പ്രസക്തം ഈ വിദ്യാനുബന്ധ ചിന്തകള്‍
പ്രസക്തം ഈ വിദ്യാനുബന്ധ ചിന്തകള്‍
മുസ്‌ലിം വിദ്യാഭ്യാസത്തെക്കുറിച്ച് പ്രഫ. ബദീഉസ്സമാനും സദ്‌റുദ്ദീന്‍ വാഴക്കാടും പങ്കുവെച്ച സമയോചിത ചിന്തകള്‍ മുസ്‌ലിം സമുദായത്തിന്റെ ഗൗരവപൂര്‍വമായ പരിഗണനക്ക് വിധേയമാവേണ്ടതാണ്. പോയ കാലങ്ങളില്‍ സമുദായം അവലംബിച്ചുപോന്ന നിദ്രാ സമാനമായ പുറം തിരിഞ്ഞ് നില്‍പിന് വിരാമമിട്ട് ഉണര്‍ന്നെണീപ്പ് നടന്നിട്ടുണ്ട്; വിശേഷിച്ച് മുസ്‌ലിം പെണ്‍കുട്ടികള്‍ക്കിടയില്‍. മുസ്‌ലിം പെണ്‍കുട്ടികളുടെ നിറസാന്നിധ്യത്തെക്കുറിച്ച് ഒരു ഇടതുപക്ഷ ചിന്തകന്‍ എഴുതി: ''ആനുകാലികങ്ങളുടെ നവാഗതര്‍ക്കുള്ള പംക്തികള്‍, സംഗീതം, സിനിമ, ചിത്രകല, പരിസ്ഥിതി കൂട്ടായ്മ, സൈബര്‍ ചര്‍ച്ചകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം മുസ്‌ലിം പെണ്‍കുട്ടികളുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മാത്രമല്ല, ഇവര്‍ പ്രകടിപ്പിക്കുന്ന ആര്‍ജവവും ജീവിതാഭിമുഖ്യവും ഉദാത്തമായ നര്‍മ ബോധവും ശ്രദ്ധേയമാണ്'' (അശോകന്‍ ചരുവില്‍, ദേശാഭിമാനി, 2013 ജൂലൈ 2).
എന്നാല്‍, കുട്ടികളുടെ ജന്മസിദ്ധമായ അഭിരുചിയോ താല്‍പര്യമോ ഒട്ടും പരിഗണിക്കാതെ രക്ഷിതാക്കളുടെ ഭൗതിക മോഹങ്ങള്‍ക്കനുസരിച്ച് മാത്രം തങ്ങളുടെ കുട്ടികള്‍ വിഷയങ്ങള്‍ പഠിച്ചു പാസ്സായിക്കൊള്ളണമെന്ന ശാഠ്യം വിപരീത ഫലമേ സൃഷ്ടിക്കൂ. ഡോക്ടര്‍ക്കും എഞ്ചിനീയര്‍ക്കും അപ്പുറം ലോകം ഉണ്ടെന്ന യാഥാര്‍ഥ്യം അവര്‍ ഉള്‍ക്കൊള്ളാന്‍ കൂട്ടാക്കുന്നില്ല. സദ്‌റുദ്ദീന്‍ വാഴക്കാട് ചൂണ്ടിക്കാണിച്ച പോലെ കാലഘട്ടത്തിലെ പരമ പ്രധാനമായ എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ രംഗങ്ങളില്‍ പ്രതിഭ തെളിയിക്കാനുള്ള സാഹചര്യം മിടുക്കരായ നമ്മുടെ മക്കള്‍ക്ക് ഒരുക്കിക്കൊടുത്തേ പറ്റൂ. പത്താം ക്ലാസ് പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയവരെ ആദരിക്കാനുള്ള ചടങ്ങുകള്‍ വ്യാപകായി നാം സംഘടിപ്പിച്ചാല്‍ പോരാ. അവരിലെ പ്രതിഭകളെ സിവില്‍ സര്‍വീസ് പരീക്ഷകളെഴുതാന്‍ പ്രാപ്തരാക്കുന്ന പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് വിജയികളാക്കാന്‍ സംവിധാനമുണ്ടാക്കണം. ഓരോ പ്രദേശത്തും മുസ്‌ലിം സംഘടനകളും വിദ്യാഭ്യാസ പ്രവര്‍ത്തകരും കാഴ്ച വെക്കേണ്ട ആരോഗ്യകരമായ മത്സരം ഈ രംഗത്താവണം.
