Prabodhanm Weekly

Pages

Search

2015 ജൂണ്‍ 26

സുപ്രീം കോടതിയുടെ പുതിയ വിധി, ശാബാനു കേസിന്റെ തനിയാവര്‍ത്തനം

എസ്.ക്യു.ആര്‍. ഇല്യാസ് /വിശകലനം

      വിവാഹമോചിതയുടെ ജീവനാംശവുമായി ബന്ധപ്പെട്ട് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ഒരു വിധി കൂടി സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നു. ശാബാനു കേസില്‍ സുപ്രീംകോടതി മുസ്‌ലിം സമുദായത്തെ എത്തിച്ച സമാന സാഹചര്യം തന്നെയാണ് ഇപ്പോഴത്തെ കോടതി വിധിയിലൂടെയും സംജാതമായിരിക്കുന്നത്. 

2015 ഏപ്രില്‍ 15ന് സുപ്രീംകോടതി, ശാഹിദ് ഖാന്‍-ശമീമ ഫാറൂഖി കേസില്‍ വിവാഹ മോചിത ശമീമ ഫാറൂഖിക്ക് മുന്‍ഭര്‍ത്താവ് ശാഹിദ്ഖാന്‍ അവളുടെ പുനര്‍വിവാഹം നടക്കുന്നത് വരെ നാലായിരം രൂപ വീതം ഓരോ മാസവും ചെലവിന് നല്‍കണമെന്ന കുടുംബകോടതി വിധിയെ ശരിവെച്ചിരുന്നു. സി.ആര്‍.പി.സി. 125-ാം വകുപ്പില്‍ മുന്‍ ഭര്‍ത്താവ് അത് നല്‍കാന്‍ ബാധ്യസ്ഥനാണെന്നും മുസ്‌ലിംകള്‍ ഈ വകുപ്പില്‍ നിന്ന് ഒഴിവാകില്ല എന്നുമാണ് ഹൈക്കോടതിയുടെ ന്യായം. എന്നല്ല, മുസ്‌ലിം വിവാഹ മോചിത ആക്ടും ഈ വകുപ്പില്ലെന്ന് സ്ഥിതീകരിച്ചിട്ടില്ല. മുസ്‌ലിം വിവാഹമോചിത ആക്ടിന്‍മേലുള്ള സുപ്രീംകോടതി വിധി ആ അനുവദനീയതയെ സൂചിപ്പിക്കുകയും ചെയ്യുന്നു. ഹൈക്കോടതി തങ്ങളുടെ വിധിയെ ശക്തിപ്പെടുത്താന്‍ സുപ്രീംകോടതിയുടെയും മറ്റ് കോടതികളുടെയും ചില വിധികളെ തെളിവായുദ്ധരിക്കുക കൂടി ചെയ്തിരിക്കുന്നു.

ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. കോടതി ശാബാനു കേസില്‍ അവരുടെ മുന്‍ഭര്‍ത്താവ് മുഹമ്മദ് അഹ്മദിന് നല്‍കിയ നിര്‍ദേശം, 1871 രൂപ ജീവിതാന്ത്യം വരെ നല്‍കണമെന്നാണ്. ദുഃഖകരമെന്ന് പറയട്ടെ, അതിന്റെ പ്രതിഷേധമെന്നോണമുണ്ടായ ആക്ടിനെ അടിസ്ഥാനമാക്കി മുന്‍ ഭര്‍ത്താവ് ഇദ്ദ കാലയളവില്‍ തന്നെ ജീവിതാന്ത്യം വരെയുളള ചെലവ് (അത് പലപ്പോഴും ലക്ഷങ്ങളാവും) ഒന്നിച്ച് നല്‍കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്യുന്നു. ശാബാനു കേസിലെ സുപ്രീം കോടതി വിധിയാണോ ദുഷ്‌കരം, അതോ ഈ ആക്ടിന്റെ വെളിച്ചത്തില്‍ പുറപ്പെടുവിച്ചിരിക്കുന്ന വിധിയാണോ കൂടുതല്‍ ദുഷ്‌കരവും ശരീഅത്ത് വിരുദ്ധവും?

