Prabodhanm Weekly

Pages

Search

2015 ജൂണ്‍ 26

ഖുര്‍ആന്‍ ഗവേഷണ പഠനം പ്രസക്തിയും സാധ്യതകളും

എം.വി മുഹമ്മദ് സലീം /കവര്‍‌സ്റ്റോറി

        റസൂല്‍ കരീം (സ) ദിവ്യബോധനം വഴി ഖുര്‍ആന്‍ ഏറ്റുവാങ്ങുമ്പോള്‍ അത് പ്രായോഗിക ജീവിതത്തില്‍ പകര്‍ത്താനുള്ള രീതി അനുചരന്മാരെ പഠിപ്പിച്ചുകൊണ്ടിരുന്നു. അതിന്റെ അര്‍ഥതലങ്ങള്‍ വിശദീകരിച്ചുകൊണ്ടിരുന്നു. ഈ ഗവേഷണപഠനത്തിനു പൊതുവെ പ്രയോഗിച്ചു വരുന്ന പദമാണ് തഫ്‌സീര്‍ അഥവാ തഅ്‌വീല്‍ - വ്യാഖ്യാനം എന്നര്‍ഥം.

നബി(സ)യുടെ പ്രഖ്യാപിത ദൗത്യമായിരുന്നു വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണം. ''ജനങ്ങള്‍ക്ക് അവതീര്‍ണമായത് അവര്‍ക്ക് നീ വിശദീകരിച്ചു കൊടുക്കാനാണ് നാം ഈ ഉല്‍ബോധനം നിനക്കിറക്കിത്തന്നത്.'' (16:44). അതേ അധ്യായത്തില്‍ മറ്റൊരു സൂക്തമിങ്ങനെ: '' അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യം നീ അവര്‍ക്ക് വിശദീകരിച്ചു കൊടുക്കാന്‍ മാത്രമാണ് നാം വേദഗ്രന്ഥം നിനക്കിറക്കിത്തന്നത്.'' (16:64). ഓരോ ദിവ്യബോധനവും തിരുമേനി(സ) അനുചരന്മാര്‍ക്ക് വ്യക്തമാക്കി കൊടുക്കും. അതായിരുന്നു ഖുര്‍ആനിന്റെ ആദ്യ വ്യാഖ്യാനം. 

നബി(സ)യുടെ ശിക്ഷണങ്ങളുടെ വെളിച്ചത്തില്‍ അനുചരന്മാര്‍ ഖുര്‍ആന്‍ ഗഹനമായി പഠിച്ചു. സാഹചര്യത്തിനൊത്ത് ആവശ്യമായ വിശദീകരണം നല്‍കി. സാക്ഷരതയില്ലാതിരുന്നതിനാല്‍ ഹൃദിസ്ഥമാക്കാനുള്ള ആവരുടെ കഴിവ് അനന്യസാധാരണമായിരുന്നു. അടുത്ത തലമുറയിലേക്ക് അവര്‍ പകര്‍ന്നു കൊടുത്ത ചിന്തകള്‍ വേണ്ടവണ്ണം ഉള്‍ക്കൊള്ളാനും സ്വന്തം സാഹചര്യത്തിനൊത്ത് വികസിപ്പിച്ചെടുക്കാനും അവരുടെ ശിഷ്യഗണങ്ങള്‍ ബദ്ധശ്രദ്ധരായിരുന്നു. 

മൂന്നാം തലമുറയിലേക്ക് കടന്നപ്പോള്‍ ഗ്രന്ഥരചനയുടെ കാലമായി. ഖുര്‍ആന്‍ വ്യവസ്ഥാപിതമായി ആദ്യം മുതല്‍ അവസാനം വരെ വ്യാഖ്യാനിക്കുന്നു രീതി നിലവില്‍ വന്നു. ഖുര്‍ആനിക പഠനങ്ങള്‍ അനുസ്യൂതം തുടര്‍ന്നു. അനറബികള്‍ ധാരാളമായി ഇസ്‌ലാമാശ്ലേഷിച്ചു. അവരുടെ സൗകര്യം പരിഗണിച്ച് ഖുര്‍ആനിന് ഇതരഭാഷകളിലുള്ള മൊഴിമാറ്റവും വ്യാഖ്യാനങ്ങളുമുണ്ടായി. ഏതാണ്ടെല്ലാ സജീവ ഭാഷകളിലും ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ പുറത്തിറങ്ങി. 

