Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 04

എഴുതപ്പെടേണ്ട ചരിത്രത്തിലെ ഇബ്‌റാഹീം നബി

പി.പി അബ്ദുര്‍റസാഖ് /കവര്‍‌സ്റ്റോറി

         ഭൂമിയിലെ മനുഷ്യ ജീവിതം, രേഖപ്പെടുത്തപ്പെട്ട ചരിത്ര കാലഘട്ടത്തിലുമെത്രയോ ഇരട്ടിക്കാലം രേഖപ്പെടുത്തപ്പെടാത്ത ചരിത്രാതീത കാലമായി കടന്നു പോയിട്ടുണ്ട്. നമ്മുടെ ആധുനിക നാഗരിക സാംസ്‌കാരിക  ലോകത്തെ പോലും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന പലതും, ആധുനിക മനുഷ്യ ചരിത്രത്തില്‍  രേഖപ്പെടുത്തിയിട്ടില്ലാത്ത ചരിത്രാതീതകാലത്തെ സംഭവങ്ങളും വ്യക്തിത്വങ്ങളും അവരുടെ അധ്യാപനങ്ങളുമാണ് എന്നത് അത്ഭുതകരമായി തോന്നിയേക്കാമെങ്കിലും അതാണ് യാഥാര്‍ഥ്യം. അങ്ങനെ ചിന്തിക്കുമ്പോള്‍ നമ്മുടെ ലോകത്തെയും ജീവിതത്തെയും ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന, ലോകത്തിലെ ഏറ്റവും പ്രബലമായ ജൂത, െ്രെകസ്തവ, ഇസ്‌ലാം മതങ്ങള്‍ നേരിട്ട് പൊതു പൈതൃകം അവകാശപ്പെടുന്ന, ഒരു പക്ഷെ ഇന്‍ഡോ ഗ്രീക്ക് ചരിത്രത്തെയും ജീവിതത്തെയും വളരെയേറെ സ്വാധീനിച്ച മഹാ പുരുഷനാണ് അബ്രഹാം; ബ്രഹ്മാ, അത്ഹമസ്  തുടങ്ങിയ പേരുകളില്‍ വ്യത്യസ്ത സംസ്‌കാരങ്ങളില്‍ വിളിക്കപ്പെടുന്ന ഇബ്‌റാഹീം നബി(അ). 

ഏതൊരു  മഹാ വ്യക്തിത്വത്തിന്റെയും ചരിത്രപരമായ സ്ഥാനം അടയാളപ്പെടുത്തുവാന്‍ രണ്ടു ഘടകങ്ങള്‍ കണക്കിലെടുക്കേണ്ടതായിട്ടുണ്ട്. ഒന്ന്, ആ വ്യക്തിത്വം ജീവിച്ച കാലഘട്ടവും ആ കാലഘട്ടത്തിലെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സാഹചര്യവും എന്തായിരുന്നുവെന്നത്. മറ്റൊന്ന്, ആ വ്യക്തിത്വത്തിന്റെ ജീവിതവും അധ്യാപനങ്ങളും  ആ സമൂഹത്തെയും പില്‍ക്കാല  മനുഷ്യ ജീവിതത്തെയും എന്തു മാത്രം സ്വാധീനിച്ചുവെന്നതും സ്വാധീനിച്ചുകൊണ്ടിരിക്കുന്നുവെന്നതും.  ഇബ്‌റാഹീം നബിയെ പോലെ, എഴുതപ്പെട്ട ചരിത്രത്തിന്റെ ഭാഗമല്ലാത്ത ഒരു മഹാ വ്യക്തിത്വത്തെ ആഗോളീയ പരിപ്രേക്ഷ്യത്തില്‍ ചരിത്രപരമായി അടയാളപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ വേദങ്ങള്‍, മിത്തോളജികള്‍, ഭാഷാ ശാസ്ത്രം, പുരാവസ്തു അവശിഷ്ടങ്ങള്‍,  സ്ഥല നാമ ശാസ്ത്രം, പാരമ്പര്യത്തിന്റെ പൊതുവായ ശബ്ദം തുടങ്ങിയ സ്രോതസ്സുകളെ അവലംബിക്കല്‍ അനിവാര്യമായിത്തീരും.

ഇങ്ങനെയൊരു വിശകലനാത്മക പഠനം നടത്തുമ്പോള്‍  പാശ്ചാത്യ ചരിത്ര നിര്‍മിതി പൊതുവെ ഉണ്ടാക്കിത്തീര്‍ക്കുന്ന രണ്ടു അസംബന്ധ പരിമിതികളില്‍ നിന്ന് നാം മുക്തരാകേണ്ടതുണ്ട്. അതിലൊന്ന് ബൈബിള്‍ ഉല്‍പത്തിയിലെ  തെറ്റായ ക്രോണോളജിയെ അടിസ്ഥാനമാക്കിയുള്ള കാലഗണനയാണ്.  മനുഷ്യന്റെ പ്രബുദ്ധ നാഗരിക സാംസ്‌കാരിക (Enlightened Civilization) ചരിത്രം തുടങ്ങുന്നത് ഗ്രീസില്‍ നിന്നാണെന്നതാണ് രണ്ടാമത്തെ അസംബന്ധം.  ബൈബിള്‍ ഉല്‍പത്തിയനുസരിച്ച് മനുഷ്യന്‍ യേശു ജനിക്കുന്നതിനു വെറും 4000 വര്‍ഷങ്ങള്‍ക്കുമുമ്പ് മാത്രമായിരുന്നു സൃഷ്ടിക്കപ്പെട്ടത് എന്നത് എന്ത് മാത്രം അബദ്ധജടിലമാണോ അത്ര തന്നെ അബദ്ധജടിലമാണ് ഹെല്ലാസില്‍ നിന്നാണ് പ്രബുദ്ധ നാഗരികത തുടങ്ങിയത് എന്ന ചരിത്രത്തിനന്യമായ പാശ്ചാത്യര്‍ ചമച്ച മിഥ്യാ സങ്കല്‍പവും. ഈ  അബദ്ധജടിലമായ ക്രോണോളജി ഇബ്‌റാഹീം നബിക്ക് മുമ്പുള്ള, മനുഷ്യാരംഭം മുതലുള്ള കാലത്തെ കേവലം രണ്ടായിരം വര്‍ഷത്തില്‍ ചുരുക്കിക്കെട്ടിയത് എന്തു മാത്രം അബദ്ധപൂര്‍ണമാണോ, അത്രയില്ലെങ്കിലും ഇബ്‌റാഹീം നബി ജീവിച്ച കാലം നാലായിരം വര്‍ഷം മുമ്പായി ചുരുക്കിയതിലും വളരെയേറെ സ്ഖലിതങ്ങള്‍ സംഭവിച്ചിട്ടുണ്ടാകാനാണ് സാധ്യത.  

