ശ്രദ്ധേയമായ മുഖലേഖനം
ശ്രദ്ധേയമായ മുഖലേഖനം
'പ്രകൃതി ദുരന്തങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്' എന്ന മുഖക്കുറിപ്പ് (ലക്കം 2901) അങ്ങേയറ്റം ചിന്തോദ്ദീപകമായി. ഭൂകമ്പത്തിന്റെ കാരണങ്ങളും അത് വരുത്തിവെച്ച നാശനഷ്ടങ്ങളും വളരെ ഹ്രസ്വമായി വിശദീകരിക്കുന്നതോടൊപ്പം ഇത്തരം ദുരന്തങ്ങളില്‍ നിന്ന് മനുഷ്യന്‍ പഠിക്കേണ്ട പാഠങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു എന്നതാണ് മുഖലേഖനത്തിന്റെ പ്രത്യേകത.
പ്രപഞ്ച സംവിധാനങ്ങളും ഭൂമിയുടെ ആവാസ വ്യവസ്ഥകളും പഠന വിധേയമാക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും വികസനത്തിന്റെയും പേരില്‍ പ്രകൃതിയുടെ താളം തെറ്റിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് സര്‍വ സാധാരണമാണ്. മഴവെള്ളത്തിന് പോലും സ്വതന്ത്രമായി ഒഴുകിപ്പോകാന്‍ കഴിയാത്തവിധമാണ് റോഡുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണ രീതി. അതുകൊണ്ടുതന്നെ ഒരു ചെറിയ മഴ പെയ്താല്‍ മതി നാടാകെ വെള്ളത്തിലാകുന്നു. കുന്നുകള്‍ ഇടിച്ചു നിരത്തുന്നതും നീര്‍ത്തടങ്ങള്‍ കല്ലും മണ്ണുമിട്ട് മൂടുന്നതുമൊക്കെ പ്രകൃതിയുടെ താളം തെറ്റിക്കുന്നുവെന്ന പഠനം കൂടുതല്‍ ബോധ്യപ്പെടുത്താന്‍ മുഖലേഖനം സഹായകമായി.
ഭൂമിയുടെ സന്തുലിതമായ ആവാസവ്യവസ്ഥ പരിരക്ഷിക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണെന്ന ബോധം അങ്കുരിപ്പിക്കാനും അതോടൊപ്പം പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെക്കുറിച്ച് ചിന്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കാനും മുഖ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ഉതകുന്നു. ദുരന്തമുണ്ടായ നേപ്പാളിലേക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുണ്ടായ ചെറുതും വലുതുമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തിയതും ശ്രദ്ധേയമാണ്.
പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്
എ. അലവി മൗലവിയും ജമാഅത്തെ ഇസ്‌ലാമിയും
എ. അബ്ദുസ്സലാം സുല്ലമിയുമായി ബഷീര്‍ തൃപ്പനച്ചി നടത്തിയ അഭിമുഖം ഏറെ ശ്രദ്ധേയമായി. ഇസ്‌ലാഹി മുന്നേറ്റത്തിന്റെ കരുത്തുറ്റ ശ്ബദവും സുല്ലമിയുടെ പിതാവുമായ എ. അലവി മൗലവി, എടവണ്ണ ജാമിഅ നദ്‌വിയ്യയയുടെ ആദ്യകാലം, ജമാഅത്തെ ഇസ്‌ലാമിയും ഇസ്‌ലാഹി പ്രസ്ഥാനവും തമ്മില്‍ ഉണ്ടായിരുന്ന ഊഷ്മള ബന്ധം... അങ്ങനെ പലതും ഓര്‍മയില്‍ വന്നു.
