Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 04

നടക്കുന്നത് തിരിച്ചുപോക്കല്ല; ഒഴിച്ചു പോക്കാണ്

റഹ്മാന്‍ മധുരക്കുഴി

നടക്കുന്നത് തിരിച്ചുപോക്കല്ല; ഒഴിച്ചു പോക്കാണ്

മേല്‍ജാതിക്കാരുടെ പീഡനം സഹിക്കവയ്യാഞ്ഞ് ഹരിയാനയിലെ ഹിമ്പാറില്‍ നിന്നുള്ള 100 ഓളം ദലിതുകള്‍, ജന്തര്‍മന്ദില്‍ ഇസ്‌ലാമിലേക്ക് മാറിയതായി പത്ര വാര്‍ത്ത. തങ്ങളെ ഹിന്ദു മതത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷത്തോളമായി ഇവര്‍ നടത്തിവന്നിരുന്ന പ്രക്ഷോഭം, മേല്‍ജാതിക്കാര്‍ അവഗണിച്ചതോടെയാണ് ഇവര്‍ മതം മാറ്റത്തിന് നിര്‍ബന്ധിതമായതത്രേ. തങ്ങളെ മനുഷ്യരായി പോലും പരിഗണിക്കാന്‍ കൂട്ടാക്കാത്തവരുടെ മതത്തില്‍ പിന്നെയും തുടരുന്നതില്‍ എന്ത് പ്രസക്തിയാണുള്ളതെന്ന് മതം മാറിയ ദലിത് നേതാവ് ചോദിക്കുന്നു. മരിച്ചാലും ഇനി ഹിന്ദു മതത്തിലേക്കില്ലെന്നും, മുസ്‌ലിംകള്‍ തങ്ങള്‍ക്ക് മാനുഷിക പരിഗണന നല്‍കുന്നുണ്ടെന്നുമാണ് മതം മാറിയ ദല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥിനി പ്രതികരിച്ചത്. 

ബലപ്രയോഗം വഴിയാണ് ഈ രാജ്യത്ത് ഹിന്ദുക്കളെ മറ്റു മതക്കാര്‍ മതം മാറ്റിയതെന്നും ഇപ്പോള്‍ തങ്ങള്‍ക്കനുകൂലമായ രാഷ്ട്രീയ-സാമൂഹിക സാഹചര്യം കൈവന്നപ്പോള്‍ അവര്‍ പൂര്‍വ മതത്തിലേക്ക് സ്വമേധയാ തിരിച്ചുവരികയാണെന്നുമാണ് തങ്ങള്‍ രാജ്യവ്യാപകമായി സംഘടിപ്പിച്ചുവരുന്ന 'ഘര്‍വാപസി'യെക്കുറിച്ച് സംഘ്പരിവാരങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. പോയകാലങ്ങളില്‍ ഹിന്ദുമതത്തില്‍ നിന്ന് ആളുകള്‍ കൂട്ടംകൂട്ടമായി കുടിയൊഴിഞ്ഞു പോയത് നിര്‍ബന്ധമായി മറ്റു മതക്കാര്‍ ഇടപെട്ടതിലൂടെയല്ല; പ്രത്യുത ജാതി പീഡനം സഹിക്കവയ്യാതെയാണെന്ന അനിഷേധ്യ യാഥാര്‍ഥ്യമാണ് സംഘ്പരിവാരങ്ങള്‍ അധികാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ അടക്കിവാഴുന്ന വര്‍ത്തമാന കാലഘട്ടത്തിലും നടന്നുകൊണ്ടിരിക്കുന്ന ഹരിയാനയിലേതുപോലുള്ള ഹിന്ദു മതപരിത്യാഗ സംഭവങ്ങള്‍ നമ്മോട് വിളിച്ചുപറയുന്നത്. 'ഹിന്ദു സമൂഹത്തിലെ വലിയൊരു വിഭാഗം മുസ്‌ലിംകളായത് ജാതിയുടെ അടിമത്തത്തില്‍ നിന്ന് വിടുതല്‍ നേടാന്‍ കൂടിയായിരുന്നുവെന്ന പാഠം സ്വയം സേവകര്‍ ഓര്‍ക്കുന്നത് നന്ന്' എന്ന ഒ.വി വിജയന്റെ പ്രതികരണം (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1988 ജൂലൈ 21-30) സംഘ്പരിവാര ദുരാരോപണങ്ങള്‍ക്കുള്ള വായടപ്പന്‍ മറുപടിയാണ്. മുഹമ്മദീയര്‍ ഭാരതീയരെ കീഴടക്കിയത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാവങ്ങള്‍ക്കും ഒരു മോചനമായിട്ടാണനുഭവപ്പെട്ടതെന്നും, അങ്ങനെയാണ് നമ്മുടെ ആളുകളില്‍ അഞ്ചിലൊന്ന് മുഹമ്മദീയരായതെന്നും, അതെല്ലാം വാളും തീയും കൊണ്ട് നേടിയതാണെന്ന് കരുതുന്നത് ഭ്രാന്തിന്റെ പാരമ്യമാണെന്നുമുള്ള പ്രഖ്യാപനത്തിലൂടെ സ്വാമി വിവേകാനന്ദന്‍ (വിവേകാനന്ദ സാഹിത്യ സര്‍വസ്വം, ഭാഗം 3, പേജ് 186,187) സംഘ്പരിവാരങ്ങള്‍ സദാ ആവര്‍ത്തിച്ചുപോരുന്ന ബല പ്രയോഗ മതം മാറ്റ വാദം പണ്ടേ നിഷേധിച്ചിട്ടുണ്ട്.

