അല്ലാഹുവില്‍നിന്ന് സജ്ജനങ്ങള്‍ തേടേണ്ട പ്രധാന സഹായം
ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു-19
ആദം നബിയുടെയും ഹവ്വാ ബീവിയുടെയും പിന്‍മുറക്കാരായ ലോകത്തിലെ സര്‍വ മനുഷ്യരും തെറ്റുകള്‍ പറ്റുവാന്‍ ഇടയുള്ളവരാണ്. അതിനാല്‍ തെറ്റുകളില്‍ പശ്ചാത്താപം കൊള്ളാനുള്ള വിനയം മനുഷ്യര്‍ക്കുണ്ടാവേണ്ടതുണ്ട്. ആ വിനയം കാത്തുസൂക്ഷിക്കുന്നവര്‍ക്ക് 'പൊറുമ' എന്ന മഹത്തായ പ്രതിഫലം ഇഹ-പരങ്ങളില്‍ നല്‍കുവാന്‍ കഴിവുള്ള കാരുണ്യം കൂടിയാണ് അല്ലാഹു എന്നാണ് മാലികിയൗമിദ്ദീന്‍ എന്ന അല്‍ ഫാതിഹാ വാക്യത്തെ അധികരിച്ച് ഇതുവരെ പറഞ്ഞത്. ഇനി ചിന്തിക്കുവാനുള്ളത് മനുഷ്യനു പറ്റിപ്പോയേക്കാവുന്നതില്‍ വച്ചേറ്റവും വലിയ തെറ്റ് എന്താണെന്നതാണ്. ആ തെറ്റ് അല്ലാഹുവിനോടുള്ള ആരാധനയില്‍ പങ്കു ചേര്‍ക്കലാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ ഉറപ്പിച്ചും തറപ്പിച്ചും വ്യക്തമാക്കുന്നത്. അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ എന്ന വലിയ തെറ്റ് സംഭവിക്കാതിരിക്കാനുള്ള ഉഗ്ര പ്രതിജ്ഞയാണ് 'മാലികി യൗമിദ്ദീന്‍' എന്നതിനു ശേഷം അല്‍ ഫാതിഹയില്‍ അവതരിപ്പിച്ചിരിക്കുന്ന സൂക്തം. ''നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു''.
ഈ സൂക്തം മനുഷ്യന് പറ്റിയേക്കാവുന്ന ഏറ്റവും വലിയ തെറ്റ് - അഥവാ ഏകസ്സത്യ പരമേശ്വരനായ അല്ലാഹുവിനെ അല്ലാതെ മറ്റെന്തിനെയെങ്കിലും ആരാധിക്കുക എന്ന തെറ്റ് സംഭവിക്കാതിരിക്കാനായി മനുഷ്യന്‍ മനുഷ്യനോടു തന്നെ നിരന്തരം ആവര്‍ത്തിച്ചു നല്‍കേണ്ട താക്കീതിന്റെ സ്വരത്തിലാണ് പറഞ്ഞിരിക്കുന്നത്. മുസ്‌ലിംകള്‍ അഥവാ സത്യമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാന്‍ പ്രതിജ്ഞാബദ്ധരായ മനുഷ്യര്‍ക്കിടയില്‍ കണ്ടുവരുന്ന വിട്ടുവീഴ്ചയില്ലാത്ത ആരാധനാ കാര്‍ക്കശ്യത്തിനു അടിത്തറയായിരിക്കുന്ന മഹദ് സൂക്തമാണ് ''ഞങ്ങള്‍ നിന്നെ മാത്രം ആരാധിക്കുന്നു. ഞങ്ങള്‍ നിന്നോടു മാത്രം സഹായം തേടുന്നു'' എന്നതെന്നും പറയാം.