അത് അവിടെയും അവസാനിക്കുന്നില്ല.  ഇന്ത്യയിലെയും ഈജിപ്തിലെയും ഇറാനിലെയും ഇറാഖിലെയും അറേബ്യയിലെയും ചൈനയിലെയും ആദി പുരാതന ചരിത്രത്തെ മുഴുക്കെ ഈ തെറ്റായ കാലഗണനയുടെ കട്ടിലില്‍ കിടത്തി വെട്ടിയും കൊത്തിയും ഞെക്കിയും ഞെരുക്കിയും അവര്‍ വല്ലാതെ വികലപ്പെടുത്തുകയും വീര്‍പ്പു മുട്ടിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് അറേബ്യയില്‍ ഉണ്ടായിരുന്ന ഏറെ പ്രാക്തനവും, പുരാവസ്തു അവശിഷ്ടങ്ങള്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ വളരെയേറെ വികസിതവുമായിരുന്ന  ആദ്-സമൂദ് സമൂഹങ്ങളുടെയും ഹൂദ്-സ്വാലിഹ് നബിമാരുടെയും ചരിത്രം ബൈബിള്‍ ഉല്‍പത്തിയില്‍ പരാമര്‍ശിക്കപ്പെടാതെ പോയത് പോലത്തന്നെ, പാശ്ചാത്യ ചരിത്ര  നിര്‍മിതിയില്‍ തമസ്‌കരിക്കപ്പെട്ടത്.  സൗരാഷ്ട്രര്‍ യേശുവിനു കേവലം 600 വര്‍ഷങ്ങള്‍ക്ക് മുമ്പും, ബുദ്ധന്‍ യേശുവിനു വെറും നാന്നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പും ജീവിച്ചു മരിച്ചുപോയ ചരിത്ര കഥാ പാത്രങ്ങളായതും അങ്ങനെതന്നെ. അങ്ങനെയാണ് ഗ്രീസില്‍ വികസിച്ച ഹെല്ലനിസം വെറും ശൂന്യതയില്‍ നിന്നുണ്ടായത് പോലെ ചിത്രീകരിക്കപ്പെട്ടതും,  അതിന്നു  മുമ്പുണ്ടായിരുന്ന ഫിനീഷ്യന്‍, ഈജിപ്ത്യന്‍, മെസൊപ്പെട്ടോമിയന്‍, അറബ്, ഇന്ത്യന്‍  സംസ്‌കാരങ്ങളില്‍ നിന്ന് അത് സ്വാംശീകരിച്ചിട്ടുണ്ടായിരുന്ന  അറിവും ഊര്‍ജവും തമസ്‌കരിക്കപ്പെട്ടതും. അയുക്തികതയുടെ മതിലുകളും വേലികളും ഭേദിക്കാനുള്ള ആര്‍ജവവും ധൈര്യവും, സത്യത്തെ കണ്ടെത്തുവാനുള്ള അചഞ്ചലമായ ദൃഢ നിശ്ചയവും ഉണ്ടെങ്കില്‍ ഒന്നാം ഗ്രീക്ക് ഒളിമ്പ്യാഡിന്നും എത്രയോ മുമ്പ് തന്നെ പശ്ചിമേഷ്യയിലും ഇന്ത്യയിലും ചൈനയിലും പ്രബുദ്ധ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും മണ്ണ് ഒരുങ്ങിയിട്ടുണ്ടായിരുന്നുവെന്നും, ഈജിപ്തിലെയും ഫിനീഷ്യയിലെയും ഇതര കിഴക്കന്‍ പ്രദേശങ്ങളിലെയും നാഗരിക സംസ്‌കാരങ്ങള്‍ ഗ്രീസിലേക്കും റോമിലേക്കും കൈമാറ്റപ്പെട്ടിരുന്നുവെന്നും വിശ്വസിക്കുവാനാണ് ന്യായം. 

വിശുദ്ധ ഖുര്‍ആന്‍ മാനവ ചരിത്രത്തെ സമീപിച്ച രീതിയില്‍നിന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നത് വിശുദ്ധ ഖുര്‍ആന്‍ കഥനം പോലും ചെയ്തിട്ടില്ലാത്ത നിരവധി ജനതതികളും പ്രവാചകരും വേദങ്ങളുമൊക്കെ മാനവ സമൂഹത്തില്‍ മുഹമ്മദി(സ)ന്റെ ആഗമനത്തിനു മുമ്പ് വന്നിരുന്നുവെന്നാണ്. ചില സൂക്തങ്ങള്‍ മാത്രം താഴെ കൊടുക്കുന്നു. ''നിന്നെ നാം സന്തോഷ വാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനായിക്കൊണ്ടും സത്യപൂര്‍വം അയച്ചു.  ഒരു താക്കീതുകാരന്‍ കടന്നു പോയിട്ടില്ലാത്ത ഒരു ജനതതിയും ഇല്ല'' (വി.ഖു. 35:25). ''അല്ലാഹുവിന്നു മാത്രം വഴിപ്പെട്ടു ജീവിക്കുക, ദൈവേതര ശക്തികളെ വെടിയുക എന്ന ആജ്ഞയുമായി എല്ലാ ജനതതികളിലും നാം ദൂതനെ നിയോഗിച്ചിരിക്കുന്നു'' (വി.ഖു. 16:36). ''നിനക്ക് മുമ്പും നാം ദൂതരെ അയച്ചിരുന്നു. അവരില്‍ നിനക്ക് കഥനം ചെയ്തു തന്നവരും നിനക്ക് കഥനം ചെയ്തു തന്നിട്ടില്ലാത്തവരും ഉണ്ട്''(40:78). നാലാം അധ്യായത്തിലെ 163-164 സൂക്തങ്ങളും ഇതു തന്നെ ആവര്‍ത്തിക്കുന്നു. മനുഷ്യര്‍ക്ക്  ദൈവത്തിനെതിരെ ന്യായവും തെളിവും ഇല്ലാതിരിക്കുന്നതിനാണ് ദൂതന്മാരെ സന്തോഷവാര്‍ത്ത  അറിയിക്കുന്നവരും താക്കീതുകാരുമായി അയക്കുന്നതെന്ന് 4:165  ല്‍ പറയുന്നുണ്ട്.