ഖുര്‍ആന്‍ പഠന, വ്യാഖ്യാനങ്ങള്‍ക്കൊരുങ്ങുമ്പോള്‍ നിലവിലുള്ള പഠനങ്ങളെ കൂലങ്കഷമായി പരിശോധിക്കണം. അവയുടെ പശ്ചാത്തലവും അവയെ ചിന്താപരമായി സ്വാധീനിച്ച ഘടകങ്ങളും അപഗ്രഥിക്കണം. ഈ വിഷയകമായി ചില പ്രധാന വസ്തുതകള്‍ സൂചിപ്പിക്കാം. 

മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ജീവിച്ചത് ഇസ്‌ലാമിക ജീവിത വ്യവസ്ഥ സജീവമായി നിലനില്‍ക്കുന്ന സമൂഹങ്ങളിലായിരുന്നു. ഇസ്‌ലാമിക ഭരണകൂടങ്ങളുടെ സുവര്‍ണകാലമായിരുന്നു അത്. അവരുടെ മുമ്പിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ വിശ്വാസ കാര്യങ്ങളുടെ വിശദീകരണം, കര്‍മശാസ്ത്രവിധികളിലെ വീക്ഷണ വൈജാത്യം മുതലായവയായിരുന്നു. താര്‍ത്താരികളുടെ ആക്രമണവും മനുഷ്യക്കുരുതിയും അരങ്ങേറിയ പ്രതികൂല സാഹചര്യത്തില്‍ ജീവിച്ച പണ്ഡിതന്മാരുടെ വ്യാഖ്യാനത്തില്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ സമീപനം നമുക്ക് കാണാന്‍ സാധിക്കുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ അവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും, നേടിയെടുക്കേണ്ട വിരുതുകളും എന്തെല്ലാമാണ്? ഇത്തരം ക്രിയാത്മകമായ സമീപനങ്ങള്‍ നമ്മുടെ കാലത്തെഴുതിയ വ്യാഖ്യാനങ്ങളില്‍ നമുക്ക് കണ്ടെത്താനാവുന്നില്ല. 

മുസ്‌ലിംകള്‍ ഭരണീയരും അസംഘടിതരും അവശരുമായി പരിണമിച്ച ഒരു കാലഘട്ടത്തിലെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ വിശദമായ ഗവേഷണങ്ങള്‍ നടത്തിയ ഒരു മാതൃക നമുക്കു മുമ്പിലില്ല. ഏറ്റവും അടുത്ത കാലത്തായി രചിക്കപ്പെട്ട ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ ചില ചെറിയ ശ്രമങ്ങള്‍ കാണാമെങ്കിലും, മൂര്‍ത്തമായ ഒരു രചനാ രീതിയൊന്നും ഉരുത്തിരിഞ്ഞ് വരുന്നില്ല. പ്രതികൂല സാഹചര്യങ്ങളില്‍ പതറാതെ നിലകൊള്ളാനുള്ള ആവേശം പകര്‍ന്ന് തരികയെന്ന ദൗത്യം അവ നിര്‍വഹിക്കുന്നുവെന്നത് നിഷേധിക്കുന്നില്ല. 

മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന അനേകം പ്രശ്‌നങ്ങളില്‍ ഖുര്‍ആനിക ശിക്ഷണങ്ങളുടെ വെളിച്ചത്തില്‍ വിധികള്‍ നിര്‍ദ്ധാരണം ചെയ്‌തെടുക്കാന്‍ ആധുനിക പണ്ഡിതന്മാര്‍ ശ്രമിച്ചിട്ടുണ്ട്. പ്രശ്‌നങ്ങളെ ആഴത്തില്‍ അപഗ്രഥിച്ച് പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാനും, സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റാനുള്ള കര്‍മ പദ്ധതിക്ക് രൂപം നല്‍കാനും ഖുര്‍ആനിക ഗവേഷണം കൂടിയേ തീരൂ. 

