Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 04

അറബിക് യൂനിവേഴ്‌സിറ്റി വിവാദം ആര്‍ക്കുവേണ്ടി?

അമീന്‍ ഹസന്‍ മോങ്ങം /കവര്‍‌സ്റ്റോറി

         ഭാഷയിലൂടെ സംസ്‌കാരവും നാഗരികതയും വളരുന്നുവെന്നാണ് അറിവുള്ളവര്‍ പറയുന്നത്. മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയില്‍ ഭാഷ വഹിച്ച പങ്ക് വളരെ വലുതാണ്. മനുഷ്യമനസ്സിന്റെ ആശയങ്ങളും ഭാവനയും ലോകത്തോട് വിളിച്ചുപറയാനുള്ള മാധ്യമമാണ് ഭാഷ. ഭാഷകള്‍ തമ്മിലുള്ള ആദാന പ്രദാനങ്ങളിലൂടെയാണ് ഒരോ ഭാഷാശാസ്ര്ത്രവും അതിന്റെ പദസമ്പത്തും വ്യാകരണവുമെല്ലാം രൂപപ്പെടുത്തുന്നത്. ഭാഷയൊരു ശീലമാണ് എന്ന് പറയുന്നുണ്ട് വിഖ്യാത ചരിത്രകാരനായ ഇബ്‌നുഖല്‍ദൂന്‍ മുഖദ്ദിമയില്‍. ലോകത്ത് അറിയപ്പെടുന്ന പ്രതിഭകളെല്ലാം തന്നെ  വിവിധ ഭാഷകള്‍ പഠിക്കുന്നതിനായി വര്‍ഷങ്ങള്‍ ചെലവഴിച്ചിരുന്നവരാണ്. ഭാഷാ പഠനത്തിന് നമ്മുടെ സിലബസ്സുകള്‍ വലിയ പ്രാധാന്യം നല്‍കുന്നതും, വിവിധ ഭാഷകളെ കുറിച്ചും അവയുടെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യത്തെ കുറിച്ചുമെല്ലാം പഠിക്കാന്‍ ഭാഷാ സര്‍വകലാശാലകള്‍ ലോകത്ത് സ്ഥാപിക്കപ്പെടുന്നതുമെല്ലാം അതുകൊണ്ടാണ്.

യുനെസ്‌കോവിന്റെ കണക്കില്‍ ലോകത്തെ പ്രമുഖമായ അഞ്ച് ഭാഷകളിലൊന്നാണ് അറബി. ധാരാളക്കണക്കിന് പൗരാണിക ഗ്രന്ഥങ്ങളും ക്ലാസിക് സാഹിത്യ കൃതികളും രചിക്കപ്പെട്ട ഭാഷ. നാഗരികതയുടെയും സംസ്‌കാരങ്ങളുടെയും വളര്‍ച്ചയില്‍ നിര്‍ണായക സ്ഥാനമുള്ള ഭാഷ. തത്ത്വചിന്തയിലും വൈദ്യശാസ്ത്രത്തിലും തുടങ്ങി ഗണിത ശാസ്ത്രവും ഗോളശാസ്ത്രവും ആര്‍ക്കിടെക്ചറും വരെയുള്ള പഠനശാഖകള്‍ക്ക് വിലമതിക്കാനാവാത്ത സംഭാവന നല്‍കിയ ഭാഷ. കോടിക്കണക്കിന് മനുഷ്യര്‍ സംസാരിക്കുന്ന ഭാഷ. മുപ്പത് കോടിയിലധികം ജനങ്ങളുടെ മാതൃഭാഷ. 22 രാഷ്ട്രങ്ങളുടെ ദേശീയ ഭാഷ. നിലവിലെ ലോക സമ്പദ്‌വ്യവസ്ഥയിലും അറബി ഭാഷയുടെ പങ്ക് നിര്‍ണായകമാണ്. അറബി ഭാഷയിലെ പ്രാവീണ്യം വലിയ സാധ്യതകളാണ് നമ്മുടെ മുന്നില്‍ തുറന്ന്  വെക്കുന്നത്. എണ്ണവിപണിയും ടൂറിസവും തുടങ്ങി വാണിജ്യ വ്യവസായ രംഗത്ത് ഒട്ടനേകം ജോലി സാധ്യതകള്‍. ഐടി, വിദ്യാഭ്യാസം, ഫിനാന്‍സ്, ബാങ്കിംഗ്, ട്രാന്‍സ്‌ലേഷന്‍ എന്നിങ്ങനെ അനന്തമായ സാധ്യതകള്‍. വളരെ വേഗത്തില്‍ വളരുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമല്ല, ലോകമെമ്പാടും അറബി ഭാഷാ പ്രാവീണ്യത്തിന് പ്രസക്തിയും പ്രാധാന്യവുമുണ്ട്.