'അല്ലാഹുവിനെ മാത്രം ആരാധിക്കുക' എന്നു പറഞ്ഞതിന്റെ അര്‍ത്ഥം എന്താണ്? 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നു അറബി ഭാഷയില്‍ മാത്രം പ്രാര്‍ത്ഥിക്കുക എന്നതാണോ? അങ്ങനെ ആണെന്നു വന്നാല്‍ അത് ഏകദൈവാധിപത്യത്തെ മാനിക്കല്‍ എന്നതിനേക്കാള്‍ ഈശ്വരാരാധനയില്‍ അറബി ഭാഷാധിപത്യം സ്ഥാപിക്കല്‍ എന്ന നിലയിലേക്ക് ചുരുങ്ങിപ്പോകും. മാത്രമല്ല 'സര്‍വേശ്വരാ' എന്നു വിളിച്ചാല്‍ വിളികേള്‍ക്കാത്തവനും 'അല്ലാഹു' എന്നു വിളിച്ചാല്‍ മാത്രം വിളികേള്‍ക്കുന്നവനും ആണു ദൈവമെന്നു വന്നാല്‍ അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകനായ ദൈവം എന്ന ഏകസത്യം ഒരൊറ്റ പേരായി ചെറുതാവുകയും ചെയ്യും. ഇങ്ങനെ ദൈവത്തെ ചെറുതാക്കാനുള്ള നിര്‍ബന്ധ ബുദ്ധിയാണ് 'അല്ലാഹുവിനെ മാത്രം ആരാധിക്കുക' എന്നതില്‍ ഉള്ളടങ്ങിയിട്ടുള്ള താല്‍പര്യമെന്നു ഈ ലേഖകന്‍ കരുതുന്നില്ല. വിവാദിക്കുവാനുള്ള താല്‍പര്യം തരിമ്പും ഇല്ലാതെ, എന്നാല്‍ പ്രസ്തുത സൂക്തത്തിനു ഖുര്‍ആന്‍ വായനാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ലേഖകനു മനസ്സിലാക്കാനായ താല്‍പര്യമെന്തെന്നു വ്യക്തമാക്കാനുള്ള ആത്മാര്‍ത്ഥതയോടെ, പറയട്ടെ, 'നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു' എന്നതിന് ആരാധ്യനും ഇഹപരങ്ങളില്‍ സഹായിയുമായ ദൈവം ഒന്നേയുള്ളൂ എന്നതിനൊപ്പം ആരാധനാ രീതികള്‍ ഒരു പോലെ തന്നെയാകണം എന്ന നിര്‍ബന്ധമുണ്ടെന്നു തോന്നുന്നില്ല. കാരണം, പല ദേശങ്ങളില്‍ പല കാലങ്ങളില്‍ പല ഭാഷകളും വസ്ത്ര ധാരണ രീതികളും ഭക്ഷണ രീതികളും ഒക്കെ നിലവിലുണ്ടായിരുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ നിരവധി സത്യദൂതന്മാര്‍ നിയോഗിതരായിട്ടുണ്ടെന്ന് ഖുര്‍ആനില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇവരൊക്കെ 'അല്ലാഹു' എന്ന അറബി ശബ്ദം ഉപയോഗിച്ചു തന്നെ ദൈവത്തെ സ്തുതിച്ചിരിക്കാന്‍ ഇടയില്ല. അതിനാല്‍ ആരാധനാ രീതികളിലെ വ്യത്യാസം എന്നതു ഭാഷ, ഭക്ഷണം, വസ്ത്രധാരണം എന്നിവയിലുള്ള വ്യത്യാസം പോലെ സഹജവും സ്വാഭാവികവുമാണ്. പക്ഷേ ഭാഷയും രീതിയും