Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 04

പലിശയും പലിശരഹിത ബദല്‍ സംവിധാനങ്ങളും

മുഫ്തി തഖി ഉസ്മാനി /പ്രഭാഷണം

         ഇംഗ്ലീഷില്‍ Interest എന്നും Usury എന്നും, ഉര്‍ദുവില്‍ 'സൂദ്' എന്നും പറയുന്ന പലിശയുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചാണ് ഈ സമ്മേളനത്തില്‍ സംസാരിക്കേണ്ടത്. ലോക സാമ്പത്തിക വ്യവസ്ഥിതി പൊതുവെയും നാം അധിവസിക്കുന്ന പടിഞ്ഞാറന്‍ നാടുകള്‍ വിശേഷിച്ചും പലിശയിലധിഷ്ഠിതമാണ് എന്നതുകൊണ്ട് മാത്രമല്ല ഈ വിഷയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്. ഇന്ന് നിലവിലുള്ള പലിശ ഇസ്‌ലാമില്‍ നിഷിദ്ധമല്ലെന്ന വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. അഥവാ ഖുര്‍ആന്‍ നിരോധിച്ച 'രിബാ'യില്‍ ഇന്നത്തെ പലിശ ഉള്‍പ്പെടില്ല എന്ന പ്രചണ്ഡമായ പ്രചാരണം. ഇതും ഈ വിഷയം തെരഞ്ഞെടുക്കാന്‍ കാരണമാണ്. ഖുര്‍ആനും നബിചര്യയും എന്ത് പാഠമാണ് ഈ വിഷയത്തില്‍ നല്‍കുന്നതെന്ന് പരിശോധിക്കാനാണ് നാമിപ്പോള്‍ ഉദ്ദേശിക്കുന്നത്.

പലിശക്കാരോട് യുദ്ധ പ്രഖ്യാപനം

വിശുദ്ധ ഖുര്‍ആന്‍ മറ്റേത് പാപത്തെക്കാളും ഗുരുതരമായാണ് പലിശയെ കണ്ടത് എന്നതാണ് നാം ഗ്രഹിക്കേണ്ട ഒന്നാമത്തെ വസ്തുത. മദ്യപാനം, പന്നിമാംസ ഭോജനം, വ്യഭിചാരം തുടങ്ങിയ തിന്മകളെക്കുറിച്ചൊന്നും പറയാത്ത കടുത്ത വാക്കുകള്‍ ഖുര്‍ആന്‍ പ്രയോഗിക്കുന്നു: ''വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. പലിശയില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. നിങ്ങള്‍ അതിന് തയാറല്ലെങ്കില്‍ അറിയുക, നിങ്ങള്‍ക്കെതിരെ അല്ലാഹുവും അവന്റെ ദൂതനും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു'' (2:278,279). എന്തുകൊണ്ടിത്ര ഗുരുതരമായ യുദ്ധ പ്രഖ്യാപനം എന്ന ചോദ്യത്തിന് മറുപടി നല്‍കാനാണ് ഇവിടെ ശ്രമിക്കുന്നത്.

എന്താണ് പലിശ?

ഖുര്‍ആനില്‍ പറയുന്ന പലിശ അറബികള്‍ക്ക് ഏറെ പരിചിതമായിരുന്നു. ഒരാള്‍ക്ക് കടമായി നല്‍കുന്ന പണം തിരിച്ചു നല്‍കുമ്പോള്‍ നിശ്ചിത തുകയിലും കൂടുതലായി നല്‍കുന്ന നിശ്ചിത സംഖ്യയാണ് പലിശയായി ഗണിച്ചിരുന്നത്. നൂറ് രൂപ കടം നല്‍കിയാല്‍ അല്‍പ ദിവസം കഴിഞ്ഞ് തിരിച്ചു തരുമ്പോള്‍ 105 രൂപ വേണമെന്ന് നിശ്ചയിക്കുകയാണെങ്കില്‍ അഞ്ച് രൂപ പലിശയാണ്. നേരത്തേ നിശ്ചയിക്കാതെ വല്ലതും -അതെത്ര കുറഞ്ഞാലും കൂടിയാലും- അധികമായി നല്‍കുന്നതാകട്ടെ പുണ്യവും അനുവദനീയവുമാണ്. ഇത് പ്രവാചകന്‍ മുഹമ്മദ്(സ) പ്രോത്സാഹിപ്പിച്ചതും കാണിച്ചു തന്നതുമാണ്. അതിനെ 'നല്ല കടം വീട്ടല്‍' എന്നാണ് ഹദീസില്‍ പരാമര്‍ശിക്കുന്നത്. 'കടം വീട്ടുമ്പോള്‍ നല്ല ഇടപാട് നടത്തുന്നവരാണ് നിങ്ങളില്‍ ഉത്തമന്‍' എന്നാണ് നബിവചനം. കൂടുതല്‍ വേണമെന്നാവശ്യപ്പെടുമ്പോഴാണ് അത് നിഷിദ്ധമായ പലിശയാകുന്നത്.