ഇന്ത്യയും അറബി ഭാഷയും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുഗള്‍ ഭരണകാലത്തും പിന്നീട് ബ്രിട്ടീഷ് ഭരണകാലത്തുമെല്ലാം അറബി ഇന്നാട്ടില്‍ ഇടം നേടിയത്  മുസ്‌ലിംകളുടെ ഭാഷ എന്നതിലപ്പുറം ആഗോള  ഭാഷ എന്ന നിലയിലായിരുന്നു. ബിഹാറിലും പശ്ചിമ ബംഗാളിലും അറബിക് സര്‍വകലാശാലകളുണ്ട്. കേന്ദ്ര ഭാഷാ സര്‍വകലാശാലയായ ഇഫ്‌ലുവിലും ജെ.എന്‍.യു ഉള്‍പ്പെടെ എല്ലാ കേന്ദ്ര സര്‍വകലാശാലകളിലും അറബിക് ഡിപ്പാര്‍ട്ട്‌മെന്റുകളുണ്ട്. ധാരാളക്കണക്കിന് പഠന ഗവേഷണങ്ങള്‍ വര്‍ഷം തോറും പുറത്ത് വരുന്നു. കേരളത്തില്‍ മാത്രം 25 ലക്ഷം വിദ്യാര്‍ഥികള്‍ അറബി പഠിക്കുന്നു. 25000 ത്തിലധികം അധ്യാപകര്‍. ഇന്ത്യയുടെ വിദേശനാണ്യത്തിന്റെ 80 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. കേരളത്തിലെ നാല് സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളേജുകളില്‍ അറബിക് ഡിപ്പാര്‍ട്ടുമെന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യയിലെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച സച്ചാര്‍ കമീഷന്റെ നിര്‍ദേശങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെ കുറിച്ച് പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നിയോഗിച്ച പാലോളി കമീഷന്‍ ശിപാര്‍ശയില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. ഈ നിര്‍ദേശം മുന്‍നിര്‍ത്തിയാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശം മുന്നോട്ട് വെച്ചത്. സംസ്ഥാനത്തെ  അറബിക് കോളേജുകളെ കുറിച്ച് പഠിച്ച സമിതിയുടെ പ്രധാന നിര്‍ദേശം സര്‍വകലാശാല  സ്ഥാപിക്കണമെന്നായിരുന്നു. ഡോ. പി. അന്‍വര്‍ ചെയര്‍മാനായ ഒമ്പതംഗ കമീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ച്  സര്‍ക്കാറിന്റെ പരിഗണനക്കായി സമര്‍പ്പിച്ചു. 

ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ഇഫ്‌ലു എന്നിവയുടെ മാതൃകയില്‍ നോണ്‍ അഫിലിയേറ്റിംഗ് സര്‍വകലാശാലയായി ആരംഭിക്കണമെന്നാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തത്. അറബിക് യൂനിവേഴ്‌സിറ്റി സംസ്ഥാനത്തെ അറബി ഭാഷാ പഠനങ്ങളെ അന്താരാഷ്ട്ര അറബിക് യൂനിവേഴ്‌സിറ്റികളുമായും വിദ്യാഭ്യാസ കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്ന ഘടകമായി വര്‍ത്തിക്കും. യൂനിവേഴ്‌സിറ്റി ഫോര്‍ അറബിക് ആന്റ് ഇന്റര്‍നാഷ്‌നല്‍ സ്റ്റഡീസ്, ഇന്റര്‍നാഷ്‌നല്‍ സ്റ്റഡീസ് ഫോര്‍ അറബിക്, കേരള സ്റ്റേറ്റ് ഇന്റര്‍നാഷ്‌നല്‍ അറബിക് യൂനിവേഴ്‌സിറ്റി തുടങ്ങിയ പേരുകളാണ് സമിതി നിര്‍ദേശിച്ചിരിക്കുന്നത്. സര്‍വകലാശാല നടത്തുന്ന കോഴ്‌സുകളില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും അറബി ഭാഷയില്‍ ഉള്ളതായിരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പുറമെ, വിദ്യാര്‍ഥി, അധ്യാപക വിനിമയം സാധ്യമാകുന്ന വിധത്തില്‍ രാജ്യാന്തര സര്‍വകലാശാലകളുമായി ബന്ധം സ്ഥാപിക്കണം. സര്‍വകലാശാലയിലെ പ്രവേശനത്തിന് സംവരണം ബാധകമാക്കണം. അനുവദിച്ച സീറ്റുകള്‍ക്ക് പുറമേ, വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് പ്രത്യേക സംവിധാനം ഒരുക്കണം. സര്‍വകലാശാലാ തലത്തില്‍ അറബിക് പശ്ചാത്തലം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ബ്രിഡ്ജ് കോഴ്‌സുകള്‍ ആരംഭിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യഘട്ടത്തില്‍ ഒമ്പത് ബിരുദാനന്തര ബിരുദ കോഴ്‌സുകളും ബിഎഡും എംഎഡുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ, എംഫില്‍, പിഎച്ച്ഡി ഗവേഷണ പരിപാടികളും അറബിക് മെയിനായി ബി.എ ബിരുദവും ഉള്‍പ്പെടുന്നു. ആറ് പി.ജി ഡിപ്ലോമ കോഴ്‌സുകളും രണ്ട് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തൊഴിലവസരങ്ങളുടെ വലിയ കവാടമാണ് സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ തുറന്നു ലഭിക്കുകയെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പ്രഫ. സി.ഐ അബ്ദുര്‍റഹ്മാന്‍ കണ്‍വീനറും ഡോ. ഇ.കെ അഹമ്മദ് കുട്ടി, ഡോ. എ.എഫ് മാത്യു, പ്രഫ. അബ്ദുന്നാസിര്‍ കോലോത്തുംതൊടി, സി.പി അബൂബക്കര്‍, പ്രഫ. സഹദ് ബിന്‍ അലി, ഡോ. ലിയാഖത്ത് അലി, ഡോ. സി. രാഘവന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ബജറ്റില്‍ സര്‍വകലാശാല സ്ഥാപിക്കുന്നത് ഉള്‍പ്പെടുത്താന്‍  നിര്‍ദേശം സമര്‍പ്പിച്ചുവെങ്കിലും  ധനമന്ത്രി കെ.എം മാണി ശക്തമായി എതിര്‍ത്തു. വീണ്ടും സര്‍വകലാശാലക്കായി വിദ്യാഭ്യാസ വകുപ്പ് ഫയല്‍ ധനവകുപ്പിന്റെ പരിഗണനക്കായി അയച്ചു. സര്‍വകലാശാല സ്ഥാപിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാനുള്ള നിര്‍ദേശമടക്കം പദ്ധതിയെ തന്നെ ധനവകുപ്പ് പൂര്‍ണമായും എതിര്‍ത്തു. പ്രധാനമായും സാമ്പത്തിക ബാധ്യതയാണ് ധനവകുപ്പ് ചൂണ്ടിക്കാണിച്ചത്. അഞ്ച് വര്‍ഷത്തേക്ക് 96 കോടി രൂപയുടെ ചെലവ് വരുമെന്നായിരുന്നു ധനവകുപ്പിന്റെ പ്രധാന വാദം. വിദേശ സഹായം സ്വീകരിച്ച് സര്‍വകലാശാല തുടങ്ങാമെന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍ദേശം സാമ്പത്തിക ബാധ്യതക്കുള്ള പോംവഴിയായി വിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചെങ്കിലും ധനവകുപ്പ് വഴങ്ങിയില്ല.

