Prabodhanm Weekly

Pages

Search

2015 ജൂണ്‍ 05

മോദി സര്‍ക്കാറിന് ഒരു വയസ്സ്, പാഴ്കിനാക്കള്‍ക്കും

ഇഹ്‌സാന്‍

        കള്ളപ്പണം തിരികെ കൊണ്ടു വരാത്തതിനെ ചൊല്ലി ബി.ജെ.പിയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസുകാര്‍ കഴിഞ്ഞ 60 വര്‍ഷത്തെ ഭരണകാലഘട്ടത്തില്‍ ഇക്കാര്യത്തില്‍ എന്തു ചെയ്തു എന്ന 'ഗമണ്ടന്‍' ചോദ്യമുന്നയിച്ചത് മറ്റാരുമല്ല ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തെറ്റുപറ്റിയത് ഇന്ത്യയിലെ വോട്ടര്‍മാര്‍ക്കാണോ എന്ന സംശയം സ്വാഭാവികം. കള്ളപ്പണം തിരികെ കൊണ്ടുവരും എന്നും ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം ഇട്ടുകൊടുക്കുമെന്നും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും റാലികളില്‍ പ്രഖ്യാപിച്ചിട്ടുണ്ടാവണം! മാധ്യമങ്ങളും പൊതുജനവും ബി.ജെ.പി പറഞ്ഞതു മാത്രമേ കേട്ടുള്ളൂ. അല്ലെങ്കില്‍ അമിത്ഷാ അവര്‍കള്‍ ഇങ്ങനെ പറയില്ലല്ലോ. 'ഇനി അഥവാ ബി.ജെ.പി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ എല്ലാവര്‍ക്കും 15 ലക്ഷം അക്കൗണ്ടില്‍ ഇട്ടുകൊടുക്കും എന്നൊക്കെ പ്രചാരണത്തിന്റെ ഭാഗമായി അടിച്ചു വിടുന്ന വാചകമല്ലേ? അതെ കുറിച്ച് എന്തിത്ര ചോദിക്കാനിരിക്കുന്നു?' (അമിത് ഷാ മാധ്യമ പ്രവര്‍ത്തകരോടു ചോദിച്ചതാണിത്). കള്ളപ്പണത്തിന്റെ കാര്യത്തില്‍ ഇന്ത്യ അന്താരാഷ്ട്ര കരാറുകള്‍ പാലിക്കേണ്ട സാഹചര്യമുണ്ടെന്നും അത് എങ്ങനെ ലംഘിക്കാനാവുമെന്നും ഷാ ന്യായം നിരത്തി. അപ്പോള്‍ പിന്നെ കോണ്‍ഗ്രസിനോട് ഈ 60 വര്‍ഷത്തിന്റെ കണക്ക് ചോദിക്കുന്നതിന്റെ സാംഗത്യം? ഇന്ത്യയില്‍ ഇതാദ്യമായി 2014 മെയ് 26-നു ശേഷമാണോ കേന്ദ്ര സര്‍ക്കാര്‍ ഉണ്ടായത്? മുന്‍കാല സര്‍ക്കാറുകള്‍ക്ക് ബാധകമല്ലാത്ത ഈ കരാറുകള്‍ ബി.ജെ.പിയുടെ കാര്യത്തില്‍ മാത്രം ന്യായമാകുന്നതെങ്ങനെ? 