അബൂദര്‍റില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട  ഒരു നബി വചനം അനുസരിച്ച് 1,24,000 ത്തിലേറെ പ്രവാചകന്മാര്‍ ഭൂമിയില്‍ ആഗതരായിട്ടുണ്ട്. ഇബ്‌നു ഹിബ്ബാനും മുസ്‌നദ് അഹ്മദും റിപ്പോര്‍ട്ട്  ചെയ്ത ഹദീസിന്റെ നിവേദന പരമ്പരയില്‍ ദുര്‍ബലരായ റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ട് എന്ന ഒരൊറ്റ കാരണത്താല്‍ ഹദീസിന്റെ ഉള്ളടക്കത്തെ പൂര്‍ണമായും തള്ളിക്കളയേണ്ടതില്ല; പ്രത്യേകിച്ചും മനുഷ്യന്റെ ഭൂമിയിലെ അധിവാസത്തെ സംബന്ധിച്ച ആധുനിക പഠനങ്ങള്‍ ലക്ഷക്കണക്കിനു വര്‍ഷത്തെ പഴക്കം ഉള്ളതായി പറയുമ്പോള്‍. ഇത്രയും അധികം പ്രവാചകന്മാര്‍ എന്നത് പൂര്‍വ സൂരികളായ പണ്ഡിതര്‍ക്കു ഉള്‍കൊള്ളാനാവാത്ത സംഖ്യ ആയതിനാല്‍  അവര്‍  ഹദീസിന്റെ ഉള്ളടക്കത്തിനു പ്രാധാന്യം കൊടുത്തുകാണില്ലെന്നു അനുമാനിക്കാവുന്നതേയുള്ളൂ. ഒരു കള്ളം കെട്ടിച്ചമയ്ക്കാന്‍ ഉദ്ദേശിച്ചു പറയുന്നവനാകട്ടെ, അവന്റെ സമകാലീനര്‍ വിശ്വസിക്കുവാനും സമ്മതിക്കുവാനും സാധ്യതയുള്ള സംഖ്യ മാത്രമേ പറയുമായിരുന്നുള്ളൂ. ഈ വീക്ഷണ കോണിലൂടെ നോക്കുമ്പോഴും ഈ ഹദീസിന്റെ ഉള്ളടക്കം സാധുവാകുവാനാണ് കൂടുതല്‍ സാധ്യത. മറ്റു പല കോണുകളിലൂടെയും ഈ നബി വചനത്തെ നോക്കിക്കാണാവുന്നതാണ്.  അന്ത്യ പ്രവാചകന്‍ അവസാനമായി സംബോധന ചെയ്ത അനുയായികളുടെ എണ്ണവും മൊത്തം പ്രവാചകന്മാരുടെ എണ്ണവും ഏറക്കുറെ സമമായതു കേവലം യാദൃഛികമായിരിക്കുമോ..? 

പ്രവാചകന്‍ മുഹമ്മദ് (സ) വിടവാങ്ങിയിട്ട് 1400-ലേറെ വര്‍ഷമായി. അദ്ദേഹത്തിനും ഈസാ(അ)ക്കും ഇടയില്‍ 600 ലേറെ വര്‍ഷത്തെ ഇടവേളയുണ്ടായിരുന്നു.  അവര്‍ക്കിടയില്‍ മറ്റേതെങ്കിലും പ്രദേശത്ത് വേറൊരു പ്രവാചകന്‍ വന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, ഭൂമിയിലെ മനുഷ്യ ജീവിതത്തിന്റെ മറ്റു ഭിന്ന കാലഘട്ടങ്ങളില്‍ വ്യത്യസ്ത പ്രദേശത്ത് ഒരേ സമയത്ത് പ്രവാചകന്മാര്‍ ആഗതരായിരുന്നുവെന്ന് വിശ്വസിക്കാനാണ് ന്യായം. അതോടൊപ്പം മുഹമ്മദു നബിക്കും ഈസാ നബിക്കും ഇടയിലുള്ള ദീര്‍ഘകാല വിടവില്‍നിന്ന് വ്യത്യസ്തമായി തുടരെ തുടരെ പ്രവാചകന്മാരെ ഒരേ സമൂഹത്തിലേക്കു തന്നെ അയച്ചതിനെ സംബന്ധിച്ചും വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്.  ഈ എല്ലാ ഘടകങ്ങളും കണക്കിലെടുത്തുകൊണ്ട് 1,24,000 പ്രവാചകന്മാരില്‍ ഒരേ സമയത്ത് ശരാശരി  നാല് പ്രവാചകന്മാര്‍ വന്നിരിക്കാമെന്ന അനുമാനത്തില്‍ എത്തിയാല്‍  31,000 (124000/4) പ്രവാചക ഘട്ടങ്ങള്‍ ഉണ്ടായിരുന്നതായി കണക്കാക്കാം. ഓരോ പ്രവാചക ഘട്ടത്തിനും ശരാശി 200 വര്‍ഷമെങ്കിലും കണക്കുകൂട്ടിയാല്‍ ചുരുങ്ങിയത് ആറു ലക്ഷത്തില്‍ പരം വര്‍ഷങ്ങളായി ഭൂമിയില്‍  മനുഷ്യന്റെ അധിവാസം തുടങ്ങിയിട്ട് എന്നും മനസ്സിലാക്കാം.  

