Prabodhanm Weekly

Pages

Search

2015 ജൂണ്‍ 26

പ്രവാചകന്റെ നഗരം ത്വയ്യിബ

ഇബ്‌നു ബത്വൂത്വ /ചരിത്രം-7

         ഞങ്ങള്‍ ആദരണീയമായ ഹറമില്‍ പ്രവേശിച്ചു. പുണ്യ മസ്ജിദില്‍ ചെന്നെത്തി അഭിവാദ്യം ചെയ്ത് ബാബുസ്സലാമില്‍ നില്‍പായി. പ്രവാചകന്റെ ഖബ്‌റിനും പ്രസംഗ പീഠത്തിനുമിടയിലുള്ള 'റൗദ'യില്‍ നിസ്‌കരിച്ചു. പ്രവാചകനോട് തേങ്ങിക്കരഞ്ഞ പ്രസംഗ പീഠത്തിലെ അവശിഷ്ട മരത്തടിയെ അഭിവാദ്യം ചെയ്തു. ഖിബ്‌ലക്ക് മുന്നില്‍ വലതു വശത്ത് പ്രസംഗ പീഠത്തിനും ഖബ്‌റിനും മധ്യേയുള്ള ഒരു തൂണിനോട് ചേര്‍ന്ന് നില്‍ക്കുകയാണത്. പൂര്‍വികരുടെയും പിന്‍ഗാമികളുടെയും പ്രഭുവും പാപികളുടെ ശിപാര്‍ശകനും ഹാശിമി അബ്ത്വഹി ഗോത്രജനും ദൈവദൂതനുമായ മുഹമ്മദിന് സമര്‍പ്പിക്കേണ്ട അനുഗ്രഹ പ്രാര്‍ഥനകളുടെ ബാധ്യത ഞങ്ങള്‍ നിറവേറ്റി. തൊട്ടരികെ ശയിക്കുന്ന നബിയുടെ സുഹൃത്തുക്കളായ അബൂബക്ര്‍ സിദ്ദീഖിനും അബൂ ഹഫ്‌സ്വ ഉമറുല്‍ ഫാറൂഖിനും ഞങ്ങള്‍ അഭിവാദ്യാദരങ്ങള്‍ അര്‍പ്പിച്ചു. ഈ മഹത്തായ അനുഗ്രഹ ലബ്ധിയില്‍ ആനന്ദ പുളകിതരായി, പ്രവാചകന്റെ പുണ്യ ഗേഹത്തിലെത്തിച്ച അല്ലാഹുവിന് സ്തുതികളോതി, ഞങ്ങള്‍ യാത്രാ സംഘത്തിലേക്ക് തിരിച്ചുപോയി. ഇത് ഞങ്ങളുടെ അവസാന സന്ദര്‍ശനമാക്കാതിരിക്കാനും ഈ സന്ദര്‍ശനം കൈകൊണ്ട് ദൈവമാര്‍ഗത്തില്‍ രേഖപ്പെടുത്താനുമായി ഞങ്ങള്‍ പ്രാര്‍ഥിച്ചു.

