Prabodhanm Weekly

Pages

Search

2015 ജൂണ്‍ 26

ഖുര്‍ആന്‍ പഠനത്തിന് ഒരാമുഖം

പി.കെ ജമാല്‍ /കവര്‍‌സ്റ്റോറി

         ജനജീവിതത്തെ വിസ്മയാവഹമായ വിധത്തില്‍ മാറ്റിമറിച്ച ചരിത്രമാണ് ദൈവിക ഗ്രന്ഥമായ ഖുര്‍ആന്റേത്. മുഹമ്മദ് നബി(സ)യുടെ അനുചരന്മാരെ സംസ്‌കാര സോപാനത്തില്‍ ഏറ്റുകയും ലോകത്തിന് മുന്നില്‍ ഉന്നത മാനുഷികമൂല്യങ്ങളുടെ നിത്യ പ്രതീകമായി അവതരിപ്പിക്കപ്പെടാന്‍ അവരെ പ്രാപ്തമാക്കുകയും ചെയ്തു വിശുദ്ധ ഖുര്‍ആന്‍. ഇന്നെന്തുകൊണ്ട് ഖുര്‍ആന് അത്തരം ഒരു സമൂഹത്തിന്റെ നിര്‍മിതിക്ക് സാധിക്കാതെ വന്നു എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരാറുണ്ട്. പ്രസക്തമായ ഈ ചോദ്യത്തിന് ലോക പ്രശസ്ത പണ്ഡിതന്‍ ശൈഖ് മുഹമ്മദുല്‍ ഗസ്സാലിക്ക് മറുപടിയുണ്ട്: ''ആദ്യ നൂറ്റാണ്ടുകള്‍ക്ക് ശേഷം മുസ്‌ലിംകളുടെ ദൈവിക ഗ്രന്ഥത്തിലുള്ള ശ്രദ്ധയും ഖുര്‍ആനോടുള്ള പരിഗണനയും കേവല പാരായണത്തിന്റെ വശത്തേക്ക് മാത്രം തിരിഞ്ഞു. അക്ഷരങ്ങളുടെ വാമൊഴി നേരെയാക്കിയും നീട്ടിയും കുറുക്കിയും മണിച്ചും ഈണത്തില്‍ പാരായണം ചെയ്യുന്നതിലായി മുഖ്യ ശ്രദ്ധ. ഖുര്‍ആനോടുള്ള സമീപനത്തില്‍ ഒരു സമുദായവും അനുവര്‍ത്തിച്ചിട്ടില്ലാത്ത പുതിയ നയമാണ് അവര്‍ കൈക്കൊണ്ടത്. ഖുര്‍ആന്‍ എന്ന പദത്തിന്റെ ക്രിയാ രൂപമായ 'ഖറഅ്തു' എന്ന വാക്കിന് 'ഞാന്‍ വായിച്ചു' എന്നാണര്‍ഥം. ഈ പദത്തിന്റെ ശ്രവണ മാത്രയില്‍ ഒരു സാധാരണ മനുഷ്യന്‍ അര്‍ഥമാക്കുന്നത് അയാള്‍ക്ക് വന്നിട്ടുള്ള ഒരു എഴുത്തോ സന്ദേശമോ വായിച്ചു ഉള്ളടക്കം ഗ്രഹിച്ചു എന്നാണ്. പക്ഷേ, മുസ്‌ലിം സമൂഹം പാരായണത്തിനും പരിചിന്തനത്തിനുമിടയില്‍ വേര്‍തിരിവുണ്ടാക്കിയത് ഏതടിസ്ഥാനത്തിലാണെന്ന് എനിക്കറിഞ്ഞുകൂടാ. ഇന്നൊരു മുസ്‌ലിം ഖുര്‍ആന്‍ ഓതുന്നത് കേവല ബര്‍കത്ത് നേടാന്‍ വേണ്ടിയാണ്. ആശയം ഗ്രഹിക്കാതെ പദങ്ങള്‍ ഉരുവിടുന്നത് കൊണ്ടു മാത്രം ഉദ്ദേശ്യം നിറവേറുമെന്നോ അത്ര മതിയെന്നോ ഉള്ള ധാരണയാണ് സമൂഹത്തില്‍ പരക്കെയുള്ളത്. ഈ രീതിയോടുള്ള നമ്മുടെ നിലപാട് വ്യക്തമാക്കുമ്പോള്‍ എനിക്ക് സൂചിപ്പിക്കാനുള്ളത് ശര്‍ഈ വീക്ഷണത്തില്‍ ഒട്ടും സ്വീകാര്യമല്ലാത്ത നിലപാടാണ് ഇതെന്നാണ്. 'പ്രവാചകരേ! നാം ഇത് താങ്കള്‍ക്ക് ഇറക്കിത്തന്നു-ഇത് അനുഗൃഹീതമായ മഹദ് വേദമാകുന്നു. ഈ ജനം ഇതിലെ സൂക്തങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതിനും ബുദ്ധിയും തന്റേടവുമുള്ളവര്‍ അതുവഴി പാഠമുള്‍ക്കൊള്ളേണ്ടതിന്നും' (സ്വാദ്: 29). ശ്രദ്ധിച്ചും ഉള്‍ക്കൊണ്ടും മനനം ചെയ്തും അപഗ്രഥിച്ചും മനസ്സിലാക്കേണ്ടതാണ് ഖുര്‍ആന്‍ എന്ന് സാരം. ആശയം ഗ്രഹിക്കാതെ, ഉദ്ദേശ്യം മനസ്സിലാക്കാതെ, ബാഹ്യാര്‍ഥത്തിന് അപ്പുറത്തുള്ള ആന്തര സത്യങ്ങളെക്കുറിച്ചാലോചിക്കാതെ, സമൂഹത്തിന്റെ ആത്മീയവും ഭൗതികവും സാമൂഹികവുമായ വിജയത്തിന് ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന അധ്യാപനങ്ങളെയും അനുശാസനകളെയും പറ്റി ചിന്തിക്കാതെ, മനുഷ്യ വര്‍ഗത്തിന്റെ മുമ്പില്‍ സത്യസാക്ഷ്യ കര്‍ത്തവ്യം നിറവേറ്റി വിനഷ്ടമായ യശസ്സ് വീണ്ടെടുക്കാന്‍ വേദഗ്രന്ഥം അവതരിപ്പിക്കുന്ന അടിസ്ഥാനങ്ങളെക്കുറിച്ച് പഠിക്കാതെ നടത്തുന്ന ഉപരിപ്ലവമായ കേവല പാരായണം കൊണ്ടെന്ത് നേട്ടമുണ്ടാവാനാണ്?'' (ഖുര്‍ആനോട് നാം എങ്ങനെ വര്‍ത്തിക്കുന്നു? പേജ് 27,28).

''നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവനാണ്'' എന്ന നബിവചന  വിവക്ഷ നാം കേവല പാരായണത്തിലും പഠനത്തിലും ഒതുക്കി. ആ ഹദീസിന്റെ യഥാര്‍ഥ വിവക്ഷ ഇമാം ഇബ്‌നു തൈമിയ്യ(റ) സൂചിപ്പിച്ചതാണ്: ''അതിന്റെ അക്ഷരങ്ങളും ആശയങ്ങളും പഠിക്കണം. അക്ഷരങ്ങള്‍ പഠിക്കുന്നതിനേക്കാള്‍ പ്രധാനം അതിലെ ആശയങ്ങള്‍ പഠിക്കുകയാണ്. അതാണ് വിശ്വാസത്തെ വര്‍ധിപ്പിക്കുക'' (ഫതാവ ഇബ്‌നുത്തൈമിയ്യ 13/304).

''അവരില്‍ ഒരു കൂട്ടര്‍ വേദ പരിജ്ഞാനമില്ലാത്ത നിരക്ഷരന്മാരാകുന്നു. അടിസ്ഥാനരഹിതമായ വ്യാമോഹങ്ങള്‍ വെച്ചു പുലര്‍ത്തുകയും വെറും ഊഹങ്ങളനുസരിച്ച് ചലിച്ചുകൊണ്ടിരിക്കുകയുമാണവര്‍'' (അല്‍ബഖറ 78) എന്ന ആയത്തിന് ഇബ്‌നു അബ്ബാസും(റ) ഖതാദയും നല്‍കിയ വ്യാഖ്യാനമുദ്ധരിച്ച് ദൈവിക ഗ്രന്ഥം പിറകിലേക്ക് വലിച്ചെറിഞ്ഞു, വ്യാമോഹങ്ങളില്‍ അഭിരമിച്ചു പിന്നെ വന്നവര്‍ എന്ന് ഇബ്‌നു തൈമിയ്യ അഭിപ്രായപ്പെടുന്നു.

