അല്‍ ജാമിഅ വഖ്ഫ് പ്രോജക്ട് ഭാവിയിലേക്കുള്ള കരുതിവെപ്പ്
ഇന്ത്യയിലെ ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നാണ് ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ. 1955-ല്‍ ഇസ്‌ലാമിയാ കോളേജായി തുടക്കം കുറിച്ച സ്ഥാപനം ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്ത് അഞ്ച് പതിറ്റാണ്ടുകളുടെ മഹത്തായ സേവനങ്ങള്‍ കാഴ്ചവെച്ച ശേഷം 2003 മാര്‍ച്ച് 1-ന് അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയായി ഉയര്‍ത്തപ്പെട്ടു. സീനിയര്‍ സെക്കന്ററി ഇന്‍സ്റ്റിറ്റിയൂട്ട്, ഫാക്കല്‍റ്റി ഓഫ് ഉസ്വൂലുദ്ദീന്‍, ഫാക്കല്‍റ്റി ഓഫ് ശരീഅ, ഫാക്കല്‍റ്റി ഓഫ് ഖുര്‍ആനിക് സ്റ്റഡീസ്, ഫാക്കല്‍റ്റി ഓഫ് ഹദീസ്, ഫാക്കല്‍റ്റി ഓഫ് ദഅ്‌വ, ഫാക്കല്‍റ്റി ഓഫ് ഇസ്‌ലാമിക് എക്‌ണോമിക്‌സ് ആന്റ് ഫിനാന്‍സ്, ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജസ്, സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ്, ഇമാം-ഖത്വീബ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്, അല്‍ ജാമിഅ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്നീ സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് അല്‍ ജാമിഅ. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ സ്ഥാപനത്തില്‍ അധ്യയനം നടത്തുകയും ഇന്ത്യക്കകത്തും പുറത്തുമുള്ള പണ്ഡിതന്മാര്‍ അധ്യാപകരായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു.
മാസാന്തം ലക്ഷക്കണക്കില്‍ രൂപ നടത്തിപ്പ് ചെലവ് വരുന്ന സ്ഥാപനം പ്രധാനമായും ഉദാരമതികളുടെ സഹായ സഹകരണങ്ങള്‍ കൊണ്ടാണ് നടന്നുവരുന്നത്. നിലവിലുള്ള സ്വത്തുക്കളില്‍നിന്നുള്ള വരുമാനവും കുട്ടികളില്‍നിന്ന് ഈടാക്കുന്ന ഫീസും മൊത്തം ചെലവിന്റെ ഒരു ഭാഗം മാത്രം നികത്താനേ പര്യാപ്തമാവൂ.
ഈ പശ്ചാത്തലത്തിലാണ് വഖ്ഫ് പ്രോജക്ട് പ്രസക്തമാവുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ സ്ഥാപനത്തിന് സ്ഥിരവരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പല പദ്ധതികളും ആസൂത്രണം ചെയ്തിരുന്നുവെങ്കിലും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുംവിധം അത് വിജയിക്കുകയുണ്ടായില്ല. കോട്ടയത്ത് നിര്‍മാണം പൂര്‍ത്തിയായ 'സഫാ' കെട്ടിടവും തിരുവനന്തപുരത്ത് നിര്‍മാണത്തിലിരിക്കുന്ന ബഹുനില റസിഡന്‍ഷ്യല്‍ കോംപ്ലക്‌സും പുതിയ വഖ്ഫ് പദ്ധതികളില്‍പെടുന്നു. പെരിന്തല്‍മണ്ണയുടെ ഹൃദയഭാഗത്ത് ശാന്തപുരം പൂര്‍വവിദ്യാര്‍ഥികള്‍ മുന്‍കൈയെടുത്ത് നിര്‍മിച്ചുകൊണ്ടിരിക്കുന്ന 'പീസ് ടവര്‍', വഖ്ഫ് പ്രോജക്ടുകളില്‍ ഏറെ ബൃഹത്തും ശ്രദ്ധേയവുമാണ്. ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 32 സെന്റ് സ്ഥലത്ത് ആറ് നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഗ്രൗണ്ട്-ഫസ്റ്റ് ഫ്‌ളോറുകളില്‍ എസ്‌കലേറ്റര്‍ സൗകര്യത്തോടുകൂടിയ ഷോപ്പുകള്‍, റസ്റ്റോറന്റുകള്‍, സെക്കന്റ്-തേഡ് ഫ്‌ളോറുകളില്‍ ഓഫീസുകള്‍, ഫോര്‍ത്ത്-ഫിഫ്ത്ത് ഫ്‌ളോറുകളില്‍ ലോഡ്ജ്, ബേസ്‌മെന്റ് ഫ്‌ളോറില്‍ പാര്‍ക്കിങ് എന്ന രീതിയിലാണ് കെട്ടിടം രൂപകല്‍പന ചെയ്യപ്പെട്ടിട്ടുള്ളത്. ലോഡ്ജ് റൂമുകളുടെ ഫര്‍ണിഷിംഗ് ഉള്‍പ്പെടെ പത്ത് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനമാരംഭിച്ചിട്ട് നാല് വര്‍ഷമായെങ്കിലും സാമ്പത്തിക പ്രയാസംമൂലം മന്ദഗതിയിലാണ് പണി നടക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള സ്ഥാപനത്തിന്റെ പൂര്‍വവിദ്യാര്‍ഥികളും ഉദാരമതികളായ മലയാളി സഹോദരങ്ങളും നല്‍കിയ നിര്‍ലോഭമായ സഹായം കൊണ്ടാണ് ഇത്രയും പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. പല സഹോദരികളും ആഭരണങ്ങള്‍ സംഭാവനയായി നല്‍കി ഈ പുണ്യ കര്‍മത്തില്‍ പങ്കാളികളായിട്ടുണ്ട്.
