വര്‍ണവെറിയുടെ ലാഞ്ഛനകള്‍
മിലാനോ മുതല്‍ മ്യൂണിച്ച് വരെ-4
ഒരു മണിക്കൂറില്‍ കുറഞ്ഞ സമയമേ ഇനി മ്യൂണിച്ചിലേക്കുള്ളൂ. ഞങ്ങള്‍ മ്യൂണിച്ചില്‍ ഹോട്ടല്‍ റിസര്‍വ് ചെയ്തിട്ടില്ല. മഹാനഗരത്തിലെത്തുമ്പോള്‍ എന്തുചെയ്യുമെന്ന ആശങ്കയില്ലാതില്ല. റിക്കിന് റിസര്‍വേഷനുണ്ട്. എവിടെ ചെന്നാലും ഒരു തുടക്കം കിട്ടണമല്ലോ. ''നമുക്ക് റിക്കിന്റെ കൂടെ പോയി അതേ ഹോട്ടലില്‍ റൂമുണ്ടോയെന്ന് നോക്കാം.'' ഞങ്ങള്‍ കൂട്ടായി തീരുമാനിച്ചു. പിന്നെ ആ ആഗ്രഹം റിക്കിനോട് വെളിപ്പെടുത്തി. 'No problem!' മൃദുവായ ശബ്ദത്തില്‍ പ്രതികരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തോളിണകള്‍ ഉയര്‍ന്നു താഴ്ന്നു. ''ഈ ദിവസങ്ങളില്‍ മ്യൂണിച്ചില്‍ ഹോട്ടല്‍ കിട്ടാന്‍ പ്രയാസമാണ്. കാരണം ഒക്‌ടോബര്‍ ഫെസ്റ്റിവല്‍ നടക്കുകയാണ്. അയല്‍ രാജ്യങ്ങളില്‍ നിന്നെല്ലാം നിരവധി ടൂറിസ്റ്റുകള്‍ എത്തിയിട്ടുണ്ടാവും.'' സ്റ്റുവര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ ആശങ്ക വര്‍ധിപ്പിച്ചു.
വൈകുന്നേരം ആറ് മണിയോടടുക്കെ ട്രെയിന്‍ മ്യൂണിച്ച് നഗരത്തിലെ മുഖ്യ റെയില്‍വേ സ്റ്റേഷനിലെത്തി. ബോംബെയില്‍ വി.ടി. സ്റ്റേഷനിലെത്തിയ പ്രതീതി. യാത്രക്കാരുടെ തിക്കും തിരക്കും ആരവങ്ങളും കൊണ്ട് ആകെ ശബ്ദ മുഖരിതം. യാത്രക്കാരെല്ലാം താന്താങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് കുതിക്കുകയാണ്. ഓടുന്നവര്‍, ചാടുന്നവര്‍, കാല്‍പ്പന്തു കളിക്കാരെപ്പോലെ വെട്ടിച്ച് വെട്ടിച്ച് മുന്നേറുന്നവര്‍.... എല്ലാവരും ധൃതിയിലാണ്. സ്റ്റുവര്‍ട്ട് പരാമര്‍ശിച്ച ഒക്‌ടോബര്‍ ഫെസ്റ്റിവലിന്റെ ലഹരി എത്രത്തോളം നഗരത്തെ കീഴടക്കിയിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യമായി.
സ്റ്റേഷനിലിറങ്ങിയ ഉടനെ സ്റ്റുവര്‍ട്ട് 'ബാാായ്' പറഞ്ഞ് ജനക്കൂട്ടത്തിലൊരാളായി ഒഴുകിപ്പോയി. ഈ ഭൂമിയില്‍ ഇനിയെന്നെങ്കിലും ആ മനുഷ്യനെ കണ്ടുമുട്ടുമോ?