വിവിധ തടസ്സവാദങ്ങളാണ് ധനവകുപ്പ് ഉന്നയിച്ചത്. സര്‍വകലാശാലയുടെ ഘടനയടക്കമുള്ള കാര്യങ്ങളില്‍ വിശദീകരണം ആരാഞ്ഞു. മറുപടി സഹിതം ഫയല്‍ പരിശോധിച്ച ധനവകുപ്പ് നിര്‍ദേശം  തള്ളി. സര്‍വകലാശാല തുടങ്ങാന്‍ ആറ് കോടി മതിയെന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഹായം സ്വീകരിക്കാമെന്നതടക്കമുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടും ധനവകുപ്പിന്റെ പിടിവാശിയാണ് സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്. ഇതര വകുപ്പുകളുടെ പദ്ധതികളില്‍ സാമ്പത്തിക വശം മാത്രം പരിഗണിക്കേണ്ട ധനവകുപ്പ് തുടരുന്ന കടുംപിടുത്തം വകുപ്പ് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും സങ്കുചിത രാഷ്ട്രീയ താല്‍പര്യമാണെന്ന് പിന്നീടുള്ള നിലപാടുകളില്‍ നിന്ന് വ്യക്തമായി. ധനവകുപ്പിന്റെ നിഷേധാത്മക സമീപനത്തെ തുടര്‍ന്ന് വിഷയം മന്ത്രിസഭയില്‍ ഉന്നയിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. സ്‌പെഷ്യന്‍ ഓഫീസറെ നിയമിക്കുന്നത് അടക്കമുള്ള നിര്‍ദേശമടങ്ങിയ ഫയലാണ് മന്ത്രിസഭക്ക് കൈമാറിയത്.

എന്നാല്‍, കാബിനറ്റ് നോട്ട് അടങ്ങിയ ഫയല്‍ ചീഫ് സെക്രട്ടറി ധനവകുപ്പിന്റെ അംഗീകാരത്തിന് അയച്ചതോടെ നിര്‍ദേശം വീണ്ടും തള്ളി. ചീഫ് സെക്രട്ടറി ജിജി തോംസണും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാമും സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശത്തില്‍ ശക്തമായ എതിര്‍പ്പാണ് ഫയലില്‍ രേഖപ്പെടുത്തിയത്. 'കലാപകലുഷിതമായ അന്തരീക്ഷത്തില്‍ വര്‍ഗീയത ആളിക്കത്തിക്കാനേ സര്‍വകലാശാല ഉപകരിക്കൂ, ഭരണഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന 22 ഭാഷകളില്‍ അറബിയില്ല, അതിനാല്‍ വിദേശ ഭാഷാപഠനത്തിന് സര്‍വകലാശാല സ്ഥാപിക്കാന്‍ കേന്ദ്ര വിദേശകാര്യ മാനവ വിഭവശേഷി മന്ത്രാലയങ്ങളില്‍നിന്ന് അനുമതി വാങ്ങണം, സംസ്ഥാനത്തിന് 96 കോടിയുടെ അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കും, ഇത്തരമൊരു നിര്‍ദേശംതന്നെ അനാവശ്യമാണ്' എന്നൊക്കെ അഭിപ്രായപ്പെട്ട  ഉദ്യോഗസ്ഥര്‍ ഇത്തരമൊരു സര്‍വകലാശാല സ്ഥാപിക്കാനുള്ള നീക്കം സംബന്ധിച്ച് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ നിരന്തരം അന്വേഷിക്കുന്നതായും, ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ആശങ്കകള്‍ ഉയര്‍ന്നതായും ഫയലില്‍ എഴുതിവെച്ചു.

