വര്‍ഗീയ ശക്തികളെ ചെറുക്കും, അധഃസ്ഥിതര്‍ക്ക് വേണ്ടി പോരാട്ടം തുടരും
പുതുതായി ചുമതലയേറ്റ ജമാഅത്തെ ഇസ്‌ലാമി കേരള അധ്യക്ഷന്‍
എം.ഐ അബ്ദുല്‍ അസീസ് സംസാരിക്കുന്നു.
ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ പുതിയ അമീറായി താങ്കള്‍ നിയമിക്കപ്പെട്ടിരിക്കുകയാണല്ലോ. എങ്ങനെയാണ് താങ്കള്‍ ജമാഅത്തിന്റെ നേതൃത്വത്തിലെത്തുന്നത്?
ദീനീ നിഷ്ഠയും ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ താല്‍പര്യവുമുള്ള കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. പിതാവ് ജമാഅത്ത് അനുഭാവിയാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരൂര്‍ക്കാട് ഇലാഹിയാ കോളജില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ ഉപ്പ ഉല്‍സാഹിച്ചു. എട്ട് വര്‍ഷത്തെ പഠനമായിരുന്നു തിരൂര്‍ക്കാട്ട്. കോളേജ് പഠനകാലയളവില്‍ തന്നെ കാമ്പസിലെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി. തുടര്‍ന്ന് എസ്.ഐ.ഒ സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1989-90 കാലയളവില്‍ സംസ്ഥാന പ്രസിഡണ്ടായിരുന്നു. എസ്.ഐ.ഒ. വിന്റെ കേന്ദ്ര കൂടിയാലോചനാ സമിതിയിലും പ്രവര്‍ത്തിച്ചു. യുവാക്കളെ വളര്‍ത്തിക്കൊണ്ടു വരുന്നതിലും ചുമതലകളേല്‍പ്പിച്ചു നല്‍കുന്നതിലും പ്രത്യേകം താല്‍പര്യമെടുത്ത പ്രഫ. കെ. എ സിദ്ദീഖ് ഹസന്‍ സാഹിബായിരുന്നു അന്ന് ജമാഅത്തിന്റെ സംസ്ഥാന അമീര്‍. എസ്.ഐ.ഒവില്‍ നിന്ന് പ്രായപരിധി കഴിഞ്ഞ ഉടനെ ജമാഅത്തിന്റെ മലപ്പുറം ജില്ലാ നാസിമായി നിയമിതനായി; കോഴിക്കോട് ജില്ലയില്‍ ടി ആരിഫലി സാഹിബും. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ രണ്ടാമത് മീഖാത്തില്‍ ഞങ്ങളെ രണ്ട് പേരെയും സംസ്ഥാന അസിസ്റ്റന്റ് അമീറുമാരാക്കി. തര്‍ബിയത്ത് വകുപ്പിന്റെ ചുമതലയായിരുന്നു എനിക്ക്. തുടര്‍ന്ന് വിവിധ സന്ദര്‍ഭങ്ങളില്‍ മേഖലാ നാസിമുമായി. ടി ആരിഫലി സാഹിബ് കേരള അമീറായി ഉത്തരവാദിത്തമേറ്റെടുത്തതു മുതല്‍ അസിസ്റ്റന്റ് അമീറായി ചുമതല വഹിച്ചുവരികയായിരുന്നു.
എന്തൊക്കെയായിരിക്കും പുതിയ പ്രവര്‍ത്തന കാലയളവില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അജണ്ടയില്‍ മുഖ്യ സ്ഥാനത്തുണ്ടാവുക?
ദേശീയ തലത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നയപരിപാടികള്‍ രൂപപ്പെട്ടു വരുന്നേയുള്ളൂ. ദേശീയ-അന്തര്‍ദേശീയ സാഹചര്യം, മുസ്‌ലിം സമുദായത്തിന്റെയും ഇതര പിന്നാക്ക വിഭാഗങ്ങളുടെയും അവസ്ഥ തുടങ്ങിയവ വിശകലനം ചെയ്തതിനു ശേഷമായിരിക്കും പോളിസി രൂപപ്പെടുക. ഇതിന്റെ വെളിച്ചത്തിലായിരിക്കും കേരളത്തില്‍ പ്രസ്ഥാനം ഊന്നേണ്ട വിഷയങ്ങളും പ്രവര്‍ത്തന പദ്ധതികളും ആസൂത്രണം ചെയ്യുക. കഴിഞ്ഞ കാലയളവിന്റെ അവസാനത്തില്‍ നടന്ന ജമാഅത്ത് അംഗങ്ങളുടെ സമ്മേളനത്തില്‍ അംഗങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളെ ഗൗരവത്തില്‍ പരിഗണിക്കും. പോഷക സംഘടനകളുടെയും ജമാഅത്തിനെ സ്‌നേഹിക്കുന്നവരുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ജമാഅത്തിന്റെ സംസ്ഥാന കൂടിയാലോചനാ സമിതിയാണ് കേരളത്തിലെ മുന്‍ഗണനകള്‍ നിശ്ചയിക്കുക.
