Prabodhanm Weekly

Pages

Search

2015 ജൂണ്‍ 05

കനാലുകളുടെ വെനീസ്

ഹുസൈന്‍ കടന്നമണ്ണ /യാത്ര

മിലാനോ മുതല്‍ മ്യൂണിച്ച് വരെ-2

         വെനീസ് എന്ന ദ്വീപിനെ ബാഹ്യ ലോകവുമായി ബന്ധിപ്പിക്കുന്ന നാല് കിലോമീറ്റര്‍ കടല്‍പ്പാലം കടന്നപ്പോള്‍ അത് അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം പോലെ തോന്നി. സ്റ്റീഫന്റെ വാനില്‍ വെനീസ് ബസ്സ്റ്റാന്റില്‍ വന്നിറങ്ങിയ ഞങ്ങള്‍ അഞ്ചുപേരും മുഖാമുഖം നോക്കി. എല്ലാവരുടെയും മുഖത്ത് വെനീസ് എന്ന ചരിത്ര പ്രസിദ്ധമായ 'സഞ്ചാരികളുടെ പറുദീസ'യില്‍ എത്താന്‍ കഴിഞ്ഞതിന്റെ സംതൃപ്തി. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് 'ഒരു ചെറുപുള്ളിച്ചിറകുള്ള ചങ്ങാലി പ്രാവി'ന്റെ കവിതകൊണ്ടാരംഭിക്കുന്ന മലയാള പാഠ പുസ്തകത്തിലെ 'വെനീസിലെ വ്യാപാരി' എന്ന കഥ പ്രിയപ്പെട്ട മലയാളാധ്യാപകന്‍ അസ്‌ലം മാസ്റ്റര്‍ വശ്യമായ ശൈലിയില്‍ അവതരിപ്പിച്ചത് മനസ്സ് പ്ലേ ബാക്ക് ചെയ്തു.

ഒരു ദ്വീപിനെ 3.8 കിലോമീറ്റര്‍ നീളവും മുപ്പത് മുതല്‍ എഴുപത് വരെ മീറ്റര്‍ വീതിയുമുള്ള 'ഗ്രാന്റ് കനാല്‍' എന്നു പേരുള്ള പ്രധാന തോട് വെട്ടി രണ്ടായി പകുത്ത ശേഷം ഇരുപകുതികള്‍ക്കും കുറുകെ 45ഓളം വീതി കുറഞ്ഞ തോടുകള്‍ വെട്ടി കൊച്ചു കൊച്ചു കഷ്ണങ്ങളാക്കിയിരിക്കുന്നു. ആകാശത്തുനിന്ന് നോക്കുമ്പോള്‍ നട്ടെല്ലും വാരിയെല്ലുകളും വിന്യസിച്ച പോലെ. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ബില്‍ഡിംഗ് കാടുകള്‍ നിറഞ്ഞൊരു ദ്വീപില്‍ കനാലുകള്‍ കൊണ്ട് കള്ളികളുണ്ടാക്കിയിരിക്കുന്നു.

ദ്വീപിന്റെ ഇരുപകുതികളെയും ബന്ധിപ്പിച്ച് നട്ടെല്ലായ ഗ്രാന്റ് കനാലിന് കുറുകെ കമാനാകൃതിയില്‍ മൂന്നു വലിയ പാലങ്ങള്‍. ദ്വീപുകഷ്ണങ്ങളെ ബന്ധിപ്പിച്ച് വാരിയെല്ലുകളായ വീതി കുറഞ്ഞ തോടുകള്‍ക്ക് മീതെ 350 ഓളം കൊച്ചു പാലങ്ങള്‍ വേറെയും.

വെനീസിനകത്തേക്ക് കടന്നാല്‍ പിന്നെ റോഡ് ഗതാഗതമില്ല. ഉള്ളത് കാല്‍നടയും ബോട്ടു യാത്രയും മാത്രം. ഒരു വീട്ടി(ഫ്‌ളാറ്റി)ല്‍നിന്ന് മറ്റൊരു വീട്ടിലേക്ക് പോകണമെങ്കില്‍ ശരണം കാല്‍നടയല്ലെങ്കില്‍ ബോട്ടു യാത്ര. ഏതാണ്ടെല്ലാ കെട്ടിടങ്ങള്‍ക്കു മുമ്പിലും കൊച്ചു യന്ത്രബോട്ടുകള്‍ തളച്ചിട്ടിരിക്കുന്നു. വീടുകള്‍ക്ക് മുമ്പില്‍ പാര്‍ക്കു ചെയ്ത കാറുകളെന്ന പോലെ.

