സൂകി, താങ്കള്‍ വര്‍ഗീയ കോമരങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുത്
മ്യാന്‍മറിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ഹബീബ് സ്വിദ്ദീഖ്, റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 'ബര്‍മീസ് ഗാന്ധി' എന്ന് അറിയപ്പെടുന്ന ആങ്‌സാന്‍ സൂകിക്ക് എഴുതിയ കത്ത്
പ്രിയ സൂകി,
ഒരു പതിറ്റാണ്ടിലേറെക്കാലമായി ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന നിലക്ക് സൈനിക തടവറയില്‍ നിന്നുള്ള നിങ്ങളുടെ മോചനത്തിന് വേണ്ടി അഹോരാത്രം പരിശ്രമിച്ചവരിലൊരാളാണ് ഞാന്‍. താങ്കളുടെയും സ്വപ്‌നമായിരുന്ന മ്യാന്‍മറിന്റെ ജനാധിപത്യവത്കരണവും എന്റെ പ്രവര്‍ത്തനങ്ങളുടെ അജണ്ടകളിലൊന്ന് തന്നെയായിരുന്നു. ഒടുവില്‍ ദേശീയ അന്തര്‍ദേശീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താങ്കളെയും മറ്റു ജനാധിപത്യ വാദികളെയും മോചിപ്പിച്ചത് മ്യാന്മറിന്റെ ചരിത്രത്തിലെ സുവര്‍ണ അദ്ധ്യായമായാണ് ഞാന്‍ നോക്കിക്കണ്ടത്. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ താങ്കളുടെ പാര്‍ട്ടിയായ എന്‍.എല്‍.ഡിയുടെ 43 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതും ജനാധിപത്യ മ്യാന്‍മറിനൊരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മകളാണ്. ഈ ലക്ഷ്യത്തിലേക്കുള്ള താങ്കളുടെ പരിശ്രമങ്ങള്‍ തീര്‍ത്തും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.
ജനാധിപത്യത്തിന് വേണ്ടിയുള്ള ഇത്തരം നീക്കങ്ങളെ മ്യാന്മര്‍ ജനത പ്രതീക്ഷാനിര്‍ഭരമായ കണ്ണുകളോടെയാണ് വീക്ഷിച്ചത്. പാര്‍ലമെന്റിന്റെ അധോസഭയില്‍ താങ്കളുടെ ശബ്ദം കേള്‍ക്കുന്നതോടെ പതിറ്റാണ്ടുകള്‍ നീണ്ട താങ്കളുടെ പരാധീനതകള്‍ക്ക് പരിഹാരമാവുമെന്നും നീതിയിലധിഷ്ഠിതമായ സമത്വ സുന്ദരമായ ഒരു രാജ്യം സൃഷ്ടിക്കപ്പെടുമെന്നുമായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്. വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന അവസ്ഥക്ക് മാറ്റം വരുമെന്നും അവര്‍ തീര്‍ച്ചയായും സ്വപ്‌നം കണ്ടിരുന്നു.
എന്നാല്‍, രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന മുസ്്‌ലിം വിരുദ്ധ കലാപങ്ങള്‍ ആ പ്രതീക്ഷകള്‍ അസ്ഥാനത്താണെന്ന് തെളിയിച്ചു. അക്രമത്തില്‍ നിന്ന് രക്ഷതേടി ആയിരക്കണക്കിന് മ്യാന്മര്‍/റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും പോകാന്‍ മത്സ്യബന്ധന ബോട്ടിലും മറ്റുമായി കടലിലേക്കിറങ്ങിയപ്പോള്‍, ആ രാജ്യങ്ങള്‍ സഹകരിക്കാത്തതിനാല്‍ അവര്‍ പട്ടിണി കിടന്ന് മരിക്കുന്ന ദുരന്തപൂര്‍ണ സാഹചര്യമാണ് സംജാതമായത്. രാഖൈന്‍ വംശജയായ സ്ത്രീയെ അജ്ഞാതനായ ഒരക്രമി മാനഭംഗപ്പെടുത്തി കൊന്ന് കളഞ്ഞത് ഒരു മതവിഭാഗത്തിനെതിരായ സായുധ കലാപത്തിലേക്ക് നീങ്ങിയതിന്റെ രസതന്ത്രം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഏതെങ്കിലും അക്രമികള്‍ കാണിച്ച ക്രൂരത ഒരു സമൂഹത്തെയൊന്നാകെ ക്രൂശിക്കാനുള്ള ന്യായീകരണമാവുകയാണെങ്കില്‍ ലോകത്തൊരാളും അതില്‍ നിന്ന് രക്ഷപ്പെടില്ലെന്നുറപ്പാണ്. ഇത് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി കൈമോശം വന്ന് പോയതിനാലാണ് രാഖൈന്‍ നേതൃത്വം മുസ്‌ലിംകളെ കൂട്ടക്കശാപ്പിന് വിധേയമാക്കാന്‍ അണികളോട് ആഹ്വാനം ചെയ്തതെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.