ശാസ്ത്രപുരോഗതി ധാരാളം പുതിയ വിഷയങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. പണ്ടുള്ളവര്‍ ഭാവനയില്‍ പോലും കാണാത്ത അനേകം വിഷയങ്ങള്‍. അത്തരം വിഷയങ്ങളില്‍ ഇസ്‌ലാമിക വിധി നിര്‍ണയിക്കാന്‍ വിശുദ്ധ ഖുര്‍ആനിന്റെ ആഴത്തിലുള്ള പഠനം അനിവാര്യമാണ്. ടെസ്റ്റ് ട്യൂബ് ശിശു, ക്ലോണിംഗ്, അവയവ മാറ്റം, അവയവ ദാനം മുതലായവ ഉദാഹരണങ്ങളാണ്. ഇരുപതാം നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലും നടന്ന ഗവേഷണങ്ങള്‍ ഉത്തരാധുനിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനുള്ള വിശുദ്ധ ഖുര്‍ആന്റെ അനന്ത സാധ്യതകള്‍ ബോധ്യപ്പെടുത്തുന്നവയാണ്.

ഡോ. മോറിസ് ബുക്കായ് ഭ്രൂണശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുകയുണ്ടായി. 'അലഖ്' എന്ന ഖുര്‍ആനിക പ്രയോഗത്തിന്റെ പ്രത്യേക വിശദീകരണം, ആദ്യം അവതരിച്ച അധ്യായത്തിന് മനുഷ്യസൃഷ്ടിപ്പിന്റെ ആരംഭത്തിലേക്ക് ചൂണ്ടുന്ന അലഖ് എന്ന അതേ പദം നാമമായി നിശ്ചയിച്ചത് തുടങ്ങിയ വിശദീകരണങ്ങളും ചിന്തോദ്ദീപകമാണ്. 

ഡോ. കീത്ത് മൂര്‍ ഭ്രൂണശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ക്ക് നല്‍കിയ വിശദീകരണം അതേപടി വിശുദ്ധ ഖുര്‍ആനിലുണ്ടെന്ന വസ്തുത അദ്ദേഹത്തെ ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്നംഗീകരിക്കാന്‍ നിര്‍ബന്ധിതനാക്കി. ഏഴാം നൂറ്റാണ്ടിലെന്നല്ല, 19-ാം നൂറ്റാണ്ടില്‍ പോലും മനുഷ്യന് ലഭ്യമല്ലാതിരുന്ന അറിവാണ് ഇതെന്നും, അതിനാല്‍ ഏഴാം നൂറ്റാണ്ടിലെ ഒരു ഗ്രന്ഥത്തില്‍ അതുണ്ടാവുന്നത് ആ ഗ്രന്ഥത്തിന്റെ സ്രോതസ്സ് ദിവ്യമാണെന്നതിന്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. 

ഏഴാം നൂറ്റാണ്ടു മുതല്‍ 21-ാം നൂറ്റാണ്ടു വരെ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലുണ്ടായ വൈജ്ഞാനിക വിപ്ലവമൊന്നും വിശുദ്ധ ഖുര്‍ആന്‍ പഴഞ്ചനും കാലഹരണപ്പെട്ടതുമാണെന്ന് ധരിക്കാന്‍ കാരണമായിട്ടില്ല. ഏറ്റവും ഒടുവില്‍ കണ്ടെത്തിയ കാര്യവും വിശുദ്ധ വചനങ്ങളില്‍ ഒളിച്ചിരിപ്പുണ്ട്. കാലാതിവര്‍ത്തിയായി ഈ ദിവ്യഗ്രന്ഥം നഭസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. ''നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നഭോമണ്ഡലത്തിലും അവരുടെ ശരീരങ്ങളിലും നാമവര്‍ക്ക് കാണിച്ചുകൊടുക്കും. ഇത് സത്യമാണെന്ന് അവര്‍ക്ക് ബോധ്യമാകുവോളം.'' (41:53)