എള്ളോളം കള്ളപ്പണമില്ലാത്ത, വിലകള്‍ കുത്തനെ ഇടിഞ്ഞ, ദാവൂദ് ഇബ്‌റാഹീം തിഹാര്‍ ജയിലില്‍ ഗോതമ്പുണ്ട തിന്നുന്ന, 50 രൂപക്ക് പെട്രോള്‍ ലഭിക്കുന്ന, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ക്ക് പഞ്ഞമില്ലാത്ത... എന്തൊക്കെയായിരുന്നു കേട്ടത്! സുന്ദര സുമധുര സുരഭിലമായ ഈ 'ബഹുത്ത് അഛാദിന്‍' നൂറു ദിവസത്തിനകം നടപ്പില്‍ വരുമെന്ന് ബി.ജെ.പിയെ കുറിച്ച് മാധ്യമങ്ങള്‍ നുണപറഞ്ഞതായിരുന്നോ? അഛാ ദിന്‍ എന്താണെന്ന കാര്യത്തില്‍ പ്രധാനമന്ത്രി നല്‍കിയ വിശദീകരണം കൂടി കേട്ടാല്‍, കാര്യം മനസ്സിലാക്കിയേടത്ത് വോട്ടര്‍മാര്‍ക്ക് തന്നെയാണ് അബദ്ധം പിണഞ്ഞതെന്ന് വ്യക്തമാവും. 2014-ന് മുമ്പ് എന്തായിരുന്നു രാജ്യത്തിന്റെ അവസ്ഥ എന്നത് വിലയിരുത്തിയാലേ അഛാ ദിന്‍ വന്നോ ഇല്ലേ എന്ന കാര്യം വിലയിരുത്താനാവൂ എന്നാണ് മഥുരാ റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച യു.പി.എ സര്‍ക്കാര്‍ നിലംപതിച്ച് ബി.ജെ.പിയുടെ സദ്ഭരണം വന്നില്ലേ? യു.പി.എ കാലത്ത് ഇന്ത്യക്കാരന് നാണമോ മാനമോ ഉണ്ടായിരുന്നോ? ഇതിലപ്പുറം ഇനിയെന്ത് അഛാ ദിന്‍ വരാനാണ്? ഭരണം നഷ്ടപ്പെട്ട അഴിമതിക്കാര്‍ക്കും ദല്ലാളുമാര്‍ക്കുമല്ലാതെ ആര്‍ക്കാണ് രാജ്യത്ത് ചീത്ത ദിവസം വന്നത്? മഥുരയില്‍ നടന്ന റാലിയില്‍ തടിച്ചു കൂടിയ ദരിദ്ര നാരായണന്മാരോടു പ്രധാനമന്ത്രി ഈ ഇമ്മിണി ബല്യ ചോദ്യമുയര്‍ത്തി ഓളമുണ്ടാക്കാന്‍ നോക്കിയെങ്കിലും പൊരി വെയിലത്ത് 500 രൂപ കൂലികിട്ടുമെന്ന് മോഹിച്ച് റാലിക്കു വന്ന ആ പാവങ്ങളാരും മറുപടിയായി കൈ ഉയര്‍ത്തുകയോ ആരവമുണ്ടാക്കുകയോ ചെയ്തില്ല; 'നിങ്ങള്‍ക്ക് നല്ല ദിവസം വന്നില്ലേ' എന്ന് മോദി ജനക്കൂട്ടത്തോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചുവെങ്കിലും. ഭരണം പോയവരുടേതാണ് ചീത്ത ദിവസമെങ്കില്‍ കിട്ടിയവരുടേതാണ് അഛാ ദിന്‍ എന്ന് ജനത്തിന് തോന്നിയിട്ടുണ്ടാവും. അതെ കുറിച്ച് റാലികളില്‍ കൈപൊക്കിയാര്‍ത്തിട്ട് പാവപ്പെട്ടവന് എന്ത് കാര്യം? 