പ്രതിപക്ഷത്ത് താങ്കളുടെ സാന്നിധ്യമുണ്ടായിരിക്കെ, മ്യാന്മര്‍ ഇത്തരം അശുഭകരമായ പ്രവണതകളില്‍ നിന്ന് മുക്തമാവുമെന്നാണ് ജനങ്ങള്‍ കരുതിയിരുന്നത്. കലാപത്തിനിരയായവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള നിയമപാലകര്‍ അക്രമികള്‍ക്ക് കുഴലൂത്ത് നടത്തുന്നതാണ് പിന്നീട് രാജ്യം കണ്ടത്. അക്രമത്തിനെതിരെ റോഹിങ്ക്യന്‍ മുസ്്‌ലിംകള്‍ നടത്തിയ സമാധാനപൂര്‍ണമായ പ്രതിഷേധ റാലിക്ക് നേരെ നിറയൊഴിച്ച പോലീസ് കാടത്തം ഇതിന്റെ നേര്‍കാഴ്ചയാണ്. രാഖൈന്‍ പ്രവിശ്യയിലുണ്ടായ ഈ കലാപത്തില്‍ അക്രമികളടെ ലക്ഷ്യം മുസ്്‌ലിംകളെ ഉന്മൂലനം ചെയ്യുകയോ രാജ്യത്ത് നിന്ന് പൂര്‍ണമായും ആട്ടിയോടിക്കുകയോ ആയിരുന്നു. ഇതിന് വേണ്ടി അവരുടെ മേല്‍ തീവ്രവാദ മുദ്ര ചുമത്താനും രാഖൈന്‍ കലാപകാരികള്‍ കൊണ്ട് പിടിച്ച പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കലാപത്തില്‍ ധാരാളം നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞു. പല ഗ്രാമങ്ങളും അക്രമികള്‍ ചുട്ടെരിച്ചു. ആയിരക്കണക്കിന് പേര്‍ അഭയാര്‍ത്ഥികളായി അയല്‍ രാജ്യമായ ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും പലായനം ചെയ്യുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷമായ റോഹിങ്ക്യകള്‍ മാറുന്നിടത്തേക്ക് വരെ കാര്യങ്ങളെത്തി. ഇതെന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
പ്രിയ നേതാവേ, ലോകജനതയൊന്നടങ്കം താങ്കളില്‍ നിന്ന് ധാര്‍മിക പിന്‍ബലമുള്ള സമീപനം പ്രതീക്ഷിക്കുന്നുണ്ട്. താങ്കളുടെ പാര്‍ട്ടിയെയും അവര്‍ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, എന്‍.എല്‍.ഡി പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലരും ഇവ്വിഷയത്തില്‍ നിര്‍ഭാഗ്യകരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. നിങ്ങളുടെ പാര്‍ട്ടിയിലെ ഇത്തരം അസഹിഷ്ണുക്കളെ ചെവിക്ക് പിടിച്ച് പുറത്തേക്കെറിയേണ്ട ഉത്തരവാദിത്തം താങ്കള്‍ക്കുണ്ട്. നയോമിയിന്റിനെ പോലുള്ള നേതാക്കള്‍ കൊടും വര്‍ഗീയ വാദികളായാണ് സമൂഹ മധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സമൂഹത്തില്‍ നന്മയും ഐക്യവും സമത്വബോധവും സൃഷ്ടിച്ചെടുക്കാന്‍ യത്‌നിക്കേണ്ട സന്ദര്‍ഭത്തില്‍, അതിന് പകരം ഇത്തരം തിന്മയുടെ ഉപാസകരെ സമൂഹത്തെ വര്‍ഗീയമായി വെട്ടിമുറിക്കാന്‍ വേണ്ടി കെട്ടഴിച്ചുവിടുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യം തീര്‍ച്ചയായും രാജ്യത്തെ പിറകോട്ടാണ് നയിക്കുക. തന്നെയുമല്ല, ഇത്തരം പ്രവണതകള്‍ ജനങ്ങള്‍ താങ്കളിലും പാര്‍ട്ടിയിലും അര്‍പ്പിച്ച പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തുകയും ചെയ്യുമെന്ന് തീര്‍ച്ചയാണ്.
റോഹിങ്ക്യന്‍ മുസ്്‌ലിംകള്‍ക്ക് പൂര്‍ണ പൗരത്വം പോലും ഇപ്പോഴും അന്യമാണ്. അത് നേടിയെടുക്കാനുള്ള അവരുടെ ന്യായമായ പോരാട്ടത്തിന് താങ്കള്‍ക്ക് ഒരുപാട് ചെയ്യാനാവും. പദ്ധതി വിജയിച്ചാല്‍ രാജ്യത്തെ സാമൂഹികമായി വളരാന്‍ അത് സാഹചര്യമൊരുക്കും. വെറുപ്പും വിദ്വേഷവും വര്‍ഗീയതയും സ്വജനപക്ഷപാതവും വിഷം ചീറ്റുന്ന സാമൂഹികാവസ്ഥയില്‍ നിന്ന് അത് രാജ്യത്തെ രക്ഷിക്കും. ഈ പ്രശ്‌നത്തില്‍ അനുകൂലമായി ഇടപെടുമെന്ന പ്രതീക്ഷയോടെ...
വിവ: മുഹമ്മദ് റാഷിദ് ഓത്തുപുരക്കല്‍
Comments