Prabodhanm Weekly

Pages

Search

2015 ജൂണ്‍ 26

മോദിയുടെ ഇന്ത്യയില്‍ സംവരണത്തിന്റെ ഭാവി

അമീന്‍ ഹസന്‍ മോങ്ങം /ലേഖനം

         നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ബജറ്റ് വിഹിതം വെട്ടിക്കുറച്ചും ന്യൂനപക്ഷങ്ങളോടുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. മുസ്‌ലിംകളെ ന്യൂനപക്ഷമായി പരിഗണിക്കേണ്ടതില്ലെന്നും സംവരണം എടുത്തുകളയണമെന്നുമുള്ള ന്യൂനപക്ഷ ക്ഷേമ മന്ത്രിയുടെ പ്രസ്താവനയും, ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ എടുത്തുകളഞ്ഞതും  ഇതിനോട് ചേര്‍ത്തു വായിക്കുക. കേന്ദ്രത്തിലെ അനുകൂല സാഹചര്യം പരമാവധി മുതലെടുത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളും ന്യൂനപക്ഷ വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോവുകയാണ്. മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന അധിക സംവരണം എടുത്തു കളഞ്ഞ മഹാരാഷ്ട്ര സര്‍ക്കാരില്‍നിന്ന് കൂടുതല്‍ ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ പ്രതീക്ഷിക്കാം. പിന്നാക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമുണ്ടായിരുന്ന ഫീസിളവ് വരെ എടുത്തുകളഞ്ഞത് ഇതിന്റെ ഭാഗമാണ്. 

ഈ സാഹചര്യത്തിലാണ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന്റെ ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ പിന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച ശിപാര്‍ശയെ വിലയിരുത്തേണ്ടത്. പിന്നാക്കക്കാരിലെ മുന്നാക്കക്കാര്‍ക്ക് മാത്രമാണ് നിലവില്‍ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നതെന്നും, ഇത് പരിഹരിക്കാന്‍ പിന്നാക്ക വിഭാഗങ്ങളെ (ഒ.ബി.സി) മൂന്നായി തിരിക്കണമെന്നുമാണ് കമ്മീഷന്റെ നിര്‍ദേശം. അങ്ങേയറ്റം പിന്നാക്കമുള്ള വിഭാഗം(Extremely Backward Classes (EBC)), കൂടുതല്‍ പിന്നാക്കമുള്ള വിഭാഗം (More Backward Classes (MBC)), പിന്നാക്ക വിഭാഗം (Backward Classes (BC)) എന്നിങ്ങനെ തിരിച്ച് നിലവിലുള്ള 27 ശതമാനം സംവരണത്തില്‍ ഒരോ വിഭാഗത്തിനും ക്വാട്ട ഏര്‍പ്പെടുത്തണം. വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളാണ് തരം തിരിക്കുന്നതിന് കമ്മീഷന്‍ നിര്‍ദേശിക്കുന്ന മാനദണ്ഡം. എന്നാല്‍ ഏതെങ്കിലും വിഭാഗങ്ങളെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ഒറ്റനോട്ടത്തില്‍ ഗുണപരം എന്ന്് തോന്നിയേക്കാവുന്ന നിര്‍ദേശങ്ങള്‍ സൃഷ്ടിക്കുന്ന അപകടം വലുതാണ്. 

ഒന്നാമതായി, സംവരണം തീരുമാനിക്കുന്നതിന് സാമ്പത്തിക അവസ്ഥ മാനദണ്ഡമാക്കുന്നത് സംവരണത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് തന്നെ എതിരാണ്. നീതിരഹിതമായ സാമൂഹികവ്യവസ്ഥ സൃഷ്ടിച്ച അസമത്വം മൂലം രാഷ്ട്രീയ ഭരണ, സാമ്പത്തിക, വിദ്യാഭ്യാസ, ഉദ്യോഗ, സാംസ്‌കാരിക മേഖലകളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന് വരാന്‍ വേണ്ടിയുള്ള പ്രത്യേക പരിരക്ഷയാണ് സംവരണം. അധികാരവുമായും സാമൂഹിക പദവിയുമായാണ് അത് ബന്ധപ്പെട്ടിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി മേല്‍തട്ടിലുള്ള വിഭാഗങ്ങളെയും വ്യക്തികളെയും സംവരണത്തിന് പുറത്ത് നിര്‍ത്തണമെന്ന ക്രീമീലെയര്‍ വാദത്തിന്റെ തുടര്‍ച്ചയാണ് ഈ നിര്‍ദേശവും.

