ഖുര്‍ആന്‍ മാസം
റമദാന്‍ നോമ്പിന്റെ മാത്രം മാസമല്ല; ഖുര്‍ആന്റെയും മാസമാണ്. ഖുര്‍ആന്‍ അവതീര്‍ണമായ മാസം എന്നാണ് വിശുദ്ധ ഖുര്‍ആന്‍ റമദാനിനെ വിശേഷിപ്പിക്കുന്നത്. ഖുര്‍ആന്റെ മാസമായതുകൊണ്ടാണ് റമദാന്‍ നോമ്പിന്റെ മാസമായത്. മനുഷ്യ വര്‍ഗത്തെ അജ്ഞാനത്തിന്റെ അന്ധകാരങ്ങളില്‍ നിന്ന് ജ്ഞാനത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് മോചിപ്പിക്കുന്ന വിളക്കും ശരിയായ ജീവിതപാതയിലൂടെ നയിക്കുന്ന ഇമാമുമാണ് ഖുര്‍ആന്‍. അതുകൊണ്ടാണ് അതവതരിപ്പിച്ച മാസം പവിത്രമായതും ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ വ്രതാനുഷ്ഠാനം ആ മാസത്തില്‍ തന്നെ നിശ്ചയിക്കപ്പെട്ടതും. ''മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സുവ്യക്തമായ സന്മാര്‍ഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ മാറ്റുരക്കുന്ന ഉരകല്ലായും ഖുര്‍ആന്‍ അവതീര്‍ണമായ മാസമാകുന്നു റമദാന്‍. അതിനാല്‍ ആ മാസത്തിന് സാക്ഷിയാകുന്നവന്‍ ആ മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കേണ്ടതാകുന്നു'' (ഖുര്‍ആന്‍ 2:185). ''അല്ലയോ മര്‍ത്യരേ, നിങ്ങള്‍ക്കിതാ വിധാതാവിങ്കല്‍നിന്നുള്ള സദുപദേശം ലഭിച്ചിരിക്കുന്നു. മനസ്സിലുള്ള രോഗങ്ങള്‍ക്ക് ശമനവും സന്മാര്‍ഗദര്‍ശകവും അതില്‍ വിശ്വസിക്കുന്നവര്‍ക്കൊക്കെയും അനുഗ്രഹദായകവുമാണത്. പ്രവാചകന്‍ ജനങ്ങളെ ഉണര്‍ത്തുക: നിങ്ങള്‍ക്ക് ലഭിച്ച ഈ വേദം അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവുമാകുന്നു. അതിനാല്‍ അത് ലഭിച്ചതില്‍ അവര്‍ സന്തുഷ്ടരായിക്കൊള്ളട്ടെ. അവര്‍ ശേഖരിച്ചുകൊണ്ടിരിക്കുന്ന സകലമാന സമ്പാദ്യങ്ങളെക്കാളും വിശിഷ്ടമായതത്രെ അത് (10:57,58).