'സമത്വാധിഷ്ഠിത വാദം പിന്തുടരുന്ന ഇസ്‌ലാംമതം ജാതികളെ അംഗീകരിക്കുന്നില്ലെന്നും ജാതി പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനും സമത്വത്തിന്റെ നേട്ടങ്ങള്‍ അനുഭവിക്കാനുമായി ആയിരക്കണക്കില്‍ ഹിന്ദുക്കള്‍ ഇസ്‌ലാം മതം സ്വീകരിച്ചിട്ടുണ്ടെ'ന്നും പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാരുടെ നിരീക്ഷണവും (മാതൃഭൂമി 23-2-2009) ഈ യാഥാര്‍ഥ്യത്തിലേക്കല്ലേ വിരല്‍ ചൂണ്ടുന്നത്?

മീനാക്ഷിപുരത്തെ ഹരിജനങ്ങള്‍ തീരെ സഹിക്കവയ്യാതായപ്പോഴാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്നും, അയിത്തത്തിനും ജാതീയതക്കും എതിരെ മത നേതാക്കള്‍ പ്രചാരണം നടത്തുന്നില്ലെങ്കില്‍ ഇനിയും വന്‍തോതില്‍ മതപരിവര്‍ത്തനം നടക്കുമെന്നുമായിരുന്നു 1986-ല്‍ മീനാക്ഷിപുരത്തും പരിസരങ്ങളിലും പര്യടനം നടത്തിയ ശേഷം ആര്യ സമാജം നേതാവ് സ്വാമി അഗ്നിവേശ് വെട്ടിത്തുറന്ന് പറഞ്ഞത്. ഇന്ത്യയില്‍ അധിനിവേശം സ്ഥാപിച്ച ഇസ്‌ലാമിക സംസ്‌കാരം ഇന്ത്യയിലെ അനേക ലക്ഷം അധഃകൃത ജനങ്ങള്‍ക്ക് ബ്രാഹ്മണ മതത്തിന്റെ ഭീകരവാഴ്ചയില്‍ നിന്ന് മോചനം പ്രാപിക്കാനുള്ള സാധ്യതകള്‍ തെളിയിച്ചുകൊടുത്തുവെന്ന് പ്രസിദ്ധ ചരിത്രകാരന്‍ എം.എന്‍ റോയ് 'ഇസ്‌ലാമിന്റെ ചരിത്രപരമായ പങ്ക്' എന്ന ഗ്രന്ഥത്തില്‍ നിരീക്ഷിക്കുന്നതും ഈ യാഥാര്‍ഥ്യത്തിന് നേരെയാണ് അടിവരയിടുന്നത്.