വേണം, പുതിയ പഠനരീതി

ഭൂമിയില്‍ നടക്കുന്ന ഖുര്‍ആനായിരുന്നു മുഹമ്മദ് നബി(സ). നബി(സ)യുടെ സ്വഭാവത്തെക്കുറിച്ച അന്വേഷണത്തിന് പത്‌നി ആഇശ(റ) നല്‍കിയ മറുപടി ശ്രദ്ധേയമാണ്: ''അദ്ദേഹത്തിന്റെ സ്വഭാവവും സംസ്‌കാരവും ഖുര്‍ആനായിരുന്നു. ഖുര്‍ആന്റെ തൃപ്തിയായിരുന്നു അദ്ദേഹത്തിന്റെ തൃപ്തി. ഖുര്‍ആന്റെ കോപം അദ്ദേഹത്തിന്റെ കോപവും'' (അഹ്മദ്, മുസ്‌ലിം). ഖുര്‍ആന്റെ ഭാഷ്യം നബി(സ)യുടെ ജീവിതമാണ്. അതാണ് സുന്നത്തും ശരീഅത്തും. ഇമാം ശാഫിഈ അതാണ് സൂചിപ്പിച്ചത്: ''നബി(സ) വിധിച്ചതെല്ലാം ഖുര്‍ആനില്‍ നിന്ന് ഗ്രഹിച്ചതായിരുന്നു'' (ഇബ്‌നു കസീര്‍ 1/4). അക്ഷരങ്ങളില്‍ അഭിരമിച്ച് ആശയം കൈയൊഴിക്കുന്ന പ്രവണതയെ നിരുത്സാഹപ്പെടുത്തുന്ന നബി(സ)യുടെ ഇടപെടല്‍ സഹ്‌ലുബ്‌നു സഅദുസ്സാഇദി ഉദ്ധരിച്ച ഒരു സംഭവത്തില്‍ നമുക്ക് കാണാം. അദ്ദേഹം ഓര്‍ക്കുന്നു: ''ഞങ്ങള്‍ ഇരുന്ന് ഖുര്‍ആന്‍ ഓതുന്നിടത്തേക്ക് കടന്നുവന്ന റസൂല്‍(സ) പറഞ്ഞു: അല്ലാഹുവിന് സ്തുതി. അല്ലാഹുവിന്റെ ഗ്രന്ഥം ഒന്നേയുള്ളൂ. നിങ്ങളിലുണ്ട് ഉത്തമന്മാരും വിശിഷ്ട വ്യക്തിത്വങ്ങളും. ചുവപ്പ് നിറമുള്ളവരുമുണ്ട്, കറുപ്പ് നിറമുള്ളവരുമുണ്ട് നിങ്ങളുടെ കൂട്ടത്തില്‍. നിങ്ങള്‍ ഖുര്‍ആന്‍ ഓതിക്കൊള്ളുക, പാരായണം ചെയ്തു കൊള്ളുക. ഇനിയൊരു കൂട്ടര്‍ വരാനുണ്ട്. അവര്‍ അത് പാരായണം ചെയ്തുകൊണ്ടിരിക്കും. അതിലെ അക്ഷരങ്ങള്‍ വടിവൊത്ത് മൊഴിയുന്നതിലാവും അവരുടെ ശ്രദ്ധ. അമ്പുകളുടെ അഗ്രം നേരെയാക്കുന്ന പോലെ അക്ഷരങ്ങള്‍ നേരെയാക്കുന്ന ആ വിഭാഗത്തിന്റെ തൊണ്ട കുഴിക്കപ്പുറത്തേക്ക് ഖുര്‍ആന്‍ പ്രവേശിക്കില്ല. അവര്‍ക്ക് അതിന്റെ പ്രതിഫലം വേഗം വേണം, പിന്നെയായാല്‍ പറ്റില്ല'' (ഇബ്‌നു ഹിബ്ബാന്‍).

പരിശുദ്ധ ഖുര്‍ആന്റെ ആശയം ഗ്രഹിച്ച് ജീവിതം അതിന്റെ മൂശയില്‍ വാര്‍ത്തെടുക്കാന്‍ സഹായകമായ പാഠ്യക്രമമാണ് നബി(സ)യുടെ മനസ്സിലുള്ളതെന്ന് വ്യക്തം. അബൂദ്ദര്‍ദാഇല്‍ നിന്ന് ഹുബൈറുബ്‌നു നഫിര്‍ ഉദ്ധരിക്കുന്ന ഒരു സംഭവം അതിന് തെളിവ്: ''ഞങ്ങള്‍ ഒരു ദിവസം നബിയോടൊപ്പം ഇരിക്കുന്നു. തന്റെ ദൃഷ്ടികള്‍ ആകാശത്തിലേക്കുയര്‍ത്തി റസൂല്‍(സ) പറഞ്ഞു: ഒന്നും ആര്‍ജിക്കാന്‍ കഴിയാത്ത വിധം അറിവും വിജ്ഞാനവും കവര്‍ന്നെടുക്കപ്പെടുന്ന വേളയാണിത്.'' ഇത് കേട്ട സിയാദുബ്‌നു ലബിദുല്‍ അന്‍സ്വാരി: ''അതെങ്ങനെയാണ് കവര്‍ന്നെടുക്കപ്പെടുക? ഞങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. ഞങ്ങളുടെ മക്കള്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം അത് ഓതി പഠിപ്പിക്കുന്നു.'' അപ്പോള്‍ നബി(സ)യുടെ പ്രതികരണം: ''സിയാദേ! നിങ്ങളെന്തൊരു വിഡ്ഢിയാണ്! മദീനയിലെ ഫുഖഹാക്കളുടെ ഗണത്തിലാണ് ഞാന്‍ നിങ്ങളെ കണക്കാക്കിയിരുന്നത്. തൗറാത്തും ഇഞ്ചീലുമൊക്കെ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും പക്കലുണ്ടായിട്ട് അവര്‍ക്ക് അതുകൊണ്ടെന്ത് ഗുണം?'' (തിര്‍മിദി). ''ഖുര്‍ആന്‍ ഒന്നുകില്‍ നിനക്ക് അനുകൂലമായ തെളിവാണ്, അല്ലെങ്കില്‍ പ്രതികൂലമായ തെളിവാണ്'' (മുസ്‌ലിം) എന്ന നബി(സ)യുടെ താക്കീത് ഇതിനോടു ചേര്‍ത്തു വായിക്കുക. ഇതു വെച്ച് രൂപപ്പെടേണ്ട പുതിയ പാഠ്യക്രമത്തെക്കുറിച്ച് ചില സൂചനകള്‍ നല്‍കാം.

