Prabodhanm Weekly

Pages

Search

2015 ജൂണ്‍ 26

തുര്‍ക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോള്‍

ഫഹ്മീ ഹുവൈദി /കുറിപ്പ്

തുര്‍ക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്ന കുറിപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളിലെ പത്ര മാധ്യമങ്ങളില്‍ സമൃദ്ധമാണ്. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം നേടുന്നതില്‍ നിലവിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് (അക്) പാര്‍ട്ടി പരാജയപ്പെട്ടതിനെ കുറിച്ച്, 'തുര്‍ക്കി ജനത ഉര്‍ദുഗാനെ നല്ലൊരു പാഠം പഠിപ്പിച്ചു' എന്നാണ് ഈജിപ്തിലെ അല്‍- അഹ്‌റാം പത്രം വിലയിരുത്തിയത്. ഈജിപ്ഷ്യന്‍ മീഡിയയുടെ പൊതുബോധത്തെ കുറിക്കുന്ന ഇത്തരം വിശകലനങ്ങള്‍ മറ്റു പത്രങ്ങളിലും കാണാം. ഈജിപ്തും തുര്‍ക്കിയും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിട്ടുള്ള മീഡിയ രണ്ട് കാര്യങ്ങളാണ് ഇതിലൂടെ വായനക്കാരിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഒന്ന്, പാര്‍ലമെന്റിലെ തങ്ങളുടെ ഭൂരിപക്ഷം നിലനിര്‍ത്തുന്നതില്‍ അക് പാര്‍ട്ടി പരാജയപ്പെട്ടിരിക്കുന്നു. രണ്ട്, ഉര്‍ദുഗാന്‍ യുഗം അവസാനിക്കുന്നു. അഥവാ 2013 ജൂണ്‍ 30-ന് ഈജിപ്തില്‍ നടന്ന അട്ടിമറിയില്‍ തകര്‍ന്നത് ഉര്‍ദുഗാന്റെ ഭരണം കൂടിയാണ്. തുര്‍ക്കി ജനത ചുവപ്പുകാര്‍ഡ് കാണിച്ച് അക് പാര്‍ട്ടിയെ കളിക്കളത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു എന്നാണ് അവര്‍ പറയാന്‍ ശ്രമിക്കുന്നത്. 

ഇങ്ങനെ വരുന്ന വാര്‍ത്തകളില്‍ പലതും വസ്തുതാ വിരുദ്ധമാണ്. അക് പാര്‍ട്ടി പരാജയപ്പെട്ടു എന്ന പ്രയോഗം തന്നെ ശരിയല്ല. കാരണം, 550-ല്‍ 258 സീറ്റ് നേടിയ അക് പാര്‍ട്ടി തന്നെയാണ് പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. ഒറ്റക്ക് ഗവണ്‍മെന്റ് രൂപീകരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം ലഭിച്ചില്ല എന്നുമാത്രം. 2002- നു ശേഷം ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, തുര്‍ക്കി ജനതയുടെ ഏറ്റവും കൂടുതല്‍ പിന്തുണയുള്ള കക്ഷി ഇന്നും അക് പാര്‍ട്ടി തന്നെയാണ്. അവര്‍ക്ക് നഷ്ടമായ സീറ്റുകള്‍ അവരുടെ ബദ്ധവൈരികളായ പട്ടാളത്തോടും പോലീസിനോടും സന്ധിചെയ്ത കക്ഷികള്‍ക്കല്ല ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. കാരണം, അക് പാര്‍ട്ടിയുടെ മുഖ്യ എതിരാളികളായ വലതുപക്ഷ റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടിക്കും ഇടതു ചായ്‌വുള്ള നാഷണലിസ്റ്റ് മൂവ്‌മെന്റിനും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അത്രയും സീറ്റുകള്‍ തന്നെയാണ് ഇത്തവണയും ലഭിച്ചത്. മറിച്ച് അക് പാര്‍ട്ടിക്ക് നഷ്ടമായ സീറ്റുകളത്രയും നേടിയത് ആദ്യമായി പാര്‍ലമെന്റില്‍ സാന്നിധ്യമറിയിച്ച പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരിലുള്ള കുര്‍ദ് പാര്‍ട്ടിയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഇരുപതുകള്‍ മുതല്‍ ഇലക്ഷന്‍ പങ്കാളിത്തത്തിനായി മുറവിളികൂട്ടുകയും കാത്തിരിക്കുകയും ചെയ്തിരുന്ന 15 മില്യന്‍ വരുന്ന കുര്‍ദുകളുടെ വോട്ട് അവരുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് ലഭിച്ചത് തികച്ചും സ്വാഭാവികം. 

