ഖുര്‍ആനിന്റെ ചരിത്രഭൂമിക
എല്ലാ പ്രവാചകന്മാരും അവര്‍ നിയോഗിതരായ ജനതയുടെ ജീവിതവിശുദ്ധിയും പരലോക മോക്ഷവും ലക്ഷ്യം വെച്ചവരായിരുന്നു. ഓരോ പ്രവാചകന്റെയും ജീവിത സാഹചര്യം വ്യത്യസ്തമായിരുന്നു. അവരുടെ പ്രബോധനത്തിന്റെ ഉള്ളടക്കത്തിലും മുന്‍ഗണനാക്രമത്തിലും ഇപ്പറഞ്ഞ ജീവിതസാഹചര്യത്തിലെ വൈവിധ്യതയുടെ സ്വാധീനമുണ്ട്. മുഴുവന്‍ പ്രവാചകന്മാരുടെയും പ്രബോധന ജീവിതത്തില്‍് അവരവരുടെ സമൂഹങ്ങളില്‍ നിലനിന്നിരുന്ന ദുഷ്പ്രഭുത്വത്തോടും ജാഹിലിയാ ശക്തികളോടുമുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. ആ അര്‍ഥത്തില്‍ സമൂഹത്തില്‍ സ്വേച്ഛാധിപത്യം പുലര്‍ത്തിയിരുന്ന അധികാര ശക്തികള്‍ക്കെതിരിലുള്ള സമര പോരാളികളും, സ്വാതന്ത്ര്യമാഗ്രഹിക്കുന്നവരുടെ വിമോചകരുമായിരുന്നു മുഴുവന്‍ പ്രവാചകന്‍മാരും. ഓരോ പ്രവാചകനും നിര്‍വഹിച്ച ദുഷ്പ്രഭുത്വത്തിനും ജാഹിലിയ്യത്തിനുമെതിരിലുളള സമരവും വിമോചന പോരാട്ടവും സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകമാണ് എം. ഖുതുബ് എഴുതിയ 'ഖുര്‍ആനിന്റെ ചരിത്ര ഭൂമിക', നൂഹ് നബി ഉയര്‍ത്തിയ വിമോചന പോരാട്ടം മുതല്‍ പ്രവാചകന്‍ മുഹമ്മദി(സ)ന്റെ വിമോചന ചരിത്രം വരെ ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നു.
സ്വൂഫി വര്യന്മാരും പ്രവാചകന്‍മാരുമായ നേതാക്കള്‍ പ്രതിനിധീകരിക്കുന്ന ദൈവപ്രോക്തവും മനുഷ്യപ്രകൃതിക്ക് അനുയോജ്യവുമായ മാര്‍ഗദര്‍ശനം ഒരു വശത്തും, പ്രകൃതിവിരുദ്ധവും മനുഷ്യനിര്‍മ്മിതവുമായ പ്രത്യയശാസ്ത്രങ്ങള്‍ മറുവശത്തും അണിനിരക്കുന്ന പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. നന്മയുടെ ശക്തികളും തിന്മയുടെ ശക്തികളും തമ്മില്‍ നടന്നിട്ടുളള പോരാട്ടങ്ങളാണ് ലോകചരിത്രം. മുഴുവന്‍ പ്രവാചകന്മാരുടെയും പോരാട്ടചരിത്രം അതാണ് തെളിയിക്കുന്നതെന്നാണ് ഗ്രന്ഥകാരന്‍ പറഞ്ഞുവെക്കുന്നത്.
ഇസ്‌ലാമിക ചരിത്രത്തിലെ നന്മയും തിന്മയും തമ്മിലുള്ള വിവിധങ്ങളായ പോരാട്ടങ്ങള്‍, സമൂഹങ്ങളുടെ ഉത്ഥാനപതനങ്ങള്‍, പ്രവാചകന്മാരുടെ പ്രബോധന കാലഘട്ടങ്ങളിലെ അത്ഭുത സംഭവങ്ങള്‍ ഇങ്ങനെ ഖുര്‍ആനില്‍ അടയാളപ്പെട്ടുകിടക്കുന്ന പലതും ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ആദികാലം മുതല്‍ ഉണ്ടായ പോരാട്ടങ്ങളില്‍ അന്തര്‍ഭവിച്ചിരുന്ന ധര്‍മാധര്‍മ പ്രശ്‌നങ്ങള്‍ ഗ്രന്ഥകാരന്‍ പ്രത്യേകം വിശദീകരിക്കുന്നു.
പുസ്തകത്തിന് അവതാരിക എഴുതിയ ഡോ. എന്‍.എ കരീം വ്യത്യസ്ത പ്രവാചകന്മാര്‍ പോരാടിയ സാമൂഹിക പ്രശ്‌നങ്ങള്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു:
''...അധികാര പ്രമത്തത, പാവപ്പെട്ടവരെ ചൂഷണം ചെയ്തുകൊണ്ടുള്ള വ്യാപാരവും ധനസമ്പാദനവും, കൊള്ളപ്പലിശ ഈടാക്കി സമ്പത്തു വര്‍ധിപ്പിക്കല്‍, അങ്ങനെ സമ്പാദിച്ച പണം കുന്നുകൂട്ടി സമൂഹത്തിലെ ദരിദ്രരെയും അഗതികളെയും അനാഥകുട്ടികളെയും അവഗണിച്ചുകൊണ്ടുള്ള തികച്ചും സ്വാര്‍ഥപരമായ സുഖലോലുപത, സാമൂഹികജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും ലൈംഗിക സദാചാര സിദ്ധാന്തങ്ങളുടെ അപഭ്രംശങ്ങള്‍ അങ്ങനെ പോകുന്നു മാനവചരിത്രത്തിലെ ഓരോ ദശയിലെയും സാന്മാര്‍ഗിക സദാചാര പ്രശ്‌നങ്ങള്‍. ഇവയ്‌ക്കെല്ലാമെതിരായ പോരാട്ടം - തിന്മകളുടെ ശക്തികളെ പരാജയപ്പെടുത്തുകയും നന്മകളെ പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നുള്ളതാണ് ആദം (ആദാം) മുതല്‍ നൂഹ് (നോഹ), ഇബ്‌റാഹീം (അബ്രഹാം), മൂസ (മോസസ്), ഈസാ (യേശു) അടക്കം മുഹമ്മദ് വരെയുള്ള എണ്ണമറ്റ പ്രവാചകന്‍മാര്‍ ചെയ്തിട്ടുള്ളതെന്ന് വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടാകാമെങ്കിലും എല്ലാ സെമിറ്റിക് മതങ്ങളും വിശ്വസിക്കുന്നു.''
മുഹമ്മദ് നബി സ്ഥാപിച്ച മദീനയിലെ ഇസ്‌ലാമിക രാഷ്ട്രം നിര്‍വഹിച്ച സാമൂഹിക ദൗത്യം കുറഞ്ഞ താളുകളില്‍ ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഖുര്‍ആനിലെ ആഖ്യാനങ്ങളെയും പ്രവാചക ചരിത്രങ്ങളെയും സംക്ഷിപ്തമായി പ്രതിപാദിച്ചുകൊണ്ടുള്ള ഈ കൃതി അതിവിശാലമായ ഖുര്‍ആനിക ചരിത്ര വായനയിലേക്കുള്ള വാതായനമാണ് തുറന്നിടുന്നത്.
Comments