ബസ്സ്റ്റാന്റില്‍ നിന്ന് കമാനാകൃതിയില്‍ അടുത്തടുത്ത് ചവിട്ടുപടികളുള്ള പാലം കടന്ന് ഞങ്ങള്‍ ദ്വീപിന്റെ ഇടത്തെ പൊളിയിലേക്ക് പ്രവേശിച്ചു. രാത്രി പ്രകാശകിരണങ്ങളേറ്റ് പൊട്ടിച്ചിരിക്കുന്ന വെനീസ് കണ്ടപ്പോള്‍ ഭൂമിയുടെ സൗന്ദര്യം മുഴുവന്‍ ഒരു ബിന്ദുവില്‍ കുന്നുകൂടിയ പോലെ.

ഞങ്ങള്‍ സലീമിനെ ലീഡറാക്കി. അദ്ദേഹത്തിനിവിടെ മുന്‍ പരിചയമുണ്ട്. സലീം മുന്നിലും ബാക്കിയുള്ളവര്‍ പിന്നിലുമായി കിലോമീറ്ററുകള്‍ നടന്നു. ചിലപ്പോള്‍ ഗ്രാന്റ് കനാലിന്റെ ഓരം ചേര്‍ന്ന്. മറ്റു ചിലപ്പോള്‍ കൊച്ചു കനാലുകള്‍ക്ക് മീതെയുള്ള ചെറുപാലങ്ങള്‍ താണ്ടി പലതരം ഊടുവഴികളിലൂടെ. ഇനിയും ചിലപ്പോള്‍ തെരുവു കച്ചവടക്കാരുടെയും ഭോജനശാലാ പ്രൊമോട്ടര്‍മാരുടെയും ബഹളവും ആര്‍പ്പുവിളികളും ഭേദിച്ച്.

വെനീസ് ജന്മം കൊണ്ട നാക്കുറി വെനീസുകാര്‍ക്ക് പോലും തിട്ടമില്ല. നഗരത്തിന്റെ ജനവാസ ന്യൂക്ലിയസ് രൂപപ്പെട്ടത് 'ബാര്‍ബേറിയന്‍' അധിനിവേശത്തോടു കൂടിയാണെന്ന് പ്രചരിപ്പിക്കപ്പെടുന്നു. കാടന്മാര്‍, പ്രാകൃതര്‍ എന്നൊക്കെ നിര്‍വചിക്കപ്പെടുന്ന 'ബാര്‍ബേറിയന്‍' സംജ്ഞ ചെന്നുകൊള്ളുന്നത് ക്രി. എട്ടാം നൂറ്റാണ്ടില്‍ സ്‌പെയിന്‍ വഴി യൂറോപ്പിലേക്ക് പ്രവേശിച്ച അറബികള്‍ക്കാണ്. യൂറോപ്യന്‍ പ്രദേശങ്ങളിലെ, 800 വര്‍ഷത്തോളം നീണ്ട അറബ് ഭരണം നവോത്ഥാനത്തിന് പിറവിയേകിയ പരിഷ്‌കൃത ഭരണമായിരുന്നുവെന്ന് നിഷ്പക്ഷരൊക്കെയും സമ്മതിച്ചിരിക്കെ ചരിത്രം ഇങ്ങനെ അട്ടിമറിക്കപ്പെടുന്നു. അതിരിക്കട്ടെ. 'പ്രാകൃതര്‍' കടന്നുവന്നപ്പോള്‍ സ്‌പൈന (spina), അക്വിലേയ (Aquileia), അഡ്രിയ (Adria), അള്‍ട്ടിനോ (Altino), പഡുവ (Padua) തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ അഭയാര്‍ഥികളായെത്തി വെനീസിന്റെ പല ഭാഗത്തും താമസമാരംഭിക്കുകയായിരുന്നത്രേ.

1801-ലാണ് വെനീസിലെ വീടുകള്‍ക്ക് നമ്പറിട്ടത്. ഭൂരിഭാഗം വീടുകളുടെയും നമ്പര്‍ അറബ് അക്കങ്ങളിലാണെങ്കിലും റോമന്‍ അക്കങ്ങളുമില്ലാതില്ല. സാന്‍മാര്‍ക്കോയിലെ ചില വീടുകളുടെ നമ്പറുകള്‍ കുറിച്ചിരിക്കുന്നത് റോമന്‍ അക്കങ്ങള്‍ തിരിച്ചിട്ടുകൊണ്ടാണെന്നത് മറ്റൊരു കൗതുകം. ഉദാഹരണമായി VIII, IX അക്കങ്ങള്‍ IIIV, IIIIV എന്നിങ്ങനെയാണ്.

