വിദ്യാഭ്യാസത്തെക്കുറിച്ച് ചില വിചാരങ്ങള്‍; സമുദായത്തെക്കുറിച്ചും
2009 ഡിസംബര്‍. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ കെന്നഡി ഹാളില്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളോട് സംസാരിക്കുന്നു. സംസാരത്തിനൊടുവില്‍ സദസ്സിന് ചോദ്യത്തിനവസരമായി. ഇന്ത്യക്ക് എന്നാണ് ഒരു മുസ്‌ലിം പ്രധാനമന്ത്രിയുണ്ടാവുക എന്നതായിരുന്നു ആദ്യ ചോദ്യം തന്നെ. പ്രധാനമന്ത്രിയാവാന്‍ കഴിയുമെന്ന് ചോദ്യകര്‍ത്താവ് കരുതുന്ന അഞ്ച് ഇന്ത്യന്‍ മുസ്‌ലിംകളുടെ പേരുകള്‍ പറയാനായിരുന്നു, തിരിച്ചാവശ്യം. ഉത്തരമില്ലാതായപ്പോള്‍ മൈക്ക് കൈയിലെടുത്ത രാഹുല്‍ രാഷ്ട്രീയ, സാംസ്‌കാരിക, ശാസ്ത്ര, വ്യാവസായിക മേഖലകളില്‍ മുസ്‌ലിംകളനുഭവിക്കുന്ന ദാരിദ്ര്യത്തെക്കുറിച്ച് പറഞ്ഞ് അത് പരിഹരിക്കലാണ് വരും തലമുറയെന്ന നിലയില്‍ നിങ്ങളുടെ ദൗത്യം എന്ന് പറഞ്ഞു. തന്റെ മറുപടി അവസാനിപ്പിച്ചത് ഇങ്ങനെ: ഓരോരുത്തരും തീന്‍മേശയിലേക്കെത്തിക്കുന്നതെന്ത് എന്നതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് മറക്കാതിരിക്കുക.
കേരളത്തിലെ ഒരു പ്രമുഖ ജമാഅത്ത് നേതാവ്, ഡോ. നജാത്തുല്ലാ സിദ്ദീഖിയെ സന്ദര്‍ശിക്കാനെത്തിയതാണ് അടുത്ത രംഗം. നജാത്തുല്ല സിദ്ദീഖി ഇപ്പോള്‍ മിക്കവാറും യു.എസ്സിലാണ് താമസം എന്നറിഞ്ഞ് അദ്ദേഹത്തോട് ഒരു ചോദ്യമുന്നയിച്ചു. 'സെപ്റ്റംബര്‍ 11-ന് പിന്നില്‍ ജൂതരാണെന്ന് കേള്‍ക്കുന്നുണ്ടല്ലോ.' മറുപടി: ''അതെനിക്കറിയില്ല. പക്ഷേ, മറ്റു ചിലതറിയാം. അമേരിക്കന്‍ ജനസംഖ്യയില്‍ വളരെ ന്യൂനപക്ഷമാണ് ജൂതര്‍. രണ്ടാം ലോകയുദ്ധത്തിനു ശേഷം കഠിനാധ്വാനം ചെയ്ത് അവര്‍ രാഷ്ട്രീയത്തിലും വ്യവസായത്തിലും മേല്‍ക്കൈ നേടിയിട്ടുണ്ട്.''
വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ഈ രംഗത്തെ പ്രകടനത്തെക്കുറിച്ചും നടന്നുകയറാനുള്ള ഉയരങ്ങളെ കുറിച്ചുമാലോചിച്ചപ്പോള്‍ മനസ്സിലെത്തിയ രണ്ട് സന്ദര്‍ഭങ്ങളാണ് മുകളില്‍ കൊടുത്തത്. തങ്ങളുടെ ചെറുപ്പക്കാരുടെ വിദ്യാഭ്യാസം, വിവര സമ്പദ് വ്യവസ്ഥയുടെ കാലത്ത് ഏതൊരു സാമൂഹിക വിഭാഗത്തെ സംബന്ധിച്ചും പ്രധാനമാണ്. ഒരേസമയം ലംബമായും തിരശ്ചീനമായും ഉണ്ടാകുന്ന വളര്‍ച്ച മാത്രമാണ് ആത്യന്തികമായി രാജ്യപുരോഗതിക്ക് സഹായകമാവുക എന്നതിനാല്‍, രാജ്യത്തെ പ്രധാന ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ പുരോഗതി രാജ്യത്തിന്റെ താല്‍പര്യം കൂടിയായി മാറുന്നു. കേരളത്തിലേക്കെത്തുമ്പോള്‍ സംസ്ഥാന ജനസംഖ്യയുടെ 25 ശതമാനം വരുന്ന ജനവിഭാഗത്തിന്റെ വിദ്യാഭ്യാസത്തെയും അതിലുണ്ടാവേണ്ട പുതിയ ദിശാബോധങ്ങളെയും സംബന്ധിച്ച ചര്‍ച്ച, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഭാവിയെ സംബന്ധിച്ചു തന്നെയാകുന്നു.
മുമ്പത്തെ അപേക്ഷിച്ച് വിദ്യാഭ്യാസ രംഗത്ത് സമുദായം ഒരുപാട് മുന്നോട്ടുപോയിരിക്കുന്നു. എന്‍ട്രന്‍സ് റാങ്ക് വഴി ഹിബയും മറിയം റാഫിയും പവര്‍ സിസ്റ്റം അവാര്‍ഡ് വഴി സറീന സാജിദും പുതിയ സൂചകങ്ങളാവുകയാണ്. സമുദായ പ്രാതിനിധ്യം പൂജ്യമോ സംവരണ ക്വാട്ടയില്‍ പരിമിതമോ ആയിരുന്ന പഴയ കാലത്തില്‍ നിന്ന് ഭിന്നമായി മിക്ക കാമ്പസുകളിലും മുസ്‌ലിം വിദ്യാര്‍ഥികളുടെ പ്രകട സാന്നിധ്യം ദൃശ്യമാണ്. എണ്ണത്തില്‍ കുറവായതിനാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പലപ്പോഴും 'മുഖ്യധാര'യിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെട്ടിരുന്ന അവസ്ഥയില്‍ നിന്ന് മാറി, വിശ്വാസപരവും സാംസ്‌കാരികവുമായ വ്യതിരിക്തതകളെ ഉയര്‍ത്തിപ്പിടിച്ച് നാനാത്വങ്ങളുടെ ഇന്ത്യ എന്തെന്ന പാഠങ്ങള്‍ പകരുകയാണ് ഉന്നത കലാലയങ്ങളിലെത്തിയ നമ്മുടെ ന്യൂ ജനറേഷന്‍. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് റിസല്‍ട്ട് നോക്കാന്‍ പോലും നില്‍ക്കാതെ മദ്രാസിലെ ഹോട്ടലിലേക്കും ബംഗളുരുവിലെ ബേക്കറിയിലേക്കും വണ്ടി കയറിയിരുന്നവരുടെ പിന്‍മുറക്കാര്‍ ഇന്ന് മംഗളാ എക്‌സ്പ്രസ്സിലും കേരളാ എക്‌സ്പ്രസ്സിലും ശബരി എക്‌സ്പ്രസ്സിലും ഇടിച്ചുകയറുന്നത് ഐ.ഐ.ടിയിലും ജെ.എന്‍.യുവിലും ഇഫ്‌ളുവിലും ഒക്കെ പഠിക്കാനാണ്. ജ്വല്ലറിയില്‍ നിന്ന് മാത്രമല്ല, മത്സര പരീക്ഷകളിലെ ഉന്നത വിജയം വഴി യൂനിവേഴ്‌സിറ്റികളില്‍ നിന്ന് മെഡലായും സ്വര്‍ണം വാങ്ങാമെന്ന് നമ്മുടെ പെണ്‍കുട്ടികള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. കുടുംബഘടനകളെപ്പോലും വിദ്യാഭ്യാസ സൗഹൃദമാക്കാന്‍ കുട്ടികളുടെ പഠനൗത്സുക്യം കാരണമായിരിക്കുന്നു. കുടുംബമായി വലിയ കാമ്പസുകളില്‍ പഠിക്കുന്നത് ഒരു ട്രെന്‍ഡായി മാറുന്നതാണ് പുതിയ കാഴ്ച.