ഒന്ന്, ഖുര്‍ആന്‍ രണ്ടാം നിരയിലേക്ക് തള്ളപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യരുതെന്ന് സ്വഹാബി പ്രമുഖന്മാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇറാഖിലേക്ക് തിരിച്ച സംഘത്തെ അനുഗമിച്ച ഉമര്‍(റ) നല്‍കിയ നിര്‍ദേശം കേള്‍ക്കുക: ''തേനീച്ചയുടെ മര്‍മരം പോലെ ഖുര്‍ആന്റെ മര്‍മരം ഉള്ളിലുള്ള ഒരു രാജ്യത്തേക്കാണ് നിങ്ങള്‍ പോകുന്നത്. ഹദീസുകള്‍ ഉദ്ധരിച്ച് അവരുടെ വഴിമുടക്കരുത്. അവര്‍ അതുമായി കെട്ടിമറിയും. ഖുര്‍ആനിലാവട്ടെ നിങ്ങളുടെ ഊന്നല്‍. റസൂലില്‍ നിന്നുള്ള ഉദ്ധരണികള്‍ കുറക്കുക. ഇനി പോയ്‌ക്കൊള്ളൂ'' (ജാമിഉ ബയാനില്‍ ഇല്‍മി വ ഫദ്‌ലിഹി പേജ് 73). ഇതേ നിലപാടായിരുന്നു അലി(റ)ക്കും. ''ഖുര്‍ആന്‍ അല്ലാത്ത വല്ലതും ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ അവര്‍ അത് മായ്ക്കണം. തങ്ങളുടെ രക്ഷിതാവിന്റെ ഗ്രന്ഥം കൈയൊഴിച്ച് പണ്ഡിതന്മാരുടെ വര്‍ത്തമാനങ്ങള്‍ക്ക് പിറകെ പോയവരാണ് നശിച്ചത്'' (ജാമിഉ ബയാനില്‍ ഇല്‍മ്). ഈ രണ്ട് സംഭവങ്ങളെക്കുറിച്ച് ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ അഭിപ്രായം ഇങ്ങനെ വായിക്കാം: ''ഉമറോ അലിയോ മറ്റു നേതാക്കളോ ഹദീസുകളെ നിഷേധിച്ചു എന്നല്ല ഇവിടെ സൂചിപ്പിക്കുന്നത്; ഖുര്‍ആന് മുഖ്യ പരിഗണനയും സ്വീകാരവും നല്‍കണമെന്നാണ്. അതാണ് അതിന്റെ സ്വാഭാവിക ക്രമം. നിയമം എന്തെന്നറിഞ്ഞിട്ടുവേണം അതിനെ വ്യാഖ്യാനിക്കാന്‍. വിശദീകരണവും വ്യാഖ്യാനവും ചിലപ്പോള്‍ മസ്തിഷ്‌കങ്ങള്‍ക്ക് ഊര്‍ജം പകരാം. അടിസ്ഥാന സിദ്ധാന്തങ്ങള്‍ക്കും മുഖ്യ നിയമങ്ങള്‍ക്കും പിന്നെ അവിടെ ഇടം ഉണ്ടാവില്ല'' (ഫിഖുഹുസ്സീറ, പേജ് 37).