ഞങ്ങളുടെ കാല്‍നട സഞ്ചാരത്തിനിടയില്‍ തെരുവു കച്ചവടക്കാരായ ബംഗ്ലാദേശികളെ കണ്ടു. മലയാളികളെപ്പോലെ ലോകത്തെല്ലായിടത്തും അവരുടെ സാന്നിധ്യമുണ്ട്. പുതിയ പുതിയ മേഖലകള്‍ തേടിപ്പിടിക്കാന്‍ കേമന്മാരാണവര്‍. എന്നിട്ടും അവരുടെ രാജ്യമെന്തുകൊണ്ട് പതിതാവസ്ഥയില്‍ തുടരുന്നുവെന്നത് ചിന്തിക്കേണ്ട വിഷയം തന്നെ.

ഊടുവഴികളിലൂടെ നടന്ന് ഗ്രാന്റ് കനാലിന്റെ വക്കിലെത്തി. പിന്നെ ബോട്ടില്‍. സാന്‍മാര്‍ക്കോ ആണ് ലക്ഷ്യം. കയറിയ ബോട്ടാകട്ടെ സാന്‍മാറോയിലേക്കുള്ളതും. പോന്നതിന്റെ എതിര്‍ദിശയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. സമയം കളയാതെ തൊട്ടുടനെയുള്ള ജെട്ടിയിലിറങ്ങി സാന്‍മാര്‍ക്കോയിലേക്കുള്ള ബോട്ടില്‍ കയറി. ഗ്രാന്റ് കനാല്‍ ചെന്നു ചേരുന്ന കടല്‍തടാകവും അതിന്റെ കരയിലുള്ള കൊട്ടാരങ്ങളും നഗരിയും ചേര്‍ന്ന സമുച്ചയമാണ് സാന്‍മാര്‍ക്കോ. 'പ്യാസ സാന്‍മാര്‍ക്കോ' എന്നുമതറിയപ്പെടുന്നു. വെനീസിന്റെ ഹൃദയഭാഗമായ ഇവിടം 'രത്‌നങ്ങളുടെ രത്‌നം', 'ഇറ്റാലിയന്‍ വാസ്തുവിദ്യയിലെ നിസ്തുല ഇതിഹാസം' എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നു.

ബോട്ട് സാന്‍മാര്‍ക്കോ ജെട്ടിയോടടുപ്പിച്ചപ്പോള്‍ ഹൃദയം പുളകം കൊണ്ടു. സഹസ്രാബ്ദം മുഴുക്കെ സംഘര്‍ഷഭരിതമായും സമാധാനപൂര്‍ണമായും ഒഴുകിയ ചരിത്ര സംഭവങ്ങളിലൂടെ മൂകസാക്ഷിയായ വെനീസിന്റെ ശ്രീകോവിലിലേക്ക് പ്രവേശിച്ചപ്പോള്‍ കാലുകള്‍ കോരിത്തരിച്ചു. കോണ്‍ക്രീറ്റു പലകകള്‍ വിരിച്ച തറയിലൂടെ ഞങ്ങള്‍ മന്ദം മന്ദം നീങ്ങി. വിണ്ണില്‍ വിളങ്ങുന്ന നക്ഷത്രങ്ങള്‍ മണ്ണില്‍ നടന്നു നീങ്ങുന്ന അഞ്ചംഗ സംഘത്തിനു ചുറ്റും പ്രഭാവലയം തീര്‍ത്തു.

ക്രിസ്തീയ ദേവാലയം, മജിസ്‌ട്രേറ്റ് കൊട്ടാരം, ക്ലോക് ടവര്‍ എന്നീ സൗധങ്ങള്‍ക്ക് നടുവിലുള്ള നടുത്തളം വ്യാസ അഥവാ സ്‌ക്വയര്‍ എന്നറിയപ്പെടുന്നു. 

