Prabodhanm Weekly

Pages

Search

2015 ജൂണ്‍ 26

അല്ലാമാ യൂസുഫലി ഒരു ഖുര്‍ആന്‍ പരിഭാഷകന്റെ ജീവിതം

സി.ടി ബഷീര്‍ /വ്യക്തിചിത്രം

        സൂരറ്റില്‍, ദാവൂദ് ബോറ കുടുംബത്തില്‍ 1872 ഏപ്രില്‍ 4 നാണ് പ്രഗത്ഭ ഖുര്‍ആന്‍ ഇംഗ്ലീഷ് പരിഭാഷകനും വ്യാഖ്യാതാവുമായ യൂസുഫലി ജനിച്ചത്. മാതാവിനെയും മൂത്തസഹോദരനെയും പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. പിതാവ് ഖാന്‍ബഹാദൂര്‍ അല്ലാബക്ഷ്. പ്രാഥമിക വിദ്യാഭ്യാസം ബോംബെയിലെ വില്‍സണ്‍ സ്‌കൂളിലായിരുന്നു. വില്‍സണ്‍ കോളേജില്‍ നിന്നു മെട്രിക്കുലേഷന്‍ പാസായി. ഓര്‍ക്കസ് ബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ ഉന്നത പഠനം. നല്ല മാര്‍ക്കോടെ ഐ.സി.എസ് പാസായി. സഹറാന്‍പൂരില്‍ അസി. മജിസ്‌ട്രേറ്റ് (കലക്ടര്‍) ആയിട്ടായിരുന്നു ആദ്യ നിയമനം. ഉദ്യോഗത്തിന്റെ പടവുകള്‍ വേഗം വേഗം കയറാന്‍ സാധിച്ചു. 1912-ല്‍ ഫത്തേപൂര്‍സിക്രിയില്‍ ജില്ലാ മജിസ്‌ട്രേറ്റ് (കലക്ടര്‍) ആയി.

യൂസുഫലിയുടെ സമകാലീനരായിരുന്നു സയ്യിദ് ബദറുദ്ദീന്‍ തയ്യബ്ജി, മുഹമ്മദലി ജിന്ന, മുഹമ്മദലി ജൗഹര്‍, മുഹമ്മദ് ഇഖ്ബാല്‍, ശിബ്‌ലി നുഅ്മാനി, മൗലവി മുഹമ്മദലി, സയ്യിദ് അമീര്‍ അലി, മുഹമ്മദ് പിക്താള്‍, അബുല്‍കലാം ആസാദ്, സര്‍ സയ്യിദ് അഹ്മദ് ഖാന്‍ എന്നിവര്‍. സര്‍ സയ്യിദും അമീര്‍ അലിയും യൂസുഫലിയും സമാന ചിന്തകള്‍ പുലര്‍ത്തിയവരായിരുന്നു. മറ്റെല്ലാവരും ദേശീയ സമരത്തില്‍ പങ്കെടുത്തവരും. എന്നാലും ദേശീയ സമരം മൂര്‍ഛിച്ചപ്പോള്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ലോഡ്‌മെര്‍ലിയോട് പാര്‍ലിമെണ്ടറി ഭരണകൂടം സ്ഥാപിക്കാന്‍ യൂസുഫലി ഉപദേശിച്ചിരുന്നു. യൂറോപ്യന്‍ ജീവിതരീതിയായിരുന്നു യൂസുഫലിയുടേത്. A bridge between India & West (പാശ്ചാത്യര്‍ക്കും ഇന്ത്യക്കുമിടയിലെ പാലം) എന്നായിരുന്നു ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. 'സിവില്‍ സര്‍വീസില്‍ വളരെ കഴിവുള്ള വ്യക്തി, മഹത്തായ മുസ്‌ലിം സമുദായക്കാരന്റെ പ്രതിനിധി' എന്നും.