വിജ്ഞാനത്തിന്റെ വളര്‍ച്ചക്കൊത്ത് ഖുര്‍ആനിക ഗവേഷണം പുരോഗമിക്കണം. പുതുതായി മനുഷ്യന്‍ കണ്ടെത്തുന്നത് പ്രപഞ്ചത്തെക്കുറിച്ച പഠനത്തിലൂടെയാണ്. ദൈവത്തിന്റെ 'ദൃശ്യഗ്രന്ഥ'മാണല്ലോ പ്രപഞ്ചം. ദൈവത്തിന്റെ വായിക്കാനുള്ള ഗ്രന്ഥത്തിലുള്ളതും (ഖുര്‍ആന്‍) മറ്റൊന്നാവില്ല. രണ്ടും ഒരേ സ്രോതസ്സില്‍ നിന്ന് വന്നതാണ്. 

2014 ല്‍ കണ്ടെത്തിയ ഒരു പുതിയ വസ്തുതയിതാ: ജലം ധാരാളമായുണ്ട് ഭൂമിയില്‍; 75 ശതമാനം വരും സമുദ്രത്തിന്റെ വിസ്തീര്‍ണം. ബാക്കി 25 ശതമാനം മാത്രമാണ് കര. തടാകങ്ങള്‍, നദികള്‍, അരുവികള്‍, അന്തരീക്ഷ ഈര്‍പ്പം എന്നിവയെല്ലാം ചേര്‍ത്താല്‍ വേറെയും ധാരാളം വെള്ളം! എന്നാല്‍ തങ്ങളുടെ രാഷ്ട്രത്തിന് ജല ലഭ്യത ഉറപ്പുവരുത്താനായിരിക്കും മൂന്നാം ലോക യുദ്ധമുണ്ടാവുക എന്ന് ചിലര്‍ പ്രവചിച്ചു കഴിഞ്ഞു. ഈ ചിന്തയുടെ അടിസ്ഥാനമിതാണ്: ഭൂഗോളം ജലശൂന്യമായിരുന്നു. അതിലേക്ക് ബാഹ്യലോകത്ത് നിന്ന് വന്നു ചേര്‍ന്നതാണ് വെള്ളം. 

ഇപ്പോളിതാ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്താല്‍ ശാസ്ത്രജ്ഞര്‍ ഭിന്നമായ ഒരു സിദ്ധാന്തം സമര്‍ഥിക്കുന്നു. ഭൂഗോളത്തിന്റെ പുറത്തുള്ള സമുദ്രവും ഇതര സ്രോതസ്സുകളും ഉള്‍ക്കൊള്ളുന്നതിന്റെ മൂന്നിരട്ടിയോളം വെള്ളം ഭൂമിക്കകത്തുണ്ട്. ഭൂഗര്‍ഭം ഉയര്‍ന്ന താപമുള്ളതാകയാല്‍ അത്യുഷ്ണം മൂലം ബാഷ്പ രൂപത്തിലാണ് ഈ ജലമത്രയും നിലകൊള്ളുന്നത്. മനുഷ്യന്‍ ഭാവനയില്‍ കാണുന്നതിന്റെ എത്രയോ ഇരട്ടി ജലം ഈ വറ്റാസംഭരണിയിലുണ്ട്.

ഈ വസ്തുത വിശുദ്ധ ഖുര്‍ആന്‍ ഏഴാം നൂറ്റാണ്ടില്‍ തന്നെ ഓര്‍മിപ്പിച്ചതാണ്. ലളിതമാണാ പദങ്ങള്‍. എന്നാല്‍ അര്‍ഥമറിയാമെങ്കിലും പൊരുളറിയാത്തതിനാല്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കത് വിശദീകരിക്കാനായില്ല എന്ന് മാത്രം. ''ഭൂമിക്കകത്ത് നിന്ന് അതിലെ വെള്ളം അവന്‍ പുറത്ത് കൊണ്ടുവന്നു'' (79:31). അതാണിപ്പോള്‍ ശാസ്ത്രം കണ്ടെത്തി നമ്മെ അറിയിക്കുന്നത്. 

