Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 04

വിലപ്പെട്ട സമയം പാഴാക്കാതിരിക്കുക

അബ്ദുസ്സമദ് കൂട്ടിലങ്ങാടി /ലൈക് പേജ്

          വിലമതിക്കാനാവാത്തതാണ് സമയം. സമയവും തിരമാലകളും നമ്മെ കാത്തുനില്‍ക്കില്ല എന്നാണ് ഇംഗ്ലീഷ് പഴമൊഴി. സൂര്യന്റെ ചലനത്തെ ആസ്പദമാക്കിയാണല്ലോ നാം സമയം തീരുമാനിക്കുന്നത്. രാവും പകലും എന്ന പ്രതിഭാസമാണ് മുഖ്യമായും സമയത്തെ നിര്‍ണയിക്കുന്നത്. 

ഒരു സെക്കന്റ് സമയം കഴിഞ്ഞുപോയാല്‍ അത് പിന്നീട് തിരിച്ചു കിട്ടുകയില്ല. ഈ ലോകത്തെ ഒരു ശക്തിക്കും ആ സമയത്തെ തിരിച്ചു തിരിച്ചുകൊണ്ടുവരാന്‍ സാധ്യവുമല്ല. മനുഷ്യായുസ്സ് വളരെക്കുറച്ചാണെന്ന് നമുക്കറിയാം. ഓരോരുത്തര്‍ക്കും കിട്ടിയിരിക്കുന്ന സമയം പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ബുദ്ധി. സമയം നഷ്ടപ്പെടുത്തുക എന്നു പറഞ്ഞാല്‍ ജീവിതം പാഴാക്കുക എന്നാണ് അര്‍ഥം.

ഇസ്‌ലാം സമയത്തിന് നല്‍കുന്ന പ്രാധാന്യം വളരെ വലുതാണ്. വിചാരണ നാളില്‍ അല്ലാഹു മനുഷ്യനോട് ചോദിക്കും: 'മനുഷ്യാ, നിനക്ക് നല്‍കിയ സമയം നീ എന്തിന്, എങ്ങനെ ചെലവഴിച്ചു?' ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ ഒരാള്‍ക്കും ആ മഹ്ശറയില്‍ ഒരടി മുന്നോട്ട് പോവുക സാധ്യമല്ല. 

ഇപ്പോള്‍ ശരാശരി മനുഷ്യായുസ്സ് 60 വയസ്സാണ്. ഈ 60 വര്‍ഷത്തില്‍ എത്ര വര്‍ഷമാണ് യഥാര്‍ഥത്തില്‍ മനുഷ്യന്‍ ജീവിക്കുന്നത്? പതിനഞ്ച് വര്‍ഷക്കാലം കുട്ടി എന്ന രൂപത്തില്‍ പോയി. ബാക്കി 45 വര്‍ഷങ്ങളില്‍ പകുതിയും ഉറങ്ങിപ്പോയി. ബാക്കിയുള്ള 23 വര്‍ഷങ്ങളില്‍ ധാരാളം സമയം കളിതമാശകളിലും മറ്റുകാര്യങ്ങളിലുമായി കടന്നു പോയി. അതിനാല്‍ വളരെ തുച്ഛമായ സമയമാണ് പരലോക ജീവിത വിജയത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ 60 വയസ്സ് വരെ ജീവിക്കുന്ന ഒരു മനുഷ്യന് പോലും ലഭിക്കുന്നുള്ളൂ. അതിനാല്‍ ലഭ്യമായ സമയം പാഴാക്കിക്കളയാതെ ജീവിതവിജയത്തിനായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക എന്നതാണ് ബുദ്ധി.

ഇവിടത്തെ ജീവിതം ശാശ്വതമല്ല എന്ന് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. പരലോകമാണ് ശാശ്വതമായ, അവസാനിക്കാത്ത ജീവിതമെന്നതിനാല്‍ ഈ ലോകത്ത് കിട്ടിയ ഹ്രസ്വമായ അവസരം പാഴാക്കിക്കളയുന്നവനെക്കാള്‍ വിഡ്ഢി മറ്റാരാണ്! ഈ ലോകജീവിതം കേവലം കളിതമാശയായി കഴിച്ചു കൂട്ടിയാല്‍ പരലോകത്തത് വലിയ നഷ്ടക്കച്ചവടമായിരിക്കും.

സമയത്തിന്റെ വിലയറിയുന്നവനാണ് യഥാര്‍ഥ മുസ്‌ലിം. ഒരു മിനിട്ട് പോലും അനാവശ്യത്തിന് ഉപയോഗിക്കാനായി ഇല്ല. അതിനാല്‍ കര്‍മനിരതനും കര്‍മോല്‍സുകനുമാവാനേ അവന് കഴിയൂ. ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ: ''നിങ്ങള്‍ ഒന്നില്‍ നിന്ന് വിരമിച്ചാല്‍ മറ്റൊന്നിലേക്ക് പ്രവേശിക്കുക.'' മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം കര്‍മഭൂമിയാണിത്. ഇവിടത്തെ കര്‍മഫലം അനുഭവിക്കുന്നത് പരലോകത്താണ്.