ഏതായാലും ആരാധിക്കപ്പെടേണ്ടത് ഏക സത്യ പരമേശ്വരനായ ദൈവത്തെ മാത്രമാണ്. കിടന്നോ, നടന്നോ, ഇരുന്നോ, ദണ്ഡ നമസ്‌കാരം ചെയ്‌തോ, തലകുത്തി നിന്നോ കണ്ണടച്ചോ കണ്ണു തുറന്നോ കൈകെട്ടിയോ കൈക്കൂപ്പിയോ ആരാധിക്കാം; പക്ഷെ ആരാധിക്കുന്നത് ഏക സത്യ പരമേശ്വരനെ മാത്രം ആയിരിക്കണം. ഇതാണു 'നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു' എന്നതിനു ഈയുള്ളവനു മനസ്സിലാക്കാനായ താല്‍പര്യം. ഭാരതത്തിലെ ഋഗ്വേദ ഋഷി പറഞ്ഞ ഒരു കാര്യം ഇത്തരുണത്തില്‍ ഉദ്ധരിക്കുന്നത് പ്രസക്തമാണ്. 'ഏകം സദ്വിപ്രാ: ബഹുധാവദന്തി' സത്യം ഒന്നു മാത്രം; അതിനെ വെളിപാടുകൊണ്ടവര്‍ പല പേരില്‍ വാഴ്ത്തുന്നു' എന്നാണ് മേലുദ്ധരിച്ച ഋഗ്വേദ വാക്യത്തിനര്‍ഥം. ഇവിടെ സത്യം രണ്ടില്ലെന്ന് ഉറപ്പിച്ചു പറയുന്ന ഋഗ്വേദം സത്യത്തെ പല ഭാഷകള്‍ സംസാരിക്കുന്ന ജന വിഭാഗങ്ങള്‍ പല പേരില്‍ സ്തുതിക്കുന്നുണ്ടെന്നും സമ്മതിക്കുന്നു. ആരാധാനാ രീതിയോടു ബന്ധപ്പെട്ട ഭാഷാപരവും ശാരീരിക ചേഷ്ടാപരവുമായ ബഹുത്വം മനുഷ്യര്‍ മാനിക്കേണ്ടതുണ്ട്. എന്നാല്‍ സത്യം പലതുണ്ടെന്ന വാദം മിഥ്യയാണെന്നു ഉറപ്പിച്ചും തറപ്പിച്ചും പ്രഖ്യാപിക്കേണ്ടതുമുണ്ട്. ഇതു ചെയ്യാനുള്ള വിശാലതയാണു വര്‍ഗീയതയ്ക്കും മതഭ്രാന്തുകള്‍ക്കും പരിഹാരം. നെജ്‌റാനില്‍ നിന്ന് എത്തിയ ക്രൈസ്തവ മത പണ്ഡിതന്മാര്‍ക്ക് ദൈവത്തെ അവരുടെ സമ്പ്രദായ പ്രകാരം ആരാധിക്കുവാന്‍ മദീനത്തെ സ്വന്തം പള്ളിയില്‍ എല്ലാ സൗകര്യവും ചെയ്തുകൊടുത്ത മുഹമ്മദ് നബി, ആരാധിക്കുന്നത് ഏകസ്സത്യ പരമേശ്വരനെ തന്നെ ആയിരിക്കണം എന്ന കാര്യത്തിലല്ലാതെ താന്‍ ആരാധിക്കുന്ന ഭാഷയിലും രീതിയിലും തന്നെ സകലരും ദൈവത്തെ ആരാധിക്കണം എന്നു നിര്‍ബന്ധം പിടിച്ചിരുന്നു എന്നു തോന്നുന്നില്ല. തിരുനബിയുടെ ജീവിത ചരിത്രത്തിലെ മഹത്തരമായ പ്രസ്തുത സംഭവം സ്മരിച്ചുകൊണ്ട് 'നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു' എന്ന പ്രാര്‍ത്ഥനാപരമായ പ്രതിജ്ഞയെ വായിച്ചു നോക്കുകയും വിശകലനം ചെയ്യുകയും ചെയ്തു നോക്കൂ. പുതിയതും വലുതായതുമായ അര്‍ത്ഥതലങ്ങള്‍ ആ വാക്യത്തില്‍ നിന്ന് അനുഭവിക്കാനാകും.
'നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു' എന്ന വാക്യത്തെ ഒറ്റപ്പെടുത്തി എടുത്ത് മാത്രം അര്‍ഥ വിശദീകരണം നടത്തുവാന്‍ കഴിയില്ല. 'ആരാധനയ്ക്കു അര്‍ഹനായ നീ' ആരാണെന്നു മനസ്സിലാക്കാന്‍ അല്‍ ഫാതിഹയിലെ 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹിം, അല്‍ ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍, മാലികിയൗമിദ്ദീന്‍' എന്നീ വാക്യങ്ങളിലൂടെ പ്രകാശിപ്പിക്കപ്പെട്ട തത്ത്വ സ്തുതികള്‍ക്കെല്ലാം അര്‍ഹനായിട്ടുള്ള വിശ്വശക്തിയായ ദൈവത്തെ മനസ്സിലാക്കാനുള്ള നിരന്തര ശ്രമം നടത്തിയാലേ സാധ്യമാകൂ- 'നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു' എന്ന വാക്യത്തിലെ 'സഹായം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രധാനമായും എന്താണെന്നറിയാന്‍ അല്‍ഫാതിഹയിലെ അവസാന വാക്യങ്ങള്‍ വായിച്ചു മനനം ചെയ്യണം. 'നീ ഞങ്ങളെ നേര്‍മാര്‍ഗത്തില്‍ നയിക്കേണമേ, നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. നിന്റെ കോപത്തിനിരയായവരുടെ മാര്‍ഗത്തിലല്ല; വഴിപിഴച്ചവരുടെ മാര്‍ഗത്തിലുമല്ല' ഇതാണ് ഫാതിഹയിലെ അവസാന വാക്യങ്ങള്‍. സജ്ജനങ്ങള്‍ ദൈവത്തില്‍ നിന്ന് അഭിലഷിക്കുന്നതും അന്വേഷിക്കുന്നതുമായ പ്രധാന സഹായം നേര്‍മാര്‍ഗമാണ്! നേര്‍മാര്‍ഗമാണ് ദൈവത്തില്‍ നിന്ന് കിട്ടാവുന്നതില്‍ വെച്ചേറ്റവും വലിയ സഹായം. നേര്‍മാര്‍ഗം എന്നതിനു ഋജുമാര്‍ഗം എന്നാണ് ഭാരതത്തിലെ ഋഷിമാര്‍ പറഞ്ഞിരുന്നത്. ഋജു എന്നതിന് വളവില്ലാത്ത മാര്‍ഗം എന്നാണ് അര്‍ഥം. നേര്‍മാര്‍ഗം കാട്ടിത്തരുന്നവനാണ് ഗുരു. ഈശ്വര കാരുണ്യം നേര്‍മാര്‍ഗത്തില്‍ നയിച്ച നിരവധി പ്രവാചകന്മാരുണ്ട്. പേര് പരാമര്‍ശിച്ച് പരിചയപ്പെടുത്തപ്പെട്ടവരും അങ്ങനെ പരാമര്‍ശിക്കപ്പെടാത്തവരുമായ ആയിരക്കണക്കിന് പ്രവാചകരെ ഭൂമുഖത്ത് അല്ലാഹു നിയോഗിക്കുകയും നേര്‍മാര്‍ഗത്തില്‍ നയിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്. നേര്‍മാര്‍ഗം കാട്ടിത്തരുന്ന വിശ്വമഹാ ഗുരു സാക്ഷാല്‍ ദൈവം തന്നെ. ഭാരതത്തിലെ ഋഷിമാരുടെ അഭിപ്രായവും ഇതായിരുന്നു. സൃഷ്ടിക്കുന്നവന്‍ എന്ന നിലയില്‍ ബ്രഹ്മാവും, പരിപാലകനും പരിപോഷകനും എന്ന നിലയില്‍ മഹാ വിഷ്ണുവും, കാലമെത്തിയാല്‍ എല്ലാറ്റിനെയും മടക്കുന്നവന്‍ അഥവാ സംഹരിക്കുന്നവന്‍ എന്ന നിലയില്‍ മഹേശ്വരനുമായ സാക്ഷാത് പരബ്രഹ്മം തന്നെയാണ് പരമഗുരു എന്നു ഋഷിമാര്‍ പ്രഖ്യാപനം ചെയ്യുന്നു. 'ഗുരുര്‍ ബ്രഹ്മ ഗുരുര്‍ വിഷ്ണു, ഗുരുര്‍ ദേവോ മഹേശ്വര, ഗുരു സാക്ഷാദ് പര ബ്രഹ്മ: തസ്‌മൈ ശ്രീ ഗുരവേ നമ' എന്നത് മാനവരെ നേര്‍മാര്‍ഗത്തില്‍ നയിച്ച് സഹായിക്കുന്ന വിശ്വമഹാ ഗുരുവായ സര്‍വേശ്വരനുള്ള സ്തുതിയാണ്. സര്‍വേശ്വരനാല്‍ നേര്‍മാര്‍ഗത്തില്‍ നയിക്കപ്പെട്ടവരും മാനവര്‍ക്ക് മാതൃകകളുമായ സജ്ജനങ്ങളാണ് ചുരുക്കത്തില്‍ എണ്ണമറ്റ പ്രവാചകര്‍. പ്രവാചകന്മാരെ നമ്മള്‍ക്ക് പ്രത്യക്ഷ ഗുരുക്കന്മാര്‍ എന്നു വിളിക്കാം. നേര്‍മാര്‍ഗത്തില്‍ സഞ്ചരിക്കാന്‍ അനുഗ്രഹം ലഭിച്ച- ദൈവസഹായം സിദ്ധിച്ച- ഇവരെ അനുധാവനം ചെയ്താല്‍ നമ്മളും നേര്‍മാര്‍ഗത്തില്‍ പ്രവേശിക്കും. അങ്ങനെ എല്ലാ പ്രവാചകന്മാരും പ്രവേശിപ്പിക്കപ്പെട്ട നേര്‍മാര്‍ഗത്തിലേക്ക് ഞങ്ങളെ നയിക്കാന്‍ ഇടവരുത്തണം എന്നതാണ് ദൈവവിശ്വാസികള്‍ ദൈവത്തില്‍ നിന്ന് തേടുന്ന പ്രധാന സഹായം.
