പ്രവാസം അത്ര നിര്‍ബന്ധമോ?
അറുപത്തൊമ്പതാം സ്വാതന്ത്ര്യദിനപ്പുലരി. ഒരു കാലിച്ചായ കുടിക്കാമെന്ന് കരുതിയാണ് സുഹൃത്തുമൊന്നിച്ച് ദോഹയിലെ ഗള്‍ഫ് സെന്റര്‍ മാര്‍ക്കറ്റില്‍ എത്തിയത്. രാജ്യത്തിന്റെ സാമ്പത്തിക അച്ചുതണ്ടായ പ്രവാസികളുടെ സ്വാതന്ത്ര്യദിനാഘോഷം നേരില്‍ കാണുക എന്ന കൗതുകവും കൂട്ടിനുണ്ടായിരുന്നു. ചായ കുടിക്കുന്നതിനിടെ അവിടെകൂടിയ തൊഴിലാളികളുടെ സംസാരം ശ്രദ്ധിച്ചു. രൂപയുടെ മുല്യം കുറഞ്ഞതിന്റെ സൈദ്ധാന്തിക ചര്‍ച്ചകളല്ല, ആരുടെയെങ്കിലും കൈയില്‍ നിന്ന് കടം വാങ്ങിയെങ്കിലും കുറച്ച് പണം നാട്ടിലേക്ക് അയക്കാമായിരുന്നു എന്ന് വേവലാതികള്‍ പങ്കുവെക്കുകയാണവര്‍.
ചായകുടി കഴിഞ്ഞ് കാശു കൊടുക്കുമ്പോള്‍ തട്ടുകടക്കാരനോട് സ്വാതന്ത്ര്യദിനാശംസ നേര്‍ന്നു. അയാള്‍ അമ്പരപ്പോടെ തിരിച്ച് ചോദിച്ചത്, ഇന്ന് സ്വാതന്ത്ര്യ ദിനമാണോ എന്നാണ്! ദോഹയിലെ സുഹൃത്തുക്കള്‍ അനീസുര്‍റഹ്മാനും അനൂപ് അലിയും ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും പങ്കുവെച്ച അനുഭവങ്ങളാണിത്.
നാടിന്റെ സാമ്പത്തിക നട്ടെല്ല് കാത്തു സൂക്ഷിക്കാന്‍ പെടാപ്പാട് പെടുന്ന പ്രവാസികളുടെ എണ്‍പത് ശതമാനത്തിലേറെയും ഇതുപോലെയുള്ള മേഖലകളില്‍ പണിയെടുക്കുന്ന തുഛ വരുമാനക്കാരാണ്. ജീവിത സാഹചര്യങ്ങളുടെ നിര്‍ബന്ധിതാവസ്ഥയില്‍ മരുഭൂമിയിലെ കൊടും ചൂടിനെയും അവിശ്രമ അധ്വാനത്തെയും മനസ്സുകൊണ്ട് കീഴടക്കിയവര്‍. നാടിന്റെ സ്പന്ദനങ്ങള്‍ നടു നിവര്‍ത്തിയൊന്ന് പാളിനോക്കാന്‍ പോലും സാധിക്കാത്ത ഒരു വലിയ വിഭാഗം.
സര്‍ക്കാര്‍ വക നിയമ പരിരക്ഷകള്‍ ഓരോന്നായി വന്നു കൊണ്ടിരിക്കുമ്പോഴും അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കാത്തവരില്‍ വലിയ പക്ഷവും ഇവര്‍ തന്നെയായിരിക്കണം. ഭൂരിഭാഗം വരുന്ന സാധാരണ തൊഴിലാളികള്‍ക്കും നിയമ സുരക്ഷയും നിയമാവബോധവുമില്ലെന്നതാണ് യാഥാര്‍ഥ്യം.
ഇന്ത്യാ രാജ്യത്തിന്റെ സമ്പദ്ഘടനക്ക് ഏറ്റവുമധികം സംഭാവനകള്‍ നല്‍കുന്നത് പ്രവാസി സമൂഹമാണല്ലോ. കേരള സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിനും സമൂലമായ മാറ്റത്തിനുംപ്രവാസികള്‍ വഹിക്കുന്ന പങ്ക് എല്ലാ വിധ താരതമ്യങ്ങള്‍ക്കും അതീതമാണ്. പ്രതിവര്‍ഷം ഒരു ലക്ഷം കോടിയിലധികം രൂപ കേരളത്തിലേക്കെത്തിക്കുന്ന പ്രസ്തുത സമൂഹത്തിലെ ബഹു ഭൂരിപക്ഷവും ഇത്തരം ലഘു വേതനങ്ങളിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്നവരാണ്.