ഖുര്‍ആന്‍ നിരോധിച്ച പലിശ

ഖുര്‍ആന്‍ അവതരിക്കുമ്പോള്‍, കടം വാങ്ങുന്ന വ്യക്തികള്‍ അങ്ങേയറ്റം ദരിദ്രരായിരുന്നു. ഉണ്ണാനും ഉടുക്കാനും ചികിത്സക്കും ഗതിയില്ലാത്തവര്‍, മരണശേഷക്രിയകള്‍ക്ക് പോലും കടം വാങ്ങേണ്ടിവരുന്നവര്‍. കടം ആവശ്യപ്പെടുമ്പോള്‍ നിശ്ചിത ശതമാനം അധികം തിരിച്ചുതരണമെന്ന ഉപാധി അവരുടെ മുന്നില്‍ വെച്ചിരുന്നു. മനുഷ്യത്വത്തിന് നിരക്കാത്ത ഈ വ്യവസ്ഥയെയാണ് ഖുര്‍ആന്‍ നിരോധിച്ചതും യുദ്ധ പ്രഖ്യാപനം നടത്തിയതും. എന്നാല്‍, നമ്മുടെ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നത് അത്തരം ആവശ്യങ്ങള്‍ക്കല്ല. കച്ചവടം ചെയ്ത് കൂടുതല്‍ ലാഭമുണ്ടാക്കലും ഫാക്ടറികള്‍ സ്ഥാപിക്കലുമൊക്കെയാണ് അതിന്റെ ഉദ്ദേശ്യം. അവരുടെ ലാഭവിഹിതത്തില്‍ നിന്ന് അല്‍പം ആവശ്യപ്പെടുന്നതിന് മാനവിക വിരുദ്ധതയൊന്നും ഇല്ലല്ലോ. അതിനാല്‍ തന്നെ ഖുര്‍ആന്‍ നിരോധിച്ച പലിശയില്‍ ഇക്കാലത്തെ ബാങ്ക് പലിശ ഉള്‍പ്പെടില്ല- ഇതാണ് ചിലരുടെ വാദം.

കൊമേഴ്‌സ്യല്‍ ലോണ്‍ അന്ന് പ്രാബല്യത്തിലുണ്ടായിരുന്നില്ല, വ്യക്തിഗത വായ്പകള്‍ മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ട് കൊമേഴ്‌സ്യല്‍ ഇന്ററസ്റ്റ് ഖുര്‍ആന്റെ നിരോധത്തില്‍ ഉള്‍പ്പെടില്ല എന്ന വാദവും അവര്‍ ഉയര്‍ത്തുന്നു.

രൂപമാറ്റം യാഥാര്‍ഥ്യത്തെ മാറ്റില്ല

ഏതെങ്കിലും കാര്യം നിഷിദ്ധമാകാന്‍ അത് പ്രവാചകന്റെ കാലത്ത് നിലവിലുള്ളതാകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഖുര്‍ആന്‍ ഏതെങ്കിലും കാര്യം നിരോധിക്കുന്നുവെങ്കില്‍ അതിന്റെ പിന്നില്‍ എന്തെങ്കിലും യുക്തിയോ വസ്തുതയോ ഉണ്ടാകും. അതിനെ ചൂണ്ടിയാണ് ഖുര്‍ആന്‍ നിരോധമേര്‍പ്പെടുത്തുക. ഖുര്‍ആന്‍ മദ്യം നിരോധിച്ചിട്ടുണ്ടല്ലോ. ലഹരിയുണ്ടാക്കുന്ന വസ്തുക്കളാണ് ഖുര്‍ആന്റെ ഈ നിരോധത്തിലുള്‍പ്പെടുക. ഇന്നത്തെ വിസ്‌കിയും ബ്രാണ്ടിയും കഞ്ചാവും ഹെറോയിനുമൊന്നും നബിയുടെ കാലത്തുണ്ടായിരുന്നില്ല. അതിനാല്‍ അതൊന്നും നിഷിദ്ധമല്ല എന്ന് പറയുന്നത് എന്തു മാത്രം വിഡ്ഢിത്തമാണ്! അതേപോലെ തന്നെയാണ് കൊമേഴ്‌സ്യല്‍ ലോണിന്റെ കാര്യവും; അന്നില്ലാത്തതിനാല്‍ നിരോധത്തിലതുള്‍പ്പെടുന്നില്ലെന്ന വാദവും.

ഇന്നത്തെ നിലപാട്

ഏത് കാര്യത്തെക്കുറിച്ചും 'അന്ന് ഇതായിരുന്നില്ല; അന്നുള്ളതാണ് നിഷിദ്ധമാക്കിയത്' എന്നാണ് വാദമെങ്കില്‍ ഇങ്ങനെയും പറയാമല്ലോ: ''വളരെ വൃത്തിഹീനമായ പരിസരങ്ങളില്‍ ജീവിക്കുകയും മ്ലേഛമായ വസ്തുക്കള്‍ തിന്നുകയും ചെയ്യുന്നത് കൊണ്ടായിരുന്നു ഖുര്‍ആന്‍ പന്നിമാംസം നിരോധിച്ചത്. ഇപ്പോള്‍ വൃത്തിയുള്ള ഫാമുകളില്‍ നന്നായി വളര്‍ത്തുന്ന പന്നികള്‍ക്ക് ആ നിരോധം ബാധകമല്ല.''

ശരീഅത്തിന്റെ തത്ത്വം

ഖുര്‍ആന്‍ ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ സാഹചര്യം എത്രതന്നെ മാറിയാലും അത് നിഷിദ്ധം അല്ലാതാവുന്നില്ല. എന്ത് കാരണം കൊണ്ടാണോ അത് നിരോധിച്ചത് ആ വസ്തുത ഏത് സാഹചര്യത്തിലും സംഗതമായിരിക്കും.