ഇതേ സംഗതി തന്നെ മറ്റൊരു തലത്തിലും വിശകലന വിധേയമാക്കാവുന്നതാണ്. മനുഷ്യന്റെ ജെനോഗ്രഫിക് പ്രൊജക്റ്റ്, ചരിത്രത്തിലൂടെയുള്ള മനുഷ്യ കുടിയേറ്റത്തിന്റെ ജെനറ്റിക് ഫുട്ട് പ്രിന്റുകളെ അടയാളപ്പെടുത്തുന്ന പദ്ധതിയാണ്.  ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളില്‍ അധിവാസം തുടങ്ങിയ മനുഷ്യന്‍ എങ്ങനെ മഹാ സമുദ്രങ്ങളാല്‍ വേര്‍തിരിക്കപ്പെടുന്ന അമേരിക്കയിലും ഓസ്‌ട്രേലിയയിലും ആദി പുരാതന കാലത്ത് തന്നെ എത്തിപ്പെട്ടു എന്ന് ന്യായമായും ചോദിക്കാവുന്നതാണ്. മഹാ സമുദ്രങ്ങളാല്‍ ഇപ്പോള്‍ വേര്‍തിരിക്കപ്പെടുന്ന ഈ പ്രദേശങ്ങള്‍ പതിനായിരക്കണക്കിന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ്  സമുദ്രങ്ങള്‍ ഒക്കെ ഉണ്ടായിരിക്കെ തന്നെ കര മാര്‍ഗം സംയോജിക്കപ്പെട്ടിരുന്നു എന്നതിന് ഇപ്പോഴും ഭൂമിശാസ്ത്രപരമായ തെളിവുകള്‍ അവശേഷിക്കുന്നുണ്ട്.  അറ്റ്‌ലാന്റിക്കിന്റെയും പസഫിക്കിന്റെയും ഇടയില്‍ കിടക്കുന്ന അമേരിക്കയെ അലാസ്‌ക മുഖേനയും  ഓസ്‌ട്രേലിയയെ ഇന്തോനേഷ്യയിലെ സുമാത്രയിലൂടെയും (സുമാത്രയില്‍നിന്ന് വെറും നൂറില്‍ കുറവ് കിലോമീറ്റര്‍ അകലെ മാത്രമാണ് ഇപ്പോഴും ഓസ്‌ട്രേലിയ സ്ഥിതി ചെയ്യുന്നത്) ഏഷ്യന്‍ ഭൂഖണ്ഡവുമായി ഭൂമിശാസ്ത്രപരമായി യോജിപ്പിച്ചിട്ടുണ്ടായിരുന്നിരിക്കണം.  തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന റ്റെക്‌റ്റൊനിക് പ്ലേറ്റിലെ തെന്നിമാറല്‍ കാരണം ജല നിരപ്പ് ഉയരുകയും കര വേര്‍പെട്ടു പോകുകയും ചെയ്തപ്പോള്‍ (ശ്രീലങ്ക  ഇന്ത്യയില്‍ നിന്ന് വേര്‍പെട്ടതും സമാന രീതിയിലായിരിക്കാം) മനുഷ്യരാശിയിലെ വലിയൊരു വിഭാഗം ആധുനിക കാലം വരെ ലോകത്തിന്റെ മുഖ്യ ധാരയില്‍നിന്ന് തിരിച്ചറിയാന്‍  സാധിക്കാത്ത രൂപത്തില്‍ അകന്നു പോയതായിരിക്കണം. ഈ ഭൗമ പ്രതിഭാസവും കൃത്യമായും സൂചിപ്പിക്കുന്നത് ലക്ഷക്കണക്കിനു വര്‍ഷങ്ങളായുള്ള ഭൂമിയിലെ മനുഷ്യന്റെ അധിവാസത്തെ തന്നെയാണ്; പുറമേ, പൂര്‍വിക മനുഷ്യന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടായിരുന്ന സഞ്ചാര പാതകളെ സംബന്ധിച്ച സൂചനകളും. ഈ  രൂപത്തിലല്ലാതെ മനുഷ്യന്റെ അധിവാസം  അമേരിക്കയിലും ഓസ്‌ട്രേലിയയിലും ആരംഭിച്ചതിനെ സംബന്ധിച്ച് എളുപ്പം മനസ്സിലാക്കാവുന്ന മറ്റൊരു വിശദീകരണം നല്‍കുവാന്‍  ഇതുവരെയും പഠന ഗവേഷണങ്ങള്‍ക്ക് സാധിച്ചിട്ടില്ല .                                    

ബൈബിള്‍ ക്രോണോളജിയിലെ അനാക്രോണിസം (കാലഗണനാ തെറ്റ്) 

അനാക്രോണിസം ഒരു പ്രത്യേക പഠന വിഷയമാണ്.  ഇവിടെ നാം ചര്‍ച്ച ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കാം. ആദ്-സമൂദ് സമൂഹങ്ങളും ഹൂദ്-സ്വാലിഹ് പ്രവാചകന്മാരും ബൈബിളില്‍ പരാമര്‍ശ വിധേയമായിട്ടില്ല എന്ന് സൂചിപ്പിച്ചു. ഇതേ  പോലെ ഖുര്‍ആന്‍ പറഞ്ഞ ഇദ്‌രീസും ബൈബിളില്‍ പരാമര്‍ശ വിധേയമായിട്ടില്ല. ചിലര്‍ ഇദ്‌രീസിനെ ഉല്‍പത്തിയില്‍ പരാമര്‍ശിച്ച എനോക്കുമായും ഹൂദിനെ നോഹയുടെ പൗത്രന്റെ പുത്രനായ എബെറുമായും  സ്വാലിഹിനെ ശേമിന്റെ പൗത്രന്‍ ശേലഹുമായും ചേര്‍ത്തു വെച്ചു വിവക്ഷിക്കാറുണ്ട്.  ഇത് പല കാരണങ്ങളാല്‍ സംഗതമാവുകയില്ല. ഒന്നാമതായി, ഭാഷാ ശാസ്ത്രപരമായി സലിഹും  ഷാലെഹും അല്ലാത്തതൊന്നും ഇവയില്‍ യോജിച്ചു പോകുന്നില്ല. എനോക്കിന്നും ഇദ്‌രീസിനുമിടയിലോ ഹൂദിനും എബെരിനും ഇടയിലോ അവര്‍ പൊതുവായി പങ്കു വെക്കുന്ന ഒരു സ്വരാക്ഷരം പോലുമില്ല. രണ്ടാമതായി, ബൈബിള്‍ വംശാവലിയും ക്രോണോളജിയും അനുസരിച്ച് ഇദ്‌രീസ് എന്ന് തെറ്റായി വിവക്ഷിക്കപ്പെടുന്ന എനോക്ക് 930 വര്‍ഷം ജീവിച്ച് ആദം നബിക്ക് 550 വയസ്സുള്ളപ്പോള്‍ ജനിച്ച് ആദം നബി മരിക്കുന്നതിനു 15 വര്‍ഷം മുമ്പേ 365-ാമത്തെ വയസ്സില്‍ മരിച്ച വ്യക്തിയാണ്. ഹൂദ് നബിയായി വിവക്ഷിക്കപ്പെടുന്ന എബെര്‍ ആകട്ടെ ബൈബിള്‍ ക്രോണോളജിയില്‍ സ്വാലിഹെന്നു തെറ്റായി കരുതപ്പെടുന്ന ഷാലെഹിന്നു ശേഷമാണ് വരുന്നത്. നൂഹിന്റെ പുത്രന്‍ ശേമിന്റെ പുത്രന്‍ അര്‍പക്ഷദിന്റെ പുത്രന്‍ സ്വാലിഹ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഷാലെഹ് ആകട്ടെ ഇതേ ക്രോണോളജിയനുസരിച്ചു നൂഹ് നബിയുടെ ജീവിത കാലത്ത് ജനിച്ച പൗത്രന്റെ പുത്രനാണ്. 