റഹ്മാന്‍ മധുരക്കുഴി
അലവി മൗലവിയെ ഓര്‍ക്കുമ്പോള്‍
1964-ലാണ് എ. അലവി മൗലവിയെ പരിചയപ്പെടുന്നത്. കെ.എന്‍.എമ്മിന്റെ സംസ്ഥാന സമ്മേളന പ്രചാരണാര്‍ഥം ഉമറാബാദിലെത്തിയതായിരുന്നു അദ്ദേഹം. അന്ന് ഉമറാബാദ് ജാമിഅ ദാറുസ്സലാമിലെ അധ്യാപക -വിദ്യാര്‍ഥികളില്‍ അധികവും ജമാഅത്തെ ഇസ്‌ലാമിയുമായി ആത്മബന്ധമുള്ളവരായിരുന്നു; പ്രത്യേകിച്ചും മലയാളി വിദ്യാര്‍ഥികള്‍. മദ്രാസ് അമീറായിരുന്ന ശൈഖ് അബ്ദുല്ലാ സാഹിബ് അവിടത്തെ നിത്യ സന്ദര്‍ശകനും. അന്ന് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയും മലബാര്‍ വിദ്യാര്‍ഥി അസോസിയേഷന്‍ പ്രസിഡന്റും ആയിരുന്നു ഞാന്‍. അലവി മൗലവിയെ അതിഥിയായി കിട്ടിയതില്‍ ഞങ്ങള്‍ സന്തോഷിച്ചു. പണ്ഡിതന്‍, മുജാഹിദ് നേതാവ്, ഞങ്ങളുടെ സഹപാഠി മുഹമ്മദിന്റെ പിതാവ് എല്ലാമായിരുന്നു അദ്ദേഹം. ജമാഅത്ത്-മുജാഹിദ് തര്‍ക്കം രൂക്ഷമായിരുന്ന കാലം. ഞങ്ങളുടെ സാഹിത്യ സമാജങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി- മുജാഹിദ് ആശയങ്ങള്‍ സജീവ ചര്‍ച്ച നടക്കുന്നു. അപ്പോഴാണ് എ. അലവി മൗലവിയെ അതിഥിയായി ഞങ്ങള്‍ക്ക് കിട്ടുന്നത്. ഞങ്ങള്‍ ചില ജമാഅത്ത് വിദ്യാര്‍ഥികള്‍ അവസരം മുതലാക്കി അദ്ദേഹത്തിന്റെ പ്രായവും പാണ്ഡിത്യവും പരിഗണിക്കാതെ തുടരെ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. ശാന്തനായി പുഞ്ചിരി തൂകി, എന്നാല്‍ ഗൗരവം വിടാതെ ഞങ്ങളുടെ അധ്യാപകനായി മാറി അദ്ദേഹം. മൗലവി പറഞ്ഞതിന്റെ ചുരുക്കം, ജമാഅത്ത്-മുജാഹിദ് തര്‍ക്ക വിഷയങ്ങളില്‍ അധിക വാദങ്ങള്‍ക്കും തെളിവിന്റെ അടിസ്ഥാനമില്ല, കക്ഷി പക്ഷപാതിത്വപരവും രാഷ്ട്രീയ പ്രേരിതവുമായ ബാലിശവാദങ്ങള്‍ മാത്രമാണ് അവ എന്നായിരുന്നു.
അന്നദ്ദേഹം പറവണ്ണ മസ്ജിദ്ദുസ്സലഫിയ്യയിലെ ഖാദിയും മദ്‌റസത്തുസ്സലഫിയ്യയിലെ പ്രധാനാധ്യാപകനുമായിരുന്നു. കെ.പി മുഹമ്മദ് സാഹിബിന്റെ ക്ഷണമനുസരിച്ച് ഖുര്‍ആന്‍ പരിഭാഷ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് ഒലവക്കോട്ടേക്ക് പോകേണ്ടതുണ്ട്. തന്റെ ഇന്‍ ചാര്‍ജായി പറവണ്ണയില്‍ ഞാന്‍ ജോലി ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്ന് കെ.എന്‍.എമ്മിന്റെ പ്രധാന കേന്ദ്രമാണ് പറവണ്ണ. പ്രധാന നേതാവാണ് അലവി മൗലവി. ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച, ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകനായ കേവലം 22 വയസ്സുകാരനായ എന്നെ അദ്ദേഹത്തിന്റെ സ്ഥാനത്ത് നിശ്ചയിക്കാനുള്ള ആര്‍ജവം അത്ഭുതമായി തോന്നി.