എന്നാല്‍, താണ്ടാനുള്ള വഴിദൂരം ഒരുപാടുണ്ട് സമുദായത്തിന് എന്ന യഥാര്‍ഥ്യം ഈ സന്തോഷങ്ങള്‍ക്കിടയില്‍ നാം മറന്നുകൂടാ. വിശ്വാസ ബന്ധിതമായ അധിനിവേശ വിരുദ്ധ നിലപാടിന് പിഴയായി അടിച്ചേല്‍പിക്കപ്പട്ട പിന്നാക്കാവസ്ഥയില്‍ ഒരുപാട് കാലം കഴിഞ്ഞതിനാല്‍, വിജയാഘോഷങ്ങളില്‍ ഒരല്‍പം പകരം വീട്ടലിന്റെ മാധുര്യമുണ്ടാവാം. പക്ഷേ, കിട്ടിയത് കൊണ്ട് എല്ലാമായി എന്ന് കരുതിക്കൂടാ. എന്നു മാത്രമല്ല, മറ്റുള്ളവരോടൊപ്പമെത്തണമെങ്കില്‍ ഒരു കുതിച്ചുചാട്ടം തന്നെ നാം നടത്തേണ്ടതുണ്ട്. സാമൂഹിക വളര്‍ച്ചയുടെ ചില ഘട്ടങ്ങള്‍ ഒഴിവാക്കി മുന്നോട്ട് കുതിക്കുന്നതിന് leap frogging എന്നാണ് പ്രമാണ ഭാഷ. ഇത് സാധിതമാവണമെങ്കില്‍ നേരിടുന്ന സാഹചര്യങ്ങളെ സംബന്ധിച്ച അറിവും കാലാനുസൃതമായി മാറാനുള്ള മനസ്സും സൂക്ഷ്മമായ ആസൂത്രണവും ആവശ്യമാണ്.
ഗുണമേന്മയെ സംബന്ധിച്ച് ചിലത്
നല്ലൊരു ശതമാനം വിദ്യാര്‍ഥികള്‍ പൊതു വിദ്യാലയങ്ങളെ ആശ്രയിക്കുന്നതോടൊപ്പം സമുദായ സംഘടനകള്‍ നടത്തുന്ന സ്‌കൂളുകളിലും വലിയൊരു വിഭാഗം കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്‌കൂളുകളുടെ എണ്ണക്കുറവല്ല; അവയില്‍ ലഭ്യമാകു(ക്കു)ന്ന വിദ്യാഭ്യാസത്തിന്റെ ഗുണമേന്മക്കമ്മിയാണ് പ്രധാന പ്രശ്‌നം. അഡ്മിഷന്‍, പൊതു പരീക്ഷാ റിസല്‍ട്ട് എന്നീ രണ്ടെണ്ണം തൃപ്തികരമെങ്കില്‍ ഓകെ എന്നതാണ് മിക്കവയുടെയും നിലപാട്. ഗുണമേന്മ എന്നത് മുസ്‌ലിം സ്ഥാപനങ്ങളില്‍ ഒരു പ്രധാന പരിഗണനയായി ഇനിയും രൂപപ്പെട്ടിട്ടില്ല.
മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങള്‍, മികച്ച അധ്യാപകര്‍, അവരെ പിടിച്ചുനിര്‍ത്താന്‍ പര്യാപ്തമായ ശമ്പളാനുകൂല്യങ്ങള്‍ എന്നിവ ഏത് മികച്ച സ്‌കൂളുകളുടെയും അടിസ്ഥാനോപാധിയാണ്. ബോര്‍ഡ് എക്‌സാമുകളിലെ വിജയശതമാനം മാത്രം ലക്ഷ്യമാക്കുന്ന കാലം കഴിഞ്ഞു. നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാം (എന്‍.ടി.എസ്.ഇ), കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (കെ.വി.പി.വൈ), മാത്‌സ് ഒളിംപ്യാഡ് പോലുള്ളവയിലെ കുട്ടികളുടെ പ്രകടനം, ഐ.ഐ.ടി, എന്‍.ഐ.ടി, ഐ.ഐ.എസ്.ഇ.ആര്‍ പോലുള്ളവയില്‍ പ്രവേശനം ലഭിക്കുന്നവരുടെ എണ്ണം തുടങ്ങിയവ ആധാരമാക്കി വിലയിരുത്തപ്പെടുന്ന അവസ്ഥയിലേക്ക് സ്‌കൂളുകള്‍ മാറുക എന്നതാണ് ഇനി നമുക്കാവശ്യം. ഉത്തരവാദിത്ത ബോധമുള്ള നല്ല മനുഷ്യരായി വളരാന്‍ വേണ്ട ഒരു മൂല്യമണ്ഡലം കുട്ടികള്‍ക്ക് നല്‍കാന്‍ പറ്റുന്നതായിരിക്കണം വിദ്യാലയാന്തരീക്ഷം. ചില മതാനുഷ്ഠാനങ്ങള്‍ക്കും ഗ്രന്ഥപാരായണത്തിനും രക്ഷിതാക്കളുടെ ആത്മീയ പ്രകടനാത്മകതകളെ ഉത്തേജിപ്പിക്കുന്ന ചില മന്ത്രോച്ചാരണ പഠനങ്ങള്‍ക്കുമപ്പുറത്ത് എന്ത് മൂല്യങ്ങളാണ് സമുദായ സ്ഥാപനങ്ങള്‍ കുട്ടികളില്‍ സന്നിവേശിപ്പിക്കുന്നത് എന്നതിന് പ്രത്യേകിച്ചൊരു ഉത്തരം നല്‍കാനുണ്ടാവുമോ എന്ന് സംശയമാണ്. സത്യസന്ധത, വിശ്വസ്തത, സമയനിഷ്ഠ, ദീനാനുകമ്പ, സ്‌നേഹം, ബഹുമാനം എന്നിവ മോറല്‍ സ്റ്റഡീസ് ക്ലാസ്സുകളിലെ ധര്‍മോപദേശങ്ങളിലൊതുങ്ങുന്നതിനു പകരം സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് എന്നറിയപ്പെടുന്ന വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, മാനേജ്‌മെന്റ് എന്നിവര്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങളില്‍ അത് ഉള്‍ച്ചേര്‍ത്ത്, സ്ഥാപനങ്ങളുടെ കോര്‍ വാല്യൂ സെറ്റ് രൂപപ്പെടുത്തണം. സ്ഥാപനത്തിന്റെ വിഷന്‍, മിഷന്‍, സ്റ്റേറ്റ്‌മെന്റുകള്‍ ഈ അടിസ്ഥാന മൂല്യങ്ങളെ മുന്നില്‍ കണ്ട് രൂപപ്പെടുത്തുകയും അവിടെ നടക്കുന്ന ഓരോ പ്രവര്‍ത്തനവും പ്രഖ്യാപിത വിഷന്‍ നേടിയെടുക്കാന്‍ സഹായകമാണെന്ന് ഉറപ്പ് വരുത്തുകയും വേണം.