രണ്ട്, 'തിലാവത്ത്' എന്ന വാക്ക് ആശയം ഗ്രഹിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും അതിന്റെ ഫലമായി കര്‍മം അനിവാര്യമാണെന്നും സ്വഹാബിമാര്‍ മനസ്സിലാക്കിയിരുന്നു. അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറയുന്നു: ''ഞങ്ങളില്‍ ഒരുവന്‍ പത്ത് ആയത്ത് പഠിച്ചാല്‍ അതിന്റെ ആശയം ഗ്രഹിച്ചും അത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നും മാത്രമേ അടുത്ത ആയത്തുകളിലേക്ക് കടക്കുകയുള്ളൂ'' (ഇബ്‌നു കസീര്‍ 1/4). ഉമര്‍(റ) അതാണ് സൂചിപ്പിച്ചത്: ''ഖുര്‍ആന്‍ നന്നായി ഓതുന്നവര്‍ നിങ്ങളെ വഞ്ചനയില്‍ അകപ്പെടുത്താതിരിക്കട്ടെ. നാം സംസാരിക്കുന്ന സംസാരം പോലെത്തന്നെയാണത്. ആരാണ് അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതെന്നാണ് നോക്കേണ്ടത്'' (ഇഖ്തിദാഉല്‍ ഇല്‍മി ലില്‍ അമല്‍, പേജ് 71).

''നാം വേദം നല്‍കിയിട്ടുള്ളവര്‍, അതിനെ യഥാവിധി വായിക്കുന്നവരാരോ അവര്‍, ഇതില്‍ (ഖുര്‍ആനില്‍) ആത്മാര്‍ഥമായി വിശ്വസിക്കുന്നു'' (അല്‍ബഖറ 121) എന്ന ആയത്തിനെ ഇബ്‌നു അബ്ബാസ്(റ) വ്യാഖ്യാനിച്ചത് അതിനെ യഥാവിധി പിന്‍പറ്റുന്നവര്‍ എന്നാണ്. ഇക്‌രിമ പറയുന്നത്: 'ഫുലാനുന്‍ യത്‌ലൂ ഫുലാനന്‍' എന്നാല്‍, 'അയാളെ ഇയാള്‍ പിന്‍പറ്റുന്നു' എന്നാണ്. 'ചന്ദ്രന്‍ അതിനെ പിന്തുടരുമ്പോള്‍' എന്ന ആയത്തില്‍ വല്‍ ഖമറി ഇദാ തലാഹാ എന്നാണല്ലോ (ഫളാഇലുല്‍ ഖുര്‍ആന്‍: അബൂഉബൈദ്, പേജ് 130). തിലാവത്ത് എന്നാല്‍ ഇത്തിബാഅ് (പിന്തുടരല്‍) ആണ് വിവക്ഷയെന്ന് ഇവരെല്ലാം അടിവരയിടുന്നു.

മൂന്ന്, ഖുര്‍ആന്റെ വാഹകര്‍ ആ വിശുദ്ധ ഗ്രന്ഥത്തെ ഹൃദയത്തിലേറ്റി ജീവിക്കുന്നവരാണ്. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവരെക്കുറിച്ച് വഹ്‌യ് ലഭിക്കാത്ത പ്രവാചകന്മാര്‍ എന്നാണ് അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വ് വിശേഷിപ്പിക്കുന്നത്. ഖുര്‍ആന്‍ പാരായണ വിദഗ്ധരായ മുന്നൂറ് പേര്‍ അണിനിരന്ന ഒരു സദസ്സിനെ അഭിസംബോധന ചെയ്ത് അബൂമൂസല്‍ അശ്അരി പറഞ്ഞു: ''ഇത് നിങ്ങള്‍ക്ക് മഹത്തായ ഒരു കരുതിവെപ്പും ഈടുറ്റ നിക്ഷേപവുമാണ്. ഇത് നിങ്ങള്‍ക്ക് ഒരു ഭാരവുമായിത്തീരും. അതിനാല്‍ നിങ്ങള്‍ ഖുര്‍ആനെ പിന്‍പറ്റുക. ഖുര്‍ആന്‍ നിങ്ങളുടെ പിറകെ വരാന്‍ ഇടയാവരുത്. ഖുര്‍ആനെ പിന്‍പറ്റുന്നവനെ ഖുര്‍ആന്‍ സ്വര്‍ഗത്തിലെത്തിക്കും. ഖുര്‍ആന്‍ നിങ്ങളെ പിന്‍പറ്റുന്ന ദുരവസ്ഥയുണ്ടായാല്‍, ഓര്‍ക്കുക ആ വിശുദ്ധ ഗ്രന്ഥം നിങ്ങളുടെ പിരടിയില്‍ പിടിച്ച് നിങ്ങളെ നരകത്തിലേക്ക് തള്ളും.''