തുര്‍ക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ബോധ്യപ്പെടും: 

 സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പാണ് നടന്നത് എന്നതില്‍ ആര്‍ക്കും സംശയമില്ല. അഥവാ, ജനാധിപത്യ പ്രക്രിയയുടെ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നതില്‍ അവര്‍ കാണിച്ച സജീവ ശ്രദ്ധ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. വോട്ടിംഗിലെ കൃത്രിമങ്ങളെ കുറിച്ചുയരുന്ന ആരോപണങ്ങള്‍ ബോധപൂര്‍വമായ തെറ്റിദ്ധരിപ്പിക്കലിന്റെ ഭാഗം മാത്രമാണ്.  

 തുര്‍ക്കിയെ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള ഉര്‍ദുഗാന്റെ പദ്ധതിയോട് തുര്‍ക്കി ജനത പല കോണുകളില്‍ നിന്നും എതിര്‍പ്പ് പ്രകടിപ്പിച്ചു. അതു കൂടാതെ,  ഗവണ്‍മെന്റിന്റെ പല നിലപാടുകളോടും വിയോജിപ്പുള്ളവരും അക് പാര്‍ട്ടിയെ പിന്തുണക്കാന്‍ വിസമ്മതിച്ചു. അവര്‍ എതിരാളികള്‍ക്കാണ് വോട്ട് ചെയ്തത്. ഫലത്തെ കുറിച്ച ഏറ്റവും നല്ല പ്രതികരണം തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്‌ലുവിന്റേതാണ്. അക് പാര്‍ട്ടി ഭരണം തുടരണമെന്ന് ഭൂരിപക്ഷം ആഗ്രഹിക്കുമ്പോഴും ചില നയങ്ങളിലും ശൈലിയിലും മാറ്റങ്ങള്‍ വേണമെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തി അദ്ദേഹം പ്രതികരിച്ചത്. ഫുട്‌ബോള്‍ കളിയില്‍ മഞ്ഞകാര്‍ഡ് ലഭിച്ചതു പോലെയാണ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ഫലം. എന്നാലത് കളിക്കളം വിടാനുള്ള ചുവപ്പുകാര്‍ഡല്ല. 

 അക് പാര്‍ട്ടിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം, കുര്‍ദ് പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രവേശമാണ്. അക് പാര്‍ട്ടിക്ക് 2011-ല്‍ ലഭിച്ചതിനേക്കാള്‍ 69 സീറ്റ് കുറഞ്ഞപ്പോള്‍ കുര്‍ദിഷ് പാര്‍ട്ടി ഒറ്റയടിക്ക് നേടിയത് 80 സീറ്റുകളാണ്. 

 കൂട്ടുമന്ത്രിസഭാ രൂപീകരണത്തിനെടുക്കുന്ന കാലതാമസം വരുംദിവസങ്ങളില്‍ തുര്‍ക്കിയില്‍ അസ്ഥിരത സൃഷ്ടിക്കും. ഭരണഘടന പ്രകാരം ഗവണ്‍മെന്റ് രൂപീകരിക്കാന്‍ പ്രധാനമന്ത്രിക്ക് 45 ദിവസമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. കുര്‍ദുകളുമായി ചേര്‍ന്ന് ഗവണ്‍മെന്റ് രൂപീകരിക്കാനാണ് ഒന്നാമത്തെ സാധ്യത. അത് പരാജയപ്പെട്ടാല്‍, മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടലാണ് പിന്നീടുള്ള പരിഹാരം.

 കുര്‍ദുകളുടെ രാഷ്ട്രീയ പ്രവേശം കേവല ഭൂരിപക്ഷം നഷ്ടപ്പെടുത്തിയെങ്കിലും ഉര്‍ദുഗാന്റെ പാര്‍ട്ടി ഈ തെരഞ്ഞെടുപ്പിലൂടെ ചരിത്രത്തില്‍ സ്ഥാനം നേടുകയുണ്ടായി. ദീര്‍ഘകാലം രാഷ്ട്രീയ പ്രവേശം വിലക്കപ്പെട്ടിരുന്ന കുര്‍ദുകള്‍ക്ക് ആദ്യമായി അതിന് അവസരം നല്‍കിയ വ്യക്തി എന്ന നിലയില്‍ ഉര്‍ദുഗാന്‍ എന്നും ചരിത്രത്തില്‍ അറിയപ്പെടും. തുര്‍ക്കി ജനതയും ജനാധിപത്യവുമാണ് യഥാര്‍ഥ വിജയികള്‍ എന്ന വലിയ പാഠമാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും ശ്രദ്ധേയമായ വശം. 

വിവ: നാജി ദോഹ

[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /35-37
എ.വൈ.ആര്‍