Prabodhanm Weekly

Pages

Search

2015 ജൂണ്‍ 05

ഈജിപ്ത് കൂട്ട വധശിക്ഷാ വിധിയും മലയാള പത്രങ്ങളും

ജിബ്രാന്‍ /റീഡിംഗ് റൂം

         തുനീഷ്യയില്‍ നിന്നാരംഭിച്ച അറബ് വസന്തം, അവിടെ നിന്ന് ഇതര അറബ് രാഷ്ട്രങ്ങളിലേക്ക് പടര്‍ന്നുകയറിയപ്പോള്‍ ഏതൊരു ജനാധിപത്യവാദിയെയും പോലെ മലയാളിയും സന്തോഷിച്ചിരുന്നു. ഈജിപ്തില്‍ മുബാറകിന്റെ പതനവും ജനകീയ വിപ്ലവവുമെല്ലാം  ജനാധിപത്യ പോരാട്ടത്തിന്റെ അക്കൗണ്ടിലായിരുന്നു മലയാള മാധ്യമങ്ങളടക്കം വരവ് വെച്ചിരുന്നത്. വിപ്ലവത്തിന് ശേഷം നടന്ന ജനാധിപത്യ തെരഞ്ഞെടുപ്പില്‍ ഇഖ്‌വാന്‍ അനുകൂല ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡോ. മുഹമ്മദ് മുര്‍സി പ്രസിഡന്റായതിനു ശേഷമാണ് ലോക മീഡിയയോടൊപ്പം ചില മലയാള പത്രങ്ങള്‍ക്കും ജനാധിപത്യ വിപ്ലവത്തില്‍ സംശയമുണ്ടായത്.  തെരഞ്ഞെടുപ്പ് വഴിയാണെങ്കിലും ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറുന്നത് ഉള്‍ക്കൊള്ളുന്നതിലുള്ള വിഷമമായിരുന്നു ഈ ആശയക്കുഴപ്പത്തിന് കാരണം. അതുകൊണ്ടുതന്നെ പ്രസിഡന്റ് മുര്‍സിക്കെതിരെ പ്രക്ഷോഭങ്ങളും കലാപങ്ങളും ആരംഭിച്ചപ്പോള്‍ അതിനെ ജനകീയ വിപ്ലവമായാണ് ഈ മലയാള മാധ്യങ്ങള്‍ ചിത്രീകരിച്ചത്. പട്ടാള അട്ടിമറി പോലും ജനഹിതമെന്ന് വ്യാഖ്യാനിക്കപ്പെടുകയുണ്ടായി. ദേശാഭിമാനി പത്രമായിരുന്നു ഇത്തരം വിശകലനങ്ങള്‍ക്ക് വിശാലമായ ഇടം നല്‍കിയത്. അട്ടിമറിക്കപ്പെട്ടത് ഇസ്‌ലാമിസ്റ്റുകളായതിനാലും ഈജിപ്തിലെ ഇടതുപക്ഷം പട്ടാള ഭരണത്തോടൊപ്പം നിലയുറപ്പിച്ചതിനാലും ദേശാഭിമാനിക്ക് ആ നിലപാട് സ്വീകരിക്കാനേ കഴിയുമായിരുന്നുള്ളൂ. 