പഠനവും ഗവേഷണവും തുടരുംതോറും ഖുര്‍ആനിന്റെ പുതുമ വര്‍ധിക്കുകയാണ്. ലോകാവസാനം വരെ മനുഷ്യന് വഴി കാണിക്കാന്‍ വേണ്ട വിജ്ഞാന മുത്തുകള്‍ ഈ ആഴിക്കടിയില്‍ ഒളിഞ്ഞു കിടപ്പുണ്ട്. അതിന്റെ ചിപ്പികള്‍ മുങ്ങിയെടുത്ത് മുത്തുകള്‍ പുറത്തെടുക്കന്ന ഗവേഷകരാണാവശ്യം. ആധുനിക മനുഷ്യനുണ്ടാക്കിത്തീര്‍ത്ത സകലമാന പ്രശ്‌നങ്ങള്‍ക്കും പ്രായോഗികമായ പരിഹാരം നല്‍കാന്‍ വിശുദ്ധ ഖുര്‍ആനു മാത്രമേ കഴിയൂ. 

ഗവേഷകന്റെ വിശേഷണങ്ങള്‍

ഖുര്‍ആന്‍ ഗവേഷണം സാധുവും സാധിതവുമാകാന്‍ ചില പ്രധാന വിശേഷണങ്ങള്‍ ഗവേഷകനുണ്ടായിരിക്കണം. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്. അവയുടെ വ്യാഖ്യാനം ദൈവഹിതത്തിനു വിരുദ്ധമാവാതിരിക്കാന്‍ വ്യാഖ്യാതാവ് വൈജ്ഞാനികമായ പരിരക്ഷ നേടണം. അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ പേരില്‍ അഭിപ്രായങ്ങള്‍ ചാര്‍ത്തുന്നത് പൊറുക്കപ്പെടാത്ത പാപമാണ്. അബദ്ധത്തില്‍ പെടാതെ ഗവേഷണം നടത്താന്‍ സഹായകമാകുന്ന പരിചയാണ് ഇനി പറയുന്ന വൈജ്ഞാനിക ശാഖകളില്‍ അവഗാഹം നേടുകയെന്നത്. ഖുര്‍ആന്‍ ഗവേഷകന് അനിവാര്യമായുണ്ടാകേണ്ട വിശേഷണങ്ങള്‍: 

1) ഉപരിപ്ലവമായ അറിവ് പോരാ, ആഴത്തില്‍ അപഗ്രഥനം ചെയ്യാനുള്ള അറബി ഭാഷാപാണ്ഡിത്യം ഗവേഷകന്‍ നേടിയിരിക്കണം. എന്നിട്ട് മാത്രമേ വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കാനും അതിന്റെ അര്‍ഥതലങ്ങളില്‍ ഗഹനമായ ഗവേഷണ പഠനങ്ങള്‍ നടത്താനും പാടുള്ളൂ. 

എ. അറബി ഭാഷാ ജ്ഞാനത്തിന്റെ അനുബന്ധമായി വ്യാകരണം, പദശാസ്ത്രം, പദനിഷ്പന്ന നിയമം (നഹ്‌വ്, സര്‍ഫ്, ഇശ്തിഖാഖ്) എന്നിവ വിശദമായി മനസ്സിലാക്കിയിരിക്കണം. ഒന്നിലധികം അര്‍ഥങ്ങള്‍ സങ്കല്‍പ്പിക്കാന്‍ പഴുതുള്ളേടത്ത് ശരിയായ അര്‍ഥമെന്തെന്ന് തിരിച്ചറിയാന്‍ വ്യാകരണ നിയമം അറിഞ്ഞിരിക്കണം. 

ബി. വ്യാകരണം പോലെ പ്രധാനമാണ് അലങ്കാര ശാസ്ത്രം. അറബി ഭാഷ അലങ്കാര ശാസ്ത്രത്തില്‍ മികച്ചു നില്‍ക്കുന്നു. വിശുദ്ധ ഖുര്‍ആനിന്റെ സാഹിത്യഭംഗി വിശദീകരിക്കാന്‍ അലങ്കാര ശാസ്ത്ര ഗവേഷണ പഠനങ്ങള്‍ നടന്നിട്ടുണ്ട്. പദങ്ങളുമായും വാചകഘടനയുമായും ബന്ധിപ്പിച്ചായിരുന്നു പഠനം. ഈ വിഷയത്തിലും പ്രാവീണ്യമുണ്ടെങ്കിലേ ഖുര്‍ആനിലെ ആലങ്കാരിക പ്രയോഗങ്ങള്‍ ഗ്രഹിക്കാനാവൂ. പ്രഭാതത്തെയും ഇരുളടഞ്ഞ രാവിനെയും വെളുത്ത നൂലിനോടും കറുത്ത നൂലിനോടും ഉപമിച്ചു കൊണ്ടുളള ഖുര്‍ആനിന്റെ പ്രയോഗം മനസ്സിലാകാത്ത അനുചരന് പ്രവാചകന്‍ അത് വിശദീകരിച്ചു കൊടുത്ത സംഭവം പ്രസിദ്ധമാണ്. 