ഇതേ ബൈബിള്‍ വംശാവലിയനുസരിച്ച് ഇബ്‌റാഹീം നബി ജനിച്ചിട്ടുണ്ടാവുക നൂഹു നബി മരിച്ചു വെറും 50 വര്‍ഷത്തിനകമായിരിക്കും. അതോടൊപ്പം തന്നെ  പ്രളയത്തില്‍ സര്‍വ മനുഷ്യരും നശിച്ചു പോയിരുന്നെങ്കിലും ഇബ്‌റാഹീം നബി ശീനാര്‍ രാജാവായ അമ്രാഫെല്‍, എലാസാര്‍ രാജാവായ അര്യോക്ക്, ഏലാം രാജാവായ കേദാര്‍ലായൊമര്‍, ജാതികളുടെ രാജാവായ തീദാല്‍ എന്നിവരുടെ കാലത്ത് സോദോം രാജാവായ ബെരാ, ഗൊമറ രാജാവായ ബിര്‍ശ, ആദമാ രാജാവായ ഷേനാബ്, സെബോയീം രാജാവായ ശെമേബെര്‍, സോവര്‍ ബേലയിലെ രാജാവ് എന്നിവരോട് യുദ്ധം ചെയ്യുകയും അവരെയെല്ലാം തോല്‍പിക്കുകയും ചെയ്തതായും  ഇതേ ബൈബിള്‍ ഉല്‍പത്തി തന്നെ  പറയുന്നുണ്ട്! (ഉല്‍പത്തി: 14:13). ബൈബിള്‍ അനുസരിച്ച് ഇബ്‌റാഹീം നബി നടത്തിയ യുദ്ധങ്ങള്‍ അവിടെയും അവസാനിക്കുന്നില്ല. അസ്‌തെരോത് കര്‍ന്നയീമിലെ രെഫായികളെയും, ഹാമിലെ സൂസ്യരെയും ശേവക്കിര്യാതെയീമിലെ ഏമ്യരെയും സോയീര്‍ മലയിലെ ഹോര്യരെയും മരുഭൂമിക്ക് സമീപമുള്ള പാറാന്‍ വരെ തോല്‍പിച്ചു.  പിന്നെ അവര്‍ കാദേശില്‍ വന്നു അമേലെകരുടെ ദേശമൊക്കെയും, ഹസെസൊന്‍ താമാരില്‍ പാര്‍ത്തിരുന്ന അമോര്യരെയും തോല്‍പിച്ചു (ഉല്‍പത്തി: 14:4-7). പ്രളയത്തില്‍ സര്‍വരും നശിച്ച ശേഷം നൂഹു നബിയും  അനുയായികളും അതിജീവിച്ചു ബൈബിള്‍ തന്നെയനുസരിച്ചു വെറും 400 വര്‍ഷം കഴിയുന്നതിന്നു മുമ്പേ ഇത്രയും ജനങ്ങളും രാജാക്കളുമൊക്കെ ഉണ്ടായത് അനാക്രോണിസം അല്ലെങ്കില്‍ ചരിത്ര നിരൂപകനില്‍ അത്ഭുതം ഉളവാക്കേണ്ട തീര്‍ത്തും അസ്വാഭാവികമായ  വികാസമാണ്! 

ഇതോടൊപ്പം ഓര്‍ക്കണം, ബൈബിള്‍ നല്‍കുന്ന  ആ കാലത്തെ ഒരു വ്യക്തിയുടെ  ശരാശരി പ്രായം അനുസരിച്ച് നൂഹ് നബിയുടെ കാലത്ത് ജനിച്ചു ജീവിച്ച വ്യക്തി ഇബ്‌റാഹീം നബിയുടെ കാലത്തും ജീവിച്ചിരിക്കാമെന്നത്! മറ്റൊരു കാര്യം കൂടി അനുസ്മരിക്കേണ്ടതായിട്ടുണ്ട്.  നൂഹ് നബിയുടെ കപ്പല്‍ ഇറാഖില്‍ നിന്ന് 800  കിലോ മീറ്റര്‍ അകലെ തുര്‍ക്കിയുടെ  കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന അര്‍മീനിയയിലെ അറാറത്തു പര്‍വതത്തിലെ 13,000  അടി ഉയരത്തിലുള്ള ജൂതി കൊടുമുടിയിലാണ് നങ്കൂരമിട്ടത്.  കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയതും അവിടെനിന്നു തന്നെയാണ്. സ്വാഭാവികമായും ഇതില്‍ നിന്ന് പ്രളയത്തിന്റെ വ്യാപ്തി മനസ്സിലാക്കാം. നൂഹു നബിയും അനുയായികളും കപ്പലില്‍നിന്ന് ഇറങ്ങിയിട്ടുണ്ടാവുക അര്‍മീനിയയിലായിരിക്കുമല്ലോ? സര്‍വം നശിച്ചിരിക്കെ അവര്‍ ഇറാഖിലേക്ക് ബൈബിള്‍ പറയുന്ന കാലഗണനയനുസരിച്ചു  വളരെ പെട്ടന്ന് തന്നെ തിരിച്ചു വന്നു കാണും; അതിന്റെ ആവശ്യം പ്രത്യേകിച്ചൊന്നുമില്ലെങ്കില്‍ പോലും! അറ്റമില്ലാത്ത അനാക്രോണിസത്തിന്നു ഉദാഹരണമാണ് ഉല്‍പത്തി 36:31 ല്‍ ഇസ്രായേല്‍ ഉണ്ടാവുന്നതിന്നു മുമ്പ് തന്നെ ഉല്‍പത്തിയില്‍ ഇസ്രായേല്‍ എന്ന് പറഞ്ഞുകൊണ്ട്  എദൊം ദേശത്തെ ഭരിച്ച രാജക്കന്മാരെ കുറിച്ച പരാമര്‍ശം! 

എദൊം ദേശം ഇസ്രായേല്‍ ഭരിച്ചു കുറെ കാലം കഴിഞ്ഞു ആരോ എഴുതിയുണ്ടാക്കിയതാണ്ചുരുങ്ങിയത് ബൈബിളിലെ ഈ ഉല്‍പത്തി ഗ്രന്ഥം എന്നതാണ് ഇത് വ്യക്തമാക്കുന്നത്. സ്വാഭാവികമായും ഈ ഉല്‍പത്തി ഗ്രന്ഥം പറയുന്ന തേരഹ് തന്നെയാണ്  ഇബ്‌റാഹീമിന്റെ പിതാവ് എന്നത് അതിനെ  പിന്‍ബലപ്പെടുത്തുന്ന മറ്റൊരു തെളിവിന്റെ അഭാവത്തില്‍ അസ്വീകാര്യമായിത്തീരുന്നു.  ഇബ്‌റാഹീമിന്റെ പിതാവിന്റെ പേര്‍ അറിയുക എന്നത് ഇബ്‌റാഹീം നബിയുടെ ജീവിതം മനസ്സിലാക്കാന്‍ അനിവാര്യവുമല്ല.  വിശുദ്ധ ഖുര്‍ആന്‍ ആസര്‍ ആണ് ഇബ്‌റാഹീമിന്റെ 'അബ്' എന്ന് പറഞ്ഞിട്ടുള്ളത്.  'അബ്' എന്ന വാക്ക്  ചിലപ്പോള്‍ പിതൃവ്യനെ ഉദ്ദേശിച്ചും അറബിയില്‍ പറയാറുണ്ട് (യഅ്ഖൂബ് നബി ഇസ്മാഈലിനെ കൂടി  ഉള്‍പ്പെടുത്തി 'അബ്' എന്ന വാക്കിന്റെ ബഹുവചന രൂപമായ 'ആബാഅ്' പ്രയോഗിച്ചത് പോലെ.  ഇന്നും കുട്ടികളിലാത്ത പുരുഷന്മാരെ അനുജന്റെയോ ജ്യേഷ്ഠന്റെയോ മുതിര്‍ന്ന ആണ്‍കുട്ടികളിലേക്ക് ചേര്‍ത്ത് 'അബൂ ഖാലിദ്', 'അബൂ വലീദ്'  എന്നൊക്കെ വിളിക്കുന്ന സമ്പ്രദായം അറബികളില്‍ ഉണ്ട്.  ഇതിലെ 'അബു' കൊണ്ട് ഉദ്ദേശിക്കുന്നത് പിതൃവ്യനാണ്).  