ഞങ്ങള്‍ മൂവരും റിക്കിനെ അനുഗമിച്ചു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 5 മിനിറ്റ് കൊണ്ട് ഞങ്ങള്‍ അദ്ദേഹം മുറി റിസര്‍വ് ചെയ്ത ഹോട്ടലില്‍ നടന്നെത്തിയെങ്കിലും അവിടെ മുറിയൊന്നും ഒഴിവില്ല. എങ്കിലും പെട്ടികള്‍ അവിടെ തല്‍ക്കാലത്തേക്ക് വെക്കാനനുവദിച്ചത് തന്നെ വലിയ കാര്യം. ഉണ്ണ്യേട്ടനെ അവിടെ കാവലിരുത്തി ഞാനും ഷംസുവും അന്വേഷണം തുടര്‍ന്നപ്പോള്‍ തൊട്ടടുത്ത രണ്ടു ഹോട്ടലുകളിലായി മൂന്നു മുറികള്‍ കിട്ടി-ഭാഗ്യം.
********
ഹോട്ടല്‍ മുറിയുടെ ജനല്‍വിരി നീക്കിയപ്പോള്‍ എതിര്‍വശം അറബിയിലെഴുതിക്കണ്ട ഒരു ബോര്‍ഡ് ഇത്തിരി ആഹ്ലാദമേകി-മത്അം അല്‍ഖുദ്‌സ്! ഏതോ ഫലസ്ത്വീനി നടത്തുന്ന റസ്റ്റോറന്റായിരിക്കുമതെന്ന് പേരില്‍ നിന്ന് ഊഹിച്ചെടുത്തു. രാത്രി ഭക്ഷണം കഴിക്കാനായി റോഡ് മുറിച്ചുകടന്ന് അവിടെ ചെന്നപ്പോഴാണ് അതിന്റെ ഉടമ ഫലസ്ത്വീനിയല്ല, ഒരു ഇറാഖിയാണെന്നറിഞ്ഞത്. ഫൂലും ഹുമ്മസും മുതബ്ബലും കിഫ്തയും കലാവിയുമുള്‍പ്പെടെയുള്ള ഒന്നാം തരം അറബ് ഭക്ഷണം റെഡി. മ്യൂണിച്ചില്‍ ടൂറിസ്റ്റുകളായെത്തിയ അറബികള്‍ ഇടതടവില്ലാതെ അവിടെ കയറിയിറങ്ങുന്നു. ഞങ്ങള്‍ യൂറോപ്പില്‍ പാദമൂന്നിയതു മുതല്‍ പാഷ്തയും മശ്‌റൂമുമൊക്കെയാണ് ഭക്ഷണം. ഹോട്ടലുകളിലെ പ്രാതല്‍ മാത്രമാണ് ഒരുവിധം ആസ്വദിച്ചു കഴിക്കുന്നത്. ഇറ്റലിയിലെ അലസ്സാണ്ട്രിയയില്‍ ഒരിക്കല്‍ രാത്രി ഭക്ഷണത്തോടൊപ്പം കിട്ടിയ വറുത്തമീന്‍ വായിലേക്കു വെച്ചപ്പോള്‍ ശരിക്കും പച്ചമീനിന്റെ രുചിയായിരുന്നു.
യൂറോപ്പിലെ ഇതുവരെയുള്ള ആഹാരാനുഭവങ്ങള്‍ അയവിറക്കി ഖുദ്‌സ് റസ്‌റ്റോറന്റിലെ ഹുമ്മസിന്റെയും മുതബ്ബലിന്റെയും മുമ്പിലിരിക്കുമ്പോള്‍ വല്ലാത്ത സന്തോഷം.
തൊട്ടപ്പുറത്ത് രണ്ട് സുമുഖര്‍ ഇരുന്നു സൊറക്കുന്നു. അറബിയിലാണ് സംസാരം. അറബി പ്രാദേശിക ഭേദത്തിന്റെ സ്റ്റൈലില്‍നിന്ന് ഇരുവരും ഇറാഖികളാണെന്ന് ഏതാണ്ടുറപ്പിച്ചു. ഇറാഖികളല്ലെങ്കില്‍ കുവൈത്തികളാകാനേ വഴിയുള്ളൂ. ഇരു രാജ്യക്കാരുടെയും സംസാരരീതി ഒന്നാണല്ലോ. ഒരു വിടവ് കിട്ടിയപ്പോള്‍ ഞാനങ്ങോട്ട് കയറി പരിചയപ്പെട്ടു. ധാരണ തെറ്റിയില്ല. ഇറാഖികള്‍ തന്നെ. തമ്മിലറിഞ്ഞപ്പോള്‍ അവരുടെ മുഖശ്രീക്ക് തിളക്കമേറി. ഒരാള്‍ ഹൈദര്‍. അപരന്‍ ഡോ: അമ്മാര്‍.