ശാബാനു വിധിയോടുള്ള മുസ്‌ലിം പ്രതിഷേധത്തെതുടര്‍ന്നും പാര്‍ലമെന്റിലെ ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവിലും രൂപപ്പെട്ട മുസ്‌ലിം വിവാഹമോചിത ആക്ടിലും (The Muslim Women Protection for Right on Divorce Act, 1986) ചില പിഴവുകളും കുറവുകളും ഉണ്ടായിരുന്നു. ആ പിഴവുകളാണ് ഹൈക്കോടതിയുടെ തെറ്റായ വിധിക്കാധാരമായത്. മുന്‍ഭര്‍ത്താവിന് ഇദ്ദാ കാലയളവ് വരെ ചെലവിന് കൊടുക്കാനുള്ള ബാധ്യതയേ ഇസ്‌ലാമിക ശരീഅത്ത് പ്രകാരം ഉള്ളൂ. പിന്നീട് ഒരുത്തരവാദിത്തവും അദ്ദേഹത്തിനില്ല തന്നെ. സൂറഃ അല്‍ബഖറയിലെ 241-ാം വചനത്തിന്റെ സാരം ഇതാണ്: ''ത്വലാഖ് ചെയ്യപ്പെടുന്ന സ്ത്രീകളെ ഉചിതമായ വിഭവം നല്‍കി പിരിച്ചയക്കേണ്ടതാകുന്നു. അത് ഭക്ത ജനങ്ങളുടെ ബാധ്യതയത്രെ.'' ബന്ധം വേര്‍പെടുത്തുമ്പോള്‍ നല്‍കേണ്ട ധാര്‍മിക ബാധ്യതയെക്കുറിച്ച പരാമര്‍ശമാണ് ഈ വചനത്തിലുള്ളത്. ജീവിതകാലം വരെ നല്‍കേണ്ട ജീവനാംശത്തെക്കുറിച്ച നേരിയ സൂചനപോലും ഇതിലില്ല. ഇതൊരു പ്രേരണ മാത്രമാണ്. ഈ വചനത്തിന് ഹൈക്കോടതി നല്‍കിയ പോലൊരു വ്യാഖ്യാനം ഇസ്‌ലാമിക ചരിത്രത്തിലിന്നോളം ഒരു ഖുര്‍ആന്‍ വ്യാഖ്യാതാവും നല്‍കിയിട്ടില്ല. 

ഈ ആക്ടിലെ രസാവഹമായ കാര്യം, ജീവനാംശം ഇദ്ദക്കിടയില്‍ നല്‍കണമെന്ന പരാമര്‍ശമാണ്. ഇദ്ദ കാലയളവിന് വേണ്ടി നല്‍കണമെന്നല്ല പറഞ്ഞത്. മാന്യമായ വിഭവവും ഇദ്ദാ കാലയളവിന് നല്‍കുന്ന ജീവനാംശവും ഒന്നിച്ച് ചേര്‍ത്തിരിക്കുന്നതാണ് മറ്റൊരു പിഴവ്. 