2. ദൈവശാസ്ത്രം ഗഹനമായി ഗ്രഹിച്ചുകൊണ്ടാണ് ഗവേഷണം ആരംഭിക്കേണ്ടത്. അല്ലാഹുവിന്റെ നാമവിശേഷണങ്ങള്‍ വ്യക്തമായറിയാതെ ഖുര്‍ആനിലെ സൂക്തങ്ങള്‍ സൂക്ഷ്മമായി ഗ്രഹിക്കാനാവില്ല. 

3. ഖുര്‍ആനിന്റെ അടിസ്ഥാന ഘടകങ്ങള്‍ ഗ്രഹിക്കാനും അതിലുള്ള ഗഹന വശങ്ങള്‍ വേര്‍തിരിച്ച് പഠിക്കാനും പൂര്‍വികര്‍ രചിച്ച ഖുര്‍ആനിക വിജ്ഞാനീയങ്ങള്‍ വിശദമായി പഠിച്ചവര്‍ക്കേ ഗവേഷണം ചെയ്യാനാവൂ. 

4. നബിചര്യയാണ് ഒന്നാമത്തെ വ്യാഖ്യാനമെന്ന് നാം കണ്ടു. നബിചര്യാ വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടി അവയെ വിലയിരുത്താനറിയുന്നവര്‍ക്കേ തിരുചര്യയിലെ വ്യാഖ്യാനങ്ങള്‍ വിജയകരമായി പ്രയോജനപ്പെടുത്താനാവൂ. സുന്നത്തിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കിയ ശേഷമേ ഖുര്‍ആനില്‍ ഗവേഷണത്തിന് മുതിരാന്‍ പാടുള്ളൂ.

5. കര്‍മശാസ്ത്രം വിശാലമായ  ഒരു വിജ്ഞാന ശാഖയാണ്. അതിന്റെ നിദാന ശാസ്ത്രം ഖുര്‍ആനിലും സുന്നത്തിലും ഗവേഷണം നടത്താനുള്ള തത്വങ്ങളുടെ സമാഹാരമാണ്. ഗവേഷകന്‍ ഈ നിദാന ശാസ്ത്രങ്ങള്‍ ആഴത്തില്‍ അപഗ്രഥിച്ച് പഠിച്ചിരിക്കണം.

6. വിശുദ്ധ ഖുര്‍ആനിന്റെ അവതരണകാലം, അവതരണ പശ്ചാത്തലം, സമൂഹത്തെ സ്വാധീനിച്ച ചിന്തകള്‍, ചരിത്ര വസ്തുതകള്‍ എന്നിവയിലെല്ലാം ഗവേഷകന്‍ തെളിഞ്ഞ കാഴ്ചപ്പാടിന്റെ ഉടമയായിരിക്കണം. ഈ രംഗത്തുള്ള അജ്ഞത തെറ്റായ ധാരണയിലേക്കു നയിക്കും. ഒരുദാഹരണം പറയാം. ഹജ്ജിന്റെ ഒരു പ്രധാന കര്‍മമാണ് സഫാ-മര്‍വക്കിടയിലെ നടത്തം. ഇതിനെക്കുറിച്ച് പറയുന്ന ഖുര്‍ആന്‍ സൂക്തം ഒരു തെറ്റിദ്ധാരണ തിരുത്തുന്നതിലാണ് ഊന്നുന്നത്. ''സഫാ മര്‍വക്കിടയില്‍ ചുറ്റി നടക്കുന്നതിന് വിരോധമില്ല'' എന്നാണാ വചനത്തിന്റെ അര്‍ഥം (2:158). അവതരണ പശ്ചാത്തലം ഗ്രഹിച്ചാല്‍ ഈ പ്രയോഗത്തിന്റെ പൊരുള്‍ മനസ്സിലാകും. 

