷവും. സ്വര്‍ഗം ഉറപ്പിക്കാന്‍ തൗബയെക്കാള്‍ മറ്റെന്തു ആയുധമാണ് ഉത്തമമായിട്ടുള്ളത്! കാരുണ്യവാനായ അല്ലാഹു നില്‍കുന്ന ചില സന്തോഷവാര്‍ത്തകള്‍ കാണുക: ''എന്റെ ജനമേ, നിങ്ങളുടെ റബ്ബിനോട ്മാപ്പു തേടുവിന്‍. എന്നിട്ട് അവങ്കലേക്കു പശ്ചാത്തപിച്ചു മടങ്ങുവിന്‍. അവന്‍ നിങ്ങള്‍ക്കു മീതെ ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നിടും. നിങ്ങളുടെ നിലവിലുളള ശക്തിയുടെ മേല്‍ കൂടുതല്‍ ശക്തി ചേര്‍ത്തു തരികയും ചെയ്യും. ധിക്കാരികളായി പിന്തിരിയാതിരിക്കുവിന്‍'' (ഹൂദ് 52).

''ആരെങ്കിലും ഇസ്തിഗ്ഫാര്‍ ചെയ്യാന്‍ ഉറച്ച തീരുമാനമെടുത്താല്‍ അല്ലാഹു അവനു എല്ലാ കുടുസ്സുകളില്‍ നിന്നും തുറസ്സു നല്‍കും, എല്ലാ പ്രയാസങ്ങളില്‍ നിന്നും വിടുതല്‍ നല്‍കും. അവന്‍ പ്രതീക്ഷിക്കാത്ത മാര്‍ഗങ്ങളിലൂടെ അവന് വിഭവങ്ങള്‍ നല്‍കപ്പെടും'' (അബൂദാവൂദ്). ''എല്ലാ മനുഷ്യരും തെറ്റ് ചെയ്യുന്നവരാണ്. തെറ്റ് ചെയ്യുന്നവരില്‍ ഉത്തമന്‍ തൗബ ചെയ്യുന്നവനാണ്'' (ബൈഹഖി). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /65-66
എ.വൈ.ആര്‍