ക്രി. 1499 ല്‍ കൊടുസ്സി നിര്‍മിച്ച ക്ലോക് ടവര്‍ വെനീസില്‍ ഏറ്റവുമേറെ ക്യാമറാ വെളിച്ചം പതിഞ്ഞ ഇതിഹാസ ഗോപുരമാണ്. അതിന്റെ പൊക്കിള്‍ ഭാഗത്തുള്ള ക്ലോക്കും ഉച്ചിയിലുള്ള വെങ്കല നിര്‍മിതമായ കൊടമണിയും മണിയടിക്കാനായി ചുറ്റികയോങ്ങി നില്‍ക്കുന്ന രണ്ട് അടിമകളുമാണ് ഗോപുരത്തിന്റെ ആകര്‍ഷക ബിന്ദുക്കള്‍.

ചുറ്റികയോങ്ങി നില്‍ക്കുന്ന ഈ അടിമകള്‍ മൂര്‍സ് (Moors) എന്നറിയപ്പെടുന്നു. യൂറോപ്പില്‍ അടിമകള്‍ക്ക് പൊതുവെ ഉപയോഗിച്ചിരുന്ന നാമമാണത്. 'മൂര്‍സ്' എന്ന നാമത്തിന് മൊറോക്കോയുമായി ബന്ധമുണ്ട്. 'മോറോസികിയ്യൂന്‍' എന്ന പേരിലൊരു ഗ്രന്ഥമുണ്ട് അറബിയില്‍. അന്ദുലുസിലെ മുസ്‌ലിം ഭരണം അവസാനിച്ചപ്പോള്‍ കൊല്ലപ്പെടാതെ അവശേഷിച്ച മുസ്‌ലിംകളിലധികവും യൂറോപ്യന്‍ നഗരങ്ങളിലെ അടിമച്ചന്തകളിലേക്കാണ് ആനയിക്കപ്പെട്ടത്. പില്‍ക്കാലത്ത് കോളനികള്‍ വെട്ടിപ്പിടിക്കാനായി ഇറങ്ങിത്തിരിച്ച യൂറോപ്യര്‍ തങ്ങളുടെ മറുകരയിലുള്ള മൊറോക്കോ, തുനീഷ്യ, അള്‍ജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഒട്ടേറെ മുസ്‌ലിംകളെ അടിമകളാക്കി കപ്പലില്‍ കയറ്റി കൊണ്ടുപോയിരുന്നു. ഇങ്ങനെ അടിമകളാക്കപ്പെട്ടവരുടെ കഥ പറയുന്ന ഗ്രന്ഥമാണ് 'മോറോസികിയ്യൂന്‍.'

മനുഷ്യന്‍ വേട്ടയില്‍ നിന്ന് കാര്‍ഷികവൃത്തിയിലേക്ക് തിരിഞ്ഞതു മുതല്‍ക്കാണത്രേ അടിമ സമ്പ്രദായത്തിന്റെ ആരംഭം. പൗരാണിക സമൂഹങ്ങളിലെല്ലാം അടിമ സമ്പ്രദായമുണ്ടായിരുന്നു. ഈജിപ്തില്‍ ഫറോവമാരുടെ ഭരണകാലത്ത് രാജാക്കന്മാരും പുരോഹിതന്മാരും സൈനിക തലവന്മാരും യുദ്ധത്തടവുകാരെ വിഭജിച്ചെടുത്ത് അടിമകളാക്കുകയായിരുന്നു പതിവ്. അസൂരികളുടെ കൊട്ടാരങ്ങള്‍ അടിമകളായ സേവകരെക്കൊണ്ട് നിറഞ്ഞിരുന്നു. പേര്‍ഷ്യക്കാര്‍ തങ്ങളുടെ വംശത്തില്‍ പെടാത്ത എല്ലാവരെയും അടിമകളായിട്ടാണ് കണ്ടിരുന്നത്. ഇന്ത്യയിലാകട്ടെ ജാതി സമ്പ്രദായത്തിന്റെ രൂപത്തിലാണ് അടിമത്തം പ്രത്യക്ഷപ്പെട്ടത്. ഒരിക്കലും മോചനമില്ലാത്ത അടിമത്തമായിരുന്നു അത്. സാമ്രാജ്യത്വാധിനിവേശത്തിന്റെ നാളുകളില്‍ പോര്‍ച്ചുഗീസ് അധീനതയിലായിരുന്ന ഗോവ ഇന്ത്യയുടെ അടിമച്ചന്തയായിരുന്നല്ലോ. തിക്കോടിയന്റെ ചുവന്ന കടലില്‍ ഹൃദയവേദനയുണ്ടാക്കുന്ന രംഗങ്ങള്‍ കാണാം. അടിമകള്‍ താരതമ്യേന സുസ്ഥിതിയനുഭവിച്ചിരുന്നത് ചൈനയിലായിരുന്നുവെന്ന് പറയപ്പെടുന്നു. വാസ്തവം ദൈവത്തിനറിയാം.