ഇറാഖികളാണെങ്കിലും ഇരുവര്‍ക്കും ജര്‍മ്മന്‍ പൗരത്വമുണ്ട്. അമ്മാര്‍ ജര്‍മ്മനിയിലെത്തിയിട്ട് 13 വര്‍ഷമായി. പക്ഷെ താമസവും ജോലിയും ലണ്ടനിലാണ്. അവിടെ ഒരു കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ സര്‍വേ വിഭാഗത്തിലാണ് ജോലി. ഭാര്യയും ഡോക്ടര്‍ തന്നെ. ഇറാഖ് വംശജ. ലണ്ടനില്‍ ജനിച്ചുവളര്‍ന്നതിനാല്‍ ബ്രിട്ടീഷ് പൗരത്വമുണ്ട്. തന്റെ ജോലിയുമായി ബന്ധപ്പെട്ട ഒരു ഗവേഷണ പ്രബന്ധം തയ്യാറാക്കുന്നതിനാണ് അമ്മാര്‍ മ്യൂണിച്ചില്‍ വന്നിരിക്കുന്നത്. മ്യൂണിച്ചില്‍ തന്നെയായിരുന്നു നേരത്തെ താമസിച്ചിരുന്നത്. അതിനാല്‍ നഗരം കാണാപ്പാഠം.
മ്യൂണിച്ചില്‍ കാണാന്‍ പറ്റുന്ന ജനപ്രിയ, ചരിത്ര പ്രധാന സ്ഥലങ്ങളെക്കുറിച്ച് അമ്മാര്‍ വിവരിച്ചു. തൊട്ടപ്പുറത്തുള്ള സ്റ്റാര്‍ ഹോട്ടലിന്റെ ഫ്രണ്ട് ഓഫീസില്‍ പോയി നഗരമാപ്പ് കൊണ്ടുവന്ന് അവ അടയാളപ്പെടുത്തിത്തന്നു. മ്യൂണിച്ചിലെ ചരിത്രപ്രസിദ്ധമായ ഒക്‌ടോബര്‍ ഫെസ്റ്റിവല്‍ നഗരിയിലേക്ക് പത്തുമിനുട്ട് കാല്‍നട ദൂരമേയുള്ളൂവെന്ന വിവരം തന്നതും നഗരിയിലേക്കു വഴികാണിച്ചതും അമ്മാര്‍ തന്നെ.
******
പൈതൃകധന്യമായ ജര്‍മ്മനിയെക്കുറിച്ച് പൊതുവിലും മ്യൂണിച്ചിനെക്കുറിച്ച് പ്രത്യേകമായും വിലയേറിയ പല അറിവുകളും വീണുകിട്ടുമെന്ന പ്രതീക്ഷയോടെയാണ് ഒക്‌ടോബര്‍ ഫെസ്റ്റിവല്‍ നഗരിയിലേക്ക് പുറപ്പെട്ടത്. പക്ഷെ അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച ആശ്ചര്യജനകമായിരുന്നു. സാക്ഷാല്‍ പൂരപ്പറമ്പ്! അല്ല, പൂരപ്പറമ്പിനെ വെല്ലുന്ന ഉല്‍സവ'ലഹരി'! പേക്കൂത്ത്. പൂരപ്പറമ്പിലുണ്ടാവാറുള്ള വിനോദ മാധ്യമങ്ങളൊക്കെ അവിടെയുണ്ട്. ഇലക്ട്രിക്ക് ഊഞ്ഞാലുകള്‍, ട്രെയിനുകള്‍, മരണക്കിണര്‍ അഭ്യാസങ്ങള്‍, ഭോജനശാലകള്‍, തെരുവ് വില്‍പ്പനക്കാര്‍..... എന്നാല്‍ ഏറ്റവുമധികമുള്ളത് മദ്യഷാപ്പുകള്‍ തന്നെ. സ്ത്രീപുരുഷന്മാര്‍ പ്രായഭേദമന്യേ ഏതാണ്ടെല്ലാവരും ഒരു കൈയില്‍ മദ്യക്കുപ്പിയേന്തിയും മോന്തിയും മറു കൈ കൊണ്ട് തോഴന്‍/തോഴിയുടെ അരക്കെട്ടിന് ബലമേകിയും നടന്നുനീങ്ങുന്നു. ചിലര്‍ വട്ടത്തില്‍ നിന്നു നൃത്തമാടുകയാണ്. കാതടിപ്പിക്കുന്ന ആര്‍പ്പുവിളികള്‍ക്കിടയില്‍ കൊച്ചുബാലികമാര്‍ വരെ നൃത്തച്ചുവടുവെക്കുന്നു.