വിശുദ്ധ ഖുര്‍ആന്‍ ഇബ്‌റാഹീമിന്റെ 'അബി'ന്റെ പേര്‍ ആസര്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ ഉദ്ദേശിക്കപ്പെട്ടത് പിതാവോ, പിതൃവ്യനോ ആയിരിക്കാം.  അത് എന്ത് തന്നെയായാലും, നേരത്തെ വിശദീകരിച്ച കാരണങ്ങളാല്‍ ബൈബിള്‍ വംശാവലിയില്‍ പറയുന്ന പേര്‍ അതേപടി ഇബ്‌റാഹീമിന്റെ പിതാവിന്റേതായിരിക്കണമെന്നില്ല. ചുരുക്കത്തില്‍ പറയട്ടെ, ബൈബിള്‍ വംശാവലിയും ക്രോണോളജിയും യഥാര്‍ഥ ചരിത്രം മനസ്സിലാക്കുന്നതിനു തീരെ സഹായകമാവില്ലന്നുമാത്രമല്ല തെറ്റായ നിഗമനങ്ങളിലേക്കും സങ്കല്‍പ്പങ്ങളിലേക്കും നയിക്കുകയും ചെയ്യും.  വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ച ഇദ്‌രീസ്, ഹൂദ്, സ്വാലിഹ്, ശുഐബ്, ദുല്‍കിഫ്ല്‍ പോലുള്ള  നിരവധി  പ്രവാചകന്മാരെ ബൈബിള്‍ വിട്ടുപോയി എന്ന് മനസ്സിലാക്കുന്നതാണ് ശരി. ബൈബിളില്‍ പരാമര്‍ശിച്ച ചില പ്രവാചകന്മാരെ സംബന്ധിച്ച് ഖുര്‍ആനും ഒന്നും പറഞ്ഞിട്ടില്ല. ഇത് ബൈബിളിന്റെ കാര്യത്തില്‍ ഒരു കുറവും പോരായ്മയുമാകുന്നത്, അത് ചരിത്രത്തെ ക്രോണോളജിക്കലായി സമീപിക്കുന്നത് കൊണ്ടും, അത് പരാമര്‍ശിച്ചിട്ടില്ലാത്ത വേറെയും പ്രവാചകന്മാരുമുണ്ട് എന്ന് പറയാത്തതുകൊണ്ടുമാണ്. വിശുദ്ധ ഖുര്‍ആനാകട്ടെ അതിന്റെ ചരിത്ര പ്രതിപാദനത്തില്‍  നാമങ്ങളിലോ, പേരിലോ, കാലത്തിലോ അല്ല ഊന്നുന്നത്.  മറിച്ചു, സ്ഥല കാലങ്ങള്‍ക്ക് അതീതമായി എല്ലാ പ്രവാചകരുടെയും ആദര്‍ശവും ലക്ഷ്യവും ഒന്ന്തന്നെയായിരുന്നു എന്ന വസ്തുതയിലാണ്.  അതിനും പുറമെ, ചരിത്രത്തെ ക്രോണോളജിക്കലായി അവതരിപ്പിക്കാത്ത ഖുര്‍ആന്‍, അത് പരാമര്‍ശിച്ചിട്ടില്ലാത്ത പ്രവാചകരും ഉണ്ട് എന്ന് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. 

അപൂര്‍ണ ചിത്രം

ഇബ്‌റാഹീം നബി ജനിച്ചത് ഇറാഖിലെ 'ഊര്‍' എന്ന നഗരത്തിലാണ്.  'ഊര്‍'  എന്ന വാക്കിന്നു കാല്‍ദിയന്‍ ഭാഷയിലെ അര്‍ഥം നാട് എന്നതാണ്.  പില്‍ക്കാലത്ത് ഇന്ത്യ, മലേഷ്യ  തുടങ്ങിയ രാജ്യങ്ങളിലെ  നിരവധി നാടുകളുടെ പേരിന്റെ ഒടുവില്‍ ചേര്‍ക്കുന്ന പദമായി (suffix) 'ഊര്‍' എന്ന് പ്രയോഗിച്ചതായി നാം കാണുന്നു.  കാല്‍ദിയന്‍ ഭാഷയിലെന്നപോലെ തമിഴ് ഭാഷയിലും 'ഊര്‍' എന്ന പദത്തിനു നാട് എന്നാണ് അര്‍ഥം. എന്തിനേറെ പറയുന്നു, നോഹയുടെ കപ്പല്‍  നങ്കൂരമിട്ട പര്‍വതത്തിന്റെ പേരായ 'അറാറത്തു'  എന്നത് പോലും അസ്സീറിയന്‍ ഭാഷയിലെ ഉയര്‍ന്ന സ്ഥലം എന്ന് അര്‍ത്ഥമുള്ള 'ഉറാറത്തു' എന്ന വാക്കില്‍നിന്ന് നിഷ്പതിച്ചതായിരിക്കണം. അര്‍മീനിയ എന്നതിലെ 'അര്‍' ഉം അമേരിക്കയിലെ ഒരു  സ്‌റ്റേറ്റിനു  ഫ്രഞ്ചുകാര്‍ നല്‍കിയ  'അര്‍കന്‍സാസ്' എന്നതിലെ 'അര്‍' ഉം ഒക്കെ അടിസ്ഥാനപരമായി നാട് എന്ന അര്‍ത്ഥത്തില്‍ നേരത്തെ പറഞ്ഞ 'ഉര്‍' എന്ന പദം ലോപിച്ച് ഉണ്ടായതാണ്.  ഒരു പക്ഷെ, ഹിന്ദി ഭാഷയിലെ രണ്ടു സ്ഥലങ്ങള്‍ക്കിടയിലെ അകലത്തെ കുറിക്കുവാന്‍ പറയുന്ന  'ദൂര്‍' എന്ന പദം പോലും ഉല്‍ഭവിച്ചിട്ടുണ്ടാവുക ഇതേ 'ഊര്‍' എന്ന പദത്തില്‍നിന്നായിരിക്കാം.  

