ശൈശവത്തിലേക്ക് തിരിച്ച് നടക്കുന്ന വാര്‍ധക്യം
''നാം ദീര്‍ഘായുഷ്മാനാക്കുന്നവന്റെ സൃഷ്ടിഘടനയെ പാടെ മാറ്റിമറിക്കുന്നുണ്ടല്ലോ, ഈ സ്ഥിതി കണ്ടിട്ട് ഇവര്‍ക്ക് ബുദ്ധി തെളിയുന്നില്ലയോ?''(സൂറ: യാസീന്‍-68)
മനുഷ്യനു ലഭിക്കുന്ന അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളിലൊന്നാണ് ദീര്‍ഘായുസ്സ്. ആ അവസ്ഥയെ നാം ഒറ്റവാക്കില്‍ വാര്‍ധക്യം എന്നു പറയുന്നു. ആകുലതകളാല്‍ സദാ വിതുമ്പുന്ന മനസ്സിന്റെ ഉടമയായിരിക്കും വാര്‍ധക്യത്തിലെത്തിയ ഓരോ മനുഷ്യനും. അപ്പോഴും താന്‍ ജീവിച്ചിരുന്ന ഇന്നലെകളിലെ ചില ഓര്‍മ്മകള്‍ ആ വൃദ്ധമനസ്സില്‍ മായാതെ നില്‍ക്കും. മറ്റൊരു വാക്കാല്‍, കെടാതെ കത്തുന്ന ഗതസ്മൃതികളുടെ നിലവറയാണ് വാര്‍ധക്യം. അറിവും കര്‍മ്മശേഷിയും ആരോഗ്യവും എല്ലാം ഉണ്ടായിരുന്ന, ശക്തനായിരുന്ന ഒരു മനുഷ്യനില്‍ നിന്ന് അവന്റെ എല്ലാ കഴിവുകളെയും തിരിച്ചെടുത്ത ശേഷം ശൈശവനാളുകളിലെ ദുര്‍ബലാവസ്ഥയിലേക്കുള്ള തള്ളിവിടല്‍ കൂടിയാണല്ലോ വാര്‍ധക്യം.
വാര്‍ധക്യത്തിലെത്തിയ ആളുകളില്‍ കാണുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ അവരെ അകപ്പെടുത്തുന്ന നിസ്സഹായാവസ്ഥയെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് 'അവരുടെ സൃഷ്ടി ഘടനയെ നാം തലകീഴായി മാറ്റിമറിക്കുന്നത് നീ കാണുന്നില്ലയോ, ഈ സ്ഥിതി കണ്ടിട്ടും ചിന്തിക്കുന്നില്ലയോ' എന്ന് ഖുര്‍ആന്‍ ചോദിക്കുന്നത്. എങ്ങനെയാണ് സൃഷിഘടനയെ മാറ്റുന്നത്?
