Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 04

ഐസിസ് ആരുടെ സൃഷ്ടിയാണ്?

അശ്‌റഫ് കീഴുപറമ്പ് /പഠനം

ഐസിസ് പുനരുല്‍പാദിപ്പിക്കുന്നത്.... -3

          ജെവി ടീം, ലെയ്‌ക്കേഴ്‌സിന്റെ യൂനിഫോമിട്ടാല്‍ അവരൊന്നും കോബെ ബ്രയന്റ് ആവില്ല. ഐസിസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ഒബാമ പറഞ്ഞത് മനസ്സിലാവണമെങ്കില്‍ അമേരിക്കക്കാരുടെ ഇഷ്ടവിനോദമായ ബാസ്‌കറ്റ് ബോളിനെപ്പറ്റി സാമാന്യം അറിഞ്ഞിരിക്കണം. അമേരിക്കയിലെ ഒന്നാം നമ്പര്‍ പ്രഫഷണല്‍ ബാസ്‌കറ്റ് ബോള്‍ ടീമാണ് ലെയ്‌ക്കേഴ്‌സ്. അതിന്റെ സൂപ്പര്‍ സ്റ്റാര്‍ കളിക്കാരനാണ് കോബെ ബ്രയന്റ്. ജെവി എന്നാല്‍ ജൂനിയര്‍ വാഴ്‌സിറ്റി ടീം. പ്രഫഷണല്‍ അല്ലാത്ത അമ്വേചര്‍ ടീം. 'ബി ടീം' എന്ന് പറയും പോലെ. ഉപമയുടെ പൊരുള്‍ ഇതാണ്: നമ്മള്‍ അമേരിക്കക്കാര്‍ ഭീകരതയുടെ ഒന്നാം നമ്പര്‍ പ്രഫഷണല്‍ ടീമായ അല്‍ഖാഇദയെ അടിച്ചൊതുക്കിയവരാണ്. അതിന്റെ സൂപ്പര്‍ സ്റ്റാര്‍ ബിന്‍ലാദനെ കൊന്നുതള്ളിയവരാണ്. ഇപ്പോഴിതാ അവരുടെ യൂനിഫോമിട്ട് എട്ടും പൊട്ടും തിരിയാത്ത 'ഐസിസ്' എന്ന യൂനിവേഴ്‌സിറ്റി ജൂനിയര്‍ പിള്ളേര്‍ ഇറങ്ങിയിരിക്കുന്നു. ബിന്‍ലാദനെ ഒതുക്കിയ നമുക്ക് ഇവര്‍ വല്ലതുമാണോ?

ഒരു പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥയെ എങ്ങനെയാണ് ഇതിനേക്കാള്‍ 'നന്നായി' നിസ്സാരവത്കരിച്ച് വായിക്കാനാവുക! ഒബാമയെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. അദ്ദേഹം ഈ പ്രസ്താവന നടത്തുമ്പോള്‍ ഇറാഖിലെ ഫല്ലൂജയിലും ഒറ്റപ്പെട്ട ചില ഗ്രാമങ്ങളിലും മാത്രമേ ഐസിസിന്റെ കറുത്ത കൊടി പാറുന്നുണ്ടായിരുന്നുള്ളൂ. ഇന്ന് ഈ ഭീകരസംഘം സിറിയയുടെ പകുതിയും ഇറാഖിന്റെ പകുതിയും സ്വന്തമാക്കിയിരിക്കുന്നു. ബ്രിട്ടനോളം വലുപ്പമുള്ള ഒരു ഭൂപ്രദേശമാണ് ഇന്ന് ഐസിസിന്റെ 'ഇസ്‌ലാമിക രാഷ്ട്രം.' അവിടെ അവര്‍ 'ഭരണം' തുടങ്ങിയിട്ടും വര്‍ഷമൊന്നു കഴിഞ്ഞു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ബോംബിംഗും ശീഈ-കുര്‍ദ് മിലീഷ്യകളുടെ ചെറുത്ത് നില്‍പും തുടരുന്നുണ്ടെങ്കിലും 'ഐസിസി'ന് കാര്യമായ ഇളക്കമൊന്നും തട്ടിയിട്ടില്ല. എന്നല്ല, അവരുടെ രാജ്യാതിര്‍ത്തി വികസിച്ചുകൊണ്ടിരിക്കുന്നതായും വാര്‍ത്തയുണ്ട്.

