ക്യാമ്പ് ഡേവിഡ് ഉച്ചകോടിയുടെ പരാജയം നല്കുന്ന ശുഭസൂചനകള്
കഴിഞ്ഞ മെയ് 14-ന് മേരിലാന്ഡിലെ ക്യാമ്പ് ഡേവിഡില് ഗള്ഫ് രാഷ്ട്ര തലവന്മാരുടെ ഒരു ഉച്ചകോടി വിളിച്ചിരുന്നു അമേരിക്കന് പ്രസിഡന്റ് ബറാക് ഒബാമ. വിളിക്കുന്നത് അമേരിക്കന് പ്രസിഡന്റായിരുന്നതിനാലും ക്ഷണിക്കപ്പെടുന്നത് ഗള്ഫ് രാഷ്ട്ര തലവന്മാരായതിനാലും എല്ലാം മുറപോലെ നടക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് സുഊദി ഭരണാധികാരി സല്മാനുബ്നു അബ്ദില് അസീസിന്റെ പ്രഖ്യാപനം വരുന്നത്, ഉച്ചകോടിയില് പങ്കെടുക്കാന് താന് വരുന്നില്ലെന്ന്. പകരം കിരീടാവകാശി മുഹമ്മദ് ബ്നു നാഇഫിനെ അയക്കും. അന്നേ ദിവസം തനിക്കും എത്തിച്ചേരാന് പറ്റില്ലെന്ന് ബഹ്റൈന് ഭരണാധികാരി ഹമദ് ബ്നു ഈസ അല് ഖലീഫയും അറിയിച്ചു. ബ്രിട്ടനില് രാജ്ഞിയുടെ മേല്നോട്ടത്തില് നടക്കുന്ന കുതിരപ്പന്തയം കാണാന് വരാമെന്ന് നേരത്തെ ഏറ്റുപോയി. പകരക്കാരനെ അയക്കുന്നതില് തനിക്കും വിരോധമില്ല. ചുരുക്കത്തില് ആറ് ഗള്ഫ് രാഷ്ട്രത്തലവന്മാരില് നാല് പേരും വന്നില്ല. കുവൈത്ത് അമീര് സബാഹ് അല് അഹ്മദ് അല് സബാഹും ഖത്തര് ഭരണാധികാരി തമീമുബ്നു ഹമദ് ആല്ഥാനിയും മാത്രമാണ് വന്നെത്തിയത്.
ഈ നാല് പേര്ക്കും പങ്കെടുക്കാന് പ്രത്യേകിച്ച് തടസ്സങ്ങളൊന്നുമുണ്ടായിരുന്നില്ല. അവര് വരാത്തത് കൊണ്ട് കൊട്ടിഘോഷിക്കപ്പെട്ട ക്യാമ്പ് ഡേവിഡ് ഉച്ചകോടി വെറും ചടങ്ങ് മാത്രമായി. ചടങ്ങിലുടനീളം അമേരിക്കന് പ്രസിഡന്റ് ഒബാമ തന്റെ നിരാശയും അസംതൃപ്തിയും മറച്ചുവെക്കാന് പാടുപെടുന്നുണ്ടായിരുന്നു. ഇറാന്റെ ആണവായുധ വിഷയത്തിലും മറ്റും ആ രാഷ്ട്രവുമായി അമേരിക്ക ഉണ്ടാക്കാന് പോകുന്ന ഒത്തുതീര്പ്പുകളോടുള്ള തങ്ങളുടെ കടുത്ത അമര്ഷം പ്രകടിപ്പിക്കുകയായിരുന്നു ഗള്ഫ് ഭരണാധികാരികള് ഈ വിട്ടുനില്ക്കലിലൂടെ.
മിക്കവാറും വരുന്ന ജൂണ് 30-ന് മുമ്പ് നിലവില് വരാന് പോകുന്ന ലൊസാന് കരാറാണ് ഗള്ഫ് രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തുന്നത്. സ്വിറ്റ്സര്ലന്റിലെ ലൊസാന് നഗരത്തില് കഴിഞ്ഞ മാര്ച്ച് 26 മുതല് ഏപ്രില് രണ്ട് വരെ നടന്ന മാരത്തോണ് ചര്ച്ചകള്ക്കൊടുവില് ചൈന, റഷ്യ, അമേരിക്ക, ഫ്രാന്സ്, ജര്മനി, ബ്രിട്ടന് എന്നീ ആറ് വന് ശക്തികളുമായി ആണവായുധ പ്രശ്നത്തില് ഇറാന് ചില ധാരണകളില് എത്തിയിട്ടുണ്ട്. കരാര് പ്രാബല്യത്തിലാവുന്നതോടെ അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും ഇറാനെതിരായ ഉപരോധങ്ങള് എടുത്തുകളയും. വിദേശ ബാങ്കുകളിലും മറ്റും തടഞ്ഞുവെച്ച ബില്യന് കണക്കിന് ഡോളറുകള് ഇറാന് തിരിച്ചു നല്കും. ഇത് രണ്ടും മേഖലയില് ഇറാന്റെ മേധാവിത്വത്തിന് ശക്തി പകരുമെന്ന ഗള്ഫ് രാഷ്ട്ര കൂട്ടായ്മ(ജി.സി.സി)യുടെ ആശങ്ക ഒട്ടും അസ്ഥാനത്തല്ല. ഏറക്കുറെ ഉറപ്പായ ഈ ഒത്തുതീര്പ്പ് കരാര് പ്രാബല്യത്തില് വരാതിരിക്കാന് തന്നെയാണ്, അമേരിക്കയോട് പോലും കൂടിയാലോചിക്കാതെ (അവരോട് വിവരം പറഞ്ഞിട്ടുണ്ടെങ്കിലും) സുഊദി നേതൃത്വത്തിലുള്ള ഗള്ഫ് കൂട്ടായ്മ യമനില് ഹൂഥി-സ്വാലിഹ് സഖ്യത്തിനെതിരെ ബോംബാക്രമണം തുടങ്ങിയത്. അത് ഇറാനെതിരെയുള്ള യുദ്ധ പ്രഖ്യാപനം തന്നെയാണ്. യഥാര്ഥത്തില് അമേരിക്ക ഈ ആക്രമണത്തിന് എതിരായിരുന്നു. യമനില് എത്രയും വേഗം വെടിനിര്ത്തണമെന്നാണ് അമേരിക്ക ഇപ്പോഴും ആഗ്രഹിക്കുന്നത്. അത് ഹൂഥികളുടെ നിയമാനുസൃതമല്ലാത്ത ഭരണകൂടത്തിന് നിയമസാധുത്വം നല്കുന്നതിന് തുല്യമായിരിക്കുമെന്ന ഗള്ഫ് രാഷ്ട്രങ്ങളുടെ വാദത്തിനൊന്നും അമേരിക്ക ചെവികൊടുത്തിട്ടില്ല.