സ്വന്തം കുടുംബത്തിലും സമൂഹത്തിലും ശോഭിച്ചു നിന്ന് പേരും പ്രശസ്തിയും ആര്‍ജ്ജിച്ച ഒരു വ്യക്തി അതുവരെ ഉണ്ടായിരുന്ന തന്റെ കഴിവുകളെല്ലാം ശോഷിച്ച് ജീവിതം തുടങ്ങിവെച്ച ശിശുവിന്റെ അവസ്ഥയിലേക്ക് മടങ്ങിപ്പോകുന്നു. കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാനും പരസഹായമില്ലാതെ പഴയതുപോലെ നടക്കാനും പറ്റാത്ത അവസ്ഥ സംജാതമാകുന്നതോടെ തുടങ്ങുന്നു വാര്‍ധക്യത്തിന്റെ അവശതകള്‍. തിന്നുന്നതിനും കുടിക്കുന്നതിനും കുഞ്ഞുങ്ങളെ പോലെ തന്നെ മറ്റുള്ളവരുടെ സഹായം വൃദ്ധര്‍ക്ക് ആവശ്യമായി വരുന്നു. ഓര്‍മ്മകള്‍ ഉറയ്ക്കാത്ത അവസ്ഥയില്‍ ഒരേ രീതിയിലുള്ള ചോദ്യം സ്ഥിരമായി ചോദിക്കുന്ന കുട്ടികളുടെ സ്വഭാവം വാര്‍ദ്ധക്യത്തിലെത്തിയവരിലും കണ്ടുവരുന്നു. ശയ്യയിലും തൊട്ടിലിലും സ്വന്തം വസ്ത്രത്തിലും മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്ന കുഞ്ഞിനെപ്പോലെ വാര്‍ധക്യത്തിന്റെ അവശതകളനുഭവിക്കുന്നവരും അറിയാതെ അങ്ങനെ ചെയ്തുപോകുന്നു. എന്തുമാത്രം ബലഹീനനായാണോ ഒരുവന്‍ ഈ ഭൂമിയില്‍ ജീവിതം ആരംഭിച്ചത് അതേ ശൈശവാവസ്ഥയിലേക്കു തന്നെ ഒരു 80-90 വയസ്സുകാരന്റെ ജീവിതം മാറ്റിമറിക്കപ്പെട്ടതായി നാം കാണുന്നു; ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ചു തന്നപോലെ തന്നെ.
ശരീരത്തിനു വന്നു ചേരുന്ന ദുര്‍ബലാവസ്ഥ പോലെ തന്നെ, വാര്‍ധക്യം പ്രാപിച്ചവരില്‍ ബോധത്തിന്റെ വികാസം ചുരുങ്ങി വരുന്നതോടെ പല ഓര്‍മ്മകളെയും മറവി ബാധിക്കുന്നു. തത്സമയം ചെയ്യേണ്ട പല കാര്യങ്ങളും യാഥാവിധി ചെയ്യാന്‍ മറന്നുപോകുന്നു. സുഹൃത്തുക്കളുടെയും മറ്റും ക്ഷേമാന്വേഷണങ്ങള്‍ക്കു പോലും മറുപടി പറയാനാവാതെ ചെറിയ കുട്ടികളെ പോലെ വാര്‍ധക്യം പ്രാപിച്ചവര്‍ വിഷമിക്കുന്നു. അടുത്ത കുടുംബാഗങ്ങളുടെ പേരും അവരുമായുള്ള ബന്ധവും മറന്നു പോകുന്നു. പക്ഷെ ഇങ്ങനെയുള്ളവരില്‍ പലര്‍ക്കും തന്റെ ഓര്‍മ്മകള്‍ തളിരിട്ട ശൈശവ-ബാല്യങ്ങളിലെ ചെറുതും വലുതുമായ പല കാര്യങ്ങളും ഓര്‍ത്തെടുക്കുവാന്‍ സാധിക്കുന്നുണ്ട്. പിറകോട്ട് പിറകോട്ട് സഞ്ചരിച്ച് ഭൂതകാലത്തില്‍ എത്തപ്പെട്ട കുട്ടിയെ പോലെ വാര്‍ധക്യത്തിലെത്തിയവര്‍ വാചാലരാകുന്നതും നാം കാണുന്നു. അതേ സമയം ദിനചര്യകളില്‍ പലതും ഇവര്‍ മറന്നുപോകുന്നുമുണ്ട്. നേരത്തിന് ആഹാരം കഴിച്ചതോ കഴിക്കാതിരുന്നതോ ഇവരുടെ ഓര്‍മ്മകളില്‍ ഉണ്ടാവില്ല. വെള്ളത്തിനു വേണ്ടി ടാപ്പ് തുറക്കുന്നതും അഥവാ തുറന്നത് അടക്കുന്നതും ഇവര്‍ക്ക് ഭാരിച്ച ജോലിയായി അനുഭവപ്പെടുന്നു. കാലിലെ ചെരിപ്പ് കുട്ടികളെപ്പോലെ, വാര്‍ധക്യം പ്രാപിച്ച മറവി രോഗികള്‍ മാറി ഇടുന്നതായും കാണാം. ഇവര്‍ക്ക് പരാശ്രയം കൂടാതെ കഴിയില്ല ഈ ഘട്ടത്തില്‍. ഇതിനെയാണ് വൈദ്യശാസ്ത്രം അല്‍ഷിമേഴ്‌സ് എന്നോ, മറവി രോഗമെന്നോ വിളിക്കുന്നത്.