പരിചയിച്ച് പോന്ന സാമൂഹിക വിശകലനോപാധികള്‍ വെച്ച് ഈ പ്രതിഭാസത്തെ സാമൂഹിക ശാസ്ത്രജ്ഞര്‍ക്കോ രാഷ്ട്രീയ നിരീക്ഷകര്‍ക്കോ വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് വരെ ചിത്രത്തിലെങ്ങും ഇല്ലാതിരുന്ന ഒരു സംഘം എങ്ങനെ ഇത്ര പെട്ടെന്ന് രണ്ട് രാഷ്ട്രങ്ങളുടെ തന്നെ അതിര്‍ത്തികള്‍ മായ്ച്ചു കളഞ്ഞ് സ്വന്തമായി ഒരു ഭരണപ്രദേശം ഉണ്ടാക്കിയെടുത്തു? അനുയായികള്‍ എണ്ണത്തില്‍ വളരെ കുറവായിട്ടും, വ്യവസ്ഥാപിത സൈന്യം ഇല്ലാതിരുന്നിട്ടും അവര്‍ മുന്നേറുന്നത് എന്തുകൊണ്ട്? ഈ ചോദ്യങ്ങള്‍ക്കൊന്നും തെളിവുകളുടെ പിന്‍ബലമുള്ള ഉത്തരങ്ങള്‍ ലഭിക്കാതാവുമ്പോള്‍ സ്വാഭാവികമായും അനുമാനങ്ങള്‍ പെരുകും. ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്കും ഒട്ടും കുറവുണ്ടാവില്ല. ഐസിസിന് ജന്മം നല്‍കിയതാര്, അതിന് സാമ്പത്തികവും സൈനികവുമായ പിന്‍ബലം നല്‍കുന്നതാര് തുടങ്ങിയ ചോദ്യങ്ങളെ ഊഹങ്ങളും അനുമാനങ്ങളുമായി നേരിടുകയാണ് അന്താരാഷ്ട്ര സമൂഹം. ഈ ഊഹങ്ങളിലും അനുമാനങ്ങളിലും അവരവരുടേതായ രാഷ്ട്രീയ താല്‍പര്യങ്ങളും ഒളിപ്പിച്ച് വെച്ചതായി കാണാം.

ആദ്യ ഇറാനിയന്‍ വനിതാ വൈസ് പ്രസിഡന്റായ മഅ്‌സ്വൂമ ഇബ്തികാര്‍ പറയുന്നത് ഐസിസിന്റെ പിന്നില്‍ അമേരിക്കയും സി.ഐ.എയുമാണെന്നാണ്. ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ മന്ത്രി ഹൈദര്‍ മുസ്‌ലിഹി ഇസ്രയേല്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ രാഷ്ട്രങ്ങളുടെ ചാരസംഘടനകളായ മൊസാദും MI6ഉം സി.ഐ.എയുമാണ് ഐസിസിന് ജന്മം നല്‍കിയത് എന്ന് വിശ്വസിക്കുന്നു. സുഡാനിയന്‍ പ്രസിഡന്റ് ഉമറുല്‍ ബശീറിനും ഇതേ അഭിപ്രായമാണ്. ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ഭീതിവിതക്കുന്ന ബൊക്കോ ഹറാം എന്ന ഭീകര സംഘത്തിന്റെ പിതൃത്വവും അദ്ദേഹം ഈ വിദേശ ചാരസംഘടനകളില്‍ ആരോപിക്കുന്നു. ഇസ്രയേലും ചില അമേരിക്കന്‍ ഘടകങ്ങളും ഐസിസിന് പിന്നിലുള്ളതായി ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോയും സംശയിക്കുന്നു. സിറിയയിലെ ബശ്ശാറുല്‍ അസദിനെതിരെ പോരാടുന്ന പ്രതിപക്ഷ മുന്നണിയില്‍ വിള്ളലുണ്ടാക്കാന്‍ ഇറാനാണ് ഐസിസിനെ പടച്ചത് എന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, മേഖലയില്‍ ഇറാന്‍ മേധാവിത്വം നേടുന്നത് തടുക്കാന്‍ സുഊദി അറേബ്യയാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് മറ്റൊരു വിഭാഗം ഉറച്ച് വിശ്വസിക്കുന്നു.