അറബിക് സര്‍വകലാശാല  അനുവദിച്ചാല്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാവുമെന്നും അതോടൊപ്പം തന്നെ അരാമിക് സര്‍വകലാശാലക്ക് വേണ്ടിയുള്ള ആവശ്യവും ഉയര്‍ന്നുവരുമെന്നും അഡീ ചീഫ് സെക്രട്ടറി  കെ.എം എബ്രഹാം  സര്‍ക്കാര്‍ ഫയലില്‍ എഴുതി. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എബ്രഹാമിന്റെ വിചിത്ര വാദങ്ങളെ ശരിവെച്ചു. വളരെ കുറച്ച് ആളുകള്‍ മാത്രം ഉപയോഗിക്കുന്ന സംസ്‌കൃത സര്‍വകലാശാല ആരംഭിച്ചത് ഇ.ടി മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്. അന്നൊന്നും ആരും ഇത്തരത്തിലുള്ള 'വര്‍ഗീയ' തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നില്ല. ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ സ്ഥാപിച്ച മലയാളം സര്‍വകലാശാലയുടെ കാര്യത്തില്‍ സാമ്പത്തിക തടസ്സമുന്നയിക്കപ്പെട്ടില്ല. എന്നാല്‍, മലബാറിലെ പ്ലസ്ടു സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കാന്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാനുള്ള നിര്‍ദേശം തുടക്കം മുതല്‍ ധനവകുപ്പ് ശക്തമായി എതിര്‍ത്തിരുന്നു. മലപ്പുറത്ത് അനുവദിച്ചിരുന്ന ഇഫ്‌ലു സര്‍വകലാശാലയുടെ കാമ്പസ് നഷ്ടപ്പെടുത്തിയതിലും ഈ ലോബിക്ക് പങ്കുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ മൊത്തം പ്രവേശനാനുപാതം ദേശീയ ശരാശരിയേക്കാള്‍ പിന്നിലുള്ള മലബാറിലെ ജില്ലകളില്‍ യു.ജി.സി സഹായത്തോടെ അനുവദിച്ചിരുന്ന കേന്ദ്ര സര്‍ക്കാറിന്റെ മോഡല്‍ കോളജ് പദ്ധതിയും നഷ്ടപ്പെടുത്തിയത്  ലോബിയുടെ ഇടപെടലാണ്. 

വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പദ്ധതികളെ വര്‍ഗീയമെന്നാരോപിച്ച് തടയുന്നതില്‍ ഉന്നത ഉദ്യോഗസ്ഥരുടെ തന്നെ നേതൃത്വത്തിലുള്ള സംഘത്തിന് പങ്കുണ്ട് എന്ന ആരോപണം ശക്തമാണ്. ചില മന്ത്രിമാരുടെ കൂടി ഒത്താശയോടെയാണത്രേ ഈ ലോബി പ്രവര്‍ത്തിക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തിലും ചോദ്യപേപ്പറിലെ ചന്ദ്രക്കലാ വിവാദത്തിലും പച്ചബോര്‍ഡ് വിവാദത്തിലുമടക്കം വിദ്യാഭ്യാസ വകുപ്പിനെ കരിവാരിത്തേച്ച് വഷളാക്കാനുള്ള ശ്രമങ്ങളില്‍ ഈ ഉന്നതലോബിക്ക് പങ്കുണ്ട് എന്നാണ് ലീഗ് നേതാക്കള്‍ തന്നെ പറയുന്നത്. അസാധാരണവും വിചിത്രവുമായ നോട്ടെഴുതിയ ഉന്നത ഉദ്യോഗസ്ഥരുടെ സര്‍വീസ് റെക്കോര്‍ഡ്  പരിശോധിച്ചാല്‍ അവരുടെ താല്‍പര്യം വ്യക്തമാകും. 

കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നതിനാണ് ചീഫ് സെക്രട്ടറിയുടെയും ധനവകുപ്പിന്റെയും നിലപാട് സഹായിക്കുക. കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതിക്ക് വലിയ സംഭാവന ചെയ്യുന്ന ഒരു പദ്ധതിയെ എതിര്‍ക്കുന്നവരുടെ സങ്കുചിത  രാഷ്ട്രീയ താല്‍പര്യത്തെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. അരാമിക്, ഹിബ്രു ഭാഷകള്‍ എല്ലാം തന്നെ അറബിക് ഉള്‍പ്പെടുന്ന സെമിറ്റിക് ഭാഷാശാഖയില്‍ നിന്നുള്ളതാണ്. അതും പഠിപ്പിക്കേണ്ടിവരും എന്ന വിതണ്ഡവാദം ഒരു അഡീ. ചീഫ് സെക്രട്ടറി ഉന്നയിച്ചത് പരിഹാസ്യമാണ്. അറബി മധ്യപൗരസ്ത്യ, ആഫ്രിക്കന്‍ രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാരുടെ മാതൃഭാഷയാണെന്ന് മാത്രമല്ല അവരുടെ ബൈബിളും ഖുര്‍ബാനയുമെല്ലാം അറബിയിലാണ്. അത്തരമൊരു ഭാഷയെ സാമുദായികവത്കരിക്കുന്നതിലൂടെ എന്താണിവര്‍ ലക്ഷ്യമിടുന്നത്? ഭരണകൂടം വര്‍ഗീയ വാദത്തിന് എരിവ് പകരുന്ന നിലപാടാണ് സ്വീകരിക്കുന്നത്  എന്നാണ് മനസ്സിലാക്കാനാവുക. അല്ലെങ്കില്‍ വര്‍ഗീയ താല്‍പര്യത്തോടെ ഫയലില്‍ നോട്ടെഴുതിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയാറാവണമായിരുന്നു. എന്നാല്‍ വിശദീകരണം ചോദിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായിട്ടില്ല. ഭാഷാ സമര പോരാളികള്‍ക്ക് സ്മാരകം പണിത മുസ്‌ലിം ലീഗ് മന്ത്രിമാര്‍ ഇക്കാര്യത്തിലെങ്കിലും ആര്‍ജവമുള്ള നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. 

അതേസമയം സംസ്ഥാനത്ത് ഭാഷാ യൂനിവേഴ്‌സിറ്റിയാണ് സ്ഥാപിക്കേണ്ടത് എന്ന അഭിപ്രായവും ശക്തമാണ്. നേരത്തെ തന്നെ കേരളത്തില്‍ വിവിധ ഭാഷകള്‍ക്കായി വെവ്വേറെ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിന് പകരം വിവിധ ഭാഷകള്‍ ഉള്‍പ്പെടുത്തി ഭാഷാ സര്‍വകലാശാല സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നു. താരതമ്യ പഠനങ്ങളിലൂടെയാണ് ഭാഷ വികസിക്കുന്നതെന്നിരിക്കെ വെവ്വെറെ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതില്‍ കാര്യമില്ലെന്നാണ് നിര്‍ദേശത്തിന്റെ അടിസ്ഥാനം. ഹൈദരാബാദിലെ ഇഫ്‌ലു മാതൃകയില്‍ കേരള ഭാഷാ സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശം പക്ഷേ സര്‍ക്കാര്‍ കാര്യമായെടുക്കുന്നില്ല. മലയാളം സര്‍വകലാശാലയില്‍ മറ്റൊരു ഭാഷയും പഠിപ്പിക്കരുതെന്ന ഭാഷാ മൗലികവാദികളുടെ ശാഠ്യം മലയാള ഭാഷയുടെ വികാസ സാധ്യത തന്നെ തകര്‍ക്കുന്നു. കാലടി സംസ്‌കൃത സര്‍വകലാശാല കൊണ്ട് ആ ഭാഷയുടെ വികാസത്തിനോ വിദ്യാര്‍ഥികള്‍ക്കോ യാതൊരു ഗുണവുമുണ്ടായില്ല. സംസ്ഥാനത്ത് പൗരസ്ത്യ ഭാഷാ സര്‍വകലാശാല രൂപവത്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് നിരവധി തവണ പ്രസ്താവന നടത്തിയിരുന്നുവെങ്കിലും പ്രായോഗിക നടപടികള്‍ ഒന്നും തന്നെയുണ്ടായില്ല. സംസ്ഥാനത്തിന്റെ ഭാഷ പഠനരംഗത്ത്  സമഗ്രമായ മാറ്റം സൃഷ്ടിക്കുന്ന വിധത്തില്‍ ഭാഷാ സര്‍വകലാശാല സ്ഥാപിക്കുന്നതാണ് കൂടുതല്‍ ഗുണകരമാവുക.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /65-66
എ.വൈ.ആര്‍