എന്നാല്‍ പട്ടാള ഭരണകൂടം റാബിഅ അദ്‌വിയ്യയില്‍ ജനാധിപത്യപരമായി പ്രതിഷേധിച്ച മുര്‍സി അനുകൂലികളെ   കൂട്ടക്കശാപ്പ് ചെയ്തതോടെ സീസി ഏകാധിപതിയാണെന്ന് മിക്ക മലയാള പത്രങ്ങളും തിരിച്ചറിഞ്ഞു. ആ കൂട്ടക്കശാപ്പിനു ശേഷം മനോരമ, മാതൃഭൂമി അടക്കമുള്ള പത്രങ്ങളിലെ റിപ്പോര്‍ട്ടുകളെല്ലാം  പട്ടാളഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധതയെ അടയാളപ്പെടുത്തുന്നതായിരുന്നു. രണ്ടേ രണ്ട് മലയാള പത്രങ്ങള്‍ മാത്രമാണ് ഇതിനപവാദമായുണ്ടായിരുന്നത്. ഇടതുപക്ഷ ദേശാഭിമാനിയും യാഥാസ്ഥിതികപക്ഷ സിറാജ് ദിനപത്രവും. പൗരോഹിത്യ ഇസ്‌ലാമിന്റെ മുഖ്യ വിമര്‍ശകരായ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ഓരോ തകര്‍ച്ചയും സിറാജ് ദിനപത്രത്തിന് സന്തോഷ വാര്‍ത്തകളാവുന്നത് സ്വാഭാവികം. റാബിഅ അദ്‌വിയ്യ കൂട്ടക്കൊല നടന്ന ദിനങ്ങളില്‍ സിറാജില്‍ വന്ന വാര്‍ത്തകളും വിശകലനങ്ങളും ഇതിന്  ജീവിക്കുന്ന തെളിവുകളാണ്.

ഇതിപ്പോള്‍ പങ്കുവെക്കാന്‍ കാരണം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഈജിപ്തിന്റെ പ്രഥമ പ്രസിഡന്റായ ഡോ. മുഹമ്മദ് മുര്‍സിയെയും ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവിയെയും വധശിക്ഷക്ക് വിധിച്ച വാര്‍ത്ത മലയാള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ജനാധിപത്യ മാതൃക കണ്ടാണ്.  ജമാഅത്തെ ഇസ്‌ലാമിയോട് ആശയാഭിമുഖ്യമുള്ള സംഘടനയാണ് ഇഖ്‌വാനുല്‍ മുസ്‌ലിമൂനെന്ന് കേരളീയര്‍ക്കറിയാം. ഇതര മുസ്‌ലിം സംഘടനകളാകട്ടെ പല വിഷയങ്ങളിലും ജമാഅത്തിനോടെന്ന പോലെ ഇഖ്‌വാനോടും വിയോജിപ്പുള്ളവരാണ്. എന്നാല്‍, ഒരു വിഭാഗത്തോടുള്ള വിദ്വേഷം അവരോട് അനീതി പുലര്‍ത്താന്‍ കാരണമാവരുതെന്നത് ഖുര്‍ആനിക പ്രഖ്യാപനമാണ്. ആ പാഠം ഉള്‍ക്കൊള്ളുന്ന വിധമായിരുന്നു മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള സിറാജൊഴികെയുള്ള മുഴുവന്‍ പത്രങ്ങളും ഈ വിഷയത്തോട് സ്വീകരിച്ച സമീപനം. ഡോ. യൂസുഫുല്‍ ഖറദാവിക്കും ഡോ. മുഹമ്മദ് മുര്‍സിക്കുമെതിരെയുള്ള പട്ടാള കോടതിയുടെ വധശിക്ഷാ വിധിയെ ശക്തിയുക്തം അപലപിച്ച് ഈ പത്രങ്ങളെല്ലാം എഡിറ്റോറിയല്‍ തന്നെ എഴുതി. മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രിക മെയ് 18-ന് എഴുതിയ 'തിരികെടുന്ന അറബ് വസന്തം' എന്ന മുഖക്കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്: ''മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയും വിഖ്യാത പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിയും ഉള്‍പ്പെടെ 106 പേരെ കൂട്ട വധശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള ഈജിപ്ഷ്യന്‍ കോടതി വിധി, അറബ് വസന്താനന്തരമുള്ള ആ രാജ്യത്തിന്റെ ഭാവി സംബന്ധിച്ച് ആശങ്കാജനകമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. കൂട്ട വിചാരണയും കൂട്ട വധശിക്ഷാ വിധിയും സമീപകാല ഈജിപ്തിന്റെ ചരിത്രത്തില്‍ പുതുമയല്ല. ജനാധിപത്യ രീതിയില്‍ അധികാരത്തിലെത്തിയ മുര്‍സി ഭരണകൂടത്തെ പട്ടാള അട്ടിമറിയിലൂടെ പുറം തള്ളിയ ശേഷം ഇത്തരത്തിലുള്ള നിരവധി വിധികള്‍ ഈജിപ്തില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, അറബ് ലോകത്തിനകത്തും പുറത്തും ഒരുപോലെ ആദരം പിടിച്ചുപറ്റിയ യൂസുഫുല്‍ ഖറദാവിയെപ്പോലുള്ള ഒരാളെ കൂട്ട വിചാരണയുടെ ഭാഗമാക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്യുന്നതിന്റെ യുക്തിയും നീതിയും ഒട്ടും പിടികിട്ടാത്തതാണ്. മനുഷ്യാവകാശങ്ങള്‍ അപ്പാടെ നിഷേധിച്ചുകൊണ്ടുള്ള ഇത്തരം വിധികള്‍ ഈജിപ്തിന്റെ രാഷ്ട്രീയ ഭാവിയില്‍ അസ്വസ്ഥമായ മറ്റൊരു അധ്യായത്തിന് വഴിതുറക്കുമെന്ന് തന്നെ വേണം കരുതാന്‍.''