'ഹന്തയിജ്ജാതിയെ ഹോമിച്ചൊഴിച്ചാല്‍ നിന്‍
ചിന്തിതം സാധിച്ചു രത്‌നഗര്‍ഭേ'

എന്ന് മഹാ കവി കുമാരനാശാന്‍ മനം നൊന്ത് പാടിയിട്ട് കാലമേറെയായെങ്കിലും, അഭിശപ്തമായ ജാതി വിവേചനത്തിന്റെ ചളിക്കുണ്ടില്‍ നിന്ന് ഹിന്ദു സമൂഹം അശേഷം കരകയറിയിട്ടില്ലെന്ന് മാത്രമല്ല, അധഃസ്ഥിത ജാതിയില്‍ പെട്ടവന്റെ നിഴല്‍ കണ്ടാല്‍ പോലും അക്രമാസക്തമാകുന്ന കുടില മനസ്സിന്റെ ഉടമകളായി മാറിയിരിക്കുകയാണ് ആധുനിക യുഗത്തിലും സവര്‍ണ വിഭാഗങ്ങള്‍. സ്വാമി ചിന്‍മയാനന്ദന്‍ പറയുന്നതെന്തെന്നോ! ''ഹിന്ദുക്കളിലെ ഉയര്‍ന്ന ജാതിക്കാരില്‍ നിന്ന് ഇന്നുവരെ തൊഴി മാത്രം ലഭിച്ചവര്‍ അവിടെ സ്‌നേഹത്തിനും പരിചരണത്തിനും ദാഹിച്ചു കഴിയുന്നു. അവരോട് ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുക. ഹിന്ദുക്കളില്‍നിന്ന് തൊഴിയും, മുസ്‌ലിംകളില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും സ്‌നേഹവും എന്നതാണ് ഹരിജനങ്ങളുടെ അനുഭവം'' (കേസരി 1982 നവംബര്‍ 21).

''നാമെല്ലാം കാവി വസ്ത്രധാരികളായ നമ്മുടെ സന്യാസിവര്യന്മാരൊന്നിച്ച് സമത്വത്തെപ്പറ്റിയും ചെടികളെയും കല്ലിനെയും ഒരുപോലെ ആരാധിക്കേണ്ടതിനെക്കുറിച്ചുമെല്ലാം വാ തോരാതെ പ്രസംഗിക്കാറുണ്ട്. പക്ഷേ, കീഴ്ജാതിക്കാരെ നാം നമ്മുടെ ഭവനങ്ങളിലും ആശ്രമങ്ങളിലും പ്രവേശിപ്പിക്കാന്‍ മടിക്കുന്നു. എന്നാല്‍ അവര്‍ ഹിന്ദുധര്‍മം വെടിഞ്ഞ് ഡേവിഡോ ഖാനോ ആയി മാറിയാല്‍ അവരില്‍ ആരോപിച്ചിരിക്കുന്ന അയിത്തം മാറുകയും ചെയ്യും'' (ഹിന്ദുക്കളുടെ ശത്രുക്കള്‍ ഹിന്ദുക്കള്‍ തന്നെ, തരുണ്‍ വിജയ്, കേസരി 2003 ഏപ്രില്‍ 20).

ഹരിയാനയില്‍ മതപരിവര്‍ത്തനം നടത്തിയവരെ നാട്ടില്‍ നിന്ന് പുറത്താക്കുമെന്നും അവരെ തങ്ങളുടെ ഗ്രാമത്തില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള ഭീഷണിയുമായി ഹിന്ദുത്വക്കാര്‍ രംഗത്ത് വന്നിരിക്കുകയാണ്. അസഹ്യവും ക്രൂരവുമായ ജാതി വിവേചന പീഡനങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ ഒരു സമൂഹത്തിന്റെ രണ്ടും കല്‍പിച്ചുള്ള മുന്നേറ്റത്തെ മര്‍ദനം കൊണ്ടും ഭീഷണി കൊണ്ടും തടയിടാന്‍ ശ്രമിക്കുന്നതല്ലേ വങ്കത്തം? സ്വാമി ചിന്‍മയാനന്ദന്റെയും തരുണ്‍ വിജയിന്റെയും സ്വയം വിമര്‍ശനങ്ങള്‍ക്ക് കാതോര്‍ത്ത്, പീഡിത സമൂഹത്തോട് മനുഷ്യത്വപരമായി പെരുമാറാനുള്ള വിവേകമല്ലേ ഹിന്ദുത്വക്കാര്‍ സ്വീകരിക്കേണ്ടത്?