നിശ്ചയിച്ച ദിവസം തന്നെ ഞാന്‍ എടവണ്ണയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. പിതൃതുല്യമായ സ്‌നേഹത്തോടെ എന്നെ സ്വീകരിച്ചു, സല്‍കരിച്ചു. അന്ന് രാത്രി എനിക്ക് തന്ന ക്ലാസ്സിലെ ചുരുക്കം ഇങ്ങനെ: ''ഞാനും ജമാഅത്തെ ഇസ്‌ലാമിയും തമ്മില്‍ അടിസ്ഥാനപരായി അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ല. വലിയ വിപത്തിനെ ചെറിയതുകൊണ്ട് തടുക്കുക എന്ന വീക്ഷണ വ്യത്യാസമേയുള്ളൂ. ജനാധിപത്യവും മതേതരത്വവും ഇവിടെ നിലനില്‍ക്കേണ്ടതുണ്ട്. അതിലാണ് മുസ്‌ലിംകളുടെയും ഇതര പിന്നാക്കക്കാരുടെയും രക്ഷ. ഹൈന്ദവ വര്‍ഗീയ രാഷ്ട്രീയവും കമ്യൂണിസവും വെല്ലുവിളികളാണ്. അതുകൊണ്ട് ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. ഖുത്വ്ബകളിലും പ്രസംഗങ്ങളിലും ജമാഅത്തെ ഇസ്‌ലാമി പ്രബോധനം ചെയ്യുന്ന ആശയാദര്‍ശങ്ങള്‍ പറഞ്ഞോളൂ. പക്ഷേ, അത് ജമാഅത്തിന്റെ പേരിലാകരുത്, ഇസ്‌ലാമിന്റെ പേരിലായിക്കോട്ടെ.'' പിറ്റേന്ന് അദ്ദേഹത്തോടൊപ്പം ഞാന്‍ പറവണ്ണയില്‍ ചാര്‍ജെടുത്തു. അഭിമാനപൂര്‍വം ഞാനോര്‍ക്കുന്നു, അവിടെ പരസ്പരം അകന്നു കഴിഞ്ഞിരുന്ന ജമാഅത്ത്-മുജാഹിദ് പ്രവര്‍ത്തകരെ അടുപ്പിക്കാന്‍ സാധിച്ചു; ആ വലിയ പണ്ഡിതന്റെ ഉപദേശത്താല്‍.
വി.എ യൂനുസ് ഉമരി
അമിത ഉപഭോഗം അനര്‍ഥഹേതുകം
''നാം നിങ്ങള്‍ക്ക് നല്‍കിയ നല്ല വസ്തുക്കളില്‍ നിന്ന് ആഹരിച്ചു കൊള്ളുക. എന്നാല്‍ നിങ്ങളതില്‍ പരിധി വിട്ട് അതിക്രമം കാണിക്കരുത്. അങ്ങനെ വന്നാല്‍ നിങ്ങളുടെ മേല്‍ എന്റെ ക്രോധം അനിവാര്യമായി ഭവിക്കും. ആരുടെ മേല്‍ എന്റെ ക്രോധം വീഴുന്നുവോ അവന്‍ തീര്‍ച്ചയായും തുലഞ്ഞത് തന്നെ'' (20: 81). ഭക്ഷണകാര്യങ്ങളില്‍ പരിധി ലംഘിക്കരുതെന്ന ശക്തമായ ശാസനയാണ് ഈ ഖുര്‍ആന്‍ സൂക്തത്തില്‍. പരിധി ലംഘിച്ചാല്‍ അല്ലാഹുവിന്റെ കഠിന കോപത്തിന് പാത്രമാകേണ്ടി വരുമെന്നും താക്കീത് നല്‍കുകയാണ് ഖുര്‍ആന്‍. അനുവദനീയമായ ആഹാരത്തിന്റെ കാര്യത്തിലാണ് അല്ലാഹു ഇത്രയും കടുത്ത ഭാഷയില്‍ നമ്മെ ഉണര്‍ത്തിയിട്ടുള്ളതെന്ന് വരുമ്പോള്‍, നമ്മുടെ കല്യാണസദ്യകളിലും സല്‍ക്കാരങ്ങളിലും ഇഫ്ത്വാറുകളിലും കാണപ്പെടുന്ന ധാരാളിത്തം എത്രമാത്രം ഗുരുതരമാണെന്ന് നാം ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.