ഇസ്‌ലാം മനുഷ്യനെ ഉണര്‍ത്തുന്നതിങ്ങനെയാണ്: ''മനുഷ്യാ, നീ രോഗം വരുന്നതിന് മുമ്പ് ആരോഗ്യാവസ്ഥയില്‍ പരമാവധി പ്രവര്‍ത്തിക്കുക. എപ്പോഴാണ് നീ രോഗത്തിനടിമയാവുക എന്നു പറയാന്‍ കഴിയില്ല. ദാരിദ്ര്യം വന്നെത്തുന്നതിന് മുമ്പ് ഐശ്വര്യകാലത്ത് വേണ്ടത് ചെയ്യുക. ദാരിദ്ര്യം പിടിപെട്ടാല്‍ നിനക്കൊന്നും ചെയ്യാന്‍ കഴിയില്ല. തിരക്കു പിടിച്ച ജീവിതം വരുന്നതിന് മുമ്പുള്ള ഒഴിവ് സമയം നഷ്ടപ്പെടുത്താതെ ഉപയോഗിക്കുക. ജീവിതത്തില്‍ തിരക്കു പിടിച്ച സമയം വന്നാല്‍  നിനക്കൊന്നും ചെയ്യാന്‍ കഴിയില്ല. ഇതുപോലെ മരണത്തിനു മുമ്പുള്ള ജീവിതത്തില്‍ പരമാവധി പ്രവര്‍ത്തിക്കുക, മരണം വന്നെത്തിക്കഴിഞ്ഞാല്‍ നിനക്കൊന്നും ചെയ്യാന്‍ സാധ്യമല്ല.'' 

ചുരുക്കത്തില്‍, ഒരു കാര്യവും നാളേയ്ക്ക് നീട്ടിവെക്കാതെ, കിട്ടിയ സമയം പരമാവധി ഉപയോഗപ്പെടുത്തിയെങ്കില്‍ മാത്രമേ നമുക്ക് വിജയിക്കാന്‍ കഴിയുകയുള്ളൂ. ഏതു സംരംഭവും വിജയത്തിലെത്തുവാന്‍ ടൈം മാനേജ്‌മെന്റ് അത്യാവശ്യമാണല്ലോ. ഇതേ സ്പിരിറ്റോടു കൂടി തന്നെയാണ് നമ്മുടെ പരലോക ജീവിത വിജയത്തിനാവശ്യമായ കാര്യങ്ങളെയും നാം കാണേണ്ടത്.

മരണം എപ്പോള്‍, എങ്ങനെ, എവിടെ എന്ന് ഒരാള്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. അതിനാല്‍ ജീവിച്ചു കൊണ്ടിരിക്കുന്ന നിമിഷങ്ങള്‍ പാഴാക്കാതിരിക്കാനുള്ള ജാഗ്രതയാണ് നമ്മുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. 

ഇന്ന് എല്ലാവരും തിരക്കിലാണ്. ഒന്നിനും സമയമില്ല എന്ന മറുപടിയാണ് പലരില്‍ നിന്നും കിട്ടുന്നത്. ഇഹലോകത്തിന്റെ കാര്യങ്ങളില്‍ കെട്ടിപ്പിണഞ്ഞ് ഇങ്ങനെ തിരക്കില്‍പ്പെടുന്ന മനുഷ്യന്‍ ചിന്തിച്ചു നോക്കണം, എങ്ങോട്ടാണ് ഈ ധൃതിപിടിച്ച യാത്രയെന്ന്. ഏതു നിമിഷവും മരണം അവനെ കാത്തിരിക്കുന്നു.

ചുമരിലിരിക്കുന്ന ഘടികാരം ഓരോ മനുഷ്യനോടും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്, 'മനുഷ്യാ, നീ മരണത്തിലേക്കടുത്തു കൊണ്ടിരിക്കയാകുന്നു' എന്നാണ്. സമയത്തെ ശരിയായ രൂപത്തില്‍ ഉപയോഗപ്പെടുത്തുമ്പോള്‍ മാത്രമാണ് ജീവിതത്തിന് അര്‍ഥവും ആഴവുമുണ്ടാകുന്നത്. സമയത്തിന്റെ ശരിയായ ഉപയോഗം ഇല്ലാതെ വരുമ്പോഴാണ് ജീവിതം വിരസമാകുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /65-66
എ.വൈ.ആര്‍