മദ്യം മോന്തിമോന്തി സമനില തെറ്റി നടക്കുന്നവര്‍, കുഴഞ്ഞു വീണവര്‍-വീഴുന്നവര്‍. പരസ്യമായി ലൈംഗികവേഴ്ചക്ക് മുതിരുന്നവര്‍... ജീവിതം കുടിച്ച് മദിച്ച് പൂര്‍ത്തിയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു ജനത. കൂട്ടത്തില്‍ ഇന്ത്യക്കാരായ യുവതീയുവാക്കളെയും കാണുന്നു-അപൂര്‍വമെങ്കിലും. വൈദ്യശാസ്ത്രത്തിലും എഞ്ചിനീയറിംഗിലും മറ്റും ഉപരിപഠനത്തിനെത്തിയതാവാം അവരില്‍ പലരും. ആഭാസങ്ങളില്‍ അലിഞ്ഞുചേരാന്‍ അവര്‍ക്കും വെമ്പല്‍. ഇവരൊക്കെ നാളെ നാട്ടില്‍ തിരിച്ചെത്തി പേരിനൊപ്പം നീണ്ട ഇംഗ്ലീഷ് അക്ഷരങ്ങള്‍ കുറിച്ച് ബ്രാക്കറ്റില്‍ 'ജര്‍മ്മനി' എന്നെഴുതി വിദഗ്ധരായി വിലസാന്‍ പോകുന്നവരാണ് ഉണ്ണ്യേട്ടാ-ഞാന്‍ പറഞ്ഞു. ''എന്തിനാ ഇപ്പോയിത്ര പറയുന്നു; നമ്മുടെ നാടും ഇക്കാര്യത്തിലത്ര പിന്നിലല്ലല്ലോ.'' ഉണ്ണ്യേട്ടന്‍ കൂടുതല്‍ അഭിപ്രായ പ്രകടനത്തിന് മുതിര്‍ന്നില്ല. ''വല്ലാത്തൊരു കൂട്ടര്‍! വല്ലാത്തൊരു കൂട്ടര്‍!'' ഷംസു ഇടക്കിടെ തന്റെ ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ടിരുന്നു.
ബവേറിയന്‍ രാജവംശത്തില്‍പ്പെട്ട ലൂയിസ് രാജകുമാരന്റെ വിവാഹം ക്രി.1810 ല്‍ ഈ പ്രവിശാല വയലില്‍ നടന്നതിന്റെ ഓര്‍മ്മപ്പെരുന്നാളാണത്രേ പിന്നീട് ഒക്‌ടോബര്‍ ഫെസ്റ്റായി രൂപാന്തരപ്പെട്ടത്. 1989 ല്‍ ബെര്‍ലിന്‍ മതില്‍ പൊളിച്ചതിന്റെയും തുടര്‍ന്ന് പശ്ചിമ-പൂര്‍വ ജര്‍മ്മനികള്‍ ലയിച്ചതിന്റെയും ഓര്‍മ്മ കൂടി ഈ ഫെസ്റ്റിലൂടെ ഇപ്പോള്‍ പുതുക്കപ്പെടുന്നുണ്ട്. 1989 നവംബര്‍ 9 ന് ബെര്‍ലിന്‍ മതില്‍ ക്ഷുഭിതരായ ജനസഹസ്രങ്ങള്‍ തകര്‍ത്തത് ലോകചരിത്രഗതിയെ മാറ്റിമറിച്ച സംഭവമായിരുന്നുവല്ലോ. 1961 ആഗസ്റ്റ് 12 ന് നിര്‍മ്മാണം പൂര്‍ത്തിയായ ബെര്‍ലിന്‍ മതില്‍ 28 വര്‍ഷം കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് ആധിപത്യത്തിന്റെ പ്രതീകമായി നിലകൊണ്ടു.