'A reasonable and fair provision and maintenance to be made and paid within the Iddat period by her former husband.' അതായത് ''വിവാഹ മോചിതക്ക് മാന്യമായ വിഭവവും ജീവനാംശവും മുന്‍ഭര്‍ത്താവില്‍ നിന്നും ഇദ്ദക്കിടയില്‍ ലഭിക്കപ്പെടേണ്ടതാകുന്നു.'' ഈ ആക്ടിലെയും രസാവഹമായ കാര്യം ക്രിമിനല്‍ നടപടിക്രമം 125-ാം വകുപ്പ് മുസ്‌ലിംകള്‍ക്ക് ബാധകമല്ലെന്ന ശാബാനുകേസ് വിധിയോടുള്ള പ്രതിഷേധമെന്നോണമാണ് വിവാഹ മോചിത ആക്ട് കൊണ്ടുവന്നത് എന്നതാണ്. എന്നാല്‍ ഈ ആക്ടിലെ അഞ്ചാം ഖണ്ഡികയില്‍ പറയുന്നു: ഏത് കേസിന്റെയും ആദ്യ വിസ്താരത്തില്‍ മുന്‍ഭര്‍ത്താവും വിവാഹ മോചിതയും തങ്ങളുടെ പ്രശ്‌നം സി.ആര്‍.പി.സി. 125-ാം വകുപ്പനുസരിച്ച് നടപ്പാക്കണമെന്ന് മജിസ്‌ട്രേറ്റിനു മുമ്പാകെ രേഖാമൂലം ആവശ്യപ്പെട്ടാല്‍ അതുപ്രകാരം ചെയ്യേണ്ടതാണ്. 

ജസ്റ്റിസ് രാജേന്ദ്ര ബാബു തന്റെ വിധിയുടെ ആദ്യത്തില്‍ ഈ ആക്ടിന് അത്ഭുതകരമായ വ്യാഖ്യാനം നല്‍കിക്കൊണ്ടുപറഞ്ഞു: യഥാര്‍ഥത്തില്‍ ഈ നിയമം, ശാബാനു കേസില്‍ നല്‍കപ്പെട്ട വിധിയെത്തന്നെ നിയമത്തിന്റെ അച്ചില്‍ വാര്‍ക്കുകയാണ് ചെയ്തത്. മറ്റൊരു വസ്തുത കൂടി ഹൈക്കോടതി പറഞ്ഞു: ഈ ആക്ടനുസരിച്ച് മുന്‍ ഭര്‍ത്താവിന്റെ ഉത്തരവാദിത്തം വിവാഹമോചിതക്ക് ഇദ്ദക്കിടയില്‍ ജീവനാംശം ഉള്‍പ്പെടെ ഉചിതമായ ഒരു സംഖ്യ വിഭവമായി നല്‍കലാകുന്നു. 

മാന്യമായ വിഭവത്തിന്റെ പേരില്‍ നല്‍കുന്നതെന്തും ഇദ്ദാ കാലയളവിന് ശേഷവും ഇദ്ദക്കുള്ളിലും നല്‍കാവുന്നതാണ്. പ്രസ്തുത സംഖ്യ ഒന്നിച്ചും ഇന്‍സ്റ്റാള്‍മെന്റായും നല്‍കാവുന്നതാണ്. ഈ ആക്ടിന്റെ വെളിച്ചത്തില്‍ വിവാഹമോചിതക്ക് നല്‍കപ്പെടുന്ന ചെലവ് ഇദ്ദാ കാലയളവ് വരെ മാത്രമല്ല. പിന്നീട് ദായധനത്തിനവകാശികളായിത്തീരുന്നവര്‍ക്കും വഖ്ഫ് ബോര്‍ഡിനുമാണതിന്റെ ഉത്തരവാദിത്തമെന്ന് ഹൈക്കോടതി അതിന്റെ വകുപ്പുകളില്‍ പറയുന്നു: ഇന്ത്യന്‍ ഭരണഘടന 14,15 വകുപ്പുകളുടെ അടിസ്ഥാനത്തില്‍ എല്ലാ ഇന്ത്യന്‍ പൗരനും ഈ ആക്ടില്‍ തുല്യരാണ്. എല്ലാവര്‍ക്കും ഒരേ നിയമം തന്നെയാണ് നടപ്പിലാക്കുക. ഭരണഘടന 21-ാം വകുപ്പിന്റെ അടിസ്ഥാനത്തില്‍ എല്ലാ പൗരനും നല്ല ജീവിതം ലഭിക്കാനുള്ള അവകാശമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് കോടതി പറയുന്നത്. ഈ പ്രസ്താവനയുടെ ഉദ്ദേശ്യം ഈ ആക്ട് മുസ്‌ലിം സ്ത്രീകളോട് ഒരു വിവേചനവും കാണിക്കുന്നില്ല, ഇന്ത്യയിലെ മറ്റ് സ്ത്രീകള്‍ക്ക് ലഭിക്കുന്നതെല്ലാം മുസ്‌ലിം സ്ത്രീക്കും ലഭിക്കുന്നു, അതുകൊണ്ട് തന്നെ ഈ ആക്ട് ഇന്ത്യന്‍ ഭരണഘടനക്കെതിരല്ല എന്നൊക്കെയാണ്. 