പ്രവാചകന്റെ പള്ളി

മദീനയിലെ പ്രവാചകന്റെ മസ്ജിദ് ദീര്‍ഘാകൃതിയിലുള്ളതാണ്. നാലു ഭാഗത്തുനിന്നും വൃത്താകൃതിയിലുള്ള തളങ്ങളാല്‍ അത് ചുറ്റപ്പെട്ടിരിക്കുന്നു. നടുക്ക് ചരലും മണലും വിരിച്ച മുറ്റം. കൊത്ത് വേലകളുള്ള മാര്‍ബിള്‍ പതിച്ച റോഡിനാല്‍ വലയിതമാണ് മസ്ജിദ്. അനുപമവും അത്ഭുതകരവുമാണ് അതിന്റെ ആകൃതി. വര്‍ണനാതീതമാംവിധം അതിമനോഹരമായ മാര്‍ബിളുകളാല്‍ പ്രശോഭിതം. നിത്യവും അതില്‍ കസ്തൂരിയും സുഗന്ധ തൈലങ്ങളും പൂശുന്നു. മുന്‍വശത്തുള്ള പ്രാന്തത്തില്‍ തിരുമുഖത്തിന് നേരെയായി ഒരു വെള്ളിയാണിയുണ്ട്. ഖിബ്‌ലക്ക് പിന്തിരിഞ്ഞ് തിരുമുഖത്തിനഭിമുഖമായി ജനം ഇവിടെ നില്‍ക്കുന്നു. പ്രവാചകന് അഭിവാദ്യമര്‍പ്പിച്ച് വലതുവശത്തൂടെ അബൂബക്ര്‍ സിദ്ദീഖിന്റെ മുഖഭാഗത്തിന്  നേരെ നീങ്ങുന്നു. നബിയുടെ ഇരു പാദങ്ങള്‍ക്കരികെയാണ് അബൂബക്ര്‍ സിദ്ദീഖിന്റെ ശിരസ്സ്. അവിടന്നവര്‍ ഉമറുബ്‌നുല്‍ ഖത്വാബിന്റെ നേരെ നീങ്ങുന്നു. അബൂബക്ര്‍ സിദ്ദീഖിന്റെ ഇരു കൈപ്പത്തികള്‍ക്കരികെയാണ് ഉമറിന്റെ ശിരസ്സ്. വിശുദ്ധ റൗദ-അല്ലാഹു അതിന്റെ സൗരഭ്യം വര്‍ധിപ്പിക്കട്ടെ-യുടെ ഉള്ളിലായി മാര്‍ബിളില്‍ പണിത ചെറിയൊരു ഹൗദ് (ജലസംഭരണി) ഉണ്ട്. അതിനഭിമുഖമായി ഒരു മിഹ്‌റാബ് രൂപം കാണാം. പ്രവാചക പുത്രി ഫാത്വിമയുടെ വീടായിരുന്നു അതെന്ന് പറയപ്പെടുന്നു. ഖബ്‌റാണെന്നും പറയുന്നുണ്ട്. പള്ളിയുടെ മധ്യത്തിലായി നിലത്തോട് പറ്റിച്ചേര്‍ന്ന ഒരു ചുക്കാനുണ്ട്. പള്ളിക്ക് പുറത്ത് സ്ഥിതി ചെയ്തിരുന്ന അബൂബക്ര്‍ സിദ്ദീഖിന്റെ വീട്ടിലേക്ക് എത്തും വിധം ചവിട്ടുപടികളുള്ള ഒരു തുരങ്കത്തെ ആ ചുക്കാന്‍ കൊണ്ട് അടച്ചിരിക്കുകയാണ്. പ്രസ്തുത തുരങ്കത്തിലായിരുന്നു അബൂബക്ര്‍ സിദ്ദീഖിന്റെ വീട്ടിലേക്കുള്ള, സത്യവിശ്വാസികളുടെ മാതാവായ ആഇശയുടെ നടവഴി. ഹദീസില്‍ പരാമൃഷ്ടമായ ജനല്‍പഴുതായിരുന്നു അതെന്നതില്‍ സംശയമില്ല. മറ്റെല്ലാ പഴുതുകളുമടച്ച് അടക്കാതെ നിലനിര്‍ത്താന്‍ പ്രവാചകന്‍ കല്‍പിച്ച പഴുത്. ഉമറിന്റെ വീട് അബൂബക്‌റിന്റെ വീടിനഭിമുഖമായിട്ടാണ്. ഉമറിന്റെ മകന്‍ അബ്ദുല്ലയുടെ വീടും അവിടെ തന്നെ. മസ്ജിദിന്റെ കിഴക്ക് ഭാഗത്താണ് മദീനയിലെ ഇമാം മാലിക് ബിന്‍ അനസിന്റെ വീട്. ബാബുസ്സലാമിന് സമീപം ഒരു കുടിവെള്ള സ്ഥലമുണ്ട്. ചവിട്ടുപടികളിലൂടെ അങ്ങോട്ട് ഇറങ്ങിച്ചെല്ലാം. 'ഐന്‍ അസ്സര്‍ഖാ' എന്നാണ് ഈ ജലസ്രോതസ്സ് അറിയപ്പെടുന്നത്.