ഇരു ജര്‍മ്മനികളും ഒന്നാവുന്നത് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറും ഫ്രഞ്ച് പ്രസിഡന്റ് ഫാന്‍സോ മിത്തറാങ്ങും ആശങ്കയോടെയാണ് വീക്ഷിച്ചത്. ജര്‍മ്മനി യൂറോപ്പിലെ വന്‍ശക്തിയായി വീണ്ടുമുയര്‍ന്നു വരുമോ എന്ന ഭീതിയായിരുന്നു ആശങ്കക്കാധാരം. അന്നത്തെ ആശങ്ക ഇന്നു യാഥാര്‍ഥ്യമായി പുലരുകയാണ്-സാമ്പത്തിക രംഗത്ത് വിശിഷ്യ.
ഉത്സവപ്പറമ്പില്‍ നിന്ന് ഏതുവിധേനയും രക്ഷപ്പെടാനുള്ള ഞങ്ങളുടെ ശ്രമം തിക്കിലും തിരക്കിലും പെട്ട് വിഫലമാവുന്നു. ഏതു വഴിയിലൂടെ നീങ്ങുമ്പോഴും ഒടുക്കം കുപ്പിത്തൊണ്ടയില്‍ കുടുങ്ങിയതുപോലെ. അതിനിടെ ഞങ്ങളുടെ സമീപത്തുണ്ടായിരുന്ന ഒരിന്ത്യന്‍ വംശജന്‍ ഒരു ജര്‍മ്മന്‍കാരനെ അറിയാതെ ചെന്നുമുട്ടിയപ്പോള്‍ ജര്‍മ്മന്‍കാരന്‍ ക്രുദ്ധനായത് ഞങ്ങളെ അസ്വസ്ഥരാക്കി. നടത്തത്തിനിടയില്‍ ജര്‍മ്മന്‍കാര്‍ പലരും ഞങ്ങളെ പ്രത്യേകം നോട്ടമിടുന്നതായി തോന്നി. കൗതുകം പൂണ്ടാണോ ആ നോട്ടം? അതോ കുടിച്ച് ലക്കുകെട്ടോ? ഒന്നും കൃത്യമായി പറയാനാവുന്നില്ല.
മര്‍വ ശര്‍ബീനിയെ ഓര്‍ത്തുപോവുന്നു. ജര്‍മ്മന്‍ നഗരമായ ദര്‍സ്ഡനിലെ കോടതിമുറിയില്‍ അലക്‌സ് വീയെന്‍സ് എന്ന വര്‍ണ്ണവെറിയന്റെ കുത്തേറ്റ്, ഗര്‍ഭിണിയായിരുന്ന 31 കാരി മര്‍വ കൊല്ലപ്പെട്ടത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നല്ലോ. 2003 ല്‍ റഷ്യയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് കുടിയേറിയ അലക്‌സ് ഒരു പാര്‍ക്കില്‍ മര്‍വയെ വംശീയമായി അധിക്ഷേപിച്ചതിനെ തുടര്‍ന്നുണ്ടായ കേസിലെ വിചാരണക്കിടെ നടന്ന കൊലപാതകം പാശ്ചാത്യലോകത്തിന് നാണക്കേടുണ്ടാക്കിയിരുന്നു. മുസ്‌ലിംകള്‍ക്കും യൂറോപ്യേതരര്‍ക്കുമെതിരെ തന്റെ ഉള്ളില്‍ പക പതഞ്ഞു പൊങ്ങുന്ന കാര്യം അലക്‌സ് അന്ന് അന്വേഷണോദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയുണ്ടായി. ''എന്റെ മകന്റെ മനസ്സില്‍ ഇസ്‌ലാമിനോട് പക വിതച്ചത് ടെലിവിഷനായിരിക്കാം.'' അലക്‌സിന്റെ 55 കാരനായ മാതാവ് ലാറിസയുടെ കമന്റ്. 'ബില്‍ഡ് ആന്റ് സോന്‍താജ്' എന്ന ജര്‍മ്മന്‍ പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് ലാറിസയിത് പറഞ്ഞത്.
