Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 04

ശത്രുവിനെ മിത്രമായി കാണുന്ന പ്രവാചകന്‍

അബ്ദുറഹ്മാന്‍ തുറക്കല്‍ /ലേഖനം

         ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകനും അനുയായികളും ശത്രുക്കള്‍ക്കെതിരെ പൊരുതുകയാണ്. ശത്രുപക്ഷത്തെ അബ്ദുല്ലാഹിബ്‌നു ഖംഅ എന്ന ഒരാള്‍ പ്രവാചകന്റെ മുഖത്തടിച്ചു. അടിയുടെ ആഘാതത്തില്‍ പ്രവാചകന്റെ മുഖത്ത് മുറിവേല്‍ക്കുകയും പല്ല് പൊട്ടിപ്പോവുകയും ചെയ്തു. മുഖത്ത് നിന്ന് രക്തമൊഴുകി. മുഖത്തെ രക്തം തുടച്ച ശേഷം പ്രവാചകന്‍ പറഞ്ഞതിങ്ങനെയാണ്: ''അല്ലാഹുവേ, എന്റെ ജനതയെ സന്മാര്‍ഗത്തിലാക്കണമേ, അവര്‍ വിവരമില്ലാത്തവരാണ്''.

രണാങ്കണത്തില്‍ വെച്ച്, മര്‍ദനമേറ്റ സമയത്ത് ശത്രുവിനെതിരെയുള്ള പ്രവാചകന്റെ നിലപാടും സമീപനവും എത്ര മഹത്തരം! അവരെ സന്മാര്‍ഗത്തിലാക്കാന്‍ പ്രാര്‍ഥിക്കുന്നു. കരുണയുടെയും വിനയത്തിന്റെയും വിട്ടുവീഴ്ചാ മനസ്ഥിതിയുടെയും നിറകുടമായ പ്രവാചകന് മാത്രമേ ഇങ്ങിനെയൊരു നിലപാടെടുക്കാന്‍ സാധിക്കൂ. 

കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യു സ്സുലൂലിനോടുള്ള സമീപനവും വ്യത്യസ്തമായിരുന്നില്ല. ഒരിക്കല്‍ പ്രവാചകന്‍ അന്‍സ്വാറുകള്‍ ഉള്‍പ്പെട്ട ഒരു സദസ്സിലേക്ക് കയറിവന്നു. അവര്‍ക്കിടയില്‍ അബ്ദുല്ലാഹി ബ്‌നു ഉബയ്യുമുണ്ട്. കഴുതപ്പുറത്ത് കയറിയാണ് പ്രവാചകന്‍ അവിടെ എത്തിയത്. അബ്ദുല്ലാഹി ബ്‌നു ഉബയ്യ് മൂക്കു പൊത്തിപ്പിടിച്ച് പ്രവാചകനോട് പറഞ്ഞു: ''മുഹമ്മദേ, നീ ഇവിടെ നിന്ന് പുറത്തു പോവുക, നിന്റെ കഴുതയുടെ നാറ്റം ഞങ്ങളെ വല്ലാതെ പ്രയാസപ്പെടുത്തുന്നു'' അപ്പോള്‍ അന്‍സ്വാരിയായ ഉസൈദ് ബിന്‍ ഹുദൈര്‍(റ) അബ്ദുല്ലാഹി ബ്‌നു ഉബയ്യിനെ തടഞ്ഞു കൊണ്ടു പറഞ്ഞു: ''അല്ലാഹുവിന്റെ പ്രതിയോഗീ, നിന്റെ വാസനയേക്കാള്‍ ഏറ്റവും നല്ല വാസനയാണ് പ്രവാചകന്റെ കഴുതയുടേത്.'' തുടര്‍ന്ന് നബിയോട് പറഞ്ഞു: ''പ്രവാചകരേ, അങ്ങ് കടന്നുവന്ന് ഇരുന്നാലും''. പ്രവാചകന്‍ സദസ്സില്‍ പ്രവേശിച്ചു. ഖുര്‍ആന്‍ പാരായണം ചെയ്ത ശേഷം അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. അബ്ദുല്ലാഹിബ്‌നു ഉബയ്യ് ചാടി എഴുന്നേറ്റു പറഞ്ഞു: ''എന്താണീ കേള്‍ക്കുന്നത്? നീ പറയുന്ന കാര്യങ്ങളൊന്നും എനിക്ക് നല്ലതാണെന്ന് തോന്നുന്നില്ല. നീ നിന്റെ വീട്ടിലിരിക്കുക. നിന്നിലാരെങ്കിലും വിശ്വസിക്കാന്‍ ആഗ്രഹിച്ചാല്‍ അവര്‍ക്ക് മാത്രം നീ ഓതിക്കേള്‍പ്പിക്കുക. ഞങ്ങളുടെ സദസ്സുകളിലേക്ക് നീ വരരുത്''. അപ്പോഴേക്കും  അബ്ദുല്ലാഹി ബ്‌നു ഉബയ്യിനു മറുപടി നല്‍കാന്‍ ചിലര്‍ എഴുന്നേറ്റു. പ്രവാചകന്‍ അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു: ''നമ്മോടൊപ്പമുണ്ടാകുന്ന സമയത്തെല്ലാം അബ്ദുല്ലാഹിബ്‌നു ഉബയ്യിനോട് നല്ല നിലയില്‍ വര്‍ത്തിക്കുക''. മുസ്‌ലിമായ ശേഷവും കപടവിശ്വാസിയായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് ഒളിഞ്ഞും തെളിഞ്ഞും ഗൂഢാലോചനകളിലേര്‍പ്പെട്ടും ശത്രുക്കളെ ഇളക്കിവിട്ടും ഇസ്‌ലാമിനും പ്രവാചകനും മുസ്‌ലിംകള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 

അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമായിരുന്നു പ്രവാചക പത്‌നി ആഇശ(റ)ക്കെതിരെയുള്ള വ്യഭിചാരാരോപണം. ഹീനവും നിന്ദ്യവുമായ ആ ആരോപണത്തിന്റെ വലിയ പ്രചാരകന്‍ അബ്ദുല്ലാഹി ബ്‌നു ഉബയ്യായിരുന്നു. ദിവസങ്ങളോളം പ്രവാചകനും പത്‌നി ആഇശ(റ)യും പ്രയാസവും വേദനയും കടിച്ചിറക്കി മനസ്സമാധാനമില്ലാതെ കഴിഞ്ഞു. ഒടുവില്‍ സംഗതി വ്യാജകഥയാണെന്ന് വഹ്‌യ് മുഖേന അല്ലാഹു പ്രവാചകന് വ്യക്തമാക്കിക്കൊടുത്തു. ''തീര്‍ച്ചയായും ആ കള്ളവാര്‍ത്തയും കൊണ്ട് വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു.  അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത് നിങ്ങള്‍ക്ക് ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും താന്‍ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്. അവരില്‍ അതിന്റെ നേതൃത്വം ഏറ്റെടുത്തവനാരോ അവനാണ് ഭയങ്കര ശിക്ഷയുള്ളത്'' (അന്നൂര്‍:11). ഇങ്ങനെയെല്ലാം ചെയ്തിട്ടും അബ്ദുല്ലാഹിബ്‌നു ഉബയ്യിനോട് വിനയത്തോടെയും അനുകമ്പയോടെയുമാണ് പ്രവാചകന്‍ പെരുമാറിയത്.

