കാല് കുത്താന്‍ ഇടമില്ലാത്തവര്‍ എന്തുചെയ്യും?
രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണ് ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്നത്. നോര്‍വീജിയന്‍ റഫ്യൂജി കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍, കഴിഞ്ഞ വര്‍ഷം ദിനംപ്രതി മുപ്പതിനായിരം പേര്‍ ജനിച്ച നാടും വീടും വിട്ട് ഓടിപ്പോകാന്‍ നിര്‍ബന്ധിതരാവുകയുണ്ടായി. ഈ വര്‍ഷവും അഭയാര്‍ഥി പ്രവാഹത്തിന് ശക്തി കൂടുകയല്ലാതെ ഒട്ടു കുറഞ്ഞിട്ടില്ല. വിവിധ നാടുകളില്‍ അറ്റമില്ലാതെ തുടരുന്ന ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും കാരണമായി അഭയാര്‍ഥികളുടെ എണ്ണം മുപ്പത്തിയെട്ട് ദശലക്ഷം കവിഞ്ഞിരിക്കുന്നു. അമ്പത്തഞ്ച് ദശലക്ഷം പേര്‍ പല കാരണങ്ങളാല്‍ സ്വന്തം വീടുകളില്‍ നിന്ന് വളരെ വിദൂരത്താണ് കഴിഞ്ഞ് കൂടുന്നതെന്ന ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ടും നമ്മുടെ മുമ്പിലുണ്ട്. ''അത്യന്തം അപായകരമായ മുനമ്പിലാണ് നമ്മുടെ നില്‍പ്പ്'' - അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭാ കമ്മീഷണര്‍ അന്റോണിയോ ഗുറ്റ്‌റസിന്റേതാണ് ഈ വാക്കുകള്‍.
ലോക അഭയാര്‍ഥി ദിനമായ ജൂണ്‍ 20ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് 'ലോക അഭയാര്‍ഥി പ്രതിസന്ധി: അവഗണനയുടെ ഗൂഢാലോചന' എന്ന് ശീര്‍ഷകം നല്‍കിയത് വളരെ അര്‍ഥവത്താണ്. അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ ഒരു രാജ്യവും തയ്യാറാവുന്നില്ല. പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും വൃദ്ധരെയും വഹിച്ചുവരുന്ന പഴയ ബോട്ടുകള്‍ നടുക്കടലിലേക്കു തന്നെ തിരിച്ച് വിട്ട് അവരെ മുക്കിക്കൊന്ന ഭരണകൂടങ്ങള്‍ വരെയുണ്ട്. വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആഭ്യന്തര യുദ്ധങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മധ്യധരണ്യാഴി മുറിച്ച് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളാണ് മുങ്ങിമരിക്കുന്നതിലധികവും. കഴിഞ്ഞ വര്‍ഷം രണ്ട് ലക്ഷം അഭയാര്‍ഥികള്‍ അപകടം പതിയിരിക്കുന്ന ഈ സമുദ്രം മുറിച്ചു കടക്കാന്‍ ശ്രമിച്ചു. ഇവരില്‍ 3500 പേര്‍ കടലില്‍ മുങ്ങി മരിച്ചു. ഒന്നേ മുക്കാല്‍ ലക്ഷം പേരെ ഇറ്റാലിയന്‍ അധികൃതര്‍ രക്ഷപ്പെടുത്തി. ഈ വര്‍ഷം പകുതി പിന്നിട്ടപ്പോള്‍ തന്നെ മരണസംഖ്യ മുവ്വായിരമായിക്കഴിഞ്ഞിരുന്നു. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രക്ഷാദൗത്യത്തില്‍ നിന്ന് ഇറ്റാലിയന്‍ ഗവണ്‍മെന്റ് പിന്‍വാങ്ങിയതോടെ സ്ഥിതി വളരെ ഗുരുതരമായി തുടരുന്നു.