ആഡംബരവും ആര്‍ഭാടവും ആന്തരികമായി നമ്മെ കാര്‍ന്നു തിന്നുന്ന മാരകാര്‍ബുദങ്ങളാണ്. ഈ വിശുദ്ധ സൂക്തം പലവട്ടം പാരായണം ചെയ്യുന്നവര്‍ ഇതിന്റെ ആശയത്തെ തീരെ പരിഗണിക്കുന്നില്ലെന്നതാണ് നമ്മുടെ കല്യാണ സദ്യകളും മറ്റും ഇങ്ങനെയായിത്തീരാന്‍ കാരണം. അമിതവ്യയം നടത്തി ധൂര്‍ത്തടിക്കുന്നവര്‍ പിശാചിന്റെ സഹോദരന്മാരാണെന്നും ഖുര്‍ആന്‍ (17:27) വ്യക്തമാക്കിയിട്ടുണ്ട്. ന്യായമായ കാര്യങ്ങള്‍ക്കേ ചിലവഴിക്കാന്‍ പാടുള്ളൂവെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അപ്പോള്‍ പോലും മിതത്വം പാലിക്കുന്നവരാണ് പരമകാരുണികനായ അല്ലാഹുവിന്റെ ഇഷ്ട ദാസന്മാര്‍. ''അവര്‍ ചെലവഴിച്ചാല്‍ അതിര്‍കവിയുകയോ ലുബ്ധ് കാണിക്കുകയോ ഇല്ല. രണ്ടിനുമിടയില്‍ മിതമായ മധ്യമ നിലപാടിലായിരിക്കും അവര്‍.'' (25:67)
വിഭവങ്ങള്‍ പൂര്‍ണമായും അല്ലാഹുവിന്റെതാണ്; ഇന്ന് എന്റെയടുക്കല്‍ ഉള്ളത് നാളെ മറ്റൊരാളിലേക്ക് നീങ്ങാനുള്ളതാണ്; ഇന്നലെ മറ്റൊരാളുടെ പക്കലുള്ളതാണ് ഇന്ന് എന്റെ പക്കല്‍ എത്തുന്നത്. കുവൈത്തിലെ ഒരുന്നത ഉദ്യോഗസ്ഥന്റെ മുറിയില്‍ എഴുതി വെച്ച ഒരു വാക്യം ഓര്‍മ വരുന്നു. ''ലൗ ദാമത്ത് ലിമന്‍ ഖബ്‌ലക ലമാ വസ്വലത്ത് ഇലൈക'' (നിന്റെ പൂര്‍വികരുടെ കൈയില്‍ ഇത് (സമ്പത്ത്) നിത്യം നിലനിന്നിരുന്നെങ്കില്‍ നിന്നിലേക്കിത് എത്തിച്ചേരുമായിരുന്നില്ല).
ഇന്ന് ഞാന്‍ ധൂര്‍ത്തടിച്ച് തുലക്കുന്നത് നാളെ മറ്റൊരാളുടെ അത്യാവശ്യത്തിനുപയോഗിക്കാനുള്ളതാണ്. എല്ലാവര്‍ക്കും മിതമായി ഉപയോഗിക്കാനേ ഇവിടെ വിഭവങ്ങളുള്ളൂ. ഇന്ന് നാം പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവ് വളരെ വലുതാണ്; കോടിക്കണക്കിന് പട്ടിണപ്പാവങ്ങള്‍ക്ക് വിശപ്പടക്കാന്‍ അത് മതിയാകും. പല പാശ്ചാത്യ നാടുകളിലും ഹോട്ടലുകളില്‍ ഭക്ഷണം ഉപേക്ഷിച്ചു പോകുന്നതും പാഴാക്കുന്നതും കുറ്റകരമാണ്; ശിക്ഷാര്‍ഹവുമാണ്.