സ്ഥാപനത്തിന്റെ റിസല്‍ട്ടിനെക്കാളേറെ അത് ഉല്‍പാദിപ്പിക്കുന്ന മൂല്യങ്ങള്‍ക്കാണ് പ്രാധാന്യമെന്നത് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. മദ്രാസ് ഐ.ഐ.ടിയില്‍, മെയ് മാസം മധ്യത്തില്‍ മികച്ച സ്‌കൂളുകളെ സംബന്ധിച്ച് നടന്ന അന്തര്‍ദേശീയ സമ്മേളനത്തില്‍ ഗുണമേന്മ സംബന്ധിച്ച ചര്‍ച്ചയില്‍ മൂല്യങ്ങളെ സംബന്ധിച്ചാണ് ഏറെ ഊന്നിപ്പറയുന്നത് കാണാന്‍ കഴിഞ്ഞത്.
ചിതലു പിടിച്ച ഉന്നത വിദ്യാഭ്യാസം
ഏറെ ശോചനീയമാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം. കലാശാലകളെ ജ്ഞാനോല്‍പാദക കേന്ദ്രങ്ങളും സാമൂഹിക ഉത്തരവാദിത്തമുള്ള സ്ഥാപനങ്ങളും ആയി കണക്കാക്കുന്നത്, അവിടന്ന് പുറത്തുവരുന്ന ഗവേഷണ ഫലങ്ങളെയും പ്രസിദ്ധീകരണങ്ങളെയും ആസ്പദിച്ചാണ്. എന്നാല്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ്, കണ്‍സള്‍ട്ടന്‍സി എന്നിവ കേരളത്തിലെ കാമ്പസുകളുടെ സംസ്‌കാരമായി വളര്‍ന്നിട്ടില്ല. പഠനം ഒരു ഗൗരവതരമായ പ്രവര്‍ത്തനമാവണമെങ്കില്‍ ബിരുദതലം മുതല്‍ നല്ല റിസര്‍ച്ചും പബ്ലിക്കേഷനുകളുമുള്ള ഡിപ്പാര്‍ട്ടുമെന്റുകള്‍ നോക്കി തെരഞ്ഞെടുക്കാന്‍ നമ്മുടെ കുട്ടികള്‍ ശ്രദ്ധിക്കണം. ഓരോ കോളേജിന്റെ/ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ് സൈറ്റുകളും ഫാക്കല്‍റ്റി പ്രൊഫൈലും നോക്കിയാല്‍ സ്ഥിതിയറിയാനാകും. കോളേജുകളുടെ പഴക്കമോ അത് സംബന്ധിച്ച ഗൃഹാതുരതയോ ആവരുത് തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം.
ആര്‍ട്‌സ് ആന്റ് സയന്‍സ് മേഖലയിലെ സ്വാശ്രയ കോളേജുകള്‍ വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണത്തില്‍ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും ഗുണമേന്മയുടെ കാര്യം ഇനിയും തെളിയിച്ചുവേണം. റിട്ടയര്‍ ചെയ്ത്, സ്വപ്‌നങ്ങളും മോഹങ്ങളും ബാക്കിയില്ലാത്ത മുതിര്‍ന്നവര്‍, ആവേശം ധാരാളം കൈമുതലായുണ്ടെങ്കിലും അനുഭവ സമ്പത്തിന്റെ കമ്മി പ്രശ്‌നമാകുന്ന ഇളം തലമുറ, യോഗ്യതയില്ലാത്ത