സമ്മര്‍ദങ്ങളില്ലാതെ വിഷയങ്ങളെ നിഷ്പക്ഷമായി വിലയിരുത്തല്‍-ഇതാണ് സുല്ലമിയുമായുള്ള അഭിമുഖത്തെ പ്രസക്തമാക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് അലവി മൗലവിയുടെ സവിശേഷതയും ഈ സമീപനം തന്നെയായിരുന്നു. ഒരു ഉദാഹരണം: എടവണ്ണ ജാമിഅ നദ്‌വിയ്യ സ്ഥാപിതമായ ആദ്യകാലം. ഉമര്‍ മൗലവിയും എ. അലവി മൗലവിയുമടക്കമുള്ള പ്രമുഖര്‍ അവിടെ അധ്യാപകരാണ്. ഉമര്‍ മൗലവി കടുത്ത ജമാഅത്ത് വിമര്‍ശനം നടത്തി ക്ലാസ്സില്‍ നിന്നിറങ്ങി. അടുത്ത പിരീഡില്‍ എ. അലവി മൗലവി ക്ലാസ്സിലെത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ സജീവ ചര്‍ച്ചയിലാണ്. ''എന്താ നിങ്ങളുടെ ചര്‍ച്ചാവിഷയം?'' അലവി മൗലവി ചോദിച്ചു. ''ജമാഅത്തെ ഇസ്‌ലാമി''-വിദ്യാര്‍ഥികള്‍ മറുപടി പറഞ്ഞു. അപ്പോള്‍ അലവി മൗലവി പറഞ്ഞു: ''എടോ, നാമും നമ്മുടെ സഹോദരന്മാരായ ജമാഅത്തെ ഇസ്‌ലാമിയുമായി അഞ്ചു ശതമാനത്തില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസം. അത് ചര്‍ച്ച ചെയ്ത് നിങ്ങളുടെ സമയം പാഴാക്കേണ്ടതില്ല.'' അലവി മൗലവിയുടെ ഈ വാചകത്തില്‍ എല്ലാമുണ്ട്; നിലപാടും പ്രതിഷേധവുമെല്ലാം. പിതാവിന്റെ ഈ സ്വഭാവ ഗുണം തന്നെയാണ് അബ്ദുസ്സലാം സുല്ലമിയും ഉള്‍ക്കൊണ്ടിരിക്കുന്നത്.
ജലീല്‍ മഠത്തില്‍ പുളിക്കല്‍
ആത്മീയ വളര്‍ച്ചക്കുതകുന്ന
ചരിത്ര യാത്രകള്‍
ഹുസൈന്‍ കടന്നമണ്ണ എഴുതിയ യാത്രയെക്കുറിച്ച ലേഖനം (ലക്കം 2900) മനോഹരമായി. യാത്രയുടെ ചരിത്രം ഒഴുക്കോടെ, ആകര്‍ഷകമായി വായനക്കാര്‍ക്ക് അത് പകര്‍ന്നുകൊടുക്കുന്നു. പ്രവാചകന്മാരുടെ യാത്രകള്‍ വിവരിക്കുമ്പോള്‍ അവ വായിക്കുന്ന വായനക്കാര്‍ ഒരു തീര്‍ഥയാത്രയില്‍ ആയിരിക്കുന്ന പ്രതീതിയാണ് അനുഭവിച്ചത്. തീര്‍ഥയാത്ര എപ്പോഴും സന്തോഷദായകമാണ്. ആഹ്ലാദം അനുഭവിക്കാനാണ് യാത്ര പോകുന്നത്. തിരക്കുള്ള, പിരിമുറുക്കമുള്ള ജീവിതയാത്രയില്‍ ആശ്വസിക്കാനും ആനന്ദിക്കാനും കിട്ടുന്ന അപൂര്‍വ അവസരങ്ങളിലൊന്നാണ് ഉല്ലാസ യാത്രകള്‍. അതില്‍ നിന്ന് പഠിക്കാനെന്നതിലുപരി ഒരുപാട് അറിവും പുതിയ പുതിയ സംസ്‌കാരങ്ങളും മനസ്സിലാക്കാനും സാധിക്കുന്നു. പുണ്യപ്രവാചകന്മാര്‍ പല ദുര്‍ഘട പ്രതിസന്ധികളെയും തരണം ചെയ്ത് ലക്ഷ്യസ്ഥാനം കൈവരിക്കുമ്പോള്‍ ത്യാഗം ചെയ്യാന്‍ ഉള്‍പ്രേരണ നല്‍കുകയാണ്. അതിന് പ്രാപ്തരാക്കാന്‍ ഈ യാത്രകള്‍ സഹായിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാവാന്‍ വഴിയില്ല.
അഗസ്റ്റിന്‍ ചെങ്ങമനാട്
അനാവശ്യ തര്‍ക്കങ്ങളില്‍ കെട്ടിക്കിടക്കാതിരിക്കണം നമ്മള്‍
എ. അബ്ദുല്ലസ്സലാം സുല്ലമിയുമായി ബഷീര്‍ തൃപ്പനച്ചി നടത്തിയ അഭിമുഖം ഹൃദ്യമായിരുന്നു. ആദ്യകാലത്ത് ഇസ്‌ലാമിക പണ്ഡിതന്മാര്‍ തമ്മിലുള്ള സ്‌നേഹബന്ധങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അതേറെ സഹായിച്ചു.