റഹ്മാന്‍ മധുരക്കുഴി

സാമ്രാജ്യത്വ സയണിസ്റ്റ് ചതിക്കുഴി

'പലിശ സഹിത കടം എന്ന മാരകായുധം' മുഖക്കുറിപ്പ് (ലക്കം 2913) ചിന്തനീയം, ശ്രദ്ധേയം. പലിശ സഹിത കടമെന്ന സാമ്രാജ്യത്വ കെണിയില്‍ കുടുങ്ങി സമ്പന്ന അറബ് നാടുകള്‍ പോലും പാശ്ചാത്യരുടെ അടിമകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന വിലയിരുത്തല്‍ അഭിമാനികളെ ആഴത്തില്‍ ചിന്തിപ്പിക്കും. 'ഗുജറാത്ത് മോദി'യുടെ മറുമുഖവും മുഖക്കുറിപ്പ് വ്യക്തമാക്കി. 'പലിശ രഹിത കടം' എന്നത് ഇസ്‌ലാമികവും പലിശ സഹിത കടം എന്നത് പൈശാചികവും ദയാരഹിതവുമാണ്.

അലവി വീരമംഗലം

കുറ്റകരമായ ഊഹം

ഹംസ അബ്ദുല്ലത്വീഫ് എഴുതിയ 'ഊഹങ്ങളെ സൂക്ഷിക്കുക' എന്ന പ്രകാശവചനം (ലക്കം 2913) വായിച്ചു. ഊഹത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന നബിവചനം വലിയ വിപത്തുകളില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാന്‍ പര്യാപ്തമാണ്. ഊഹത്തിന്റെ ചെറിയൊരു തീപ്പൊരി മതി, അത് പടര്‍ന്നുകത്തി ബന്ധങ്ങളെയാകെ തകര്‍ക്കാന്‍. ഊഹത്തിന്റെ അപകടവും നിരര്‍ഥകതയും വ്യക്തമാക്കുന്ന ഒരു കഥ ഇങ്ങനെ: 'റിട്ടയര്‍ ചെയ്ത രണ്ട് ഉദ്യോഗസ്ഥര്‍ ഒരു ഫ്‌ളാറ്റില്‍ താമസിക്കുകയാണ്. ഒരാള്‍ മൂന്നാം നിലയിലും മറ്റെയാള്‍ താഴത്തെ നിലയിലും. എല്ലാ ദിവസവും അവര്‍ തമ്മില്‍ കണ്ടു സംസാരിക്കും. ഒരു ദിവസം മൂന്നാം നിലക്കാരന്‍ പറഞ്ഞു: ''നാളെ എന്റെ പിറന്നാളാണ്. എഴുപതാം പിറന്നാള്‍.'' പിറ്റേന്ന് രാവിലെ കോളിംഗ് ബെല്‍ ശബ്ദം കേട്ട് അയാള്‍ വാതില്‍ തുറന്നു. ഫ്‌ളാറ്റിന്റെ കാവല്‍ക്കാരന്‍ നില്‍ക്കുന്നു. ഒരു സമ്മാനപ്പൊതി ഏല്‍പിച്ചിട്ട് അയാള്‍ പറഞ്ഞു: ''ഇത് താഴത്തെ നിലയിലെ നിങ്ങളുടെ സുഹൃത്ത് തന്നതാണ്.'' അതും പറഞ്ഞ് കാവല്‍ക്കാരന്‍ സ്ഥലം വിട്ടു. അപ്പോള്‍ മൂന്നാം നിലക്കാരന്‍ ചിന്തിക്കാന്‍ തുടങ്ങി: എന്തുകൊണ്ട് അയാള്‍ നേരിട്ട് വന്നില്ല? ഇതെന്തു മര്യാദയാണ്! ഇങ്ങനെയാണോ ജന്മദിന സമ്മാനം കൈമാറുന്നത്? അയാള്‍ക്ക് തന്നോട് എന്തോ വൈരാഗ്യമുണ്ട്.' അങ്ങനെ പോയി സുഹൃത്തിനെക്കുറിച്ച കാടുകയറിയ ഊഹം. മനസ്സില്‍ ക്രോധം നുരഞ്ഞു. സുഹൃത്തിനെ മൊബൈലില്‍ വിളിച്ച് സമ്മാനം കിട്ടിയത് അറിയിക്കാനും അയാള്‍ തയാറായില്ല. മൂന്നാം ദിവസം പത്രത്തില്‍ സുഹൃത്ത് മരിച്ച വാര്‍ത്തയാണ് കാണുന്നത്. ഉടനെ ഫ്‌ളാറ്റില്‍ ചെന്നു കാവല്‍ക്കാരനെ കണ്ടു. അയാള്‍ പറഞ്ഞു: ''താങ്കള്‍ക്ക് തരാനായി സമ്മാനവുമായി വരുമ്പോള്‍ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു. സമ്മാനം താങ്കളെ ഏല്‍പിക്കാന്‍ എന്റെ കൈയില്‍ തന്നു. ആരോ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. രണ്ടുദിവസം കഴിഞ്ഞ് മരിച്ചു. ശവം ഇന്നലെ നാട്ടിലേക്ക് കൊണ്ടുപോയി.'' 'താന്‍ സുഹൃത്തിനെക്കുറിച്ച് എന്തൊക്കെയാണ് ഊഹിച്ചുകളഞ്ഞത്,' അയാള്‍ സ്വയം കുറ്റപ്പെടുത്തി.