''ഖുര്‍ആനിന്റെ വാഹകര്‍ എന്നാല്‍ അതിലെ നിയമവിധികളെ കുറിച്ച് അറിവുള്ളവരാണ്. അതിലെ ഹലാലിനെക്കുറിച്ചും ഹറാമിനെക്കുറിച്ചും അവര്‍ അറിയണം. അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുമാകണം''-ഇതാണ് ഇബ്‌നു അബ്ദുല്‍ ബര്‍റിന്റെ അഭിപ്രായം.

നാല്, വിശ്വാസം രൂഢമൂലമായ മനസ്സിലേക്കാണ് ഖുര്‍ആന്‍ ഇറങ്ങേണ്ടത്. ഈമാനാണ് ആദ്യമുറക്കേണ്ടത്. എങ്കില്‍ മാത്രമേ അത് ഉദ്ദിഷ്ട ഫലം ഉല്‍പാദിപ്പിക്കൂ. ഈ രീതിയാണ് സ്വഹാബികള്‍ അവലംബിച്ചത്. ഈ ആശയം അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) വിശദീകരിക്കുന്നതിങ്ങനെ: ''ഖുര്‍ആനിന് മുമ്പേ വിശ്വാസം ഉള്‍ക്കൊണ്ട ഒരു കാലഘട്ടത്തില്‍ ജീവിച്ചവരാണ് ഞങ്ങള്‍. മുഹമ്മദ് നബി(സ)ക്ക് ഖുര്‍ആന്‍ അവതരിക്കും. ഞങ്ങള്‍ അതിലെ ഹലാലും ഹറാമും പഠിക്കും. കല്‍പനകളും നിരോധങ്ങളും പഠിക്കും. പഠിക്കേണ്ടതെല്ലാം പഠിച്ച് പിന്‍പറ്റും. പിന്നെ ഞങ്ങള്‍ക്ക് കാണാന്‍ ഇടവന്നത് ഈമാനിന് മുമ്പേ ഖുര്‍ആന്‍ കിട്ടിയ ഒരു ജനതതിയെയാണ്. ഫാത്വിഹ മുതല്‍ അവസാനം വരെ ഓതിയാലും അതിലെ കല്‍പനയേത്, നിരോധമേത് എന്ന് തിരിച്ചറിയില്ല അവര്‍ക്ക്. തരംതാണ പേട്ട് ഈത്തപ്പഴം പരത്തിയിട്ടതുപോലെ ഒരു കഥ'' (ഹാകിം).

ഇറാഖിലുള്ള ഉദ്യോഗസ്ഥര്‍, ഖുര്‍ആന്‍ മനഃപാഠമാക്കിയ വ്യക്തിയെക്കുറിച്ചറിയിച്ചപ്പോള്‍ അയാള്‍ക്ക് പൊതു ഖജനാവില്‍ നിന്ന് വേതനം കൊടുക്കാന്‍ ഉത്തരവിട്ട ഉമര്‍(റ), പിന്നീട് എഴുനൂറോളം ആളുകള്‍ ഇങ്ങനെ മനഃപാഠമാക്കിയിട്ടുണ്ടെന്നറിയിച്ചപ്പോള്‍ ഒരു കാശു പോലും ആര്‍ക്കും പൊതുഖജനാവില്‍ നിന്ന് കൊടുത്തുപോകരുതെന്ന് കല്‍പിച്ചു. പറഞ്ഞ കാരണം ഇതാണ്: ''ദീനില്‍ അവഗാഹം നേടുന്നതിന് മുമ്പേ ധൃതിപ്പെട്ട് അവര്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുമെന്ന് എനിക്ക് ഭയമുണ്ട്. അതിനാല്‍ വേതനം കൊടുക്കരുത്'' (അല്‍ഹവാദിസു വല്‍ ബിദ്അ, തര്‍തൂശി).

ഖുര്‍ആന്‍ ജീവനോപാധിയാക്കുന്ന ദുഷ്പ്രവണത കൊടികുത്തിവാഴുന്ന ഈ കാലഘട്ടത്തില്‍ ഉമറിന്റെ നിലപാട് എത്ര ശരിയാണെന്ന് ബോധ്യമാവും.