പ്രവാചകന്റെ കാലത്ത് കൊമേഴ്‌സ്യല്‍ ലോണ്‍ ഉണ്ടായിരുന്നില്ലെന്നത് ശരിയല്ല (ഇത് സംബന്ധിച്ച് എന്റെ പിതാവ് മുഫ്തി ശഫീഅ് രചിച്ച മസ്അലേ സൂദിന്റെ രണ്ടാം ഭാഗത്ത് ചില ഉദാഹരണങ്ങള്‍ കൊടുത്തിട്ടുണ്ട്). 'മരുഭൂവാസികളായ അറബികള്‍ക്ക് ഇങ്ങനെയൊരു സമ്പ്രദായമുണ്ടായിരുന്നില്ല. അവരുടെ കച്ചവടം 20 രൂപയുടെ ബാര്‍ലിയും 30 രൂപയുടെ ചോളവുമായിരുന്നുവല്ലോ. ഇതിനെന്തിന് വ്യാപാര വായ്പ' എന്ന് പറയുന്നുണ്ട് ചിലര്‍. എന്നാല്‍ യാഥാര്‍ഥ്യം അതായിരുന്നില്ല.

ഓരോ ഗോത്രവും ജോയിന്റ് സ്റ്റോക്ക് കമ്പനി

പ്രവാചകന്റെ കാലത്തെ അറബ് സമൂഹം ഇന്ന് നിലവിലുള്ള പലവിധത്തിലുള്ള വ്യാപാരങ്ങളും ഇടപാടുകളും നടത്തിയിരുന്നു. ഓരോ ഗോത്രവും ജോയിന്റ് സ്റ്റോക്ക് കമ്പനിയായിരുന്നു. ഗോത്രത്തിലെ ഓരോ വ്യക്തിയും നിശ്ചിത സംഖ്യ സമാഹരിച്ച് ഒരു വ്യാപാര സംഘത്തെ സിറിയയിലേക്കും യമനിലേക്കും അയച്ചിരുന്നു. അതിനെക്കുറിച്ചാണ് ഖുര്‍ആന്‍, 'ഉഷ്ണകാലത്തും ശൈത്യകാലത്തുമുള്ള യാത്രയോട് ഖുറൈശികള്‍ക്കുള്ള ഇണക്കം' എന്ന് പറഞ്ഞത്. ചിലപ്പോള്‍ ഇങ്ങനെ 10 ലക്ഷം ദീനാര്‍ കടമായി സമാഹരിച്ചായിരുന്നു ചില 'കാരവന്‍' യാത്ര പുറപ്പെട്ടിരുന്നത്. സ്വന്തം നാട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി അന്യനാടുകളിലേക്കും, അവിടെ നിന്ന് മറ്റു സാധനങ്ങളുമായി സ്വന്തം നഗരങ്ങളിലേക്കുള്ള കച്ചവടയാത്രയില്‍ പ്രവാചകനും പ്രശസ്തരായ സ്വഹാബികളും പങ്കെടുത്തിരുന്നുവെന്നത് ചരിത്രമാണ്. ആ വായ്പകള്‍ വീട്ടിലെ ആവശ്യങ്ങള്‍ക്കോ മൃതദേഹം മറവ് ചെയ്യാനോ ആയിരുന്നില്ലല്ലോ ഉപയോഗിച്ചിരുന്നത്.

ആദ്യമായി വിടുതല്‍ നല്‍കിയ പലിശ

പ്രവാചകന്‍ ഹജ്ജത്തുല്‍ വിദാഇല്‍ പലിശ നിരോധം പ്രഖ്യാപിച്ചുകൊണ്ട് ആദ്യമായി വിട്ടുകൊടുത്തത് സ്വന്തം പിതൃ സഹോദരന്‍ അബ്ബാസിന് ലഭിക്കാനുള്ള പലിശയായിരുന്നു. അദ്ദേഹം ആളുകള്‍ക്ക് നല്‍കിയ കടത്തിന്റെ പലിശ മാത്രം പതിനായിരം മിസ്‌കാല്‍ സ്വര്‍ണമുണ്ടായിരുന്നുവെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഇത്രയും ഭീമമായ പലിശയുടെ മൂലധനം എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആ കടം വക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നില്ല, കച്ചവടാവശ്യങ്ങള്‍ക്കായിരുന്നുവെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നിട്ടും അതിന്റെ ലാഭവിഹിതം, അത് മുന്‍ നിശ്ചിതമായിരുന്നത് കൊണ്ട് മാത്രം നിരോധിക്കുകയാണ് പ്രവാചകന്‍ ചെയ്തത്.

ഇന്നത്തെ ബാങ്കിംഗിന്റെ രൂപത്തിലും ഭാവത്തിലും അക്കാലത്തും പണമിടപാട് നിലവിലുണ്ടായിരുന്നു. സുബൈറുബ്‌നുല്‍ അവാമില്‍ നിന്ന് ആളുകള്‍ സാധനങ്ങള്‍ പണയം നല്‍കി പണം കടം കൊള്ളുകയും അത് കച്ചവടത്തിനും മറ്റും ഉപയോഗിക്കുകയും ചെയ്തിരുന്നു. മകന്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍ പറഞ്ഞു: ''മരണശേഷം ഞങ്ങള്‍ പിതാവിന്റെ കടം വീട്ടാനായി കണക്കെടുത്തു നോക്കിയപ്പോള്‍ അത് 22 ലക്ഷം ദീനാറിന്റേതുണ്ടായിരുന്നു'' (മസ്അലയേ സൂദ്, പേജ് 13). അക്കാലത്ത് വ്യാപാര വായ്പകളില്ലായിരുന്നുവെന്ന വാദത്തിനുള്ള ഖണ്ഡനമാണിത്. വ്യാപാര വായ്പകളും വമ്പിച്ച പലിശയും അന്ന് നിലനിന്നിരുന്നുവെന്ന് വ്യക്തം. അതിനെ വ്യക്തിഗതം/ വ്യാപാരം എന്നിങ്ങനെ വേര്‍തിരിക്കുന്നത് ശരിയില്ല.