പാകപ്പിഴവുകള്‍ അംഗീകരിക്കാനുള്ള ആര്‍ജവവും, ഉയര്‍ന്ന പ്രതിപക്ഷ ബഹുമാനവും സലാം സുല്ലമിയെ വ്യതിരിക്തനാക്കുന്നു. ഇത്തരം ആര്‍ജവമുള്ളവര്‍ കുറ്റിയറ്റുപോയിക്കൊണ്ടിരിക്കുകയാണ്. അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന നയം ഇസ്‌ലാമിന് ഗുണമാണ് ചെയ്യുക.
ഇസ്‌ലാമിന്റെ ഉന്നതിക്കും വ്യാപനത്തിനും ഉതകേണ്ട ഊര്‍ജവും ധനവും എത്രകാലമാണ് ഇബാദത്ത്, ഹാകിമിയത്ത്, ദീന്‍, ത്വാഗൂത്ത്, ഇസ്‌ലാം ഒരു ജീവിത വ്യവസ്ഥ എന്നീ ചര്‍ച്ചകള്‍ക്കായി ഉപയോഗിച്ചത്! അന്ന് ഇസ്‌ലാമിക പ്രസ്ഥാനം പ്രചരിപ്പിച്ച ശുദ്ധ സമഗ്ര ഇസ്‌ലാം ഇന്ന് വിവാദമല്ലാതായി കഴിഞ്ഞു. ചില പണ്ഡിതന്മാരുടെ അന്ധമായ സംഘടനാപക്ഷപാതിത്വവും ദുര്‍വാശിയുമാണ് ഇസ്‌ലാമിക പ്രചാരണത്തിന് ഉതകേണ്ട ഈ മനുഷ്യ പ്രയത്‌നവും ധനവും നശിപ്പിച്ചത്. ഇത്തരം തുറന്ന സംസാരം പണ്ഡിതന്മാരുടെ മഹത്വം വര്‍ധിപ്പിക്കുകയേയുള്ളൂ. അല്ലാഹുവിനെ പേടിക്കുന്ന പണ്ഡിതന്മാര്‍ ഇങ്ങനെയാണ്.
അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ കെട്ടി പിണഞ്ഞ് നില്‍ക്കാതെ ഇസ്‌ലാമിന്റെ വിശാല ഭൂമികയില്‍ നിന്ന് സഹകരണത്തിന്റെ പാത വെട്ടിതെളിക്കാന്‍ പണ്ഡിതന്മാര്‍ക്ക് സാധ്യമാകും എന്ന് അബ്ദുസ്സലാം സുല്ലമിയുമായുള്ള ഈ അഭിമുഖം തെളിയിക്കുന്നു.
അബ്ദുര്‍റസ്സാഖ് മൂന്നിയൂര്‍
ഓരോ പൗരനും ഒരു പത്രമായി മാറുക തന്നെയാണ്
'ഓരോ പൗരനും ഒരു പത്രമായി മാറുന്ന ലോകം' എന്ന സമൂഹ മാധ്യമങ്ങളെക്കുറിച്ച് ബഷീര്‍ വള്ളിക്കുന്ന് എഴുതിയ ലേഖനത്തിന് അത് എന്തുകൊണ്ടും ഉചിതമായ തലക്കെട്ടായി. യു.എ.പി.എ ചുമത്തി ദേശദ്രോഹ കുറ്റത്തിന് ഏഴ് വര്‍ഷത്തിലധികം ജയിലിലടച്ച ശേഷം യഹ്‌യ കമ്മുക്കുട്ടിയടക്കമുള്ളവരെ നിരപരാധികളെന്ന് കണ്ടെത്തി പുറത്തുവിട്ട വാര്‍ത്ത മുഖ്യധാരാ മാധ്യമങ്ങള്‍ വിശിഷ്യ മനോരമ, മാതൃഭൂമി പത്രങ്ങള്‍ കൈകാര്യം ചെയ്ത രീതിയെ സോഷ്യല്‍ മീഡിയ ശരിക്കും കശക്കിവിട്ടു. ഇവരുടെ പേരില്‍ ഭീകരവാദ കഥകള്‍ ന്യൂസ്‌റൂമിലിരുന്നു പടച്ചുവിട്ടവര്‍ കോടതിയുടെ യഥാര്‍ഥ വിധിയോടു പുറംതിരിഞ്ഞു നിന്നതാണ് സോഷ്യല്‍ മീഡിയയിലെ പുതുതലമുറയെ പ്രകോപിപ്പിച്ചത്. ഈ ഇരട്ടത്താപ്പിനെതിരെ, ഇത്തരം പത്രങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ച അപസര്‍പ്പക കഥകളുടെ സ്‌ക്രീന്‍ ഷോട്ടുകളും, മേയ് ഒന്നിന് ഈ വാര്‍ത്ത തമസ്‌കരിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച പത്രവും ഒന്നിച്ചു വെച്ചുകൊണ്ടാണ് മുഖ്യധാരാ പത്രങ്ങളുടെ പുറംപൂച്ച് പൊളിച്ചു കാണിച്ചത്. ഇത് ഗ്രൂപ്പുകളിലും വ്യക്തി തലത്തിലും ഒക്കെ ചര്‍ച്ച ചെയ്യപ്പെട്ടു എന്നത് സാമൂഹിക മാധ്യമങ്ങളുടെ ശക്തിയാണ് വിളിച്ചറിയിക്കുന്നത്. അതേസമയം അന്നുതന്നെ കൈവെട്ടുകേസിന് ഈ പത്രങ്ങള്‍ നിര്‍ലോഭം സ്ഥലം അനുവദിക്കുകയും ചെയ്തു. കുറ്റം പറയരുതല്ലോ, ഹുബ്ലി കേസ് പ്രസിദ്ധീകരിച്ചില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിഷേധിക്കാന്‍ വേണ്ടിമാത്രം ആരും ശ്രദ്ധിക്കാത്ത ക്ലാസ്സിഫൈഡ് പേജില്‍ 'മൂലക്കുരു ഭേദമാക്കാം' എന്നത് പോലുള്ള രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനും സ്‌ക്രീന്‍ഷോട്ട് സഹിതം കളിയാക്കിവിട്ടു.