വാര്‍ധക്യത്തിലെ മറവിരോഗം അത് ബാധിച്ചവരെ മാത്രമല്ല, അവരുടെ ബന്ധുക്കളെയും രോഗിയെ പരിചരിക്കുന്നവരെയും വല്ലാതെ വിഷമിപ്പിക്കുന്നു. എങ്ങനെ മാന്യമായി വസ്ത്രം ധരിക്കണമെന്നും എങ്ങനെ കിടക്കണമെന്നും എങ്ങനെ നടക്കണമെന്നും സ്വന്തം മക്കളെ പഠിപ്പിച്ച പിതാവ്/മാതാവ് മറവിരോഗം ബാധിച്ച അവസ്ഥയില്‍ തൊട്ടിലില്‍ കിടക്കുന്ന ശിശുവിനെ പോലെ വസ്ത്രമില്ലാതെ കിടക്കാന്‍ വാശിപിടിക്കുന്നു. ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ കര്‍ക്കശമായ നിലപാടോ ചികിത്സയോ മതിയാവില്ല. ക്ഷമയോടെ, മനസ്സാന്നിധ്യത്തോടെയുള്ള സ്‌നേഹ പരിചരണം ഒന്നു മാത്രമാണ് പരിഹാരമാര്‍ഗ്ഗം. ഇവരില്‍ ചിലരെങ്കിലും കാണിക്കുന്ന മുന്‍കോപത്തിന്, വാശിക്ക്, പരിചരിക്കുന്നവരോട് ആഹാരവും ഔഷധവും നല്‍കുമ്പോള്‍ പറയുന്ന അര്‍ത്ഥ ശൂന്യമായ വാക്കിന്, ശകാരത്തിന് എല്ലാറ്റിനും പകരമായി ദേഷ്യം കലരാത്ത ശാന്തമായ സംസാരവും സ്‌നേഹമസൃണമായ സമീപനവുമായിരിക്കണം ഓരോ മറവിരോഗിയോടും തിരിച്ചങ്ങോട്ട് ഉണ്ടാവേണ്ടത്. ഈ അവസ്ഥയില്‍ അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ബോധപൂര്‍വ്വമല്ലെന്നും, അവരുടെ ജീവിതഘടന പാടെ മാറിമറിഞ്ഞതില്‍ നിന്നാണ് ഇപ്പോള്‍ കാണുന്ന സ്വഭാവ ദൂഷ്യങ്ങളെല്ലാം ഇവരില്‍ വന്നുചേര്‍ന്നതെന്നും വാര്‍ധക്യത്തിലെത്തിയ മറവിരോഗിയുടെ ബന്ധുക്കളും അവരെ പരിചരിക്കുന്നവരും മനസ്സിലാക്കണം.