സാധാരണ പലിശയും കൂട്ടു പലിശയും

സാധാരണ പലിശയല്ല, കൂട്ടുപലിശയാണ് നിരോധിച്ചത് എന്ന മറ്റൊരു തെറ്റിദ്ധാരണയും വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. പലിശക്ക് പലിശ ഈടാക്കുന്നതിനെയാണ് കൂട്ടുപലിശ (Compound Interest) എന്ന് പറയുന്നത്. ഈ വാദം ഖുര്‍ആന്റെ അധ്യാപനത്തെ നിഷേധിക്കലാണ്. ''വിശ്വസിച്ചവരേ, അല്ലാഹുവിനെ സൂക്ഷിക്കുക. പലിശയില്‍ നിന്ന് അവശേഷിച്ചത് വിട്ടുകളയുകയും ചെയ്യുക'' എന്ന ഖുര്‍ആനിക പരാമര്‍ശം പലിശ നിരക്ക് കുറവോ കൂടുതലോ എന്നത് വിഷയമേയല്ല എന്ന് വ്യക്തമാക്കുന്നുണ്ടല്ലോ. ''നിങ്ങള്‍  പലിശയെക്കുറിച്ച് പശ്ചാതപിച്ചാല്‍ പിന്നെയുള്ള മുതല്‍ നിങ്ങള്‍ക്കവകാശപ്പെട്ടതാണ്'' എന്ന ഖുര്‍ആന്റെ പ്രസ്താവനയില്‍ നിന്ന്, മുതലിന്റെ നേരിയ വര്‍ധനവ് പോലും പലിശയാണെന്നും അതിനാല്‍ നിഷിദ്ധമാണെന്നും മനസ്സിലാക്കാം. പലിശ കുറച്ചായാലും കൂടുതലായാലും, വാങ്ങുന്നവന്‍ ദരിദ്രനായാലും ധനികനായാലും ഹറാം തന്നെയാണ്. അത് കച്ചവടത്തിനായാലും സ്വന്തം ആവശ്യത്തിനായാലും.

പലിശാധിഷ്ഠിത ബാങ്കിംഗ്

ഇത്തരം വാദഗതികള്‍ക്കൊന്നും ഇന്ന് നിലനില്‍പില്ലാതായ പശ്ചാത്തലത്തില്‍, മുസ്‌ലിം ലോകത്തെ പണ്ഡിതന്മാരും സാമ്പത്തിക വിദഗ്ധരും ബാങ്കേഴ്‌സും പലിശ നിഷിദ്ധമാണെന്ന കാര്യത്തില്‍ ഏകാഭിപ്രായം പുലര്‍ത്തുന്നവരാണ്. നാലു വര്‍ഷം മുമ്പ് ജിദ്ദയില്‍ ചേര്‍ന്ന ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയുടേതാണ് ഇക്കാര്യത്തില്‍ അവസാനത്തെ വിധി. 45 മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്ന് 200-ഓളം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഏതുതരം പലിശയും ഹറാമാണെന്ന കാര്യം ഖുര്‍ആന്റെയും നബിചര്യയുടെയും വെളിച്ചത്തില്‍ ഏകകണ്ഠമായി അംഗീകരിക്കപ്പെടുകയുണ്ടായി.

നഷ്ടത്തില്‍ പങ്കുപറ്റല്‍

നിങ്ങള്‍ ഒരാള്‍ക്ക് പണം കൊടുക്കുമ്പോള്‍ രണ്ടിലൊരു കാര്യം തീരുമാനിച്ചിരിക്കണം. നിങ്ങള്‍ അയാളെ സഹായിക്കാനാണോ ഉദ്ദേശിക്കുന്നത്, അതോ അയാളുടെ കച്ചവടത്തില്‍ പങ്കുചേരാനാണോ? സഹായിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ കടം കൊടുത്തതില്‍ അധികമായി യാതൊന്നും തിരിച്ചുകിട്ടാന്‍ ആഗ്രഹിക്കരുത്. ബിസിനസ്സില്‍ പങ്കാളിയാകാനാണ് ഉദ്ദേശ്യമെങ്കില്‍ അതിന്റെ ലാഭത്തിലെന്ന പോലെ നഷ്ടത്തിലും പങ്കാളിയാവാന്‍ തയാറാകണം. ലാഭമെങ്കില്‍ നമുക്ക് വേണം, നഷ്ടമാണെങ്കില്‍ നിങ്ങള്‍ സഹിക്കണം എന്ന നിലപാട് ന്യായമല്ല. അത് ജോയിന്റ് എന്റര്‍പ്രൈസ് ആവാം, അല്ലെങ്കില്‍ പാര്‍ട്ണര്‍ഷിപ്പാവാം. ലാഭ നഷ്ടങ്ങള്‍ മൂലധനത്തിന്റെ അനുപാതത്തില്‍ വീതിക്കപ്പെടണം. അതല്ലാതെ 'ലാഭമായാലും നഷ്ടമായാലും എന്റെ മുടക്കിന്റെ 15 ശതമാനം നിശ്ചിത തീയതിക്ക് തിരിച്ചു നല്‍കണ'മെന്ന് വ്യവസ്ഥപ്പെടുത്തുന്നത് പലിശ തന്നെയാണ്. അത് ഖുര്‍ആന്‍ നിരോധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കുക.

ചിലപ്പോള്‍ കടം വാങ്ങിയവന് നഷ്ടം സഭവിച്ചാലും കൊടുത്തവന് ലാഭം ലഭിക്കാം. കടം വാങ്ങിയവന്, കൊടുത്തവനേക്കാള്‍ വര്‍ധിച്ച തോതില്‍ ലാഭം ലഭിക്കാനും സാധ്യതയുണ്ട്. ഇതാണ് ഈ കാലത്തെ പലിശ വ്യവസ്ഥിതിയുടെ ന്യൂനത.