ലാറിസ പറഞ്ഞതില്‍ സത്യമുണ്ട്. അച്ചടി-ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ ചുരത്തുന്നത് തീവ്ര ഇസ്‌ലാം വിരോധമാണ്. യൂറോപ്പിലെ ഇസ്‌ലാം പ്രചാരം അതിശയോക്തിപൂര്‍വം അവതരിപ്പിച്ചാണ് പലപ്പോഴും ഇസ്‌ലാം വിരോധത്തിന് ഇന്ധനം പകരുന്നത്. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട Stop Islam പോലുള്ള ഗ്രൂപ്പുകള്‍ ഉദാഹരണം. യൂട്യൂബില്‍ കണ്ട The word is changing
എന്ന 8 മിനിറ്റ് ദൈര്‍ഘ്യമുള്ള കനേഡിയന്‍ ഡോക്യുമെന്ററി ഫിലിം അടുത്ത 20-50 വര്‍ഷങ്ങള്‍ക്കിടയില്‍ ക്രൈസ്തവ ഭൂരിപക്ഷ രാജ്യങ്ങളില്‍ മുസ്‌ലിം ജനസംഖ്യ അസാധാരണമായി വര്‍ധിച്ച് ഭൂരിപക്ഷമായിത്തീരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഏതു സംസ്‌കാരത്തിനും ചുരുങ്ങിയത് 25 വര്‍ഷത്തെ നൈരന്തര്യമുണ്ടാവണമെങ്കില്‍ അതിന്റെ വക്താക്കളില്‍ ഏറ്റവും ചുരുങ്ങിയത് 2.11 ശതമാനം എന്ന തോതില്‍ വാര്‍ഷിക വര്‍ധനവുണ്ടാവണമെന്ന് ആധുനിക ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ ക്രൈസ്തവ ജനസംഖ്യാ വര്‍ധനയാവട്ടെ 1.6 ശതമാനത്തിനും 1.2 ശതമാനത്തിനുമിടക്കാണ്. അതേസമയം അവിടങ്ങളിലെ മുസ്‌ലിം ജനസംഖ്യ ക്രമാതീതമായി വളരുന്നു. മുസ്‌ലിം രാജ്യങ്ങളില്‍ വളര്‍ച്ചയുടെ തോത് 8 ശതമാനം വരെയുണ്ട്... ഇങ്ങനെ പോകുന്നു ഭീതിപ്പെടുത്തലുകള്‍.
ഏതായാലും ഉത്സവനഗരിയില്‍ നിന്ന് ഒരു വിധം കുതറി പുറത്തു ചാടി. മനസ്സില്‍ ഒരു തരം നീറ്റല്‍. മതസംസ്‌കൃതികള്‍ക്കൊന്നും ഇക്കൂട്ടരെ നന്നാക്കാനാവുന്നില്ലല്ലോ എന്ന സങ്കടത്തില്‍ നിന്നുളവാകുന്ന നീറ്റല്‍. തിരിച്ച് ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ സമയം അര്‍ധ രാത്രി. ഉത്സവനഗരിയില്‍ നിന്ന് അലയടിക്കുന്ന ആരവം ചെവിയിലലക്കെ മനസ്സ് പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടു.
*******
പുരാതന മ്യൂണിച്ച് നഗരത്തിന്റെ ശേഷിപ്പുകള്‍ക്കിടയിലാണ് ഞങ്ങളുടെ താമസം. റയില്‍വേ സ്റ്റേഷന്‍ വിളിപ്പാടകലെ. അതിനടുത്തുള്ള ടാക്‌സിസ്റ്റാന്റിലെത്തിയപ്പോള്‍ ടാക്‌സി ഡ്രൈവര്‍മാര്‍ വളഞ്ഞു. 'We want to.....' എന്നു ഞാന്‍ പറഞ്ഞുതുടങ്ങിയപ്പോഴേക്ക് വട്ടത്താടിയും തലയില്‍ ചട്ടിത്തൊപ്പിയുമുള്ള ഒരു ആജാനുബാഹുവിന്റെ പരുത്ത സ്വരം: ''ങാ, ബോലോ ഭായ്, കഹാം ജാനാ ചാഹിയേ?''