മദീനയുടെ പ്രാന്തപ്രദേശങ്ങള്‍

മദീനയുടെ പ്രാന്ത പ്രദേശങ്ങളില്‍ പെട്ടതാണ് ബഖീഅ്. മദീനയുടെ കിഴക്ക് ഭാഗത്താണത്. ബാബുല്‍ ബഖീഅ് എന്നറിയപ്പെടുന്ന ഒരു കവാടത്തിലൂടെയാണ് അങ്ങോട്ട് പുറപ്പെടുക. അങ്ങനെ പോവുമ്പോള്‍ ആദ്യം കണ്ടുമുട്ടുക അബ്ദുല്‍ മുത്ത്വലിബിന്റെ മകള്‍ സ്വഫിയ്യയുടെ ഖബ്‌റാണ്. പ്രവാചകന്റെ പിതൃവ്യയാണവര്‍; സുബൈറുബ്‌നുല്‍ അവാമിന്റെ ഉമ്മയും. അതിന് മുമ്പിലാണ്  അബൂ അബ്ദുല്ല ഇമാം മാലിക് ബിന്‍ അനസിന്റെ ഖബ്ര്‍. അതിന് മുകളില്‍ ഒതുക്കി നിര്‍മിച്ച ചെറിയൊരു ഖുബ്ബയുണ്ട്. ആ ഖബ്‌റിന്റെ മുന്നിലാണ് പ്രവാചകന്റെ വിശുദ്ധ പുത്രന്‍ ഇബ്‌റാഹീമിന്റെ അന്ത്യവിശ്രമ ഗേഹം. അതിന് മുകളില്‍ ഒരു വെള്ള ഖുബ്ബയുണ്ട്. അതിന്റെ വലത് വശം ഉമറുബ്‌നുല്‍ ഖത്വാബിന്റെ മകന്‍ അബ്ദുറഹ്മാന്റെ ഖബ്‌റിടം സ്ഥിതി ചെയ്യുന്നു; അബൂശഹ്മ എന്ന പേരില്‍ പ്രസിദ്ധനായ അബ്ദുര്‍റഹ്മാന്‍. അബൂത്വാലിബിന്റെ മകന്‍ അഖീലിന്റെ ഖബ്ര്‍ അതിനഭിമുഖമാണ്; അബ്ദുല്ലാഹിബ്‌നു ജഅ്ഫറുബ്‌നു അബീത്വാലിബിന്റെ ഖബ്‌റുമതെ. അതിന് നേര്‍ക്കൊരു തോട്ടമുണ്ട്. അവിടെയാണ് പ്രവാചക പത്‌നിമാരുടെ ഖബ്‌റിടങ്ങള്‍. അതിന് തൊട്ടുള്ള തോപ്പിലാണ് പ്രവാചകന്റെ പിതൃവ്യ പുത്രന്‍ അബ്ബാസ് ബ്‌നു അബ്ദുല്‍ മുത്വലിബ്, അലിയ്യിന്റെ മകന്‍ ഹസന്‍ എന്നിവരുടെ ഖബ്‌റുകള്‍. ഭദ്ര സുന്ദരമായി നിര്‍മിച്ച ഒരു ഖുബ്ബയാണ് ഹസന്റെ ഖബ്ര്‍. ബഖീഅ് കവാടത്തില്‍ വലത് വശത്താണത്. അബ്ബാസിന്റെ ഇരുപാദങ്ങള്‍ക്കരികെയാണ് ഹസന്റെ ശിരസ്സ്. നിലത്ത് നിന്ന് പൊക്കത്തിലാണ് ഇരുവരുടെയും ഖബ്‌റുകള്‍. വിസ്തൃതവും മനോഹരവുമായ പലകകളാല്‍ പൊതിയപ്പെട്ടവയുമാണവ. ബഖീഇലാണ് മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബിമാരുടെയൊക്കെ ഖബ്‌റുകള്‍. പക്ഷേ, അവയില്‍ മിക്കതും തിരിച്ചറിയാന്‍ പ്രയാസമത്രേ. ബഖീഅ് അവസാനിക്കുന്നതിന്റെ അറ്റത്താണ് ഉസ്മാനുബ്‌നു അഫ്ഫാന്റെ ഖബ്ര്‍. അതിന് മുകളില്‍ വലിയൊരു ഖുബ്ബയുണ്ട്. അതിന് സമീപം അലിയ്യിന്റെ മാതാവ് ഫാത്വിമ ബിന്‍ത് അസദ് ബ്‌നു ഹിശാമിന്റെ ഖബ്ര്‍ സ്ഥിതി ചെയ്യുന്നു.