അധ്യാപകര്‍, അവരെ നിയമിച്ചാല്‍ കിട്ടുന്ന ചില്ലറ പൈസയുടെ വ്യത്യാസത്തെ വന്‍ ലാഭമായി കാണുന്ന മാനേജ്‌മെന്റ്... ഇതെല്ലാം ചേര്‍ന്നതാണ് ഈ രംഗം. വിദേശ രാജ്യങ്ങളിലെപ്പോലെ നിലവാരമുള്ള സ്വകാര്യ കോളേജുകളും സര്‍വകലാശാലകളും നാട്ടില്‍ ഉയര്‍ന്നു വരാത്തത്, ഇത്രയൊക്കെ മതി എന്ന നടത്തിപ്പുകാരുടെ മനസ്സ് കാരണമായാണ്. എത്രയും പെട്ടെന്ന് അക്രിഡിറ്റേഷന്‍ പോലുള്ള ഒരു നിലവാര നിര്‍ണയ പ്രക്രിയക്ക് മുഴുവന്‍ സമുദായ സ്ഥാപനങ്ങളും വിധേയമാകണം. ആത്മാവുള്‍ക്കൊണ്ട് ചെയ്താല്‍ ഗുണപരമായ മാറ്റത്തിന് ഏറെ സഹായകമാണ് അക്രഡിറ്റേഷന്‍. കുറച്ചാളുകളുടെ സോഷ്യല്‍ എന്‍ഗേജ്‌മെന്റുള്ള ഏര്‍പ്പാട് എന്നത് മാറ്റി, സ്ഥാപന നടത്തിപ്പിനെ വരും തലമുറയെ വാര്‍ത്തെടുക്കുന്ന സീരിയസായ ഏര്‍പ്പാടായി കാണുന്നവര്‍ അക്രഡിറ്റേഷന്‍ വഴി മെച്ചപ്പെട്ട അക്കാദമികാന്തരീക്ഷം വളര്‍ത്താന്‍ ശ്രദ്ധിക്കണം.
ഒടുങ്ങാത്ത എന്‍ട്രന്‍സ് ജ്വരം
പത്ത് കഴിഞ്ഞാല്‍ പ്ലസ്ടുവിനും ഒപ്പം കോച്ചിംഗിനും ചേര്‍ത്ത് മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പ്രവേശനത്തിന് ശ്രമിക്കുക; ഏതൊരു ശരാശരി മലയാളി രക്ഷിതാവും ചെയ്യുന്നത് അതാണ്. കുട്ടിയുടെ അഭിരുചിയോ താല്‍പര്യമോ പഠനശേഷിയോ ഒട്ടും പരിഗണിക്കാതെ പ്ലസ്ടു സയന്‍സ് ഗ്രൂപ്പ് കോച്ചിംഗും ഒപ്പം അഭ്യസിച്ച്, വിജയിക്കാതെ വന്നാല്‍ ഏതെങ്കിലും സ്വാശ്രയ കോളേജില്‍ ചേരുന്നു. റോഡ് സൈഡിലെ മരങ്ങളിലും പോസ്റ്റുകളിലും തൂക്കിയ ബോര്‍ഡുകളിലൂടെ എഞ്ചിനീയറിംഗ് കോളേജ്/ ഡെന്റല്‍ കോളേജ് മുതലാളിമാര്‍ മാടി വിളിക്കുന്നത് ഇത്തരക്കാരെയാണ്. എഞ്ചിനീയറിംഗ് പാസാകുന്നവര്‍ക്ക് ജോലി സാധ്യത കൂടുതലാണെന്നത് ശരി തന്നെ. മാത്‌സിലും ഫിസിക്്‌സിലും അഭിരുചിയില്ലാതെ എഞ്ചിനീയറിംഗിന് പഠിക്കാനാവില്ല എന്നത് അതിലും വലിയൊരു ശരി. ഐ.ഐ.ടി ഒരു ട്രെന്‍ഡ് ആയി വരുന്നു എന്നത് നല്ല കാര്യം തന്നെ. പക്ഷേ, പ്ലസ്ടുവിന് കഷ്ടപ്പെട്ട് 70 ശതമാനം കടന്നുകൂടിയവന് ആ കടമ്പ കടക്കാനെളുപ്പമാവില്ല.