അദ്ദേഹം റോയല്‍ സൊസൈറ്റി ഓഫ് ആര്‍ട്‌സിലേക്കും റോയല്‍ സൊസൈറ്റി ഓഫ് ലിറ്ററേച്ചറിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റോയല്‍ സൊസൈറ്റി ഓഫ് ആര്‍ട്‌സിലാണ് യൂസുഫലിയുടെ പ്രസിദ്ധമായ പ്രസംഗം-The Indian Muhammadans, the past, present and future-അരങ്ങേറിയത് (1906-ല്‍). 1876-ല്‍  ബോംബെയില്‍ അഞ്ചുമനെ-ഇസ്‌ലാം സഭ രൂപീകരിച്ചതിലും, കല്‍ക്കത്തയില്‍ സെന്‍ട്രല്‍ നാഷ്‌നല്‍ മുഹമ്മദന്‍സ് അസോസിയേഷന്‍ രൂപീകരിച്ചതിലും, 1884-ല്‍ ലാഹോറില്‍ അഞ്ചുമന്‍ ഹിമായത്തുല്‍ ഇസ്‌ലാം രൂപീകരിച്ചതിലും യൂസുഫലി കാര്യമായ പങ്കുവഹിച്ചു. യൂസുഫലി ഹൈദരാബാദ് നൈസാമിന്റെ ഉപദേശക സമിതിയില്‍ അംഗമായിരുന്നിട്ടുണ്ട്. 1917 ജനുവരിയില്‍ യൂസുഫലി അധ്യക്ഷം വഹിച്ച യോഗത്തിലായിരുന്നു മര്‍മഡ്യൂക് പിക്താള്‍ (ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ്) മുഹമ്മദ് നബിയുടെ ജീവിതത്തെക്കുറിച്ച് ഉജ്വലമായ പ്രഭാഷണം നടത്തിയത്. ഏതാണ്ട് അക്കാലത്തു തന്നെയാണ് സര്‍ തോമസ് ആര്‍നോള്‍ഡിന്റെ പ്രീച്ചിംഗ് ഓഫ് ഇസ്‌ലാം എന്ന പ്രശസ്ത ഗ്രന്ഥവും പ്രസിദ്ധീകരിച്ചത്. ബൈബിള്‍ മറാത്തിയില്‍ ഭാഷാന്തരം ചെയ്ത റവ. ജോണ്‍ വിത്സന്റെ സ്‌കൂളില്‍ അദ്ദേഹം കുറച്ചുകാലം പഠിച്ചിരുന്നു. അപ്പോള്‍ അങ്കുരിച്ചതായിരിക്കണം ഖുര്‍ആന്‍ പരിഭാഷ എന്ന ആശയം. ജസ്റ്റിസ് അമീര്‍ അലിയുടെ നാനൂറോളം പേജുവരുന്ന 'മുഹമ്മദന്‍ ലോ'യുടെ പ്രസിദ്ധീകരണവും അക്കാലത്തിന്റെ സംഭാവനയായിരുന്നു.

1928-ല്‍ ലീഗ് ഓഫ് നാഷന്‍സിലെ (ജനീവ) ഇന്ത്യന്‍ പ്രതിനിധികളില്‍ ഒരാളായിരുന്നു. 1929-ല്‍ അമേരിക്ക, ഹവാലി ദ്വീപ്, ജപ്പാന്‍, ചൈന, ഫിലിപ്പൈന്‍സ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 1931-ല്‍ ഇഖ്ബാലിനോടൊപ്പം ലണ്ടനിലെ ആദ്യ വട്ടമേശ സമ്മേളനത്തിലും സംബന്ധിച്ചു. 1923-ല്‍ പഞ്ചാബ് മുസ്‌ലിം വിദ്യാഭ്യാസ സമ്മേളനത്തില്‍ ചെയ്ത പ്രഭാഷണങ്ങള്‍ ഇസ്‌ലാമിക പന്ഥാവിലേക്കുള്ള പ്രയാണത്തിന്റെ നിദര്‍ശനങ്ങളായിരുന്നു. അക്കാലത്ത് തന്നെ ബ്രിട്ടീഷ് ഭരണകൂടത്തെ ശക്തമായി പിന്തുണക്കുന്ന The Making of India, Indian Empire എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ആദ്യ രചന സില്‍ക്ക് വ്യവസായത്തെ സംബന്ധിക്കുന്നതായിരുന്നു.