പുരാതന ഏതന്‍സില്‍ ജനങ്ങള്‍ മൂന്നു വിഭാഗമായിരുന്നു-സ്വദേശികള്‍, വിദേശികള്‍, അടിമകള്‍. സ്യൂഡസിന്റെ കണക്കു പ്രകാരം ആണുങ്ങളായ അടിമകള്‍ മാത്രം ഒന്നര ലക്ഷമുണ്ടായിരുന്നു അവിടെ. അടിമകള്‍ വിവസ്ത്രരായി പരിശോധനക്ക് വരിനിന്നിരുന്ന അടിമച്ചന്ത നഗരത്തിന്റെ 'ലാന്റ് മാര്‍ക്ക്' ആയിരുന്നു. അടിമകളെ വിലയ്‌ക്കെടുത്ത് മറ്റുള്ളവരുടെ വീടുകളിലേക്കും ഖനികളിലേക്കും പണിക്കു നല്‍കിയിരുന്നതു വഴി ഏതന്‍സുകാര്‍ക്ക് കിട്ടിയിരുന്ന വരുമാനം ദേശീയ വരുമാനത്തിന്റെ 33 ശതമാനമായിരുന്നു. ഏതന്‍സിലെ ഏറ്റവും ദരിദ്രനായ സ്വദേശിക്കു പോലും ഒന്നോ രണ്ടോ അടിമകളുണ്ടായിരുന്നു.

ഗ്രീക്ക് തത്ത്വചിന്തകര്‍ അടിമ സമ്പ്രദായത്തെ വാഴ്ത്തി. 'അടിമകള്‍ പൗരന്മാരാവാന്‍ കൊള്ളില്ലെന്ന്' പ്ലാറ്റോ. ശിഷ്യന്‍ അരിസ്റ്റോട്ടില്‍ ഒരടി മുമ്പിലാണ്. 'മനുഷ്യരില്‍ ചിലര്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് മറ്റുള്ളവരുടെ അടിമകളായി ജീവിക്കാനാണ്' ആ തത്ത്വചിന്തകന്‍ സമര്‍ഥിച്ചു.

റോമാ സാമ്രാജ്യ നിവാസികളില്‍ നാലില്‍ മൂന്നും അടിമകളായിരുന്നു. യൂറോപ്പില്‍ ഒമ്പതാം നൂറ്റാണ്ടില്‍ ഉദയം കൊണ്ട് മധ്യനൂറ്റാണ്ടുകളില്‍ ഉച്ചിയിലെത്തിയ ഫ്യൂഡല്‍ വ്യവസ്ഥയുടെ നിലനില്‍പ് ഉറപ്പുവരുത്തിയത് അടിമ സമ്പ്രദായമാണ്. 19-ാം നൂറ്റാണ്ടുവരെ യൂറോപ്യര്‍ അടിമകളെ പരിഗണിച്ചത് ആത്മാവോ മനസ്സോ ഇഛാശക്തിയോ ഇല്ലാത്ത സൃഷ്ടികളായിട്ടാണ്. കോളനിവത്കരണത്തിന്റെ ആരംഭദശയില്‍ 50 വര്‍ഷത്തിനുള്ളില്‍ മാത്രം നാല്‍പത് ദശലക്ഷം ആഫ്രിക്കന്‍ വംശജരെയാണ് യൂറോപ്യര്‍ റാഞ്ചിയത്. അവരത്രയും യൂറോപ്പിലും അമേരിക്കയിലുമുള്ള അടിമച്ചന്തകളില്‍ വില്‍ക്കപ്പെട്ടു.

യൂറോപ്പില്‍ അടിമ സമ്പ്രദായം ചിട്ടപ്പെടുത്തിക്കൊണ്ടിറങ്ങിയ നിയമം 'കരിനിയമം' (Black Law) എന്നറിയപ്പെട്ടു. നിയമത്തിന്റെ കാര്‍ക്കശ്യവും കറുപ്പുമല്ല, ആഫ്രിക്കന്‍ അടിമകളുടെ തൊലി വര്‍ണമാണ് 'കരി'യെന്ന പദം പ്രതിഫലിപ്പിക്കുന്നത്.