സയ്യിദ് റശീദ് രിദാ തന്റെ ഗുരു മുഹമ്മദ് അബ്ദുവിനെ ഉദ്ധരിച്ച് രേഖപ്പെടുത്തിയ ചില വസ്തുതകള്‍ ഇവിടെ സംഗ്രഹിക്കുന്നത് സംഗതമായിരിക്കും. ഒരു മികച്ച ഖുര്‍ആന്‍ ഗവേഷകനു വേണ്ട കഴിവുകള്‍ അദ്ദേഹം അക്കമിട്ട് നിരത്തുന്നു:

1. പദങ്ങളുടെ പൊരുളും പ്രയോഗവും പരാശ്രയം കൂടാതെ ഗ്രഹിച്ചെടുക്കാനുള്ള ഭാഷാ വൈഭവം. ഖുര്‍ആനിന്റെ അവതരണ കാലത്തെ അറബി ഭാഷ പ്രത്യേകം ഗ്രഹിച്ചിരിക്കണം.

പില്‍ക്കാലത്ത് നിലവില്‍ വന്ന ഭാഷാ സങ്കേതങ്ങള്‍ വേര്‍തിരിച്ച് മനസ്സിലാക്കണം. വിശുദ്ധ ഖുര്‍ആനിലെ പ്രയോഗങ്ങളുമായി അവ കൂടിക്കലരരുത്. 

2. ഭാഷാ ശൈലിയാണ് മറ്റൊരു പ്രധാന വിഷയം. അതില്‍ എത്ര തന്നെ വൈദഗ്ധ്യം നേടിയാലും അധികമാവില്ല. ചിന്തയും സംസാരവുമെല്ലാം അതില്‍ ഇഴുകിച്ചേരണം. ആദ്യ തലമുറക്കുണ്ടായിരുന്ന ഉന്നത ഭാഷാശൈലി അറബികള്‍ക്ക് പോലും അന്യമായിട്ടുണ്ട്. 

3. മാനവ വംശത്തിന്റെ പ്രകൃതിയും സ്വഭാവ വിശേഷങ്ങളും അവരുടെ നേരെ അല്ലാഹു സ്വീകരിച്ച നടപടിക്രമങ്ങളും നാഗരികതകളുടെ ഉത്ഥാനപതനങ്ങളുമെല്ലാം സവിശദം മനസ്സിലാക്കിയാലേ ഗവേഷണം കുറ്റമറ്റതാകൂ.

4. നബി(സ)യുടെയും അനുചരന്മാരുടെയും ജീവിത ചരിതം, സ്വഭാവ വൈശിഷ്ട്യം, പ്രശ്‌നങ്ങളുടെ നേരെയുള്ള സമീപന രീതി, വിജ്ഞാന സ്രോതസ്സ്, കര്‍മമാതൃകകള്‍ എന്നിവ മനസ്സിരുത്തി പഠിച്ചാല്‍ മാത്രമേ വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിക്കാനാവൂ. 

5. വിശുദ്ധ ഖുര്‍ആന്‍ സാധിച്ച ആദര്‍ശ വിപ്ലവം അപഗ്രഥിച്ച് പഠിക്കണം. പ്രബോധിതരുടെ മനോഗതവും അതിന്റെ നേരെ ഖുര്‍ആന്‍ സ്വീകരിച്ച സമീപന രീതിയും പ്രത്യേകം മനസ്സിലാക്കണം. 'അജ്ഞാനകാലത്തെ അടുത്തറിയാതെ ഇസ്‌ലാം മനസ്സിലാക്കാനാവില്ല.' എന്ന് ഉമര്‍(റ) പറഞ്ഞത് വളരെ അര്‍ഥവത്താണ്. പ്രബോധിതരെ മനസ്സിലാക്കി പ്രബോധനം ചെയ്യുന്ന ഖുര്‍ആനിക രീതി ഗവേഷകന്റെ പ്രധാന വഴികാട്ടിയാണ്. 