സമസ്തയുടെ ആശീര്‍വാദത്തോടെ പുറത്തിറങ്ങുന്ന സുപ്രഭാതം ദിനപത്രവും ഈജിപ്ത് കൂട്ട വധശിക്ഷാ വിധിയെ ശക്തിയുക്തം അപലപിച്ച് എഡിറ്റോറിയല്‍ എഴുതി: ''ആധുനിക കാലത്തെ ഫറോവ എന്ന് മുസ്‌ലിം ലോകത്താല്‍ ഇകഴ്ത്തപ്പെട്ട ക്രൂരനും അഴിമതിക്കാരനുമായ ഹുസ്‌നി മുബാറകിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഏകാധിപത്യ ഭരണം മുല്ലപ്പൂ വിപ്ലവമെന്ന അതിനൂതനമായ സമരമുറയിലൂടെയാണ് മുര്‍സിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ തൂത്തെറിഞ്ഞത്. 2011-ല്‍ ഈജിപ്തിന്റെ പ്രസിഡന്റായി മുര്‍സി അവരോധിതനായെങ്കിലും ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിന് അദ്ദേഹം ഉത്തരവിടുകയായിരുന്നു. തെരഞ്ഞെടുപ്പിലൂടെ ഈജിപ്തിലെ പ്രഥമ ജനാധിപത്യ സര്‍ക്കാറിന്റെ പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2012-ല്‍ പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നടത്തിയ പ്രക്ഷോഭം അടിച്ചമര്‍ത്തിയെന്നാരോപിച്ചാണ് അദ്ദേഹത്തെ 20 കൊല്ലത്തെ ജയില്‍ ശിക്ഷക്ക് പട്ടാള കോടതി വിധിച്ചത്.

ഇപ്പോള്‍ വിധിച്ച വധശിക്ഷ ജയില്‍ ആക്രമിച്ചതിനാണെങ്കില്‍, അനുഭവിച്ചുകൊണ്ടിരിക്കുന്ന 20 കൊല്ലത്തെ തടവ് അക്രമം തടഞ്ഞതിന്. എന്തൊരു പരിഹാസ്യമായ വിധിന്യായങ്ങള്‍.  മുര്‍സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ പാശ്ചാത്യ ലോബികള്‍ അദ്ദേഹത്തിനെതിരെ കുതന്ത്രങ്ങളും നിഗൂഢ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. മുര്‍സി ഭരണകൂടത്തെ ഒരു നിലക്കും തുടരാന്‍ അനുവദിക്കുകയില്ലെന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ സയണിസ്റ്റുകള്‍ തീരുമാനിച്ചിരുന്നു. മാധ്യമ ലോബികളുടെ സംഘടിതമായ കുപ്രചാരണങ്ങളെ തുടര്‍ന്നാണ് പ്രതിലോമ ശക്തികള്‍ മുര്‍സി ഭരണകൂടത്തിനെതിരെ പടക്കൊരുങ്ങിയത്. രാജ്യം പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണെന്ന് കണ്ട പട്ടാളം അവസരം മുതലെടുത്ത് ഭരണം പിടിച്ചെടുത്തു. മുര്‍സിയെ സ്ഥാനഭൃഷ്ടനാക്കി സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍സീസി പ്രസിഡന്റായി അവരോധിതനായി.