നിക്ഷേപകര്‍ക്ക് എന്നും നഷ്ടം തന്നെ

ഒരാള്‍ ഒരു കോടി രൂപ വായ്പയെടുത്ത് ബിസിനസ്സില്‍ മുടക്കുന്നുവെന്ന് കരുതുക. മുടക്കുമുതല്‍ ആരുടേതാണ്? ബാങ്കില്‍ നിന്നാണെങ്കില്‍ ബഹുജനത്തിന്റേത്. ആ കച്ചവടത്തില്‍ 100 ശതമാനം ലാഭം കിട്ടിയാല്‍ രണ്ട് കോടിയില്‍ നിന്ന് 15 ലക്ഷം ബാങ്കിന് നല്‍കുന്നു. ബാങ്ക് സ്വന്തം ലാഭവും മറ്റു ചെലവുകളും കഴിച്ച് എട്ടോ പത്തോ ശതമാനം നിക്ഷേപകന് നല്‍കുന്നു. തന്റെ നിക്ഷേപത്തിന്റെ തുഛമായ ലാഭ വിഹിതം കൊണ്ട് തൃപ്തിപ്പെടുന്ന നിക്ഷേപകന്‍, ബിസിനസ്സിലെ ഉല്‍പന്നം വില കൊടുത്തു വാങ്ങുന്നു. ബിസിനസ്സുകാരന്‍ കൊടുത്ത 15 ശതമാനം പലിശ കൂടി ചെലവില്‍ ചേര്‍ത്താണ് അയാള്‍ തന്നെ ഉല്‍പന്നത്തിന്റെ വില നിശ്ചയിക്കുന്നത്. ഉല്‍പന്നത്തിന്റെ യഥാര്‍ഥ വിലയില്‍ ഈ 15 ശതമാനം കൂടി അധികമായി നല്‍കി നിക്ഷേപകന്‍ അത് വാങ്ങുന്നതോടെ, നേരത്തേ ലഭിച്ച എട്ടോ പത്തോ ശതമാനം ലാഭത്തിനപ്പുറം ഏഴു ശതമാനം അധികമായി മുടക്കാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നു. ഫലത്തില്‍ തന്റെ മുതല്‍മുടക്കിന്റെ 93 ശതമാനം മാത്രമാണ് തിരിച്ചു കിട്ടിയത് എന്ന സത്യം അയാള്‍ അറിയുന്നു പോലുമില്ല.

ഈ ഇടപാട് പാര്‍ട്ണര്‍ഷിപ്പിലൂടെയായിരുന്നെങ്കില്‍ ലാഭ വിഹിതിമായി 50 ശതമാനം ലഭിക്കുമായിരുന്നു. ആ 50 ശതമാനം പ്രൊഡക്ഷന്‍ കോസ്റ്റ് ആയി മാറുകയുമില്ല. പലിശ ചെലവില്‍ ചേര്‍ക്കുന്ന പോലെ ലാഭം ചെലവില്‍ ചേര്‍ക്കാറില്ലല്ലോ. അപ്പോള്‍ ലാഭം ലാഭമായി തന്നെ നിലനില്‍ക്കും.

ഇനി ഇങ്ങനെ സങ്കല്‍പിക്കുക: ഒരു കോടി രൂപ വായ്പയെടുത്തു നടത്തിയ ബിസിനസ്സില്‍ നഷ്ടം സംഭവിച്ചു. ബാങ്ക് പാപ്പരായി. എങ്കില്‍ ആര്‍ക്കാണ് നഷ്ടം സംഭവിക്കുക? സാധാരണക്കാരനായ നിക്ഷേപകന്; ലാഭം കടം വാങ്ങിയവനും.

നഷ്ടപരിഹാരം

വ്യവസായിക്ക് സംഭവിക്കുന്ന നഷ്ടത്തിനുള്ള പരിഹാരമാണ് ഇന്‍ഷുറന്‍സ്. ഗോഡൗണില്‍ അഗ്നിബാധയുണ്ടായാല്‍ നഷ്ടം വകവെച്ചുകൊടുക്കുക ഇന്‍ഷുറന്‍സ് കമ്പനിയാണല്ലോ. യഥാര്‍ഥത്തില്‍ ആ പണം ആരുടേതാണ്? സാമാന്യ ജനത്തിന്റേത്. സ്വന്തമായി വണ്ടി വാങ്ങി നിരത്തിലിറക്കാന്‍ ഇന്‍ഷുര്‍ ചെയ്തിരിക്കണം. അത് അപകടത്തില്‍ പെട്ടില്ലെങ്കില്‍  യഥാസമയം പ്രീമിയം അടച്ചുകൊണ്ടിരിക്കണം. അത് ഉപയോഗിച്ചാണവന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതും ഭീമമായ ശമ്പളം നല്‍കുന്നതും വ്യവസായിയുടെ നഷ്ടം നികത്തുന്നതും. ബാങ്കിലെ നിക്ഷേപം ശരിയായി വിനിയോഗിച്ചിരുന്നുവെങ്കില്‍ നിക്ഷേപകന് ലാഭം ലഭിച്ചേനെ. നിലവിലുള്ള സിസ്റ്റത്തില്‍ സമ്പത്തിന്റെ വിതരണം താഴേ തട്ടിലേക്ക് ചെല്ലുന്നതിന് പകരം സമ്പന്നരിലേക്ക് കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. സമൂഹത്തെ മുഴുവന്‍ നശിപ്പിക്കുന്ന ഒരു സാമ്പത്തിക ക്രമമാണ് പലിശയിലധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയുടേത്.