ഖുര്‍ആനാകുന്ന അമൂല്യ അനുഗ്രഹത്തിനുള്ള നന്ദിയുടെയും സന്തോഷത്തിന്റെയും ആഘോഷകാലമാണ് റമദാന്‍. ഖുര്‍ആന്‍ പാരായണം ചെയ്തും പഠിച്ചും ജീവിതത്തില്‍ പകര്‍ത്താന്‍ പരിശ്രമിച്ചുമാണ് അതാഘോഷിക്കേണ്ടത്. മുഹമ്മദ് നബി (സ) ഖുര്‍ആന്‍ ഏറെ പാരായണം ചെയ്തിരുന്നത് റമദാനിലായിരുന്നു. പ്രവാചക ശിഷ്യന്മാരും ആ പാത പിന്തുടര്‍ന്നു. ഇന്നും വീടുകളിലും പള്ളികളിലും ഏറ്റവുമധികം ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുന്നത് റമദാനിലാണ്. മാതൃഭാഷയില്‍ അക്ഷരജ്ഞാനമില്ലാത്ത വിശ്വാസി പോലും ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പഠിപ്പിക്കപ്പെട്ടിരിക്കും. അര്‍ഥമറിയാതെയാണെങ്കിലും അല്ലാഹുവിന്റെ വചനങ്ങളാണെന്ന വിശ്വാസത്തോടെ ഭക്തിപൂര്‍വം ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് പുണ്യകര്‍മമായി സമുദായം പൊതുവില്‍ കരുതിവരുന്നു. പ്രമാണങ്ങള്‍ അത് ശരിവെക്കുന്നുണ്ട്. പക്ഷേ മനുഷ്യന് ആര്‍ജിക്കാന്‍ കഴിയുന്ന സകല വിഭവങ്ങളെക്കാളും വിശേഷപ്പെട്ടതായി ഖുര്‍ആന്‍ അല്ലാഹു അവതരിപ്പിച്ചുതന്നത് വെറുതെ ആവര്‍ത്തിച്ച് വായിക്കാന്‍ മാത്രമല്ല എന്ന യാഥാര്‍ഥ്യവും അനിഷേധ്യമാകുന്നു. ഉപരി സൂചിത ഖുര്‍ആന്‍ സൂക്തങ്ങള്‍ തന്നെ അക്കാര്യം സ്പഷ്ടമാക്കുന്നുണ്ട്. മനുഷ്യനെ അസത്യത്തിന്റെയും അധര്‍മത്തിന്റെയും ഇരുട്ടുകളില്‍ നിന്ന് സത്യത്തിന്റെയും ധര്‍മത്തിന്റെയും വെളിച്ചത്തിലേക്കുണര്‍ത്തുകയും സത്യധര്‍മങ്ങളിലധിഷ്ഠിതമായ ജീവിതപാത ഏതെന്നും അതിലൂടെ സഞ്ചരിക്കേണ്ടതെങ്ങനെയെന്നും പഠിപ്പിക്കുകയുമാണ് ഖുര്‍ആന്റെ മൗലിക ദൗത്യം. ആ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും പിന്തുടരുകയും ചെയ്യുമ്പോഴേ ഖുര്‍ആനിനോടുള്ള കടപ്പാടും ആദരവും യാഥാര്‍ഥ്യമാകൂ. ഖുര്‍ആന്‍ വിശ്വാസിയുടെ മുന്നില്‍ വെക്കുന്നത് ചെകുത്താന്‍ അവന്റെ മനസ്സില്‍ വിതക്കുന്ന രോഗങ്ങള്‍ക്കുള്ള ഔഷധവും, ആത്മീയവും ധാര്‍മിക സദാചാരപരവുമായ ജീവിതാരോഗ്യത്തിന്റെ ചിട്ടവട്ടങ്ങളുമാണ്. ''സത്യവിശ്വാസികള്‍ക്ക് ശമന(ശിഫ)വും അനുഗ്രഹവുമായിട്ടുള്ളതാകുന്നു നാം ഖുര്‍ആനായി അവതരിപ്പിക്കുന്നത്'' (17:82). നമുക്ക് വിശ്വാസവും മതിപ്പുമുള്ള വൈദ്യന്റെ കുറിപ്പിനെ നാം തീര്‍ച്ചയായും മാനിക്കും. പക്ഷേ, വൈദ്യന്റെ രോഗനിര്‍ണയം മനസ്സിലാക്കുകയോ ചികിത്സാ വിധി നടപ്പിലാക്കുകയോ ചെയ്യാതെ കുറിപ്പടി ആവര്‍ത്തിച്ച് വായിച്ചതുകൊണ്ടു മാത്രം രോഗശാന്തിയുണ്ടാവില്ലെന്ന് ഏത് മൂഢനുമറിയാം. എന്തുകൊണ്ടോ ഖുര്‍ആന്റെ കാര്യത്തില്‍ ഈ അറിവ് പലര്‍ക്കും വിസ്മൃതമാകുന്നു.