മരണാസന്നനാകുന്നത് വരെ പ്രവാചകനെതിരെ അബ്ദുല്ലാഹിബ്‌നു ഉബയ്യ് ഗൂഢാലോചനകളിലേര്‍പ്പെട്ടു. മരണാസന്നനായ സമയത്ത് അബ്ദുല്ലാഹിബ്‌നു ഉബയ്യ് മകന്‍ അബ്ദുല്ലയോട് പറഞ്ഞു: ''മകനേ, ഞാന്‍ മരിച്ചാല്‍ എന്റെ കഫന്‍പുടവ പ്രവാചകന്റെ വസ്ത്രമാക്കുക. അദ്ദേഹത്തോട് മയ്യിത്ത് നമസ്‌കരിക്കാനും പറയുക''. മകന്‍ അബ്ദുല്ല പ്രവാചകന്റെ അരികിലെത്തി പിതാവിന്റെ വസ്വിയത് പ്രവാചകനെ കേള്‍പ്പിച്ചു. ഉദാരമനസ്‌കതയുടെ മൂര്‍ത്തീഭാവമായിരുന്ന പ്രവാചകന്‍ ഉടനെ വസ്ത്രം നല്‍കി. എന്നിട്ടു പറഞ്ഞു: ''അദ്ദേഹത്തിനു ഗുണം ചെയ്യുമെങ്കില്‍ ഇതില്‍ കഫന്‍ ചെയ്യുക''. പിന്നീട് അബ്ദുല്ലാഹിബ്‌നു ഉബയ്യിനു വേണ്ടി നമസ്‌കരിക്കാന്‍ പ്രവാചകന്‍ പുറപ്പെട്ടു. ആ സമയത്ത് ഉമര്‍(റ) അതിനെ ശക്തിയുക്തം എതിര്‍ത്തു. പ്രവാചകന്റെ വസ്ത്രം പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, ആ കപടവിശ്വാസിക്ക് വേണ്ടി അങ്ങ് നമസ്‌കരിക്കുകയോ? അദ്ദേഹം ഇന്നയിന്ന വിധത്തിലെല്ലാം നമ്മോട് ചെയ്തിട്ടുണ്ടല്ലോ?''. പുഞ്ചിരി തൂകി പ്രവാചകന്‍ പറഞ്ഞു: ''ഉമറേ, എന്നെ വിടുക. ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം അല്ലാഹു എനിക്ക് നല്‍കിയിരിക്കുന്നു''. പിന്നീട് പ്രവാചകന്‍ പാരായണം ചെയ്തു: ''പ്രവാചകരേ, താങ്കള്‍ അവര്‍ക്കു വേണ്ടി മാപ്പപേക്ഷിച്ചാലും ഇല്ലെങ്കിലും, ഒരെഴുപതുവട്ടം തന്നെ അവര്‍ക്കു വേണ്ടി മാപ്പു തേടിയാലും അല്ലാഹു ഒരിക്കലും മാപ്പു നല്‍കുകയില്ല''(അത്തൗബ: 80). പ്രവാചകന്‍ തുടര്‍ന്നു: ''ഉമറേ, അല്ലാഹുവാണ, എഴുപതിലധികം തവണ ഞാന്‍ പാപമോചനത്തിനു തേടിയാലും അല്ലാഹു അദ്ദേഹത്തിനു പൊറുത്തു കൊടുക്കുകയില്ലെന്ന് താങ്കള്‍ അറിഞ്ഞിരുന്നുവെങ്കില്‍.'' മയ്യിത്ത് നമസ്‌കാരത്തിനായി പ്രവാചകന്‍ എഴുന്നേറ്റപ്പോള്‍ ദൈവിക വചനമിറങ്ങി. ഉമറി(റ)ന്റെ അഭിപ്രായത്തിന് ശക്തി പകരുന്നതായിരുന്നു അത്. ''ഭാവിയില്‍ അവരില്‍ മരണപ്പെടുന്ന ആര്‍ക്കു വേണ്ടിയും താങ്കള്‍ മയ്യിത്ത് നമസ്‌കാരം നടത്തുകയോ അവരുടെ ഖബ്‌റിനരികില്‍ നില്‍ക്കുകയോ ചെയ്യരുത്. എന്തുകൊണ്ടെന്നാല്‍, അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിഷേധിക്കുകയും ധിക്കാരികളായി മരണപ്പെടുകയും ചെയ്തിരിക്കുന്നു'' (അത്തൗബ: 84). നോക്കൂ, പ്രവാചകന്റെ വിശാല മനസ്സ്.