ഹൈക്കോടതിയുടെ ഈ വിശദീകരണത്തിന് ശേഷം കീഴ്‌ക്കോടതികളും ഹൈക്കോടതി തന്നെയും തദ്വിഷയകമായി പുറപ്പെടുവിക്കുന്ന വിധികളോരോന്നും ശാബാനു കേസ് വിധിയേക്കാള്‍ അസഹ്യവും പ്രയാസമേറിയതുമാണ്. മുന്‍ ഭര്‍ത്താക്കള്‍ ലക്ഷക്കണക്കിന് രൂപ ഇദ്ദക്കുള്ളില്‍ ഒന്നിച്ചോ ഇന്‍സ്റ്റാള്‍മെന്റായോ നല്‍കണമെന്ന് കോടതികള്‍ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.

മുസ്‌ലിം വിവാഹ മോചിത ആക്ടുള്ളതോടൊപ്പം തന്നെ സി.ആര്‍.പി.സി. 125-ാം വകുപ്പും മുസ്‌ലിംകള്‍ക്ക് ബാധകമാവാതിരിക്കുകയില്ല എന്നും കോടതികള്‍ പറയുന്നു. അതിനാല്‍ ഈ വകുപ്പനുസരിച്ച് വിധിക്കപ്പെടാവുന്നതാണ്. ഫലമോ, ഇരുഭാഗത്തുനിന്നും വിധികള്‍ വന്നുകൊണ്ടിരിക്കുന്നു. ഇരു വിധികളിലൂടെയും ഈ സമുദായം അനീതിക്കും അന്യായത്തിനും ഇരയായിക്കൊണ്ടിരിക്കുന്നു. ഇദ്ദക്കിടയില്‍ ലക്ഷക്കണക്കിന് രൂപ ഒന്നിച്ചോ ഇന്‍സ്റ്റാള്‍മെന്റായോ നല്‍കണമെന്ന് വിധി അനീതിയാണ്. ശാബാനു കേസ് വിധിയിലെ അനീതിയും അന്യായവും ഇല്ലാതാക്കാന്‍ വേണ്ടി ഉണ്ടാക്കിയ ആക്ടിലും അതിനേക്കാള്‍ വലിയ അന്യായമാണ് ഉണ്ടായിരിക്കുന്നത്.

കോടതികള്‍ ശരീഅത്തിന് സ്വന്തമായ വ്യാഖ്യാനങ്ങളും അതിനനുസരിച്ച വിധികളും നല്‍കിക്കൊണ്ടിരിക്കുന്നു. ശരീഅത്തനുസരിച്ച് നിയമമുണ്ടാക്കാനുള്ള ഒരു സാഹചര്യവും പാര്‍ലമെന്റില്‍ കാണാനും കഴിയുന്നില്ല. ഈ കലുഷിതാന്തരീക്ഷത്തില്‍ മുസ്‌ലിം സമൂഹം എന്താണ് ചെയ്യേണ്ടത്? 