ജമാഅത്ത് അടിസ്ഥാനപരമായി പ്രബോധക സംഘമാണ്. പ്രവാചകന്‍മാരുടെ പിന്തുടര്‍ച്ചക്കാരുമാണ്. രാജ്യ നിവാസികളോട് അങ്ങേയറ്റത്തെ ഗുണകാംക്ഷ വെച്ചു പുലര്‍ത്തുന്നവരാണ് ഇസ്‌ലാമിക പ്രവര്‍ത്തകര്‍. ദീനിന്റെ അവകാശികളായ മുഴുവന്‍ പേര്‍ക്കും അതെത്തിച്ചു കൊടുക്കുകയെന്നത് നമ്മുടെ ദൗത്യമാണ്. ഏകദൈവ വിശ്വാസം, പ്രവാചകത്വം, പരലോകം എന്നിവ രാജ്യ നിവാസികളെ ബോധ്യപ്പെടുത്താവുന്ന വിധം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഇസ്‌ലാം നീതിയുടെയും കാരുണ്യത്തിന്റെയും വ്യവസ്ഥയാണെന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരും.
ഇസ്‌ലാമിനെ കുറിച്ച യഥാര്‍ഥ കാഴ്ചപ്പാട് മുസ്‌ലിം സമുദായത്തെ പഠിപ്പിക്കുകയും അതനുസരിച്ച് ഉത്തമ ജീവിതം നയിക്കുന്നവരായി, ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രതിനിധാനം നിര്‍വഹിക്കുന്നവരായി അവരെ പരിവര്‍ത്തിപ്പിക്കുകയും ചെയ്യുകയെന്നത് ജമാഅത്തിന്റെ പ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തന മണ്ഡലമാണ്. മുസ്‌ലിം സമുദായത്തിന്റെ ക്രയശേഷിയെ രാജ്യ പുനര്‍നിര്‍മാണ പ്രക്രിയയില്‍ ഉപയോഗപ്പെടുത്തുകയെന്നതും ഇതിന്റെ ഭാഗമാണ്.
പ്രവര്‍ത്തകരുടെ ആത്മസംസ്‌കരണം (തര്‍ബിയത്ത്) ജമാഅത്തിന്റെ പ്രധാന പരിഗണനകളിലൊന്നാണ്. അല്ലാഹുവുമായുള്ള ബന്ധം, സമസൃഷ്ടികളോടുള്ള ബാധ്യതകള്‍ എന്നീ കാര്യങ്ങളില്‍ ഉയര്‍ന്ന നിലവാരത്തിലെത്തണം. പ്രവര്‍ത്തന മാര്‍ഗത്തില്‍ ഊര്‍ജസ്വലമാവാനും ഇതാവശ്യമാണ്. യോഗ്യതയും (സ്വലാഹിയത്ത്) ജീവിത വിശുദ്ധിയും (സ്വാലിഹിയത്ത്) ഒത്തുചേര്‍ന്ന പ്രവര്‍ത്തകരാണ് നമ്മുടെ ഉന്നം.
അതോടൊപ്പം തന്നെ ചില കാര്യങ്ങള്‍ ദേശീയ, അന്തര്‍ ദേശീയ, കേരള സാഹചര്യത്തില്‍ നിന്നുകൊണ്ട് പറയാനാവും. സംഘ് പരിവാറാണ് രാജ്യം ഭരിക്കുന്നത്. ഒരു വശത്ത് അത് രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കിക്കൊണ്ടിരിക്കുന്നു. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായി തീരുന്നു. മറുവശത്ത്, മുസ്‌ലിംകളും ഇതര പിന്നാക്ക വിഭാഗങ്ങളും കൂടുതല്‍ അരക്ഷിതരായി തീര്‍ന്നിരിക്കുന്നു. അതുകൊണ്ട് മുതലാളിത്ത- കോര്‍പ്പറേറ്റ് -വര്‍ഗീയ ഫാഷിസത്തിന്റെ വളര്‍ച്ചയെ തടയിടുന്ന, മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളുടെ നിലനില്‍പിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്‍പന്തിയില്‍ തന്നെ ജമാഅത്ത് ഉണ്ടായിരിക്കും. മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്കും സജീവ പരിഗണന ലഭിക്കും.