സിറിയയിലും ഇതേ നയമാണ് അമേരിക്ക തുടരുന്നത്. തങ്ങള്ക്ക് സ്വീകാര്യമായ ഒരു സംവിധാനം ഉണ്ടാകുന്നതുവരെ ബശ്ശാറുല് അസദിനെ താങ്ങിനിര്ത്തണമെന്നാണ് അമേരിക്കയുടെ ഉള്ളിലിരിപ്പ്. ഇറാഖിലും സ്ഥിതി വ്യത്യസ്തമല്ല. കടുത്ത ഇറാനിയന് പക്ഷപാതിയായ നൂരി മാലികിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതില് അമേരിക്കക്കും പങ്കുണ്ടെന്നത് വസ്തുതയാണെങ്കിലും, ഹൈദര് അല് അബാദി എന്ന പുതിയ പ്രധാനമന്ത്രിയും ഇക്കാര്യത്തില് ഒട്ടും മോശമല്ലെന്നാണ് തിക്രീത്ത് തിരിച്ചുപിടിച്ച ശേഷം അവിടത്തെ ശീഈ മിലീഷ്യകള് നടത്തുന്ന കൂട്ടക്കൊലകള് വിളിച്ചോതുന്നത്. ഇറാഖിലും യമനിലും സിറിയയിലും ഇറാനിയന് മേധാവിത്വത്തിന് ശക്തിപകരുന്ന രീതിയില് അമേരിക്ക കൈക്കൊള്ളുന്ന നിലപാടിനെ പരസ്യമായി ചോദ്യം ചെയ്തിരിക്കുകയാണ് ഈ വിട്ടുനില്ക്കലിലൂടെ ഗള്ഫ് ഭരണാധികാരികള്. ഇക്കാര്യത്തില് അവര് അഭിനന്ദനം അര്ഹിക്കുന്നു.
അല്ജസീറയുടെ മുന് ഡയറക്ടര് വദ്ദാഹ് ഖന്ഫര് സൂചിപ്പിച്ച ഒരു കാര്യവും ഇവിടെ ഓര്ക്കുന്നത് നന്നാവും. അമേരിക്ക പഴയ അമേരിക്കയല്ല. 'ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ സാമ്രാജ്യം' ഇന്നതിന്റെ നിഴല് മാത്രമാണ്. ഇത് ചൈനയും റഷ്യയും നേരത്തേ തിരിച്ചറിഞ്ഞിരിക്കുന്നു. ദക്ഷിണ ചൈന സമുദ്ര മേഖലയില് അമേരിക്കയുടെ ഒരു തിട്ടൂരവും ചൈനയോട് വിലപ്പോവുന്നില്ല. ഉക്രയ്ന് വിഷയത്തില് റഷ്യന് പ്രസിഡന്റ് പുട്ടിന്റെ മുമ്പില് തോറ്റ് കുമ്പിട്ട് നില്ക്കുകയാണ് അമേരിക്ക. പശ്ചിമേഷ്യയില് ഇറാന്റെ നിലപാടുകളോട് നമുക്ക് എന്തൊക്കെ വിയോജിപ്പുകളുണ്ടെങ്കിലും അവരും അമേരിക്കയെ വിലവെക്കുന്നില്ല. ഇത് അറബ് രാഷ്ട്രങ്ങള്ക്കും ഒരു സന്ദേശം നല്കുന്നുണ്ട്. പാശ്ചാത്യ കൊളോണിയല് ശക്തികളില് നിന്ന് കുതറിച്ചാടാന് അവര്ക്കും അവസരം കൈവന്നിരിക്കുന്നു. ക്യാമ്പ് ഡേവിഡ് ഉച്ചകോടിയെ നനഞ്ഞ പടക്കമാക്കി മാറ്റിയ ആര്ജവം അതിന്റെ തുടക്കമായി കാണാന് കഴിയുമോ?
Comments