ഈ അഭിപ്രായ പ്രകടനങ്ങളില്‍ പലതും ആരോപണ പ്രത്യാരോപണങ്ങള്‍ മാത്രമാണ്. വാദങ്ങള്‍ സമര്‍ഥിക്കാനുള്ള തെളിവുകള്‍ കൊണ്ടുവരാതെ അവര്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്നതാണ് മധ്യ പൗരസ്ത്യ ദേശത്തെ സംഘര്‍ഷങ്ങളില്‍ ഇറങ്ങിക്കളിക്കുന്ന എല്ലാ രാഷ്ട്രങ്ങളുടെയും രാഷ്‌ട്രേതര ശക്തികളുടെയും പൊതു നിലപാട്. മുന്നണിയുണ്ടാക്കുന്നതും മുന്നണി പൊളിക്കുന്നതും അപ്പപ്പോഴത്തെ താല്‍പര്യങ്ങള്‍ നോക്കിയാണ്. ഇറാന്‍ മേഖലയില്‍ മേധാവിത്വം നേടുന്നത് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കോ അമേരിക്കക്കോ ഇസ്രയേലിനോ സഹിക്കാനാവുകയില്ല. ആ മേധാവിത്വം പൊളിക്കുന്നതിന് കോടാലിയായി ഉപയോഗിക്കാന്‍ പറ്റുന്ന സംഘങ്ങള്‍ക്കെല്ലാം അവര്‍ ഫണ്ട് നല്‍കിയെന്നിരിക്കും. ഐസിസ് ഇത്ര രൗദ്രഭാവം ആര്‍ജിക്കുന്നതിന് മുമ്പ് അവര്‍ക്കും കിട്ടിയിട്ടുണ്ട് ഇത്തരം ധനസഹായങ്ങള്‍. ഉയര്‍ന്ന അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാഖിലെ ഇറാന്‍ അനുകൂല (മാലികി) ഭരണകൂടത്തെ ദുര്‍ബലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇസ്രയേലി പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു ഇത് തുറന്ന് പറഞ്ഞിട്ടുണ്ട്: ''ഐസിസ് വരുന്നത് ഇസ്രയേലിന് നല്ലതാണ്... അമേരിക്ക ഇറാഖ് സംഘര്‍ഷത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് വേണ്ടത്. നൂരി മാലികിയുടെ ശീഈ മേധാവിത്വ ഭരണകൂടത്തിനെതിരെ സുന്നി മിലിഷ്യകള്‍ പൊരുതട്ടെ. അങ്ങനെ ഇറാഖിനെ ശിഥിലമാക്കട്ടെ. അറബ് മേഖലയില്‍ ഇത് ഇറാനിയന്‍ സ്വാധീനത്തെ ദുര്‍ബലമാക്കും.''1

മൊസാദ്-സി.ഐ.എ ഗൂഢാലോചന?

അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അവസരവാദ നിലപാടുകള്‍ ഐസിസിന്റെ വളര്‍ച്ചക്കും വ്യാപനത്തിനും കാരണമായിട്ടുണ്ട് എന്നതില്‍ സംശയമൊന്നുമില്ല. എന്നു വെച്ച് അവരാണ് ഐസിസിന്റെ സ്രഷ്ടാക്കള്‍ എന്ന് പറയാമോ? സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത് അത്തരം ചില കുറിപ്പുകളാണ്. മൊസാദ്-സി.ഐ.എ ഗൂഢാലോചനയില്‍ നിന്ന് പിറന്ന് വീണതാണ് ഐസിസ് എന്ന് മുസ്‌ലിം ലോകത്തെ വലിയൊരു വിഭാഗം ഉറച്ചു വിശ്വസിക്കുന്നു.

ഈയിടെ ചോര്‍ന്ന, അമേരിക്കന്‍ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി 2012 ആഗസ്റ്റില്‍ തയാറാക്കിയ ഒരു രഹസ്യ റിപ്പോര്‍ട്ടാണ് ഈ ഗൂഢാലോചനാ വാദത്തിന് ഉപോദ്ബലകമായ ഒരു തെളിവ്. ഒരു 'സലഫി ഭരണ പ്രദേശം' (Salafist Principality) ഉണ്ടാക്കണം എന്നതാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. അത് പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആവാം. അതായത്, പരസ്യമായി പ്രഖ്യാപിക്കാതെ രഹസ്യമായും അത്തരമൊരു സംവിധാനത്തിന് വേണ്ടി ശ്രമിക്കാം. കിഴക്കന്‍ സിറിയയില്‍ ഈ സലഫിസ്റ്റ് പ്രിന്‍സിപ്പാലിറ്റിയും, ഇറാഖിലും സിറിയയുടെ മറ്റു ഭാഗങ്ങളിലും ഇസ്‌ലാമിക് സ്റ്റേറ്റും വരുമെന്ന് പ്രവചിക്കുന്നുണ്ടത്രെ ഈ റിപ്പോര്‍ട്ടില്‍. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബെയ്ഡന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പ്രസ്താവനയില്‍ ഇതിനെ ന്യായീകരിക്കുന്ന പരാമര്‍ശങ്ങള്‍ കാണാം. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍, അമേരിക്ക പുറമേക്ക് കാണിക്കുന്ന അല്‍ഖാഇദ-ഐസിസ് വിരുദ്ധത വെറും നാട്യമാണെന്ന് വരും. എന്നാലും, ഇത്തരം തീവ്ര വിഭാഗങ്ങളെ അമേരിക്ക തരം കിട്ടുമ്പോഴെല്ലാം ഉപയോഗിച്ചു എന്നല്ലാതെ അവയുടെ സ്രഷ്ടാക്കള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണെന്ന് വരുന്നില്ല. കൂടാതെ 'സലഫിസ്റ്റ് പ്രിന്‍സിപ്പാലിറ്റി' പോലുള്ള അവ്യക്ത പരാമര്‍ശങ്ങള്‍ ഒരു രാഷ്ട്രീയ സ്ട്രാറ്റജിയെക്കുറിക്കുന്നു എന്നല്ലാതെ, അത് ഏതെങ്കിലും നിര്‍ണിത സംഘത്തെ കുറിക്കുന്നുണ്ട് എന്ന് പറയാനാവില്ല.2