എഞ്ചിനീയറിംഗ് കോഴ്‌സ് കഴിയുന്നവര്‍ക്കൊക്കെ ജോലി കിട്ടുന്ന കാലമല്ലിപ്പോള്‍. ഐ.ഐ.ടി, എന്‍.ഐ.ടി, സി.ഇ.ടി പോലുള്ള മുന്‍നിര ഗവണ്‍മെന്റ് കോളേജുകള്‍, ഭൗതിക സൗകര്യങ്ങളിലും അധ്യാപക(ന) നിലവാരത്തിലും മികച്ചു നില്‍ക്കുന്ന ചുരുക്കം ചില സ്വാശ്രയ കോളേജുകള്‍... ഇതിനപ്പുറം മക്കളെ ചേര്‍ക്കുന്നത് ശ്രദ്ധിച്ചു വേണം. ലക്ഷങ്ങള്‍ ചെലവാക്കി, പഠിച്ച വിഷയങ്ങളില്‍ കാല്‍ഭാഗം പോലും പാസാകാതെ സമൂഹത്തിനും കുടുംബത്തിനും ഭാരമാകണോ മകന്‍/മകള്‍ എന്നത് ചിന്തിക്കണം. താല്‍പര്യമുള്ളവര്‍ ഡോക്ടറാവട്ടെ, പക്ഷേ എഴുപതിനായിരത്തോളം പേര്‍ എഴുതുന്ന മെഡിക്കല്‍ എന്‍ട്രന്‍സില്‍ സീറ്റുകള്‍ രണ്ടായിരത്തില്‍ പരമാണെന്നും, എം.ഡി ഡോക്ടര്‍മാരെ മാത്രമേ ആളുകള്‍ക്ക് വേണ്ടൂ എന്നുമറിയുക.
വേണ്ടത് പുതിയ ഫോക്കസുകള്‍
അടിസ്ഥാന ശാസ്ത്രത്തിലേക്കും മാനവിക വിഷയങ്ങളിലേക്കും നമ്മുടെ ശ്രദ്ധ കൂടുതലായി തിരിയേണ്ടതുണ്ട്. ലോകത്തിലെ മികച്ച സ്ഥാപനങ്ങളില്‍ പഠിക്കുക എന്നതാവണം ടാര്‍ഗറ്റ്. സ്‌കോളര്‍ഷിപ്പുകളുടെ ലഭ്യതയേക്കാള്‍ അവയെക്കുറിച്ച അറിവില്ലായ്മയാണ് പ്രശ്‌നം. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പോലുള്ള ഏജന്‍സികള്‍ നടത്തുന്ന പ്രവര്‍ത്തനം ഈ വിടവ് നികത്താന്‍ സഹായകമാകണം. ഫുള്‍ബ്രൈറ്റ്, കോമണ്‍വെല്‍ത്ത്, എറാസ്മുസ് മുണ്ടസ് (Erasmus Mundus), റോഡ്‌സ് (Rhodes) തുടങ്ങിയ സ്‌കോളര്‍ഷിപ്പുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. കാമ്പസുകളില്‍ വിദ്യാര്‍ഥി യൂനിയനുകളും സ്റ്റുഡന്റ് അസോസിയേഷനുകളുമായി സഹകരിച്ച് ഇവയെ പരിചയപ്പെടുത്തുന്ന ബോധവത്കരണ പരിപാടികള്‍ നടത്തണം. കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റി(KAUST)യുടെ സ്ഥാപനത്തോടെ സുഊദി അറേബ്യ, സയന്‍സ് ആന്റ് ടെക്‌നോളജി രംഗത്ത് ലോക നിലവാരത്തിലുള്ള സാധ്യതകള്‍ തുറന്നുതരുന്നുണ്ട്.