ഇതൊക്കെ സൂചിപ്പിക്കുന്നത് ഇബ്രാഹീം നബി ജനിച്ച 'ഊര്‍' എന്ന നാട്ടിനു ഇബ്‌റാഹീം നബിയുടെ ജനനത്തിനു മുമ്പും ശേഷവുമൊക്കെ ലോകത്തിന്റെ ഇതര ഭാഗങ്ങളുമായുണ്ടായിരുന്ന ബന്ധത്തെയും അവരില്‍ ഉണ്ടായിരുന്ന സ്വാധീനത്തെയും തന്നെയാണ്. പക്ഷെ ഒരു കാര്യം വ്യക്തമാക്കാതിരിക്കുവാന്‍ വയ്യ.  ഖുര്‍ആനില്‍ നിന്ന് വ്യത്യസ്തമായി ബൈബിള്‍ ഉല്‍പത്തിയിലെ അബ്രഹാം പ്രവാചകനുമായി ബന്ധപ്പെട്ട ഭാഗങ്ങളിലൂടെ കടന്നു പോകുന്ന ഒരു നിരൂപകന് ലോകത്തെ ഇത്രമാത്രം സ്വാധീനിച്ച ഒരു മഹാ വ്യക്തിത്വത്തിന്റെ ചിത്രമൊന്നും അവിടെ നിന്ന് ലഭിക്കുന്നില്ല. ബൈബിള്‍ അനുസരിച്ച് നോഹയുടെ  പുത്രന്‍ ഹാമിന്റെ പൗത്രനായ നിമ്രൂദ് ഇബ്‌റാഹീമിന്റെ സമകാലീകന്‍ അല്ല എന്നത് പോകട്ടെ, മിക്കവാറും മഹാ പ്രളയത്തിന്നു ശേഷം നോഹയുടെ ജീവിത കാലത്ത് തന്നെ ഹാമിന്റെ പുത്രന്‍  കുശും എന്നയാള്‍ക്ക് ജനിച്ചവനായിരിക്കണം. കാരണം ഉല്‍പത്തിയനുസരിച്ചു  നോഹയുടെ അറുനൂറാം വയസ്സില്‍  പ്രളയം ഉണ്ടായപ്പോള്‍ കപ്പലില്‍ കയറിയവരില്‍ ഹാമിന്റെ ഭാര്യയും ഉണ്ടായിരുന്നു. പ്രളയാനന്തരം  നോഹ ജീവിച്ച 350 വര്‍ഷത്തിന്നുള്ളില്‍ ഹാമിന്റെ മകന്‍ കുശുമും അവന്റെ മകന്‍ നിമ്രൂദും ജനിച്ചു ജീവിക്കുന്ന കാലമാകുക സ്വാഭാവികം മാത്രമാണ്. സര്‍വരും നശിച്ച ഇത്ര  വലിയ മഹാ പ്രളയത്തിന്നു ശേഷം നോഹയുടെ കൂടെ രക്ഷപ്പെട്ട അദ്ദേഹത്തിന്റെ  തന്നെ മകന്റെ പൗത്രന്‍ നോഹ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെയോ  തൊട്ടുടനെയോ മഹാധിക്കാരിയായ ഭാരണാധികാരിയാകുന്നതെങ്ങനെ എന്നത് ചിന്തിച്ചാല്‍ തന്നെ ബൈബിള്‍  ഈ വിഷയത്തിലും എന്ത് മാത്രം അനാക്രോണിക്കാണെന്നു മനസ്സിലാക്കുവാന്‍ സാധിക്കും. അതുകൊണ്ട് തന്നെ പ്രവാചകന്‍ ഇബ്‌റാഹീം ജനിച്ചു ജീവിച്ച മത സാമൂഹിക രാഷ്ട്രീയ സാഹചര്യം ബൈബിള്‍  നല്‍കുന്നില്ലെന്നു മാത്രമല്ല, നല്‍കുന്ന സാമൂഹ്യ സാഹചര്യം പ്രവാചകന്‍  ഇബ്‌റാഹീമിന്റേത് ആകാന്‍ സാധ്യതയുമില്ല. 

ബൈബിള്‍ ഉല്‍പത്തി  അബ്രഹാമിനെ കുറിച്ചു നല്‍കുന്ന ചിത്രം, ഒരു പ്രത്യേക ആദര്‍ശ വിശ്വാസത്തിനുവേണ്ടിയൊന്നുമല്ലാതെ യുദ്ധങ്ങളും സംഘട്ടനങ്ങളും നടത്തി ധാരാളം ഭൂമിയും, കാലികളും, സ്വര്‍ണവും ഒക്കെ സമ്പാദിച്ച വ്യക്തിയുടേതാണ്. ക്ഷാമ കാലത്ത് അതില്‍നിന്നു രക്ഷപ്പെടുവാന്‍ വേണ്ടി മാത്രമാണ് ഈജിപ്തിലേക്ക് യാത്ര നടത്തിയത്. അല്ലാതെ ഇസ്‌ലാം മത ചരിത്രം പറയുന്നതുപോലെ തന്റെ ആദര്‍ശ വിശ്വാസ പ്രചാരണം ലക്ഷ്യം വെച്ചല്ല. ലൂത്വുമായി ചേര്‍ന്ന് ധാരാളം സമ്പത്ത് നേടിയതില്‍ പിന്നെ സാമ്പത്തികമായ കാരണത്താല്‍ ലൂത്വുമായി ധാരണയുടെ അടിസ്ഥാനത്തില്‍ വേര്‍പിരിയുന്നു. ഇവിടെയും ഇസ്‌ലാംമത ചരിത്രം പറയുന്നതുപോലെ ആദര്‍ശ വിശ്വാസ പ്രചാരണം ലക്ഷ്യം വെച്ചുകൊണ്ടു സദൂമിലേക്ക് ലൂത്വിനെ നിയോഗിക്കുകയായിരുന്നില്ല. സദൂമിലെ ലൂത്തിന്റെ സ്ഥലവും സ്വത്തും ശത്രുക്കള്‍ കീഴടക്കിയപ്പോള്‍ ഇബ്‌റാഹീം യുദ്ധം ചെയ്ത് തന്നെ അത് വീണ്ടെടുക്കുവാന്‍ സഹായിച്ചതായി ഉല്‍പത്തി പറയുന്നു. 