ഖുര്‍ആന്‍ പ്രപഞ്ചത്തില്‍ പരന്നു കിടക്കുന്ന ദൃഷ്ടാന്തങ്ങളെ ചൂണ്ടിക്കാണിക്കുന്നത് മനുഷ്യന്‍ അതേക്കുറിച്ച് ചിന്തിക്കാനും പഠിക്കാനുമാണ്. സുവിശേഷങ്ങള്‍ നല്‍കുന്നത് അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കാനും താക്കീതുകള്‍ നല്‍കുന്നത് അവനെ ഭയപ്പെടാനുമാണ്. വിധിവിലക്കുകളവതരിപ്പിച്ചത് അനുസരിക്കപ്പെടാന്‍ വേണ്ടിയാണ്. ''നാം അവതരിപ്പിച്ച അനുഗൃഹീത വേദമാണ് ഖുര്‍ആന്‍. അതിനെ പിന്തുടരുവിന്‍'' (6:155). ''നാം ന്യായപ്രമാണത്തോടെ ഈ ഖുര്‍ആന്‍ അവതരിപ്പിച്ചത് നീ അതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധിക്കേണ്ടതിനാകുന്നു'' (4:105). ''ഈ ഖുര്‍ആന്‍ ഏറ്റം ശരിയായതിലേക്ക് നയിക്കുന്നു. സല്‍കര്‍മമാചരിക്കുന്ന സത്യ വിശ്വാസികളെ വിശിഷ്ടമായ കര്‍മഫലത്തിന്റെ സുവിശേഷമറിയിക്കുന്നു. പരലോകത്തെ അംഗീകരിക്കാത്തവരെ കൊടിയ ശിക്ഷയൊരുക്കിയിട്ടുള്ളതായി താക്കീതു ചെയ്യുന്നു'' (17:9,10). ഉദ്‌ബോധനങ്ങള്‍ ഗ്രഹിക്കാനും വിധിവിലക്കുകളനുസരിക്കാനും സുവിശേഷങ്ങളില്‍ പ്രതീക്ഷ വളര്‍ത്താനും താക്കീതുകളെ ഭയപ്പെടാനുമൊക്കെ ഖുര്‍ആന്‍ അര്‍ഥമറിഞ്ഞും ആശയം ഉള്‍ക്കൊണ്ടും തന്നെ പാരായണം ചെയ്യേണ്ടതുണ്ട്.
അടുത്തകാലം വരെ ഖുര്‍ആന്റെ അര്‍ഥഗ്രഹണം അറബിഭാഷയില്‍ പരിജ്ഞാനമില്ലാത്ത സാധാരണക്കാര്‍ക്ക് ദുഷ്‌കരമായിരുന്നു. ഇന്ന് ആ പ്രശ്‌നം കുറെയൊക്കെ പരിഹൃതമായിരിക്കുന്നു. മിക്ക ഭാഷകളിലും ധാരാളം ഖുര്‍ആന്‍ തര്‍ജമകളും വ്യാഖ്യാനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഗ്രാമാന്തരങ്ങളില്‍ വരെ ഖുര്‍ആന്‍ പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഖുര്‍ആന്റെ സാമാന്യ പാഠങ്ങള്‍ സാധാരണക്കാര്‍ക്ക് അയത്‌നം പ്രാപ്യമാക്കിയിരിക്കുകയാണിതെല്ലാം. താല്‍പര്യവും ഇഛാശക്തിയുമുള്ളവരെ ദൈവിക സന്ദേശത്തിന്റെ ആന്തരാര്‍ഥങ്ങളിലേക്കിറങ്ങിച്ചെല്ലാനും സഹായിക്കുന്നു. ഈ റമദാന്‍ കാലം ഖുര്‍ആന്റെ കേവല പാരായണത്തിനുപരി പഠനപാരായണത്തിനുള്ള അവസരമായി എല്ലാ മുസ്‌ലിം സഹോദരന്മാരും പ്രയോജനപ്പെടുത്തുമെന്നാശിക്കട്ടെ. ''ഈ ഖുര്‍ആനെ നാം ഉദ്‌ബോധനാര്‍ഥം എളുപ്പമാക്കിയിരിക്കുന്നു. ഉദ്ബുദ്ധരാവാന്‍ തയാറുള്ളവരുണ്ടോ?''(54:17)
Comments