ഞങ്ങള്‍ ഇന്ത്യക്കാരാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ആ അഫ്ഗാനിക്ക് പിടികിട്ടിയിട്ടുണ്ട്. ഞങ്ങള്‍ അദ്ദേഹത്തിന്റെ ടാക്‌സിയില്‍ നിഫന്‍ബര്‍ഗ് പാലസിലേക്ക് നീങ്ങി. ബവേറിയ രാജാക്കന്മാരുടെ ഉഷ്ണകാല വസതിയായിരുന്നു ഈ കൊട്ടാരം. കിം ലുഡ്‌വിംഗ് ഒന്നാമന്റെ ആര്‍ട്ട് ഗ്യാലറി, ലുഡ്‌വിംഗ് രണ്ടാമന്‍ പിറന്ന മുറി തുടങ്ങിയവയൊക്കെ കൊട്ടാരത്തിലെ മുഖ്യ ആകര്‍ഷണ കേന്ദ്രങ്ങളാണ്. കൊട്ടാരത്തോടനുബന്ധിച്ചുള്ള ബോട്ടാണിക് ഗാര്‍ഡനും മനോഹരം തന്നെ. കൊട്ടാരത്തിന് മുന്നിലും പിന്നിലുമായി കൃത്രിമ കനാലുകളുണ്ട്. അതിലൂടെ ബോട്ടുയാത്രയാവാം. ജലപ്പരപ്പില്‍ താറാവുകള്‍ നീന്തിത്തുടിക്കുന്നു. കനാലിന് മുകളില്‍ തീര്‍ത്ത പാലത്തിലൂടെ വാഹനങ്ങളുടെ കുത്തിയൊഴുക്ക്...
പാലസ് കണ്ടുകഴിഞ്ഞ ശേഷം ഞങ്ങള്‍ ബസ്സില്‍ മറൈന്‍ പ്ലാസയിലേക്ക് പോയി. പുരാതന മ്യൂണിച്ച് നഗരത്തിന്റെ ഹൃദയ ഭാഗമാണ് മെറിന്‍ പ്ലാസ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രൈസ്തവ ദേവാലയങ്ങള്‍, കോട്ടകള്‍, സൗധങ്ങള്‍ എല്ലാം അവിടെ നിറഞ്ഞുനില്‍ക്കുന്നു. 17-18 നൂറ്റാണ്ടുകളില്‍ നഗരത്തിലെ 'വലിയങ്ങാടി'യായിരുന്നു ഇവിടം. പലചരക്കു സാധനങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, പച്ചക്കറികള്‍, രത്‌നങ്ങള്‍ തുടങ്ങിയവയുടെ വ്യാപാരം പൊടിപൊടിച്ചിരുന്ന ചന്ത ഇന്ന് കാല്‍ നടക്കാര്‍ക്ക് സസൈ്വര്യം വിഹരിക്കവാന്‍ കഴിയുമാറ് സംവിധാനിച്ചിരിക്കുകയാണ്.