കഴിഞ്ഞ കാലങ്ങളില്‍ കേരളീയ സമൂഹത്തിന് ഇസ്‌ലാമിക പ്രസ്ഥാനം സംഭാവന ചെയ്ത ധാരാളം സംരംഭങ്ങളുണ്ട്. അവയെ അവയുടെ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന് ഉതകുംവിധം പൂര്‍ണമായി സജ്ജമാക്കും. ദൃശ്യമാധ്യമ രംഗത്തെ കാല്‍വെപ്പുകള്‍ ശൈശവ ദശ പിന്നിടുന്നേയുള്ളൂ. പരിപക്വമായ വിതാനത്തിലേക്ക് അതിനെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. രാഷ്ട്രീയ രംഗത്തെ കാല്‍വെപ്പുകളെ അതിദ്രുതം മുന്നോട്ട് കൊണ്ട് പോകേണ്ട പ്രവര്‍ത്തന കാലയളവ് കൂടിയാണിത്. ഇത് രണ്ടും ജമാഅത്തിന്റെ സജീവ പരിഗണനയിലുണ്ടായിരിക്കും. ജനസേവന മേഖലയിലും അച്ചടി മാധ്യമ രംഗത്തുമുള്ള സംവിധാനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഒരു ആക്ഷന്‍ പ്ലാന്‍ ആവശ്യമായി വരും. യുവാക്കളുടെ ക്രയശേഷി കൂടുതല്‍ കരുത്തോടെ സാമൂഹിക പുനര്‍നിര്‍മാണ പ്രക്രിയയില്‍ പ്രയോജനപ്പെടുത്തുന്ന ചുവടുവെപ്പുകളും ആവശ്യമാണ്.
വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിം സമൂഹം വലിയ മുന്നേറ്റം നടത്തിയ കാലമാണല്ലോ ഇത്. ജമാഅത്ത് ഈ രംഗത്ത് എന്തെങ്കിലും ഇടപെടല്‍ നടത്താനുദ്ദേശിക്കുന്നുണ്ടോ?
വിദ്യാഭ്യാസത്തിന് തുടക്കം മുതല്‍ വലിയ പ്രാധാന്യം നല്‍കിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. മതവിദ്യാഭ്യാസവും ഭൗതികവിദ്യാഭ്യാസവും പരസ്പരബന്ധം സാധ്യമാകാത്ത കാര്യങ്ങളായി മനസ്സിലാക്കപ്പെട്ട കാലത്ത് അവയുടെ സമന്വയത്തിലൂടെ പുതിയൊരു വിദ്യാഭ്യാസ കാഴ്ചപ്പാട് തന്നെ സൈദ്ധാന്തികമായും പ്രായോഗികമായും അവതരിപ്പിക്കാന്‍ ജമാഅത്തിനു സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ ഒരു നവോത്ഥാന പ്രക്രിയ തന്നെയായിരുന്നു അത്. കേരളത്തിലെ മുഴുവന്‍ മത സംഘടനകളും ഇന്നത് ഏറ്റെടുത്തിരിക്കുന്നു. വിമോചനത്തിന്റെയും വിഭവ വിതരണ പങ്കാളിത്തത്തിന്റെയും മാര്‍ഗമാണ് വിദ്യാഭ്യാസമെന്ന് ഇന്ന് മുസ്‌ലിം സമുദായം തിരിച്ചറിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസപരമായ ഉണര്‍വിനു കാരണമതാണ്.
ഭാവിയില്‍ വിദ്യാഭ്യാസ മേഖലയില്‍ ശക്തമായ ചില മുന്നേറ്റങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നു. ധാരാളം പണ്ഡിതന്മാരെ വളര്‍ത്തിയെടുക്കാന്‍ കേരളത്തിലുടനീളമുള്ള മതകലാലയങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. എന്നാല്‍, ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍, കേരളത്തിന്റെയും ഇന്ത്യയുടെയുമൊക്കെ സവിശേഷ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ഒരിസ്‌ലാമിക പ്രയോഗത്തെ കുറിച്ച്, കാലത്തോട് സംവദിക്കുന്ന ഒരിസ്‌ലാമിനെ കുറിച്ച് ചിന്തിക്കുന്ന മൗലിക പ്രതിഭകള്‍ ഇനിയും ഇവിടെ നിന്നുണ്ടായിട്ടില്ലെന്നത് ഒരു ന്യൂനതയാണ്. നമ്മുടെ കലാലയങ്ങളെ ആ അര്‍ഥത്തില്‍ പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്.
പൊതു വിദ്യാഭ്യാസ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന സംരംഭങ്ങളില്‍ പൊതു സമൂഹത്തെയും പങ്കാളികളാക്കാവുന്ന വിധം അതിനിയും വിശാലമാകേണ്ടതുണ്ട്. മികച്ച ധാര്‍മികാധ്യാപനങ്ങളിലൂടെ മൂല്യബോധമുള്ള തലമുറയെ വളര്‍ത്തിയെടുത്ത് നേതൃത്വം അവരെ ഏല്‍പ്പിക്കുകയെന്നത് എത്രയും അനിവാര്യമാണ്. ഇവ സാധ്യമാക്കുന്നതിന് പ്രായോഗികമായ നടപടികള്‍ ഉണ്ടാവും. ഇത് നേരത്തെ പറഞ്ഞ പൂര്‍ണത കൈവരിക്കുന്നതിന്റെ കൂടി ഭാഗമാണ്. കഴിഞ്ഞ കാലയളവില്‍ ജമാഅത്ത് പ്രത്യേകം വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചത് ഈ ഉദ്ദേശ്യത്തോട് കൂടിയാണ്.