മുസ്‌ലിംകളുടെ മുമ്പില്‍ രണ്ട് വഴികളാണുള്ളത്. ഒന്ന്, മുസ്‌ലിംകള്‍ സ്വന്തം സമൂഹത്തെ സംസ്‌കരിക്കുക. ശരീഅത്ത് നല്‍കിയ അവകാശങ്ങളേക്കാള്‍ കൂടുതല്‍ മുസ്‌ലിം സ്ത്രീകള്‍ ആവശ്യപ്പെടുന്നത് അതിക്രമമാണെന്ന് ബോധ്യപ്പെടുത്തുക. വിവാഹ മോചിതയുടെ ഇദ്ദാകാലത്തിന് ശേഷം മാതാപിതാക്കള്‍, സഹോദരങ്ങള്‍, മറ്റ് ബന്ധുക്കള്‍ എന്നിവര്‍ക്കാണ് നിസ്സഹായരായ ഇവരുടെ സംരക്ഷണച്ചുമതല. ഇവരുടെ അഭാവത്തില്‍, മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡും മറ്റു ദീനി സംഘടനകളും സക്കാത്തില്‍ നിന്ന് പ്രത്യേകം ഫണ്ട് ഇവരുടെ സംരക്ഷണത്തിനായി നീക്കിവെക്കേണ്ടതുണ്ട്. കാരണം, ഇസ്‌ലാമിക ഭരണത്തില്‍ വിവാഹ മോചിതകളുടെ സംരക്ഷണോത്തരവാദിത്തം ഭരണകൂടത്തിനും അതില്ലാത്തിടത്ത് മുഴുവന്‍ സമുദായസ്‌നേഹികള്‍ക്കുമാകുന്നു.

രണ്ട്, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇസ്‌ലാമിക തര്‍ക്ക പരിഹാര കേന്ദ്രങ്ങളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുക. ഇതിലൂടെ പ്രശ്‌നപരിഹാരം ശരീഅത്തനുസരിച്ചാവാനും കുറഞ്ഞ ചെലവിലും കുറഞ്ഞ സമയത്തിനുള്ളിലും അത് പ്രയോഗത്തില്‍ വരുത്താനും കഴിയുന്നു. ഈ രംഗത്ത് മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഒരു വശത്ത് സമൂഹ സംസ്‌കരണത്തിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും വര്‍ധിത ശ്രദ്ധ നല്‍കുകയും മറുവശത്ത് രാജ്യം മുഴുക്കെ ദാറുല്‍ ഖദാഅ് ശൃംഖലകള്‍ സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്. 

അനിവാര്യമായും ശ്രദ്ധ തിരിയേണ്ട മറ്റൊരു കാര്യം, കുടുംബജീവിതത്തിലും വൈവാഹിക വിഷയങ്ങളിലും ഇരുഭാഗത്തുനിന്നും സംഭവിക്കുന്ന അതിക്രമങ്ങള്‍ (പ്രത്യേകിച്ചും പുരുഷന്റെ ഭാഗത്ത് നിന്ന്) തടയാനുള്ള വഴികള്‍ ആരായുക എന്നതാണ്. നാം നമ്മുടെ വീടകം ശരിപ്പെടുത്തിയാല്‍ ശരീഅത്തിന് പുറത്തെ ഇടപെടലിനെ അനായാസം പ്രതിരോധിക്കാന്‍ കഴിയും. ഒപ്പം രാജ്യനിവാസികളെ ഇസ്‌ലാമിലെ കുടുംബനിയമങ്ങളുടെ നന്മയും മേന്മയും, ദമ്പതിമാരുടെ അവകാശങ്ങളും ബാധ്യതകളും, ഇസ്‌ലാമിന്റെ സന്തുലിത ജീവിത വീക്ഷണം എന്നിവയെ സംബന്ധിച്ച് പഠിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. പലപ്പോഴും കോടതികളുടെ തെറ്റായ വിധികള്‍ക്കാധാരമായി വര്‍ത്തിക്കുന്നത് അറിവില്ലായ്മയാണ്. 

(മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് സമിതിയംഗമാണ് ലേഖകന്‍) 

വിവ: അബ്ദുസ്സലാം പുലാപ്പറ്റ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /35-37
എ.വൈ.ആര്‍