നാശഹേതുകം

പലിശ നിഷിദ്ധമാണെന്ന് നാം മനസ്സിലാക്കിയത് ഖുര്‍ആന്‍ അത് നിഷിദ്ധമാക്കിയത് കൊണ്ടാണെങ്കിലും, അതിന്റെ ബുദ്ധിപരമായ ന്യായങ്ങളിലേക്ക് കടന്നാല്‍ വന്‍ ദൂഷ്യഫലങ്ങള്‍ നമുക്ക് കാണാനാവും. നാം അധിവസിക്കുന്ന ഈ നാട് (അമേരിക്ക) പുരോഗതി നേടിയെന്ന ഖ്യാതിയുള്ളതാണല്ലോ. എന്നാല്‍, സാമ്പത്തിക രംഗത്ത് അത് നാശത്തിന്റെ വക്കിലാണെന്നതാണ് സത്യം. കാരണം അതിന്റെ അടിത്തറ സ്ഥാപിതമായത് പലിശയിലാണ്. പ്രവാചകന്റെ കാലത്ത് പലിശക്ക് കടം വാങ്ങിയിരുന്നത് ജീവിക്കാന്‍ വേണ്ടിയായിരുന്നു, അത് നിഷിദ്ധവും ഇക്കാലത്തെ വ്യാപാര പലിശ അനുവദനീയവുമെന്ന് കരുതുന്നവരുടെ കണ്ണ് തുറപ്പിക്കും അമേരിക്കയുടെ അനുഭവം. നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാവും ഈ വ്യവസ്ഥിതി ലോകത്തെ പൂര്‍ണ നാശത്തിലേക്കാണ് നയിക്കുന്നതെന്ന്; എന്തുകൊണ്ടാണ് ഖുര്‍ആന്‍ ഇതിനെതിരെ യുദ്ധം പ്രഖ്യാപിച്ചതെന്നും.

പലിശക്ക് ബദല്‍?

പലിശ നിഷിദ്ധവും നീതിരഹിതവുമെന്ന് സമ്മതിക്കുന്നവര്‍ തന്നെ ഉന്നയിക്കുന്ന ചോദ്യമിതാണ്: സാമ്പത്തിക ഇടപാടുകള്‍ക്ക് പലിശക്ക് പകരം എന്താണ് സമര്‍പ്പിക്കാനുള്ളത്? ഇന്ന് ലോക സമ്പദ്‌വ്യവസ്ഥിതിയുടെ ആത്മാവ് പലിശയാണല്ലോ. അതുകൊണ്ട് പലിശരഹിത വ്യവസ്ഥക്ക് പകരം വെക്കാന്‍ എന്താണുള്ളത്?

അല്ലാഹു ഒരു കാര്യം നിരോധിച്ചാല്‍ അതൊഴിവാക്കാന്‍ പറ്റാതിരിക്കുകയെന്നത് ഒരിക്കലും സംഭവ്യമല്ലെന്ന് ആദ്യമേ മനസ്സിലാക്കുക. ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടല്ലോ: ''അല്ലാഹു ആരെയും അവന്റെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കില്ല'' എന്ന്. അതുകൊണ്ട് നിഷിദ്ധമായ കാര്യം ഒഴിവാക്കാവുന്നതേയുള്ളൂ എന്ന് വിശ്വാസിക്ക് എളുപ്പം ഗ്രഹിക്കാനാവും. അതില്ലാതെ നടക്കില്ലെന്നും ഒഴിവാക്കാനാവില്ലെന്നും കരുതുന്നത് വിശ്വാസ ദൗര്‍ബല്യമാണ്.

ഖുര്‍ആന്‍ പലിശ നിരോധിച്ചപ്പോള്‍ ഇനിയുള്ള എല്ലാ കടങ്ങളും പലിശരഹിതമായി, യാതൊരു ലാഭേഛയുമില്ലാതെയായിരിക്കുമെന്ന് നിഷ്‌കര്‍ഷിച്ചതായാണ് ചിലരെങ്കിലും കരുതിയത്. എന്നുവെച്ചാല്‍ നമുക്കിനി യഥേഷ്ടം പലിശരഹിതമായി കടം ലഭിക്കും, അതുപയോഗിച്ച് ബിസിനസ്സ് നടത്തുകയും ഫാക്ടറികള്‍ സ്ഥാപിക്കുകയും ബംഗ്ലാവുകള്‍ പണിയുകയുമൊക്കെ ചെയ്യാമെന്ന്. ഇതൊട്ടും പ്രായോഗികമല്ല. ഇത്രയേറെ പണം ലാഭമില്ലാതെ മുടക്കാന്‍ ആരാണ് തയാറാവുക?

മുശാറക (പങ്കാളിത്തം)

വ്യാപാരത്തിന് കടം നല്‍കുന്നയാള്‍ അതില്‍ പങ്കാളിയാവുക എന്നതാണ് മുശാറക. ഇത് പലിശ സമ്പ്രദായത്തിന് ഒരു ബദലാണ്. ലാഭം ലഭിക്കുമ്പോള്‍ അതിന്റെ ഒരു വിഹിതം കടം കൊടുത്തയാള്‍ക്ക് നല്‍കുക. നഷ്ടമാണെങ്കില്‍ അതില്‍ പങ്കാളിയാവുക. പലിശയിനത്തില്‍ നേരിയ വിഹിതം മാത്രം നിക്ഷേപകന് ലഭിക്കുമ്പോള്‍ പങ്കാളിത്ത രീതിയില്‍ ലാഭം എത്രത്തോളം ലഭിക്കുമോ അതിന്റെ ആനുപാതിക വിഹിതം നിക്ഷേകനും കിട്ടുന്നു. ധന വിതരണം മുകളിലേക്ക് പോകുന്നതിന് പകരം താഴെ വിതാനത്തിലേക്ക് വരിക. അതുകൊണ്ടാണ് ഇസ്‌ലാം ഈ രീതിയെ പ്രോത്സാഹിപ്പിക്കുന്നത്.