ഇസ്‌ലാമിക സമൂഹത്തില്‍ ബഹുമുഖമായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ഇസ്‌ലാം നിര്‍ദേശിച്ച മാര്‍ഗങ്ങളിലൊന്നാണ് വഖ്ഫ്. വഖ്ഫിന്റെ പ്രാധാന്യവും പുണ്യവും വിവരിച്ചുകൊണ്ട് നബി (സ) പറഞ്ഞതായി അബൂഹുറയ്‌റ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''മനുഷ്യന്‍ മരിച്ചുകഴിഞ്ഞാല്‍ അവന്റെ കര്‍മങ്ങള്‍ അവസാനിച്ചു, മൂന്ന് കാര്യങ്ങളൊഴികെ. തുടരുന്ന ദാനം, പ്രയോജനപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാര്‍ഥിക്കുന്ന സദ്‌വൃത്തനായ സന്താനം'' (മുസ്‌ലിം).
നബി(സ)യും സഖാക്കളും പ്രയോഗവത്കരിച്ച് കാണിച്ച വഖ്ഫ് ഇസ്‌ലാമിക സമൂഹത്തിന്റെ ചരിത്രത്തിലുടനീളം തുടര്‍ന്നുവരികയും മഹത്തായ പല ദൗത്യങ്ങളും നിര്‍വഹിക്കുകയും ചെയ്തിരുന്നതായി കാണാന്‍ സാധിക്കും. വഖ്ഫിന്റെ വലിയൊരു ഭാഗം ഉപയോഗിക്കപ്പെട്ടിരുന്നത് ഇസ്‌ലാമിക വിജ്ഞാനത്തിന്റെ പ്രചാരണത്തിനും നിലനില്‍പ്പിനും വേണ്ടിയായിരുന്നു. കേരളത്തില്‍തന്നെ പല പള്ളികളോടനുബന്ധിച്ചും മതപഠനം ലക്ഷ്യമാക്കി പൂര്‍വികര്‍ വഖ്ഫ് ചെയ്ത ധാരാളം സ്വത്തുക്കളുണ്ട്. പില്‍ക്കാലത്ത് ഇസ്‌ലാമിക പഠനത്തിന് പ്രത്യേക മദ്‌റസകളും കോളേജുകളും ജാമിഅകളും സ്ഥാപിക്കപ്പെട്ടശേഷവും പരിമിതമായ തോതിലെങ്കിലും അവയുടെ ദൈനംദിന ചെലവുകളുടെ പൂര്‍ത്തീകരണം ഉദ്ദേശിച്ച് ഉദാരമതികളായ വ്യക്തികള്‍ ചെറുതോ വലുതോ ആയ സ്വത്തുകള്‍ വഖ്ഫ് ചെയ്തുവരുന്നു. മുഴുവനായി വഖ്ഫ് സ്വത്തുക്കള്‍കൊണ്ട് നടക്കുന്ന സ്ഥാപനങ്ങളും ഭാഗികമായി വഖ്ഫ് സ്വത്തുക്കള്‍കൊണ്ട് നടക്കുന്ന സ്ഥാപനങ്ങളുമുണ്ട്.
മുറിഞ്ഞുപോകാത്ത പുണ്യം ആഗ്രഹിക്കുന്നവര്‍ അല്‍ ജാമിഅ വഖ്ഫ് പ്രോജക്ടില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
(അല്‍ ജാമിഅ അലുംനി അസോസിയേഷന്‍ പ്രസിഡന്റാണ് ലേഖകന്‍)
Comments