1904-ല്‍ ജര്‍മന്‍ സൈനിക മേധാവി തന്റെ അധിനിവേശ സേനാംഗങ്ങള്‍ക്കെഴുതിയ കത്തിലെ വരികള്‍: ''കണ്ണില്‍പെടുന്ന ഏതൊരു ആഫ്രിക്കന്‍ വംശജനും വധിക്കപ്പെടണം. അയാളുടെ പക്കല്‍ ആയുധമുണ്ടോ ആടുമാടുകളുണ്ടോ എന്നൊന്നും നോക്കേണ്ട. ആരെയും അറസ്റ്റ് ചെയ്യരുത്- കൊല്ലുക. കൊല്ലുക തന്നെ!''

1865-ല്‍ അടിമത്തവുമായി ബന്ധപ്പെട്ട് ഫ്രാന്‍സ് അംഗീകരിച്ച നിയമം, ഏതെങ്കിലും അടിമ സ്വതന്ത്രനെ കൈയേറ്റം ചെയ്യുകയോ മോഷണം നടത്തുകയോ ചെയ്യുന്ന പക്ഷം അയാളെ വധശിക്ഷക്കിരയാക്കുകയോ ശാരീരികമായി പീഡിപ്പിക്കുകയോ ചെയ്യണമെന്ന് അനുശാസിച്ചിരുന്നു. വെള്ളക്കാരല്ലാത്തവര്‍ക്ക് വിദ്യ നേടി ഫ്രാന്‍സിലേക്ക് വരാനനുവാദമുണ്ടായിരുന്നില്ല- 1848ലെ ഫ്രഞ്ചു വിപ്ലവം വരെ.

കുടിയേറ്റക്കാരെന്ന ഓമനപ്പേരില്‍ വടക്കു-തെക്ക് അമേരിക്കകളിലേക്ക് കയറിച്ചെന്ന കൈയേറ്റക്കാരായ യൂറോപ്യര്‍ കൊന്നൊടുക്കിയ തദ്ദേശീയരായ റെഡ് ഇന്ത്യക്കാരുടെ എണ്ണം നൂറ് ദശലക്ഷത്തിലേറെ! റെഡ് ഇന്ത്യക്കാര്‍ 'ഡെഡ് ഇന്ത്യക്കാരാ'യി! ക്ലോറോഡയിലെ സ്വര്‍ണ ഖനികളും വിശാലമായ കൃഷി സ്ഥലങ്ങളും കണ്ടെത്തിയപ്പോള്‍ റെഡ് ഇന്ത്യക്കാരായ യുവാക്കളും കുട്ടികളും വ്യാപകമായി റാഞ്ചപ്പെട്ട് അടിമച്ചന്തകളിലെത്തി. അങ്ങനെയുള്ളവരാല്‍ കുത്തിനിറക്കപ്പെട്ട ലോറികള്‍ ഗ്രാമീണ നിരത്തുകളിലൂടെ സാന്‍ഫ്രാന്‍സിസ്‌കോയിലെയും സ്‌ക്രാമന്റോയിലെയും അടിമച്ചന്തകളെ ലക്ഷ്യം വെച്ച് പാഞ്ഞിരുന്നതിന്റെ ചിത്രങ്ങള്‍ അക്കാലത്തെ പത്രങ്ങളില്‍ സാധാരണമായിരുന്നു.

അടിമക്കച്ചവടക്കാരെ നിലക്കു നിര്‍ത്തേണ്ടിയിരുന്ന മതമേലധ്യക്ഷന്മാര്‍ അടിമക്കുത്തകകളായി മാറിയത് മറ്റൊരു ദുരന്തമായിരുന്നു. ചര്‍ച്ചുകള്‍ക്കു കീഴില്‍ തന്നെ ആയിരക്കണക്കിന് അടിമകളുണ്ടായിരുന്നു. ചര്‍ച്ചുകളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കൃഷിസ്ഥലങ്ങളും ഉദ്യാനങ്ങളും പരിപാലിച്ചത് അവരായിരുന്നു.

പുരോഹിത മേധാവിയായിരുന്ന ലാസ്‌കാസാസ് പോര്‍ച്ചുഗലിലെ ഏറ്റവും വലിയ അടിമക്കച്ചവടക്കാരനായിരുന്നു. വില്‍ഡ്യൂറന്റ് എഴുതുന്നു: ''ചര്‍ച്ചായി യൂറോപ്പിലെ ഏറ്റവും വലിയ ഭൂവുടമ; ഏറ്റവും വലിയ ഫ്യൂഡല്‍ പ്രഭുവും. ഉദാഹരണമായി വെല്‍ഡ മഠത്തിനു കീഴില്‍ പതിനയ്യായിരവും, സെന്റ് ഗോള്‍ മഠത്തിന് കീഴില്‍ രണ്ടായിരവും അടിമകളുണ്ടായിരുന്നു.''