ഇപ്പോള്‍ സിറിയയുടെ പേരില്‍ ഒരു റിക്കോര്‍ഡ് നിലവിലുണ്ട്- ഏറ്റവുമധികം അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന നാട്. നേരത്തെ, മൂന്ന് പതിറ്റാണ്ടോളം ആ റിക്കോര്‍ഡ് കൈവശം വെച്ചിരുന്നത് അഫ്ഗാനിസ്താനായിരുന്നു. ഇന്ന് അഭയാര്‍ഥികളില്‍ നാലിലൊരാള്‍ സിറിയക്കാരനാണെന്ന് വന്നിരിക്കുന്നു. അഞ്ച് ദശലക്ഷത്തോളമാണ് സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം. അത് ദിനം പ്രതി കൂടിവരുന്നു. ബശ്ശാറുല്‍ അസദും ഐസിസുമെല്ലാം താണ്ഡവമാടുന്ന ശാം എന്ന ഇസ്‌ലാമിന്റെ ആ ഹൃദയഭൂമിയില്‍ ഒരിടവും ഇന്ന് സുരക്ഷിതമല്ല. തുര്‍ക്കി, ലബനാന്‍, ജോര്‍ദാന്‍, ഇറാഖ്, ഈജിപ്ത് എന്നീ അയല്‍രാജ്യങ്ങളിലാണ് സിറിയന്‍ അഭയാര്‍ഥികളില്‍ 95 ശതമാനവും എത്തിച്ചേരുന്നത്. ഇതില്‍ തുര്‍ക്കിയിലെത്തിയ സിറിയന്‍ അഭയാര്‍ഥികള്‍ മാത്രം രണ്ട് ദശലക്ഷം വരും. ഇത്രയധികം അഭയാര്‍ഥികളെ സ്വീകരിക്കുകയും അവര്‍ക്ക് വേണ്ടി ആറ് ബില്യനിലധികം ഡോളറുകള്‍ ചെലവിടുകയും ചെയ്ത മറ്റൊരു രാജ്യവും ലോകത്ത് ഇല്ല. ഇത് തുര്‍ക്കിയില്‍ സാമ്പത്തിക പ്രതിസന്ധിക്ക് വരെ വഴിയൊരുക്കുകയും ചെയ്തിരിക്കുന്നു. കറന്‍സിയായ ലിറയുടെ മൂല്യമിടിയാനും തൊഴിലില്ലായ്മ രൂക്ഷമാവാനും അഭയാര്‍ഥി പ്രവാഹമാണ് പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു. മധ്യ പൗരസ്ത്യ സംഘര്‍ഷങ്ങള്‍ കാരണം ആഫ്രിക്കയിലെ അഭയാര്‍ഥി പ്രശ്‌നത്തിന് ഇപ്പോള്‍ മാധ്യമശ്രദ്ധ കിട്ടുന്നില്ല. സബ്-സഹാറ രാജ്യങ്ങളില്‍ മാത്രം മൂന്ന് ദശലക്ഷം ആഫ്രിക്കന്‍ അഭയാര്‍ഥികളുണ്ട്. തെക്ക് കിഴക്കന്‍ ഏഷ്യയിലെ റോഹിങ്ക്യാ അഭയാര്‍ഥികള്‍ കാലുകുത്താന്‍ ഇടമില്ലാതെ ഇപ്പോഴും അലയുകയാണ്.
ആംനസ്റ്റി പോലുള്ള ആഗോളവേദികള്‍ മറച്ചു വെക്കുന്ന ഒരു സത്യമുണ്ട്. ഈ അഭയാര്‍ഥികളില്‍ 80 ശതമാനവും മുസ്‌ലിംകളാണ് എന്നതാണത്. ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളുള്ളത് ഫലസ്ത്വീന്‍, സിറിയ, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നാണ്. എത്രയോ പതിറ്റാണ്ടുകളായി അഞ്ച് മില്യന്‍ ഫലസ്ത്വീനികള്‍ താമസിക്കുന്നത് അറബ് അയല്‍ രാജ്യങ്ങളിലാണ്. മൂന്ന് പതിറ്റാണ്ടെങ്കിലുമായി മൂന്ന് മില്യന്‍ അഫ്ഗാന്‍ അഭയാര്‍ഥികള്‍ പാകിസ്താനില്‍ താമസിക്കാന്‍ തുടങ്ങിയിട്ട്.
ബശ്ശാറിനെപ്പോലുള്ള ഏകാധിപതികള്‍, പ്രതിപക്ഷങ്ങള്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തല്‍, ആഭ്യന്തര യുദ്ധങ്ങള്‍, വംശീയ പോരുകള്‍, ന്യൂനപക്ഷ വേട്ടകള്‍, ഐസിസിനെ പോലുള്ള ഭീകര സംഘങ്ങളുടെ ക്രൂരതകള്‍ ഇങ്ങനെ പലതാണ് ഇപ്പോഴുള്ള അഭയാര്‍ഥി പ്രവാഹത്തിന് കാരണങ്ങള്‍. ഇത്തരം പ്രതിസന്ധികള്‍ക്ക് എന്തെങ്കിലും പരിഹാരം കാണാനാവുമെന്ന പ്രതീക്ഷ പോലും ഇപ്പോള്‍ അസ്തമിച്ചിരിക്കുന്നു. അഭയാര്‍ഥി പ്രവാഹം എന്ന ഈ 'ടൈം ബോംബ്' കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാന്‍ മുസ്‌ലിം സമൂഹത്തിനാവുകയില്ല. അതിനെ എങ്ങനെ അഭിമുഖീകരിക്കാമെന്ന് ലോകവേദികളും രാഷ്ട്രങ്ങളും നേതാക്കളും പണ്ഡിതന്മാരുമെല്ലാം കൂട്ടായി ചിന്തിക്കേണ്ടിയിരിക്കുന്നു.
Comments