അതേസമയം, ഏറ്റവും പ്രാകൃതമായ രീതികളില്‍ സാധാരണക്കാരെ വരെ അരുംകൊല ചെയ്യുകയും അടിമകളാക്കുകയും തെരുവ് ചന്തകളില്‍ കാലികളെപ്പോലെ വില്‍പനക്ക് വെക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ പാശ്ചാത്യ 'പരിഷ്‌കൃത' സമൂഹം പടച്ചുവിടുമോ എന്ന സംശയം അസ്ഥാനത്തല്ല. തദ്ദേശീയരായ അഞ്ചാംപത്തികളെ ഉപയോഗിച്ച് ഇതിനേക്കാള്‍ ഭീകരമായ നരഹത്യകള്‍ക്ക് അവര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്ക 'തന്ത്രപ്രധാന ഗ്രാമങ്ങള്‍' (Strategic Hamlet Program) എന്ന പേരില്‍ ഒറ്റുകാരുടെ പതിനാറായിരം ഗ്രാമങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു. വിയറ്റ്‌നാം ഗ്രാമങ്ങളിലെ കമ്യൂണിസ്റ്റ് സ്വാധീനം തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ഈ ഗ്രാമങ്ങളില്‍ നിലയുറപ്പിച്ച തദ്ദേശീയരായ ഒറ്റുകാര്‍ നടത്തിയ ഭീകരകൃത്യങ്ങള്‍ ഇന്നും വിയറ്റ്‌നാം ജനതയുടെ മനസ്സുകളില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. പദ്ധതി പാളി കുളമായെങ്കിലും അപ്പോഴേക്കും ആ ജനതക്ക് കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു. ഈ കുതന്ത്രം പാശ്ചാത്യ കൊളോണിയല്‍ ശക്തികള്‍ ഏറ്റവും കൂടുതല്‍ പ്രയോഗിച്ചത് മുസ്‌ലിം ലോകത്താണെന്നും ഓര്‍ക്കണം. സ്വാതന്ത്ര്യ സമരപോരാളികളെ ഒററുകൊടുക്കുന്ന വ്യക്തികളും സംഘങ്ങളും ഉയര്‍ന്നുവന്നത് അങ്ങനെയാണ്. ഈജിപ്ത് നെപ്പോളിയന്‍ കൈയടക്കിയപ്പോള്‍ സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ അദ്ദേഹം ഉപയോഗിച്ചത് യഅ്കൂബ് മിസ്വ്‌രി എന്ന അഞ്ചാം പത്തിയെയായിരുന്നു. അള്‍ജീരിയയില്‍ ഫ്രഞ്ച് അധിനിവേശ വിരുദ്ധ സമരം ശക്തിപ്പെട്ടപ്പോള്‍ ഫ്രഞ്ചുകാര്‍ തട്ടിക്കൂട്ടിയ ഒറ്റുകാരുടെ സംഘത്തിന് 'ഹറകിയ്യൂന്‍' എന്നായിരുന്നു പേര്. ഇവര്‍ ചെയ്ത 'സേവനങ്ങളെ' ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഡിഗോള്‍ പിന്നീട് മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ സമരപോരാളികളെ വഞ്ചിക്കാനും അപകീര്‍ത്തിപ്പെടുത്താനും കൊളോണിയല്‍ ശക്തികള്‍ മെനഞ്ഞ അതേ തന്ത്രം ഇപ്പോഴും പയറ്റിക്കൂടേ എന്ന ചോദ്യം തീര്‍ത്തും ന്യായം തന്നെയാണ്. അത് അങ്ങനെത്തന്നെയാണ് എന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ വേണം എന്നേ  പറയുന്നുള്ളൂ.

ഐസിസും വിക്കിലീക്‌സും

അമേരിക്കയുടെ ഒട്ടേറെ രഹസ്യ രേഖകള്‍ പുറത്ത് വിട്ട് വിവാദം സൃഷ്ടിച്ച എഡ്വേഡ് സ്‌നോഡന്റെ 'വിക്കിലീക്‌സി'ല്‍ ഐസിസിനെക്കുറിച്ചും പരാമര്‍ശമുണ്ട് എന്ന് ആദ്യമായി പറഞ്ഞത് ഇറാന്‍ ഇന്റലിജന്‍സ് ഏജന്‍സിയാണ്. പിന്നെയത് ഇന്റര്‍നെറ്റ് റേഡിയോ വെബ് സൈറ്റായ അജ്‌യാല്‍ഡോട്ട്‌കോം (ajyal.com)ഏറ്റെടുത്തു. അറബി വാര്‍ത്ത വെബ്‌സൈറ്റായ ഈജി-പ്രസ് (Egy-press) അതിന് വന്‍ പ്രചാരവും നല്‍കി. പിന്നെയത് അറബ്-മുസ്‌ലിം ലോകം ഒന്നാകെ ഏറ്റെടുക്കുകയായിരുന്നു. ഐസിസിനെക്കുറിച്ച് വിക്കിലീക്‌സില്‍ ഉണ്ടെന്ന് പറയപ്പെടുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്:

എ) അമേരിക്കന്‍-ബ്രിട്ടീഷ് -ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗങ്ങളാണ് ഐസിസിന്റെ സ്രഷ്ടാക്കള്‍.

ബി) ഈ രഹസ്യ പദ്ധതിക്ക് അമേരിക്ക നല്‍കിയ പേര് 'കടന്നല്‍കൂട്' (Hornet's Nest) എന്നാണ്. 

സി) ഐസിസിന്റെ നേതാവ് അബൂബക്കര്‍ ബഗ്ദാദി ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ പരിശീലനം ലഭിച്ച ആളാണ്. ബഗ്ദാദിലെ ഒരു അറബി കുടുംബത്തിലാണ് ബഗ്ദാദി ജനിച്ചത് എന്ന് പറയുന്നത് ശരിയല്ല. യഥാര്‍ഥത്തില്‍ അയാള്‍ ജൂത ദമ്പതികള്‍ക്ക് പിറന്ന എലിയറ്റ് ശിമോണ്‍ (Elliot Shimon) എന്നയാളാണ്.

നേരത്തെ പറഞ്ഞ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ഇങ്ങനെയൊരു സാധ്യത ആര്‍ക്കും തള്ളിക്കളയാനാവില്ല. പക്ഷേ, ഇങ്ങനെയൊരു രഹസ്യ രേഖ വിക്കിലീക്‌സ് പുറത്ത് വിട്ടിട്ടുണ്ടോ? ഇന്റര്‍സെപ്റ്റ് (Intercept) വെബ് സൈറ്റാണ് സ്‌നോഡന്‍ ചോര്‍ത്തിയ രേഖകള്‍ പുറത്ത് വിടാറുള്ളത്. വിവിധ രാജ്യങ്ങളിലെ പത്രങ്ങള്‍ക്ക് അവ പ്രസിദ്ധീകരണത്തിന് നല്‍കാറുമുണ്ട്. പുറത്ത് വന്ന രേഖകളിലൊന്നും ഇങ്ങനെയൊരു പരാമര്‍ശമില്ലെന്ന് ടൈം വാരികയും പല പ്രമുഖ പത്രപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിരുന്നു.3

ഇറാനിലെ 'ഇസ്‌ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി'(ഇര്‍ന)യാണ് ഇത് ആദ്യമായി പുറത്ത് വിട്ടതെന്നും അതിനാല്‍ അവര്‍ വാര്‍ത്തയുടെ സ്രോതസ്സ് വെളിപ്പെടുത്തണമെന്നും ടൈം വാരിക ആവശ്യപ്പെട്ടെങ്കിലും ഇതുവരെ തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. 'കടന്നല്‍കൂട്' എന്നൊരു പദ്ധതിയെക്കുറിച്ച് വിക്കിലീക്‌സ് രേഖകളില്‍ എവിടെയും പറയുന്നില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം 'കടന്നല്‍കൂട്ടില്‍ കല്ലെറിയലാണ്' പോലുള്ള പരാമര്‍ശങ്ങളേയുള്ളൂ.