1992-ലെ സുപ്രീംകോടതിയുടെ ക്രീമിലെയര്‍ നടപ്പാക്കാനുള്ള വിധി പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ഉദ്യോഗസംവരണത്തിനുള്ള ഭരണഘടനയുടെ 16 (എ) വകുപ്പില്‍ സുപ്രധാനമായ ഒരു വ്യവസ്ഥ എഴുതിച്ചേര്‍ത്തു. സുപ്രീംകോടതി വിധി പ്രകാരം ഗവണ്‍മെന്റ് നിശ്ചയിക്കുന്ന വരുമാനത്തിന് താഴെയുള്ളവര്‍ക്ക് മാത്രമാണ് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുക. സാമൂഹികവും രാഷ്ട്രീയവുമായ പിന്നാക്കാവസഥ പരിഹരിക്കാനുള്ള സംവരണത്തിന്റെ പരിധിയില്‍ നിന്ന് പിന്നാക്ക വിഭാഗത്തിലെ വലിയൊരു വിഭാഗം ഇതോടെ ഒഴിവാക്കപ്പെട്ടു. സാമ്പത്തികാവസ്ഥയുടെ പേരില്‍ മുന്നാക്കകാര്‍ക്ക് തുല്യമായി പരിഗണിക്കപ്പെടുന്ന പിന്നാക്ക വിഭാഗങ്ങളോട് ചെയ്യുന്ന അനീതി എന്നുമാത്രമല്ല, സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടന്ന് അത് മുന്നാക്ക വിഭാഗങ്ങള്‍ക്ക് തന്നെ ലഭിക്കുന്ന സാഹചര്യമാണ് ഇതിലൂടെ രൂപപ്പെട്ടത്. സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികാവസ്ഥയാക്കാനുള്ള അജണ്ടയുടെ തുടര്‍ച്ചയാണ് പുതിയ നിര്‍ദേശവും (പ്രത്യേക പരിഗണന ആവശ്യമുള്ള വിഭാഗങ്ങളുടെ അവകാശങ്ങളെ കുറിച്ച് പഠിക്കാനും ഉറപ്പുവരുത്താനുമാണ് കമ്മീഷനുകളും കോര്‍പറേഷനുകളും രൂപീകരിക്കാറുള്ളത്. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിയ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണവും ഇപ്പോള്‍ രൂപീകരിച്ച മുന്നാക്ക വികസന കോര്‍പറേഷനും ഭരണഘടന തത്ത്വങ്ങള്‍ക്കും നരസിംഹ റാവു സര്‍ക്കാര്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സംവരണം നടപ്പാക്കിയതിനെതിരെ 1992-ല്‍ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന്റെ വിധിക്കും എതിരാണ്).

അതോടൊപ്പം തന്നെ മണ്ഡല്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ശക്തിയാര്‍ജിച്ച പിന്നാക്ക വിഭാഗങ്ങളുടെ ഐക്യശ്രമങ്ങളെ ഭിന്നിപ്പിക്കാനുള്ള ആര്‍.എസ്.എസ് താല്‍പര്യവും ഇതിനു പിന്നിലുണ്ട് എന്ന് വേണം മനസ്സിലാക്കാന്‍. ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിര്‍ദേശം നടപ്പിലാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.

എം.എല്‍.എ, എം.പി എന്നിവരുടെ മക്കളെ സംവരണത്തില്‍ നിന്ന് ഒഴിവാക്കാനും ക്രീമീലെയര്‍ പരിധി ആറ് ലക്ഷത്തില്‍ നിന്ന്  10.5 ലക്ഷമായി ഉയര്‍ത്താനും കമ്മീഷന്‍ കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. റിപ്പോര്‍ട്ട് നടപ്പാക്കുന്നുവെങ്കില്‍, മൂന്നായി തരം തിരിക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണ സീറ്റുകളില്‍ ആളില്ലാതെ വന്നാല്‍ ജനറലില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം തൊട്ടുമുകളിലുള്ള സംവരണ വിഭാഗത്തിനായി അത് നീക്കി വെക്കണമെന്ന നിര്‍ദേശവും ഉയരുന്നുണ്ട്.