ഇതേ ഘട്ടത്തില്‍ തന്നെ ഖറദാവിക്കെതിരെയും പാശ്ചാത്യ മാധ്യമങ്ങള്‍ കുപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നുണ്ടായിരുന്നു. അദ്ദേഹത്തെ ഗൂഢാലോചനക്കാരനായും തീവ്രവാദിയായും മാധ്യമങ്ങള്‍ ചിത്രീകരിച്ചു. ഫ്രാന്‍സ് അദ്ദേഹത്തിന് വിസ നിഷേധിച്ചു. ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തി. ഇസ്രയേല്‍ ആയിരുന്നു ഇതിന്റെയൊക്കെ പിന്നില്‍. ബ്രദര്‍ഹുഡിനെ ഈജിപ്തില്‍ നിന്ന് തുടച്ചുനീക്കുമെന്ന് അധികാരമേറ്റയുടനെ സീസി പ്രഖ്യാപിച്ചിരുന്നു. അത് സാധിതമാക്കാനാണ് വ്യാജ കുറ്റങ്ങള്‍ ചുമത്തി നിരവധി മുസ്‌ലിം പണ്ഡിതന്മാരെയും നേതാക്കളെയും വധശിക്ഷക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നത്'' (നീതി ചവിട്ടിയരക്കുന്ന മരണവിധി-എഡിറ്റോറിയല്‍ സുപ്രഭാതം 2015 മെയ് 18).

'വിപ്ലവങ്ങളെ ആര്‍ക്ക് തൂക്കിലേറ്റാനാവും' എന്ന മെയ് 18-ന്റെ എഡിറ്റോറിയല്‍ തേജസ് പത്രം എഴുതുന്നു: ''ഭരണകൂടത്തിന്റെ ആശ്രിത വത്സലന്‍ നീതിന്യായ പീഠത്തില്‍ കയറിയിരിക്കുമ്പോള്‍ ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ സര്‍ക്കാരായിരുന്നു മുര്‍സിയുടേത്. സൈനിക മേധാവിയായിരുന്ന അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ നേതൃത്വത്തില്‍ പട്ടാള അട്ടിമറി നടത്തിയാണ് മുര്‍സി ഭരണകൂടത്തെ 2013 ജൂലൈയില്‍ പുറത്താക്കുന്നത്. മര്‍ദക ഭരണകൂടങ്ങള്‍ തങ്ങളുടെ ഇംഗിതങ്ങള്‍ക്കെതിരായി നില്‍ക്കുന്നവരെ അമര്‍ച്ച ചെയ്യാന്‍ ഇത്തരം പ്രാകൃത തന്ത്രങ്ങള്‍ സ്വീകരിച്ചത് ചരിത്രത്തില്‍ ധാരാളം കാണാനാവും.''