സോഷ്യല്‍ മീഡിയയില്‍ ഓരോ വ്യക്തിക്കും അഞ്ഞൂറും ആയിരവും അതിലധികവും കൂട്ടുകാരാണുള്ളത്. ഒരു വ്യക്തിയോ ഗ്രൂപ്പോ ഇടുന്ന പോസ്റ്റ് ഒരാള്‍ ലൈക്ക് ചെയ്താല്‍ മതി അതിലും എത്രയോ ഇരട്ടി വ്യക്തികളുടെ അടുത്തേക്കാണ് അഭിപ്രായങ്ങള്‍ എത്തിച്ചേരുന്നത്. ഇത് അച്ചടി മാധ്യമങ്ങളുടെ പ്രചാരത്തിനുമപ്പുറം പോകും.
അന്യമത സ്പര്‍ധ വ്യാപകമായി പ്രചരിപ്പിച്ച മലയാളത്തിലെ ഒരു മുഖ്യ ധാരാ ചാനലിനെതിരെ ഒരു വ്യക്തി നടത്തിയ കാമ്പയിന്‍ വിജയം കണ്ട ചരിത്രവും അടുത്ത നാളുകളിലുണ്ടായി. കേരളത്തിലെ ഫാഷിസ്റ്റ് പ്രസ്ഥാനത്തിന്റെ യുവ നേതാവിനെ ലോകത്തുള്ള സകല സംഭവങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സ്ഥിരം സ്റ്റുഡിയോവില്‍ കൊണ്ടുവന്നു വര്‍ഗീയ പ്രസ്താവനകള്‍ നടത്തിച്ചുകൊണ്ടിരുന്നപതിവ് പരിപാടിക്കാണ് ഒറ്റയാള്‍ പോരാട്ടത്തിലൂടെ പൂര്‍ണ വിരാമമിടുവിച്ചത്. ആയിരക്കണക്കിന് വ്യക്തികളെ ടിയാന്‍ ചാനലിന്റെ ഫേസ്ബുക് പേജ് അണ്‍ലൈക്ക് ചെയ്യിപ്പിച്ചതോടെയാണ് സംഗതി പന്തിയല്ലെന്ന് ചാനലിനു മനസ്സിലായത്. കൂടാതെ നിതാഖാത് കാലഘട്ടത്തില്‍ സുഊദിയില്‍ അനധികൃതമായി തങ്ങിയ ഒരു എത്യോപ്യക്കാരനെ കയ്യാമം വെച്ചുകൊണ്ടുപോകുന്ന ഫോട്ടോ, റമദാന്‍ മാസത്തില്‍ പരസ്യമായി വെള്ളം കുടിച്ചതിനു ശിക്ഷിക്കാന്‍ കൊണ്ട് പോകുന്നു എന്ന പേരില്‍ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചതിനെയും സോഷ്യല്‍ മീഡിയ വിരട്ടി വിട്ടു. ഇതോടെ വളരെ വേഗം ആ വാര്‍ത്തയും പടവും ചാനല്‍ തങ്ങളുടെ സൈറ്റില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. ഇതൊക്കെ തന്നെയാണ് ഓരോ വ്യക്തിയും ഓരോ പത്രമായി മാറുന്നു എന്നതിന് നിദാനം.
പി.എ.എം ശരീഫ് ദോഹ
Comments