1900-ല്‍ ഇംഗ്ലീഷ്‌കാരി തെരേസ മേരി ഷല്‍ഡേര്‍സിനെ വിവാഹം കഴിച്ചു. സെന്റ് പീറ്റേര്‍സ് ചര്‍ച്ചിലായിരുന്നു വിവാഹച്ചടങ്ങുകള്‍. അവരോടൊപ്പം യു.പിയില്‍ താമസിക്കുമ്പോള്‍ 1901-ല്‍ ഇദ്‌രീസും, 1902-ല്‍ അസ്ഗര്‍ ബ്ലോയും, 1904-ല്‍ അര്‍ബന്‍ ഹൈദറും പിറന്നു. തെരേസ ഇംഗ്ലണ്ടില്‍ തന്നെ തങ്ങി. 1906-ല്‍ ലൈലയും പിറന്നു. പിന്നീട് തെരേസയുടെ അപഥ സഞ്ചാരത്തില്‍ ഒരു സന്താനം പിറന്നതോടെ വിവാഹ മോചനവും നടന്നു. ഇത് മൃദുല ചിത്തനായ യൂസുഫലിക്ക് കഠിനമായ ദുഃഖത്തിന്റെ നാളുകളായിരുന്നു. 1908-ല്‍ എട്ടുമാസത്തെ ലീവില്‍ ലണ്ടനില്‍ പോയി താമസിക്കാനും, മനഃസംഘര്‍ഷത്തിനു ചികിത്സിക്കാനും, കോടതിയും കേസുമായും നടക്കാനും ഇടയായി. കുട്ടികളെയെല്ലാം പിതാവിന്റെ കൂടെ വിടാന്‍ കോടതി വിധിച്ചു. അവരുടെ വിദ്യാഭ്യാസത്തിന് ഒരു ഇംഗ്ലീഷ് ആയയെ ഏല്‍പിച്ചു. അദ്ദേഹം ഇന്ത്യയിലേക്കു തിരിച്ചുവന്നു. രണ്ടാമത്തെ മകന്‍ അസ്ഗര്‍ ബ്ലോയ് പതിനാലു വയസ്സാകുമ്പോള്‍ മുതല്‍ പിതാവിനെ തെറി പറയുവാനും അപമാനിക്കാനും അദ്ദേഹത്തിനെതിരെ അപവാദം പ്രചരിപ്പിക്കാനും തുടങ്ങിയിരുന്നു. ഇതിനിടെ ഭാര്യ തെരേസ കാമുകനെ വിട്ടു മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. 

1905-ല്‍ ഹൈക്കോര്‍ട്ട് ജഡ്ജിയും കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന ബദ്‌റുദ്ദീന്‍ തയ്യബ്ജി അന്തരിച്ചപ്പോള്‍ മുസ്‌ലിംകള്‍ വിഭാഗീയത മറന്നു അദ്ദേഹത്തിന്റെ ജനാസയില്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന അനുസ്മരണ യോഗത്തില്‍ യൂസുഫലി ഒരു പ്രാസംഗികനായിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ കയ്പുള്ള അനുഭവങ്ങള്‍ മറച്ചു പിടിച്ചുകൊണ്ട് ഇങ്ങനെ മാത്രം അദ്ദേഹം പറഞ്ഞു: ''തയ്യബ്ജിയെ കുടുംബത്തിന്റെ കൂട്ടത്തില്‍ കാണാനാവുക മനോഹരമായ ഒരു സ്വരച്ചേര്‍ച്ചയുടെ കൂടി സ്വരൂപമായിട്ടായിരുന്നു. ആ കാഴ്ച കാണുമ്പോള്‍ എത്ര സുന്ദരവും സമാധാനപൂര്‍ണവും ആണ് ഗാര്‍ഹിക ജീവിതം എന്ന ചിന്ത എന്നില്‍ ഉണരുന്നു. നമ്മുടെ യുവതീയുവാക്കളെല്ലാം ആ മാതൃക പിന്തുടര്‍ന്നെങ്കില്‍!''