ഗള്‍ഫ് മേഖലയില്‍ ഏകദേശം 16 ലക്ഷത്തിനു മുകളില്‍ മലയാളികള്‍ ഉണ്ടത്രേ. സൗദി അറേബ്യയില്‍ മാത്രം വരും നാലു ലക്ഷത്തിനു മുകളില്‍. പ്രവാസികള്‍ കേരളത്തില്‍ എത്തിക്കുന്ന സമ്പത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ അവര്‍ അനുഭവിക്കുന്ന വിവിധ തലങ്ങളിലെ പ്രശ്‌നങ്ങള്‍ മാനുഷിക തലത്തില്‍ കാണാന്‍ നമുക്ക് കഴിയാറില്ല.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ അവസ്ഥ ഒരിടത്ത് വിജയിക്കാതെ പോകുമ്പോള്‍, മറുവശത്ത് പ്രവാസികളെ വെറും പണോല്‍പാദന യന്ത്രങ്ങളായി കാണുന്ന നാട്ടുശീലവും നിലനില്‍ക്കുന്നു. ഉല്‍പാദനപരമായ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍ പ്രവാസിയെ തഴയുകയും കാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ മാത്രം പ്രവാസിയെ സാമ്പത്തിക സ്രോതസ്സായി കാണുകയും ചെയ്യുന്ന മനോഭാവവും മാറണം. പ്രവാസികളുടെ പണം മാത്രമല്ല, ജീവിതവും ആത്മനൊമ്പരവും തിരിച്ചറിയാനുള്ള ശ്രമം കൂടിയുണ്ടായേ തീരൂ.
ഈയടുത്ത് ഒരു പ്രവാസി സുഹൃത്ത് പങ്കു വെച്ചത് തന്റെ സുഹൃത്ത് തന്നെ നാട്ടിലേക്ക് ക്ഷണിക്കുന്നുവെന്നായിരുന്നു. പഴയ അവസ്ഥ മാറിയെന്നും ഇപ്പോള്‍ കൂലി പേശുന്ന പതിവില്ലെന്നും ഒക്കെ. ഒരു ഡോക്ടര്‍ക്ക് ബോര്‍ഡ് എഴുതി കൊടുത്ത് അറുന്നൂറ്റമ്പത് രൂപ കൂലി ചോദിച്ചപ്പോള്‍ ആയിരം രൂപ കൊടുത്ത അനുഭവവും ഉദാഹരിച്ചു.
നാടു വിട്ട് നടുവൊടിഞ്ഞ് പണിയെടുത്ത പണം അനാവശ്യമായി കളയാതെ കാത്തു വെക്കാന്‍ ശീലിച്ച പ്രവാസി ഇന്ന് വെറും കോമാളിയായിരിക്കുന്നു. നാട്ടില്‍ നല്ല നിലയില്‍ നടന്നുപോകുന്ന ഒരു കടയുടെ ഉടമ പറഞ്ഞത്, ഗള്‍ഫുകാരനെ കാണുമ്പോള്‍ പേടിയാണെന്നാണ്. കാരണം, ഗള്‍ഫുകാരന്‍ വില പേശും. നാട്ടുകാര്‍ വില ചോദിക്കാതെ സാധനങ്ങള്‍ വാങ്ങുമ്പോള്‍പ്രവാസി വില ചോദിക്കുകയും പേശുകയും ചെയ്യും. മല്‍സ്യക്കച്ചവടക്കാരും ഇപ്പോള്‍ പ്രവാസിയെ കാര്യമായി പരിഗണിക്കാറില്ലെന്നത് വസ്തുത!
നിര്‍ബന്ധിതാവസ്ഥയിലുണ്ടായ പ്രവാസം അത്ര നിര്‍ബന്ധമാണോ എന്ന് പുതിയ സാഹചര്യത്തില്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രാവീണ്യവും പരിചയവുമുള്ളവര്‍ക്കും സംരംഭകര്‍ക്കും നാട്ടിലേക്കാള്‍ മെച്ചപ്പെട്ട സാധ്യതകള്‍ ഗള്‍ഫില്‍ ഇപ്പോഴും അസ്തമിച്ചിട്ടില്ലെന്നത് ശരിയാണ്. എന്നാല്‍ താരതമ്യേന വരുമാനമെച്ചം കിട്ടുന്ന തൊഴിലവസരങ്ങള്‍ ലഭിക്കുന്ന ഇന്നത്തെ കേരളീയ സാഹചര്യത്തില്‍ അശ്രദ്ധ കൊണ്ടോ അനവധാനത കൊണ്ടോ ഗള്‍ഫു മേഖലകളിലെത്തി ദുരിത ജീവിതം നയിക്കുന്നവര്‍ ഒരുപാടുണ്ടെന്നത് വസ്തുത തന്നെ.
Comments