അഞ്ച്, ഖുര്‍ആനിലെ സൂക്തങ്ങള്‍ അവധാനതയോടെ പാരായണം ചെയ്ത് ആശയം ഗ്രഹിക്കുകയും ഖുര്‍ആനിക വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടുകയും ചെയ്യുകയായിരുന്നു മുന്‍ഗാമികളുടെ പഠനരീതി. പാരായണവേളകള്‍ അവര്‍ക്ക് പഠനത്തിന്റെ കൂടി അനര്‍ഘ സന്ദര്‍ഭങ്ങളായിരുന്നു. അബ്ദുല്ലാഹിബ്‌നു അബ്ബാസിനെ യാത്രയില്‍ അനുഗമിച്ച ഇബ്‌നു അബീമുലൈക, ഖുര്‍ആനിലെ ഓരോ അക്ഷരവും നിര്‍ത്തി നിര്‍ത്തി ഓതി കരഞ്ഞ് പാരായണം ചെയ്യുന്ന ആ മഹാനുഭാവനെ അനുസ്മരിക്കുന്നു. ഇബ്‌നു അബ്ബാസിന്റെ അയല്‍വാസിയായ സ്വാലിഹ് രേഖപ്പെടുത്തുന്നു: ''ഇബ്‌നു അബ്ബാസ് ഖുര്‍ആന്‍ ഓതുന്നത് കേള്‍ക്കാം. പിന്നെ ദീര്‍ഘമായ മൗനമാണ്. മൗനത്തിന്റെ ഇടവേളകള്‍ പരിചിന്തനത്തിന്റെയും മനനത്തിന്റെയും നിമിഷങ്ങളായിരുന്നു.'' ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്യാന്‍ ഇരുപത് ദിവസമെങ്കിലും എടുത്ത സൈദുബ്‌നു സാബിത്ത് അതിന് കാരണം വിശദീകരിക്കുന്നു: ''അഗാധമായി ചിന്തിക്കാനും ഗ്രഹിക്കാനും ഹൃദയം സമര്‍പ്പിക്കാനുമാണത്.''

ആറ്, അക്ഷരങ്ങളില്‍ അഭിരമിക്കുന്ന പഠനരീതി തലമുറകളെ ഖുര്‍ആനില്‍ നിന്ന് അകറ്റാനേ ഉതകൂ. ഖുര്‍ആന്‍ കേവല വചനങ്ങളുടെ സംഘാതമായി കാണുന്ന ഒരു വിഭാഗത്തിന് അത് ജീവിതത്തില്‍ വെളിച്ചം പകരുന്ന ഗ്രന്ഥമാണെന്ന് എങ്ങനെയാണ് ബോധ്യമാവുക? ഖുര്‍ആന്റെ തജ്‌വീദും പാരായണ നിയമങ്ങളും അവഗണിക്കണമെന്നല്ല. അതെല്ലാം ആവശ്യം തന്നെ. മുഖ്യമായ ഊന്നല്‍ അതിനാവരുത്. ആശയങ്ങളിലേക്കും അര്‍ഥങ്ങളിലേക്കും ഇറങ്ങിച്ചെല്ലാനാവണം പ്രധാന ശ്രമം. നമസ്‌കാരത്തിന്റെ ആത്മവില്ലാത്ത കേവലം ആചരണം അല്ലാഹുവിങ്കല്‍ സ്വീകാര്യമാവാത്തത് പോലെത്തന്നെയാണ് ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കാത്ത ഖുര്‍ആന്‍ പഠനവും. ഹുദൈഫ(റ) പറയുന്നു: ''കപട വിശ്വാസിക്കും ഓതാം ഖുര്‍ആന്‍ നന്നായി. അതിലെ ഒരു വാവ് എന്ന അക്ഷരമോ അലിഫ് എന്ന അക്ഷരമോ അയാളുടെ നാവില്‍ നിന്ന് വഴുതിപോവില്ല. പശുക്കള്‍ പുല്ലു ചവയ്ക്കുന്ന പോലെ. അതിലെ ആശയം അയാളുടെ ഉള്ളിലേക്ക് കടക്കുകയേ ഇല്ല'' (ഫളാഇലുല്‍ ഖുര്‍ആന്‍: അബൂഉബൈദ്). 