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഉണ്ടായിരുന്നത് അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണെന്നും പുതിയ സര്‍ക്കാറിന്റെ കാലത്തെ ഭരണം ജനക്ഷേമകരമാണെന്നുമാണ് മോദി ഭരണം അവതരിപ്പിക്കുന്ന സിദ്ധാന്തം. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ ഈ സര്‍ക്കാറിനെ കുറിച്ച് മാധ്യമങ്ങള്‍ അഴിമതി കഥകള്‍ പ്രചരിപ്പിക്കാത്തതും മന്ത്രിമാര്‍ ജയിലില്‍ പോകാത്തതുമാണ് മോദിയുടെ ഭരണത്തിന്റെ മേന്മയായി മാറുന്നത്. അംബാനിക്കും അദാനിക്കും ആത്മാവ് പണയം വെച്ച മാധ്യമങ്ങളുടെ കൊള്ളരുതായ്മയായല്ല ഇക്കാര്യം മാറുന്നത്. അഴിമതി, കൈക്കൂലി എന്നൊക്കെ പറയുന്നതിന്റെ അര്‍ഥം ഉദ്ദിഷ്ടകാര്യത്തിന് പണം റൊക്കമായി എണ്ണിവാങ്ങുന്ന പുരാതനമായ ഏര്‍പ്പാട് മാത്രമായി ബി.ജെ.പി ചുരുക്കിയെടുക്കുകയും ചെയ്തു. നെഹ്‌റുവിന്റെ കാലത്ത് സ്വകാര്യ മുതലാളിയില്‍ നിന്ന് 5000 രൂപയുടെ സംഭാവനക്ക് ആര്‍ക്കോ ശിപാര്‍ശ കത്ത് കൊടുത്തത് വലിയ പാതകമായി കണ്ട ജനസംഘത്തിന്റെ ഇന്നത്തെ മുഖമാണ് ബി.ജെ.പി എന്നതു മറക്കരുത്. പക്ഷേ ആയുധക്കമ്മീഷന്‍, കച്ചവടക്കമ്മീഷന്‍, സ്വകാര്യ മുതലാളിമാര്‍ക്ക് നേട്ടമുണ്ടാക്കി കൊടുക്കല്‍, അവരുടെ സംഭാവന പറ്റി തെരഞ്ഞെടുപ്പ് നേരിടല്‍ മുതലായതൊന്നും പുതിയ കാലത്ത് അഴിമതിയല്ല എന്നാണ് മാറിയ നിര്‍വചനമെന്ന് തോന്നുന്നു. 

വിദേശ നിക്ഷേപമായി ഇന്ത്യയിലേക്ക് കോടികള്‍ വരുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ നിര്‍മ്മലാ സീതാരാമന്‍ എന്ന വാണിജ്യ വകുപ്പ് മന്ത്രി പ്രധാനമന്ത്രിയുടെ ഒപ്പം വിദേശങ്ങളില്‍ പോകുന്നതിരിക്കട്ടെ, ദാവോസ് റൗണ്ട് ലോക വ്യാപാര ചര്‍ച്ചകളിലോ മേക്ക് ഇന്‍ ഇന്ത്യ ഹാനൂവര്‍ ചര്‍ച്ചകളിലോ പോലും ഇടം പിടിച്ചിരുന്നില്ല. അതേസമയം അംബാനിയും അദാനിയും ഏത് കാബിനറ്റ് മന്ത്രിമാര്‍ പോയതിനേക്കാളുമേറെ വിദേശത്ത് പ്രധാനമന്ത്രിയോടൊപ്പം പോയിട്ടുമുണ്ട്. ഏറ്റവുമൊടുവില്‍ ചൈനയില്‍ നിന്ന് സുനില്‍ ഭാരതിക്ക് 19500 കോടിയും അദാനിക്ക് 16000 കോടിയും വായ്പ ലഭിക്കാന്‍ ഇടനിലക്കാരന്റെ പണി എടുത്തതും നമ്മുടെ നാടുഭരിക്കുന്ന പ്രധാനമന്ത്രി തന്നെ. ചൈന എന്ന രാജ്യം ഇന്ത്യ എന്ന രാജ്യത്ത് മുടക്കുമെന്ന് പറയുന്ന കോടികളത്രയും പക്ഷെ ധാരണാ പത്രങ്ങള്‍ മാത്രമാണ്. എന്നിട്ടും മോദി അവകാശപ്പെടുന്നത് ഒരു വര്‍ഷമായി അഴിമതി എന്ന വാക്ക് ഇന്ത്യയിലാരും കേട്ടിട്ടു പോലുമില്ല എന്നും! യു.പി.എ കാലത്തിന്റെ തുടര്‍ച്ചയായ 'വികസന' സൂചികകള്‍ കാലം തെറ്റിച്ച് സ്വന്തം കണക്കില്‍ വരവു വെച്ചും പദ്ധതികള്‍ പേരു മാറ്റി സ്വന്തമാക്കിയെടുത്തും യു.പി.എ കൊണ്ടുവന്ന നല്ല നിയമങ്ങളെ 'ചീത്ത' ദിവസങ്ങളുടെ ദുര്‍മേദസ്സായി മാറ്റിയെടുത്തുമാണ് ഈ സര്‍ക്കാര്‍ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്.   

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /28
എ.വൈ.ആര്‍