മെറീന്‍ പ്ലാസയിലും സമീപത്തെരുവുകളിലും ഞങ്ങള്‍ കാല്‍നടയായി കറങ്ങി. നടത്തത്തിനിടയില്‍ സെന്റ് മേരി ചര്‍ച്ചിലെത്തി. ഏറെ പഴക്കമുള്ള ഈ ദേവാലയത്തിനകത്താണ് കിംഗ് ലൂഡ്‌വിംഗിന്റെ വെങ്കലത്തില്‍ തീര്‍ത്ത മാസോളിയം. കാഴ്ചക്കാരിലത് കൗതുകമുളവാക്കുന്നു. അകത്തളം മുഴുവന്‍ ചുറ്റിക്കണ്ട ശേഷം വെളിയിലിറങ്ങിയപ്പോള്‍ ചര്‍ച്ച് മുറ്റത്ത് കുറെയാളുകള്‍ വട്ടം കൂടി നില്‍ക്കുകയാണ്. വട്ടത്തിനകത്ത് സംഭവിക്കുന്നതെന്തെന്ന് കാണുന്നില്ല. കൂടിനില്‍ക്കുന്നവരടെ ചുമലുകള്‍ക്കിടയിലൂടെ കഴുത്ത് നീട്ടി പാളി നോക്കാനുള്ള ശ്രമം വിഫലമായി. ജര്‍മ്മന്‍കാരുടെ ഉയരക്കൂടുതലാണ് ശ്രമം വിഫലമാക്കിയത്. ഏതായാലും ഒന്നുരണ്ടു തവണ വട്ടത്തെ വലം വെച്ചപ്പോള്‍ ഒരു പഴുത് കിട്ടി. അതിലൂടെ കണ്ണുപായിച്ചപ്പോള്‍ കണ്ടത് രണ്ടുമൂന്നു പേര്‍ സൈക്കിളഭ്യാസ പ്രകടനം നടത്തുന്നതാണ്. കുറെ കഴിഞ്ഞപ്പോള്‍ അവര്‍ വട്ടം പൊളിച്ച് തൊട്ടടുത്തുള്ള ഉയര്‍ന്ന മതിലിന് മുകളിലേക്കും തിരിച്ചും ചാടാന്‍ തുടങ്ങി. കൗതുകകരമായ ആ കാഴ്ച മാത്രം മതി കായിക രംഗത്ത് ജര്‍മ്മന്‍കാര്‍ പരിശീലനത്തിലൂടെ നേടിയെടുക്കുന്ന മികവ് തിരിച്ചറിയാന്‍.
********
മ്യൂണിച്ച് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബസ്സിറങ്ങിയപ്പോള്‍ നേരെ നടന്നത് ഖുദ്‌സ് റസ്റ്റോറന്റിലേക്കാണ്. ഇപ്പോള്‍ അവിടം ഞങ്ങളുടെ ഫോക്കല്‍ പോയിന്റായി മാറിയിരിക്കുന്നു. എവിടേക്കു നീങ്ങുന്നതും അവിടെയുള്ളവരോട് കൂടിയാലോചിച്ച ശേഷം മാത്രം. റസ്റ്റോറന്റില്‍ നിന്ന് മുറുക്കത്തിലൊരു ചായ കുടിച്ച ശേഷം പള്ളിയിലേക്ക് നീങ്ങി. സമീപത്തുള്ള ട്രാഫിക് സിഗ്നലിനരികെയാണ് പള്ളി. ഒരു ബഹുനിലക്കെട്ടിടത്തിലെ രണ്ട് നിലകള്‍ പരിസരവാസികളായ മുസ്‌ലിംകള്‍ വാടകക്കെടുത്ത് പള്ളിയാക്കിയിരിക്കുകയാണ്. പള്ളിയില്‍ തന്നെ മദ്‌റസയും ഖുര്‍ആന്‍ പഠന കേന്ദ്രവും പുസ്തക-സി.ഡി ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ആശ്ചര്യകരമായിത്തോന്നിയത് പള്ളിയുടെ താഴത്തെ നിലയിലെ ഒരു മൂലയില്‍ മറയൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന ബാര്‍ബര്‍ ഷോപ്പ് കണ്ടപ്പോഴാണ്. ഒരു ഭാഗത്ത് നമസ്‌കാരം നടക്കുമ്പോള്‍ തന്നെ മറുഭാഗത്ത് കട്ടിംഗും ഷേവിംഗുമൊക്കെ പൊടിപൊടിക്കുന്നു. പള്ളിയുടെ മുകള്‍നിലയിലേക്കു കയറിയപ്പോള്‍ അവിടെയതാ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നു. ഭാരിച്ച ജീവിതച്ചെലവുള്ള നഗരത്തില്‍ കനത്ത വാടക നല്‍കി പള്ളിയും മദ്‌റസയും മതചിഹ്നങ്ങളും സംരക്ഷിക്കണമെങ്കില്‍ ചില മൂലകള്‍ ഇത്തരത്തില്‍ മേല്‍വാടകക്ക് നല്‍കി വിട്ടുവീഴ്ച ചെയ്യുകയേ നിര്‍വാഹമുള്ളൂ.
(അവസാനിച്ചു)
Comments