ഇസ്‌ലാമിന്റെ കടുത്ത ശത്രുവായിരുന്നു സഫ്‌വാനുബ്‌നു ഉമയ്യ. ബദ്‌റില്‍ പിതാവ് കൊല്ലപ്പെട്ടു. പ്രവാചകനോടും ഇസ്‌ലാമിനോടുമുള്ള പകയും വിദ്വേഷവും അദ്ദേഹത്തിന്റെ മനസ്സില്‍ ആളിക്കത്തി. പ്രവാചകനെ വധിക്കാന്‍ ഖുറൈശികളിലെ ഉമൈര്‍ബ്‌നു വഹബിനെ ശട്ടം കെട്ടിയ ആളാണ്. പ്രവാചകനോടുള്ള പകയും വിദ്വേഷവും സഫ്‌വാന്‍ബിന്‍ ഉമയ്യയയുടെ മനസ്സില്‍ കെട്ടടങ്ങിയില്ല, നീറിപ്പുകഞ്ഞുകൊണ്ടേയിരുന്നു. പ്രവാചകനും അനുയായികളും മക്ക വിജയിച്ചടക്കി. മക്കയിലെ അവിശ്വാസികളില്‍ പലരും പ്രവാചകന്റെ മുമ്പാകെ സന്നിഹിതരായി ക്ഷമാപണം നടത്തി. എന്നാല്‍ അവരിലെ പ്രമുഖരിലൊരാളായ സഫ്‌വാനുബ്‌നു ഉമയ്യ പ്രവാചകന്റെ മുമ്പില്‍ ഹാജരാകാനോ ക്ഷമാപണം നടത്താനോ തയാറായില്ല. പ്രവാചകനെ കാണുന്നതൊഴിവാക്കാന്‍ അദ്ദേഹം മക്ക വിട്ടു. പ്രവാചകനോട് സഫ്‌വാനു ബ്‌നു ഉമയ്യക്കുണ്ടായിരുന്ന പകയുടെയും വിദ്വേഷത്തിന്റെയും ആഴവും പരപ്പുമറിയാന്‍ ഇതുമതി. സഫ്‌വാന്റെ പത്‌നി പ്രവാചകന്റെ മുമ്പിലെത്തി. സഫ്‌വാന് അഭയം നല്‍കണമെന്ന് അപേക്ഷിച്ചു. പ്രവാചകന്‍ പറഞ്ഞു: ''അദ്ദേഹത്തിന് അഭയം നല്‍കിയിരിക്കുന്നു''. സഫ്‌വാന്റെ പത്‌നി ഭര്‍ത്താവിനെ പിന്തിരിപ്പിക്കാനായി പുറത്തേക്കിറങ്ങി. അപ്പോഴേക്കും സഫ്‌വാന്‍ കടല്‍ക്കര ലക്ഷ്യമാക്കി യാത്ര തിരിച്ചിരുന്നു. ഭര്‍ത്താവിനെ പിന്തുടര്‍ന്നു കണ്ടെത്തി, അദ്ദേഹത്തെ മക്കയിലേക്ക് തന്നെ തിരിച്ചു കൊണ്ടുവന്നു അവര്‍. അങ്ങനെ സഫ്‌വാനു ബ്‌നു ഉമയ്യ മക്കയില്‍ സത്യനിഷേധിയായി കഴിഞ്ഞുകൂടി. ഹുനൈന്‍ യുദ്ധം സമാഗതമായി. പ്രവാചകന്‍ യുദ്ധത്തിനു പുറപ്പെടാനുള്ള തയാറെടുപ്പിലാണ്.  പ്രവാചകന് ധാരാളം ആയുധങ്ങള്‍ ആവശ്യമായിരുന്നു. സഫ്‌വാന്റെ പക്കലാകട്ടെ ആയുധ ശേഖരമുണ്ടായിരുന്നു. പ്രവാചകന്‍ അദ്ദേഹത്തോട് ചോദിച്ചു: ''സഫ്‌വാനേ, താങ്കളുടെ ചില ആയുധങ്ങള്‍ എനിക്ക് കടമായി നല്‍കുമോ?'' സഫ്‌വാന്‍ ചോദിച്ചു: ''കടമായിട്ടാണോ? അതല്ല, ബലാത്കാരമായി എടുക്കാനാണോ?'' പ്രവാചകന്‍ പറഞ്ഞു: ''കടമായിട്ട്, തിരിച്ചു നല്‍കാം.'' പ്രവാചകന്‍ സഫ്‌വാന് ഉറപ്പു നല്‍കി. യുദ്ധം കഴിഞ്ഞു. വിജയശ്രീലാളിയായി പ്രവാചകന്‍ മടങ്ങി. സഫ്‌വാന് ആയുധങ്ങള്‍ മടക്കിക്കൊടുത്തു. യുദ്ധത്തില്‍ കിട്ടിയ മുതലുകളിലേക്ക് സഫ്‌വാന്‍ നോക്കുന്നത് പ്രവാചകന്‍ കണ്ടു.  സഫ്‌വാന്‍ യുദ്ധമുതലുകള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രവാചകന് തോന്നി. അതില്‍ നിന്ന് കുറച്ച് സഫ്‌വാന് നല്‍കി. സഫ്‌വാന്റെ മനസ്സ് മാറി. അങ്ങനെ ഇസ്‌ലാമിനും പ്രവാചകനുമെതിരെ വര്‍ഷങ്ങളോളം പകയും വിദ്വേഷവും പുലര്‍ത്തിയ സഫ്‌വാന്റെ മനസ്സിലേക്ക് പ്രവാചകനോടുള്ള സ്‌നേഹം കടന്നുവന്നു, സഫ്‌വാന് ഏറ്റവും ഇഷ്ടപ്പെട്ടവനായി പ്രവാചകന്‍ മാറി. ചരിത്രത്തില്‍ ശത്രുവിനോട് മിത്രത്തെപ്പോലെ പ്രവാചകന്‍ പെരുമാറിയതിന് ഇതുപോലെ ഒരുപാട് ദാഹരണങ്ങളുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /65-66
എ.വൈ.ആര്‍