നമ്മുടെ കാലഘട്ടത്തെക്കുറിച്ച് വെളിപാടെന്നോണം അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പ്രവചിച്ചത് നോക്കുക: ''ഖുര്‍റാഅ് (പാരായണക്കാര്‍) കുറവും ഫുഖഹാഅ് (ഗ്രഹിക്കുന്നവര്‍) കൂടുതലുമുള്ള കാലഘട്ടത്തിലാണ് നിങ്ങളിപ്പോള്‍. ഖുര്‍ആനിലെ നിയമങ്ങളും ചട്ടങ്ങളും പഠിക്കാനാണ് നിങ്ങള്‍ക്ക് ശ്രദ്ധ. അക്ഷരങ്ങള്‍ അത്രയൊന്നും നിങ്ങള്‍ കാര്യമാക്കുന്നില്ല. ചോദിക്കുന്നവര്‍ കുറവും കൊടുക്കുന്നവര്‍ കൂടുതലുമാണ്. നമസ്‌കാരം ദീര്‍ഘിപ്പിക്കും, ഖുത്വ്ബ ചുരുക്കും, തങ്ങളുടെ ദേഹേഛകളെക്കാള്‍ കര്‍മങ്ങളാണ് അവരില്‍ മികച്ചു നില്‍ക്കുന്നത്. ഇനി ഒരു കാലഘട്ടം വരാനിരിക്കുന്നു. ഖുര്‍റാഅ് കൂടുതലും ഫുഖഹാഅ് കുറവുമുള്ള കാലഘട്ടമായിരിക്കും അത്. അക്ഷരങ്ങളിലായിരിക്കും അവരുടെ ഊന്നല്‍. അതിലെ നിയമങ്ങളും വിധികളും അവര്‍ അഗണ്യകോടിയില്‍ തള്ളും. ചോദിക്കുന്നവര്‍ കൂടുതലും കൊടുക്കുന്നവര്‍ കുറവുമായിരിക്കും. ഖുത്വ്ബ ദീര്‍ഘിപ്പിക്കും, നമസ്‌കാരം ചുരുക്കും, കര്‍മങ്ങളെക്കാള്‍ മികച്ചു നില്‍ക്കുന്നത് അവരുടെ ദേഹേഛകളായിരിക്കും'' (ഫളാഇലുല്‍ ഖുര്‍ആന്‍, ഫര്‍യാബി).

ഖുര്‍ആനിലെ ആശയങ്ങളും സിദ്ധാന്തങ്ങളും വിശുദ്ധ ഗ്രന്ഥം ഊന്നുന്ന ജീവിത വീക്ഷണവും വിനഷ്ടമായ ഈ കാലഘട്ടത്തെക്കുറിച്ചാണ് ഇബ്‌നു മസ്ഊദിന്റെ വിലാപം. 

ഏഴ്, ഖുര്‍ആന്‍ മുറുകെ പിടിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതാവണം പഠനത്തിന്റെ ആത്യന്തിക ലക്ഷ്യം. കൂഫയിലേക്ക് പോകുന്ന സംഘത്തിന് നബി(സ)യുടെ പാഠശാലയില്‍ വളര്‍ന്ന അബൂദ്ദര്‍ദാഅ് നല്‍കുന്ന സന്ദേശം കാണുക: ''അവര്‍ക്ക് നമ്മുടെ സലാം അറിയിച്ചേക്കൂ. ഖുര്‍ആന്‍ അവരെ നിയന്ത്രിക്കുന്ന കടിഞ്ഞാണ്‍ ആവണമെന്ന് പറഞ്ഞേക്കൂ. മിതവും മധ്യമവുമായ രാജപാതകളിലൂടെ ഖുര്‍ആന്‍ അവരെ നയിച്ചുകൊള്ളും. ദുര്‍ഘട പാതകളിലൂടെ അവക്കൊരിക്കലും സഞ്ചരിക്കേണ്ടിവരില്ല'' (ഫളാഇലുല്‍ ഖുര്‍ആന്‍, അബൂ ഉബൈദ് 72).

ഹുദൈഫതുബ്‌നുല്‍ യമാന്‍(റ) തന്റെ സുഹൃത്ത് ആമിറുബ്‌നു മത്വറിനോട് ഒരിക്കല്‍ ചോദിച്ചു: ''ജനങ്ങള്‍ ഒരു വഴിയിലൂടെയും ഖുര്‍ആന്‍ മറ്റൊരു വഴിയിലൂടെയും സഞ്ചരിച്ചാല്‍ ആരുടെ കൂടെയായിരിക്കും നിങ്ങള്‍?'' മറുപടി: ''സംശയമെന്ത്? ഞാന്‍ ഖുര്‍ആനോടൊപ്പമായിരിക്കും. ഞാന്‍ അതിനോടൊപ്പം ജീവിക്കും. വിശുദ്ധ ഗ്രന്ഥത്തോടൊപ്പം മരിക്കും.'' ഇബ്‌നു മസ്ഊദ്: ''നീയാണ്, നീയാണ് അല്ലാഹു തേടുന്ന വ്യക്തി'' (ഫളാഇലുല്‍ ഖുര്‍ആന്‍, അബൂഉബൈദ്).  

പഠന സൂചിക: 

 ഫളാഇലുല്‍ ഖുര്‍ആന്‍ - അബൂഉബൈദ്.

 കയ്ഫ നതആമലു മഅല്‍ ഖുര്‍ആന്‍- ശൈഖ് മുഹമ്മദുല്‍ ഗസ്സാലി.

 ഫിഖ്ഹുസ്സീറ - മുഹമ്മദുല്‍ ഗസ്സാലി

 അല്‍ ഔദത്തു ഇലല്‍ ഖുര്‍ആന്‍- ഡോ. മജ്ദി അല്‍ ഹിലാലി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /35-37
എ.വൈ.ആര്‍