ഈ രീതി ലോകത്ത് പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനക്ഷമമായിട്ടില്ലാത്തതിനാല്‍ അതിന്റെ മെച്ചവും അനാവരണം ചെയ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം സ്ഥാപനങ്ങള്‍ ഈ രീതിയില്‍ ഇടപാടുകള്‍ നടത്തുന്നതായി അറിയാം. അവ ഇസ്‌ലാമിക രാജ്യങ്ങളില്‍ മാത്രമല്ല, പാശ്ചാത്യ നാടുകളിലും ഉണ്ട്. പൂര്‍ണമായും കുറ്റമറ്റതല്ലെങ്കിലും തുടക്കമെന്ന നിലക്ക് പ്രോത്സാഹിപ്പിക്കപ്പെടേണ്ട സംരംഭമാണിത്. പാകിസ്താനിലെ ഒരു പ്രസിദ്ധ ബാങ്ക് ഈ രീതി ആവിഷ്‌കരിച്ചതിന്റെ ഗുണങ്ങള്‍ എനിക്ക് നേരിട്ടറിയാം. നിക്ഷേപകര്‍ക്ക് 20 ശതമാനത്തിലധികം ലാഭം വിതരണം ചെയ്യാന്‍ അതിന് കഴിയുന്നുണ്ട്. പ്രവര്‍ത്തനം വിപുലീകരിക്കുന്നതോടെ ലാഭശതമാനം ഇനിയും കൂടും. വിശ്വാസ്യത നഷ്ടപ്പെട്ടത് മൂലമാണ് മുശാറകയുടെ നടത്തിപ്പില്‍ വിഷമം നേരിടുന്നത്. ലാഭ നഷ്ട പങ്കാളിത്ത വ്യവസ്ഥ ചെയ്യുന്നതുകൊണ്ട് എത്ര തന്നെ ലാഭം കൂടിയാലും കണക്കില്‍ നഷ്ടം കാണിക്കുന്ന പ്രവണതയാണ് കാണുന്നത്. ഈ പ്രശ്‌നം പക്ഷേ വ്യവസ്ഥിതിയുടെ ദോഷമല്ല. വിശ്വസ്തയില്ലാത്ത നടത്തിപ്പുകാരാണ് ഇവിടെ പ്രശ്‌നമുണ്ടാക്കുന്നത്.

ഇത് പരിഹാരമില്ലാത്ത പ്രശ്‌നമാണെന്ന് തോന്നുന്നില്ല. ഇത്തരം നടത്തിപ്പുകാരെ ഭരണകൂടത്തിന് ബ്ലാക്ക് ലിസ്റ്റ് ചെയ്യാവുന്നതാണ്. ഇവരുമായി മറ്റു ബാങ്കുകളും ഇടപാട് നടത്താതെ വരുമ്പോള്‍ ക്രമേണ ഈ പ്രവണത മാറും. രാജ്യവ്യാപകമായി പലിശരഹിത വ്യവസ്ഥിതി ഉണ്ടാകുമ്പോള്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടും.

ഇജാറഃ (ലീസിംഗ്)

അല്ലാഹുവിന്റെ ദീനില്‍ പലിശക്ക് മറ്റൊരു ബദല്‍ നിര്‍ദേശമുള്ളത് ഇജാറയാണ്. ഒരാള്‍ ബാങ്കില്‍ നിന്ന് കടം വാങ്ങുന്നത് എന്താവശ്യത്തിനാണ് എന്ന് അന്വേഷിക്കുക. സ്വന്തം ഫാക്ടറിയിലേക്ക് ഒരു യന്ത്രം വാങ്ങാനാണ് കടം വാങ്ങുന്നതെങ്കില്‍ ബാങ്ക് അത് സ്വയം വാങ്ങി ഉടമക്ക് ലീസിന് നല്‍കുകയെന്നതാണ് ഈ രീതി. ഇന്ന് ബാങ്കുകളിലും ഫിനാന്‍സിംഗ് സ്ഥാപനങ്ങളിലും നിലവിലുള്ള ലീസിംഗ് രീതി ലളിതമായി ഇസ്്‌ലാമിക ശരീഅത്തനുസരിച്ച് മാറ്റാവുന്നതാണ്. പാകിസ്താനിലെ പല ബാങ്കുകളും ഈ രീതിയില്‍ എഗ്രിമെന്റ് ഉണ്ടാക്കി ഇടപാടുകള്‍ നടത്താറുണ്ട്.