തന്റെ മക്കളെ പറ്റിയും അവരുടെ പെരുമാറ്റത്തെ പറ്റിയും അദ്ദേഹം അടുത്ത സുഹൃത്തുക്കളോടു ഇങ്ങനെ പറയുമായിരുന്നു: ''ഞാനവര്‍ക്കു വേണ്ടതെല്ലാം ചെയ്തുകൊടുത്തിട്ടും എന്റെ വ്യസനങ്ങള്‍ക്ക് സ്ഥായീഭാവം നല്‍കുന്നതില്‍ മോശമായ തരത്തിലും ധിക്കാരപരമായ രീതിയിലുമായിരുന്നു അവരെന്നോട് പെരുമാറുന്നത്. അവരെന്നെ അപമാനപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും എന്നെപ്പറ്റി മോശമായ നിലയില്‍ മറ്റുള്ളവരോട് പറഞ്ഞുനടക്കുകയും ചെയ്യുന്നു.''

1914-ല്‍ മാനസികമായി തകര്‍ന്ന അദ്ദേഹം ഉദ്യോഗത്തില്‍ നിന്നു പിരിയാനും തീരുമാനിച്ചു. പക്ഷേ കുറഞ്ഞത് 20 കൊല്ലത്തെ സേവനം വേണം ന്യായമായ പെന്‍ഷന്‍ കിട്ടാന്‍ എന്ന നിയമത്തിനു മുന്നില്‍ നിസ്സഹായനായി. സാമ്പത്തികമായി വിഷമിച്ചിരുന്ന കാലഘട്ടവുമായിരുന്നു അത്.

1920-ല്‍, 47-ാം വയസ്സില്‍ മറ്റൊരു വിവാഹവും ചെയ്തു. ഇതില്‍ ഒരു കുട്ടി-റശീദ്-പിറന്നെങ്കിലും വിധിവൈപരീത്യത്താല്‍ ആ ദാമ്പത്യ ബന്ധവും തകര്‍ന്നു. ഈ അവസരങ്ങളിലെല്ലാം ഖുര്‍ആന്‍ പരിഭാഷയുമായി കഴിഞ്ഞതാണ് അദ്ദേഹത്തിന് ആശ്വാസം പകര്‍ന്നത്. ഖുര്‍ആനുമായി പരിചയപ്പെട്ടതിനെ പറ്റി അദ്ദേഹം പറഞ്ഞു:

''ഞാന്‍ നാലും അഞ്ചും വയസ്സിലാണ് ഖുര്‍ആന്‍ പഠിച്ചുതുടങ്ങിയത്. അപ്പോള്‍ തന്നെ അതിന്റെ പ്രാസനിബദ്ധതയും, സ്വരമാധുര്യവും, അര്‍ഥഗാംഭീര്യവും എന്നെ അതിയായി ആകര്‍ഷിച്ചു. 'ഖത്തം' ഓതിത്തീര്‍ത്തതെല്ലാം എന്റെ ഓര്‍മയിലുണ്ട്. എന്നെ അറബി പഠിപ്പിച്ചത് ആദരണീയനായ പിതാവു തന്നെയായിരുന്നു. അതിന്റെ സാരസത്തയും ഞാനദ്ദേഹത്തില്‍ നിന്ന് ഗ്രഹിച്ചു. ലോകത്തിലെ ഭാഷകളെല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണെന്നും ഞാന്‍ മനസ്സിലാക്കി.''