പതിനഞ്ചാം നൂറ്റാണ്ടിനൊടുവില്‍ സ്‌പെയിനിന്റെ പതനത്തോടെ മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ടതാണ് ശാസ്ത്രരംഗത്തെ മേല്‍ക്കൈ. 500 വര്‍ഷത്തെ കൊളോണിയല്‍ ആധിപത്യം, ശാസ്ത്രവും മുസ്‌ലിംകളും തമ്മിലുള്ള ബന്ധം തന്നെ ലോകത്തിന് വിസ്മൃതമാക്കി. ഇബ്‌നുല്‍ ഹൈതമിന്റെ കിതാബുല്‍ മനാളിര്‍ എന്ന പ്രകാശ ശാസ്ത്രത്തിലെ വിശ്രുത ഗ്രന്ഥത്തിന്റെ രചനക്ക് ആയിരം വര്‍ഷം പിന്നിടുന്നതിനോടനുബന്ധിച്ച് 2015-നെ അന്താരാഷ്ട്ര പ്രകാശ വര്‍ഷമായി പ്രഖ്യാപിച്ച ഈ സന്ദര്‍ഭമെങ്കിലും (വിശദാംശങ്ങള്‍ക്ക് www.light2015.org, www.ibnalhay tham.com എന്നിവ) നഷ്ടപ്പെട്ടത് വീണ്ടെടുക്കുന്നിനെക്കുറിച്ച ചിന്തക്ക് കാരണമാവണം. അല്‍ഗോരിതം, ആള്‍ജിബ്ര, അസിമുത്ത് (Azimuth), സിഫര്‍ (cipher) തുടങ്ങിയ പദങ്ങളൊക്കെ വെളിപ്പെടുത്തുന്നത് ഏറെ ശ്രമങ്ങള്‍ക്ക് ശേഷവും മറക്കപ്പെടാതെ/മറയ്ക്കപ്പെടാതെ കിടക്കുന്ന ഒരു ഭൂതകാലത്തെയാണെന്ന്, അല്‍ ഇദ്‌രീസിയുടെയും അവിസെന്നയുടെയും ഖവാരിസ്മിയുടെയും പിന്‍മുറക്കാര്‍ മറക്കാന്‍ പാടില്ല. വംശീയ മുന്‍വിധികളാലും കൊളോണിയല്‍ അധീശ ഭാവങ്ങളാലും പ്രചോദിതമായ ചരിത്ര, ഭാഷാ, സാംസ്‌കാരിക പഠനങ്ങളില്‍, അപരവത്കരിക്കപ്പെട്ട് മാറ്റിനിര്‍ത്തപ്പെട്ടവരുടെ സാന്നിധ്യം വളരെ പ്രധാനമാണ്. മാനവിക വിഷയങ്ങളെ അവഗണിച്ച്, ആര്‍ജവവും ആത്മവിശ്വാസവുമുള്ള ഒരു സമൂഹത്തെ നിര്‍മിക്കാനാവില്ല. ഈ മേഖലയിലെ പഠനം ജെ.എന്‍.യുവിനെ സംബന്ധിച്ച ഇടതുപക്ഷ നൊസ്റ്റാള്‍ജിയക്കപ്പുറം വളര്‍ത്താന്‍ നമുക്കാവണം. മുദ്രാവാക്യങ്ങളുടെയും കൊടി പിടിക്കലിന്റെയും അപ്പുറത്തുള്ള അക്കാദമിക ആക്ടിവിസത്തിന്റെ തലം ഉയര്‍ത്തിക്കൊണ്ടുവരാനും, അതിനായി ഐ.ഐ.ടികളിലും സമാന സ്ഥാപനങ്ങളിലും രൂപപ്പെട്ടുകഴിഞ്ഞ cross disciplinary/multi disciplinary പ്രോഗ്രാമുകളുടെ സാധ്യതകളെ ഉപയോഗപ്പെടുത്താനും കഴിയണം.
(കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പലും, വിദ്യാഭ്യാസ ഗുണമേന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അക്കാദമിയ നോളജ് ഫൗണ്ടേഷന്‍ പ്രസിഡന്റുമാണ് ലേഖകന്‍)
Comments