അതോടൊപ്പം മത ന്യൂനപക്ഷങ്ങള്‍ക്ക് 15 ശതമാനവും അതിനകത്ത്  മുസ്‌ലിംകള്‍ക്ക് 10 ശതമാനവും സംവരണം നല്‍കണമെന്ന മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ 18.1 ശതമാനം വരുന്ന മത ന്യൂനപക്ഷങ്ങളും വിശേഷിച്ച് 13.4 ശതമാനം വരുന്ന മുസ്‌ലിംകളും ഏറെ പിന്നാക്കമാണന്നെതിന് ആരും തെളിവ് ചോദിക്കാത്ത വിധം ധാരാളം കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാറിന്റെ മേശപ്പുറത്തുണ്ട്. അതുകൊണ്ടാണ് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് മിശ്ര കമ്മീഷന്‍ നിര്‍ദേശിച്ചത്. നിലവില്‍ ഒബിസി ലിസ്റ്റില്‍ രാജ്യത്തെ ജനസംഖ്യയുടെ 52 ശതമാനം ജനങ്ങള്‍ അര്‍ഹരാണെങ്കിലും അതില്‍ ആറ് ശതമാനം മാത്രമാണ് മുസ്‌ലിംകള്‍. മൊത്തം മുസ്‌ലിം ജനസംഖ്യയുടെ 40 ശതമാനം മാത്രം. കേരളം, കര്‍ണാടക, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് മുഴുവന്‍ മുസ്‌ലിംകള്‍ക്കും സംവരണത്തിന് അര്‍ഹതയുള്ളത്. പ്രത്യേക നിയമനിര്‍മാണത്തിലൂടെ മാത്രമേ മിശ്ര കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനാവൂ. എന്നാല്‍, യു.പി.എ സര്‍ക്കാര്‍ തന്നെ നടപ്പാക്കാന്‍ മടിച്ച റിപ്പോര്‍ട്ട,് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള ന്യൂനപക്ഷങ്ങള്‍ ഇല്ലെന്ന് പറഞ്ഞ്  കേന്ദ്രഫണ്ട് തിരിച്ചയച്ച നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. സച്ചാര്‍ കമ്മീഷന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ച ഫഌഗ് ഷിപ്പ് പദ്ധതി പൂര്‍ണമായും റദ്ദാക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രമം. റിപ്പോര്‍ട്ടുകള്‍ ശാസ്ത്രീയമല്ലെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നതെങ്കില്‍, റിപ്പോര്‍ട്ടുകള്‍ കാലഹരണപ്പെട്ടു എന്നതാണ് ബി.ജെ.പിയുടെ പുതിയ ന്യായം. 

ഇന്ത്യയില്‍ ഏറ്റവും പിന്നാക്കമായ വിഭാഗങ്ങള്‍ മുസ്‌ലിംകളും ബുദ്ധിസ്റ്റുകളുമാണെന്ന് ഗോപാല്‍ സിംഗ് കമ്മീഷന്‍, 1983-ല്‍ പ്രധാനമന്ത്രി  ഇന്ദിരാഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സച്ചാര്‍ കമ്മീഷന്‍ പല മേഖലകളിലും മുസ്‌ലിംകളുടെ സ്ഥിതി പട്ടികജാതി വിഭാഗങ്ങളെക്കാള്‍ മോശമാണന്ന് കണക്കുകള്‍ നിരത്തി. മുസ്‌ലിം സമുദായത്തിന്റെ അവസ്ഥ മറ്റു സാമൂഹിക മതനിലവാരങ്ങളുമായി(socio religious category) തുലനം ചെയ്തു നടന്ന പഠനത്തില്‍ പുറത്ത് വന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. 16 കോടിയോളം വരുന്ന ജനതയോട് ജനാധിപത്യ രാജ്യത്തിന്റെ ഭരണകൂടം ഏതുവിധമാണ് പെരുമാറിയത് എന്നതിന് ഇനി മറ്റൊരു പഠനവും ആരും ആവശ്യപ്പെടില്ല. ബ്രിട്ടീഷ് ഭരണകാലത്തെക്കാള്‍ കഷ്ടമാണ് മുസ്‌ലിംകളുടെ സ്ഥിതി. 36 ശതമാനവും ഭൂരഹിതര്‍. 80 ലക്ഷം സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ് മുസ്‌ലിം പങ്കാളിത്തം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 1.4 ശതമാനം, സിവില്‍ സര്‍വീസില്‍ നാലു ശതമാനം, ജുഡീഷറിയില്‍ എട്ടു ശതമാനത്തില്‍ താഴെ.

വസ്തുതകള്‍ ഇതായിരിക്കെ സംവരണവിരുദ്ധരുടെയും സാമ്പത്തിക സംവരണവാദികളുടെയും ന്യായങ്ങള്‍ ന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും അറിയാതെ ഏറ്റുപിടിക്കുന്നത് സങ്കടകരമാണ്. രാഷ്ട്രീയ സംവരണം അടക്കം കൂടുതല്‍ സംവരണം ആവശ്യപ്പെടേണ്ട സാഹചര്യത്തില്‍ ഇനി സംവരണത്തിന്റെ ആവശ്യമില്ല എന്ന രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവന കടുത്ത അപകര്‍ഷ ബോധത്തിലേക്കാണ് ഈ വിഭാഗങ്ങളെ തള്ളി വിടുന്നത്. 

കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും അടക്കം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ സംവരണ വിരുദ്ധ നിലപാടുകള്‍ ഒളിഞ്ഞും തെളിഞ്ഞും സ്വീകരിക്കുന്നു. മിശ്ര കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും സാമ്പത്തിക സംവരണമെന്ന അടിസ്ഥാനപരമായ നിലപാട് സി.പി.എം ഇപ്പോഴും തിരുത്തിയിട്ടില്ല. സംവരണവിരുദ്ധ നിലപാട് തന്നെയാണിത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /35-37
എ.വൈ.ആര്‍