കേരളത്തിലെ ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്തെ പരിമിതികളെ കുറിച്ച് പറഞ്ഞല്ലോ. ജമാഅത്ത് തന്നെ നേരിട്ടു നടത്തുന്ന സ്ഥാപനമാണ് അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ. എങ്ങനെയാണിതിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തുന്നത്? എന്തൊക്കെയാണ് ഭാവി പരിപാടികള്‍?
തീര്‍ച്ചയായും ആ ന്യൂനതകള്‍ പരിഹരിക്കുകയെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് അല്‍ ജാമിഅ 2003-ല്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഒരു സമ്പൂര്‍ണ സര്‍വകലാശാല എന്ന നിലക്ക് അതിനെ വിലയിരുത്താന്‍ സമയമായിട്ടില്ല. എന്നാലും തുടക്കമെന്ന നിലയില്‍ ആശാവഹമായ പ്രവണതകള്‍ കണ്ടു വരുന്നുണ്ട്. കഴിവും പ്രാപ്തിയുമുള്ള ധാരാളം പണ്ഡിതന്‍മാര്‍ ഇവിടെ നിന്നും പുറത്തു വന്നു. ഒരു പരിധിവരെ രൂപീകരണ ലക്ഷ്യത്തെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നുണ്ട്. അതിന്റെ പ്രവര്‍ത്തനവും ഉള്ളടക്കവും കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ട്. കേരളത്തിലെ ദീനീ തല്‍പരരായ രക്ഷിതാക്കള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. സമര്‍ഥരായ വിദ്യാര്‍ഥികളാണ് ഇന്നവിടെയുള്ളത്.
കേരളം എന്നതിനേക്കാള്‍ ദേശീയ- അന്തര്‍ദേശീയ സ്വപ്നമാണ് അല്‍ജാമിഅക്കുള്ളത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്നു പറഞ്ഞാല്‍ ഉര്‍ദു സംസാരിക്കുന്ന ഉത്തരേന്ത്യന്‍ മുസ്‌ലിംകളാണ്. അവരില്‍ വിദ്യാഭ്യാസപരമായ ഉണര്‍വുണ്ടാക്കാതെ മുന്നോട്ട് പോകാനാവില്ല. ഇതിനു സഹായകമാവുന്ന രീതിയില്‍ അല്‍ ജാമിഅയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. ഇപ്പോള്‍ തന്നെ ഉത്തരേന്ത്യയില്‍ നിന്നുള്ള ധാരാളം വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ട്.
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പാരിസ്ഥിതിക മേഖലകളില്‍ സാന്നിധ്യമറിയിക്കുന്ന പ്രസ്ഥാനമാണ് കഴിഞ്ഞ കുറേ കാലങ്ങളായി ജമാഅത്തെ ഇസ്‌ലാമി. എന്തൊക്കെയായിരിക്കും പുതിയ കാലത്ത് ജമാഅത്തെ ഇസ്‌ലാമിയെ ദൃശ്യപ്പെടുത്തുക?
ആഗോള തലത്തില്‍ തന്നെ ഇസ്‌ലാമിനെതിരെ സംഘടിതമായ ആക്രമണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. തീവ്രവാദം, ഭീകരവാദം തുടങ്ങിയ സാമ്രാജ്യത്വ സൃഷ്ടികളായ പരികല്‍പനകള്‍ സമുദായത്തിനുമേല്‍ ആരോപിക്കപ്പെടുന്നു. മാധ്യമ പിന്തുണയോടെ ഇതിന് പൊതു സമ്മതി ലഭിക്കുന്നു. ഇസ്‌ലാമിന്റെ പേരില്‍ എഴുന്നേറ്റു നില്‍ക്കുന്നവര്‍ക്ക് ഒരുപാട് ചോദ്യശരങ്ങളെയും ആരോപണങ്ങളെയും നേരിടേണ്ടിവരുന്നു. സാമ്രാജ്യത്വം പടച്ചു വിടുന്ന ആരോപണങ്ങളെ സാധൂകരിക്കുന്ന നിലപാടുകള്‍ കുറഞ്ഞ അളവിലെങ്കിലും സമുദായത്തിനകത്തും പ്രകടമാണ്. ഇസ്‌ലാമിന്റെ തനത് ആശയങ്ങളില്‍ നിന്ന് സമുദായം ഏറെ അകന്നു പോയി. ഇവിടെ ഇസ്‌ലാമിനെ യഥാവിധി പ്രതിനിധാനം ചെയ്യുകയെന്ന ദൗത്യമാണ് ഇസ്‌ലാമിക പ്രസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. ഈ പ്രതിനിധാനത്തിന്റെ വ്യത്യസ്തമായ ആവിഷ്‌കാരങ്ങളാണ് രാഷ്ട്രീയ, സാമൂഹിക, പാരിസ്ഥിതിക, ജനസേവന മേഖലകളിലെ ഇടപെടലുകള്‍. നേരിട്ടോ പോഷക സംവിധാനങ്ങളിലൂടെയോ ജമാഅത്തെ ഇസ്‌ലാമി തുടര്‍ന്നും ശക്തമായി കേരളത്തില്‍ സാന്നിധ്യമറിയിച്ചുകൊണ്ടിരിക്കും. ഇസ്‌ലാമിന്റെ വിമോചനപരതക്ക് വലിയ പ്രസക്തിയുള്ള കാലമാണ് വരാനിരിക്കുന്നത്. ഇസ്‌ലാമിനെ പുതിയ ഭാഷയിലും ശൈലിയിലും ജനസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കും. ഇസ്‌ലാമിനെ കുറിച്ച സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും പ്രസ്ഥാനം മുന്‍കൈയ്യെടുക്കും.