കാഴ്ചകള്‍

മദീനയിലെ കാഴ്ച സ്ഥലങ്ങളിലൊന്നാണ് ഖുബാഅ്. മദീനക്ക് ഏതാണ്ട് രണ്ട് നാഴിക അകലെയാണിത്. ഈത്തപ്പന തോട്ടങ്ങളിലൂടെയാണ് രണ്ടിനുമിടയിലുള്ള വഴി. ഭക്തിയുടെയും ദൈവിക സംപ്രീതിയുടെയും അടിത്തറയില്‍ പണിത പള്ളി1 അവിടെയാണ്. ചതുരാകൃതിയിലാണ് ഈ പള്ളി. ദൂരെനിന്ന് കാണാവുന്ന നീളത്തില്‍ വെള്ള നിറത്തിലുള്ളൊരു മഠം അതിലുണ്ട്. നബി ഹിജ്‌റ ചെയ്ത് വന്നപ്പോള്‍ ഒട്ടകം മുട്ടുകുത്തിയത് അതിന്റെ മധ്യത്തിലാണ്. അവിടെ വെച്ച് നിസ്‌കരിക്കുന്നത് ജനങ്ങള്‍ പുണ്യമായി കരുതുന്നു. അതിന്റെ അങ്കണത്തിനഭിമുഖമായി ഒരു മിഹ്‌റാബ് കാണാം. പ്രവാചകന്‍ ആദ്യമായി മദീനയില്‍ നിസ്‌കരിച്ച സ്ഥലമാണത്. പള്ളിക്കഭിമുഖമായി സ്ഥിതി ചെയ്യുന്നതായിരുന്നു അബൂ അയ്യൂബില്‍ അന്‍സ്വാരിയുടെ വീട്. അതിനോട് തൊട്ടടുത്ത് നില്‍ക്കുന്നതായിരുന്നു അബൂബക്ര്‍, ഉമര്‍, ഫാത്വിമ, ആഇശ എന്നിവരുടെ വീടുകള്‍. 'ബിഅ്‌റു അരീസ്' എന്ന കിണര്‍ അതിന്റെ അഭിമുഖമായി സ്ഥിതി ചെയ്യുന്നു. 

പുണ്യ മദീനക്ക് പുറത്തുള്ള കാഴ്ച സ്ഥലങ്ങളിലൊന്നത്രേ ഹജ്‌റുസ്സുയൂത്ത് അഥവാ എണ്ണശില. അവിടെ വെച്ചാണ് പ്രവാചകന് ശിലയില്‍ നിന്ന് എണ്ണ ഇറ്റി ലഭിച്ചത്. അതിന്റെ വടക്ക് വശത്ത് ബിദാഅ കിണര്‍ സ്ഥിതി ചെയ്യുന്നു. അതിന്റെ നേരെ എതിരിലാണ് 'ജബ്‌ലുശൈത്താന്‍' അഥവാ ചെകുത്താന്‍ മല. അവിടെ വെച്ചാണത്രേ 'നിങ്ങളുടെ നബിയെ ഞാന്‍ കൊന്നു'വെന്ന് പിശാച് അട്ടഹസിച്ചത്. പ്രാന്തത്തില്‍ സഖ്യ സേനകളെ തോല്‍പിച്ച ഖന്‍ദഖ് യുദ്ധത്തില്‍ പ്രവാചകന്‍ കുഴിച്ച കിടങ്ങ് സ്ഥിതി ചെയ്യുന്നു. ഉസ്സാബ് കോട്ട എന്നറിയപ്പെടുന്ന ഒരു കോട്ടയുണ്ടവിടെ. മദീനയിലെ അവിവാഹിതര്‍ക്കായി ഉമര്‍ നിര്‍മിച്ചതാണത്. അതിന്റെ മുന്നില്‍ പടിഞ്ഞാറു ഭാഗത്തായാണ് ഉസ്മാന്‍ ഇരുപതിനായിരം ദിര്‍ഹമിന്ന് വാങ്ങി ദാനം ചെയ്ത ബിഅ്‌റു റൂമ എന്ന കിണര്‍.

ഉഹുദാണ് മറ്റൊരു കാഴ്ച സ്ഥലം. 'ഞങ്ങള്‍ സ്‌നേഹിക്കുകയും ഞങ്ങളെ സ്‌നേഹിക്കുകയും ചെയ്യുന്ന ഉഹുദ്' എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച പുണ്യ പര്‍വതം. വിശുദ്ധ മദീനയില്‍ നിന്ന് ഒരു ഫര്‍സഖ് അകലെയാണ് അതിന്റെ കിടപ്പ്. അതിന്റെ എതിര്‍ ഭാഗത്താണ് ഉഹുദ് യുദ്ധത്തിലെ രക്തസാക്ഷികള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇവിടെയാണ് ഹസ്രത്ത് ഹംസയുടെ ഖബ്ര്‍. അതിന്റെ ചുറ്റും ഇതര രക്തസാക്ഷികളുടെ ഖബ്‌റുകളും സ്ഥിതി ചെയ്യുന്നു.