'ഈജിപ്തില്‍ വീണ്ടും കാടന്‍ വിധി' എന്ന തലക്കെട്ടിലാണ് വര്‍ത്തമാനം പത്രം എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്. ''തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ പ്രസിഡന്റായിരുന്നു മുഹമ്മദ് മുര്‍സി പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയ ജനറല്‍ സീസിയുടെ കോടതി ഇങ്ങനെ ഒരു ഭീകര വിധി പുറപ്പെടുവിച്ചതില്‍ അതിശയിക്കാനില്ല. 2013-ല്‍ മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയ സൈനിക കോടതി അന്ന് മുതല്‍ തന്നെ തങ്ങളുടെ പ്രതിയോഗികളെ ശാരീരികമായി ഉന്മൂലനം ചെയ്യാന്‍് ശ്രമിച്ചു വരികയാണ്. മുര്‍സിയെ പുറത്താക്കിയ പട്ടാള നടപടിക്കെതിരെ ജനാധിപത്യ വാദികളായ ഈജിപ്ഷ്യന്‍ ജനത റാബിയ അദവിയ്യ സ്‌ക്വയറില്‍ നടത്തിയ പ്രക്ഷോഭത്തെയും പട്ടാളം ബലം പ്രയോഗിച്ചു അടിച്ചമര്‍ത്തുകയായിരുന്നു. ആ സമരത്തില്‍ 817 പേരാണ് രക്തസാക്ഷികളായത്. ആ പകപോക്കലിന്റെ തുടര്‍ച്ചയായി മാത്രമേ ഇപ്പോഴത്തെ വിധിയെയും കാണാന്‍ കഴിയൂ. ഏകാധിപത്യത്തെയും സൈനിക മുഷ്‌കിനെയും ചോദ്യം ചെയ്യുന്നവരെ ഇല്ലായ്മ ചെയ്യുക എന്ന നയം തുടര്‍ന്നാല്‍ അത് കൂടുതല്‍ രക്തച്ചൊരിച്ചിലേക്കാവും രാജ്യത്തെ നയിക്കുക. ഈ കാടന്‍ വിധിക്ക് ശേഷം വരുന്ന വാര്‍ത്തകള്‍ അതാണ് സൂചിപ്പിക്കുന്നതും.''

ഈജിപ്ത് കോടതിവിധിയോട് അന്താരാഷ്ട്ര സമൂഹം പുലര്‍ത്തുന്ന നിസ്സംഗതയെയും മൗനത്തെയും നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു മെയ് 19-ലെ മാധ്യമം എഡിറ്റോറിയല്‍. 'പരിഹാസ്യം എന്ന വാക്കാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുര്‍സിക്കും ലോക പ്രശസ്ത പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിക്കും മറ്റു 104 പേര്‍ക്കും ഈജിപ്ത് കോടതി വധശിക്ഷ വിധിച്ചതിനെ വിശേഷിപ്പിക്കാന്‍ ഏറ്റവും യോജിക്കുക' എന്നാണ് മാധ്യമം എഡിറ്റോറിയലിന്റെ തുടക്കം.

മനോരമയും മാതൃഭൂമിയുമടക്കമുള്ള മറ്റു മലയാള പത്രങ്ങളും ഈജിപ്ത് വിഷയം റിപ്പോര്‍ട്ട് ചെയ്തത് പട്ടാള ഭരണകൂടത്തിന്റെ പ്രതികാര നടപടികള്‍ എന്ന വിധം തന്നെയായിരുന്നു. എന്നാല്‍  സിറാജ് ദിനപത്രം തീര്‍ത്തും അനീതിപരമായ ഈ കൂട്ട വധശിക്ഷവിധിയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വിദ്വേഷ മനോഭാവവും സംഘടനാ സങ്കുചിതത്വവും പുലര്‍ത്തി. മെയ് 16-ന് 'മുഹമ്മദ് മുര്‍സിക്കും യൂസുഫുല്‍ ഖറദാവിക്കും വധശിക്ഷ' എന്ന തലക്കെട്ടിലെ സിറാജ് വാര്‍ത്ത ഇങ്ങനെ: ''കൈറോ: 'ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ത് മുന്‍ പ്രസിഡന്റും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിയും ആഗോള സലഫി പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിയുമടക്കം 105 പേര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു.''