കേരളത്തിലെ മതസംഘടനകള്‍ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ നിരന്തരം പിളരുന്നതും പരസ്പരം ചെളിവാരിയെറിയുന്നതും നിത്യ കാഴ്ചയാണിന്ന്. സമുദായ ഐക്യം എന്നും ജമാഅത്തിന്റെ അജണ്ടയായിരുന്നല്ലോ. ഇത്തരം വിഷയങ്ങളില്‍ ക്രിയാത്മകമായ ഇടപെടല്‍ ജമാഅത്തിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാമോ?
ഖേദകരമാണ് കേരളത്തില്‍ മുസ്‌ലിം സമുദായത്തിന്റെ വര്‍ത്തമാനം. ലോകം മുഴുവന്‍ ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിം ലോകത്തെ കുറിച്ചും ചര്‍ച്ച ചെയ്യുമ്പോള്‍ അഭിപ്രായ ഭിന്നതയുടെയും സംഘടനാ പക്ഷപാതിത്വത്തിന്റെയും വ്യക്തി താല്‍പര്യങ്ങളുടെയും ഇടുങ്ങിയ ഇടങ്ങളില്‍ പരസ്പരം പോരടിച്ച് സായൂജ്യമടയുകയാണവര്‍. സമുദായത്തെ ദീനിന്റെ യഥാര്‍ഥ വക്താക്കളാക്കി മാറ്റുകയെന്നതാണ് സമുദായത്തിനകത്തെ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം. ഇതിന് ഐക്യം അനിവാര്യമാണ്; ഒപ്പം ജീര്‍ണതകള്‍ക്കെതിരെയുള്ള സമരവും. പൊതു വിഷയങ്ങളില്‍ ഭിന്നത മറന്ന് ഐക്യപ്പെടാന്‍ സമുദായ സംഘടനകള്‍ സന്നദ്ധമാകണം. തൗഹീദ് എന്ന കേന്ദ്രാശയം തന്നെ ഭിന്നതകള്‍ക്കപ്പുറം സാധ്യമാകുന്ന ഒരു ഉള്‍ക്കൊള്ളലിനെ സ്വയം വഹിക്കുന്നുണ്ട്. ഈ ഉള്‍ക്കൊള്ളല്‍ ശേഷി കൂടി ആദര്‍ശത്തിന്റെ ഭാഗമായി മനസ്സിലാക്കുമ്പോഴാണ് ഓരേക സമുദായമായി നിലനില്‍ക്കാനാവുക. ശത്രുക്കളുടെ ഗൂഢാലോചന, സ്ഥാപിത താല്‍പര്യങ്ങള്‍ എന്നിവ സംഘടനകളെ പിളര്‍പ്പിലേക്ക് നയിക്കുമ്പോള്‍, വിഴുപ്പലക്കിന് കാരണമാവുമ്പോള്‍ അപഹാസ്യമാകുന്നത് ഇസ്‌ലാമിന്റെ ആദര്‍ശമാണ്.
ഹൈന്ദവ ഏകീകരണത്തിനു വേണ്ടി തീവ്രശ്രമമാണ് സംഘ് പരിവാര്‍ കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ദലിത്, കീഴാള വിഭാഗങ്ങളെയടക്കം ഹിന്ദു എന്ന ഒറ്റ തലക്കെട്ടിനു താഴെ നിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. സമൂഹത്തിന്റെ ഈ വര്‍ഗീയവല്‍ക്കരണത്തെ ജമാഅത്ത് എങ്ങനെയാണ് പ്രതിരോധിക്കുക?