വ്യത്യസ്തമായിരുന്നു ഇസ്‌ലാമിന്റെ സമീപനം. അടിമ സമ്പ്രദായം സാര്‍വത്രികമായിരുന്ന ചരിത്ര സന്ധിയില്‍ പിറവിപൂണ്ട ഇസ്‌ലാം ദര്‍ശനം ആ സമ്പ്രദായത്തെ ഒട്ടും പ്രോത്സാഹിപ്പിച്ചില്ലെന്നു മാത്രമല്ല അതിന്റെ വേരറുക്കാനായുള്ള പടിപടിയായ ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. താത്ത്വിക-പ്രായോഗിക തലങ്ങളില്‍ അത് തെളിഞ്ഞുകാണാം. താത്ത്വികതലത്തില്‍, മനുഷ്യകുലം മുഴുവന്‍ ഒരേ മാതാപിതാക്കളുടെ സന്താനങ്ങളാണെന്ന് പ്രഖ്യാപിച്ചു. ദൈവഭക്തിയൊഴിച്ച് മറ്റൊരു ഘടകവും മഹത്വത്തിന് മാനദണ്ഡമായിക്കൂടെന്ന് പ്രഖ്യാപിച്ചു. അടിമ മോചനമെന്ന ദുര്‍ഘട ദൗത്യം വിശ്വാസികള്‍ ഏറ്റെടുക്കണമെന്ന് ഓര്‍മിപ്പിച്ചു. അനുഷ്ഠാനങ്ങളിലും ജീവിതവ്യവഹാരങ്ങളിലും സംഭവിച്ചേക്കാവുന്ന പാകപ്പിഴകള്‍ക്ക് നിശ്ചയിച്ച പ്രായശ്ചിത്തങ്ങളില്‍ അടിമമോചനം ഉള്‍പ്പെടുത്തി. നിലവില്‍ അടിമകള്‍ ഒരു യാഥാര്‍ഥ്യമാണെങ്കിലും അവരോടു മാനുഷികമായി പെരുമാറണമെന്ന് നിഷ്‌കര്‍ഷിച്ചു. സ്വതന്ത്രര്‍ക്ക് അടിമസ്ത്രീകളില്‍ ജനിക്കുന്ന സന്താനങ്ങള്‍ സ്വതന്ത്രരായിരിക്കുമെന്ന നിയമം പാസ്സാക്കി. മുഹമ്മദുല്‍ ഗസ്സാലി എഴുതിയ പോലെ അടിമ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്ന ഏതെങ്കിലും നിയമമോ വചനമോ ഇസ്‌ലാമികാധ്യാപനങ്ങളില്‍ കാണില്ല. അടിമമോചനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടനവധി അധ്യാപനങ്ങളുണ്ടുതാനും. ഇങ്ങനെയുള്ള നിയമങ്ങളും തത്ത്വങ്ങളും പ്രായോഗിക രൂപം പൂണ്ടപ്പോള്‍ ഒട്ടേറെ അടിമകള്‍ മോചിതരായി. പ്രവാചകശിഷ്യര്‍ വിലക്കുവാങ്ങി മോചിപ്പിച്ച അടിമകളും അനവധി.