വിശുദ്ധ ഖുര്‍ആന്റെ വിശാലത മുഴുവന്‍ ഈ മഹാ വാക്യങ്ങൡുണ്ട്. 'നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍' എന്ന പ്രയോഗം എത്രയോ തത്ത്വനിര്‍ഭരവും ധ്വനി സമൃദ്ധവുമാണെന്ന് നോക്കുക. 'അനുഗ്രഹിച്ചവരുടെ' എന്ന ബഹുവചന പ്രയോഗത്തില്‍ സര്‍വ പ്രവാചകന്മാരെയും ഉള്‍പ്പെടുത്തിയിരിക്കുന്നു. അവര്‍ക്ക് വെളിപ്പെടുത്തപ്പെട്ടു കിട്ടിയ വേദഗ്രന്ഥങ്ങളെയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എല്ലാ പ്രവാചകന്മാരും പോയ വഴി നേര്‍മാര്‍ഗമാണെന്ന് പ്രഖ്യാപനം ചെയ്യാനുള്ള വിശുദ്ധ ഖുര്‍ആന്റെ വിശ്വ വിശാലത ആശയക്കുഴപ്പങ്ങള്‍ക്ക് പഴുതില്ലാത്തവിധം വ്യക്തമാണ്. പക്ഷേ, ഈ വിശ്വ വിശാലത ഏറ്റുവാങ്ങാനുള്ള ഹൃദയ വിശാലത മുസ്‌ലിംകള്‍ എന്നവകാശപ്പെടുന്നവര്‍ക്കും ക്രിസ്ത്യാനികള്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കും യഹൂദര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കും ഹിന്ദുക്കള്‍ അഥവാ മഹര്‍ഷിമാരുടെ മാര്‍ഗം അവലംബിക്കുന്നവര്‍ എന്നു വമ്പു കൊള്ളുന്നവര്‍ക്കും വേണ്ടത്ര ഉണ്ടായിട്ടില്ല എന്നത് ദുഃഖകരമാണ്. വേദ ഗ്രന്ഥങ്ങളുടെ വിശാലത ഇല്ലായ്മയല്ല, അതുള്‍ക്കൊള്ളാനുള്ള ഹൃദയ വിശാലത മനുഷ്യര്‍ക്ക് ഇല്ലാതെ പോയതാണ് ഭൂമിയെ നേര്‍മാര്‍ഗത്തില്‍ സഞ്ചരിക്കുന്നവരുടെ സ്വര്‍ഗ ഗേഹമാക്കുന്നതിനു പകരം മതഭ്രാന്തന്മാരുടെ നരകമാക്കി തീര്‍ത്തിരിക്കുന്നത്. എന്തായാലും എല്ലാ പ്രവാചകരും നേര്‍മാര്‍ഗത്തില്‍ പ്രവേശിക്കപ്പെട്ടവരും മാനവികതയുടെ വഴികാട്ടികളുമാണെന്ന് പ്രഖ്യാപനം ചെയ്യുന്ന അല്‍ ഫാതിഹ കൃഷ്ണനെയും ക്രിസ്തുവിനെയും മൂസയെയും ബുദ്ധനെയും മാനിക്കുന്നവര്‍ക്കെല്ലാം ചൊല്ലാവുന്ന പ്രാര്‍ഥനയാണെന്ന് പറയാന്‍ ഈ ലേഖകന്‍ ലവലേശം മടിക്കുന്നില്ല.
(തുടരും)
Comments