വിജ്ഞാന സ്രോതസ്സുകള്‍ 

വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനത്തിന് അവലംബിക്കേണ്ട അറിവിന്റെ ഉറവിടങ്ങള്‍ നിജപ്പെടുത്തണം. 

1. സ്വയം വ്യാഖ്യാനിക്കുന്ന ഒരത്ഭുത പ്രതിഭാസമാണ് ഖുര്‍ആനില്‍ നമുക്ക് കാണാനാവുക. ചില സംക്ഷിപ്ത സൂചനകള്‍ മറ്റൊരിടത്ത് സവിശദം വിവരിച്ചിരിക്കും. അതിനാല്‍ ഖുര്‍ആന്‍ പഠന ഗവേഷണങ്ങള്‍ക്ക് ഒന്നാമത്തെ അവലംബം വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. 

2. ഖുര്‍ആനിന്റെ പ്രഖ്യാപിത വ്യാഖ്യാതാവാണ് മുഹമ്മദ് നബി(സ).  ആ വ്യാഖ്യാനങ്ങള്‍ക്കാണ് ഒന്നാം സ്ഥാനം. അവ മായം കളഞ്ഞ് ശുദ്ധി ചെയ്‌തെടുക്കണം. പ്രബലമായി ഉദ്ധരിക്കപ്പെട്ട ഹദീസുകളില്‍ ഊന്നണം. 

3. ഖുര്‍ആന്‍ ആദ്യം നബിയില്‍ നിന്ന് കേള്‍ക്കാനും പഠിക്കാനും ഭാഗ്യം സിദ്ധിച്ച പ്രവാചക ശിഷ്യന്മാരുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണ്. അവയില്‍ സ്ഥിരീകരിക്കപ്പെട്ടവ ഒരു പ്രധാന അവലംബമാണ് ഗവേഷണ പഠനത്തിന്.

4. നാലാമത്തെ അവലംബം അറബി ഭാഷയാണ്. ഖുര്‍ആനിന്റെ ഭാഷയാണത്. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിക്കളയാതെ പദങ്ങളുടെ അര്‍ഥവ്യാപ്തി പ്രയോജനപ്പെടുത്താന്‍ ഗവേഷകന് സാധിക്കും.

5. ഇസ്‌ലാമിന്റെ അടിസ്ഥാന ചൈതന്യത്തിനൊത്ത് വിശുദ്ധ ഖുര്‍ആന്‍ ഗ്രഹിക്കാനും വിശദീകരിക്കാനും നിഷ്‌കപടമായി പ്രാര്‍ഥിക്കുന്ന ഒരാള്‍ക്ക് ഗവേഷണം നടത്തുമ്പോള്‍ ശരിയായ ആശയങ്ങള്‍ അല്ലാഹു തോന്നിപ്പിക്കും. 

ഗവേഷകര്‍ വര്‍ജ്ജിക്കേണ്ട കാര്യങ്ങള്‍

1. മനുഷ്യജ്ഞാനത്തിന് അപ്രാപ്യമായ വിഷയങ്ങളില്‍ മനസ്സു നട്ട് ചിന്തയെ ശിഥിലീകരിക്കരുത്. അത്തരം മേഖലകളില്‍ ഗവേഷണം നടത്തുന്നത് ഒഴിവാക്കണം.

2. തന്റെ ഇഛയും ഇഷ്ടവും സ്ഥാപിക്കാനാവരുത് ഗവേഷണം. തനിക്ക് ശരിയെന്ന് തോന്നിയ ചിന്താധാരകളെ ന്യായീകരിക്കാനായി ഗവേഷണം നടത്തരുത്. 

3. അല്ലാഹുവിന്റെ പേരില്‍ ഗവേഷകന്റെ അഭിപ്രായം അടിച്ചേല്‍പിക്കരുത്. ഇന്നതാണ് അല്ലാഹു ഉദ്ദേശിച്ചതെന്ന് ഖണ്ഡിതമായി അവതരിപ്പിക്കയുമരുത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /35-37
എ.വൈ.ആര്‍