ഉഹുദിലേക്കുള്ള വഴിയില്‍ ഹസ്രത്ത് അലിയുമായി ചേര്‍ത്ത് പറയുന്ന ഒരു പള്ളിയുണ്ട്. സല്‍മാനുല്‍ ഫാരിസിയുമായി ചേര്‍ത്ത് പറയുന്ന പള്ളിയും അല്‍ ഫത്ഹ് പള്ളിയും ഇവിടെ തന്നെ. 'അല്‍ ഫത്ഹ്' പള്ളിയില്‍ വെച്ചാണ് പ്രവാചകന് ഖുര്‍ആനിലെ അല്‍ ഫത്ഹ് അധ്യായം അവതരിച്ചത്. നാലു ദിവസമായിരുന്നു മദീനയിലെ ഞങ്ങളുടെ താമസം. എല്ലാ രാത്രിയും ഞങ്ങള്‍ പ്രവാചകന്റെ പള്ളിയില്‍ അന്തിയുറങ്ങി. ആളുകള്‍ പള്ളിത്തളത്തില്‍ വലിയ മെഴുകുതിരി കത്തിച്ചു വട്ടമിട്ടിരിക്കും. കൂട്ടത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സംഘങ്ങളുണ്ട്. ദൈവ നാമജപം നടത്തുന്നവരാണ് ചിലര്‍. നബിയുടെ വിശുദ്ധ ഖബ്ര്‍ സന്ദര്‍ശിക്കാനെത്തുന്നവരാണ് മറ്റു ചിലര്‍. അല്ലാഹു ആ ഖബ്‌റിടത്തിന്റെ സൗരഭ്യം വര്‍ധിപ്പിക്കട്ടെ. നാനാ ഭാഗത്ത് നിന്നും ആളുകള്‍ ഉച്ചത്തില്‍ നബികീര്‍ത്തനങ്ങള്‍ ആലപിക്കുന്നു. ആ വിശുദ്ധ രാത്രികളില്‍ ഇതൊരു പതിവ് കാഴ്ചയായിരുന്നു. അയല്‍ക്കാര്‍ക്കും ആവശ്യക്കാര്‍ക്കുമൊക്കെ ജനം ഉദാരമായി ദാനം ചെയ്യുന്നുണ്ടായിരുന്നു. മദീനയില്‍ നിന്ന് ഞങ്ങള്‍ മക്കയെ ലക്ഷ്യമാക്കി പുറപ്പെട്ടു.  (തുടരും)

വിവ: വി.എ.കെ

കുറിപ്പ്

1. മദീനയിലെ കപട വിശ്വാസികള്‍ ശത്രുക്കളുമായി ഗൂഢാലോചന നടത്തി ഒരു പള്ളി നിര്‍മിച്ചപ്പോള്‍ അവതരിച്ച താഴെ കൊടുത്ത ഖുര്‍ആന്‍ സൂക്തമാണ് സൂചന: ''ദുരുദ്ദേശ്യത്തോടും സത്യനിഷേധത്താല്‍ പ്രചോദിതരായും വിശ്വാസികള്‍ക്കിടയില്‍ ഛിദ്രത സൃഷ്ടിക്കാനും, മുമ്പ് അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുന്നവര്‍ക്ക് താവളമായും പള്ളി പണിതവര്‍ തങ്ങള്‍ നല്ലതേ ഉദ്ദേശിച്ചിട്ടുള്ളൂ എന്ന് ആണയിട്ടു. ഒരിക്കലും നീ അവിടെ നിസ്‌കരിച്ചുപോകരുത്. അവര്‍ കള്ളം പറയുന്നവരാണെന്നതിന് അല്ലാഹു സാക്ഷിയാണ്. ആദിയിലേ ദൈവഭക്തിയില്‍ കെട്ടിപ്പടുത്ത പള്ളിയാണ് നിനക്ക് നിസ്‌കരിക്കാന്‍ ഏറ്റവും അര്‍ഹം. വിശുദ്ധി നേടാന്‍ ആഗ്രഹിക്കുന്നവര്‍ അവിടെയുണ്ട്. വിശുദ്ധരെ അല്ലാഹു ഇഷ്ടപ്പെടുന്നു'' (തൗബ 107,108).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /35-37
എ.വൈ.ആര്‍