ഐസിസ് സി.ഐ.എ സൃഷ്ടിയാണെന്ന് മുന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണും സമ്മതിച്ചു എന്നൊരു വാര്‍ത്ത ഇതിനിടെ പുറത്ത് വന്നു. ഈജിപ്ഷ്യന്‍ മീഡിയയിലാണ് വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. എപ്പോള്‍, എവിടെ വെച്ച് പറഞ്ഞു എന്നൊന്നുമില്ല. സ്വേഛാധിപതി അബ്ദുല്‍ ഫത്താഹ് അല്‍ സീസി അടക്കി വാഴുന്ന ഈജിപ്ഷ്യന്‍ മീഡിയ അങ്ങനെയൊരു വാര്‍ത്ത മെനഞ്ഞത്, സീസിക്ക് അമേരിക്കയോടുള്ള കലിപ്പ് തീര്‍ക്കാന്‍ വേണ്ടിയാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 'ഇര്‍ന'യുടെ രാഷ്ട്രീയ താല്‍പര്യങ്ങളും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. തെളിവുകളോ സ്രോതസ്സുകളോ ഇല്ലാത്ത ഇത്തരം 'വാര്‍ത്തകളെ' ആസ്പദമാക്കിയാണ് ഈ ഗൂഢാലോചനാ സിദ്ധാന്തം മൊത്തം മെനഞ്ഞെടുത്തത് എന്നാണ് മനസ്സിലാവുന്നത്.

വിശകലനം പിഴച്ചാല്‍

സൈക്‌സ്-പീക്കോ (1916), സാന്‍ റിമോ (1920), ലൊസാന്‍ (1923) തുടങ്ങിയ ഒന്നാം ലോകയുദ്ധാനന്തര കരാറുകളിലൂടെ മാറ്റി വരയ്ക്കപ്പെട്ടതാണ് ഇന്ന് കാണുന്ന അറബ് മുസ്‌ലിം രാഷ്ട്രങ്ങളുടെ രാജ്യാതിര്‍ത്തികള്‍. ബ്രിട്ടനും ഫ്രാന്‍സിനുമായിരുന്നു അന്ന് മേധാവിത്വം. മാറ്റിവരയ്ക്കലില്‍ അവരുടെ താല്‍പര്യങ്ങള്‍ക്കായിരുന്നു മുന്‍ഗണന. ഇന്ന് അമേരിക്കയാണ് ലോകത്തെ ഏക വന്‍ശക്തി. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊത്ത് മധ്യപൗരസ്ത്യ ദേശത്തെ അതിരുകള്‍ മാറ്റിവരയ്ക്കാന്‍ സമയമായി എന്ന് അമേരിക്ക കരുതുന്നു. 'ന്യൂമിഡില്‍ ഈസ്റ്റ്' എന്നാണ് അവര്‍ ആ പദ്ധതിക്ക് നല്‍കിയ പേര്. അത് നേര്‍ക്ക് നേരെയങ്ങ് നടപ്പിലാക്കാനാവില്ല. വളഞ്ഞ വഴികള്‍ സ്വീകരിക്കേണ്ടിവരും. അതിന് വഴിയൊരുക്കാന്‍, അരാജകത്വവും ക്രൂരതയും വിതയ്ക്കുന്ന ഭീകര സംഘങ്ങളെ സൃഷ്ടിക്കേണ്ടിവരും. അതില്‍ പെട്ട ഒന്നാണ് ഐസിസ്.... ഇങ്ങനെ, കേട്ടാല്‍ വിശ്വസിച്ച് പോകുന്ന നിരവധി വിശകലനങ്ങളുണ്ട്. ഇതില്‍ പറഞ്ഞ പല വാദമുഖങ്ങളും സത്യവുമാണ്. പക്ഷേ, ഇതിന് വേണ്ടി അമേരിക്ക സൃഷ്ടിച്ചതാണ് ഐസിസിനെ എന്ന് വാദിച്ചാല്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് വിടുപണി ചെയ്യുന്ന വെറുമൊരു കൂലിപ്പട എന്നതില്‍ കവിഞ്ഞ് ഒന്നുമല്ല ഐസിസ് എന്ന് വരും.