റമദാനിലെ ഇഫ്ത്വാറുകള്‍ വല്ലാതെ വിഭവസമൃദ്ധമാക്കുന്ന പ്രവണത തീര്‍ത്തും അനഭിലഷണീയമാണ്; വ്രതാനുഷ്ഠാനത്തിന്റെ ചൈതന്യത്തിന് നിരക്കാത്തതുമാണ്. റമദാന്‍ ആഗതമായതിനാല്‍ പഴവര്‍ഗങ്ങള്‍ക്കും കോഴിയിറച്ചിക്കും മറ്റും വില വര്‍ധിക്കുന്നുവെന്ന പത്രവാര്‍ത്തകള്‍ വായിക്കുമ്പോള്‍ അത് പ്രസരിപ്പിക്കുന്ന സന്ദേശം തികച്ചും പ്രതിലോമപരമാണ്. മുമ്പൊരിക്കല്‍ ഗള്‍ഫിലെ ഒരു ഇംഗ്ലീഷ് പത്രം നോമ്പിനോടനുബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ശീര്‍ഷകം ഇങ്ങനെ: 'Beginning of Ramzan: the month of fast and feast.' നമ്മുടെ കല്യാണ സദ്യകളും ഇഫ്ത്വാറുകളും തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ടോ? ശീലങ്ങളും സമ്പ്രദായങ്ങളും പുനഃക്രമീകരിക്കാനും ആത്മ പരിശോധനയിലൂടെ ആവശ്യമായ തിരുത്തുകള്‍ വരുത്താനുമുള്ള സുവര്‍ണാവസരമാണ് പരിശുദ്ധ റമദാന്‍.
പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി
അത് അബുസ്സ്വബാഹ് മൗലവിയല്ല
2015 ജൂണ്‍ 12-ല്‍ പുറത്തിറങ്ങിയ പ്രബോധനം വാരികയില്‍ 'മുജാഹിദ് ജമാഅത്ത് സൗഹൃദത്തെക്കുറിച്ച് ഒരോര്‍മ' എന്ന തലക്കെട്ടില്‍ കെ.വി.ഒ അബ്ദുര്‍റഹ്മാന്‍ പറവണ്ണ എഴുതിയ കുറിപ്പില്‍, 'ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജില്‍ അധ്യാപകനായിരുന്ന അബുസ്സ്വബാഹ്' എന്നെഴുതിയത് തെറ്റാണ്. അബുസ്സ്വലാഹ് മൗലവിയായിരുന്നു ആ അധ്യാപകന്‍. അബുസ്സ്വബാഹ് മൗലവിയുടെ ശിഷ്യനാണ് ഞാന്‍. അദ്ദേഹം റൗദത്താബാദ് എന്ന പേരിലറിയപ്പെട്ടിരുന്ന സ്ഥാപനങ്ങളുടെ അധിപനായിരുന്നു. ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക്കോളേജിന്റെ പ്രിന്‍സിപ്പലുമായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം സി.പി അബൂബക്കര്‍ മൗലവി റൗദത്തിന്റെ പ്രിന്‍സിപ്പലായി. അതിനു ശേഷമാണ് അവിടെ അധ്യാപകനായിരുന്ന അബുസ്സ്വലാഹ് മൗലവി പ്രിന്‍സിപ്പലായത്. റൗദത്തില്‍ നിന്ന് വിരമിച്ച ശേഷമാണ് അബുസ്സ്വലാഹ് മൗലവി ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജില്‍ അധ്യാപകനായിരുന്നത്.
സി.കെ അബ്ദുല്ല ഫാറൂഖി
കിതാബുല്‍ മനാളിറിന്റെ സമകാലിക പ്രസക്തി
ലക്കം 2904-ലെ 'കിതാബുല്‍ മനാളിര്‍ പ്രകാശത്തിന്റെ ആയിരം സംവത്സരങ്ങള്‍' എന്ന തലക്കെട്ടില്‍ എം. മെഹ്ബൂബ് എഴുതിയ ലേഖനം മുസ്‌ലിം സമൂഹത്തിന്റെ ചിന്ത മാറ്റിപ്പണിയേണ്ടതിലേക്ക് ശ്രദ്ധ തിരിക്കുന്നതായി. വൈജ്ഞാനിക രംഗത്ത് ഇങ്ങനെയൊരു പാരമ്പര്യം 'ഉമ്മത്ത് മുസ്‌ലിമ'ക്കുണ്ടായിരുന്നു എന്നത് ന്യൂജനറേഷന് ഒരു പക്ഷേ പരിചയമുണ്ടാവില്ല. പുതിയ സാഹചര്യത്തില്‍ പുതിയ ലോകത്തെ നിര്‍മിക്കാന്‍ നേതൃത്വം നല്‍കാന്‍ ശേഷിയുള്ള അല്‍ ഖവാരിസ്മിമാരും ഇബ്‌നു സീനമാരും അല്‍ബത്താനിമാരും ഇബ്‌നുറുശ്ദുമാരും ഇനിയും ഉണ്ടാവുന്നതിന് പ്രചോദനമാവട്ടെ ലേഖനം.
എം.എം ഷാജി ആലപ്ര
Comments