അത്യന്തം അപകടകരമായ സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളത്. ജനാധിപത്യം, മത നിരപേക്ഷത തുടങ്ങിയ ഭരണഘടനാ മൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്നു. കോര്‍പ്പറേറ്റ്- ഭരണകൂട ബാന്ധവത്തെ മറച്ചു വെക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണ് വര്‍ഗീയ കലാപങ്ങള്‍, ഘര്‍വാപസി തുടങ്ങിയവ. പിന്നാക്ക ദലിത് വിഭാഗങ്ങള്‍ വഞ്ചിക്കപ്പെടുകയാണ് ചെയ്യുന്നത്. വര്‍ഗീയ കലാപങ്ങളിലെ ഉപകരണങ്ങള്‍ മാത്രമാണവര്‍, ഇരകള്‍ ന്യൂനപക്ഷങ്ങളും. ഘര്‍വാപസിയുമായി ബന്ധപ്പെട്ട്, ഏത് ജാതിയിലേക്കാണ് മാറുകയെന്ന ഉത്തരം കിട്ടാത്ത ചോദ്യം അതാണ് സൂചിപ്പിക്കുന്നത്. വര്‍ഗീയത, ആത്യന്തികമായി അതിന്റെ വക്താക്കളെപ്പോലും നശിപ്പിക്കും. മാനവികത കൊണ്ടേ വര്‍ഗീയതയെ നേരിടാന്‍ കഴിയൂ. ഇതിന് പൊതു കൂട്ടായ്മകള്‍ ഉയര്‍ന്നു വരണം. വ്യാപകമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അവര്‍ രാജ്യത്തെ വലിയ ന്യൂനപക്ഷമാണ്. ഏറെ വിഭവങ്ങള്‍ അവരുടെ കൈകളിലുണ്ട്. പ്രത്യേക കമ്പാര്‍ട്ട്‌മെന്റായി മാറി നില്‍ക്കുന്നതിനു പകരം പൊതു സമൂഹത്തിന്, വിശേഷിച്ച് പിന്നാക്ക, ദലിത് വിഭാഗങ്ങള്‍ക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തില്‍ ഇവ വിനിയോഗിക്കപ്പെടണം. അത്തരമൊരു ജീവിത സംസ്‌കാരം മുസ്‌ലിംകളില്‍ വളര്‍ത്തിക്കൊണ്ടുവരികയെന്നത് വര്‍ഗീയതക്കെതിരായ മികച്ച പ്രതിരോധമായിരിക്കും. രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ ക്രിയാത്മക പങ്ക് വഹിക്കുന്നവരായി അവര്‍ മാറണം. കേരളത്തില്‍ പോലും സൂക്ഷ്മമായി പഠിച്ചു നോക്കിയാല്‍ മുസ്‌ലിം സമുദായത്തിനുണ്ടായ സാമ്പത്തിക പുരോഗതിയുടെ ഗുണഭോക്താക്കളാകാന്‍ ഇതര പിന്നാക്ക, അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നു കാണാനാവും.
കേരളത്തിലെ പരമ്പരാഗത കുടുംബ ഘടനയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. കുടുംബത്തിന്റെ നേതൃത്വവും സാമ്പത്തിക സ്രോതസ്സും പുരുഷനായിരുന്ന കാലത്തുനിന്ന് സ്ത്രീ, പുരുഷനോളം വരുമാനമുള്ളവളും കാര്യശേഷി പ്രകടിപ്പിക്കുന്നവളും ആയി മാറിയിരിക്കുന്നു. ഇത് പരമ്പരാഗത കുടുംബ സങ്കല്‍പങ്ങളിലുണ്ടാക്കിേയക്കാവുന്ന ആഘാതങ്ങള്‍, വിശേഷിച്ചും മുസ്‌ലിം കുടുംബങ്ങളില്‍, എങ്ങനെ പരിഹരിക്കാനാവും? സ്ത്രീയുടെ സാമൂഹിക പങ്കാളിത്തം എത്രവരെ മുന്നോട്ട് കൊണ്ടുപോകാനാവും?
മുന്‍കാലങ്ങളില്‍ വിവരമുള്ളവനും കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സും പുരുഷനായിരുന്നത് കൊണ്ട് കുടുംബത്തിന്റെ നേതൃത്വം പുരുഷനിലെത്തുകയെന്നതിന് സ്വാഭാവികതയുണ്ടായിരുന്നു. സ്ത്രീക്കാവട്ടെ, ഒരുപാട് കാലം വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കപ്പെട്ടിരുന്നു. എന്നാലിന്ന് സ്ത്രീയും പുരുഷനോടൊപ്പം തന്നെ എത്തി നില്‍ക്കുന്നു. ഇത് പരമ്പരാഗത കുടുംബ സങ്കല്‍പങ്ങളില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നത് ശരിയാണ്. പരമ്പരാഗത കുടുംബ സങ്കല്‍പം പുരുഷാധിപത്യത്തിലധിഷ്ഠിതവും പുരുഷ മാത്ര കേന്ദ്രീകൃതവുമായിരുന്നു എന്നതാണതിനു കാരണം. യഥാര്‍ഥത്തില്‍ വിദ്യാഭ്യാസവും സാമ്പത്തിക ശേഷിയും കുടുംബത്തെ ബലപ്പെടുത്തുകയല്ലേ ചെയ്യുക എന്ന നിലക്ക് ചിന്തിച്ചാല്‍, നമ്മുടെ കാഴ്ചപ്പാടുകളില്‍ ചില അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാവും. കുടുംബമെന്ന സാമൂഹിക സ്ഥാപനത്തിന്റെ ലക്ഷ്യവും ഒരോരുത്തര്‍ക്കും നിര്‍ണയിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങളും ചുമതലകളും മനസ്സിലാക്കുകയും, അവ യഥവിധി നിര്‍വഹിക്കാനുള്ള, കുടുംബാന്തരീക്ഷത്തെ സര്‍ഗാത്മകമായി അഭിമുഖീകരിക്കാനുള്ള ഉപാധികളായി വിദ്യാഭ്യാസത്തെയും ഇതര സൗകര്യങ്ങളെയും കാണുകയുമാണ് വേണ്ടത്. വിദ്യാഭ്യാസത്തെ കേവല സാമ്പത്തിക മൂല്യമുള്ള വിവരവും ചരക്കുമായി കണ്ടുവെന്നതും, ഇസ്‌ലാമിക മൂല്യങ്ങള്‍ ചോര്‍ന്നു പോയതും കുടുംബത്തില്‍ ഇസ്‌ലാമിക സംസ്‌കാരം സന്നിവേശിപ്പിക്കുന്നതില്‍ വീഴ്ചകള്‍ സംഭവിച്ചതുമാണ് ഇപ്പോള്‍ കണ്ടുവരുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനം.