സ്വന്തം മക്കളുടെ പേര് ഓര്‍മ്മിച്ചെടുത്ത് ഒന്ന് വിളിക്കാന്‍ പ്രയാസപ്പെടുന്ന, സ്വന്തത്തെയും ബന്ധത്തെയും തിരിച്ചറിയാന്‍ സാധിക്കാത്ത, കുടുംബത്തിലും സമൂഹത്തിലും താന്‍ ആരായിരുന്നുവെന്നോ ഇപ്പോള്‍ തന്റെ അവസ്ഥ എന്താണെന്നോ തിരിച്ചറിയാത്ത മറവിരോഗിയെ സംബന്ധിച്ചിടത്തോളം മറ്റു രോഗങ്ങളൊന്നും ഇല്ലെങ്കില്‍ അവരെ ബന്ധുക്കളുടെ പരിചരണത്തില്‍ വീട്ടില്‍ തന്നെ താമസിപ്പിക്കുന്നതായിരിക്കും നല്ലത്. നിഷ്‌കളങ്കമായ ശുശ്രൂഷ പോലെതന്നെ സുഹൃത്തുക്കളുടെയും മറ്റു സന്ദര്‍ശകരുടെയും സാന്നിദ്ധ്യവും വൃദ്ധരായ മറവി രോഗികള്‍ക്ക് സാന്ത്വനം പകരും. ഒറ്റക്കിരുന്നു മടുക്കുന്ന ഇത്തരം രോഗികള്‍ക്ക് സന്ദര്‍ശകരായി എത്തുന്ന ഏത് മുഖവും സ്വീകാര്യമായിരിക്കും. ആരോടെങ്കിലും കുറച്ചുനേരം ഒന്ന് ഉരിയാടുന്നത് ഇവരുടെ മനോവ്യഥകള്‍ക്ക് ആശ്വാസവും ശാന്തിയും ലഭിക്കുവാന്‍ സഹായകമാകും. ഓരോരോ സന്ദര്‍ശകനും നല്ല ശ്രോതാവായി ഇരുന്ന് കൊടുത്താല്‍ മാത്രം മതി. അബോധത്തില്‍ നിന്ന് ബോധത്തിലേക്ക് രോഗിയെ കൈപിടിച്ചു കൊണ്ടു വരുവാന്‍ ഉറ്റവരുടെ സ്‌നേഹമസൃണമായ സമീപനവും ശുശ്രൂഷയും ശ്രദ്ധയും കൊണ്ട് കുറച്ചെങ്കിലും സാധിച്ചെന്നു വരാം.
അല്ലാഹു അവന്‍ ഇച്ഛിക്കുന്നവര്‍ക്ക് ദീര്‍ഘായുസ്സ് നല്‍കുന്നു. ദീര്‍ഘായുസ്സ് ലഭിച്ചവരില്‍ ചിലരുടെ സൃഷ്ടിഘടനയെ മാറ്റിമറിക്കുകയും ചെയ്യുന്നു. അറിവിന്റെയും കഴിവിന്റെയും ഉത്തുംഗതയില്‍ എത്തിയ ഒരു മനുഷ്യന്‍ വാര്‍ധക്യം പ്രാപിക്കുന്നതോടെ ആ കഴിവുകളെല്ലാം നഷ്ടപ്പെട്ടവനായി മാറുന്നു. പരാശ്രയാവസ്ഥയില്‍ വയോധികനോ വയോധികയോ ആയി അവര്‍ പുതിയ തലമുറക്കു മുന്നില്‍ ജീവിക്കുന്നു. കഴിവും കര്‍മ്മശക്തിയും ജ്ഞാനവും നശ്വരനായ മനുഷ്യനില്‍ എല്ലാ കാലത്തും നില്‍ക്കുകയില്ലെന്നും, ആ ഗുണങ്ങളെല്ലാം എക്കാലവും നിലനിര്‍ത്താന്‍ കഴിയുന്ന പരിപൂര്‍ണ്ണന്‍ പരാശ്രയം ആവശ്യമില്ലാത്ത അനശ്വരനായ അല്ലാഹു മാത്രമാണെന്നുമുള്ള സത്യം വാര്‍ധക്യം പ്രാപിച്ചവരിലൂടെ നമ്മെ പഠിപ്പിക്കുകയും അതുവഴി ചിന്തിപ്പിക്കുകയും ചെയ്യുകയാണ് വിശുദ്ധ ഖുര്‍ആന്‍; സൂറ: യാസീന്‍ 68-ാം സൂക്തത്തിലൂടെ.
Comments