ഈ വാര്‍ത്തയുടെ ഒടുക്കത്തില്‍ സിറാജ് കേരളീയരുടെ ജാഗ്രതയിലേക്ക്  വധശിക്ഷക്ക് വിധിക്കപ്പെട്ട 'ആഗോള ഭീകരനായ' ഖറദാവിയുമായി ബന്ധമുള്ള കേരളീയ മത സംഘടനകളെയും പണ്ഡിതന്മാരെയും പരിചയപ്പെടുത്തുന്നുണ്ട്. അതിങ്ങനെയാണ്: ''ബ്രദര്‍ഹുഡ് നേതാവായ യൂസുഫുല്‍ ഖറദാവിക്ക് കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുമായി അടുത്ത ബന്ധമുണ്ട്. രണ്ടു തവണ അദ്ദേഹം കേരളത്തില്‍ എത്തിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനമായ ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയുടെ പ്രഖ്യാപനത്തിനായിരുന്നു ഒടുവില്‍ കേരളത്തിലെത്തിയത്. ശാന്തപുരം കോളേജിന്റെ ഉപദേശക സമിതി ചെയര്‍മാനും കൂടിയാണ് ഖറദാവി. ഖറദാവിയുടെ പതിനഞ്ചോളം പുസ്തകങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസിദ്ധീകരണ വിഭാഗമായ ഐ.പി.എച്ച് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഗോള പണ്ഡിത സഭ എന്ന പേരില്‍ ഖറദാവി ഒരു പണ്ഡിത സഭ രൂപീകരിച്ചിരുന്നു. ചേളാരി വിഭാഗം സമസ്ത നേതാവ് ബഹാവുദ്ദീന്‍ നദ്‌വി ഈ സംഘടനയില്‍ അംഗമാണ്'' (സിറാജ് 2015 മെയ് 18).

ആയതിനാല്‍ ഈജിപ്ഷ്യന്‍ കോടതിയെ പോലെ ഇന്ത്യന്‍ ജുഡീഷ്യറിയും  ഖറദാവിയുമായി ബന്ധമുള്ള ഈ സ്ഥാപനങ്ങള്‍ക്കും പണ്ഡിതന്മാര്‍ക്കുമെതിരെ കേസെടുത്ത് വേണ്ട ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ താണുകേണപേക്ഷിക്കുന്നുവെന്ന് സാരം. യഥാര്‍ഥത്തില്‍ ഡോ. യൂസുഫുല്‍ ഖറദാവി അറിയുകയോ പങ്കെടുക്കുകയോ ചെയ്യാത്ത, തീര്‍ത്തും വ്യാജമായുണ്ടാക്കിയ ഒരു കേസിലാണ് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്. കേസിനാസ്പദമായ സംഭവം നടക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പേ ശഹീദായ ഫലസ്ത്വീനികളും ഈ കേസിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിട്ടുണ്ടെന്നതാണ് രസകരം. ശൈഖ് ഖറദാവി തന്നെ കേസിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: ''ഈ വിധിയുടെ പരിഹാസ്യത നോക്കണം. ഞാനുമുണ്ടത്രേ വധശിക്ഷ വിധിക്കപ്പെട്ടവരുടെ കൂട്ടത്തില്‍! കുറ്റാരോപണം എന്തെന്നല്ലേ, വാദിനത്വ്‌റൂന്‍ ജയില്‍ കൈയേറ്റം. ഞാന്‍ എന്റെ ഇത്രകാലത്തെ ജീവിതത്തിനിടക്ക് വാദിനത്വറൂന്‍ എന്ന സ്ഥലത്ത് പോയിട്ടേയില്ല. അവിടെ ഒരു ജയില്‍ ഉണ്ടെന്ന കാര്യവും എനിക്കറിയില്ല. അവിടെ ഒരുപാട് ഇഖ്‌വാന്‍ നേതാക്കളെ ഇവര്‍ തടവിലിട്ടുണ്ടത്രേ. ആ ജയില്‍ കൈയേറാന്‍ ഞാന്‍ എങ്ങനെയാണ് പോവുക? ഞാന്‍ ആയിരക്കണക്കിന് മൈലുകള്‍ക്കിപ്പുറം ഖത്തറിലല്ലേ? ഞാന്‍ വര്‍ഷങ്ങളായി ഇരുന്നുകൊണ്ടാണ് ഖുത്വ്ബ നിര്‍വഹിക്കുന്നത്. ഞാന്‍ എണ്‍പത് വയസ്സ് പിന്നിട്ടിട്ട് തന്നെ വര്‍ഷങ്ങളായി. ദീര്‍ഘ യാത്രകളൊക്കെ വീല്‍ ചെയറിലാണ്'' (ഈജിപ്ഷ്യന്‍ കോടതിയുടെ വധശിക്ഷാ വിധിയോട് പ്രതികരിച്ച് കൊണ്ട് എഴുതിയ കുറിപ്പ്. വ്യത്യസ്ത ഭാഷകളിലുള്ള നൂറിലധികം പത്രങ്ങള്‍ ഈ കുറിപ്പ് പ്രസിദ്ധീകരിച്ചു. മലയാളത്തില്‍ 2015 മെയ് 29-ലെ പ്രബോധനം വാരികയില്‍ ഈ കുറിപ്പിന്റെ പൂര്‍ണ ഭാഗമുണ്ട്).