സ്ത്രീയുടെ സാമൂഹിക പങ്കാളിത്തത്തെ കുറിച്ച് മാത്രം ചോദ്യമുയരുന്നതില്‍ തന്നെ ഒരു സ്ത്രീ വിരുദ്ധതയുണ്ടല്ലോ. ഇസ്‌ലാം സ്ത്രീക്കനുവദിച്ചതെല്ലാം സമൃദ്ധമായി വകവെച്ചു നല്‍കാന്‍ നാം പ്രതിജ്ഞാബദ്ധമാണ്. സ്ത്രീകളുടെ ബുദ്ധിപരമോ പ്രവര്‍ത്തനപരമോ ആയ കഴിവുകളെ അവഗണിക്കാനാവുകയില്ല. അത്തരം പരിമിതപ്പെടുത്തലുകളുള്ള ഒരു സാമൂഹിക മുന്നേറ്റവും ലക്ഷ്യം കാണുകയുമില്ല.
മുതലാളിത്ത സംസ്‌കാരത്തെ ശക്തമായി പ്രതിരോധിക്കാന്‍ ജമാഅത്ത് ശ്രദ്ധിച്ചു. എന്നാല്‍ അടുത്ത കാലത്തായി ജമാഅത്തിന്റെ പ്രതിഛായക്ക് കളങ്കമുണ്ടാക്കുന്ന ചില പ്രവണതകള്‍ പ്രവര്‍ത്തകരില്‍ കണ്ടു വരുന്നില്ലേ? ജീവിത സങ്കല്‍പങ്ങളിലുണ്ടായ മാറ്റം, കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക താല്‍പര്യങ്ങള്‍ എന്നിവയൊക്കെ പ്രവര്‍ത്തകരെയും സ്വാധീനിക്കുന്നില്ലേ?
ശരിയായ ഒരു വിലയിരുത്തലാണത്. ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ധാര്‍മിക പരിശുദ്ധിയിലാണ് മുതലാളിത്തം കൈവെച്ചിരിക്കുന്നത്. അതിന്റെ പ്രായോജകരും അത് തന്നെയാണ് കൊട്ടി ഘോഷിക്കുക. മുതലാളിത്ത സംസ്‌കാരത്തെ സ്വന്തം ജീവിതത്തില്‍ പ്രതിരോധിക്കുകയെന്നത് ഏറെ ത്യാഗം ആവശ്യമുള്ള കാര്യമാണ്. നിരന്തര സംസ്‌കരണ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയും വ്യക്തികള്‍ നടത്തുന്ന ആത്മ പരിശോധനയിലൂടെയുമേ ഇതിനെ അതിജയിക്കാനാവൂ. ഇതില്‍ ഏതെങ്കിലും നീക്കുപോക്കിനോ വിട്ടുവീഴ്ചക്കോ ഇസ്‌ലാമിക പ്രസ്ഥാനം തയാറല്ല. അല്ലാഹുവിലും പരലോകത്തിലുമുള്ള അചഞ്ചല വിശ്വാസവും അതില്‍നിന്നാവ്ഷികരിക്കപ്പെടുന്ന ജീവിതവിശുദ്ധിയുമാണീ പ്രസ്ഥാനത്തിന്റെ മൂലധനം. ആര്‍ത്തിയും ദുരയും ജീവിതത്തിന്റെ പൊലിമയും എവിടെയുമെത്തിക്കില്ല. മനസ്സമാധാനം നഷ്ടപ്പെട്ട വ്യക്തികളും കുടുംബത്തകര്‍ച്ചകളും മാത്രമായിരിക്കും അത് സമ്മാനിക്കുകയെന്ന് മുതലാളിത്ത രാജ്യങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഓരോരുത്തരും സ്വന്തത്തോട് പൊരുതുക, പൊരുതിക്കൊണ്ടേയിരിക്കുക എന്നതു മാത്രമേ വഴിയുള്ളൂ.
സോഷ്യല്‍ മീഡിയ രംഗത്തെ ഇടപാടുകളും ഇടപെടലുകളും കൂടി പ്രസക്തമെന്നു തോന്നുന്നു?