1938-ല്‍ ലോഹോറിലാണ് ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചത്. 1950-ല്‍ വ്യാപകമായി പാശ്ചാത്യ രാജ്യങ്ങള്‍ അത് സ്വീകരിച്ചതോടെ പതിനായിരക്കണക്കിനാണ് രാജകീയ പ്രൗഢിയുള്ള ആ പരിഭാഷ വിറ്റഴിഞ്ഞത്. ആ പരിഭാഷയോടെയാണ് അബ്ദുല്ലാ യൂസുഫലിയുടെ പേരിന്നു മുമ്പില്‍ 'അല്ലാമ' ചേര്‍ക്കപ്പെടുന്നത്. ഏതാനും ഉര്‍ദു പരിഭാഷകളും ഇംഗ്ലീഷു പരിഭാഷകളും ആശ്രയിച്ചാണ് അബ്ദുല്ലാ യൂസുഫലി തന്റെ നിസ്തുലമായ തര്‍ജുമ തയാറാക്കിയതെന്ന അഭിപ്രായം അന്നേ ഉണ്ടായിരുന്നെങ്കിലും ഈ പരിഭാഷയും വ്യാഖ്യാനവും കാലഘട്ടങ്ങളെ അതിജീവിച്ച് ഇന്നും അനേകം പേരെ മാര്‍ഗദര്‍ശനം ചെയ്യുന്നു. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ബ്രിട്ടീഷുകാര്‍ക്കും അദ്ദേഹത്തെ വേണ്ടാതായി. ഇന്ത്യയിലുള്ള താമസം അദ്ദേഹത്തിനു അചിന്ത്യമായിരുന്നു. രണ്ടു വിവാഹ മോചനങ്ങള്‍, കുട്ടികളുടെ അനാദരവുകള്‍, തന്റെ എല്ലാ സമ്പാദ്യങ്ങളും കുട്ടികള്‍ തട്ടിയെടുത്തത്, ഔദ്യോഗിക പദവികള്‍ നഷ്ടമായത്, ബ്രിട്ടീഷ് ഭരണകൂടം തന്നെയും നിഷ്‌കാസിതമായത്-എല്ലാം ചേര്‍ന്നു അദ്ദേഹത്തിന്റെ മാനസിക സ്വാസ്ഥ്യം കവര്‍ന്നെടുത്തു. അദ്ദേഹം ദിശ നഷ്ടപ്പെട്ട ഏകാന്ത പഥികനായിത്തീര്‍ന്നു.

1953 ഡിസംബര്‍ 9-ന് വെസ്റ്റ് മിനിസ്റ്റര്‍ ഹൗസിന്റെ പടവില്‍ ബാഗൂം തൂക്കിപ്പിടിച്ചിരിക്കുന്ന ഒരു വൃദ്ധനെ കണ്ട പോലീസ് അയാളെ ചെലിസീയയിലെ വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ചു. അയാള്‍ മാനസികാസ്വാസ്ഥ്യങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് അയാള്‍ക്ക് ഹൃദ്രോഗബാധയുണ്ടായി. ഉടനെ സെന്റ് സ്റ്റീഫന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു മണിക്കൂറിനുള്ളില്‍ അന്ത്യം സംഭവിക്കുകയും ചെയ്തു. മയ്യിത്ത് ഏറ്റെടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. അധികൃതര്‍ സര്‍റെ ബ്രൂക്ക് വുഡ് ശ്മശാനത്തില്‍, ബ്രിട്ടനില്‍ ഒന്നാം ലോകയുദ്ധത്തില്‍ രക്തസാക്ഷികളായ ഇന്ത്യന്‍ യോദ്ധാക്കളുടെ സമീപത്ത്, ആ എണ്‍പത്തൊന്നു വയസ്സുകാരനെ-അല്ലാമാ അബ്ദുല്ല യൂസുഫലി എന്ന പ്രഖ്യാത ഖുര്‍ആന്‍ പരിഭാഷകനെ-ഖബറടക്കി. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /35-37
എ.വൈ.ആര്‍