കെ.പി ഇസ്മാഈല്‍

നീതിയും അനീതിയും തൂക്കുന്നത്...

ണ്ടു പതിറ്റാണ്ടിനു ശേഷം മുംബൈ  സ്‌ഫോടന കേസിലെ പ്രതികളിലൊരാളായ യാക്കൂബ് മേമന്‍ തൂക്കിലേറ്റപ്പെട്ടിരിക്കുന്നു. ഏറെ സംശയങ്ങള്‍ ബാക്കിയാക്കിയാണ് മേമന്‍ കൊലക്കയറില്‍ തൂങ്ങിയത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയെ ഏറെ മുള്‍മുനയില്‍ നിര്‍ത്തിയ വ്യവഹാരം എന്ന ചീത്തപ്പേരും മേമന്‍ വിഷയത്തില്‍ കേള്‍ക്കേണ്ടിവന്നു എന്നത് വിസ്മരിക്കാവതല്ല. തൂക്കുമരം അര്‍ഹിക്കുന്ന എത്രയോ  കുറ്റവാളികള്‍, രാഷ്ട്രീയ നേതാക്കളടക്കം ശിക്ഷിക്കപ്പെടാതെയും സുഖചികിത്സക്ക് വിധിക്കപ്പെട്ടും കഴിഞ്ഞുകൂടുന്നു. അതേസമയം എത്രയോ നിരപരാധികള്‍ ജാമ്യം പോലും നിഷേധിക്കപ്പെട്ട് ഇന്ത്യന്‍ ജയിലറകളില്‍ അഴിയെണ്ണി കഴിയുന്നു. രാഷ്ട്രീയ വിരോധവും വിശ്വാസ വിഭിന്നതയും കാരണമായി എത്രയോ നിരപരാധികള്‍ കോടതി വരാന്തകള്‍ കയറി നിരങ്ങുന്നു. അറ്റമില്ലാത്ത നീട്ടി വെക്കലുകളിലും അവധിയും വേനല്‍ക്കാല അവധിയും പറഞ്ഞ് കാലം പൊഴിഞ്ഞു പോകുന്നു. ഇതിനിടയില്‍ വംശീയ  രാഷ്ട്രീയ കൂട്ടക്കൊലകള്‍ നടത്തിയവര്‍ അധികാരത്തിന്റെ ശീതളഛായയില്‍ വിശ്രമിക്കുന്നു. നിയമിക്കുന്നവരുടെ ഇംഗിതത്തിനൊത്ത് നീതിയും അനീതിയും 'തൂക്കുന്ന' ഒന്നായി നമ്മുടെ നിയമ സംവിധാനങ്ങള്‍ മാറുകയാണോ? 

സലീംനൂര്‍ ഒരുമനയൂര്‍

തിരുത്ത്

ക്കം 2914-ലെ മുജീബിന്റെ ചോദ്യോത്തരം പംക്തിയിലെ 'പെരുമുക്ക് മഹല്ലിലെ ഖബ്‌റിസ്ഥാന്‍ വിലക്ക്' എന്ന കുറിപ്പില്‍ ചോദ്യകര്‍ത്താവിന്റെ പേര് തെറ്റായാണ് കൊടുത്തിരിക്കുന്നത്. സ്വാലിഹ് പുതുപൊന്നാനിയുടെ ഫേസ്ബുക് സ്റ്റാറ്റസായിരുന്നു ചോദ്യത്തിന്റെ ഉള്ളടക്കം. മറ്റൊരാള്‍ പേര് വെക്കാതെ അയച്ചുതന്ന കത്തില്‍ ചോദ്യകര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ പേരായതിനാലാണ് അബദ്ധം സംഭവിച്ചത്. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു.

എഡിറ്റര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /65-66
എ.വൈ.ആര്‍