നന്മയുടെ പക്ഷത്തുനിന്ന് ഏറെ ഫലപ്രദമായി ഉപയോഗിക്കാവുന്ന മാധ്യമമാണത്. വിശേഷിച്ചും പുതിയ തലമുറയിലേക്ക് കടന്നു ചെല്ലാനതുപകരിക്കും. ദേശാരാഷ്ട്രാതിര്‍ത്തികളെ അതിലംഘിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അറബ് വസന്തത്തിന്റെ മീഡിയ പാര്‍ട്ണര്‍ സാമൂഹിക മാധ്യമങ്ങളായിരുന്നല്ലോ. കേരളത്തിലും സോഷ്യല്‍ മൊബിലൈസേഷന് അവ സഹായകമായിട്ടുണ്ട്. മുഖ്യധാരാ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ തമസ്‌കരിക്കുന്ന വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്ന സങ്കേതമെന്ന നിലക്ക് അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമാവാന്‍ അവക്കാവും. എന്നാല്‍ ഇത്രയും തന്നെ പ്രതിലോമപരമായ സാധ്യതകളും ഇതിനകത്തു തന്നെയുണ്ട്. ജീവിതത്തില്‍ പൂലര്‍ത്തുന്ന വിശുദ്ധിയും സംസ്‌കാരവും സോഷ്യല്‍ മീഡിയയിലും പുലര്‍ത്താന്‍ നാം കടപ്പെട്ടിരിക്കുന്നു.
സാമൂഹിക പ്രസക്തമായ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും പുതിയ സംരംഭങ്ങള്‍ തുടങ്ങിയപ്പോള്‍ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്തതുമൊക്കെ ഇതിന് കാരണമല്ലേ, വിശേഷിച്ചും അത്തരമൊരു വിമര്‍ശം നിലനില്‍ക്കുമ്പോള്‍?
ധാര്‍മിക സദാചാര രംഗത്തോ മൂല്യ സങ്കല്‍പങ്ങളിലോ പ്രഖ്യാപിത നിലപാടുകളിലോ ഒരു വിട്ടുവീഴ്ചയ്ക്കും ഇസ്‌ലാമിക പ്രസ്ഥാനം തയാറായിട്ടില്ല, അങ്ങനെ ചിന്തിച്ചിട്ടുമില്ല. ഓരോ സന്ദര്‍ഭത്തിലും നിരന്തരമായ വിലയിരുത്തലുകള്‍ക്കും ആത്മപരിശോധനക്കും അത് വിധേയമാകുന്നുണ്ട്. എങ്കിലും വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. അത് കൂടുതല്‍ ജാഗ്രത്താവാന്‍ ഉപകരിക്കും. പ്രസ്ഥാനം തുടങ്ങുന്ന സംരംഭങ്ങളുടെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിലേക്കുള്ള പ്രയാണത്തില്‍ അനിവാര്യമാകുന്ന ചില സമീപനങ്ങള്‍ അതിന് സ്വീകരിക്കേണ്ടി വരും. അത് സുചിന്തിതമാണ്; ഇജ്തിഹാദീപരവുമാണ്. എന്നാല്‍ സംരംഭങ്ങളുടെ അനിവാര്യതകള്‍ വ്യക്തിക്കു നല്‍കുന്ന ഇളവുകളായോ സ്വാതന്ത്ര്യമായോ മനസ്സിലാക്കരുത് എന്നതാണ് പ്രധാനം.
അമീറെന്ന നിലക്ക് കേരളത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തകരോട് പറയാനുള്ളത്?
കൂട്ടായ നേതൃത്വം എന്നതാണ് ജമാഅത്തിന്റെ നേതൃ സങ്കല്‍പം. വ്യക്തിയുടെ പ്രഭാവം സംഘടനാ സ്വഭാവത്തെ നിര്‍ണയിക്കുന്ന സംവിധാനമല്ല ജമാഅത്തില്‍ ഉള്ളത്. എങ്കിലും ഹല്‍ഖാ അമീറെന്ന നിലക്ക് ഭാരിച്ച ഉത്തരവാദിത്തമാണ് ദുര്‍ബലമായ ചുമലുകളില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. ഹാജി സാഹിബ് മുതല്‍ ആരിഫലി സാഹിബ് വരെയുള്ള പ്രതിഭാധനര്‍ നേതൃത്വം നല്‍കിയ പ്രസ്ഥാനമാണിത്. വൈജ്ഞാനിക ബലവും അനുഭവ പരിചയവുമുള്ള കൂടിയാലോചന സമിതിയും, എന്തും സമര്‍പ്പിക്കാന്‍ സന്നദ്ധരായ പ്രവര്‍ത്തകവ്യൂഹവുമുണ്ടെന്നത് ആശ്വാസം തന്നെയാണ്. സര്‍വോപരി പ്രപഞ്ച നാഥന്റെ തുണയുമുണ്ടെങ്കില്‍ നാം ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും; ഇഹത്തിലും പരത്തിലും. പ്രവര്‍ത്തിക്കുക, പ്രാര്‍ഥിക്കുക.
തയാറാക്കിയത്: ഡോ. കെ.ടി അനീസുദ്ദീന്‍, കെ. നജാത്തുല്ല
Comments