ഇത് കഴിഞ്ഞാല്‍, പിന്നെ ബൈബിള്‍ ഉല്‍പത്തി മഹാ ചരിത്രമെന്നോണം പരാമര്‍ശിക്കുന്ന 'പ്രധാന' വിഷയങ്ങള്‍ ചുരുക്കി പറഞ്ഞാല്‍ ഇവയാണ്: സാറയുമായുള്ള വിവാഹം, സാറ ഗര്‍ഭിണിയാകാത്തതിനാല്‍ പിന്നീടു സാറയുടെ തന്നെ ഇംഗിത പ്രകാരം അവളുടെ ഈജിപ്ത്യന്‍ ഭൃത്യയായിരുന്ന ഹാജറിനെ ഭാര്യയായി സ്വീകരിച്ചത്, ഇസ്മാഈലിന്റെ ജനനം, അബ്രഹാമിനും ദൈവത്തിനുമിടയിലെ കരാറിന്റെ (Covenant) അടയാളമായി ചേലാകര്‍മത്തെ നിശ്ചയിച്ചത്, അബ്രഹാമിന്റെ വീട്ടുകാരിലെ മുഴുവന്‍ പുരുഷന്മാരും തദനുസാരം ചേലാകര്‍മം നടത്തിയത്, സാറയില്‍ ഇസ്ഹാഖ് ജനിക്കുന്നതിനു മുമ്പു മൂന്നു മാലാഖമാര്‍ സന്ദര്‍ശിച്ചത്, സാറയ്ക്കു ഒരു ആണ്‍കുട്ടിയുണ്ടാവുന്നത് സംബന്ധമായ സന്തോഷ വാര്‍ത്ത, സദൂമും ഗൊമറയും നശിപ്പിക്കപ്പെടുന്നത് സംബന്ധമായ താക്കീത്, ഇസ്ഹാഖിന്റെ ജനനം, ഇഷ്മായിലിനെയും ഇസ്ഹാഖിനെയും അനുഗ്രഹിക്കുന്നത്, അതില്‍ പില്‍കാലത്തുണ്ടായ വംശീയതക്കനുസരിച്ച് കൂട്ടിച്ചേര്‍ത്ത വിവേചനം, ലൂത്വിന്റെ രണ്ടു പെണ്‍മക്കള്‍ അവരുടെ  ഗുഹാ വാസത്തിന്നിടയില്‍ രണ്ടു രാവുകളിലായി ലൂത്വ് നബിക്ക് വീഞ്ഞു കൊടുത്ത് മയക്കിക്കിടത്തി ഓരോരുത്തരായി ലൈംഗിക ബന്ധത്തിലെര്‍പ്പെട്ട് കുട്ടികളെ ജനിപ്പിച്ചത് (?!), അബ്രഹാമിന്റെ കാദേശിനും ശൂറിനും ഇടയിലെ നാഗേവിലേക്കുള്ള യാത്ര(മക്ക യാത്രയായിരിക്കണം ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്). സാറയുമായി ബന്ധപ്പെട്ട് സഹോദരിയെന്നു പറഞ്ഞതില്‍ പിന്നെ, ജെറാറിലെ രാജാവായ അബിമലെക്കു സാറയെ  കൈവശപ്പെടുത്തിയ ശേഷം തിരിച്ചേല്‍പ്പിച്ചതും, ഇസ്ഹാഖിന്റെ ജനനാന്തരം സാറയുടെ ആഗ്രഹമനുസരിച്ച് ഇസ്മാഈലിനെയും ഹാജറയെയും നാടുകടത്തിയതും (?!), ഇസ്മാഈലിനു വേണ്ടി അവന്റെ പാദത്തിന്നടിയില്‍ ദൈവം ഒരു നീരുറവ ഉണ്ടാക്കിയതും, അബ്രഹാമിനും ജെറാറിലെ രാജാവായ അഭിമലെക്കിനുമിടയിലെ കരാറും ഏക മകനെ ബലിയറുക്കാന്‍ കല്‍പ്പിക്കപ്പെട്ടതിലെ പരീക്ഷണവും അതിലെ അബ്രഹാമിന്റെ വിജയവും പറയുന്ന ഉല്‍പത്തി, ഒരു പ്രവാചകനെന്ന നിലയിലെ അബ്രഹാമിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച സൂചനകള്‍ നല്‍കുന്നില്ല.  

എന്നാല്‍ സാറയുടെ മരണവും മയ്യിത്ത് മറമാടുന്നതിന്നു ഹെബ്രോണിലെ ഹിറ്റൈറ്റുകളില്‍നിന്ന് സ്ഥലം വാങ്ങിയതും, അതിനു വേണ്ടി നടത്തിയ ചര്‍ച്ചകളും സവിസ്തരം പ്രതിപാദിക്കുന്ന ബൈബിള്‍ ഉല്‍പത്തി, അതേപോലെ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്ന പ്രമേയമാണ് അബ്രഹാമിന്റെ സഹോദരന്റെ മകന്റെ മകളായ റബെക്കയുമായുള്ള ഇസ്ഹാഖിന്റെ വിവാഹം. 

ഇത്രയും പറഞ്ഞതില്‍ നിന്ന് ബൈബിള്‍ ഉല്‍പത്തി മഹാ പ്രവാചകരായ ഇബ്‌റാഹീമിന്റെയും ലൂത്വിന്റെയും വ്യക്തിത്വത്തെ സത്യസന്ധമായല്ല ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാം. പ്രവാചകരും പ്രബോധകരുമെന്ന നിലയിലുള്ള അവരുടെ മഹത്തായ കര്‍മങ്ങളെയും ത്യാഗ പരിശ്രമങ്ങളെയും കുറിച്ച് ഒന്നും പറയാതെ, ഉള്ളതും ഇല്ലാത്തതുമായ വെറും അപ്രധാന വിഷയങ്ങളെ പ്രമേയങ്ങളാക്കി അതില്‍ തന്നെ വംശീയ വിദ്വേഷവും കൂടി ചേര്‍ത്തു  യഥാര്‍ഥ പ്രവാചകചരിത്രത്തെ ബൈബിള്‍ ഉല്‍പത്തി എങ്ങനെയാണ് തമസ്‌കരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഇബ്‌റാഹീമി ചരിത്രത്തെ വിശുദ്ധ ഖുര്‍ആനിലൂടെ നോക്കിക്കാണേണ്ടിയിരിക്കുന്നു. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /65-66
എ.വൈ.ആര്‍