ശൈഖ് ഖറദാവിക്കും മുര്‍സിക്കുമെതിരെയുള്ള വധശിക്ഷാ വിധിക്കെതിരെ മതകീയ മേഖലകളില്‍ നിന്ന് മാത്രമല്ല പ്രതിഷേധങ്ങളുയര്‍ന്നത്. മറിച്ച് ലോകമെങ്ങുമുള്ള ജനാധിപത്യ സ്‌നേഹികളും കൂട്ടായ്മകളും ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തി. കേരളത്തിലും മത സംഘടനാ നേതാക്കള്‍ക്കൊപ്പം പേരുവെച്ച്  സാംസ്‌കാരിക നേതാക്കളും ഈ ജനാധിപത്യകശാപ്പിനെതിരെ സംയുക്ത പ്രസ്താവനയിറക്കി.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, സി.പി ഉമര്‍ സുല്ലമി, കെ.പി.എ മജീദ്, എം.ഐ അബ്ദുല്‍ അസീസ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഡോ. കെ.എന്‍ പണിക്കര്‍, ഡോ. എം.ജി.എസ് നാരായണന്‍, സി. രാധാകൃഷ്ണന്‍, ബി. രാജീവന്‍, ഒ. അബ്ദുര്‍റഹ്മാന്‍, ബാലചന്ദ്രന്‍ വടക്കേത്ത്, എ.കെ രാമകൃഷ്ണന്‍, പി. സുരേന്ദ്രന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഫാ. എബ്രഹാം ജോസഫ്. ശൈഖ് മുഹമ്മദ് കാരകുന്ന്, കെ.പി ശശി, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ടി.ഡി രാമകൃഷ്ണന്‍, ഇ.വി രാമകൃഷ്ണന്‍, ഗോപാല്‍ മേനോന്‍, കെ. അംബുജാക്ഷന്‍, ഡോ. പി.കെ പോക്കര്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, കെ.കെ കൊച്ച്, ടി.ടി ശ്രീകുമാര്‍, കെ. അജിത, അഡ്വ. പി.എ പൗരന്‍, പി. മുജീബുര്‍റഹ്മാന്‍, കെ.കെ ബാബുരാജ്, പി.കെ പാറക്കടവ്, ജി.പി രാമചന്ദ്രന്‍, ടി. മുഹമ്മദ് വേളം എന്നിവര്‍ ഒപ്പുവെച്ച് മുഴുവന്‍ പത്രങ്ങള്‍ക്കും നല്‍കിയ പ്രസ്താവന ഇങ്ങനെ: ''ഒരു പണ്ഡിതനെ തൂക്കിലേറ്റാന്‍ വിധിക്കുന്നത് ഈജിപ്ഷ്യന്‍ സ്വേഛാധിപത്യത്തിന്റെ അക്ഷരവിരോധത്തിന്റെ കൂടി ഉദാഹരണമാണ്.ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവിയെയും ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെയും വധശിക്ഷക്ക് വിധിച്ച ഈജിപ്തിലെ പട്ടാള കോടതി വിധിക്കെതിരെ എല്ലാ ജനാധിപത്യവാദികളും പ്രതികരിക്കേണ്ടിയിരിക്കുന്നു.'' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /28
എ.വൈ.ആര്‍