വ്യഭിചാരം പോലെ, മദ്യപാനം പോലെ വ്യക്തിനിഷ്ഠമായ പ്രവൃത്തിയായിരുന്നു അടിമ സമ്പ്രദായമെങ്കില്‍ ഇസ്‌ലാമിന്റെ ആരംഭദശയില്‍ തന്നെ ആ സമ്പ്രദായം കുറ്റിയറ്റേനെ. എന്നാല്‍, ആഗോള സാമ്പത്തികരംഗം, ഇതര രാജ്യങ്ങളുമായുള്ള യുദ്ധങ്ങള്‍ തുടങ്ങിയവയെ സ്വാധീനിക്കുന്ന വലിയൊരു ഘടകമായിരുന്നു അതെന്നതിനാല്‍ ഇസ്‌ലാമിന് ഏകപക്ഷീയമായി അത് നിര്‍ത്തലാക്കാനാകുമായിരുന്നില്ല. എന്നാലും ഇസ്‌ലാമിക ഖിലാഫത്ത് അതിന്റെ ആരംഭ വിശുദ്ധിയോടെ, കളങ്കരഹിതമായും പൂര്‍ണാര്‍ഥത്തിലും നിലനിന്നിരുന്നുവെങ്കില്‍ ആദ്യ നൂറ്റാണ്ടില്‍ തന്നെ ഏറക്കുറെ അത് സാധ്യമായേനേ. ഖേദകരമെന്നു പറയട്ടെ, ഖിലാഫത്ത് രാജവാഴ്ചക്ക് വഴിമാറുകയും കൊട്ടാരങ്ങളും സ്തുതിപാഠകരും സേവകരും അരങ്ങുതകര്‍ക്കുന്ന നൂറ്റാണ്ടുകള്‍ കടന്നുവരികയും ചെയ്തത് ആ മോഹത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തി. അങ്ങനെ ഇസ്‌ലാമിന് കൈവരുമായിരുന്ന മികച്ചൊരു ക്രെഡിറ്റ് എന്നന്നേക്കുമായി വിനഷ്ടമായി. അബ്രഹാം ലിങ്കണിലൂടെ പാശ്ചാത്യര്‍ അത് അടിച്ചെടുത്തു.

സാന്‍മാര്‍ക്കോയിലെ ക്ലോക് ടവറിനു മുകളിലുള്ള മൂര്‍സിനെ കണ്ടപ്പോഴാണ് ഇത്രയുമോര്‍ത്തുപോയത്. നൂറ് മീറ്റര്‍ ഉയരമുള്ള മണിഗോപുര(Bell Tower)മാണ് സാന്‍മാര്‍ക്കോയിലെ മറ്റൊരു ആകര്‍ഷക കേന്ദ്രം. ഗലീലിയോ തന്റെ പ്രശസ്തമായ ടെലസ്‌കോപ്പ് പരീക്ഷിച്ചത് ഈ ഗോപുരത്തിന് മുകളില്‍ കയറിയാണ്.

സാന്‍മാര്‍ക്കോ വെനീസിന്റെ ഭരണ സിരാകേന്ദ്രമാണ്. ഭരണാധികാരി മജിസ്‌ട്രേറ്റ് എന്നര്‍ഥമുള്ള ഡോജ് എന്നറിയപ്പെടുന്നു. ഡോജിന്റെ കൊട്ടാരവും അനുബന്ധ സ്ഥാപനങ്ങളും രാജാധികാരത്തിന്റെ പ്രതീകങ്ങളാണ്. 19-ാം നൂറ്റാണ്ടില്‍ ക്രൈസ്തവ മേലധ്യക്ഷന്റെ ആസ്ഥാനം ബസിലികാ ചര്‍ച്ചിലേക്ക് മാറ്റിയതോടെ സാന്‍മാര്‍കോ വെനീസുകാരുടെ ആത്മീയ കേന്ദ്രവും കൂടിയായി. വെനീസിലെ ജനജീവിതം കറങ്ങുന്നത് സാന്‍മാര്‍കോ എന്ന തിരുകുറ്റിക്കു ചുറ്റുമാണ്.

ശില്‍പഭംഗിയുള്ള കൊത്തുവേലകളും വാസ്തുവിദ്യയുടെ പാശ്ചാത്യ, പൗരസ്ത്യ സമന്വയവും വെനീസിലെ സൗധങ്ങളെ വ്യതിരിക്തമാക്കുന്നു. ബസിലികാ ചര്‍ച്ചിന്റെ കുംഭഗോപുരം പണിതിട്ടുള്ളത് പൗരസ്ത്യ മാതൃകയിലാണ്.

രാത്രി പാതിവരക്കപ്പുറത്തായതോടെ സാന്‍മാര്‍കോയില്‍ നിന്ന് ആളുകള്‍ പിന്‍വാങ്ങിത്തുടങ്ങി. മണിഗോപുരത്തിനടുത്തുള്ള കഫ്തീരിയയില്‍ കയറി വിശപ്പടക്കിയ ശേഷം ഞങ്ങള്‍ ഗ്രാന്റ് കനാലിന്റെ വക്കത്തേക്കു നീങ്ങി. ബോട്ടുകളെല്ലാം മടക്കയാത്രക്കാരെ കൊണ്ട് നിറഞ്ഞിരുന്നു.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /28
എ.വൈ.ആര്‍