മുറാബഹഃ

വ്യക്തിഗത ഇടപാടുകളില്‍ സ്വീകരിക്കാവുന്ന ഏറ്റവും നല്ല രീതിയാണിത്. ഒരാള്‍ തന്റെ വ്യവസായത്തിനായി അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാന്‍ വേണ്ടി ബാങ്കില്‍ ലോണിനെത്തുന്നുവെന്ന് കരുതുക. ബാങ്ക് കാശ് കൊടുക്കുന്നതിന് പകരം റോ മെറ്റീരിയല്‍സ് വാങ്ങി ചെറിയൊരു ലാഭത്തിന് വില്‍പന നടത്തുന്നതാണ് ഈ രീതി. ഇത് വളഞ്ഞ വഴിക്ക് മൂക്ക് പിടിക്കലാണെന്ന് ആക്ഷേപിക്കപ്പെടാറുണ്ട്. ബാങ്ക് പലിശക്ക് പകരം ലാഭമെടുക്കുക എന്ന് പേര് മാറ്റുന്നുവെന്ന് മാത്രം - ഇതാണ് ആക്ഷേപം. ഇത് ശരിയല്ല. ഖുര്‍ആന്‍ പലിശ നിരോധിച്ചപ്പോള്‍ തന്നെ ലാഭമെടുത്തുള്ള കച്ചവടം അനുവദിച്ചിട്ടുണ്ടല്ലോ. എന്നിരിക്കെ പലിശ തന്നെയാണ് ലാഭവും എന്ന് ആക്ഷേപിക്കുന്നത് മക്കയിലെ ബഹുദൈവാരാധകരുടെ രീതിയാണ്. പണത്തിന്റെ ക്രയവിക്രയത്തില്‍ ലാഭമെടുക്കാന്‍ പാടില്ല. അത് പലിശയാണ്; എന്നാല്‍, സാധനങ്ങളുടെ ക്രയ വിക്രയത്തില്‍ ലാഭമെടുക്കുന്നത് അനുവദനീയമാണ് എന്ന് മനസ്സിലാക്കുക. 

ഇപ്പറഞ്ഞതില്‍ മുറാബഹയും ലീസിംഗുമൊന്നും അത്ര മെച്ചപ്പെട്ട ക്രയവിക്രയ രീതിയാണെന്ന് അഭിപ്രായമില്ല. കാരണം സമ്പത്തിന്റെ വിതരണത്തില്‍ ഇവ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. സ്വീകാര്യമായ ബദല്‍ മുശാറകയെന്ന പങ്കാളിത്ത രീതിയാണ്. വ്യക്തിപരമായ ഇടപാടുകള്‍ക്ക് തുടക്കത്തില്‍ താല്‍ക്കാലികമായി മാത്രം നടപ്പിലാക്കാവുന്നതാണ് മറ്റു രണ്ട് രീതികള്‍. അവ്വിധം ചില സാമ്പത്തിക സ്ഥാപനങ്ങള്‍ അവ പരീക്ഷിക്കുന്നുണ്ടെന്നറിയാം.

പലിശയുമായി ബന്ധപ്പെട്ട് പൊതുവെയുള്ള കാര്യങ്ങളാണ് നാം വിവരിച്ചത്. എന്നാല്‍, ചിലര്‍ പലിശയെ ദാറുല്‍ ഇസ്‌ലാമുമായും ദാറുല്‍ ഹര്‍ബുമായും ബന്ധപ്പെടുത്തി അനുവദനീയമാക്കാറുണ്ട്. അമുസ്‌ലിം നാടുകളില്‍ ഗവണ്‍മെന്റില്‍ നിന്ന് പലിശ വാങ്ങാമെന്നാണവരുടെ ന്യായം. പലിശയിടപാടിന്റെ കാര്യത്തില്‍ ഇത്തരം ന്യായങ്ങള്‍ക്കൊന്നും യാതൊരു സ്ഥാനവുമില്ല. എന്നാല്‍ ഈ വൈജാത്യം പലിശ സ്വീകരിക്കുന്ന കാര്യത്തില്‍ പരിഗണിക്കാവുന്നതാണ്. ഇസ്്‌ലാമിനെതിരെ ഉപയോഗപ്പെടുത്തുന്നില്ലെന്ന് ഉറപ്പുള്ള രാജ്യങ്ങളില്‍ ബാങ്ക് പലിശ വിട്ടുകൊടുക്കുകയും മറ്റു നാടുകളില്‍ അത് വാങ്ങി പുണ്യത്തിനെന്ന ഉദ്ദേശ്യത്തോടെയല്ലാതെ സകാത്തിന്റെ അവകാശികള്‍ക്ക് ദാനമായി നല്‍കുകയും ചെയ്യാവുന്നതാണ്. അതൊരിക്കലും സ്വന്തം കാര്യത്തിനായി ഉപയോഗിക്കാന്‍ പാടില്ല.

ഇസ്‌ലാമിക സാമ്പത്തിക സ്ഥാപനങ്ങള്‍

അല്‍പം പ്രയാസമുള്ളതാണെങ്കിലും മുസ്‌ലിംകള്‍ ഇസ്്‌ലാമിക സാമ്പത്തിക സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയെന്നതാണ് ഒരു പരിഹാരം. അമേരിക്കയില്‍ ഹൗസിംഗ് മേഖലയില്‍ ഇത്തരം സംരംഭങ്ങള്‍ ഉള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. ടൊറണ്ടോയിലും ലോസ് എയ്ഞ്ചല്‍സിലും ഭംഗിയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുണ്ട്. മുഫ്തിമാരുടെയും കര്‍മശാസ്ത്ര വിശാരദന്മാരുടെയും ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഇത്തരം സ്ഥാപനങ്ങള്‍ വ്യാപകമാക്കാനാണ് നാം ശ്രമിക്കേണ്ടത്. 

(പ്രശസ്ത പാക് നിയമജ്ഞനും ഇസ്്‌ലാമിക പണ്ഡിതനുമായ മുഫ്തി തഖി ഉസ്മാനി അമേരിക്കയില്‍ ചെയ്ത പ്രസംഗം-ലഖ്‌നൗവിലെ അല്‍ ഫുര്‍ഖാന്‍ മാസിക പ്രസിദ്ധീകരിച്ചത്)

വിവ: അബ്ദുര്‍റഹ്മാന്‍

കൊടിയത്തൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /65-66
എ.വൈ.ആര്‍