ഐസിസ് കേവലമൊരു കൂലിപ്പടയാണോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സകലവിധ ജീവിത സൗകര്യങ്ങളും ഉപേക്ഷിച്ച് ഇറാഖിലേക്കും സിറിയയിലേക്കും ജീവന്‍ പണയം വെച്ച് ഒളിച്ചു കടക്കുന്നവര്‍ കൂലിപ്പടയാണെന്ന് എങ്ങനെ പറയാന്‍ കഴിയും? ലക്ഷ്യ സ്ഥാനത്ത് എത്തിയവര്‍ തങ്ങളുടെ പൗരത്വ രേഖയായ പാസ്‌പോര്‍ട്ട് കത്തിച്ചുകളയുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇനിയൊരു തിരിച്ചുപോക്കില്ല എന്നാണതിന്റെ അര്‍ഥം. ഒന്നുകില്‍ മരണം, അല്ലെങ്കില്‍ തങ്ങള്‍ വിഭാവനം ചെയ്യുന്ന രാഷ്ട്രത്തിന്റെ സംസ്ഥാപനം. അപ്പോള്‍, എത്രമാത്രം മനുഷ്യത്വവിരുദ്ധവും പിന്തിരിപ്പനുമാണെങ്കിലും, ചില ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട് തന്നെയാണ് വിവിധ രാജ്യക്കാര്‍ ഐസിസില്‍ ചേരാന്‍ വേണ്ടി പോകുന്നത്. 'ഐസിസിന്റെ പ്രവൃത്തികള്‍ ഇസ്‌ലാമിക തത്ത്വങ്ങളുമായി യോജിക്കുന്നുണ്ടോ?' എന്ന ചോദ്യവുമായി അല്‍ജസീറ നെറ്റ് (അറബി) നടത്തിയ സോഷ്യല്‍ മീഡിയ സര്‍വേയില്‍ പങ്കെടുത്ത 81 ശതമാനവും 'അതെ' എന്നാണത്രെ പ്രതികരിച്ചത്.4 അത്യന്തം വിനാശകരവും ഇസ്‌ലാമികവിരുദ്ധവുമായ ഐസിസ് വിചാരധാര മുസ്‌ലിം ലോകത്തെ ചെറുപ്പക്കാരെ സ്വാധീനിക്കുന്നു എന്നു തന്നെയാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. മതപരം എന്നതിനേക്കാളുപരി രാഷ്ട്രീയമാണ് ഇതിന്റെ കാരണമെങ്കിലും (അതേക്കുറിച്ച് പിന്നീട് വരുന്നുണ്ട്), മുസ്‌ലിം ലോകത്ത് ഉടലെടുത്ത വഴിതെറ്റിയ ഒരു ചിന്താധാരയായിത്തന്നെ ഈ പ്രശ്‌നത്തെ വിശകലനം നടത്തുകയും അഭിമുഖീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കേവലം അമേരിക്ക-സയണിസ്റ്റ് സൃഷ്ടിയായി അതിനെ കാണുന്നത് യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. അത് ഐസിസിന്റെ ആശയവ്യാപനത്തിന് സഹായകമാവുകയേയുള്ളൂ. 

(തുടരും)

കുറിപ്പുകള്‍

1. ISIS a CIA- Mossad-MI6 Creation? by Bernie V Lopez/Philippine Daily Inquirer.

2. How the US fuelled the rise of ISIS by Seumas Milne, theguardian.com

3. 2014 ജൂലൈ മധ്യത്തിലാണ് ടൈം വാരികയില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്. The Snowden Hoax: How a Lie Travelled Around The World Before The Truth Could Get its Boot on (snowdenhoax.blogspot.in), iS 'IS' a CIA- Mossad Creation by Pete papaherakles എന്നീ കുറിപ്പുകള്‍ കാണുക.

4. Poll: 81% of Aljazeera Arabic Poll Respondents support Islamic State (muslimstatistics. wordpress.com)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /65-66
എ.വൈ.ആര്‍